ന്യൂട്രീഷണൽ സൈക്യാട്രി: ആഹാരം മനസ്സിനെയും ആരോഗ്യത്തെയും സ്വാധീനിക്കുന്നതെങ്ങനെ

കുടലിനെ വേണ്ടരീതിയിൽ പരിപോഷിപ്പിക്കുമ്പോൾ, അതിൻ്റെ ഗുണങ്ങൾ മസ്തിഷ്ക്കത്തിൽ പ്രതിഫലിക്കുന്നു .
ശരീരത്തിൻ്റെ എല്ലാ പ്രവർത്തനങ്ങളും സാധാരണ രീതിയിൽ നടക്കണമെങ്കിൽ ആദ്യം വേണ്ടത് ഊർജ്ജമാണെന്ന് നമുക്കെല്ലാവർക്കും അറിയാം. ഈ ഊർജം ലഭിക്കാനുള്ള ഇന്ധനമാണ് ആഹാരം എന്നതും ചെറിയ ക്ളാസ്സുകളിൽ നമ്മൾ പഠിച്ചിട്ടുണ്ട്.
എന്നാൽ, അതേ ആഹാരം, മനസ്സിൻ്റെ ശാന്തതയ്ക്കും സന്തോഷത്തിനും വൈകാരിക സന്തുലിതാവസ്ഥയ്ക്കും കൂടി ഊർജ്ജം പകരുന്നുണ്ട് എന്നുപറഞ്ഞാലോ? അതിനെക്കുറിച്ച് വിശദമായി അറിയണമെങ്കിൽ വർത്തമാനകാലത്ത് വളർന്നു വികസിച്ചുവരുന്ന ശാസ്ത്രശാഖയെ മനസ്സിലാക്കേണ്ടതുണ്ട്.
ഡോക്ടർമാരുടെയും മനഃശാസ്ത്രജ്ഞരുടെയും മാനസികാരോഗ്യത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ മാറ്റിമറിച്ചുകൊണ്ടിരിക്കുന്ന ശാസ്ത്രശാഖയായ പോഷകാഹാര മനഃശാസ്ത്ര ചികിത്സ അഥവാ ന്യൂട്രീഷണൽ സൈക്യാട്രിയാണത് (Nutritional Psychiatry)!
നമ്മൾ കഴിക്കുന്ന ഭക്ഷണം, നമ്മുടെ കുടലിലെ ബാക്ടീരിയകൾ, തലച്ചോറിലെ രാസപ്രവർത്തനങ്ങൾ എന്നിവ തമ്മിലുള്ള ബന്ധമാണ് ഈ ശാസ്ത്രത്തിന് വിഷയമാകുന്നത്.
നമ്മുടെ ചിന്തകൾ പോലെ തന്നെ നാം കഴിക്കുന്ന ഭക്ഷണത്തിനും മാനസികാവസ്ഥയെ സ്വാധീനിക്കാൻ കഴിയും എന്നർത്ഥം.
1. കുടലും തലച്ചോറും തമ്മിലുള്ള ബന്ധം: ആരംഭം കുറിക്കുന്നത് ഇവിടെനിന്ന്
മനുഷ്യൻ്റെ ദഹനവ്യവസ്ഥയ്ക്കുള്ളിൽ, ഏകദേശം നൂറ് ട്രില്യൺ ബാക്ടീരിയകൾ അടങ്ങിയ ഒരു ആവാസവ്യവസ്ഥയുണ്ട്. ഇതാണ് കുടലിലെ മൈക്രോബയോം (Gut Microbiome) എന്നറിയപ്പെടുന്നത്.
കുടലിൽ വസിക്കുന്ന ഈ അതിസൂക്ഷ്മ ജീവിസമൂഹം, ഞരമ്പുകളുടേയും ഹോർമോണുകളുടേയും രോഗപ്രതിരോധ സന്ദേശവാഹകരുടേയും ഇരുദിശയിലേക്കുമുള്ള അതിവേഗ സഞ്ചാരപാതയിലൂടെ മസ്തിഷ്ക്കവുമായി ആശയവിനിമയം നടത്തുന്നു.
ഇതിനെക്കുറിച്ച് ശാസ്ത്രം കണ്ടെത്തിയ കാര്യങ്ങൾ ഇതാ:
- ശരീരത്തിലെ 90% സെറോടോണിൻ (സന്തോഷം നൽകുന്ന ഹോർമോൺ) സൃഷ്ടിക്കപ്പെടുന്നത് കുടലിലാണ്.
- തലച്ചോറ് കുടലിലേക്ക് അയയ്ക്കുന്നതിനേക്കാൾ കൂടുതൽ സിഗ്നലുകൾ കുടൽ തലച്ചോറിലേക്ക് അയക്കുന്നു.
- കുടലിലുണ്ടാകുന്ന വീക്കം (Inflammation) മാനസികാവസ്ഥയുടെയും ചിന്താശേഷിയുടെയും താളം തെറ്റിച്ചേക്കാം.
അതുകൊണ്ട്, വയറുവീർപ്പ്, ദഹനക്കേട്, ക്രമം തെറ്റിയ ഭക്ഷണം എന്നിവ കേവലം വയറിനെ മാത്രം ബാധിക്കുന്ന പ്രശ്നങ്ങളല്ല. ‘രണ്ടാം തലച്ചോറ്‘ ശ്രദ്ധ ക്ഷണിക്കാനായി അയയ്ക്കുന്ന സന്ദേശങ്ങളാകാം അവ.
2. ആഹാരം മാനസികാവസ്ഥയെ എങ്ങനെ ബാധിക്കുന്നു
നമ്മൾ കഴിക്കുന്ന ഓരോ ഭക്ഷണവും മനസ്സിന് നൽകുന്ന രാസ സന്ദേശമാണ്.
പോഷകങ്ങൾ നിറഞ്ഞ ഭക്ഷണം കഴിക്കുമ്പോൾ, അത് തലച്ചോറിലെ കോശങ്ങൾക്ക് ഡോപമിൻ (പ്രചോദനം), സെറോടോണിൻ (സന്തോഷം/സുഖം) പോലുള്ള ന്യൂറോട്രാൻസ്മിറ്ററുകൾ (Neurotransmitters) ഉണ്ടാക്കാനുള്ള അസംസ്കൃത വസ്തുക്കൾ നൽകുന്നു.
എന്നാൽ, അമിതമായി സംസ്കരിച്ചതോ മധുരമുള്ളതോ ആയ ഭക്ഷണങ്ങൾ കഴിക്കുമ്പോൾ, അത് വീക്കം (Inflammation), ഓക്സിഡേറ്റീവ് സമ്മർദ്ദം (Oxidative Stress), ഉത്കണ്ഠ (Anxiety) എന്നിവയ്ക്ക് വളരാനുള്ള വളമായി മാറുന്നു.
മാനസികാരോഗ്യത്തിൽ പോഷകങ്ങളുടെ പങ്ക്
| പോഷകം | മാനസികാരോഗ്യത്തിലെ പങ്ക് | ഭക്ഷണ സ്രോതസ്സുകൾ |
| ഒമേഗ-3 ഫാറ്റി ആസിഡുകൾ | മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നു, വീക്കം കുറയ്ക്കുന്നു | മത്സ്യം, ഫ്ളാക്സ് സീഡ്, വാൾനട്ട് |
| ബി-കോംപ്ലക്സ് വിറ്റാമിനുകൾ | ന്യൂറോട്രാൻസ്മിറ്ററുകൾ നിർമ്മിക്കാൻ സഹായിക്കുന്നു, ഊർജ്ജസ്വലത നിലനിർത്തുന്നു | മുഴുധാന്യങ്ങൾ, ചീര, മുട്ട |
മഗ്നീഷ്യം | നാഡീവ്യവസ്ഥയെ ശാന്തമാക്കുന്നു, ഉത്കണ്ഠ കുറയ്ക്കുന്നു | മത്തങ്ങക്കുരു, ഡാർക്ക് ചോക്ലേറ്റ്, ബദാം |
| സിങ്ക് | തലച്ചോറിന്റെ വഴക്കം വർദ്ധിപ്പിക്കുന്നു, വിഷാദരോഗത്തെ ചെറുക്കാൻ സഹായിക്കുന്നു | പയർവർഗ്ഗങ്ങൾ, കശുവണ്ടി, മാംസം |
| വിറ്റാമിൻ ഡി | സെറോടോണിൻ ക്രമീകരിക്കുന്നു, ഊർജ്ജം വർദ്ധിപ്പിക്കുന്നു | സൂര്യപ്രകാശം, കൂൺ, പോഷകങ്ങൾ ചേർത്ത പാൽ |
| പ്രോബയോട്ടിക്കുകൾ | കുടലിലെ ബാക്ടീരിയകളുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നു, സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു | തൈര്, കെഫിർ, പുളിപ്പിച്ച ഭക്ഷണങ്ങൾ |
“ആരോഗ്യമുള്ള കുടൽ ഫലഭൂയിഷ്ഠമായ മണ്ണുപോലെയാണ്, അത് മനസ്സിനെ, ശാന്തതയേകി പരിപോഷിപ്പിക്കുന്നു.”
3. ന്യൂട്രീഷണൽ സൈക്യാട്രിയുടെ വളർച്ച
ഡീക്കിൻ യൂണിവേഴ്സിറ്റിയിലെ ഡോ. ഫെലിസ് ജാക്കയെ (Dr. Felice Jacka) പോലുള്ള ഗവേഷകരാണ് ന്യൂട്രീഷണൽ സൈക്യാട്രി (Nutritional Psychiatry) എന്ന പദം പ്രചാരത്തിൽ വരുത്തിയത്. 2017ൽ അവർ നടത്തിയ SMILES ട്രയൽ ചരിത്രം സൃഷ്ടിച്ചു.
ആ പഠനത്തിൽ, വിഷാദരോഗമുള്ള വ്യക്തികൾക്ക് മുഴുധാന്യങ്ങൾ, പയർവർഗ്ഗങ്ങൾ, ഒലിവ് ഓയിൽ, പഴങ്ങൾ, മത്സ്യം എന്നിവ ധാരാളമായി അടങ്ങിയ മെഡിറ്ററേനിയൻ ശൈലിയിലുള്ള ഭക്ഷണരീതി പരിശീലിപ്പിച്ചു.
വെറും 12 ആഴ്ചകൾക്കുള്ളിൽ, മൂന്നിലൊന്ന് പേരും വിഷാദരോഗത്തിൽ നിന്ന് പൂർണ്ണ മുക്തി നേടി. മറ്റു മരുന്നുകളൊന്നും ഇല്ലാതെ തന്നെ!
ഈ കണ്ടെത്തലാണ് അതുവരെ നിലനിന്നിരുന്ന ധാരണകളെ മാറ്റിമറിച്ചത്.
ആഹാരം എന്നത് കേവലം ഊർജ്ജം മാത്രമല്ല, ഒരു ചികിത്സാമാർഗ്ഗം കൂടിയാണ് എന്ന് ഇത് തെളിയിച്ചു.
പിന്നീട് നടന്ന ആഗോള പഠനങ്ങളെല്ലാം മോശം ഭക്ഷണക്രമത്തെ അപകടസാധ്യതകളുമായി ബന്ധിപ്പിച്ചു:
- ഉത്കണ്ഠാ രോഗങ്ങൾ (Anxiety disorders)
- എ ഡി എച്ച് ഡി (ADHD) യും മാനസികാവസ്ഥയിലെ അസ്ഥിരതയും (Mood instability)
- ഡിമെൻഷ്യയും (Dementia) ചിന്താശേഷിക്കുറവും (Cognitive decline)
- പ്രസവശേഷമുള്ള വിഷാദം (Postpartum depression)
4. മാനസികാരോഗ്യത്തിനായുള്ള ദൈനംദിന ഭക്ഷണശീലങ്ങൾ
ന്യൂട്രീഷണൽ സൈക്യാട്രി, സങ്കീർണ്ണമായ ഭക്ഷണക്രമം നിർദ്ദേശിക്കുന്നില്ല എന്നതാണ് പ്രത്യേകത. സ്ഥിരതയും സന്തുലിതാവസ്ഥയും നിലനിർത്തുന്നതിലാണ് ശ്രദ്ധ നൽകേണ്ടത് എന്ന് ഈ ചികിൽസാരീതി എടുത്തുപറയുന്നു.
വലിയ മാറ്റങ്ങളുണ്ടാക്കാൻ കഴിയുന്ന, ശാസ്ത്രത്തിൻ്റെ പിൻബലമുള്ള ചില ചെറിയ ശീലങ്ങൾ ഇതാ:
1. റെയിൻബോ ഭക്ഷണം കഴിക്കുക
പ്രകൃതിയിലെ ഓരോ നിറവും വ്യത്യസ്തമായ ആന്റിഓക്‌സിഡന്റുകളെയും ഫൈറ്റോ ന്യൂട്രിയന്റുകളെയും പ്രതിനിധാനം ചെയ്യുന്നു.
ചുവപ്പ് (തക്കാളി), പച്ച (ചീര), മഞ്ഞ (കാപ്സിക്കം), വയലറ്റ് (ബെറി) എന്നിവ കലർത്തി കഴിക്കുക — തലച്ചോറിന് ഈ വൈവിധ്യം ഏറെ ഇഷ്ടമാണ്.
2. പ്രഭാതഭക്ഷണം ഒഴിവാക്കരുത്
രാവിലത്തെ ഗ്ലൂക്കോസിന്റെ അളവ് കോർട്ടിസോളിനെ (സമ്മർദ്ദ ഹോർമോൺ) സ്ഥിരപ്പെടുത്താൻ സഹായിക്കുന്നു.
പ്രോട്ടീൻ സമ്പുഷ്ടമായ പ്രഭാതഭക്ഷണം — മുട്ട, ഓട്സ്, അല്ലെങ്കിൽ മുളപ്പിച്ച ധാന്യങ്ങൾ — ദിവസം മുഴുവൻ ഏകാഗ്രത നിലനിർത്താൻ സഹായിക്കും.
3. പുളിപ്പിച്ച ഭക്ഷണങ്ങൾ ദിവസവും ഉൾപ്പെടുത്തുക
തൈര്, ഇഡ്ഡലി, ദോശ, അച്ചാറുകൾ, അല്ലെങ്കിൽ കൊംബുച്ച പോലുള്ള പുളിപ്പിച്ച ഭക്ഷണങ്ങൾ (Fermented Foods) കുടലിലെ നല്ല ബാക്ടീരിയകളെ നിലനിർത്താൻ സഹായിക്കുന്നു.
ഇവ ഉത്കണ്ഠ കുറയ്ക്കുന്ന സ്വാഭാവിക സെറോടോണിനും GABA (ഗാബ) യും ഉത്പാദിപ്പിക്കാൻ ശരീരത്തെ സഹായിക്കുന്നു.
4. ജലാംശം നിലനിർത്തുക
ചെറിയ രീതിയിലുള്ള നിർജ്ജലീകരണം (Dehydration) പോലും മാനസികാവസ്ഥയെയും ഏകാഗ്രതയേയും ഓർമ്മശക്തിയേയും ബാധിക്കും. വെള്ളം, കരിക്കിൻ വെള്ളം, ഹെർബൽ ചായകൾ എന്നിവ വൈകാരിക സ്ഥിരത നിലനിർത്താൻ സഹായിക്കുന്നു.
5. പഞ്ചസാരയും കഫീനും പരിമിതപ്പെടുത്തുക
പെട്ടെന്നുള്ള ഉണർവ്വ് നൽകുമെങ്കിലും, അൽപ്പനേരം കഴിയുന്നതോടെ, ഇവ വൈകാരികമായ തളർച്ചയ്ക്ക് കാരണമാകും. ഇവയ്ക്ക് പകരം സങ്കീർണ്ണ കാർബോഹൈഡ്രേറ്റുകൾ (Complex Carbs), ഹെർബൽ ചായകൾ, അല്ലെങ്കിൽ പഴങ്ങൾ ചേർത്ത ലഘുഭക്ഷണങ്ങൾ എന്നിവ തിരഞ്ഞെടുക്കുക.
5. ന്യൂട്രീഷണൽ സൈക്യാട്രിയും സ്ത്രീകളും
ആർത്തവചക്രം, ഗർഭധാരണം, പ്രസവാനന്തര മാറ്റങ്ങൾ, ആർത്തവവിരാമം എന്നിവയിലൂടെ കടന്നുപോകുന്ന സ്ത്രീകളുടെ ജീവിതത്തിൽ പലതരത്തിലും ഹോർമോൺ വ്യതിയാനങ്ങൾ സംഭവിക്കുന്നുണ്ട്. ഭക്ഷണക്രമവും മാനസികാവസ്ഥയും തമ്മിലുള്ള ബന്ധം, സ്ത്രീകളെ സംബന്ധിച്ച് ഏറെ പ്രസക്തമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
സ്ത്രീകളിൽ അയേണിൻ്റെ തോതും ഒമേഗ-3 യും കുറയുന്നത് ക്ഷോഭം, ഉത്കണ്ഠ, ഊർജ്ജക്കുറവ് തുടങ്ങിയ പ്രയാസങ്ങൾക്ക് കാരണമാകാറുണ്ട്. ചീര, പരിപ്പ്, വിത്തുകൾ, നല്ല കൊഴുപ്പുകൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതുൾപ്പെടെയുള്ള ലളിതമായ പരിഹാരങ്ങൾ ന്യൂറോട്രാൻസ്മിറ്ററുകളെ സന്തുലിതമാക്കാനും പ്രതിരോധശേഷി മെച്ചപ്പെടുത്താനും സഹായിക്കും. ഇക്കാരണത്താൽ, ന്യൂട്രീഷണൽ സൈക്യാട്രി സ്ത്രീകളുടെ മാനസികാരോഗ്യ സംരക്ഷണത്തിന്റെ ഒരു പ്രധാന ഘടകമായി മാറിക്കൊണ്ടിരിക്കുന്നു.
6. ശ്രദ്ധയോടെ ഭക്ഷണം കഴിക്കാം
ആഹാരം സംബന്ധിച്ച് ആയുർവേദം പോലെയുള്ള പുരാതന ചികിൽസാസമ്പ്രദായങ്ങൾ അനുവർത്തിച്ചു പോന്ന കാര്യം ആധുനികശാസ്ത്രം സ്ഥിരീകരിക്കുന്നുണ്ട്:
എന്ത് കഴിക്കുന്നു എന്നതുപോലെ പ്രധാനമാണ് എങ്ങനെ കഴിക്കുന്നു എന്നതും.
സാവധാനത്തിൽ, ഏകാഗ്രതയോടെ ഭക്ഷണം കഴിക്കുന്നത് ദഹനത്തെ സഹായിക്കുകയും വയറു നിറഞ്ഞുവെന്നുള്ള സൂചനകൾ തലച്ചോറിന് കൃത്യമായി ലഭിക്കാൻ ഇടയാക്കുകയും ചെയ്യും.
ശാന്തമായ അവസ്ഥയിൽ ഭക്ഷണം കഴിക്കുമ്പോൾ, ശരീരം കൂടുതൽ ദഹന എൻസൈമുകൾ ഉൽപ്പാദിപ്പിക്കുന്നു. സമ്മർദ്ദ ഹോർമോണുകളുടെ അളവ് കുറയുകയും ചെയ്യുന്നു. ഇത് കുടലും തലച്ചോറും തമ്മിലുള്ള ആശയവിനിംയം സുഗമമാക്കുന്നു.
അതുകൊണ്ട്, ഓരോ തവണയും ആഹാരം കഴിക്കുന്നതിന് മുമ്പായി, മനസ്സും ശരീരവും സ്വസ്ഥമാക്കുക, സാവധാനത്തിൽ, ആസ്വദിച്ചു കഴിക്കുക.
നിസ്സാരമെന്നു തോന്നാമെങ്കിലും ഈ പ്രവൃത്തി നമ്മുടെ പാരാസിംപതറ്റിക് വ്യൂഹത്തെ (Parasympathetic System) ഉത്തേജിപ്പിക്കും. ശാന്തത നിലനിർത്താനുള്ള പ്രേരകമാണത്.
ആദ്യ ഔഷധം ആഹാരം
“മസ്തിഷ്കകത്തിനാവശ്യമായ പോഷണം ഗുളികകളിൽ നിന്നല്ല, ആഹാരം കഴിക്കുന്ന പ്ലേറ്റിലാണ് ആദ്യം രൂപപ്പെടുന്നത് “
ആരോഗ്യം ആരംഭിക്കുന്നത് അടുക്കളയിൽ നിന്നാണ്. നമ്മൾ എന്തു കഴിക്കുന്നു, എങ്ങനെ കഴിക്കുന്നു, ഏതവസ്ഥയിൽ കഴിക്കുന്നു എന്നതെല്ലാം മസ്തിഷ്ക്കത്തെ സ്വാധീനിക്കും.
മാനസികാരോഗ്യത്തിൻ്റെ ഭാവി, മനസ്സിനു നൽകുന്ന ചികിൽസയോടൊപ്പം പോഷകപ്രദമായ ഘടകങ്ങളെക്കൂടി ഉൾച്ചേർത്തതായിരിക്കുമെന്ന് nellikka.life
വിശ്വസിക്കുന്നു. ഓരോ തവണയും ശ്രദ്ധയോടെ, വിവേകത്തോടെ, തിരിച്ചറിവോടെ ആഹാരം കഴിക്കുമ്പോൾ ശരീരത്തിനും മനസ്സിനും മസ്തിഷ്ക്കത്തിനും നല്ല മാറ്റങ്ങൾ സംഭവിക്കും.
Scientific References
- Jacka, F.N. A randomised controlled trial of dietary improvement for adults with major depression (SMILES trial). BMC Medicine.
- Harvard Health Publishing (2023). Nutritional psychiatry: Your brain on food.
- National Institute of Mental Health – The Gut-Brain Connection.
- Journal of Psychiatric Research (2022). Micronutrients and Mental Health.
- Dietary Patterns and Mood Regulation.




