നമുക്കും വേണം റീസെറ്റ്: ആരവങ്ങളുടെ ലോകത്ത് ശാന്തത കണ്ടെത്താൻ പഠിക്കാം 

നമുക്കും വേണം റീസെറ്റ്: ആരവങ്ങളുടെ ലോകത്ത് ശാന്തത കണ്ടെത്താൻ പഠിക്കാം 

ഇന്നത്തെ തരക്കേറിയ ജീവിതത്തിൽ നമുക്ക് ശരിക്കും ഒന്നു വിശ്രമിക്കാൻ പോലും സമയം കിട്ടാറില്ല. ജോലിത്തിരക്കുകൾ, വീട്ടിലായാലും ഓഫീസിലായാലും കൃത്യസമയത്ത് ചെയ്തുതീർക്കേണ്ട ഭാരിച്ച ഉത്തരവാദിത്തങ്ങൾ, സാമ്പത്തിക ബുദ്ധിമുട്ടുകൾ, മറ്റുള്ളവരുമായുള്ള താരതമ്യപ്പെടുത്തലിൽ നിന്നുണ്ടാകുന്ന നിരാശ — ഇങ്ങനെ നമ്മുടെ തലച്ചോറിന് വിശ്രമമില്ലാതെ എന്തെങ്കിലുമൊക്കെയായി എപ്പോഴും നിരന്തര പ്രവർത്തനത്തിലേർപ്പെടേണ്ടി വരുന്നു. അൽപ്പനേരം സ്വസ്ഥമായിരിക്കാമെന്നു കരുതി, നമ്മൾ വെറുതെ ഒരിടത്തിരിക്കുമ്പോൾ പോലും, നമ്മുടെ നാഡീവ്യവസ്ഥ ഓടിത്തളർന്നിട്ടും കിതച്ചു മുന്നേറുന്നു. 

ആരോഗ്യത്തെക്കുറിച്ച് പൊതുവെ നമ്മൾ സംസാരിക്കുമ്പോൾ രക്തപരിശോധനകൾ, സ്കാൻ റിപ്പോർട്ടുകൾ, തുടങ്ങിയ ചില കാര്യങ്ങളിൽ മാത്രം ആ വർത്തമാനം ഒതുങ്ങിപ്പോകാറുണ്ട്. എന്നാൽ അതിനൊക്കെ ഉപരിയായി, ദീർഘകാലം ആരോഗ്യത്തോടെ ജീവിക്കാൻ നമ്മൾ അതീവശ്രദ്ധ ചെലുത്തേണ്ട, എന്നാൽ മിക്കപ്പോഴും അവഗണിക്കുന്ന ഒന്നാണ് നാഡീവ്യൂഹ സന്തുലനം (Nervous system regulation) എന്നത്.

കാരണം, നാഡീവ്യൂഹത്തിന്റെ താളം തെറ്റിയാൽ അത് ഹോർമോണുകളെയും ഉറക്കത്തെയും രോഗപ്രതിരോധ ശേഷിയെയും മാനസികാവസ്ഥയെയും ഒരുപോലെ ദോഷകരമായി ബാധിക്കും.

നാഡീവ്യവസ്ഥയെ മനസ്സിലാക്കാം

ഹൃദയമിടിപ്പ്, ശ്വസനം തുടങ്ങിയ, ബോധതലത്തിനു പുറത്തു നടക്കുന്ന പ്രക്രിയകളെ നിയന്ത്രിക്കുന്ന, ശരീരമാസകലം വ്യാപിച്ചുകിടക്കുന്ന ഞരമ്പുകളുടെ ശൃംഖലയാണ് ഓട്ടോണമിക് നെർവസ് സിസ്റ്റം അഥവാ സ്വതന്ത്ര നാഡീവ്യൂഹം. സിംപതെറ്റിക്, പാരാസിംപതെറ്റിക് എന്നീ നാഡീവ്യവസ്ഥകൾ ചേർന്നതാണ് സ്വതന്ത്രനാഡീവ്യൂഹം.

1. ഫൈറ്റ്-ഓർ-ഫ്ലൈറ്റ് (അതായത് ‘പോരാടുക അല്ലെങ്കിൽ പിന്തിരിയുക’ -സിംപതെറ്റിക് മോഡ്)

നമ്മുടെ ശരീരത്തിന്റെ ഒരതിജീവന സംവിധാനമാണിത് (Survival System). താഴെ പറയുന്ന സാഹചര്യങ്ങളിൽ ഇത് ഉണർന്നു പ്രവർത്തിക്കുന്നു:

  • എന്തെങ്കിലും തരത്തിലുള്ള ഭീഷണി നേരിടുന്നതായി തോന്നുമ്പോൾ
  • അമിതമായ മാനസിക സമ്മർദ്ദം അനുഭവപ്പെടുമ്പോൾ
  • ജോലിയിലോ പഠനത്തിലോ നിശ്ചിതസമയത്ത്  (Deadlines) കാര്യങ്ങൾ തീർക്കാൻ തിരക്കു കൂട്ടുമ്പോൾ
  • മനസ്സിന് പ്രയാസമുണ്ടാക്കുന്ന തർക്കങ്ങളിൽ ഏർപ്പെടുമ്പോൾ
  • സോഷ്യൽ മീഡിയയിലൂടെ അസ്വസ്ഥത സൃഷ്ടിക്കുന്നതരം വാർത്തകൾ നിരന്തരം കാണുമ്പോൾ

ഈ സമയത്ത് നിങ്ങളുടെ ശരീരത്തിൽ സംഭവിക്കുന്നത്:

ഈ അവസ്ഥയിൽ ശരീരം ഒരു അപകടത്തെ നേരിടാൻ തയ്യാറെടുക്കുകയാണ്. അതിന്റെ ഭാഗമായി താഴെ പറയുന്ന മാറ്റങ്ങൾ സംഭവിക്കുന്നു:

  • ഹൃദയമിടിപ്പ് വേഗത്തിലാകുന്നു
  • രക്തസമ്മർദ്ദം (Blood Pressure) ഉയരുന്നു
  • ശരീരം കോർട്ടിസോൾ (Cortisol) എന്ന സ്ട്രെസ് ഹോർമോൺ ഉത്പാദിപ്പിക്കുന്നു
  • ശ്വാസഗതി വേഗത്തിലാകുന്നു
  • ദഹനപ്രക്രിയയുടെ വേഗത കുറയുന്നു (കാരണം ആ സമയത്ത് ശരീരം, മുഴുവൻ ഊർജ്ജവും പ്രതിരോധിക്കാൻ വേണ്ടി ഉപയോഗിക്കുന്നു)

അടിയന്തര സാഹചര്യത്തിൽ നമ്മുടെ ജീവൻ രക്ഷിക്കാൻ ഈ സംവിധാനം അത്യാവശ്യമാണ്. പക്ഷേ, ദിവസം മുഴുവൻ അല്ലെങ്കിൽ മാസങ്ങളോളം ഈ അവസ്ഥയിൽ തന്നെ തുടരാൻ പാകത്തിലല്ല നമ്മുടെ ശരീരം രൂപകൽപ്പന ചെയ്യപ്പെട്ടിരിക്കുന്നത്.

2. റെസ്റ്റ്- ആൻഡ്-ഡൈജസ്റ്റ് (അതായത് ‘വിശ്രമിക്കുക, ദഹിപ്പിക്കുക’ – പാരാസിംപതെറ്റിക് മോഡ്  Parasympathetic Mode)

ഇതിനെ നമ്മുടെ ശരീരത്തിന്റെ ‘സൗഖ്യ സംവിധാനം’ (Healing System) എന്ന് വിശേഷിപ്പിക്കാം. ഈ അവസ്ഥയിൽ ശരീരം സ്വയം പുതുക്കാനും വിശ്രമിക്കാനും തയ്യാറെടുക്കുന്നു.

ഈ അവസ്ഥ സജീവമാകുമ്പോൾ ശരീരത്തിൽ സംഭവിക്കുന്നത്:

  • ഹൃദയമിടിപ്പ് കുറയുന്നു: ശരീരം ശാന്തമാകുന്നു.
  • ദഹനം മെച്ചപ്പെടുന്നു
  • ഹോർമോണുകൾ സന്തുലിതമാകുന്നു
  • രോഗപ്രതിരോധ ശേഷി കൂടുന്നു
  • വീക്കം (Inflammation) കുറയുന്നു

ചുരുക്കത്തിൽ, നമ്മുടെ ശരീരം അതിന്റെ ഊർജ്ജം വീണ്ടെടുക്കുന്നതും ആരോഗ്യം തിരിച്ചുപിടിക്കുന്നതും ഈ അവസ്ഥയിലാണ്.

ആധുനിക കാലത്തെ പ്രതിസന്ധി

ഇന്ന് ഭൂരിഭാഗം ആളുകളും എപ്പോഴും ‘ഫൈറ്റ്-ഓർ-ഫ്ലൈറ്റ്’ (സമ്മർദ്ദത്തിന്റെ) അവസ്ഥയിലാണ് ജീവിക്കുന്നത്. നമ്മുടെ ശരീരം വിശ്രമിക്കേണ്ട സമയത്ത് പോലും മനസ്സ് ആശങ്കകളിലും തിരക്കുകളിലും ആയിരിക്കും. ഇതുമൂലം ശരീരത്തിൽ  ‘റീസെറ്റ്’ നടക്കുന്നില്ല. 

നാഡീവ്യൂഹത്തിന് തളർച്ചയുണ്ടോ? ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കൂ:

ഇവ പെട്ടെന്ന് മനസ്സിലായെന്നു വരില്ല, പക്ഷേ 

ശ്രദ്ധിച്ചാൽ ലക്ഷണങ്ങൾ തിരിച്ചറിയാനാകും:

  • മനസ്സ് എപ്പോഴും ജാഗ്രതാവസ്ഥയിലായിരിക്കുക
  • ജോലിയില്ലാത്ത സമയത്തോ അവധി ദിവസങ്ങളിലോ പോലും ശാന്തമായിരിക്കാൻ കഴിയാതെ വരിക
  • ഉറക്കപ്രശ്നങ്ങൾ
  • ശരീരത്തിലെ വലിച്ചിൽ: അറിയാതെ തന്നെ താടിയെല്ല് കടിച്ചുപിടിക്കുകയോ (Jaw clenching), ചുമലുകളിലോ പേശികളിലോ അമിതമായ മുറുക്കം അനുഭവപ്പെടുകയോ ചെയ്യുക
  • ചെറിയ കാര്യങ്ങൾക്ക് പോലും അമിതമായി ദേഷ്യം വരിക
  • ദഹനപ്രശ്നങ്ങൾ
  • ഉച്ചയ്ക്ക് ശേഷമുള്ള തളർച്ച (Afternoon crash)
  • അകാരണമായി ഉത്കണ്ഠ അനുഭവപ്പെടുക

ഈ ലക്ഷണങ്ങൾ ഉണ്ടെന്നു തോന്നുന്നുവെങ്കിൽ, ശരീരത്തിന് വിശ്രമം മാത്രം പോരാ. നിങ്ങളുടെ നാഡീവ്യൂഹത്തെയും ശാന്തമാക്കേണ്ടതുണ്ട്.

നാഡീവ്യൂഹത്തിന്റെ ആരോഗ്യവും ദീർഘകാല രോഗസാധ്യതയും

ശരീരം എപ്പോഴും സമ്മർദ്ദത്തിലായിരിക്കുന്നത് (Chronic Stress) താഴെ പറയുന്ന ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കാം:

  • ഇൻസുലിൻ റെസിസ്റ്റൻസ്
  • ശരീരഭാരം കൂടുക
  • ഹോർമോൺ വ്യതിയാനങ്ങൾ
  • ഉയർന്ന രക്തസമ്മർദ്ദം
  • ശരീരത്തിലെ വീക്കം 
  • രൂക്ഷമാകുന്ന ഓട്ടോഇമ്മ്യൂൺ പ്രശ്നങ്ങൾ 

സമ്മർദ്ദമുണ്ടാകുമ്പോൾ ശരീരം ഉത്പാദിപ്പിക്കുന്ന കോർട്ടിസോൾ (Cortisol) ഹോർമോൺ അളവ് എപ്പോഴും ഉയർന്നുനിന്നാൽ, അത് ഉറക്കത്തെയും വിശപ്പിനെയും തൈറോയ്ഡ് പ്രവർത്തനത്തെയും ലൈംഗിക ഹോർമോണുകളെയും വരെ തകിടം മറിക്കും.

നാഡീവ്യൂഹം തകരാറിലാകുമ്പോൾ അത് ശരീരത്തിന്റെ മൊത്തത്തിലുള്ള പ്രവർത്തനത്തെ ബാധിക്കുന്ന വലിയൊരു സമ്മർദ്ദമായി മാറുന്നു.

നാഡീവ്യൂഹത്തിന്റെ പുനഃക്രമീകരണം (Nervous System Reset)

നിങ്ങളുടെ തലച്ചോറിന് ‘ഇപ്പോൾ നിങ്ങൾ സുരക്ഷിതനാണ്’ എന്ന സന്ദേശം നൽകാൻ ബോധപൂർവ്വം ചെയ്യുന്ന ചില കാര്യങ്ങളാണിവ.

എപ്പോഴും സമ്മർദ്ദത്തിൽ കഴിയുന്ന അവസ്ഥയിൽ നിന്ന് (Survival Mode)  ശാന്തവും സ്വസ്ഥവുമായ അവസ്ഥയിലേക്ക് (Stability) മാറുക.

ഇതിനായി നിങ്ങളുടെ ജീവിതരീതിയിൽ അപ്പാടെ മാറ്റങ്ങൾ വരുത്തേണ്ട ആവശ്യമൊന്നുമില്ല.  ശരീരം സുരക്ഷിതമാണെന്ന ചെറിയ സന്ദേശങ്ങൾ ഇടയ്ക്കിടെ  തലച്ചോറിന് നൽകുന്നതിലൂടെ, കാലക്രമേണ സമ്മർദ്ദത്തെ നേരിടാനുള്ള നമ്മുടെ രീതിയെ മാറ്റിയെടുക്കാൻ (Rewire) നമുക്ക് സാധിക്കും.

ഇതിനായി നമുക്ക് ചെയ്യാവുന്ന കാര്യങ്ങൾ:

1. ശ്വസനക്രമീകരണം (വേഗസ് നാഡിയെ ഉണർത്താൻ)

സാവധാനത്തിലുള്ള ശ്വസനമാണ് നമ്മുടെ ശരീരത്തിലെ ‘വേഗസ് നാഡി’യെ (Vagus Nerve) ഉണർത്താനുള്ള ഏറ്റവും നല്ല മാർഗ്ഗം. ഇത് ശരീരത്തിന് വിശ്രമിക്കാനുള്ള സന്ദേശം നൽകുന്നു.

ഇങ്ങനെ ചെയ്തു നോക്കൂ:

  • 4 സെക്കൻഡ് സാവധാനം ശ്വാസം ഉള്ളിലേക്ക് എടുക്കുക
  • 6–8 സെക്കൻഡ് കൊണ്ട് ശ്വാസം പതുക്കെ പുറത്തേക്ക് വിടുക
  • 4–5 മിനിറ്റ് നേരം ഇത് തുടർച്ചയായി ചെയ്യുക

ശ്വാസം ഉള്ളിലേക്ക് എടുക്കുന്നതിനേക്കാൾ കൂടുതൽ സമയം എടുത്ത് പുറത്തേക്ക് വിടുമ്പോൾ, “ഇപ്പോൾ നമ്മൾ സുരക്ഷിതരാണ്” എന്ന ശക്തമായ സന്ദേശം മസ്തിഷ്ക്കത്തിന് ലഭിക്കും.

ഇതുകൊണ്ടുള്ള ഗുണങ്ങൾ:

  • ഹൃദയമിടിപ്പിന്റെ വേഗത കുറയുന്നു
  • കോർട്ടിസോൾ (സ്ട്രെസ് ഹോർമോൺ) കുറയുന്നു
  • വികാരങ്ങളെ നിയന്ത്രിക്കാനും ശാന്തത പാലിക്കാനും സാധിക്കുന്നു

2. ഇളവെയിലേൽക്കാം

രാവിലെ ഉറക്കമുണർന്ന്  അരമണിക്കൂറിനുള്ളിൽ തന്നെ പ്രകൃതിദത്തമായ വെളിച്ചം ഏൽക്കുന്നത് ശരീരത്തിന് വലിയ ഗുണം ചെയ്യും.

  • വീടിന് പുറത്തിറങ്ങി കുറച്ചുനേരം നിൽക്കുകയോ നടക്കുകയോ ചെയ്യുക
  • പ്രകൃതിദത്തമായ വെളിച്ചത്തിലേക്ക് നോക്കിയിരിക്കാം
  • നേരിട്ട് സൂര്യനെ നോക്കരുത്, വെളിച്ചമുള്ള അന്തരീക്ഷത്തിൽ ഇരുന്നാൽ മതിയാകും

ഇതുകൊണ്ടുള്ള ഗുണങ്ങൾ:

  • ഉറക്കക്രമം ശരിയാക്കുന്നു (Circadian Rhythm): രാത്രിയിൽ കൃത്യസമയത്ത് ഉറക്കം വരാൻ ഇത് സഹായിക്കുന്നു
  • രാത്രിയിൽ മെലറ്റോണിൻ ഹോർമോൺ ശരിയായി ഉത്പാദിപ്പിക്കപ്പെടാൻ പ്രഭാത വെളിച്ചം ആവശ്യമാണ്
  • പകൽ സമയത്ത് ഊർജ്ജസ്വലമായിരിക്കാൻ ആവശ്യമായ കോർട്ടിസോൾ ഹോർമോണിന്റെ അളവ് ക്രമീകരിക്കപ്പെടുന്നു

ചുരുക്കത്തിൽ, രാവിലെ കുറച്ചു നേരം ഏൽക്കുന്ന വെളിച്ചം നാഡീവ്യൂഹത്തെ ദിവസം മുഴുവൻ ശാന്തമായിരിക്കാൻ സഹായിക്കുന്നു.

3. ഭൂമിയെ തൊട്ടുനടക്കാം

ശരീരത്തിൽ അടിഞ്ഞുകൂടിയ സമ്മർദ്ദത്തെ പുറന്തള്ളാൻ ലളിതമായ ശാരീരിക പ്രവർത്തനങ്ങൾ സഹായിക്കും.

താഴെ പറയുന്നവ പരീക്ഷിക്കാം:

  • മണ്ണിലോ പുല്ലിലോ കുറച്ചുനേരം ചെരുപ്പിടാതെ നടക്കുക
  • പേശികൾക്ക് ആശ്വാസം നൽകുന്ന രീതിയിൽ ശരീരം പതുക്കെ സ്ട്രെച്ച് ചെയ്യാം 
  • ലളിതമായ യോഗാസനങ്ങൾ ശീലിക്കാം
  • കൈകാലുകളും ശരീരവും പതുക്കെ ഒന്ന് കുലുക്കുന്നത് ശരീരത്തിനുള്ളിലെ മുറുക്കം കുറയ്ക്കാൻ സഹായിക്കും

അപകടമൊന്നും ഇല്ല, ഇപ്പോൾ എല്ലാം സുരക്ഷിതമാണ് എന്ന സന്ദേശം മസ്തിഷ്ക്കത്തിനു നൽകാൻ ഈ പ്രവൃത്തികളിലൂടെ സാദ്ധ്യമാകും. 

4. അതിർവരമ്പുകൾ നിശ്ചയിക്കാം (Digital Boundaries)

ഫോണിൽ നിന്നുള്ള നിരന്തരമായ അറിയിപ്പുകളും വിവരങ്ങളും നമ്മുടെ തലച്ചോറിനെ എപ്പോഴും ജാഗ്രതയുള്ള (Alert) അവസ്ഥയിൽ നിർത്തുന്നു. ഇത് സമ്മർദ്ദം കൂട്ടാൻ കാരണമാകും.

താഴെ പറയുന്നവ പരീക്ഷിച്ചു നോക്കൂ:

  • ഉണർന്ന് ആദ്യ 30 മിനിറ്റ് ഫോൺ നോക്കാതിരിക്കുക.
  • ഉറങ്ങുന്നതിന് 60 മിനിറ്റ് മുമ്പ് സോഷ്യൽ മീഡിയയോ ഫോണോ ഉപയോഗിക്കുന്നത് ഒഴിവാക്കുക
  • എപ്പോഴും ഫോണിലേക്ക് നോക്കാതെ, കൃത്യമായ ഇടവേളകളിൽ മാത്രം മെസേജുകൾ പരിശോധിക്കുക.
  • ദിവസവും ഒരു മണിക്കൂർ ഫോൺ പൂർണ്ണമായും മാറ്റി വെക്കുക

ഡിജിറ്റൽ ബഹളങ്ങൾ കുറയ്ക്കുന്നത് നമ്മുടെ ശരീരവും മനസ്സും ശാന്തമാക്കാൻ സഹായിക്കും.

5. നിശ്ചിത സമയം വിശ്രമത്തിനായി 

തിരക്കുകൾക്കിടയിൽ മനസ്സിനെ ഒന്ന് ശാന്തമാക്കാൻ ദിവസവും ഒരു നിശ്ചിത സമയം മാറ്റിവെയ്ക്കുക.

  • സൗകര്യപ്രദമായ രീതിയിൽ ഒരിടത്ത് ശാന്തമായി ഇരിക്കുക
  • ശ്വാസമെടുക്കുന്നതിന്റെ വേഗത പതുക്കെ കുറയ്ക്കുക
  • വലിഞ്ഞുമുറുകിയിരിക്കുന്ന താടിയെല്ലും തോളുകളും അയച്ചുവിട്ട് റിലാക്സ് ചെയ്യുക
  • ഒരു കൈ നെഞ്ചിലും മറ്റേ കൈ വയറിലും വയ്ക്കുക
  • ശ്വാസം ഉള്ളിലേക്ക് എടുക്കുന്നതിനേക്കാൾ കൂടുതൽ സമയം എടുത്ത് പുറത്തേക്ക് വിടുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക

മനസ്സിനെ ശാന്തമാക്കുന്ന ഒരു വാചകം ഉള്ളിൽ ഉരുവിടുക. ഉദാഹരണത്തിന്: “എല്ലാം സുരക്ഷിതമാണ്” അല്ലെങ്കിൽ “എല്ലാം ശരിയാകും.”

ദിവസവും ഏഴ് മിനിറ്റ് മാത്രം ഇങ്ങനെ ചെയ്യുന്നത് ആഴ്ചകൾക്കുള്ളിൽ നിങ്ങളുടെ ശരീരത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരും.

ഓർക്കുക: കഠിനമായി ചെയ്യുന്നതിനേക്കാൾ, കൃത്യത പാലിക്കുന്നതിനാണ്  ശ്രദ്ധ നൽകേണ്ടത്.

സുരക്ഷിതബോധത്തിന്റെ പ്രാധാന്യം

നമ്മൾ സുരക്ഷിതരാണെന്ന് നാഡീവ്യൂഹത്തെ തോന്നിപ്പിക്കുന്ന ചില കാര്യങ്ങൾ താഴെ പറയുന്നു:

  • ശാന്തമായ സംസാരരീതി
  • വിശ്വസിക്കാവുന്ന ബന്ധങ്ങൾ
  • കൃത്യമായ ദിനചര്യകൾ
  • മനസ്സിന് സന്തോഷം നൽകുന്ന, ഊഷ്മളമായ ചുറ്റുപാടുകൾ
  • സ്നേഹത്തോടെയുള്ള സ്പർശനം
  • വികാരങ്ങളെ മാനിക്കുന്നത്

ചുറ്റുപാടുകൾ എപ്പോഴും നിങ്ങളെ സമ്മർദ്ദത്തിലാക്കുന്നതാണെങ്കിൽ, നാഡീവ്യൂഹത്തെ ശാന്തമാക്കുക എന്നത് പ്രയാസകരമായിരിക്കും. കാരണം, നമ്മുടെ വികാരങ്ങൾ ശരീരത്തിന്റെ അവസ്ഥയെ നേരിട്ട് ബാധിക്കുന്നു.

എപ്പോഴാണ് വിദഗ്ദ്ധ സഹായം തേടേണ്ടത്?

ദീർഘകാലത്തെ മാനസിക സമ്മർദ്ദമോ പഴയകാല ആഘാതങ്ങളോ (Trauma) കാരണമാണ് നിങ്ങളുടെ നാഡീവ്യൂഹത്തിന്റെ താളം തെറ്റിയതെങ്കിൽ താഴെ പറയുന്ന ലക്ഷണങ്ങൾ കണ്ടേക്കാം:

  • പാനിക് അറ്റാക്കുകൾ
  • എത്ര ശ്രമിച്ചിട്ടും കൃത്യമായി ഉറങ്ങാൻ കഴിയാത്ത അവസ്ഥ
  • വൈകാരിക ശൂന്യത 
  • പഴയ സംഭവങ്ങൾ വീണ്ടും ഓർമ്മ വരിക
  • വിട്ടുമാറാത്ത രോഗങ്ങൾ

ചികിത്സാരീതികൾ

അമിതമായ സമ്മർദ്ദത്തിൽ കുടുങ്ങിക്കിടക്കുന്ന നാഡീവ്യൂഹത്തെ പഴയ അവസ്ഥയിലേക്ക് എത്തിക്കാൻ സൊമാറ്റിക് തെറാപ്പി (Somatic therapy), ഇ എം ഡി ആർ (EMDR), കൗൺസിലിംഗ് തുടങ്ങിയ ഫലപ്രദമായ ചികിത്സകൾ ലഭ്യമാണ്

നെല്ലിക്ക.ലൈഫ് വീക്ഷണം

ലബോറട്ടറിയിൽ സാംപിളുകൾ പരിശോധിക്കാനായി നൽകി, രോഗം സ്ഥിരീകരിക്കുന്നത് വരെ നമുക്കു കാത്തിരിക്കേണ്ടി വരാറുണ്ട്. എന്നാൽ ഉപാപചയ പ്രശ്നമോ കടുത്ത ക്ഷീണമോ രക്തസമ്മർദ്ദമോ ഒക്കെ വരുന്നതിന് വളരെ മുൻപ് തന്നെ നമ്മുടെ നാഡീവ്യൂഹം ചില സൂചനകൾ നൽകുന്നുണ്ടാകും.

അത്തരം ചില സൂചനകൾ:

  • ശരീരം തളർന്നിട്ടുണ്ടാകും, പക്ഷെ മനസ്സ് എപ്പോഴും ഓടിക്കൊണ്ടിരിക്കും
  • എപ്പോഴും തിരക്കിലാണെന്ന് തോന്നും, പക്ഷെ കാര്യമായി ഒന്നും ചെയ്തുതീർക്കാൻ കഴിയില്ല
  • നല്ല ക്ഷീണം തോന്നും, പക്ഷെ സമാധാനമായി വിശ്രമിക്കാൻ കഴിയില്ല

രോഗപ്രതിരോധം തുടങ്ങുന്നത് നാഡീവ്യൂഹത്തിന്റെ സന്തുലിതാവസ്ഥയിൽ നിന്നാണ്.

നാഡീവ്യൂഹത്തെ ശാന്തമാക്കാൻ ശ്രമിക്കുന്നതിലൂടെ, ജീവിതത്തിലെ പ്രതിസന്ധികളെ കരുത്തോടെ നേരിടാനുള്ള നിങ്ങളുടെ ശേഷിയും  വർദ്ധിക്കും.

ശാന്തമായ നാഡീവ്യൂഹമെന്നാൽ നിഷ്ക്രിയമായതെന്നല്ല അർത്ഥമാക്കുന്നത്. അത് വലിയൊരു കരുത്താണ്. അത് താഴെ പറയുന്നവ സാധ്യമാക്കുന്നു:

  • കാര്യങ്ങളെ തെളിമയോടെ കാണാൻ കഴിയുന്നു
  • പെട്ടെന്നുണ്ടാകുന്ന ദേഷ്യവും സങ്കടവും നിയന്ത്രിക്കാൻ സാധിക്കുന്നു
  • സമ്മർദ്ദമില്ലാതെ ശരിയായ തീരുമാനങ്ങൾ എടുക്കാൻ സഹായിക്കുന്നു
  • ശരീരത്തിന്റെ സ്വാഭാവിക താളം നിലനിർത്താനാകുന്നു
  • ആരോഗ്യപ്രശ്നങ്ങളെ ചെറുക്കാൻ കരുത്തുനൽകുന്നു

ഒരിക്കലും വിശ്രമമില്ലാത്ത ഈ ലോകത്ത്, നമ്മുടെ മനസ്സിനെയും ശരീരത്തെയും തിരികെ സുരക്ഷിതമായ അവസ്ഥയിലേക്ക് മാറ്റാൻ പഠിക്കുക എന്നത് ജീവിതത്തിൽ നേടിയെടുക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കഴിവാണ്.

Related News

 സമ്മർദ്ദം ഒഴിവാക്കി ഓർമ്മശക്തി കൂട്ടാം: പരീക്ഷയ്ക്ക് അതിവേഗം ഓർത്തെടുക്കാൻ ഡോക്ടർ നൽകുന്ന മാർഗ്ഗനിർദ്ദേശങ്ങൾ

 സമ്മർദ്ദം ഒഴിവാക്കി ഓർമ്മശക്തി കൂട്ടാം: പരീക്ഷയ്ക്ക് അതിവേഗം ഓർത്തെടുക്കാൻ ഡോക്ടർ നൽകുന്ന മാർഗ്ഗനിർദ്ദേശങ്ങൾ

“ഡോക്ടർ, എല്ലാം പഠിച്ചതാണ്… പക്ഷേ പരീക്ഷാഹാളിൽ എത്തുമ്പോൾ ഒന്നും ഓർമ്മ കിട്ടുന്നില്ല.” പരീക്ഷാക്കാലത്ത് ക്ലിനിക്കുകളിൽ എത്തുന്ന വിദ്യാർത്ഥികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും ഏറ്റവും കൂടുതൽ കേൾക്കുന്ന ഒരു...

മാർച്ച്‌ 1, 2026 4:10 pm
വാർദ്ധക്യ കാലത്തെ സങ്കീർണ്ണതകൾ: മൂത്രനിയന്ത്രണമില്ലായ്മ സൃഷ്ടിക്കുന്ന പ്രയാസങ്ങളും പരിഹാരമാർഗ്ഗങ്ങളും

വാർദ്ധക്യ കാലത്തെ സങ്കീർണ്ണതകൾ: മൂത്രനിയന്ത്രണമില്ലായ്മ സൃഷ്ടിക്കുന്ന പ്രയാസങ്ങളും പരിഹാരമാർഗ്ഗങ്ങളും

പ്രായമായ പല വ്യക്തികൾക്കും സാധാരണയായുണ്ടാകുന്ന ഒരു ബുദ്ധിമുട്ടാണ് മൂത്രച്ചോർച്ച അഥവാ മൂത്രനിയന്ത്രണമില്ലായ്മ.  തികച്ചും സാധാരണമാണെങ്കിലും മാനസികമായി ഏറെ തളർത്തുന്ന ഒരവസ്ഥയാണിത്. പലരും ഈ ബുദ്ധിമുട്ട് തുറന്നുപറയാനും ചികിൽസ...

ഫെബ്രുവരി 25, 2026 12:21 am
കുട്ടികളിലെ മാനസിക സമ്മർദ്ദം: കൗൺസിലിംഗും തെറാപ്പിയും നൽകി എങ്ങനെ മനസ്സിലെ മുറിവുണക്കാം?

കുട്ടികളിലെ മാനസിക സമ്മർദ്ദം: കൗൺസിലിംഗും തെറാപ്പിയും നൽകി എങ്ങനെ മനസ്സിലെ മുറിവുണക്കാം?

മാനസിക സമ്മർദ്ദം മുതിർന്നവർ മാത്രം അനുഭവിക്കുന്ന പ്രശ്നമാണെന്നാണ് നമ്മൾ പൊതുവെ കരുതുന്നത്. നമ്മുടെ ജോലിത്തിരക്കുകൾ, സാമ്പത്തിക ബാധ്യതകൾ, ഉത്തരവാദിത്തങ്ങൾ… ഇതൊന്നും കുട്ടികൾക്ക് ചിന്തിക്കേണ്ട കാര്യങ്ങളല്ലാത്തതുകൊണ്ട് അവർക്ക് ടെൻഷനുണ്ടാകില്ല...

ഫെബ്രുവരി 23, 2026 12:55 am
ഉപാധികളും ഉടമ്പടികളും നിറയുന്ന ബന്ധങ്ങൾ

ഉപാധികളും ഉടമ്പടികളും നിറയുന്ന ബന്ധങ്ങൾ

ആധുനിക കാലത്ത് ബന്ധങ്ങളിൽ വരുന്ന മാറ്റങ്ങൾ ഉപാധികളില്ലാത്ത സ്നേഹവും കരുതലും ബന്ധങ്ങളിൽ വേരോടുമ്പോഴാണ് അതു കരുത്തുറ്റതാകുക എന്നാണ് പൊതുവെ പറയാറുള്ളത്. സ്നേഹം, പ്രണയം, സൗഹൃദം, വാൽസല്യം എല്ലാം...

ഫെബ്രുവരി 18, 2026 10:33 pm
Top
Subscribe