അമിതമായ ചൂടനുഭവപ്പെടുന്നുണ്ടോ? ഹോട്ട് ഫ്ളാഷാകാം

ആർത്തവവിരാമകാലത്തെ അത്യുഷ്ണത്തെക്കുറിച്ച് മനസ്സിലാക്കാം
സ്ത്രീകളുടെ ജീവിതത്തിൽ ശാരീരികവും മാനസികവുമായ നിരവധി മാറ്റങ്ങൾ സംഭവിക്കുന്ന ഘട്ടമാണ് ആർത്തവവിരാമകാലം (Menopause). തികച്ചും സ്വാഭാവികമായ ഒരു ഘട്ടമാണിതെങ്കിലും ചിലർക്ക് ഏറെ അസ്വസ്ഥതകൾ സൃഷ്ടിക്കുന്ന കാലമാണിത്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് അത്യുഷ്ണം അഥവാ ഹോട്ട് ഫ്ളാഷ് (Hot Flashes).
ശരീരത്തിലൂടെ ഉഷ്ണത്തിരമാലകൾ കടന്നുപോകുന്ന പോലെയാണിതെന്ന് പല സ്ത്രീകളും ഈ അനുഭവത്തെക്കുറിച്ച് പറയാറുണ്ട്. ശാരീരികമായ അസ്വസ്ഥതകൾക്ക് പുറമെ ഹോട്ട് ഫ്ളാഷുകൾ ഉറക്കത്തേയും ആത്മവിശ്വാസത്തേയും ദൈനംദിന ജീവിതത്തെപ്പോലും സാരമായി ബാധിച്ചേക്കാം.
ഹോട്ട് ഫ്ലാഷ് എന്താണെന്നും അവ സംഭവിക്കാനുള്ള കാരണമെന്താണെന്നും ശാസ്ത്രീയമായ ജീവിതശൈലീ മാറ്റങ്ങളിലൂടെ ഈ ഘട്ടത്തെ എങ്ങനെ മറികടക്കാമെന്നും നമുക്ക് നോക്കാം.
എന്താണ് ഹോട്ട് ഫ്ലാഷസ്?
മുഖത്തും കഴുത്തിലും നെഞ്ചിലും പെട്ടെന്നുണ്ടാകുന്ന അതിശക്തമായ ചൂടിനെയാണ് ഹോട്ട് ഫ്ലാഷസ് (Hot Flashes) എന്ന് വിശേഷിപ്പിക്കുന്നത്. വൈദ്യശാസ്ത്രപരമായി ഇതിനെ വാസോമോട്ടർ സിംപ്റ്റംസ് (Vasomotor symptoms) എന്നും പറയാറുണ്ട്.
ഹോട്ട് ഫ്ലാഷസിനോടൊപ്പം കണ്ടുവരുന്ന മറ്റു ചില ലക്ഷണങ്ങൾ:
- ചർമ്മം ചുവന്നുതുടുക്കുക
- ശരീരം പെട്ടെന്ന് വിയർത്തു കുളിക്കുക
- നെഞ്ചിടിപ്പ് കൂടുക
- ചൂട് മാറിക്കഴിയുമ്പോൾ ഉടൻ തന്നെ ശരീരത്തിന് തണുപ്പ് അനുഭവപ്പെടുക
- രാത്രികാലങ്ങളിലെ വിയർപ്പ് (Night Sweats)
ചില സ്ത്രീകൾക്ക് ഇത് വളരെ അപൂർവ്വമായും നേരിയ തോതിലുമാണ് അനുഭവപ്പെടുക. എന്നാൽ മറ്റു ചിലർക്ക് ദിവസത്തിൽ പലതവണ ഈ അസ്വസ്ഥതകൾ ഉണ്ടാവുകയും അത് അവരുടെ ഉറക്കത്തെയും ദൈനംദിന കാര്യങ്ങളെയും സാരമായി ബാധിക്കുകയും ചെയ്യുന്നു.
ആർത്തവവിരാമ കാലത്ത് ഹോട്ട് ഫ്ലാഷസ് എത്രത്തോളം സാധാരണമാണ്?
ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത് പ്രകാരം:
- 70–80% സ്ത്രീകൾക്കും ആർത്തവവിരാമ ഘട്ടത്തിൽ ഹോട്ട് ഫ്ലാഷസ് അനുഭവപ്പെടാറുണ്ട്
- ആർത്തവം പൂർണ്ണമായും നിൽക്കുന്നതിന് വർഷങ്ങൾക്ക് മുൻപ് തന്നെ,പെരിമെനോപോസ് (Perimenopause) കാലത്ത് ചിലരിൽ ഈ ലക്ഷണങ്ങൾ കണ്ടുതുടങ്ങാം
- ചില സ്ത്രീകളിൽ ഈ അസ്വസ്ഥതകൾ 7 മുതൽ 10 വർഷം വരെ നീണ്ടുനിന്നേക്കാം. കാലക്രമേണ ഇതിന്റെ കാഠിന്യം കുറഞ്ഞുവരും
ചിലർക്ക് വളരെ കുറഞ്ഞ സമയത്തേക്ക് മാത്രമേ ഇത് അനുഭവപ്പെടാറുള്ളൂ എങ്കിൽ, മറ്റു ചിലരിൽ ഈ ലക്ഷണങ്ങൾ ദീർഘകാലം നിലനിൽക്കാറുണ്ട്.
ഹോട്ട് ഫ്ലാഷസിന് പിന്നിലെ ശാസ്ത്രം
ഹോർമോണുകളിലുണ്ടാകുന്ന മാറ്റങ്ങൾ മൂലമാണ് ഹോട്ട് ഫ്ലാഷസ് ഉണ്ടാകുന്നത്. പ്രത്യേകിച്ച് ഈസ്ട്രജൻ (Estrogen) എന്ന ഹോർമോണിന്റെ അളവ് കുറയുന്നതാണ് പ്രധാന കാരണം.
1. തലച്ചോറിലെ താപനില നിയന്ത്രണ കേന്ദ്രം
നമ്മുടെ തലച്ചോറിലെ ‘ഹൈപ്പോതലാമസ്’ (Hypothalamus) എന്ന ഭാഗമാണ് ശരീരത്തിന്റെ താപനില നിയന്ത്രിക്കുന്നത്. ഇതിനെ ശരീരത്തിന്റെ തെർമോസ്റ്റാറ്റ് എന്ന് വിശേഷിപ്പിക്കാം.
ഈ സംവിധാനത്തെ കൃത്യമായി നിലനിർത്താൻ ഈസ്ട്രജൻ ഹോർമോൺ സഹായിക്കുന്നു. ഈസ്ട്രജന്റെ അളവ് കുറയുമ്പോൾ താഴെ പറയുന്ന മാറ്റങ്ങൾ സംഭവിക്കുന്നു:
- അമിതമായ സെൻസിറ്റിവിറ്റി: ഹൈപ്പോതലാമസ് താപനിലയിലെ ചെറിയ മാറ്റങ്ങളോട് പോലും അതിവേഗം പ്രതികരിക്കാൻ തുടങ്ങുന്നു
- തെറ്റായ സന്ദേശം: ശരീരത്തിന്റെ താപനിലയിൽ ഉണ്ടാകുന്ന വളരെ ചെറിയ മാറ്റങ്ങൾ പോലും ശരീരം അമിതമായി ചൂടാകുന്നു എന്ന തെറ്റായ സന്ദേശം നൽകാൻ കാരണമാകുന്നു.
- ശരീരത്തിന്റെ പ്രതികരണം: ഈ അത്യുഷ്ണം കുറയ്ക്കാൻ വേണ്ടി ശരീരം പെട്ടെന്ന് വിയർക്കാനും രക്തക്കുഴലുകൾ വികസിപ്പിക്കാനും തുടങ്ങുന്നു
ഈ പ്രക്രിയയാണ് നമ്മൾ ‘ഹോട്ട് ഫ്ലാഷ്’ ആയി അനുഭവിക്കുന്നത്.
2. രക്തക്കുഴലുകളിലുണ്ടാകുന്ന മാറ്റങ്ങൾ
ഹോട്ട് ഫ്ലാഷ് അനുഭവപ്പെടുന്ന സമയത്ത് ശരീരത്തിൽ താഴെ പറയുന്ന മാറ്റങ്ങൾ സംഭവിക്കുന്നു:
- ചർമ്മത്തിന്റെ ഉപരിതലത്തിനടുത്തുള്ള രക്തക്കുഴലുകൾ പെട്ടെന്ന് വികസിക്കുന്നു
- ഇതിന്റെ ഫലമായി ചർമ്മത്തിലെ താപനില പെട്ടെന്ന് ഉയരുന്നു
- ഉയർന്ന താപനില കുറച്ച് ശരീരത്തെ തണുപ്പിക്കാനായി ശരീരം സ്വാഭാവികമായി വിയർക്കാൻ തുടങ്ങുന്നു
എന്തുകൊണ്ടാണ് ഹോട്ട് ഫ്ലാഷസ് ഇത്ര പെട്ടെന്ന്, ഇത്ര തീവ്രതയോടെ അനുഭവപ്പെടുന്നത് എന്ന് ഇതിലൂടെ മനസ്സിലാക്കാനാകും.
3. നാഡീവ്യൂഹത്തിലെ രാസഘടകങ്ങൾ
ഹോർമോണുകൾക്ക് പുറമെ തലച്ചോറിലെ ചില രാസവസ്തുക്കളും ഹോട്ട് ഫ്ലാഷസിന് കാരണമാകുന്നുണ്ടെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. പ്രധാനമായും:
- സെറോടോണിൻ (Serotonin)
- നോർഎപിനെഫ്രിൻ (Norepinephrine)
ഈ രാസഘടകങ്ങൾ, ശരീരത്തിന്റെ താപനില നിയന്ത്രിക്കുന്ന പ്രക്രിയയെ (Thermoregulation) സ്വാധീനിക്കുന്നതിലൂടെ, അത്യുഷ്ണം ഉണ്ടാക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു.
എന്തുകൊണ്ടാണ് ചിലരിൽ ലക്ഷണങ്ങൾ കഠിനമാകുന്നത്?
ഹോട്ട് ഫ്ലാഷസ് ഓരോരുത്തരിലും വ്യത്യസ്തമായാണ് അനുഭവപ്പെടുന്നത്. ഇതിനെ സ്വാധീനിക്കുന്ന ഘടകങ്ങൾ:
- ജനിതക കാരണങ്ങൾ (Genetics): പാരമ്പര്യമായി (അമ്മയ്ക്കോ സഹോദരിക്കോ) കഠിനമായ ഹോട്ട് ഫ്ലാഷസ് ഉണ്ടായിരുന്നുവെങ്കിൽ, നിങ്ങൾക്കും അപ്രകാരം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
- ശരീര ഘടന (Body Composition): ശരീരത്തിലെ കൊഴുപ്പിന്റെ അളവ് കൂടുതലാകുന്നത് ശരീരതാപനില നിയന്ത്രിക്കുന്നതിനെ ബാധിച്ചേക്കാം. ഇക്കാര്യം സംബന്ധിച്ച ഗവേഷണങ്ങൾ ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്.
- ജീവിതശൈലി (Lifestyle Factors): പുകവലി, അമിതമായ മാനസിക സമ്മർദ്ദം (Stress), ഉറക്കക്കുറവ് എന്നിവ ലക്ഷണങ്ങൾ വർദ്ധിപ്പി’ക്കാൻ കാരണമാകാറുണ്ട്.
- അന്തരീക്ഷം (Environment): ചൂടുള്ള കാലാവസ്ഥയും അന്തരീക്ഷത്തിലെ ഈർപ്പവും (Humidity) ഹോട്ട് ഫ്ലാഷസിനെ കൂടുതൽ ദുസ്സഹമാക്കും. കേരളം പോലുള്ള ഉഷ്ണമേഖലാ പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് അന്തരീക്ഷത്തിൻ്റെ പ്രത്യേകത മൂലം ഈ അനുഭവത്തിൻ്റെ തീവ്രത കൂട്ടുന്നു.
ഹോട്ട് ഫ്ലാഷസും ഉറക്കവും
രാത്രികാലങ്ങളിൽ അനുഭവപ്പെടുന്ന ഹോട്ട് ഫ്ലാഷസിനെയാണ് ‘നൈറ്റ് സ്വെറ്റ്‌സ്’ (Night Sweats) എന്ന് പറയുന്നത്. ഉറക്കത്തിനിടയിൽ പെട്ടെന്നുണ്ടാകുന്ന അമിതമായ വിയർപ്പും ചൂടും പല ശാരീരിക-മാനസിക ബുദ്ധിമുട്ടുകൾക്കും കാരണമാകാറുണ്ട്:
- ഉറക്കം തടസ്സപ്പെടുന്നു
- അമിതമായ ക്ഷീണം
- മാനസികാവസ്ഥയിലെ മാറ്റങ്ങൾ
- ഏകാഗ്രത കുറയുന്നു
ഇത്തരത്തിൽ ഉറക്കം നഷ്ടപ്പെടുന്നത്,പല സ്ത്രീകളെ സംബന്ധിച്ചും ആർത്തവവിരാമ കാലഘട്ടത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ അനുഭവമാണ്.
വൈകാരിക- സാമൂഹിക ആഘാതങ്ങൾ
ഹോട്ട് ഫ്ലാഷസ് എന്നത് കേവലം ഒരു ശാരീരിക അസ്വസ്ഥത മാത്രമല്ല. അത് സ്ത്രീയുടെ ജീവിതത്തിന്റെ പല മേഖലകളെയും ബാധിച്ചേക്കാം:
- ജോലിസ്ഥലത്തെ അസ്വസ്ഥത
- സാമൂഹികമായ ആത്മവിശ്വാസം നഷ്ടമാകാം
- ഉത്കണ്ഠയും മാനസിക സമ്മർദ്ദവും
- സ്വന്തം ശരീരത്തിൽ പെട്ടെന്നുണ്ടാകുന്ന ഇത്തരം മാറ്റങ്ങൾ സ്വത്വബോധത്തിന് മുറിവേൽപ്പിച്ചേക്കാം
പല സ്ത്രീകളും ഈ ലക്ഷണങ്ങൾ തങ്ങളുടെ ജീവിതത്തെ ഇത്രയധികം ബാധിക്കുമെന്ന് മുൻകൂട്ടി തിരിച്ചറിയാറില്ല എന്നതാണ് വാസ്തവം.
സ്വയം പരിചരിക്കാം
ഹോട്ട് ഫ്ലാഷസ് ഒരു ശാരീരിക മാറ്റമാണെങ്കിലും ദൈനംദിന ശീലങ്ങളിൽ ചില വ്യത്യാസങ്ങൾ വരുത്തിയാൽ ഇതിന്റെ അസ്വസ്ഥതകൾ ഒരു പരിധിവരെ കുറയ്ക്കാൻ സാധിക്കും. ശാരീരിക മാറ്റങ്ങളെക്കുറിച്ച് കൃത്യമായ ധാരണയുണ്ടാകുന്നത് ബുദ്ധിമുട്ടുകളെ നേരിടാൻ സഹായിക്കും.
ചൂടുകുറയ്ക്കാനുള്ള മുൻകരുതൽ
- അയഞ്ഞ വസ്ത്രങ്ങൾ: കാറ്റ് കടക്കുന്നതും ചർമ്മത്തിന് അസ്വസ്ഥത നൽകാത്തതുമായ കോട്ടൺ തുണിത്തരങ്ങൾ ധരിക്കാൻ ശ്രദ്ധിക്കുക.
- ലെയറുകളായി വസ്ത്രം ധരിക്കുക: ഒന്നിലധികം വസ്ത്രങ്ങൾ ലെയറുകളായി ധരിച്ചാൽ (ഉദാഹരണത്തിന് ഒരു ടോപ്പിന് മുകളിൽ ഷാൾ), പെട്ടെന്ന് ചൂട് തോന്നുമ്പോൾ ഒരു ഭാഗം എളുപ്പത്തിൽ മാറ്റി വയ്ക്കാനും തണുപ്പ് തോന്നുമ്പോൾ തിരികെ ധരിക്കാനും സാധിക്കും.
- വായുസഞ്ചാരമുള്ള മുറികൾ: താമസിക്കുന്ന മുറികളിൽ നല്ല വായുസഞ്ചാരമുണ്ടെന്ന് ഉറപ്പുവരുത്തുക. ഫാനോ എ സിയോ ഉപയോഗിക്കാം
മാനസിക സമ്മർദ്ദം കുറയ്ക്കാം
അമിതമായ മാനസിക സമ്മർദ്ദം ഹോട്ട് ഫ്ലാഷസിന്റെ ആക്കം കൂട്ടാറുണ്ട്.
മനസ്സിനെ ശാന്തമാക്കുന്ന ശ്വസന വ്യായാമങ്ങൾ, യോഗ, അല്ലെങ്കിൽ ധ്യാനം (Meditation) എന്നിവ ശീലിക്കുന്നത് അത്യുഷ്ണം നേരിടാൻ സഹായകമാകും.
സ്വസ്ഥമായ ഉറക്കത്തിനായി
- തണുപ്പുള്ള കിടപ്പുമുറി: കിടപ്പുമുറിയിലെ താപനില കുറച്ചു നിർത്താൻ ശ്രദ്ധിക്കുക.
- മെറ്റീരിയലുകൾ ശ്രദ്ധിക്കുക: വായുസഞ്ചാരമുള്ള തുണിത്തരങ്ങൾ കൊണ്ടുള്ള ബെഡ്ഷീറ്റുകളും തലയിണകളും ഉപയോഗിക്കുക.
- ഉറക്കക്രമം: കൃത്യസമയത്ത് ഉറങ്ങുന്നതു വഴി ശരീരത്തിന് മതിയായ വിശ്രമം ഉറപ്പുവരുത്താം
സ്വന്തം ശരീരത്തെ തിരിച്ചറിയാം
എപ്പോഴൊക്കെയാണ് ഹോട്ട് ഫ്ലാഷ് ഉണ്ടാകുന്നത് എന്ന് ശ്രദ്ധിക്കുക. ഒരു ഡയറിയിലോ ഫോണിലോ ഇതു കുറിച്ചു വെയ്ക്കാം. ഏതൊക്കെ സാഹചര്യങ്ങളിലാണ് (ഉദാഹരണത്തിന് എരിവുള്ള ഭക്ഷണം കഴിക്കുമ്പോഴോ അല്ലെങ്കിൽ ടെൻഷൻ വരുമ്പോഴോ) ഇത് കൂടുന്നത് എന്ന് കണ്ടെത്തിയാൽ അത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ എളുപ്പമാകും.
ഹോട്ട് ഫ്ലാഷസിന് എപ്പോഴാണ് വിരാമമാകുക?
ഇക്കാര്യത്തിൽ എല്ലാവർക്കും ബാധകമായ ഒരു നിശ്ചിത സമയപരിധിയില്ല. എങ്കിലും പൊതുവായ ചില രീതികൾ താഴെ പറയുന്നു:
- ആർത്തവം പൂർണ്ണമായും നിൽക്കുന്നതിന് മുൻപുള്ള പെരിമെനോപോസ് ഘട്ടത്തിൽ തന്നെ ഇവ കണ്ടുതുടങ്ങാം
- ആർത്തവം നിൽക്കുന്ന സമയത്തോ അതിനോടടുത്ത കാലയളവിലോ ആണ് ഇത് ഏറ്റവും കൂടുതൽ അനുഭവപ്പെടുക
- വർഷങ്ങൾ കടന്നുപോകുന്നതോടെ ഇതിന്റെ തീവ്രത ക്രമേണ കുറഞ്ഞുവരും
ഓർക്കുക, ഓരോ സ്ത്രീയുടെയും ശാരീരിക മാറ്റങ്ങളും അനുഭവങ്ങളും തികച്ചും വ്യത്യസ്തമായിരിക്കും.
ആർത്തവവിരാമം: ജീവിതത്തിലെ ഒരു പുതിയ ഘട്ടം
ഹോട്ട് ഫ്ലാഷസ് എന്നത് ശരീരം പുതിയൊരു ഹോർമോൺ സന്തുലിതാവസ്ഥയിലേക്ക് മാറുന്നതിന്റെ സൂചനയാണ്.
ആർത്തവവിരാമം ഒരു രോഗമല്ല, ഒരു സ്ത്രീയുടെ ജീവിതത്തിലെ പുതിയൊരു ഘട്ടത്തെ അടയാളപ്പെടുത്തുന്ന സ്വാഭാവികമായ മാറ്റമാണത്. ശരിയായ അറിവും പിന്തുണയും ആരോഗ്യകരമായ ജീവിതശൈലിയും ഉണ്ടെങ്കിൽ എല്ലാ സ്ത്രീകൾക്കും ഈ മാറ്റത്തെ ആത്മവിശ്വാസത്തോടെ നേരിടാനാകും.




