നാർസിസിസം (ആത്മപ്രണയം)

എന്താണ്? എന്തുകൊണ്ടിങ്ങനെ?
പ്രണയബന്ധങ്ങളിൽ ഇതെങ്ങനെ പ്രകടമാകുന്നു?
ഈ ലേഖനം, ഒരു സുഹൃത്ത് നിങ്ങളോട് സംസാരിക്കുന്നു എന്ന രീതിയിൽ വായിക്കുക.
ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക: നാർസിസിസ്റ്റിക് പേഴ്സണാലിറ്റി ഡിസോർഡർ (NPD) രോഗനിർണയം നടത്താൻ ഒരു മാനസികാരോഗ്യ വിദഗ്ധന് മാത്രമേ സാധിക്കൂ. നിങ്ങളുടെ സുരക്ഷയാണ് പ്രധാനം. അപകടഭീഷണി തോന്നുന്നുവെങ്കിൽ, ഉടൻ 112 എന്ന നമ്പറിൽ ബന്ധപ്പെടുക.
ഭാഗം 1 — എന്താണ് ഈ “നാർസിസം”?
അവനവനോട് ഇഷ്ടം തോന്നുന്ന രീതി എന്നല്ല നാർസിസം എന്ന വിശേഷണം കൊണ്ട് അർത്ഥമാക്കുന്നത്.
മറ്റുള്ളവരെക്കാൾ താൻ ഉന്നതനാണെന്ന് എപ്പോഴും തോന്നണം, തുടർച്ചയായി പ്രശംസിക്കപ്പെടണം എന്ന ചിന്ത. മറ്റുള്ളവരുടെ വികാരങ്ങളെക്കുറിച്ച് ചിന്തിക്കാൻ താൽപ്പര്യക്കുറവും ബുദ്ധിമുട്ടും അനുഭവപ്പെടുക എന്നിങ്ങനെയുള്ള സ്ഥിരം സ്വഭാവശൈലിയാണിത്.
ഈ സ്വഭാവശൈലിയുള്ളവർ വളരെ ആകർഷണീയമായി സംസാരിച്ചേക്കാം. പക്ഷേ ആ ആകർഷകത്വം പലപ്പോഴും അവരുടെ അഹന്തയെ മൂടിവെയ്ക്കാനുള്ള ഒരു മറയാണ് എന്നതാണ് യാഥാർത്ഥ്യം.
ഇത് വ്യത്യസ്ത നിലകളുള്ള തോത് അഥവാ സ്‌പെക്‌ട്രം ആണെന്ന് ചിന്തിക്കുക:
- ചില വ്യക്തികൾക്ക് ചെറിയ ചില നാർസിസിസ്റ്റിക് സ്വഭാവങ്ങൾ ഉണ്ടാകാം (മറ്റുള്ളവർക്ക് ഇത് ബുദ്ധിമുട്ടുണ്ടാക്കുമെങ്കിലും പൊതുവെ കൈകാര്യം ചെയ്യാൻ പറ്റുന്നതാകും)
- മേൽപ്പറഞ്ഞ അവസ്ഥയുടെ അങ്ങേയറ്റത്താണ് നാർസിസിസ്റ്റിക് പേഴ്സണാലിറ്റി ഡിസോഡർ അഥവാ NPD വരുന്നത്. (ബന്ധങ്ങൾ, ജോലി, ആരോഗ്യം തുടങ്ങിയ സമസ്ത മേഖലകളെയും തകർക്കുന്ന, ദീർഘകാലമായുള്ള, ആഴത്തിൽ വേരോടിയ സ്വഭാവ രീതി).
ഇതിൽ ഏതവസ്ഥയിലായാലും, നിങ്ങൾ അനുഭവിക്കുന്ന വസ്തുതകളാണ് പ്രധാനം—സംശയങ്ങൾ, ഭയം, എപ്പോഴും ശ്രദ്ധിച്ച് പെരുമാറേണ്ടി വരുന്നത്—ഇതാണ് എല്ലാറ്റിലുമുപരിയായി അനുഭവത്തിൽ വരുന്നത്.
ഭാഗം 2 — എന്തുകൊണ്ടാണ് ചിലർ ഇങ്ങനെയാകുന്നത്? (പശ്ചാത്തലം)
സാധാരണയായി കാണുന്ന കാരണങ്ങൾ ഇനിപ്പറയുന്നു:
- ബാല്യകാലത്തെ തീവ്രാനുഭവങ്ങൾ: ഒന്നുകിൽ തുടർച്ചയായ പ്രശംസ അല്ലെങ്കിൽ കഠിനമായ വിമർശനം. “ഞാൻ മികച്ചവനാണെങ്കിൽ മാത്രമേ എനിക്ക് സ്നേഹം ലഭിക്കൂ” എന്ന രീതിയിലുള്ള വ്യവസ്ഥകളോടെയുള്ള സ്നേഹം അനുഭവിച്ചു വളരുന്നവരിൽ ഈ സ്വഭാവരീതി ആഴത്തിൽ പതിഞ്ഞേക്കാം
- ലജ്ജയും അരക്ഷിതാവസ്ഥയും: വീമ്പ് പറയൽ, മറ്റുള്ളവരെ കുറ്റപ്പെടുത്തൽ, അല്ലെങ്കിൽ ദേഷ്യം എന്നിവയിലൂടെ തങ്ങളുടെ ദുർബലത മറയ്ക്കാൻ അവർ പഠിക്കുന്നു.
- മാതൃകകൾ: വീട്ടിലോ സ്കൂളിലോ മറ്റുള്ളവരെ കളിയാക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുന്ന രക്ഷകർത്താക്കളെ കണ്ടുവളരുമ്പോൾ, ഈ നിയന്ത്രണ സ്വഭാവം സ്വാഭാവികമായി തോന്നുന്നു.
- സോഷ്യൽ മീഡിയയുടെ സ്വാധീനം: ലൈക്കുകളും ഫോളോവേഴ്സും സ്വന്തം മൂല്യത്തിൻ്റെ തെളിവായി മാറുന്നു; അനാവശ്യ ശ്രദ്ധ ആകർഷിക്കാൻ ഡിജിറ്റൽ ലോകത്ത് നാടകം കളിച്ച് നിലനിൽക്കാൻ ശ്രമിക്കുന്നു.
- ഉത്തരവാദിത്തമില്ല, അധികാരം മാത്രം: മോശം പെരുമാറ്റം വീട്ടിലോ സ്കൂളിലോ ഒരിക്കലും ചോദ്യം ചെയ്യപ്പെടാതെ വരുമ്പോൾ സ്വഭാവരൂപീകരണത്തിൽ വൈചിത്ര്യം ഉണ്ടാകുന്നു.
ഇതിൻ്റെയെല്ലാം അനന്തര ഫലമായി, “താഴ്ന്നവനായി” പോകുന്നതിനെ ഭയക്കുന്ന വ്യക്തികളായി അവർ വളരുന്നു. ഈ ഭയത്തോട് നിയന്ത്രണത്തിലൂടെ, പ്രത്യേക പരിഗണന അർഹിക്കുന്നു എന്ന ചിന്തയിലൂടെ, സഹാനുഭൂതിയില്ലാത്ത ജീവിതരീതികളിലൂടെ, അവർ പ്രതികരിച്ചു തുടങ്ങുന്നു.
ഭാഗം 3 — പ്രണയബന്ധങ്ങളിൽ നാർസിസിസം എങ്ങനെ പ്രകടമാകുന്നു?
ഒരൊറ്റ ദിവസത്തിൽ മാത്രം പ്രകടമാകുന്ന സ്വഭാവരീതിയായി ഇതിനെ കണക്കാക്കരുത്. പകരം, സ്ഥിരമായ ചില പാറ്റേണുകൾ (രീതികൾ) നിങ്ങളുടെ ശ്രദ്ധയിൽപ്പെടും.
“നാർസിസിസ്റ്റിക്” പ്രണയബന്ധങ്ങളിലെ സാധാരണ രീതികൾ:
1.അമിതം, അതിവേഗം:
ലവ് ബോംബിങ്: തീവ്രമായ സന്ദേശങ്ങൾ, വലിയ വാഗ്ദാനങ്ങൾ, ആഴ്ചകൾക്കുള്ളിൽ ഒരുമിച്ച് താമസിക്കുന്നതിനെക്കുറിച്ചോ വിവാഹത്തെക്കുറിച്ചോ ഉള്ള സംസാരം.
2.കള്ളത്തരങ്ങളും കോപ്പിയടിയും:
നിങ്ങൾ കേൾക്കാൻ ആഗ്രഹിക്കുന്നത് മാത്രം പറയുക; നിങ്ങളെ ആകർഷിക്കാൻ വേണ്ടി നിങ്ങളുടെ ഇഷ്ടങ്ങൾ കോപ്പിയടിക്കുക—പക്ഷേ, പറഞ്ഞതൊന്നും പിന്നീട് പാലിക്കാതിരിക്കുക.
3.അതിർവരമ്പുകൾ കാണാതിരിക്കുക:
കൂടുതൽ സമയത്തിന് വേണ്ടിയോ സെക്സിന് വേണ്ടിയോ തികച്ചും വ്യക്തിപരമായ വിവരങ്ങൾ അറിയാനോ വേണ്ടി വാശി പിടിക്കുക. അത് നിങ്ങൾ നിഷേധിച്ചാൽ പിണങ്ങുകയോ ശിക്ഷിക്കുകയോ ചെയ്യുക.
4.ഗ്യാസ് ലൈറ്റിങ്:
“നിനക്ക് പ്രശ്നമുള്ളതുകൊണ്ടാണ് അങ്ങനെ തോന്നുന്നത്,” “അങ്ങനെയൊന്നും സംഭവിച്ചില്ല,” ഇത്തരം കുറ്റപ്പെടുത്തലുകളിലൂടെ നിങ്ങൾക്ക് എന്തോ കുഴപ്പമുണ്ടെന്നും അയാൾ മാത്രമാണ് ശരിയെന്നും തോന്നിപ്പിക്കുന്നു.
5.കുറ്റപ്പെടുത്തൽ, മാറ്റിമറിക്കൽ (DARVO):
അവർ നിങ്ങളെ വേദനിപ്പിക്കും, അതിന് ശേഷം കുഴപ്പങ്ങൾക്ക് കാരണം നിങ്ങളാണെന്ന് തിരിച്ച് കുറ്റപ്പെടുത്തുകയും ചെയ്യും.
6.മൗനത്തിലൂടെയുള്ള ശിക്ഷയും ഊഷ്മളതയും അവഗണനയും:
തെറ്റുചെയ്തത് നിങ്ങൾ ചൂണ്ടിക്കാട്ടിയാൽ ശിക്ഷയെന്നോണം മൗനം പാലിക്കും. ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞ് മാറാനോ നിങ്ങളെ കുറ്റപ്പടുത്താനോ വേണ്ടി നിശബ്ദനാകും. ഇങ്ങനെ നിങ്ങളിൽ ഉത്കണ്ഠയും അസ്വസ്ഥതയും വളർത്തി, അയാളുടെ സാന്നിദ്ധ്യത്തിനും സ്നേഹത്തിനും വേണ്ടി യാചിക്കേണ്ട അവസ്ഥയിലെത്തിക്കുകയും അങ്ങനെ അയാൾ അധികാരം തിരികെ നേടുകയും ചെയ്യുന്നു.
നിങ്ങളോട് വളരെയധികം സ്നേഹമുള്ളതായി പ്രകടിപ്പിക്കുകയും പൊടുന്നനെ അങ്ങേയറ്റം അവഗണിക്കുകയും ചെയ്യുന്നു.
7.ത്രികോണ ബന്ധങ്ങൾ:
നിങ്ങളെ അസൂയപ്പെടുത്താനോ മത്സരബുദ്ധി സൃഷ്ടിക്കാനോ വേണ്ടി മുൻ കാമുകൻ/കാമുകി, “ആരാധകർ,” അല്ലെങ്കിൽ സുഹൃത്തുക്കൾ എന്നിവരെ ഉപയോഗിക്കുക.
8.പ്രത്യേക പരിഗണനയും സഹാനുഭൂതിയില്ലായ്മയും:
നിയമങ്ങൾ അവർക്ക് ബാധകമേയല്ലെന്ന് വിശ്വസിക്കുക; നിങ്ങളുടെ വികാരങ്ങളെക്കുറിച്ച് ഒട്ടും ശ്രദ്ധിക്കാതിരിക്കുക.
9.നിർബന്ധിത നിയന്ത്രണം:
നിങ്ങളുടെ ഫോൺ പരിശോധിക്കുക, സുഹൃത്തുക്കളിൽ നിന്നും കുടുംബത്തിൽ നിന്നും നിങ്ങളെ ഒറ്റപ്പെടുത്തുക, പണമിടപാടുകൾ നിയന്ത്രിക്കുക.
10.അതിയായ ദേഷ്യം അല്ലെങ്കിൽ ഭീഷണിപ്പെടുത്തൽ:
ചെറിയ കാര്യങ്ങൾക്ക് പോലും പൊട്ടിത്തെറിക്കുക, സാധനങ്ങൾ വലിച്ചെറിയുക, പുറത്തേക്കുള്ള വഴി തടയുക, അശ്രദ്ധമായി വാഹനമോടിക്കുക.
അതീവ ജാഗ്രത വേണം: ഇവർ ഒരിക്കലും അപകടമുണ്ടാക്കിയിട്ടില്ല എങ്കിൽ പോലും ഇത്തരം പെരുമാറ്റങ്ങൾ വലിയ സുരക്ഷാ ഭീഷണി ഉയർത്തും.
അവർക്കൊപ്പം നിങ്ങൾ എങ്ങനെയായിരിക്കും?
ആശയക്കുഴപ്പത്തിലായ, എപ്പോഴും ടെൻഷനുള്ള, നിരന്തരം മാപ്പ് പറയുന്ന, സുഹൃത്തുക്കളെ ഒഴിവാക്കുന്നവരായി നിങ്ങൾ മാറും..അയാളിൽ നിന്നുള്ള ചെറിയ നല്ല നിമിഷങ്ങൾക്ക് അടിമപ്പെട്ടവരും ആയിരിക്കും .
ഭാഗം 4 — സ്വയംപരിശോധന നടത്താം (ഇത് സേവ് ചെയ്തുവെക്കുക)
താഴെ പറയുന്ന കാര്യങ്ങളിൽ ഓരോന്നിനും പലപ്പോഴും/ ചിലപ്പോൾ / വിരളമായി എന്ന് രേഖപ്പെടുത്തുക:
- ഞങ്ങളുടെ ബന്ധം അതിവേഗം മുന്നോട്ട് പോയി (മാസങ്ങളല്ല, ആഴ്ചകൾക്കുള്ളിൽ).
- എൻ്റെ ‘വേണ്ട’ എന്ന വാക്കിന് ഒട്ടും വില കൽപ്പിക്കുന്നില്ല.
- വഴക്കുകൾക്ക് ശേഷം എൻ്റെ ചിന്തകളെയും ഓർമ്മകളെയും ഞാൻ തന്നെ സംശയിക്കുന്നു.
- ഞാൻ കൂടുതൽ കൂടുതൽ മാപ്പ് പറഞ്ഞുകൊണ്ടേയിരിക്കുന്നു, പക്ഷേ കാര്യങ്ങൾ മെച്ചപ്പെടുന്നില്ല.
- ഞാൻ ഇപ്പോൾ എൻ്റെ സുഹൃത്തുക്കളെയും കുടുംബത്തെയും കാണുന്നത് വളരെ കുറവാണ്.
- വാഗ്ദാനങ്ങൾ വലുതാണ്; പ്രവർത്തികൾ തീരെ കുറവും.
- വഴക്കിൻ്റെ സമയത്ത് എനിക്ക് സുരക്ഷിതത്വമില്ലായ്മ അനുഭവപ്പെടുന്നു (മാനസികമായോ ശാരീരികമായോ).
ഇതിൽ പല കാര്യങ്ങളും ‘പലപ്പോഴും’ എന്നാണെങ്കിൽ, ഈ രീതിയെ ഒരു പ്രശ്നമായി കണക്കാക്കുക.
നിങ്ങൾ ഇപ്പോൾ ചെയ്യേണ്ട കാര്യങ്ങൾ (വ്യക്തവും പ്രായോഗികവുമായ വഴികൾ)
1) ഈ രീതിയെ സ്വകാര്യമായി പേരിട്ട് വിളിക്കുക
ഒരു ചെറിയ ലോഗ് ബുക്കിൽ എല്ലാം എഴുതുക (തിയതി, എന്ത് സംഭവിച്ചു, കൃത്യമായി പറഞ്ഞ വാക്കുകൾ, അപ്പോൾ നിങ്ങൾക്ക് എങ്ങനെ തോന്നി എന്ന രീതിയിൽ).
‘ഗ്യാസ്‌ലൈറ്റിങ്’ സംഭവിക്കുമ്പോൾ നിങ്ങളുടെ യാഥാർത്ഥ്യം സംരക്ഷിക്കാൻ ഇത് സഹായിക്കും.
2) ലളിതവും വ്യക്തമല്ലാത്തതുമായ അതിർവരമ്പുകൾ വെയ്ക്കുക (അമിതമായി വിശദീകരിക്കുന്നത് ഒഴിവാക്കുക)
ഒരു വാക്യം + ഒരു പരിണതഫലം എന്ന രീതി:
- “രാത്രി 9 മണിക്ക് ശേഷം ഞാൻ ഓഫ്‌ലൈനായിരിക്കും. നാളെ മറുപടി പറയാം.”
- “എൻ്റെ സന്ദേശങ്ങൾ വായിക്കരുത്. ഇനി ഇതാവർത്തിച്ചാൽ ഞാൻ പോകും.”
- “അലറിവിളിക്കാൻ തുടങ്ങുകയാണെങ്കിൽ, ഇതിവിടെ നിർത്താം, പിന്നീട് സംസാരിക്കാം.”
ശ്രദ്ധിക്കുക: ന്യായീകരിക്കുക, വാദിക്കുക, പ്രതിരോധിക്കുക, വിശദീകരിക്കുക (J.A.D.E.) എന്നിവ ഒഴിവാക്കുക.
ശാന്തമായി പറയുക. ആവർത്തിക്കുക. പറഞ്ഞത് പ്രാവർത്തികമാക്കുക.
3) ‘സപ്ലൈ’ കുറയ്ക്കുക
ദേഷ്യപ്പെട്ടുള്ള പ്രകടനങ്ങളെ ശ്രദ്ധ നൽകി പ്രോത്സാഹിപ്പിക്കരുത്.
ഇടപഴകേണ്ടി വരുമ്പോൾ, ‘ഗ്രേ റോക്ക്’ രീതി ഉപയോഗിക്കുക (നിസ്സംഗത, വളരെ കുറഞ്ഞ പ്രതികരണങ്ങൾ എന്നിങ്ങനെ).
നാടകീയതക്ക് വഴക്കുകളിലൂടെ പ്രോൽസാഹനം നൽകുന്നത് ഒഴിവാക്കുക.
4) നിങ്ങളുടെ സ്വകാര്യ രേഖകളും പണവും സംരക്ഷിക്കുക
- പാസ്‌വേഡുകൾ മാറ്റുക; ടു-ഫാക്ടർ ഓതൻ്റിക്കേഷൻ (2FA) ഓണാക്കുക; ലൊക്കേഷൻ ഷെയറിംഗും ഷെയേഡ് ക്ലൗഡുകളും ഓഫ് ചെയ്യുക.
- ഐഡികളുടെയും ബാങ്ക് സ്റ്റേറ്റ്‌മെൻ്റുകളുടെയും പ്രധാനപ്പെട്ട ഡോക്യുമെൻ്റുകളുടെയും പകർപ്പുകൾ സുരക്ഷിതമായ ഇടങ്ങളിൽ സൂക്ഷിക്കുക.
- സാമ്പത്തിക ഇടപാടുകൾ വേർതിരിക്കുക (നിങ്ങളുടെ സ്വന്തം അക്കൗണ്ട് + അടിയന്തര ആവശ്യങ്ങൾക്കുള്ള പണം).
5) സപ്പോർട്ട് ട്രയാങ്കിൾ നിർമ്മിക്കുക
വിശ്വസ്തനായ ഒരാളോട് കാര്യം പറയുക, ഒരു തെറാപ്പിസ്റ്റിനെ കാണുക, കൂടാതെ കാര്യങ്ങൾ വഷളായാൽ പ്രായോഗികമായി സഹായിക്കാൻ കഴിയുന്ന വ്യക്തിയുമായി (ഉദാഹരണത്തിന്, എച്ച്.ആർ. / വീട്ടുടമ / സുരക്ഷാ ഉദ്യോഗസ്ഥൻ) സൗഹൃദം സൂക്ഷിക്കുക .
6) തെറാപ്പി —ഉചിതമായത് തെരഞ്ഞെടുക്കുക
- വ്യക്തിഗത തെറാപ്പി: അതിർവരമ്പുകൾക്കും ആത്മാഭിമാനത്തിനും വേണ്ടി CBT അല്ലെങ്കിൽ സ്കീമ തെറാപ്പി; നിങ്ങൾ കുടുങ്ങിക്കിടക്കുന്നതായി തോന്നുന്നുവെങ്കിൽ ട്രോമ പരിഹരിക്കാനുള്ള പരിചരണം (ഉദാഹരണത്തിന്, EMDR).
- കപ്പിൾസ് തെറാപ്പി? നിർബന്ധിത നിയന്ത്രണമോ അക്രമമോ ഇല്ലെങ്കിൽ മാത്രം, ഇരുവർക്കും യഥാർത്ഥ മാറ്റത്തിന് ആത്മാർത്ഥമായ താൽപ്പര്യമുണ്ടെങ്കിൽ മാത്രം. വളരെ മോശമായ പെരുമാറ്റമുണ്ടെങ്കിൽ, കപ്പിൾസ് തെറാപ്പി ഒഴിവാക്കി നിങ്ങളുടെ സുരക്ഷാ പദ്ധതിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.
7) തുടരാൻ തീരുമാനിക്കുകയാണെങ്കിൽ — ‘ വ്യവസ്ഥകൾ’ വെയ്ക്കുക
വ്യവസ്ഥകളിൽ വ്യക്തത വരുത്തുക. ഉദാഹരണത്തിന്:
“8 ആഴ്ചത്തേക്ക് ആഴ്ചതോറുമുള്ള തെറാപ്പി + ഫോൺ ഒളിഞ്ഞുനോക്കാതിരിക്കുക + ബഹളം വെയ്ക്കാതിരിക്കുക.”
മാപ്പപേക്ഷകളെയല്ല, പ്രവർത്തികളെ ട്രാക്ക് ചെയ്യുക. വ്യവസ്ഥകൾ പരാജയപ്പെട്ടാൽ, പുറത്തുകടക്കാനുള്ള നിങ്ങളുടെ പദ്ധതിയിലൂടെ മുന്നോട്ടു പോകുക.
ഭാഗം 8 — ബന്ധം ഉപേക്ഷിക്കാനുള്ള പദ്ധതി
- നിങ്ങൾ എവിടെ പോകും, എങ്ങനെ അവിടെ എത്തും, ആരെ വിളിക്കും എന്നെല്ലാം തീരുമാനിക്കുക.
- അവശ്യസാധനങ്ങൾ (പ്രമാണങ്ങൾ, മരുന്നുകൾ, പണം, താക്കോലുകൾ) ശാന്തമായി പായ്ക്ക് ചെയ്യുക.
- നോ-കോൺടാക്റ്റ് (No-contact) രീതി സ്വീകരിക്കുക (അല്ലെങ്കിൽ കുട്ടികളുടെ കാര്യങ്ങൾക്കായി സംസാരിക്കേണ്ടി വന്നാൽ മാത്രം ലോ-കോൺടാക്റ്റ്). ടെക്സ്റ്റ്/ഇമെയിൽ മാത്രം ഉപയോഗിക്കുക.
- ‘ഹൂവറിംഗ്’ (Hoovering – “ഞാൻ മാറി,” “ഭീഷണികൾ”) പ്രതീക്ഷിക്കുക. പ്രതികരിക്കരുത്.
നിങ്ങൾക്ക് ഭീഷണി തോന്നുന്നുവെങ്കിൽ: ഇന്ത്യയിൽ 112 ൽ വിളിക്കുക.
വനിതാ ഹെൽപ്പ് ലൈനുകൾ: 181 (സംസ്ഥാനം അനുസരിച്ച് വ്യത്യാസപ്പെടാം), 1091 (പോലീസ് ഹെൽപ്പ് ലൈൻ, ലഭ്യത വ്യത്യാസപ്പെടാം).
കുട്ടികൾ/കൗമാരക്കാർ: 1098 (ചൈൽഡ്‌ലൈൻ). നിങ്ങൾ ഇന്ത്യക്ക് പുറത്താണെങ്കിൽ അവിടുത്തെ പ്രാദേശിക സേവനങ്ങൾ ഉപയോഗിക്കുക.
സൗഹൃദപരമായ ചില ചോദ്യങ്ങൾ
എല്ലാ നാർസിസിസ്റ്റുകളും പുരുഷന്മാരാണോ?
അല്ല. ഈ സ്വഭാവങ്ങളും എൻ.പി.ഡി.യും എല്ലാ ലിംഗക്കാർക്കിടയിലും എല്ലാത്തരം ബന്ധങ്ങളിലും ഉണ്ടാകാം.
ശക്തമായ ആത്മവിശ്വാസം നാർസിസം പോലെയാണോ?
അല്ല. ആരോഗ്യകരമായ ആത്മവിശ്വാസത്തിൽ സഹാനുഭൂതിയും ഉത്തരവാദിത്തബോധവും ഉൾപ്പെടുന്നു.
ഞാൻ അവരെ ‘നാർസിസ്റ്റ്’ എന്ന് വിളിക്കണോ?
സാധാരണയായി ഇത് വഴക്ക് വർദ്ധിപ്പിക്കുകയേ ഉള്ളൂ. അതിനുപകരം, അതിൻ്റെ ഫലം + അതിർവരമ്പ് + പരിണതഫലം എന്നിവയിൽ ശ്രദ്ധിക്കുക.
ഇത് രണ്ടാവർത്തി വായിക്കുക:
നിങ്ങളുടെ ബന്ധം തുടർന്നുപോകുന്നത് നിയന്ത്രണം, ആശയക്കുഴപ്പം, പുച്ഛം എന്നിവയിലാണെങ്കിൽ, ഉചിതമായ തീരുമാനം കൈക്കൊണ്ടു പ്രവർത്തിക്കാൻ രോഗനിർണയത്തിൻ്റെ ആവശ്യമില്ല. സ്ഥായിയായ പരിചരണം, ബഹുമാനം, സുരക്ഷിതത്വം എന്നിവ നിങ്ങൾ അർഹിക്കുന്നുണ്ട്.
ഇന്ന് തന്നെ ചെറിയ നടപടികൾ ആരംഭിക്കുക. സഹായം ചോദിക്കുക. പ്ലാൻ ഉണ്ടാക്കുക. അത് പിന്തുടരുക.
നിങ്ങളുടെ കുറ്റമോ കുറവോ അല്ല ഈ തീരുമാനത്തിന് പിന്നിലെന്നു മനസ്സിലാക്കുക. നിങ്ങൾ യാഥാർത്ഥ്യമാണ് തിരിച്ചറിയുന്നത് എന്നും.




