പുതുവർഷം പടിവാതിൽക്കലെത്തി

നല്ലതെല്ലാം കൂടെക്കൂട്ടാം: മറ്റെല്ലാം ഉപേക്ഷിക്കാം
ഒരു വർഷം കൂടി വിടപറയുകയും പുതുവർഷം വന്നണയുകയും ചെയ്യുമ്പോൾ, ഇതിനിടയിൽ നമ്മൾ അനുഭവിച്ചറിയുന്ന ഒരു നിശബ്ദതയുണ്ട്. പുതിയ പദ്ധതികളിലേക്കും തീരുമാനങ്ങളിലേക്കും തിരക്കിട്ട് ചാടിവീഴുന്നതിന് മുൻപ്, സ്വയം മനസ്സിലാക്കാൻ വേണ്ടി മാത്രമായി, വിടപറയുന്ന വർഷത്തിലേക്ക് ഒന്ന് തിരിഞ്ഞുനോക്കുന്നത് നല്ലതാണ്.
കഴിഞ്ഞുപോയ വർഷത്തിൽ സംഭവിച്ച നെഗറ്റീവായ കാര്യങ്ങൾ ആവർത്തിക്കാതിരിക്കാനും പോസിറ്റീവായി അനുഭവപ്പെട്ടവയെ ചേർത്തുനിർത്താനുമാണ് നമ്മൾ ശ്രമിക്കേണ്ടത്.
പുതിയ ലക്ഷ്യം പ്ലാൻ ചെയ്യാൻ വരട്ടെ, ആദ്യം അനുഭവങ്ങളിൽ നിന്ന് പാഠമുൾക്കൊള്ളാം
പുതുവർഷ തീരുമാനങ്ങൾ അഥവാ ന്യൂ ഇയർ റെസല്യൂഷൻസ്, അടിമുടി മാറാനും പുതിയ കാര്യങ്ങൾ കൂടുതലായി ചെയ്യുന്നതിനുമാണ് പലപ്പോഴും ഊന്നൽ നൽകുക. കൂടുതൽ അച്ചടക്കം, കൂടുതൽ ജോലി, കൂടുതൽ പരിശ്രമം, കൂടുതൽ വ്യായാമം അങ്ങനെയങ്ങനെ. കടുപ്പമേറിയ തീരുമാനങ്ങളിലേക്ക് പോകുന്നതിന് മുമ്പ് നമ്മൾ നിർബന്ധമായും ചെയ്യേണ്ട മറ്റൊരു കാര്യമുണ്ട്. കഴിഞ്ഞ പന്ത്രണ്ട് മാസക്കാലം നമ്മൾ ജീവിച്ച ജീവിതം എങ്ങനെയായിരുന്നു എന്നും അതിൽ ഏതൊക്കെ കാര്യങ്ങൾ എങ്ങനെയൊക്കെ ആയിത്തീർന്നെന്നും മനസ്സിലാക്കാൻ ഒരു പിൻനടത്തം വേണം. കഴിഞ്ഞകാലത്തെക്കുറിച്ചുള്ള ചിന്തകൾ (Reflection) നമ്മുടെ മനസ്സിലെ അനാവശ്യ ഭാരങ്ങൾ ഒഴിവാക്കും. സ്വാനുഭവങ്ങളിൽ നിന്ന് ആർജിച്ചെടുക്കാനായ പാഠങ്ങളിലേക്ക് ഒന്നുകൂടി മനസ്സോടിക്കണം. നമ്മുടെ രീതികൾ തിരിച്ചറിയാനും അതിലെ നൻമയെ പിന്തുടരാനും ഒഴിവാക്കാമായിരുന്ന കാര്യങ്ങളെ വരും വർഷത്തിൽ ആവർത്തിക്കാതിരിക്കാനും വ്യക്തമായ കാഴ്ചപ്പാടോടെ മുന്നോട്ട് പോകാനുമെല്ലാം ഇത് നമ്മെ സഹായിക്കും.
ഇങ്ങനെ സ്വയം കാര്യങ്ങൾ തിരിച്ചറിയുമ്പോൾ, അതിൽ സമ്മർദ്ദമുണ്ടാകില്ല. തികച്ചും പ്രായോഗികമായ തീരുമാനങ്ങൾ കൈക്കൊള്ളാൻ ഇത് സഹായകമാകും.
പുതുവർഷത്തിലേക്ക് കൂടെക്കൂട്ടേണ്ട കാര്യങ്ങൾ
കഴിഞ്ഞുപോയ വർഷത്തെ എല്ലാ കാര്യങ്ങളും ഉപേക്ഷിക്കണമെന്നല്ല. ചിലത്, കരുതലോടെ വരുംവർഷത്തിലേക്കും കൂടെക്കൂട്ടാം.
1. സഹായകമായ നല്ല ശീലങ്ങൾ
നിങ്ങൾക്ക് ശാരീരികമായും മാനസികമായും ഉന്മേഷം നൽകിയ ചെറിയ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുക. ധാരാളം വെള്ളം കുടിക്കുന്നത്, വൈകുന്നേരങ്ങളിലെ ചെറിയ നടത്തം, അല്പം നേരത്തെ ഉറങ്ങുന്നത്, അല്ലെങ്കിൽ മനസ്സറിഞ്ഞ് ഭക്ഷണം കഴിക്കുന്നത്, ഇങ്ങനെയുള്ള ചെറിയ ശീലങ്ങളാണ് ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുന്നത്. വലിയ ലക്ഷ്യങ്ങളേക്കാൾ ഇത്തരം കൊച്ചു ശീലങ്ങൾക്കാണ് നാം മുൻഗണന നൽകേണ്ടതും.
2. അനുഭവിച്ചറിഞ്ഞ പാഠങ്ങൾ
ഓരോ വെല്ലുവിളിയും നമുക്ക് ഓരോ പുതിയ അറിവാണ് നൽകുന്നത്. എപ്പോഴാണ് ജോലിയിൽ നിന്ന് ഒരിടവേള എടുക്കേണ്ടതെന്നും ആരെയാണ് വിശ്വസിക്കേണ്ടതെന്നും നമ്മുടെ ശരീരം നൽകുന്ന സൂചനകൾ എങ്ങനെ തിരിച്ചറിയണമെന്നും പോയ വർഷം നമ്മെ പഠിപ്പിച്ചിട്ടുണ്ടാകും. ഈ പാഠങ്ങൾ വരുംവർഷത്തിൽ ശരിയായ തീരുമാനങ്ങൾ എടുക്കാൻ നമ്മെ സഹായിക്കും.
3. സന്തോഷത്തിന്റെയും സമാധാനത്തിന്റെയും നിമിഷങ്ങൾ
മനസ്സിന് സമാധാനം നൽകിയ നിമിഷങ്ങൾ, ഇടങ്ങൾ, വ്യക്തികൾ എന്നിവ മറക്കാതെ കൂടെക്കൂട്ടുക. ജീവിതത്തിൽ ഇനി എന്തിനാണ് പ്രാധാന്യം നൽകേണ്ടതെന്ന് തിരിച്ചറിയാൻ, സന്തോഷം നൽകിയ ചെറിയ കാര്യങ്ങളെക്കുറിച്ച് ഓർത്തെടുത്താൽ മതി!
4. അതിജീവനവും വളർച്ചയും
ഈ ഒരു വർഷം വിജയകരമായി പിന്നിട്ടു എന്നത് തന്നെ നിങ്ങളുടെ കരുത്തിന്റെ തെളിവാണ്. പുറമേയ്ക്ക് പ്രകടമല്ലെങ്കിലും, പ്രതിസന്ധികളിൽ നിങ്ങളെ താങ്ങിനിർത്തിയ ആ ആത്മവിശ്വാസവും കരുത്തും പുതിയ വർഷത്തിലേക്കും കരുതിവെയ്ക്കുക.
സാവധാനം ഉപേക്ഷിക്കേണ്ട കാര്യങ്ങൾ
മാറ്റി നിർത്തേണ്ടവയെ വലിയ ഒച്ചപ്പാടും ബഹളവുമുണ്ടാക്കി ഒഴിവാക്കണമെന്നില്ല. വളരെ ശാന്തമായി, സമാധാനത്തോടെ അവയെ നമുക്ക് യാത്രയാക്കാം.
1. പ്രായോഗികമല്ലാത്ത പ്രതീക്ഷകൾ
എല്ലാ കാര്യങ്ങളും തികഞ്ഞ പൂർണ്ണതയോടെ ചെയ്തു തീർക്കണമെന്ന് നിർബന്ധം പിടിക്കരുത്. നിരന്തരം മെച്ചപ്പെട്ടു കൊണ്ടേയിരിക്കണം എന്ന സമ്മർദ്ദവും മറ്റുള്ളവരുമായുള്ള താരതമ്യങ്ങളും നമുക്ക് ഈ വർഷം ഉപേക്ഷിക്കാം.
2. തളർത്തിക്കളഞ്ഞ ശീലങ്ങൾ
നിങ്ങളെ ശാരീരികമായും മാനസികമായും തളർത്തുന്ന കാര്യങ്ങൾ തിരിച്ചറിയുക. അമിതമായ ജോലിഭാരം, ഫോണിന്റെയും കമ്പ്യൂട്ടറിന്റെയും അമിത ഉപയോഗം, വിശ്രമം ഇല്ലാതിരിക്കുക, മനസ്സിന് താല്പര്യമില്ലാത്ത കാര്യങ്ങളോട് വിധേയത്വമനോഭാവം കാണിക്കുന്നത് – ഇത്തരം ശീലങ്ങൾ മാറ്റാൻ ശ്രമിക്കാം. തിരിച്ചറിവാണ് മാറ്റത്തിലേക്കുള്ള ആദ്യപടി.
3. കഴിഞ്ഞകാലത്തെക്കുറിച്ചുള്ള കുറ്റബോധം
കഴിഞ്ഞ വർഷം നടക്കാതെ പോയ കാര്യങ്ങളെക്കുറിച്ചോർത്ത് കുറ്റബോധം വേണ്ട.അത്, നിങ്ങളെ പഴയ കാലത്തിൽ തന്നെ തളച്ചിടും; സ്നേഹത്തോടെയും കരുണയോടെയും സ്വയം നോക്കിക്കാണുന്നത് ജീവിതത്തിൽ മുന്നേറാൻ സഹായിക്കും.
4. ധൃതി വെയ്ക്കുന്ന സ്വഭാവം
എല്ലാ കാര്യങ്ങൾക്കും ഉടൻ തന്നെ ഫലം കിട്ടണമെന്ന് വാശിപിടിക്കരുത്. വളർച്ച സാവധാനത്തിലാണെങ്കിലും അത് അർത്ഥവത്താണെന്ന് തിരിച്ചറിഞ്ഞാൽ മതി.
സന്തുലിതമായി തുടങ്ങാം
പുതിയ വർഷത്തിലേക്ക് കടക്കുമ്പോൾ “ഞാൻ എന്തൊക്കെ നേടിയെടുക്കണം?” എന്ന് സ്വയം ചോദിക്കുന്നതിന് പകരം, ഈ ചോദ്യങ്ങൾ ചോദിച്ചു നോക്കൂ:
- “എന്റെ ജീവിതത്തിൽ ഇനി എന്തിനാണ് കൂടുതൽ പ്രാധാന്യം നൽകേണ്ടത്?”
- “എനിക്ക് ഭാരമായി തോന്നുന്ന, ഒഴിവാക്കാൻ കഴിയുന്ന കാര്യങ്ങൾ ഏതൊക്കെയാണ്?”
- “ഈ വർഷം എനിക്ക്, എന്നെത്തന്നെ കൂടുതൽ നന്നായി എങ്ങനെ പരിപാലിക്കാൻ കഴിയും?”
ഇത്തരം ചിന്തകൾ ആരോഗ്യകരവും സമാധാനപരവുമായ ജീവിതശൈലി കെട്ടിപ്പടുക്കാൻ സഹായിക്കും. ഇത് നിങ്ങൾക്ക് അമിതഭാരമാവില്ലെന്ന് മാത്രമല്ല, ജീവിതകാലം മുഴുവൻ പിന്തുടരാവുന്ന നല്ല ശീലങ്ങളായി മാറുകയും ചെയ്യും.
തിരിച്ചറിവോടെ മുന്നോട്ട്…
പുതുവർഷം നമ്മുടെ ജീവിതത്തിൻ്റെ തുടർച്ച തന്നെയാണ്. പഴയതെല്ലാം മായ്ച്ചുകളഞ്ഞ് തികച്ചും പുതിയ വ്യക്തിയാകാൻ ശ്രമിക്കേണ്ടതില്ല.
കഴിഞ്ഞകാലത്തെ അനുഭവങ്ങളും കരുത്തും പ്രതീക്ഷകളും ഇപ്പോഴും നമ്മുടെ കൂടെയുണ്ട്. എന്ത് കൂടെക്കൂട്ടണം, എന്തുപേക്ഷിക്കണം എന്ന് സ്വയം തീരുമാനിക്കുമ്പോൾ, കൂടുതൽ തെളിമയുള്ള മനസ്സോടെയും സമാധാനത്തോടെയും മുന്നോട്ട് നീങ്ങാനാകും.
ഈ വർഷം സമ്മർദ്ദങ്ങൾക്ക് കീഴടങ്ങാതെ, കൃത്യമായ ലക്ഷ്യബോധത്തോടെ മുന്നേറാൻ സാധിക്കട്ടെ. മനസ്സിരുത്തിയുള്ള ഇത്തരം ചിന്തകളിലൂടെ, നിങ്ങളുടെ ആഗ്രഹത്തിനനുസരിച്ചുള്ള വേഗതയിൽ വളരാൻ നിങ്ങൾ സ്വയം അനുവാദം നൽകുക.
എല്ലാ ഭാരങ്ങളും വരുംവർഷത്തിലേക്ക് ചുമന്നുകൊണ്ട് പോകേണ്ടതില്ല.
നിങ്ങൾക്ക് ഗുണകരമായ കാര്യങ്ങൾ മാത്രം കൂടെക്കൂട്ടുക. സ്വസ്ഥതയോടെ, സമാധാനത്തോടെ ജീവിക്കാൻ ശ്രമിക്കുക. ഈ പുതുവർഷത്തിൽ മാത്രമല്ല, തുടർന്നങ്ങോട്ടുള്ള എല്ലാ വർഷങ്ങളിലും.




