തിങ്കളാഴ്ചകളിൽ ഉൻമേഷക്കുറവുണ്ടോ? ഉദ്യോഗസ്ഥയാണോ? കാരണം മനസ്സിലാക്കാം

വീട്ടിലെ ഉത്തരവാദിത്തങ്ങളും ഓഫീസ് ജോലിയും ചെയ്ത് തളരുമ്പോൾ, സ്ത്രീകളെ സംബന്ധിച്ച് ആകെയുള്ള പ്രതീക്ഷ, അധികം വൈകാതെ ഞായറാഴ്ച്ച ആകുമല്ലോ എന്നാണ്. എല്ലാത്തിനും അടുക്കും ചിട്ടയും പാലിച്ച് സമയം കയ്യിൽപ്പിടിച്ച് തിരക്ക് കൂട്ടണ്ടാത്ത ഒരവധി ദിവസം. അവരവരുടെ ഇഷ്ടമുള്ള കാര്യങ്ങൾ ആസ്വദിക്കാൻ കഴിയുന്ന ദിവസം. പക്ഷെ, ആ സന്തോഷം, പിറ്റേന്ന് പുലരുമ്പോഴേക്കും അപ്രത്യക്ഷമാകും. തിങ്കളാഴ്ച്ചകളിൽ, ഈ ബുദ്ധിമുട്ട് (Monday Blues) അനുഭവിക്കുന്ന നിരവധി സ്ത്രീകളുണ്ട്. അതിൻ്റെ കാരണങ്ങളെക്കുറിച്ച് വിശദമായി അറിയാൻ സുരഭിയുടേയും ലക്ഷ്മിയുടേയും സംഭാഷണം സഹായിക്കും. ആശങ്കയില്ലാതെ, തിങ്കളാഴ്ചകളെ എങ്ങനെ ഉന്മേഷത്തോടെ വരവേൽക്കാം എന്ന് നമുക്ക് മനസ്സിലാക്കാം.
രംഗം:
തിങ്കളാഴ്ച രാവിലെ ഓഫീസ് പാൻട്രിയിൽ സുഹൃത്തുകളും സഹപ്രവർത്തകരുമായ സുരഭിയും ലക്ഷ്മിയും ആഴ്ചയുടെ തുടക്കത്തിലെ മ്ളാനത മാറ്റാനായി കോഫി കുടിച്ചുകൊണ്ടിരിക്കുന്നു.
സുരഭി :
“ലക്ഷ്മീ, ഒരു കാര്യം ചോദിച്ചാൽ സത്യം പറയുമോ? തിങ്കളാഴ്ച എഴുന്നേൽക്കുമ്പോൾ എങ്ങോട്ടെങ്കിലും ഒന്ന് അപ്രത്യക്ഷയായാൽ മതി എന്ന് തോന്നാറുണ്ടോ? ഇന്ന് കാലത്തെഴുന്നേൽക്കാൻ ഞാൻ പെട്ട പാട്…”
ലക്ഷ്മി (ചിരിച്ചുകൊണ്ട്):
“ഹാ… എന്നാൽ ഈ ക്ലബ്ബിലേക്ക് സ്വാഗതം! ഈ തിങ്കളാഴ്ചകളിലെ മൂഡ് ഓഫ് ഇല്ലേ, അതൊരു സത്യം തന്നെയാണ് സുരഭീ. നീ ഒറ്റയ്ക്കല്ല.”
സുരഭി:
“സത്യമായിട്ടും, ആഴ്ച്ചാവസാനം എന്തൊരു സുഖമാണെന്നോ—മതിയാവോളം ഉറങ്ങാം, ഇഷ്ടമുള്ള ഷോകൾ കാണാം, കൂട്ടുകാരുമായി കറങ്ങാം. പക്ഷെ തിങ്കളാഴ്ച ഒരു ശിക്ഷ പോലെയാണ് എനിക്ക് തോന്നുന്നത്. ഇതിന്റെ പിന്നിൽ വല്ല ശാസ്ത്രവും ഉണ്ടോ?”
ലക്ഷ്മി:
“ഇതിന്റെ പിന്നിൽ ഉറപ്പായും സയൻസുണ്ട്. ഞാനത് ഈയടുത്ത് nellikka.life ൽ വായിച്ചതേയുള്ളൂ. ഇതിനൊരു പേരുണ്ട്—‘സോഷ്യൽ ജെറ്റ്ലാഗ്’. അതായത്, ഒഴിവുദിവസങ്ങളിൽ നമ്മൾ വൈകി ഉറങ്ങുകയും താമസിച്ച് എഴുന്നേൽക്കുകയും ചെയ്ത് നമ്മുടെ ശരീരത്തിന്റെ സമയക്രമം മൊത്തം തെറ്റിക്കും. തിങ്കളാഴ്ച പഴയ ശീലത്തിലേക്ക് തിരിച്ചുപോകാൻ നമ്മുടെ തലച്ചോറ് സമ്മതിക്കില്ല, അതാണ് സംഭവം.”
സുരഭി:
“സോഷ്യൽ ജെറ്റ്ലാഗോ? പറ്റിയ പ്രയോഗം തന്നെ! ഒരു യാത്രയും ചെയ്യാതെ എനിക്ക് ജെറ്റ്ലാഗ് വരുന്നതിന്റെ കാരണം ഇപ്പോഴാണ് മനസ്സിലായത്.”
ലക്ഷ്മി (പുഞ്ചിരിച്ചുകൊണ്ട്):
“അതുതന്നെ! അത് മാത്രമല്ല,വേറെയും കാരണമുണ്ട്. ഞായറാഴ്ച വൈകുന്നേരം ആകുമ്പോൾ ഒരു വെപ്രാളം തോന്നാറില്ലേ? നാളത്തെ ജോലിയെപ്പറ്റി, ഡെഡ്ലൈനുകളെപ്പറ്റി, സ്ട്രെസ്സിനെപ്പറ്റി ഒക്കെയുള്ള ഓർമ്മ. അതിനെയാണ് ‘ആന്റിസിപ്പേറ്ററി ആങ്സൈറ്റി’ (anticipatory anxiety) എന്ന് പറയുന്നത്. ആ ഉത്ക്കണ്ഠ മനസ്സിൽ കിടന്ന് തിങ്കളാഴ്ച രാവിലെ എഴുന്നേൽക്കുമ്പോൾ നമുക്ക് കൂടുതൽ ക്ഷീണം തോന്നും.”
സുരഭി:
“ശരിയാ… തിങ്കളാഴ്ച എത്തുന്നതിന് മുൻപേ തലച്ചോറതിനെ പേടിച്ചു തുടങ്ങും, അല്ലേ?”
ലക്ഷ്മി:
“അതെ, പിന്നെ ഡോപമിന്റെ കാര്യം മറക്കരുത്. അവധി ദിവസങ്ങളിൽ നമുക്കിഷ്ടമുള്ള കാര്യങ്ങളല്ലേ—വീട്ടുകാരുടെ കൂടെ സമയം ചിലവഴിക്കുന്നത്, ഹോബികൾ, ഉച്ചയുറക്കം… ഇതെല്ലാം ഡോപമിൻ എന്ന സന്തോഷം തരുന്ന ഹോർമോണിൻ്റെ അളവ് കൂട്ടും. തിങ്കളാഴ്ചയാകുമ്പോൾ ആ സന്തോഷം ഒറ്റയടിക്ക് അപ്രത്യക്ഷമാകും.”
സുരഭി:
“അപ്പൊ ശരിക്കും, നമ്മുടെ മസ്തിഷ്ക്കത്തിന് ഡോപമിൻ കിട്ടാതെ വരുമ്പോൾ അത് വാശി പിടിക്കുന്നതാണല്ലേ ഈ സംഭവം?”
ലക്ഷ്മി (ചിരിച്ചുകൊണ്ട്):
“അതുതന്നെ! പിന്നെ മറ്റൊരു കാര്യമുണ്ട്, ആഴ്ച മുഴുവൻ നമ്മുടെ ഉറക്കം കുറഞ്ഞിട്ട്, വീക്കെൻഡിൽ ഒരുപാട് നേരം കിടന്നുറങ്ങുന്നത് നമ്മുടെ ശരീരത്തിലെ ഉറക്കത്തിന്റെ താളവും തെറ്റിക്കും. അത് തിങ്കളാഴ്ചകളെ കൂടുതൽ പ്രശ്നത്തിലാക്കും.”
സുരഭി:
“ഓക്കേ, പ്രശ്നം എനിക്ക് മനസ്സിലായി. പക്ഷെ ഈ പ്രശ്നം എങ്ങനെ ഒഴിവാക്കും? തിങ്കളാഴ്ചകൾ എങ്ങോട്ടും പോകുന്നില്ലല്ലോ.”
ലക്ഷ്മി:
“ചെറിയ പൊടിക്കൈകളുണ്ട്. ഒന്നാമതായി, ഒഴിവ് ദിവസങ്ങളിലും ഉറങ്ങുന്നതും ഉണരുന്നതും ഒരേ സമയത്ത് തന്നെ ആക്കാൻ ശ്രമിക്കുക. ഞാൻ അങ്ങനെ ചെയ്യാൻ തുടങ്ങിയപ്പോൾ നല്ല മാറ്റമുണ്ട്.”
സുരഭി:
“പറയാൻ എളുപ്പമാണ്, പക്ഷെ അത് ചെയ്യാൻ അത്ര എളുപ്പമല്ല. എന്നാലും നോക്കാം. വേറെന്താ?”
ലക്ഷ്മി:
“തിങ്കളാഴ്ചയിലേക്ക് നിനക്ക് ചെയ്യാൻ താൽപ്പര്യമുള്ള എന്തെങ്കിലും പ്ലാൻ ചെയ്യുക—ഒരു കോഫി ഡേറ്റ്, ഇഷ്ടപ്പെട്ട ബ്രേക്ക്ഫാസ്റ്റ് കഴിക്കുന്നത്, നല്ല ഒരു പോഡ്‌കാസ്റ്റ് കേൾക്കുന്നത്… അപ്പൊ അതിനായി കാത്തിരിക്കാൻ തലച്ചോറിന് ഡോപമിൻ കിട്ടും.”
സുരഭി:
“.നിൻ്റെ കൂടെ ഒരു കോഫി നല്ലൊരു മൺഡേ പ്ലാൻ ആണ്.”
ലക്ഷ്മി:
“കണ്ടോ! ഇത്ര ചെറിയ കാര്യങ്ങൾക്കും വലിയ മാറ്റം കൊണ്ടുവരാൻ കഴിയുന്നത്. പിന്നെ, രാവിലെ കുറച്ച് വെയിൽ കൊള്ളുന്നതും ശരീരം അനങ്ങുന്നതും നല്ലതാണ്. രാവിലെ കുറച്ച് ദൂരം നടന്നാൽത്തന്നെ അത് സെറോടോണിൻ പോലുള്ള കെമിക്കലുകളുടെ അളവ് കൂട്ടും.”
സുരഭി:
“തിങ്കളാഴ്ചയ്ക്ക് വേണ്ടി നേരത്തെ തയ്യാറെടുക്കുന്നതും നല്ലതാണല്ലേ? ഇടാനുള്ള ഡ്രസ്സ്, ഭക്ഷണം, ചെയ്യാനുള്ള കാര്യങ്ങളുടെ ലിസ്റ്റ് അങ്ങനെയൊക്കെ?”
ലക്ഷ്മി:
“തീർച്ചയായും! അത് രാവിലത്തെ ബഹളവും എന്ത് ചെയ്യണം എന്ന ടെൻഷനും കുറയ്ക്കും. പിന്നെ, മനസ്സിനെ സ്വസ്ഥമാക്കാൻ ശ്വസന വ്യായാമമോ ധ്യാനമോ പരീക്ഷിക്കാം. അത് ടെൻഷൻ കുറയ്ക്കാൻ സഹായിക്കും.”
സുരഭി (പുഞ്ചിരിച്ചുകൊണ്ട്):
“ഹാവൂ… ഈ തിങ്കളാഴ്ചകളിലെ മടുപ്പ് ഒഴിവാക്കാൻ ഒരിക്കലും കഴിയില്ലെന്നാണ് ഞാൻ വിചാരിച്ചത്. പക്ഷെ ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഇതൊക്കെ മാനേജ് ചെയ്യാൻ പറ്റുമല്ലേ.”
ലക്ഷ്മി:
“ഉറപ്പായും പറ്റും! തിങ്കളാഴ്ചകളെ ഒരു ദുരന്തമായി കാണാതെ,പുതിയ തുടക്കമായി കരുതണം. നമ്മുടെ ശരീരത്തെയും മനസ്സിനെയും നമ്മൾ കുറച്ച് സ്മാർട്ടായി കൈകാര്യം ചെയ്യണം, അത്രേയുള്ളൂ.”
സുരഭി:
“താങ്ക്സ് ലക്ഷ്മീ. നീയും nellikka.life-ഉം കൂടി എന്റെ തിങ്കളാഴ്ചകളെ രക്ഷിച്ചു.”
ലക്ഷ്മി:
“യൂ ആർ വെൽക്കം! പിന്നെ, nellikka.life-ൽ ആരോഗ്യത്തെയും ജീവിതശൈലിയെയും കുറിച്ചുള്ള ഒരുപാട് കാര്യങ്ങളുണ്ട്. നമ്മൾ എപ്പോഴും അപ്ഡേറ്റഡ് ആയിരിക്കണ്ടേ!”
തിങ്കളാഴ്ചകളിലെ മടുപ്പ് നിങ്ങളെ അലട്ടുന്നുണ്ടോ? ശീലങ്ങളിൽ ചെറിയ മാറ്റങ്ങൾ വരുത്തി ഓരോ തിങ്കളാഴ്ചയെയും ഉൻമേഷമുള്ളതാക്കി മാറ്റാം.
ഡോക്ടർമാർ പങ്കുവെയ്ക്കുന്ന കൂടുതൽ ആധികാരികമായ ആരോഗ്യ വിവരങ്ങൾക്കായി nellikka.life ഫോളോ ചെയ്യൂ !




