കൊളസ്‌ട്രോൾ നോർമലാണെങ്കിലും ഹൃദയാരോഗ്യം അപകടത്തിലാകുമോ? രക്തപരിശോധനയിൽ തെളിയാത്ത ചില വസ്തുതകൾ

പതിവ് ചെക്കപ്പിൻ്റെ ഭാഗമായോ അല്ലെങ്കിൽ നിലവിലെ ആരോഗ്യാവസ്ഥയെക്കുറിച്ച് അറിയാനോ ഒക്കെയായി നമ്മളിൽ പലരും രക്തപരിശോധനകൾ നടത്താറുണ്ട്. റിപ്പോർട്ട് കിട്ടിയാലുടൻ എല്ലാം നോർമലല്ലേ എന്നു നോക്കാൻ തിടുക്കമാണ്. നോർമൽ കൊളസ്‌ട്രോൾ റിപ്പോർട്ട് കാണുമ്പോൾ ആശ്വാസമാകും. അക്കങ്ങളും റേഞ്ചും എല്ലാം കൃത്യം, ഡോക്ടറും കുഴപ്പമില്ലെന്ന് പറയുന്നു. അതോടെ ആശങ്കയൊഴിഞ്ഞ് ജീവിതം പതിവുപോലെ മുന്നോട്ട് നീങ്ങുന്നു.
എന്നാൽ നമ്മൾ തിരിച്ചറിയേണ്ട ഒരു യാഥാർത്ഥ്യമുണ്ട്. കൊളസ്‌ട്രോൾ തോത് ഒരിയ്ക്കൽ പോലും അപകടകരമായ നിലയിലല്ലാതിരുന്നിട്ടു പോലും നിരവധി പേർക്ക് ഹൃദയാഘാതവും സ്ട്രോക്കും ഉണ്ടാകുന്നുണ്ട്. അതായത്, ലാബ് റിപ്പോർട്ടിലെ നോർമൽ അക്കങ്ങൾ കണ്ടതു കൊണ്ടുമാത്രം നമ്മുടെ ഹൃദയം പൂർണ്ണ സുരക്ഷിതമാണെന്ന് ഉറപ്പിക്കാനാകില്ലെന്നർത്ഥം.
എത്രയൊക്കെ പരിശോധനകൾ നടത്തിയാലും ഒടുവിൽ നമ്മൾ ഒരു യാഥാർത്ഥ്യത്തിലേക്ക് എത്തിച്ചേരും. അക്കങ്ങൾ കൊണ്ടുമാത്രം നിർവ്വചിക്കാൻ കഴിയുന്ന വിഷയമല്ല ആരോഗ്യം. അത് ജീവിതശൈലിയെക്കൂടി ആധാരമാക്കിയുള്ള കാര്യമാണ്. കൊളസ്‌ട്രോൾ പരിശോധനകൾ വ്യക്തമായ വിവരങ്ങൾ നൽകുമെന്നതിൽ തർക്കമില്ല, പക്ഷെ, നമ്മുടെ ഹൃദയത്തെ സംബന്ധിച്ച എല്ലാ അപകടസാധ്യതകളെയും വെളിപ്പെടുത്താൻ കൊളസ്ട്രോൾ നില മാത്രം നോക്കിയതുകൊണ്ടായില്ല.
കൊളസ്‌ട്രോൾ നോർമലായാലും ജാഗ്രത വേണം
സാധാരണയായി ചെയ്യുന്ന ലിപിഡ് പ്രൊഫൈൽ (Lipid Profile) പരിശോധനയിൽ ടോട്ടൽ കൊളസ്‌ട്രോൾ, എൽ.ഡി.എൽ (LDL), എച്ച്.ഡി.എൽ (HDL), ട്രൈഗ്ലിസറൈഡുകൾ എന്നിവയുടെ അളവാണ് നോക്കാറുള്ളത്. ഒരു നിശ്ചിത സമയത്ത് നമ്മുടെ രക്തത്തിൽ എത്രത്തോളം കൊളസ്‌ട്രോൾ അടങ്ങിയിട്ടുണ്ട് എന്ന് മാത്രമാണ് ഈ അക്കങ്ങളിലൂടെ മനസ്സിലാക്കാൻ കഴിയുക.
- രക്തക്കുഴലുകളുടെ ഉൾഭാഗത്ത് കൊളസ്‌ട്രോൾ ചെലുത്തുന്ന സ്വാധീനം: കൊളസ്‌ട്രോൾ രക്തത്തിലൂടെ ഒഴുകിപ്പോകുകയാണോ അതോ രക്തക്കുഴലുകളിൽ ഒട്ടിപ്പിടിക്കുകയാണോ എന്ന് ഈ ടെസ്റ്റിലൂടെ അറിയാനാകില്ല.
- ധമനികൾക്കകത്ത് വീക്കവും കട്ടിയുമുണ്ടോ എന്ന് സാധാരണ പരിശോധനയിൽ തെളിയുകയില്ല.
- ശരീരത്തിലെ പഞ്ചസാരയുടെ അളവും മാനസിക സമ്മർദ്ദവും ഹൃദയാരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു എന്നത് ഈ അക്കങ്ങളിൽ വ്യക്തമാകില്ല.
- രക്തക്കുഴലുകൾക്കുള്ളിൽ പ്ലാക്കുകൾ അടിഞ്ഞുകൂടുന്നുണ്ടോ (Plaque formation) എന്ന് ലിപിഡ് പ്രൊഫൈൽ വെളിപ്പെടുത്തില്ല.
ഇക്കാരണം കൊണ്ടാണ് ലാബ് റിപ്പോർട്ടുകൾ തികച്ചും നോർമൽ ആയിട്ടും ചിലർക്ക് അപ്രതീക്ഷിതമായി ഹൃദയസംബന്ധമായ അസുഖങ്ങൾ വരുന്നത്.
കൊളസ്‌ട്രോൾ അനിവാര്യം, പക്ഷെ…
നമ്മുടെ ശരീരത്തിന് ആവശ്യമായ ഘടകം തന്നെയാണ് കൊളസ്ട്രോൾ. സത്യത്തിൽ കൊളസ്‌ട്രോൾ ഇല്ലാതെ നമ്മുടെ ശരീരത്തിന് നിലനിൽപ്പില്ല എന്നു വേണം പറയാൻ.
ഹോർമോണുകളുടെ ഉത്പാദനം, കോശസ്തര നിർമ്മാണം, മസ്തിഷ്ക്കത്തിന്റെയും നാഡികളുടെയും പ്രവർത്തനം, വിറ്റാമിൻ ഡി സംശ്ളേഷണം എന്നിവയെല്ലാം സുഗമമാകണമെങ്കിൽ കൊളസ്ട്രോൾ കൂടിയേ തീരൂ.
നമ്മുടെ രക്തക്കുഴലുകളുടെ ഉള്ളിലെ പാളികളിൽ കൊളസ്‌ട്രോൾ എങ്ങനെ സ്വാധീനം ചെലുത്തുന്നു എന്നതാണ് പ്രധാനം. രക്തക്കുഴലുകൾക്ക് നേരത്തെ തന്നെ എന്തെങ്കിലും തകരാറുകളോ വീക്കമോ ഉണ്ടെങ്കിൽ മാത്രമേ എൽ ഡി എൽ (LDL) കൊളസ്‌ട്രോൾ അപകടകാരിയാകുന്നുള്ളൂ. സാധാരണ പരിശോധനകൾ കൊളസ്‌ട്രോളിന്റെ തോത് (Quantity) മാത്രമേ കണക്കാക്കുന്നുള്ളൂ, അവയുടെ രീതി (Behaviour) വെളിപ്പെടുത്തുന്നില്ല.
നീർക്കെട്ട്: അപകടസാധ്യത കൂട്ടുന്ന ഘടകം
സാധാരണ രക്തപരിശോധനകളിൽ നമ്മൾ പലപ്പോഴും ശ്രദ്ധിക്കാതെ പോകുന്ന ഒന്നാണ് ശരീരത്തിനുള്ളിലെ വിട്ടുമാറാത്ത വീക്കം അഥവാ നീർക്കെട്ട് (Inflammation).
രക്തധമനികളുടെ ഉൾപ്പാളികളെ നീർക്കെട്ട് ദുർബലപ്പെടുത്തുന്നു. അങ്ങനെ ഹൃദയാരോഗ്യം കൂടുതൽ അപകടത്തിലാകുന്നു:
- കൊളസ്‌ട്രോൾ എളുപ്പത്തിൽ അടിഞ്ഞുകൂടുന്നു: ധമനികളുടെ ഭിത്തികളിലേക്ക് കൊളസ്‌ട്രോൾ കണികകൾ വളരെ വേഗത്തിൽ തുളച്ചുകയറാൻ ഇത് കാരണമാകുന്നു.
- പ്ലാക്കുകളുടെ രൂപീകരണം: രക്തക്കുഴലുകളിൽ തടസ്സങ്ങൾ (Plaques) ഉണ്ടാകുന്നത് വേഗത്തിലാകുന്നു.
- രക്തക്കുഴലുകളുടെ ഇലാസ്തികത നഷ്ടപ്പെടുന്നു: ധമനികൾക്ക് വികസിക്കാനും ചുരുങ്ങാനുമുള്ള കഴിവ് കുറയുകയും അവ കട്ടിയാവുകയും ചെയ്യുന്നു.
ചുരുക്കത്തിൽ, ഒരാളുടെ എൽ ഡി എൽ (LDL) അളവ് നോർമൽ ആണെങ്കിൽ പോലും, ശരീരത്തിൽ നീർവീക്കമുണ്ടെങ്കിൽ ഹൃദയാഘാത സാധ്യത വർദ്ധിച്ചുകൊണ്ടിരിക്കും.
നീർക്കെട്ടിന് കാരണമാകുന്ന പ്രധാന ഘടകങ്ങൾ:
- വിട്ടുമാറാത്ത മാനസിക സമ്മർദ്ദം (Stress)
- ഉറക്കമില്ലായ്മ
- അമിതമായി സംസ്കരിച്ച ആഹാരം കഴിക്കുന്നത്
- പുകവലിയും അന്തരീക്ഷ മലിനീകരണവും
- വ്യായാമമില്ലാത്ത ജീവിതശൈലി
ഇതൊന്നും തന്നെ ഒരു സാധാരണ ലിപിഡ് പ്രൊഫൈൽ ടെസ്റ്റിലൂടെ നമുക്ക് തിരിച്ചറിയാൻ കഴിയില്ല.
ഇൻസുലിൻ പ്രതിരോധം: ഹൃദ്രോഗത്തിന്റെ നിശബ്ദ പങ്കാളി
കൊളസ്‌ട്രോൾ പരിശോധനകളിൽ പലപ്പോഴും വിട്ടുപോകുന്ന മറ്റൊരു പ്രധാന ഘടകമാണ് ഇൻസുലിൻ റെസിസ്റ്റൻസ് (Insulin Resistance). ഒരു വ്യക്തിക്ക് പ്രമേഹം ഉണ്ടെന്ന് കണ്ടെത്തുന്നതിനും വർഷങ്ങൾക്ക് മുമ്പ് തന്നെ, ഇൻസുലിൻ റെസിസ്റ്റൻസ്, ശരീരം കൊഴുപ്പിനെ കൈകാര്യം ചെയ്യുന്ന രീതിയിൽ മാറ്റം വരുത്തുന്നു.
ഇത് താഴെ പറയുന്ന പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം:
- ട്രൈഗ്ലിസറൈഡുകളുടെ വർദ്ധന
- എൽ ഡി എൽ കണികകൾ ചെറുതും സാന്ദ്രതയുള്ളതുമായി മാറുന്നു
- എച്ച് ഡി എല്ലിൻ്റെ പ്രവർത്തന ക്ഷമത കുറയുന്നു
കൊളസ്‌ട്രോൾ റിപ്പോർട്ട് നോർമൽ ആയ പലരിലും ഇൻസുലിൻ റെസിസ്റ്റൻസിന്റെ ആദ്യ ലക്ഷണങ്ങൾ കണ്ടുവരാറുണ്ട്. പ്രത്യേകിച്ച് വയറിന് ചുറ്റും അമിതമായി കൊഴുപ്പുള്ളവർ, ദീർഘനേരം ഇരുന്നു ജോലി ചെയ്യുന്നവർ, കൃത്യമായ സമയത്ത് ഭക്ഷണം കഴിക്കാത്തവർ എന്നിവരിൽ ഈ സാധ്യത കൂടുതലാണ്.
എച്ച് ഡി എൽ : നല്ല കൊളസ്‌ട്രോൾ എല്ലായ്‌പ്പോഴും നല്ലതാകണമെന്നില്ല
നമ്മുടെ ശരീരത്തെ സംരക്ഷിക്കുന്ന ഘടകമായാണ് എച്ച് ഡി എൽ (HDL) കൊളസ്‌ട്രോളിനെ പൊതുവെ കണക്കാക്കാറുള്ളത്. എന്നാൽ അതിന്റെ അളവ് കൂടുന്നതിനേക്കാൾ അതെങ്ങനെ പ്രവർത്തിക്കുന്നു എന്നതാണ് പ്രധാനം.
ആരോഗ്യമുള്ള എച്ച് ഡി എൽ, രക്തധമനികളിൽ നിന്ന് കൊളസ്‌ട്രോളിനെ നീക്കം ചെയ്യാൻ സഹായിക്കുന്നു. എന്നാൽ ശരീരത്തിൽ വിട്ടുമാറാത്ത വീക്കം ഉണ്ടെങ്കിൽ, ഈ നല്ല കൊളസ്‌ട്രോളിന്റെ പ്രവർത്തനക്ഷമത നഷ്ടപ്പെട്ടേക്കാം. അത്തരം സാഹചര്യങ്ങളിൽ, റിപ്പോർട്ടിൽ എച്ച് ഡി എൽ അളവ് നോർമൽ ആയിരിക്കാം എങ്കിലും ഹൃദയത്തെ സംരക്ഷിക്കാനുള്ള എച്ച് ഡി എല്ലിന്റെ സ്വാഭാവിക ശേഷി കുറയുന്നു.
കൊളസ്‌ട്രോൾ അളവ് നോർമൽ ആണെങ്കിലും ഹൃദയാഘാത സാധ്യത കുറയുന്നില്ല. ഇക്കാര്യത്തിലും സാധാരണ പരിശോധനകൾ “എത്രത്തോളം കൊളസ്‌ട്രോൾ ഉണ്ട്” എന്ന് മാത്രമേ നോക്കുന്നുള്ളൂ, അവ “എത്ര നന്നായി പ്രവർത്തിക്കുന്നു” എന്ന് വെളിപ്പെടുത്തുന്നില്ല.
പാരമ്പര്യവും കുടുംബചരിത്രവും നൽകുന്ന സൂചനകൾ
കൊളസ്‌ട്രോൾ അളവ് നോർമൽ ആണെങ്കിൽ പോലും ചിലർക്ക് പാരമ്പര്യമായി ഹൃദ്രോഗ സാദ്ധ്യത ഉണ്ടാകാറുണ്ട്. ജീനുകൾ (Genetics) സ്വാധീനിക്കുന്ന കാര്യങ്ങൾ ഇവയാണ്:
- കൊളസ്‌ട്രോൾ എങ്ങനെ ആഗിരണം ചെയ്യുന്നു എന്നതിലെ മാറ്റങ്ങൾ.
- രക്തം കട്ടപിടിക്കാനുള്ള പ്രവണത
- ധമനീഭിത്തികളുടെ സംവേദന ക്ഷമത
ജീവിതശൈലിയിൽ പ്രശ്നങ്ങളില്ലാത്ത കുടുംബങ്ങളിൽ പോലും അപ്രതീക്ഷിതമായി ഹൃദ്രോഗം കണ്ടുവരുന്നത് ഇതുകൊണ്ടാണ്.
രക്തപരിശോധനകൾക്ക് അളക്കാൻ കഴിയാത്തത് എന്തെല്ലാം?
- വിട്ടുമാറാത്ത മാനസിക സമ്മർദ്ദം
- വർഷങ്ങളോളം ശരിയായ ഉറക്കം ലഭിക്കാത്തതിനാൽ ഹൃദയത്തിന് സംഭവിക്കുന്ന ആഘാതം.
- നാഡീവ്യവസ്ഥയിലെ അസന്തുലിതാവസ്ഥ
- ധമനികളുടെ ഇലാസ്തികതയും ഉൾപ്പാളികളുടെ ആരോഗ്യവും (Vascular stiffness).
ഹൃദ്രോഗ ലക്ഷണങ്ങൾ പ്രകടമാകുന്നതിന് പതിറ്റാണ്ടുകൾക്ക് മുമ്പേ പ്രശ്നങ്ങൾ നിശബ്ദമായി തുടങ്ങുന്നു. പലപ്പോഴും അസുഖം സങ്കീർണ്ണമായ അവസ്ഥയിൽ എത്തുന്നതുവരെ ലാബ് റിപ്പോർട്ടിലെ അക്കങ്ങൾ നോർമൽ ആയിത്തന്നെ തുടരാം.
കുടലും ഹൃദയവും തമ്മിലുള്ള ബന്ധം
കുടലിന്റെ ആരോഗ്യം ഹൃദയാരോഗ്യത്തെ നേരിട്ട് ബാധിക്കുമെന്ന് പുതിയ പഠനങ്ങൾ തെളിയിക്കുന്നു. കുടലിലെ നല്ല ബാക്ടീരിയകളുടെ അളവിൽ മാറ്റം വരുന്നത് താഴെ പറയുന്ന പ്രശ്നങ്ങൾക്ക് കാരണമാകും:
- ശരീരത്തിൽ വീക്കം ഉണ്ടാക്കുകയും അത് രക്തക്കുഴലുകളെ ബാധിക്കുകയും ചെയ്യുന്നു
- ദഹനപ്രക്രിയയ്ക്കിടയിൽ ഉണ്ടാകുന്ന ചില ദോഷകരമായ ഘടകങ്ങൾ ഹൃദയത്തിന് ഭീഷണിയാകുന്നു
- കൊഴുപ്പിന്റെയും പഞ്ചസാരയുടെയും ചയാപചയം (Metabolism) തകരാറിലാക്കുന്നു.
ഇക്കാര്യങ്ങളൊന്നും തന്നെ സാധാരണ കൊളസ്‌ട്രോൾ റിപ്പോർട്ടിൽ ദൃശ്യമാകില്ല.
ഹൃദയാരോഗ്യത്തെ നിരീക്ഷിച്ചറിയുക
ഹൃദയാരോഗ്യ പരിശോധന വെറും അക്കത്തിൽ ഒതുങ്ങുന്നതല്ല. അത് നമ്മുടെ ജീവിതശൈലിയുടെ ആകെത്തുകയാണ്. താഴെ പറയുന്ന കാര്യങ്ങൾ കൂടി ശ്രദ്ധിച്ചാൽ മാത്രമേ കൃത്യമായൊരു ചിത്രം ലഭിക്കൂ:
- അരക്കെട്ടിൻ്റെ ചുറ്റളവും പേശീബലവും എങ്ങനെയാണെന്ന് നോക്കുക.
- രക്തസമ്മർദ്ദത്തിലെ മാറ്റങ്ങൾ പരിശോധിച്ച് തിരിച്ചറിയുക
- ദൈനംദിന കാര്യങ്ങൾ ചെയ്യാനുള്ള ഊർജ്ജവും വ്യായാമം ചെയ്യാനുള്ള കഴിവും.
- ഉറക്കത്തിന്റെ ഗുണനിലവാരം
- സമ്മർദ്ദങ്ങളെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നത്.
- കുടുംബചരിത്രവും ജീവിതചര്യയും.
റിപ്പോർട്ടുകൾ “നോർമൽ” ആണെങ്കിലും പലരും സുരക്ഷിതരല്ലാത്തത് എന്തുകൊണ്ടാണെന്ന് ഇതിൽ നിന്ന് മനസ്സിലാക്കാനാകും.
അപകടസാധ്യത എങ്ങനെ കുറയ്ക്കാം?
ലാബ് റിപ്പോർട്ടിലെ അക്കങ്ങൾ എന്തുതന്നെയായാലും, ഉചിതമായ മുൻകരുതലുകൾ എടുത്താൽ ഹൃദ്രോഗം വരാതെ നോക്കാനാകും. രക്തധമനികളെ സംരക്ഷിക്കാൻ സഹായിക്കുന്ന ലളിതമായ മാർഗ്ഗങ്ങൾ ഇവയാണ്:
- ദിവസവും കൃത്യസമയത്ത് വ്യായാമം ചെയ്യുകയോ അൽപ്പദൂരം നടക്കുകയോ ചെയ്യുക. പേശീബലം വർദ്ധിപ്പിക്കുന്ന ലളിതമായ വ്യായാമങ്ങൾ (Strength training) ശീലിക്കുന്നത് വളരെ നല്ലതാണ്.
- സ്വസ്ഥവും ശാന്തവുമായ ഉറക്കം ശരീരത്തിന് ഊർജ്ജം വീണ്ടെടുക്കാൻ അനിവാര്യമാണ്.
- സംസ്കരിച്ച ഭക്ഷണങ്ങൾ ഒഴിവാക്കി, പ്രകൃതിദത്ത ആഹാരരീതി പിന്തുടരുക. ഇത് ശരീരത്തിലെ വീക്കം കുറയ്ക്കാൻ സഹായിക്കും.
- ശ്വസന വ്യായാമങ്ങൾ, ധ്യാനം അല്ലെങ്കിൽ പ്രാർത്ഥന എന്നിവയിലൂടെ മാനസിക സമ്മർദ്ദം കുറയ്ക്കാം.
- പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കുന്നതും സങ്കടങ്ങളും സന്തോഷങ്ങളും പങ്കുവെയ്ക്കുന്നതും ഹൃദയാരോഗ്യത്തിന് ഗുണകരമാണ്.
ഇത്തരത്തിലുള്ള ശീലങ്ങൾ രക്തപരിശോധനകളിൽ മാറ്റം വരുന്നതിന് മുൻപ് തന്നെ നമ്മുടെ ശരീരത്തിലെ ഇൻസുലിൻ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുകയും രക്തക്കുഴലുകളെ സംരക്ഷിക്കുകയും ചെയ്യുന്നു.
രക്തപരിശോധനാഫലങ്ങൾ കണക്കിലെടുക്കേണ്ടതു തന്നെയാണ്. പക്ഷെ, അതുമാത്രം ആശ്രയിച്ച് സമ്പൂർണ്ണ സ്വാസ്ഥ്യം നിർണ്ണയിക്കുന്നത് നന്നല്ല. കൊളസ്‌ട്രോൾ പരിശോധിക്കുന്നത് ചില തോതുകളറിയാൻ സഹായിക്കും എന്നതിൽ സംശയമില്ല, എന്നാൽ അതുമാത്രം കണക്കാക്കി ആരോഗ്യാവസ്ഥ നിശ്ചയിക്കരുത്.
നമ്മൾ എങ്ങനെ ജീവിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ് ഹൃദയം പ്രതികരിക്കുക. നമ്മുടെ മാനസികാവസ്ഥയും ജീവിതശൈലിയും കരുത്തും ഉറക്കവും വിശ്രമവും- ഇതിൻ്റെയെല്ലാം ആകത്തുകയാണ് നമ്മുടെ ഹൃദയാരോഗ്യം.




