ദേശീയ ആയുർവേദ ദിനം 2025: മനുഷ്യരാശിയ്ക്കും പ്രകൃതിക്കും സുരക്ഷയേകും ജീവിതശാസ്ത്രം

ആയുർവേദം – നൂറ്റാണ്ടുകളുടെ പഴക്കമുള്ള, ഭാരതത്തിൽ നിന്നുയിർ കൊണ്ട ഈ ചികിത്സാശാസ്ത്രത്തിൻ്റെ വിശാലദർശനം വ്യക്തികളിൽ ചുരുങ്ങുന്നില്ല, സമൂഹത്തിനും പ്രകൃതിയുൾക്കൊള്ളുന്ന ഭൂമിയ്ക്കൊന്നാകെയും സൗഖ്യമേകാനുള്ള തത്വത്തിൽ അധിഷ്ഠിതമാണത്. ആ അറിവിനെയും അതിന്റെ വർത്തമാന കാലത്തെ പ്രസക്തിയെയും ഓർക്കാൻ വേണ്ടിയാണ് ഇന്ത്യ എല്ലാ വർഷവും ദേശീയ ആയുർവേദ ദിനം ആഘോഷിക്കുന്നത്.
2025ൽ ഒരു പുതിയ മാറ്റം
- 2016 ലാണ് രാജ്യം ദേശീയ ആയുർവ്വേദ ദിനം ആഘോഷിക്കാൻ ആരംഭിച്ചത്. ധന്വന്തരി ജയന്തിയുമായി ബന്ധപ്പെടുത്തിയായിരുന്നു ആയുർവേദ ദിനം ആചരിച്ചിരുന്നത്. ചാന്ദ്ര കലണ്ടർ അനുസരിച്ച് ഈ തീയതി വർഷംതോറും മാറിവരും.
- എന്നാൽ ഈ വർഷം മുതൽ, ആയുർവേദ ദിനം സെപ്റ്റംബർ 23 എന്ന നിശ്ചിത തിയതിയിൽ ആഘോഷിക്കാൻ തീരുമാനമായി. ഈ മാറ്റം 2025 മാർച്ചിൽ കേന്ദ്ര സർക്കാർ ഗസറ്റ് വിജ്ഞാപനത്തിലൂടെ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു.
- ആയുര്‍വേദത്തിന്റെ അടിസ്ഥാന തത്ത്വമനുസരിച്ച്, ദിനരാത്രങ്ങളുടെ സന്തുലിതാവസ്ഥ ആരോഗ്യത്തിനും ജീവിതത്തിനും ഏറെ പ്രധാനപ്പെട്ടതാണ്. അതുകൊണ്ടാണ് ശരത്കാല വിഷുവദിനമായ, പകലിനും രാത്രിയ്ക്കും തുല്യദൈർഘ്യം വരുന്ന സെപ്റ്റംബര്‍ 23 ആയുർവ്വേദ ദിനമായി തീരുമാനിക്കപ്പെട്ടത്.
2025-ലെ പ്രമേയം “മനുഷ്യനും ഭൂമിക്കും വേണ്ടി ആയുർവേദം” (Ayurveda for People & Planet) എന്നതാണ്. ഇത് വ്യക്തികളുടെ ആരോഗ്യത്തിൽ മാത്രം ഒതുങ്ങാതെ, പരിസ്ഥിതിയുടെ സന്തുലിതാവസ്ഥയ്ക്കും സുസ്ഥിരതയ്ക്കും ആയുർവേദം നൽകുന്ന പ്രാധാന്യം ഊന്നിപ്പറയുന്നു.
ഈ മാറ്റത്തിൻ്റെ പ്രാധാന്യം
സ്ഥിരതയും ആഗോള അംഗീകാരവും: ഒരു നിശ്ചിത തിയതി (സെപ്റ്റംബർ 23) വരുന്നതോടെ രാജ്യമെമ്പാടും ഒരേ സമയം പരിപാടികൾ സംഘടിപ്പിക്കാൻ എളുപ്പമാകും. ഇത് അന്താരാഷ്ട്ര തലത്തിൽ ആയുർവേദത്തിന് കൂടുതൽ പ്രചാരം നേടാനും സഹായിക്കും.
പ്രതീകാത്മകമായ സമയം: സെപ്റ്റംബർ 23 സാധാരണയായി രാവും പകലും തുല്യമായി വരുന്ന ഓണംനാളുകൾക്ക് അടുത്താണ്. ശരീരത്തിനും മനസ്സിനും പ്രകൃതിക്കും ഇടയിലുള്ള സന്തുലിതാവസ്ഥയ്ക്ക് ആയുർവേദം നൽകുന്ന പ്രാധാന്യവുമായി ഈ സമയം ബന്ധപ്പെട്ടിരിക്കുന്നു.
കൂട്ടായ ക്ഷേമത്തിന് ഊന്നൽ: “മനുഷ്യനും ഭൂമിക്കും” എന്ന പ്രമേയം ആയുർവേദത്തെ അതിവിശാലമായ പരിസ്ഥിതി സൗഹൃദ ജീവിതശൈലിയിലേക്ക് മാറ്റുന്നു. ഔഷധസസ്യങ്ങളുടെ പ്രാധാന്യം, രാസവസ്തുക്കൾ ഒഴിവാക്കൽ, കാലാവസ്ഥയ്ക്കനുസരിച്ചുള്ള ഭക്ഷണരീതികൾ തുടങ്ങിയ സുസ്ഥിരമായ ആരോഗ്യ ശീലങ്ങൾ ഇത് ഓർമ്മിപ്പിക്കുന്നു.
ആഘോഷങ്ങൾ
ദേശീയ പരിപാടികളും പ്രതിഭകളെ ആദരിക്കലും: ഗോവയിലെ അഖിലേന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ (AIIA)യാണ് ഈ വർഷത്തെ പ്രധാന പരിപാടികൾക്ക് വേദിയായത്. ആയുർവേദ മേഖലയ്ക്ക് മികച്ച സംഭാവനകൾ നൽകിയവരെ ദേശീയ ധന്വന്തരി ആയുർവേദ പുരസ്‌കാരങ്ങൾ നൽകി ആദരിച്ചു. ആയുർവേദത്തിനും അനുബന്ധ ശാസ്ത്രങ്ങൾക്കും നൽകിയ മികച്ച സംഭാവനകളെ മുൻനിർത്തി പ്രൊഫ.ബംവാരി ലാൽ ഗൗർ,നീലകണ്ഠൻ മൂസ് ഇ.ടി,ഭാവന പ്രശേർ എന്നിവർക്ക് 2025 ലെ അഭിമാനകരമായ ദേശീയ ധന്വന്തരി ആയുർവേദ പുരസ്‌കാരങ്ങൾ സമ്മാനിച്ചു.
ദേശ് കാ സ്വാസ്ഥ്യ പരീക്ഷൺ ആരോഗ്യ പരിശോധന പരിപാടിയുടെ രാജ്യവ്യാപകമായ പ്രചാരണം,ഔഷധദ്രവ്യങ്ങൾക്കായുള്ള ഡിജിറ്റലൈസ്ഡ് പ്ലാറ്റ്‌ഫോമായ ദ്രവ്യ(DRAVYA) പോർട്ടൽ എന്നിവ ഉൾപ്പെടെ നിരവധി പുതുസംരംഭങ്ങൾക്കും തുടക്കമായി. ആയുർവേദ പരിജ്ഞാനം സുഗമമായി പ്രാപ്യമാക്കുക, സാമൂഹിക ആരോഗ്യ വിലയിരുത്തലുകൾ മെച്ചപ്പെടുത്തുക, ആയുർവേദ മേഖലയിലെ നവീകരണം വളർത്തുക എന്നിവയാണ് ഈ സംരംഭങ്ങൾ ലക്ഷ്യമിടുന്നത്.
പുതിയ സൗകര്യങ്ങൾ: AIIA ഗോവയിൽ ഇന്റഗ്രേറ്റീവ് ഓങ്കോളജി യൂണിറ്റ്, ബ്ലഡ് സ്റ്റോറേജ് യൂണിറ്റ്, ലിനൻ പ്രോസസിങ് യൂണിറ്റ് തുടങ്ങിയവ ഉദ്ഘാടനം ചെയ്യപ്പെട്ടു.
ബോധവൽക്കരണ പരിപാടികൾ: പൊതുജനങ്ങൾക്കായി ആരോഗ്യ ക്യാമ്പുകൾ, ഔഷധസസ്യങ്ങളുടെ വിതരണം, യോഗ, വെൽനസ് സെഷനുകൾ എന്നിവ സംഘടിപ്പിച്ചു. ഭക്ഷണക്രമം (ആയുർവേദ ആഹാരം), പ്രകൃതി സൗഹൃദ ജീവിതശൈലി, രോഗപ്രതിരോധ ചികിത്സാരീതികൾ എന്നിവയ്ക്ക് ഊന്നൽ നൽകുന്ന വിവിധ പരിപാടികൾ ദിനാഘോഷത്തിൻ്റെ ഭാഗമായി നടന്നു.
ആധുനിക കാലത്ത് ആയുർവേദത്തിന്റെ പ്രസക്തി
വർധിച്ചു വരുന്ന ജീവിതശൈലീ രോഗങ്ങൾ: പൊണ്ണത്തടി, മാനസിക സമ്മർദ്ദം, രക്താതിമർദ്ദം, മെറ്റബോളിക് സിൻഡ്രോം തുടങ്ങിയ രോഗങ്ങൾ ഇന്ന് വളരെ വേഗം വർദ്ധിക്കുകയാണ്. ആഹാരം, ദിനചര്യ, കാലത്തിനനുസരിച്ചുള്ള ജീവിതരീതി (ഋതുചര്യ) എന്നിവയിലൂടെ ഈ രോഗങ്ങളെ തടയാൻ ആയുർവേദത്തിന്റെ പ്രതിരോധ സമീപനം സഹായിക്കുന്നു.
പരിസ്ഥിതി സംരക്ഷണം: ഔഷധസസ്യങ്ങൾ, പ്രകൃതിക്ക് ദോഷം വരുത്താത്ത രീതിയിലുള്ള വിളവെടുപ്പ്, പ്രകൃതി സൗഹൃദ ശീലങ്ങൾ എന്നിവയ്ക്ക് ആയുർവേദം പ്രാധാന്യം നൽകുന്നു. വർദ്ധിച്ചു വരുന്ന പാരിസ്ഥിതിക വെല്ലുവിളികൾക്കിടയിൽ, ഈ പുരാതന അറിവുകൾ ജൈവവൈവിധ്യം സംരക്ഷിക്കാനും ഭൂമിക്ക് സൗഖ്യമേകാനും സഹായിക്കും.
ശാസ്ത്രീയ സമീപനം: ആയുർവേദ സസ്യങ്ങളുടെയും മരുന്നുകളുടെയും ചികിത്സാരീതികളുടെയും ശാസ്ത്രീയ സാധുത ഉറപ്പുവരുത്താൻ മന്ത്രാലയങ്ങളും ഗവേഷണ സ്ഥാപനങ്ങളും ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്. ഡിജിറ്റൽ ടൂളുകൾ ഉപയോഗിച്ചും ആധുനിക വൈദ്യശാസ്ത്രവുമായി സംയോജിപ്പിച്ചും ഈ രംഗത്ത് കൂടുതൽ വ്യക്തത വരുത്താൻ ശ്രമങ്ങൾ നടക്കുന്നു.
നമുക്ക് നൽകാം പ്രോൽസാഹനം
- അടുത്തുള്ള ഒരു ആയുർവേദ ഡോക്ടറെ സന്ദർശിക്കുകയോ ആരോഗ്യ ക്യാമ്പുകളിൽ പങ്കെടുക്കുകയോ ചെയ്യാം.
- എണ്ണ തേച്ചുകുളി (അഭ്യംഗം), ഔഷധച്ചായകൾ, കാലത്തിനനുസരിച്ചുള്ള ഭക്ഷണം, ശ്രദ്ധയോടെയുള്ള ശ്വാസോച്ഛ്വാസം തുടങ്ങിയ ചെറിയ ആയുർവേദ ശീലങ്ങൾ ദിനചര്യയുടെ ഭാഗമാക്കാം.
- വീട്ടുവളപ്പിലോ സമൂഹത്തിലോ ഔഷധ സസ്യങ്ങൾ വളർത്തുകയോ അത്തരം സംരംഭങ്ങളെ പിന്തുണയ്ക്കുകയോ ചെയ്യാം.
References:
1. https://www.pib.gov.in/PressReleasePage.aspx?PRID=2160853




