നെഗറ്റീവ് റീഇൻഫോഴ്സ്മെൻ്റ്: ഇതിന് പിന്നിലെ മനഃശാസ്ത്രമെന്ത്?

നമ്മുടെ ദൈനംദിന ജീവിതത്തിൽ, ചെയ്യുന്ന ഓരോ പ്രവൃത്തിയുടെയും ഫലങ്ങൾക്കനുസരിച്ച് നമ്മൾ പുതിയ കാര്യങ്ങൾ പഠിക്കുകയും സാഹചര്യങ്ങളുമായി പൊരുത്തപ്പെടുകയും ചെയ്യുന്നു. ഈ പഠന പ്രക്രിയയാണ് ബിഹേവിയറൽ സൈക്കോളജിയുടെ (പെരുമാറ്റ മനഃശാസ്ത്രം) അടിത്തറ. അതിലെ ഒരു പ്രധാന ആശയമാണ് നെഗറ്റീവ് റീഇൻഫോഴ്സ്മെൻ്റ്. നെഗറ്റീവ് എന്ന വാക്കു ചേർത്തുപയോഗിക്കുന്നതിനാൽ, ഇതു കേൾക്കുമ്പോൾ, ശിക്ഷയുമായി ബന്ധപ്പെട്ട എന്തോ ആണെന്ന് തോന്നാമെങ്കിലും, വാസ്തവത്തിൽ ഇത് ഒരു ശിക്ഷയല്ല. മറിച്ച്, നമ്മൾ ആഗ്രഹിക്കുന്ന ഒരു സ്വഭാവം പ്രോത്സാഹിപ്പിക്കുന്നതിനായി, അസുഖകരമായ ഒരു സാഹചര്യത്തെ ഒഴിവാക്കുന്നതിനെയാണ് ഇത് സൂചിപ്പിക്കുന്നത്.
നെഗറ്റീവ് റീഇൻഫോഴ്സ്മെൻ്റ് എന്നാൽ എന്താണെന്നും അതെങ്ങനെയാണ് പ്രവർത്തിക്കുന്നതെന്നും നമുക്ക് നോക്കാം. ദൈനംദിന ജീവിതത്തിൽനിന്നുള്ള ഉദാഹരണങ്ങളും, ശിക്ഷയിൽ നിന്ന് ഇതിനുള്ള വ്യത്യാസവും മനസ്സിലാക്കിയാൽ മാത്രമേ ഈ പദപ്രയോഗം കൊണ്ട് എന്താണ് അർത്ഥമാക്കുന്നത് എന്ന് കൃത്യമായി അറിയാനാകൂ. ഈ ആശയം മനസ്സിലാക്കുന്നത്, വിദ്യാഭ്യാസം, രക്ഷാകർതൃത്വം, തൊഴിലിടങ്ങളിലെ മാനേജ്മെൻ്റ്, വ്യക്തിത്വ വികാസം തുടങ്ങിയ മേഖലകളിൽ എങ്ങനെ പ്രയോജനപ്പെടുമെന്നും നമുക്ക് വിശകലനം ചെയ്യാം.
എന്താണ് നെഗറ്റീവ് റീഇൻഫോഴ്സ്മെൻ്റ്?
ബി.എഫ്. സ്കിന്നറുടെ ‘ഓപ്പറൻ്റ് കണ്ടീഷനിംഗ്’ എന്ന സിദ്ധാന്തത്തിൽ നിന്നുള്ള ഒരു ആശയമാണിത്. ഇതിൽ:
- നെഗറ്റീവ് എന്നാൽ ‘ഒഴിവാക്കുക’ അല്ലെങ്കിൽ ‘എടുത്തുമാറ്റുക’ എന്ന് അർത്ഥമാക്കുന്നു.
- റീഇൻഫോഴ്സ്മെൻ്റ് എന്നാൽ ‘ഒരു സ്വഭാവം ആവർത്തിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുക’ എന്നാണ് അർത്ഥം.
അതുകൊണ്ട്, അസുഖകരമായ ഒന്നിനെ ഒഴിവാക്കാനോ, കുറയ്ക്കാനോ, അല്ലെങ്കിൽ അതിൽ നിന്ന് രക്ഷപ്പെടാനോ സഹായിക്കുന്ന ഒരു പ്രവൃത്തി വീണ്ടും ആവർത്തിക്കാൻ സാധ്യത കൂടുമ്പോഴാണ് നെഗറ്റീവ് റീഇൻഫോഴ്സ്മെൻ്റ് സംഭവിക്കുന്നത്.
ലളിതമായ ഒരു ഉദാഹരണത്തിലൂടെ ഇക്കാര്യം കൂടുതൽ വ്യക്തമാകും:
നിങ്ങൾ കാറിൽ കയറി സ്റ്റാർട്ട് ചെയ്ത് നീങ്ങാൻ തുടങ്ങുമ്പോൾ, ഒരു അലാം ശബ്ദിക്കുന്നു. നിങ്ങൾ ഉടൻ തന്നെ സീറ്റ് ബെൽറ്റ് ഇടുന്നു, അതോടെ അലോസരമുണ്ടാക്കുന്ന അലാം നിലയ്ക്കുന്നു. ഇവിടെ, ആ അലോസരപ്പെടുത്തുന്ന ശബ്ദം ഇല്ലാതായത്, ഭാവിയിലും കൃത്യമായി സീറ്റ് ബെൽറ്റ് ധരിക്കാൻ നിങ്ങളെ പ്രേരിപ്പിക്കുന്നു. ഇതാണ് നെഗറ്റീവ് റീഇൻഫോഴ്സ്മെൻ്റ്.
നെഗറ്റീവ് റീഇൻഫോഴ്സ്മെൻ്റും ശിക്ഷയും: എന്താണ് വ്യത്യാസം?
നെഗറ്റീവ് റീഇൻഫോഴ്സ്മെൻ്റിനെ ശിക്ഷയായി പലപ്പോഴും തെറ്റിദ്ധരിക്കാറുണ്ട്. ഇവ രണ്ടും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ ഇനിപ്പറയുന്നു.
| ഘടകം | നെഗറ്റീവ് റീഇൻഫോഴ്സ്മെൻ്റ് | ശിക്ഷ |
| ലക്ഷ്യം | ഒരു സ്വഭാവം പ്രോത്സാഹിപ്പിക്കാൻ | ഒരു സ്വഭാവം കുറയ്ക്കാൻ |
| രീതി | അസുഖകരമായ ഒന്നിനെ ഒഴിവാക്കുന്നു | അസുഖകരമായത് കൂട്ടിച്ചേർക്കുന്നു അല്ലെങ്കിൽ ഇഷ്ടമുള്ളത് എടുത്തുമാറ്റുന്നു |
| ഉദാഹരണം | ടീച്ചറുടെ വഴക്ക് ഒഴിവാക്കാൻ വേണ്ടി ഹോംവർക്ക് ചെയ്യുന്നു. | ഹോംവർക്ക് ചെയ്യാത്തതിന് ടീച്ചർ വഴക്കു പറയുന്നു. |
ചുരുക്കിപ്പറഞ്ഞാൽ: നെഗറ്റീവ് റീഇൻഫോഴ്സ്മെൻ്റ് ഒരു സ്വഭാവത്തെ ശക്തിപ്പെടുത്തുന്നു, എന്നാൽ ശിക്ഷ അതിനെ ദുർബലപ്പെടുത്തുന്നു.
ദൈനംദിന ജീവിതത്തിൽ നിന്നുള്ള ഉദാഹരണങ്ങൾ
1. പാരെൻ്റിംഗ്
- മാതാപിതാക്കളുടെ ശകാരം ഒഴിവാക്കാൻ ഒരു കുട്ടി സ്വന്തം മുറി വൃത്തിയാക്കുന്നു.
- വാരാന്ത്യത്തിലെ ഒഴിവുസമയം നഷ്ടപ്പെടാതിരിക്കാൻ വിദ്യാർത്ഥി നല്ലവണ്ണം പഠിക്കുന്നു.
2. വിദ്യാഭ്യാസം
- ഹോംവർക്ക് അമിതമാകുന്നത് ഒഴിവാക്കാൻ വിദ്യാർത്ഥികൾ കൃത്യസമയത്ത് അസൈൻമെൻ്റുകൾ പൂർത്തിയാക്കുന്നു.
- ക്ലാസ്സിലെ കുട്ടികളുടെ പങ്കാളിത്തം മെച്ചപ്പെടുമ്പോൾ, അപ്രതീക്ഷിതമായി ടെസ്റ്റുകൾ നടത്തുന്നത് ടീച്ചർമാർ നിർത്തുന്നു.
3. തൊഴിലിടം
- മേലുദ്യോഗസ്ഥരിൽ നിന്നുള്ള അവസാന നിമിഷത്തെ സമ്മർദ്ദം ഒഴിവാക്കാൻ ജീവനക്കാർ കൃത്യസമയത്ത് ജോലികൾ തീർക്കുന്നു.
- തുടർച്ചയായ സുരക്ഷാ മുന്നറിയിപ്പുകൾ ഒഴിവാക്കാൻ ഒരു തൊഴിലാളി സുരക്ഷാ ഉപകരണങ്ങൾ ധരിക്കുന്നു.
4. ആരോഗ്യവും കായികക്ഷമതയും
- സന്ധിവേദന ഒഴിവാക്കാൻ പതിവായി വ്യായാമം ചെയ്യുന്നു.
- അസിഡിറ്റി പോലുള്ള പ്രശ്നങ്ങൾ ഒഴിവാക്കാൻ ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നു.
5. വ്യക്തിജീവിതം
- ഗതാഗതക്കുരുക്കിൽ പെടാതിരിക്കാൻ നേരത്തെ ഓഫീസിലേക്ക് പോകുന്നു.
- പിഴ ഒഴിവാക്കാൻ ബില്ലുകൾ കൃത്യസമയത്ത് അടയ്ക്കുന്നു.
ഇതിന് പിന്നിലെ ശാസ്ത്രം
നമ്മുടെ തലച്ചോറിലെ ഒരു പ്രതികരണ ശൃംഖല വഴിയാണ് നെഗറ്റീവ് റീഇൻഫോഴ്സ്മെൻ്റ് പ്രവർത്തിക്കുന്നത്.
ഇതിൽ ഉൾപ്പെടുന്നവ:
- ഓപ്പറൻ്റ് കണ്ടീഷനിംഗ്: പ്രവൃത്തികളുടെ ഫലങ്ങളിൽ നിന്ന് പഠിക്കുന്ന രീതി.
- ഡോപമിൻ സിസ്റ്റം: അസുഖകരമായ ഒരു അവസ്ഥയിൽ നിന്ന് മോചനം ലഭിക്കുമ്പോൾ തലച്ചോറിൽ ഡോപമിൻ എന്ന ഹോർമോൺ ഉത്പാദിപ്പിക്കപ്പെടുന്നു. ഇത് ആശ്വാസം നൽകുകയും ആ സ്വഭാവം ആവർത്തിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു.
- ഒഴിവാക്കലിലൂടെയുള്ള പഠനം: അസുഖകരമായ സാഹചര്യത്തെ ഒഴിവാക്കാൻ സഹായിച്ച പ്രവൃത്തി ഏതാണെന്ന് തലച്ചോറ് ഓർമ്മിച്ചുവെക്കുകയും, അത് വീണ്ടും ആവർത്തിക്കാനുള്ള സാധ്യത കൂട്ടുകയും ചെയ്യുന്നു.
കാലക്രമേണ, അസുഖകരമായ സാഹചര്യം സ്ഥിരമായി ഒഴിവാക്കപ്പെട്ടാൽ, ആ നല്ല പ്രവൃത്തി ഒരു ശീലമായി മാറുകയും ചെയ്യുന്നു.
ശ്രദ്ധിക്കേണ്ട ദോഷവശങ്ങൾ
നെഗറ്റീവ് റീഇൻഫോഴ്സ്മെൻ്റ് ഫലപ്രദമാണെങ്കിലും അമിതമായി ഉപയോഗിച്ചാൽ ചില ദോഷങ്ങളുമുണ്ട്:
- ഒഴിഞ്ഞുമാറൽ ശീലം: വളർച്ചയ്ക്ക് വേണ്ടി ശ്രമിക്കുന്നതിന് പകരം, അസുഖകരമായ സാഹചര്യങ്ങളെ ഒഴിവാക്കുന്നതിൽ മാത്രം വ്യക്തികൾ ശ്രദ്ധ കേന്ദ്രീകരിച്ചേക്കാം.
- സമ്മർദ്ദവും ഉത്കണ്ഠയും: ഒഴിവാക്കാൻ ശ്രമിക്കുന്ന സാഹചര്യം വളരെ തീവ്രമോ സ്ഥിരമായതോ ആണെങ്കിൽ, അത് കടുത്ത മാനസിക സമ്മർദ്ദത്തിന് കാരണമാകും.
- ആശ്രിതത്വം: അസുഖകരമായ സാഹചര്യം ഇല്ലാതായാൽ, പ്രോത്സാഹിപ്പിക്കപ്പെട്ട നല്ല സ്വഭാവവും ഇല്ലാതായേക്കാം.
നെഗറ്റീവ് റീഇൻഫോഴ്സ്മെൻ്റ് എങ്ങനെ ഗുണകരമായി ഉപയോഗിക്കാം?
ഇത് ഫലപ്രദമായി ഉപയോഗിക്കുന്നതിന് ഇനിപ്പറയുന്ന കാര്യങ്ങൾ പ്രാവർത്തികമാക്കാം:
1.പോസിറ്റീവ് റീഇൻഫോഴ്സ്മെൻ്റുമായി കൂട്ടിയിണക്കാം – മോശം സാഹചര്യങ്ങൾ ഒഴിവാക്കുക മാത്രമല്ല, നല്ല പെരുമാറ്റത്തിന് പ്രതിഫലം നൽകുകയും ചെയ്യുക.
2.അസുഖകരമായ സാഹചര്യം ലഘൂകരിക്കാം – അമിതമായ അസ്വസ്ഥത പ്രചോദനത്തെ ഇല്ലാതാക്കും.
3.വ്യക്തതയും സ്ഥിരതയും വേണം – ഏത് പ്രവൃത്തിയാണ് മോശം സാഹചര്യം ഒഴിവാക്കാൻ സഹായിക്കുന്നതെന്ന് വ്യക്തമായിരിക്കണം.
4.വളർച്ചയിൽ ശ്രദ്ധ കേന്ദ്രീകരിക്കാം – ഒഴിവാക്കലുകളിൽ നിന്ന് മാറി ക്രമേണ, ആന്തരികമായ പ്രചോദനത്തിലേക്ക് ശ്രദ്ധ മാറ്റുക.
നെഗറ്റീവ് റീഇൻഫോഴ്സ്മെൻ്റ് എന്നത് ശിക്ഷയല്ല—അത്, അസുഖകരമായ ഒരനുഭവത്തെ ഒഴിവാക്കിക്കൊണ്ട് സ്വഭാവത്തെ രൂപീകരിക്കുന്ന മനഃശാസ്ത്രപരമായ രീതിയാണ്. ശ്രദ്ധയോടെ ഉപയോഗിച്ചാൽ, ഇത് വീടുകളിലും ക്ലാസ്സ് മുറികളിലും തൊഴിലിടങ്ങളിലും വ്യക്തിജീവിതത്തിലുമെല്ലാം പ്രയോജനപ്പെടും. മറ്റേതൊരു രീതിയെയും പോലെ, പോസിറ്റീവ് റീഇൻഫോഴ്സ്മെൻ്റുമായി ക്രമീകരിച്ച് ഉപയോഗിക്കുമ്പോഴാണ് ഇത് ഏറ്റവും മികച്ച ഫലം നൽകുന്നത്. താൽക്കാലികമായ മാറ്റങ്ങൾക്കുവേണ്ടി മാത്രമല്ല, ദീർഘകാലത്തേക്കുള്ള നല്ല ശീലങ്ങൾ വളർത്തുക എന്നതായിരിക്കണം അന്തിമ ലക്ഷ്യം. അങ്ങനെയായാൽ, നെഗറ്റീവ് റീഇൻഫോഴ്സ്മെൻ്റിലൂടെ ലഭിക്കുന്ന പ്രയോജനം ജീവിതത്തിൽ ഏറെ ഗുണം ചെയ്യും.




