ലക്ഷണങ്ങൾ തുടങ്ങും മുൻപേ കാൻസർ തിരിച്ചറിയാം; അൻപതിലധികം അർബുദങ്ങൾ കണ്ടെത്താൻ പുതിയ രക്തപരിശോധന

ലക്ഷണങ്ങൾ തുടങ്ങും മുൻപേ കാൻസർ തിരിച്ചറിയാം; അൻപതിലധികം അർബുദങ്ങൾ കണ്ടെത്താൻ പുതിയ രക്തപരിശോധന

ലോകമെമ്പാടുമുള്ള മരണങ്ങളുടെ പ്രധാന കാരണങ്ങളിലൊന്നാണ് അർബുദം. 

രോഗം തിരിച്ചറിയാൻ വൈകുന്നതാണ് മരണനിരക്ക് ഇങ്ങനെ ഉയരാനിടയാക്കുന്നത്. ചികിൽസ ലഭ്യമാകുന്ന കേസുകളാണെങ്കിലും പ്രാരംഭഘട്ടത്തിൽ അസുഖം തിരിച്ചറിയാത്തത്, രോഗിയെ മരണത്തിലേക്ക് നയിക്കുന്നു.

രോഗലക്ഷണങ്ങൾ പ്രകടമാകുന്നതിന് മുൻപു തന്നെ ചെറിയൊരു രക്തപരിശോധനയിലൂടെ കാൻസർ തിരിച്ചറിയാൻ സാധിച്ചാലോ?

ബയോടെക്നോളജി കമ്പനിയായ ഗ്രെയ്‌ൽ (GRAIL) വികസിപ്പിച്ചെടുത്ത ‘ഗല്ലേരി’ (Galleri) എന്ന നൂതനമായ രക്തപരിശോധന ഇപ്പോൾ ലോകശ്രദ്ധ നേടുകയാണ്. ഒരൊറ്റ രക്തസാമ്പിളിലൂടെ അൻപതിലധികം തരത്തിൽപ്പെട്ട അർബുദങ്ങളുടെ സാന്നിധ്യം കണ്ടെത്താൻ കഴിയുമെന്ന് ഗല്ലേരി അവകാശപ്പെടുന്നു.

അർബുദ രോഗചികിൽസാരംഗത്ത് വലിയ പ്രതീക്ഷ നൽകുന്ന കണ്ടെത്തലാണിത്. 

നേരത്തെ തിരിച്ചറിയേണ്ടതിൻ്റെ പ്രാധാന്യം

മിക്കവാറും എല്ലാത്തരം കാൻസറുകളും തുടക്കത്തിലേ കണ്ടെത്തിയാൽ ചികിത്സിച്ചു ഭേദമാക്കാൻ എളുപ്പമാണ്. എന്നാൽ ഇതിന് പ്രായോഗികമായി ചില തടസ്സങ്ങളുണ്ട്:

  • പരിശോധനകളുടെ കുറവ്: ആമാശയം, അണ്ഡാശയം, കരൾ, അന്നനാളത്തിലെ കാൻസർ തുടങ്ങിയ മാരകമായ അർബുദങ്ങൾ തുടക്കത്തിലേ കണ്ടെത്താനുള്ള കൃത്യമായ പരിശോധനകൾ നിലവിൽ കുറവാണ്.
  • ലക്ഷണങ്ങൾ വൈകുന്നു: പലപ്പോഴും രോഗം ശരീരത്തിൽ വ്യാപിച്ചുകഴിഞ്ഞ ശേഷമായിരിക്കും ലക്ഷണങ്ങൾ പ്രകടമാകുന്നത്.
  • ചികിത്സയിലെ വെല്ലുവിളി: രോഗനിർണ്ണയം വൈകുന്നത് രോഗി രക്ഷപ്പെടാനുള്ള സാധ്യതകളെ വലിയ രീതിയിൽ ബാധിക്കുന്നു.

നിലവിൽ മാമോഗ്രാം, കൊളോണോസ്കോപ്പി, പാപ് സ്മിയർ തുടങ്ങിയ പരിശോധനകൾ ലഭ്യമാണെങ്കിലും അവ ചുരുക്കം ചില കാൻസറുകൾ കണ്ടെത്താൻ മാത്രമേ സഹായിക്കുന്നുള്ളൂ. ഇവിടെയാണ് ഒരൊറ്റ രക്തപരിശോധനയിലൂടെ പലതരം കാൻസറുകൾ തിരിച്ചറിയാൻ സാധിക്കുന്ന പുതിയ രീതി പ്രസക്തമാകുന്നത്. 

എന്താണ് ഗല്ലേരി ടെസ്റ്റ്?

രക്തസാംപിളിൽ നിന്ന് ഡിഎൻഎ (DNA) വേർതിരിച്ചെടുത്ത് അർബുദ ലക്ഷണങ്ങൾ കണ്ടെത്താൻ സഹായിക്കുന്ന പരിശോധനയാണ് ഗല്ലേരി (Galleri).

ശരീരത്തിൽ കാൻസർ കോശങ്ങൾ വളരുമ്പോൾ, അവ ഡി എൻ എയുടെ അതിസൂക്ഷ്മ കണങ്ങൾ രക്തത്തിലേക്ക് വിടുന്നു. ഇതിനെ സെൽ-ഫ്രീ ഡി എൻ എ (cfDNA) എന്ന് പറയുന്നു. ഗല്ലേരി ടെസ്റ്റ് ഈ ഡിഎൻഎയിലെ പ്രത്യേക മാറ്റങ്ങൾ പരിശോധിക്കുന്നു. മറ്റൊരുതരത്തിൽ പറഞ്ഞാൽ, കാൻസറിന്റേതായ മുദ്രണം രക്തത്തിൽ ഉണ്ടോ എന്ന് ഈ പരിശോധനയിലൂടെ തിരിച്ചറിയാനാകുന്നു.

 പരിശോധനാഘട്ടങ്ങൾ

  • ആദ്യം രക്തസാമ്പിൾ ശേഖരിക്കുന്നു
  • ലാബിൽ വെച്ച് രക്തത്തിലെ ഡിഎൻഎ കണികകൾ സൂക്ഷ്മമായി വിശകലനം ചെയ്യുന്നു
  • കാൻസറിന്റേതു മാത്രമായ സവിശേഷ പാറ്റേണുകൾ ഡിഎൻഎയിൽ ഉണ്ടോ എന്ന് കണ്ടെത്തുന്നു
  • ലക്ഷണം കണ്ടെത്തിയാൽ, അത് ശരീരത്തിന്റെ ഏത് ഭാഗത്തുനിന്നാണ് വരുന്നതെന്ന് കൂടി പ്രവചിക്കാൻ ഈ പരിശോധനയിലൂടെ സാധിക്കും

നിലവിൽ ചില വിദേശ രാജ്യങ്ങളിൽ പ്രധാന പരിശോധനകൾക്കൊപ്പം മുൻകരുതൽ എന്ന നിലയിൽ ഈ ബ്ളഡ് ടെസ്റ്റും ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്.

ഈ പരിശോധന വിപ്ലവകരമാകാൻ കാരണം

അൻപതിലധികം തരം കാൻസറുകൾ തിരിച്ചറിയാനാകുമെന്നതു തന്നെ. നിലവിൽ സാധാരണ പരിശോധനകൾ ലഭ്യമല്ലാത്ത പലതരം മാരക കാൻസറുകളും ഈ പട്ടികയിൽ ഉൾപ്പെടുന്നു:

  • ആമാശയത്തിലെ കാൻസർ
  • അണ്ഡാശയ കാൻസർ
  • കരളിലെ കാൻസർ
  • അന്നനാളത്തിലെ കാൻസർ 
  • തലയെയും കഴുത്തിനെയും ബാധിക്കുന്ന കാൻസറുകൾ
  • ചില തരം രക്താർബുദങ്ങൾ

ഇന്ന് നമ്മൾ ഉപയോഗിക്കുന്ന സാധാരണ സ്ക്രീനിംഗ് രീതികൾ വഴി ഇവ കണ്ടെത്തുക പ്രയാസമാണ്.

ലക്ഷണങ്ങൾ പ്രകടമാകും മുമ്പേ കണ്ടെത്താം

രോഗലക്ഷണങ്ങൾ ഒന്നുമില്ലാത്ത, പൂർണ്ണ ആരോഗ്യവാനാണെന്ന് സ്വയം കരുതുന്ന ഒരാളിൽ പോലും കാൻസറിന്റെ സാന്നിധ്യം തിരിച്ചറിയാൻ ഗല്ലേരി പരിശോധനയിലൂടെ  സാധിക്കുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

അർബുദകോശങ്ങൾ പലപ്പോഴും വർഷങ്ങളോളം ശരീരത്തിൽ നിശബ്ദമായി വളരാറുണ്ട്. ലക്ഷണങ്ങൾ പുറത്തുവരുന്നതിന് മുൻപേ ഇത് കണ്ടെത്തുന്നത്, രോഗിക്ക് സാധാരണ ജീവിതത്തിലേക്ക് തിരികെ വരാനുള്ള സാധ്യത വലിയതോതിൽ വർദ്ധിപ്പിക്കുന്നു.

ശരീരത്തിൻ്റെ ഏതുഭാഗത്താണെന്ന് അറിയാനാകും

പഴയകാലത്തെ ചില പരീക്ഷണാത്മക പരിശോധനകളിൽ, അർബുദം ഉണ്ടോ എന്നേ അറിയാൻ കഴിയുകയുള്ളൂ.. അതിൽ നിന്ന് വ്യത്യസ്തമായി, ഗല്ലേരി ടെസ്റ്റിലൂടെ, ശരീരത്തിന്റെ ഏത് ഭാഗത്താണ് കാൻസർ ബാധിച്ചിരിക്കുന്നത് എന്ന് കൂടി അറിയാനാകുന്നു. ഇത് തുടർചികിത്സയും പരിശോധനകളും എവിടെ നിന്നാരംഭിക്കണമെന്ന് തീരുമാനിക്കാൻ ഡോക്ടർമാരെ സഹായിക്കുന്നു.

പരിമിതികളും തിരിച്ചറിയണം

ഈ പുതിയ രക്തപരിശോധന വലിയ പ്രതീക്ഷ നൽകുന്നുണ്ടെങ്കിലും നിലവിലുള്ള കാൻസർ പരിശോധനകൾക്ക് പകരമാകില്ല എന്നും നമ്മൾ അറിഞ്ഞിരിക്കേണ്ടതുണ്ട്.

താഴെ പറയുന്ന കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ഡോക്ടർമാർ നിർദ്ദേശിക്കുന്നു:

  • സ്തനാർബുദം കണ്ടെത്തുന്നതിനുള്ള മാമോഗ്രാം പരിശോധനയ്ക്ക് പകരമായി ഇതിനെ കണക്കാക്കരുത്
  • കുടലിലെ കാൻസർ കണ്ടെത്തുന്ന കൊളോണോസ്കോപ്പിക്ക് പകരമായും ഇത് ഉപയോഗിക്കരുത്
  • ഈ പരിശോധനയിൽ ‘പോസിറ്റീവ്’ ഫലം വന്നാൽ ഉടൻ കാൻസർ സ്ഥിരീകരിക്കാനാകില്ല
  • ഈ ടെസ്റ്റിൽ കാൻസർ ലക്ഷണം കണ്ടാൽ, അത് ശരിയാണോ എന്ന് ഉറപ്പുവരുത്താൻ ഡോക്ടറുടെ നിർദ്ദേശപ്രകാരം മറ്റു തുടർപരിശോധനകളും നടത്തേണ്ടതുണ്ട്.

ചുരുക്കത്തിൽ, നിലവിലുള്ള പരിശോധനകൾക്കൊപ്പം ഉപയോഗിക്കാവുന്ന ഒരു അധിക മുൻകരുതൽ മാത്രമാണിത്.  ഗല്ലേരി പരിശോധനയെ മാത്രം ആശ്രയിച്ച് രോഗനിർണ്ണയം നടത്താൻ കഴിയില്ല.

ക്ലിനിക്കൽ പഠനങ്ങൾ പറയുന്നത് 

ഇതുവരെ നടന്ന പഠനങ്ങൾ ഈ പരിശോധനയെക്കുറിച്ച് നൽകുന്ന സൂചനകൾ ഇവയാണ്:

  • കൃത്യത (High Specificity): തെറ്റായ ഫലങ്ങൾ (False-positives) നൽകാനുള്ള സാധ്യത വളരെ കുറവാണ്. അതായത്, രോഗമില്ലാത്ത ഒരാൾക്ക് രോഗമുണ്ടെന്ന് തെറ്റായി വ്യാഖ്യാനിക്കുന്ന രീതി ഈ ടെസ്റ്റിൽ കുറവായിരിക്കും.
  • മാരകമായ കാൻസറുകൾ: അതിവേഗം പടരുന്ന തരം അർബുദങ്ങളെ തിരിച്ചറിയാൻ ഈ പരിശോധന കൂടുതൽ ഫലപ്രദമാണ്.
  • വിവിധ ഘട്ടങ്ങൾ: രോഗം ശരീരത്തിൽ വ്യാപിച്ച ഘട്ടത്തിൽ കൂടുതൽ വ്യക്തമായ ഫലം നൽകുമെങ്കിലും, തുടക്കത്തിലേ കണ്ടെത്താനുള്ള സവിശേഷ കാര്യക്ഷമത പ്രതീക്ഷ നൽകുന്നതാണ്.

എങ്കിലും വിദഗ്ധർ ചില മുൻകരുതലുകൾ കൂടി നൽകുന്നു:

  • ചിലപ്പോൾ രോഗത്തിന്റെ ആദ്യഘട്ടങ്ങളിൽ ഈ പരിശോധന പരാജയപ്പെട്ടേക്കാം
  • ഈ ടെസ്റ്റ് എത്രത്തോളം ഫലപ്രദമാണെന്ന് മനസ്സിലാക്കാനുള്ള പഠനങ്ങൾ ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്.
  • പരിശോധനയുടെ ഉയർന്ന ചെലവും എല്ലാ സ്ഥലങ്ങളിലും ഇത് ലഭ്യമല്ലാത്തതും നിലവിൽ നേരിടുന്ന വെല്ലുവിളിയാണ്

ഏതൊരു വൈദ്യശാസ്ത്ര മുന്നേറ്റത്തെയും പോലെ ഈ പുതിയ രീതിയെയും നമ്മൾ കരുതലോടു കൂടിയ ശുഭാപ്തിവിശ്വാസത്തോടെ വേണം കണക്കാക്കാൻ.

ആർക്കെല്ലാം കൂടുതൽ ഗുണപ്രദം?

നിലവിൽ ഈ പരിശോധന ലഭ്യമായ രാജ്യങ്ങളിൽ, പ്രധാനമായും താഴെ പറയുന്നവർക്കാണ് ഇത് ശുപാർശ ചെയ്യുന്നത്:

  • 50 വയസ്സിന് മുകളിൽ പ്രായമുള്ളവർ
  • കുടുംബത്തിൽ കാൻസർ പാരമ്പര്യമുള്ളവർ
  • ജനിതകപരമായ സാധ്യത ഉള്ളവർ
  • നിലവിൽ മറ്റു സ്ക്രീനിംഗ് സൗകര്യങ്ങൾ ലഭ്യമല്ലാത്തവർ

ഈ പരിശോധന സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ ഓരോ പ്രദേശത്തും വ്യത്യസ്തമാണ്. ഈ മേഖലയിലെ ഗവേഷണങ്ങൾ ഇപ്പോഴും പുരോഗമിച്ചുകൊണ്ടിരിക്കുന്നു.

ഗല്ലേരിയുടെ ഭാവി

കാൻസർ പ്രതിരോധ രംഗത്ത് വലിയൊരു മാറ്റത്തിന്റെ തുടക്കമാണിത്. രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയ ശേഷം ചികിത്സ തേടുന്ന രീതിയിൽ നിന്ന് മാറി, തന്മാത്രാ തലത്തിൽ തന്നെ (Molecular level) ശരീരത്തെ നിരീക്ഷിക്കുന്ന രീതിയിലേക്കാണ് വൈദ്യശാസ്ത്രം മാറുന്നത്.

കൂടുതൽ പഠനങ്ങളിലൂടെ ഈ പരിശോധനയുടെ ഫലപ്രാപ്തി തെളിയിക്കപ്പെട്ടാൽ, അത് താഴെ പറയുന്ന ഗുണകരമായ മാറ്റങ്ങളിലേക്ക് നയിക്കും:

  • നേരത്തെയുള്ള ചികിത്സ: രോഗം വഷളാകുന്നതിന് മുൻപ് തന്നെ ഇടപെടാൻ സാധിക്കുന്നു
  • ലഘുവായ ചികിത്സാരീതികൾ: തുടക്കത്തിലേ കണ്ടെത്തുന്നതിലൂടെ കാഠിന്യമേറിയ കീമോതെറാപ്പിയോ ശസ്ത്രക്രിയകളോ ഒഴിവാക്കാൻ കഴിഞ്ഞേക്കും
  • ചികിത്സാച്ചെലവ് കുറയുന്നു: രോഗം ഗുരുതരാവസ്ഥയിലേക്ക് മാറാത്തതിനാൽ വലിയ സാമ്പത്തിക ബാധ്യതകളിൽ നിന്ന് രക്ഷപെടാം
  • കൂടുതൽ അതിജീവന സാധ്യത: കാൻസറിനെ അതിജീവിച്ച് ജീവിതത്തിലേക്ക് മടങ്ങിവരാനുള്ള സാധ്യത വളരെയധികം വർദ്ധിക്കുന്നു
  • വ്യക്തിഗത നിരീക്ഷണം: ഓരോ വ്യക്തിയുടെയും ശാരീരിക പ്രത്യേകതകൾക്കനുസരിച്ചുള്ള ആരോഗ്യ സംരക്ഷണം ഉറപ്പാക്കാം

ഓരോ വ്യക്തിയുടെയും ജൈവപരമായ, വ്യക്തിഗത പ്രത്യേകതകൾ തിരിച്ചറിഞ്ഞ് ചികിത്സ നൽകുന്ന ‘പ്രിസിഷൻ മെഡിസിൻ’ (Precision Medicine) എന്ന ആധുനിക രീതിയിലേക്കുള്ള വലിയൊരു ചുവടുവെപ്പാണിത്.

ധാർമ്മികവും പ്രായോഗികവുമായ വെല്ലുവിളികൾ

പുത്തൻ സാങ്കേതികവിദ്യ, അതെന്തുതന്നെ ആയാലും ശരി, ഉത്തരവാദിത്തത്തോടെ വേണം കൈകാര്യം ചെയ്യാൻ. ഈ പരിശോധനയുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന ചില പ്രധാന ആശങ്കകൾ ഇവയാണ്:

  • മാനസികമായ ആഘാതം: ചിലപ്പോൾ രോഗമില്ലാത്തവർക്കും ഈ ടെസ്റ്റിൽ പോസിറ്റീവ് ഫലം കണ്ടേക്കാം (False positive). ഇത് രോഗികളിൽ അനാവശ്യമായ ഭയവും പിരിമുറുക്കവും സൃഷ്ടിക്കും
  • അനാവശ്യ രോഗനിർണ്ണയം (Overdiagnosis): ദോഷകരമല്ലാത്ത രീതിയിൽ ശരീരത്തിൽ കാണപ്പെടുന്ന ചെറിയ മുഴകളും തടിപ്പുകളും കാൻസറാണെന്ന് തെറ്റായി വിലയിരുത്താനുള്ള സാധ്യത.
  • ഇൻഷുറൻസ് പരിരക്ഷ: ഇൻഷുറൻസ് കമ്പനികൾ ഇത്തരം നൂതന പരിശോധനകൾക്ക് സാമ്പത്തിക പരിരക്ഷ നൽകുമോ എന്നത് വ്യക്തമല്ല.
  • സാധാരണക്കാർക്ക് പ്രാപ്യമാകുമോ?: ദരിദ്ര രാജ്യങ്ങളിലോ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഇടങ്ങളിലോ ഈ പരിശോധന എത്തിക്കുക എന്നത് വലിയൊരു വെല്ലുവിളിയാണ്.
  • തുടർചികിത്സാ സൗകര്യങ്ങൾ: രക്തപരിശോധനയിൽ രോഗലക്ഷണം കണ്ടാൽ അത് സ്ഥിരീകരിക്കാനുള്ള സ്കാനിംഗ് സൗകര്യങ്ങളും മികച്ച ആരോഗ്യ സംവിധാനങ്ങളും കൂടെയുണ്ടെങ്കിൽ മാത്രമേ ഇതുകൊണ്ട് പൂർണ്ണമായ ഫലം ലഭിക്കൂ.

വ്യക്തി എന്ന നിലയിൽ എന്തുചെയ്യണം?

പുതിയ പരിശോധനകളെക്കുറിച്ച് കേൾക്കുമ്പോൾ ധൃതിപ്പെട്ട് അത് ചെയ്യാൻ മുതിരുന്നതിന് മുൻപ് താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക:

ഡോക്ടറുമായി സംസാരിക്കുക: നിങ്ങളുടെ ആരോഗ്യസ്ഥിതി കൃത്യമായി അറിയുന്ന ഡോക്ടറുടെ ഉപദേശം തേടുക.

പതിവ് പരിശോധനകൾ തുടരുക: നിലവിൽ നിങ്ങൾ ചെയ്തുകൊണ്ടിരിക്കുന്ന സ്ക്രീനിംഗുകൾ (ഉദാഹരണത്തിന് മാമോഗ്രാം) യാതൊരു കാരണവശാലും മുടക്കരുത്.

കുടുംബചരിത്രം മനസ്സിലാക്കുക: കുടുംബത്തിൽ ആർക്കെങ്കിലും കാൻസർ വന്നിട്ടുണ്ടോ എന്ന് അറിഞ്ഞിരിക്കുന്നത് മുൻകരുതലുകൾ എടുക്കാൻ സഹായിക്കും.

ആരോഗ്യകരമായ ജീവിതശൈലി: ശരിയായ ജീവിതശൈലി പിന്തുടരുന്നത് രോഗസാധ്യത കുറയ്ക്കും.

പരിഭ്രാന്തി ഒഴിവാക്കുക: പേടി കാരണം മാത്രം ഇത്തരം ടെസ്റ്റുകൾ ചെയ്യാതിരിക്കുക; കൃത്യമായ അറിവോടെ മാത്രം മുന്നോട്ട് പോവുക.

ഓർക്കുക — ഒരു പരിശോധനയ്ക്കും ഇവയ്ക്ക് പകരമാകാൻ കഴിയില്ല:

സമീകൃതമായ ആഹാരരീതി

ചിട്ടയായ വ്യായാമം

പുകയില ഉൽപ്പന്നങ്ങൾ

പൂർണ്ണമായി വർജ്ജിക്കുന്നത്

മദ്യപാനം നിയന്ത്രിക്കുകയോ ഒഴിവാക്കുകയോ ചെയ്യുന്നത്

മാനസിക സമ്മർദ്ദം കുറയ്ക്കുന്നത്

നമ്മുടെ ജീവിതത്തിൽ അത്രമേൽ പ്രാധാന്യമുള്ള ഈ ഘടകങ്ങൾക്ക് പകരം വെയ്ക്കാൻ, അത്യന്താധുനിക പരിശോധനകൾക്കാകില്ല എന്ന യാഥാർത്ഥ്യം നമ്മൾ ഓർക്കേണ്ടതാണ്.

രോഗം വന്ന ശേഷം ചികിത്സിക്കുന്നതിനേക്കാൾ എപ്പോഴും നല്ലത്, അത് പ്രതിരോധിക്കുക തന്നെയാണ്.

നെല്ലിക്ക.ലൈഫ് വീക്ഷണം

നമ്മുടെ ആരോഗ്യമേഖലയിലെ മാറ്റങ്ങളെയും ശാസ്ത്രീയ മുന്നേറ്റങ്ങളെയും സ്വാഗതം ചെയ്യേണ്ടതു തന്നെയാണ്. എന്നാൽ അത് കൃത്യമായ അറിവോടെയും സന്തുലിതമായ കാഴ്ചപ്പാടോടെയും ആയിരിക്കണം എന്നതാണ് പ്രധാനം.

ഗല്ലേരി (Galleri) ടെസ്റ്റ് നമുക്ക് വലിയ പ്രതീക്ഷ നൽകുന്നുണ്ട്. രോഗം നേരത്തെ തിരിച്ചറിയാമെന്ന പ്രതീക്ഷ, മികച്ച അതിജീവനത്തിനുള്ള പ്രതീക്ഷ, ഇതുവരെ പരിശോധനകൾ ലഭ്യമല്ലാതിരുന്ന അർബുദങ്ങളെപ്പോലും കണ്ടെത്താമെന്ന പ്രതീക്ഷ.

എന്നാൽ ഈ പ്രതീക്ഷകൾക്ക് എപ്പോഴും ശാസ്ത്രീയ തെളിവുകളുടെ പിൻബലമുണ്ടാകണം.

ഗല്ലേരിയെ മാന്ത്രിക പരിശോധനയായി കാണേണ്ടതില്ല. ഒരിക്കലും ഇത് ഡോക്ടർമാരുടെ വൈദ്യശാസ്ത്ര വിവേകത്തിന് പകരവുമല്ല.

എങ്കിലും, ഒരൊറ്റ രക്തസാമ്പിളിലൂടെ കാൻസർ എന്ന മഹാമാരിയുടെ കഥ തിരുത്തിയെഴുതാൻ കഴിഞ്ഞേക്കാവുന്ന ഒരു ഭാവിയിലേക്കു തുറന്നിട്ട ജാലകമാണ് ഗല്ലേരി ടെസ്റ്റ്.

നമ്മൾ വിചാരിച്ചതിലും വേഗത്തിൽ ആ ഭാവി നമ്മളിലേക്കെത്തിക്കഴിഞ്ഞു.

രോഗം വന്ന ശേഷം ചികിൽസ എന്ന രീതിയിൽ നിന്ന്, രോഗത്തെ മുൻകൂട്ടി പ്രവചിക്കുന്ന രീതിയിലേക്ക് വൈദ്യശാസ്ത്രം ഇന്ന് മാറിക്കൊണ്ടിരിക്കുകയാണ്.

ശാസ്ത്രം ഈ രീതിയിൽ മുന്നോട്ട് പോവുകയാണെങ്കിൽ, വർഷത്തിലൊരിക്കൽ നടത്തുന്ന ഒരു സാധാരണ രക്തപരിശോധനയിലൂടെ ലക്ഷക്കണക്കിന് ജീവനുകൾ അർബുദത്തിൽ നിന്നു സുരക്ഷിതമാകുന്ന കാലം വിദൂരമല്ല. 

References :

1. Official Galleri site — how the test screens for 50+ cancer types

2. Clinical trials overview — Galleri multi-cancer early detection test

3. What are multi-cancer early detection (MCED) tests, and should you get one?

Related News

വളർത്തുനായ നക്കിയാൽ സെപ്സിസ് വരുമോ?

വളർത്തുനായ നക്കിയാൽ സെപ്സിസ് വരുമോ?

നായ്ക്കുട്ടിയെ വളർത്തുന്നവർ ഡോഗ് മാസ്റ്ററിൽ നിന്ന്, ഡോഗ് ഓണറിൽ നിന്ന് പെറ്റ് പാരൻ്റിലേക്ക് വളർന്നെത്തിയ കാലമാണിത്. ഒരുകാലത്ത്  വീടിനുപുറത്തുമാത്രം കഴിഞ്ഞിരുന്ന നായ്ക്കുട്ടികൾ ഇന്ന് നമ്മുടെ സന്തതസഹചാരികളായി മാറിക്കഴിഞ്ഞു. ...

ഫെബ്രുവരി 25, 2026 11:21 pm
മുപ്പതിന് ശേഷം അമ്മയാകാനൊരുങ്ങുമ്പോൾ

മുപ്പതിന് ശേഷം അമ്മയാകാനൊരുങ്ങുമ്പോൾ

ഇന്നത്തെ കാലത്ത് കരിയറിലെ വളർച്ചയ്ക്കും സാമ്പത്തിക സുരക്ഷിതത്വത്തിനും യോജിച്ച പങ്കാളിയെ കണ്ടെത്താനുമൊക്കെയായി പല സ്ത്രീകളും മുപ്പതുകൾക്ക് ശേഷം മാത്രം ഗർഭധാരണത്തിന് തയ്യാറെടുക്കാറുണ്ട്. ഇത് തികച്ചും സ്വാഭാവികവുമാണ്. എങ്കിലും,...

ഫെബ്രുവരി 25, 2026 11:19 pm
വാർദ്ധക്യകാലം ആരോഗ്യപൂർണ്ണമാക്കാം

വാർദ്ധക്യകാലം ആരോഗ്യപൂർണ്ണമാക്കാം

ജെറിയാട്രീഷ്യനെ കാണേണ്ടതിൻ്റെ പ്രാധാന്യം അറിഞ്ഞിരിക്കാം പ്രായമായ വ്യക്തികളുള്ള വീടുകളിൽ, പലേടങ്ങളിലും അവർക്കു വേണ്ട പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടാകും. കിടപ്പുമുറിയിൽ ആവശ്യത്തിന് വായുസഞ്ചാരവും രാത്രി ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ മതിയായ വെളിച്ചവും...

ഫെബ്രുവരി 25, 2026 11:13 pm
വേനൽ വല്ലാതെ തളർത്തുന്നുണ്ടോ?

വേനൽ വല്ലാതെ തളർത്തുന്നുണ്ടോ?

എന്തുകൊണ്ടാണ് വേനൽക്കാലത്ത് നമുക്ക് കൂടുതൽ ക്ഷീണം അനുഭവപ്പെടുന്നത്? വേനൽക്കാലം എന്ന് കേൾക്കുമ്പോൾ തന്നെ മധുരമൂറുന്ന മാമ്പഴസീസണും അവധിക്കാലവും യാത്രകളുമൊക്കെയാണ് നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുക. തൊട്ടടുന്ന നിമിഷം തന്നെ...

ഫെബ്രുവരി 25, 2026 10:11 pm
Top
Subscribe