സാംക്രമികേതര രോഗങ്ങൾ: നിശബ്ദമായി കുതിച്ചുയരുന്ന ഭീഷണി

എന്താണ് സാംക്രമികേതര രോഗങ്ങൾ ?
ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുകയോ അല്ലെങ്കിൽ പകർച്ചവ്യാധി പോലെ പടർന്ന് പിടിക്കുകയോ ചെയ്യാത്ത ദീർഘകാല ആരോഗ്യ പ്രശ്നങ്ങളെയാണ് സാംക്രമികേതര രോഗങ്ങൾ അല്ലെങ്കിൽ പകർച്ചേതര രോഗങ്ങൾ (Non-communicable diseases – NCDs) എന്ന് പറയുന്നത്.
ഇതിൽ പ്രധാനമായും ഉൾപ്പെടുന്ന അസുഖങ്ങൾ താഴെ നൽകുന്നു:
- ഹൃദയ സംബന്ധമായ രോഗങ്ങൾ (Cardiovascular diseases): ഹൃദയാഘാതം, പക്ഷാഘാതം (stroke) പോലുള്ളവ.
- പ്രമേഹം (Diabetes): പ്രത്യേകിച്ച് ടൈപ്പ് 2 പ്രമേഹം.
- അർബുദങ്ങൾ (Cancers).
- ശ്വസന സംബന്ധമായ ദീർഘകാല രോഗങ്ങൾ (Chronic respiratory diseases): സി ഒ പി ഡി, ആസ്ത്മ പോലുള്ളവ.
- മറ്റ് ദീർഘകാല രോഗങ്ങൾ: വൃക്കരോഗങ്ങൾ, ചില നാഡീരോഗങ്ങൾ, എല്ലുകളെയും പേശികളെയും ബാധിക്കുന്ന രോഗങ്ങൾ എന്നിവ.
ഈ രോഗങ്ങൾ പലപ്പോഴും സാവധാനം വർഷങ്ങളോളം നിശബ്ദമായി പുരോഗമിച്ച ശേഷം മാത്രമാണ് മൂർദ്ധന്യാവസ്ഥയിൽ എത്തുക. രോഗം മൂർച്ഛിക്കുന്നതുവരെ ഇവയുടെ ലക്ഷണങ്ങൾ പലപ്പോഴും വ്യക്തമായി കാണാറില്ല എന്നതാണ് പ്രധാന പ്രത്യേകത.
ഈ വർദ്ധന എന്തുകൊണ്ട്?
എൻ.സി.ഡി.കൾ (NCDs) കുതിച്ചുയരുന്നതിന് പിന്നിൽ വ്യക്തിഗതമായ കാരണങ്ങൾക്കപ്പുറം സാമൂഹികവും പാരിസ്ഥിതികവുമായ നിരവധി ഘടകങ്ങളുണ്ട്.
1. ജീവിതശൈലിയും പെരുമാറ്റ രീതികളും
ലോകാരോഗ്യ സംഘടന (WHO) പറയുന്നത് അനുസരിച്ച് എൻ സി ഡികൾക്ക് പ്രധാനമായി കാരണമാകുന്ന, നമുക്ക് മാറ്റിയെടുക്കാൻ കഴിയുന്ന ശീലങ്ങൾ ഇവയാണ്:
1.പുകയിലയുടെ ഉപയോഗം: (മറ്റൊരാൾ വലിക്കുന്ന പുക ഏൽക്കുന്നത് ഉൾപ്പെടെ).
ആരോഗ്യകരമല്ലാത്ത ഭക്ഷണക്രമം: അമിതമായ പഞ്ചസാര, ഉപ്പ്, പൂരിത/ട്രാൻസ് കൊഴുപ്പുകൾ എന്നിവയുടെ ഉപയോഗം.
ശാരീരിക വ്യായാമം ഇല്ലാത്ത ജീവിതശൈലി, അമിതമായ മദ്യപാനം.
ഈ ശീലങ്ങൾ ശരീരത്തിൽ ‘മെറ്റബോളിക് മാറ്റങ്ങൾക്ക്’ വഴിവെക്കുന്നു. അതായത്, ഉയർന്ന രക്തസമ്മർദ്ദം, പൊണ്ണത്തടി, ഉയർന്ന ഗ്ലൂക്കോസ് നില (പ്രീ-ഡയബറ്റിസ് / ഡയബറ്റിസ്), കൊളസ്‌ട്രോളിന്റെ അളവിലുള്ള വ്യതിയാനം എന്നിവയിലേക്ക് നയിക്കുകയും പിന്നീട് അത് പൂർണ്ണമായ രോഗമായി മാറുകയും ചെയ്യുന്നു.
2. പാരിസ്ഥിതികവും ഘടനാപരവുമായ കാരണങ്ങൾ
എൻ.സി.ഡി.കളുടെ അപകടസാധ്യത വ്യക്തിഗത കാരണങ്ങൾ കൊണ്ടു മാത്രമല്ല, സാമൂഹിക ഘടകങ്ങളും വലിയ പങ്ക് വഹിക്കുന്നുണ്ട്:
1.വായു മലിനീകരണം: (പുറത്തുള്ളതും അടുക്കളയിലെ പുക പോലെ അകത്തുള്ളതുമായ) ശ്വാസകോശരോഗങ്ങൾ, ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ, കൂടാതെ പ്രമേഹം പോലുള്ളവയ്ക്കും ഇത് കാരണമാകുന്നു.
2.നഗരവൽക്കരണം: നടക്കാനും സൈക്കിൾ ഓടിക്കാനും വ്യായാമം ചെയ്യാനും പരിമിതിയുള്ള ചുറ്റുപാടുകൾ.
3.സംസ്ക്കരിച്ച ഭക്ഷണങ്ങളുടെ ആധിക്യം: നമ്മുടെ ഭക്ഷണരീതികളെ മാറ്റിമറിക്കുന്ന സംസ്കരിച്ച ഭക്ഷണം അമിതമായി കഴിക്കുന്നത്.
4.സാമ്പത്തിക അസമത്വം: ആരോഗ്യകരമായ ഭക്ഷണം, മതിയായ ആരോഗ്യ സംരക്ഷണം, സുരക്ഷിതമായ പൊതുസ്ഥലങ്ങൾ എന്നിവ ഇല്ലാത്ത സാഹചര്യം.
3. വാർദ്ധക്യവും ജനസംഖ്യാപരമായ മാറ്റങ്ങളും
ആയുർദൈർഘ്യം വർദ്ധിക്കുന്നതിനനുസരിച്ച്, കൂടുതൽ ആളുകൾക്ക് ദീർഘകാല രോഗങ്ങൾ വരാനുള്ള സാധ്യതയുമുണ്ട്. ജനസംഖ്യയുടെ പ്രായഘടനയിലെ ഈ മാറ്റം എൻ.സി.ഡി. വർദ്ധനവിന് ഒരു പ്രധാന കാരണമാണ്.
4. പരോക്ഷമായ രോഗാരംഭം
പല എൻ.സി.ഡി.കൾക്കും നീണ്ടകാലം രോഗി തിരിച്ചറിയാതിരിക്കുന്ന അവസ്ഥയുണ്ട്. അതായത്, രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നതിന് വർഷങ്ങൾക്ക് മുമ്പ് തന്നെ ശരീരത്തിനുള്ളിൽ കേടുപാടുകൾ തുടങ്ങിയിരിക്കും. പ്രകടമാകാത്ത തരം അവസ്ഥ കാരണം, പലപ്പോഴും രോഗം കണ്ടെത്തുന്നത് വൈകിയാണ്.
പ്രത്യാഘാതങ്ങൾ
- ആഗോളതലത്തിൽ, അകാല മരണം, അംഗവൈകല്യം എന്നിവയ്ക്ക് പ്രധാന കാരണം പകർച്ചേതര രോഗങ്ങളാണ്.
- ഇന്ത്യയിൽ, രാജ്യത്തിന്റെ പകുതിയിലധികം രോഗഭാരവും സാംക്രമികേതര രോഗങ്ങൾ മൂലമാണെന്ന് കണക്കാക്കപ്പെടുന്നു.
- ഒരു പ്രമുഖ മാധ്യമ റിപ്പോർട്ട് അനുസരിച്ച്, ജീവിതശൈലി രോഗങ്ങളുടെ നിശബ്ദ വ്യാപനം നേരിടുന്ന രാജ്യമായി ഇന്ത്യ മാറിയിരിക്കുന്നു എന്നാണ്. ഫാറ്റി ലിവർ, മെറ്റബോളിക് തകരാറുകൾ, കുട്ടികളിലെ അമിതവണ്ണം, പരോക്ഷമായ ഹൃദയ സംബന്ധമായ അപകടസാധ്യത എന്നിവ വർദ്ധിച്ചുവരുന്നു.
- ആരോഗ്യസംവിധാനങ്ങൾ കടുത്ത സമ്മർദ്ദത്തിലാകുന്നു: പതിവായുള്ള ആശുപത്രി വാസം, സങ്കീർണ്ണതകൾ, ചെലവുകൾ എന്നിവ ഇതിന് കാരണമാകുന്നു.
ഉദാഹരണത്തിന്, പലർക്കും തങ്ങൾക്ക് ഉയർന്ന രക്തസമ്മർദ്ദമോ പ്രാരംഭ ഘട്ടത്തിലുള്ള പ്രമേഹമോ ഉണ്ടെന്ന് അറിയുന്നത് ഹൃദയാഘാതം, വൃക്കരോഗം, പക്ഷാഘാതം പോലുള്ള സങ്കീർണതകൾ ഉണ്ടാകുമ്പോൾ മാത്രമായിരിക്കും.
അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ: അപകട സൂചനകളും പ്രാരംഭ ലക്ഷണങ്ങളും
ഈ ലക്ഷണങ്ങൾ ശരീരത്തിലുള്ള ദീർഘകാല രോഗാവസ്ഥയുടെ സൂചനകളായേക്കാം. അതിനാൽ ഇവയെ ഗൗരവമായിത്തന്നെ കണക്കാക്കണം:
- വിട്ടുമാറാത്ത ക്ഷീണം അഥവാ ഊർജ്ജക്കുറവ്.
- അകാരണമായി ഭാരം കൂടുകയോ കുറയുകയോ ചെയ്യുക.
- പതിവായുള്ള മൂത്രശങ്കയും, ദാഹക്കൂടുതലും ( രക്തത്തിലെ ഉയർന്ന നിരക്കിലുള്ള പഞ്ചസാരയുടെ സൂചനയാവാം).
- രക്തസമ്മർദ്ദം ഉയരുക അല്ലെങ്കിൽ ഏറ്റക്കുറച്ചിൽ അനുഭവപ്പെടുക.
- ചെറിയ കാര്യങ്ങൾ ചെയ്യുമ്പോൾ പോലും ശ്വാസംമുട്ട് അനുഭവപ്പെടുക
- വിട്ടുമാറാത്ത ചുമ, ശ്വാസംമുട്ടുമ്പോൾ ഉണ്ടാകുന്ന കുറുകൽ .
- മലമൂത്ര വിസർജ്ജന ശീലങ്ങളിലെ മാറ്റങ്ങൾ.
- സ്ഥിരമായ വേദന, നീര്, അല്ലെങ്കിൽ സന്ധികളിലെ പിരിമുറുക്കം.
- പതിവായുള്ള ലാബ് പരിശോധനകളിൽ കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡ്, അല്ലെങ്കിൽ കരൾ എൻസൈം എന്നിവയുടെ അളവ് ഉയരുന്നത്.
ഇവയിൽ ഏതെങ്കിലും ലക്ഷണങ്ങൾ സ്ഥിരമായി കാണുകയാണെങ്കിൽ — ഉടൻ തന്നെ ഡോക്ടറെ കണ്ട് പരിശോധനകൾ നടത്തേണ്ടതാണ്.
പ്രതിരോധവും രോഗനിയന്ത്രണവും: നമുക്ക് എന്തുചെയ്യാൻ കഴിയുന്നത്
മിക്ക എൻ.സി.ഡി.കളും നിയന്ത്രിക്കാൻ കഴിയുന്ന അപകടസാധ്യതകൾ മൂലമാണ് ഉണ്ടാകുന്നത് എന്നതുകൊണ്ട് തന്നെ, പ്രതിരോധത്തിന് വലിയ സ്ഥാനമുണ്ട്. നമുക്ക് ചെയ്യാനാകുന്ന കാര്യങ്ങൾ ഇനിപ്പറയുന്നു:
1. ആരോഗ്യകരമായ ശീലങ്ങൾ സ്വീകരിക്കുക
1.പുകയില പൂർണ്ണമായും ഉപേക്ഷിക്കുക, മറ്റൊരാൾ വലിക്കുന്ന പുക ഏൽക്കാതിരിക്കുക.
2. സമീകൃതാഹാരം കഴിക്കുക: ധാരാളം പച്ചക്കറികൾ, പഴങ്ങൾ, ധാന്യങ്ങൾ, പയറുവർഗ്ഗങ്ങൾ എന്നിവ ഉൾപ്പെടുത്തുക. സംസ്കരിച്ച പഞ്ചസാര, പാക്കറ്റ് പലഹാരങ്ങൾ, ചുവന്ന മാംസം എന്നിവ കുറയ്ക്കുക.
3.സജീവമായിരിക്കുക: ആഴ്ചയിൽ കുറഞ്ഞത് 150 മിനിറ്റ് മിതമായ വ്യായാമം (നടത്തം, സൈക്ലിംഗ്, യോഗ, നീന്തൽ) ചെയ്യുക.
4.മദ്യപാനം പരിമിതപ്പെടുത്തുക.
5.നന്നായി ഉറങ്ങുക, മാനസിക സമ്മർദ്ദം നിയന്ത്രിക്കുക — വിട്ടുമാറാത്ത സമ്മർദ്ദവും ഉറക്കപ്രശ്നങ്ങളും മെറ്റബോളിക് സന്തുലിതാവസ്ഥയെ തകർക്കും.
2. പതിവായുള്ള ആരോഗ്യ പരിശോധനകളും നേരത്തെയുള്ള രോഗനിർണയവും
1.രക്തസമ്മർദ്ദം, ഫാസ്റ്റിംഗ് ഷുഗർ, ലിപിഡ് പ്രൊഫൈൽ എന്നിവ പരിശോധിച്ചറിയുക.
2.മധ്യവയസ്സ് മുതൽ കൃത്യമായ ഇടവേളകളിൽ (വർഷത്തിലോ അല്ലെങ്കിൽ രണ്ട് വർഷത്തിലൊരിക്കലോ) ആരോഗ്യ പരിശോധനകൾ നടത്തുക.
3.നിർദ്ദേശങ്ങൾക്കനുസരിച്ച് കാൻസർ സ്ക്രീനിംഗുകൾ ചെയ്യുക (ഉദാഹരണത്തിന്: സ്തനം, സെർവിക്കൽ കാൻസർ).
4.നേരത്തെയുള്ള രോഗനിർണയം ഗുരുതരമായ തകരാറുകൾ ഉണ്ടാകുന്നതിന് മുമ്പ് ചികിത്സിക്കാൻ സഹായിക്കും.
3. സംയോജിത, മൾട്ടിഡിസിപ്ലിനറി പരിചരണം
1.രോഗം സ്ഥിരീകരിച്ചവർക്ക്: സമഗ്രമായ പരിചരണം (മരുന്നുകൾ, ജീവിതശൈലി പിന്തുണ, പുനരധിവാസം) നൽകുക.
2.ഡിജിറ്റൽ ഉപകരണങ്ങൾ, ടെലിമെഡിസിൻ, രോഗികൾക്കുള്ള വിദ്യാഭ്യാസം എന്നിവ.
3.സ്വയം പരിചരണവും രോഗിയെ ശാക്തീകരിക്കുന്നതും പ്രധാനമാണ്.
4. നയപരവും ഭരണപരവുമായ ഇടപെടലുകൾ
1.ആരോഗ്യകരവും സൗകര്യപ്രദവുമായ സംവിധാനങ്ങൾ സൃഷ്ടിക്കുക (സുരക്ഷിതമായ നടപ്പാതകൾ, പാർക്കുകൾ, പഴം/പച്ചക്കറി മാർക്കറ്റുകൾ).
2.ആരോഗ്യമില്ലാത്ത ഭക്ഷണങ്ങളുടെ പരസ്യങ്ങൾ നിയന്ത്രിക്കുക, പഞ്ചസാരക്ക് നികുതി ഏർപ്പെടുത്തുക, ഉൽപ്പന്നങ്ങളുടെ പാക്കറ്റിന് പുറത്ത് ആരോഗ്യ വിവരങ്ങൾ നൽകുന്നത് നിർബന്ധമാക്കുക.
3.വായു ഗുണനിലവാരം മെച്ചപ്പെടുത്തുക, ശുദ്ധമായ പാചക ഇന്ധനങ്ങൾ ഉപയോഗിക്കാൻ പിന്തുണ നൽകുക.
4.ശക്തമായ പ്രാഥമികാരോഗ്യ സംവിധാനങ്ങളും സാർവത്രിക ആരോഗ്യ പരിരക്ഷയും ഉറപ്പാക്കുക.
5. സാമൂഹിക ഇടപെടലും അവബോധവും
1.എൻ.സി.ഡി.കളുടെ അപകടസാധ്യത, പ്രതിരോധം എന്നിവയെക്കുറിച്ച് പൊതുജന പ്രചാരണങ്ങൾ നടത്തുക.
2.ഗ്രാമപ്രദേശങ്ങളിലും വേണ്ടത്ര ശ്രദ്ധ ലഭിക്കാത്ത സ്ഥലങ്ങളിലും ആരോഗ്യ ക്യാമ്പുകൾ, മൊബൈൽ സ്ക്രീനിംഗ് എന്നിവ സംഘടിപ്പിക്കുക.
3.കുട്ടികളെയും യുവജനങ്ങളെയും ചെറുപ്പത്തിലേ ആരോഗ്യകരമായ ശീലങ്ങളെക്കുറിച്ച് പഠിപ്പിക്കുക.
പ്രത്യാശയും പ്രവർത്തനത്തിനുള്ള ആഹ്വാനവും
“നിശബ്ദമായി കുതിച്ചുയരുന്ന ഭീഷണി” എന്നാണ് പകർച്ചേതര രോഗങ്ങളെ വിശേഷിപ്പിക്കാനാകുക.
ആരോഗ്യം സംബന്ധിച്ച ജാഗ്രത, അവബോധം, പ്രാരംഭ ഘട്ടത്തിൽത്തന്നെ നടപടികൾ, പിൻബലമേകുന്ന തരത്തിലുള്ള സംവിധാനങ്ങൾ എന്നിവയുണ്ടെങ്കിൽ ഈ രോഗങ്ങളെല്ലാം പ്രതിരോധിക്കാനോ നിയന്ത്രിക്കാനോ സാധിക്കുമെന്നുറപ്പാണ്.
വെല്ലുവിളികളെ തിരിച്ചറിഞ്ഞ് പരിഹാരം കാണുന്നത്, ഭീതിയിൽ നിന്ന് കരുത്തിലേക്കുള്ള പരിവർത്തനമാണെന്ന് nellikka.life വിശ്വസിക്കുന്നു.
പകർച്ചേതര വ്യാധി എന്ന, നിശബ്ദമായി കുതിച്ചുയരുന്ന ഭീഷണിയെ നമുക്ക് ആരോഗ്യത്തിന്റെയും അതിജീവനശേഷിയുടെയും പ്രത്യാശയുടെയും പ്രകാശമാക്കി മാറ്റാം!




