ഗർഭമലസൽ: മനസ്സിന് മാത്രമല്ല, ശരീരത്തിനും വേണം കരുതൽ

പിറക്കാൻ പോകുന്ന കുഞ്ഞിനെക്കുറിച്ചുള്ള സ്വപ്നങ്ങൾ കണ്ട്, കാത്തിരിപ്പു തുടരുന്നതിനിടയിലാകും ദമ്പതികളെ വിഷമത്തിലാഴ്ത്തിക്കൊണ്ട് ഗർഭമലസിപ്പോവുക. മനഃപ്രയാസവും നിരാശയും തോന്നുന്ന ഈ ഘട്ടത്തിൽ, അമ്മയാകാനൊരുങ്ങിയ സ്ത്രീയെ സമാധാനിപ്പിക്കാനും ആത്മവിശ്വാസം നൽകാനുമുള്ള ശ്രമങ്ങൾ കുടുംബാംഗങ്ങൾ നടത്തും. ഈ അവസ്ഥയിൽ മാനസികമായ കരുത്തു പകരേണ്ടത് അനിവാര്യം തന്നെയാണ്. പക്ഷെ, പലപ്പോഴും, മാനസികാവസ്ഥ മാത്രം കണക്കിലെടുക്കുകയും ശാരീരികമായി സുഖം പ്രാപിക്കുന്ന കാര്യത്തെക്കുറിച്ച് ശ്രദ്ധിക്കാതിരിക്കുകയും ചെയ്യുന്നതായി കാണാറുണ്ട്.
ഗർഭമലസിപ്പോയ സ്ത്രീകളുടെ ശരീരത്തിൽ ദ്രുതഗതിയിൽ പല മാറ്റങ്ങളും സംഭവിക്കും. പഴയ അവസ്ഥയിലേക്ക് തിരികെയെത്താനും ഹോർമോണുകൾ ക്രമീകരിക്കാനും തകരാറുകൾ പരിഹരിക്കാനുമുള്ള കഠിനമായ ശ്രമത്തിലായിരിക്കും ശരീരം. പഴയ മാനസികോൻമേഷം നേടി വേഗം തന്നെ സാധാരണ ജീവിതത്തിലേക്ക് തിരികെയെത്തണമെന്നു മാത്രമാണ് കുടുംബാംഗങ്ങളും സമൂഹവും പ്രതീക്ഷിക്കുക. ഗർഭമലസിയ ശേഷമുള്ള
ശാരീരിക മാറ്റങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മ, പലപ്പോഴും സ്ത്രീകളെ ആശയക്കുഴപ്പത്തിലാക്കും. തങ്ങളുടെ ശരീരത്തിൽ യഥാർത്ഥത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് തിരിച്ചറിയാനാകാതെ അവർ ഉത്കണ്ഠാകുലരാകുകയും ചെയ്യും.
ഗർഭമലസൽ എന്ന ശാരീരിക പ്രക്രിയ
ഗർഭമലസൽ കേവലം മാനസിക വിഷമം മാത്രമല്ല നൽകുക. സങ്കീർണ്ണമായ ശാരീരിക പ്രക്രിയകൾ(Biological process) ഈ അവസ്ഥയിൽ സംഭവിക്കുന്നുണ്ട്.
ഈ സമയത്ത് ഹോർമോണുകൾ മാറിമറിയുന്നു, ഗർഭപാത്രത്തിന്റെ ഘടനയിൽ മാറ്റങ്ങൾ സംഭവിക്കുന്നു, രക്തനഷ്ടം, ശരീരത്തിലെ വീക്കം (Inflammation), കലകളുടെ കേടുപാടുകൾ തീർക്കൽ എന്നിവയെല്ലാം ഒരേസമയം നടക്കുന്നു.
നിർഭാഗ്യവശാൽ, പല സ്ത്രീകൾക്കും ആശുപത്രികളിൽ നിന്ന് ലഭിക്കുന്ന നിർദ്ദേശങ്ങൾ വളരെ പരിമിതമാണ്. രക്തസ്രാവം ഉണ്ടാവുന്നത് സാധാരണമാണ്, കുറച്ചു ദിവസം വിശ്രമിക്കുന്നത് നല്ലതാണ്, ദൈനംദിന കാര്യങ്ങളിൽ വ്യാപൃതയാകാൻ തടസ്സങ്ങളില്ല തുടങ്ങിയ ഉപരിപ്ളവമായ ഉപദേശങ്ങൾക്കപ്പുറം, ശരീര സ്വാസ്ഥ്യത്തിനായി (Healing) എന്തൊക്കെ ചെയ്യണം എന്നതിനെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ പലപ്പോഴും നൽകാറില്ല.
ഗർഭമലസലിന് ശേഷം ശരീരത്തിൽ സംഭവിക്കുന്നത്
1. ഹോർമോണുകളിലെ മാറ്റം (Hormonal Withdrawal)
ഗർഭമലസിയതിനു പിന്നാലെ ശരീരത്തിലെ പ്രൊജസ്റ്ററോൺ (Progesterone), എച്ച് സി ജി (hCG) തുടങ്ങിയ ഹോർമോണുകൾ പെട്ടെന്ന് കുറയുന്നു. ഇത്തരത്തിൽ പൊടുന്നനെയുണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങൾ, താഴെ പറയുന്ന ബുദ്ധിമുട്ടുകൾക്ക് കാരണമാകും:
- കടുത്ത ക്ഷീണം
- മാനസികാവസ്ഥയിലുള്ള മാറ്റങ്ങൾ
- രാത്രിയിൽ അമിതമായി വിയർക്കുക
- വിട്ടുമാറാത്ത തലവേദന
- നെഞ്ചിടിപ്പ് കൂടുക
ഈ ലക്ഷണങ്ങളെല്ലാം ശാരീരിക മാറ്റങ്ങൾ (Physiological changes) കാരണമുണ്ടാകുന്നതാണ്. സാധാരണ കരുതുന്നതുപോലെ മനസ്സിന്റെ ബലഹീനത കൊണ്ടു തോന്നുന്നതല്ല.
2. ഗർഭപാത്രം പൂർവ്വസ്ഥിതിയിലെത്തുന്നു (Uterine Recovery)
ഗർഭമലസിയ ശേഷം ഗർഭപാത്രം ചുരുങ്ങാൻ തുടങ്ങുന്നു. ഈ ഘട്ടത്തെ ‘ഇൻവൊല്യൂഷൻ’ (Involution) എന്നാണ് പറയുന്നത്. ഈ സമയത്ത് താഴെ പറയുന്ന അസ്വസ്ഥതകൾ അനുഭവപ്പെട്ടേക്കാം:
- വയറുവേദനയും കോച്ചിപ്പിടുത്തവും (Cramping)
- കുറച്ചു ദിവസങ്ങളോ ആഴ്ചകളോ നീണ്ടുനിൽക്കുന്ന നേരിയ രക്തസ്രാവം (Spotting)
- ഇടുപ്പ് ഭാഗത്തും അടിവയറ്റിലും ഭാരവും അസ്വസ്ഥതയും
ഗർഭപാത്രത്തിനുള്ളിൽ കലകൾ (Tissue) അവശേഷിച്ചാൽ ആരോഗ്യം വീണ്ടെടുക്കുന്നത് വൈകാനിടയുണ്ട്. ഇത് കൂടുതൽ ദിവസങ്ങൾ നീണ്ടുനിൽക്കുന്ന രക്തസ്രാവത്തിനോ അല്ലെങ്കിൽ അണുബാധയ്ക്കോ (Infection) വഴിവെച്ചേക്കാം. ഇത്തരം സാഹചര്യങ്ങളിൽ കൃത്യമായ വൈദ്യസഹായം തേടേണ്ടത് അത്യാവശ്യമാണ്.
3. രക്തനഷ്ടവും പോഷകങ്ങളുടെ കുറവും
ഗർഭാവസ്ഥയുടെ ആദ്യ ഘട്ടങ്ങളിലാണ് ഗർഭമലസൽ സംഭവിക്കുന്നതെങ്കിൽ പോലും, അത് ശരീരത്തിൽ നിന്ന് വലിയ അളവിൽ രക്തവും ഇരുമ്പും (Iron) നഷ്ടപ്പെടാൻ കാരണമാകും.
ഇത് താഴെ പറയുന്ന ശാരീരിക ബുദ്ധിമുട്ടുകൾക്ക് വഴിവെക്കാം:
- തലകറക്കം
- ശ്വസിക്കാൻ ബുദ്ധിമുട്ട്
- മുടികൊഴിച്ചിൽ
- നഖങ്ങൾ പൊട്ടിപ്പോവുക
- കടുത്ത തളർച്ചയും ക്ഷീണവും
പലപ്പോഴും ഇത്തരം ലക്ഷണങ്ങളെ മാനസിക സമ്മർദ്ദം (Stress) മൂലമുണ്ടാകുന്നതാണെന്ന് കരുതി അവഗണിക്കാറുണ്ട്. യഥാർത്ഥത്തിൽ ഇത് ശരീരത്തിലെ ഇരുമ്പിന്റെയോ മറ്റ് സൂക്ഷ്മ പോഷകങ്ങളുടെയോ (Micronutrients) കുറവ് മൂലമാകാം സംഭവിക്കുന്നത്.
4. ശരീരത്തിലെ വീക്കം (Inflammatory Response)
ഗർഭപാത്രത്തിലെ കലകൾ നീക്കം ചെയ്യാനും ഗർഭപാത്രത്തിന്റെ ആന്തരിക പാളികൾ (Uterine lining) പുനഃസ്ഥാപിക്കാനും ശരീരം ശ്രമിക്കുന്നതോടെ സ്വാഭാവികമായും ശരീരത്തിൽ വീക്കമുണ്ടാകുന്നു.
ഇത് താഴെ പറയുന്ന ബുദ്ധിമുട്ടുകളായി പ്രകടമായേക്കാം:
- ശരീരവേദന
- സന്ധിവേദന
- ദഹനപ്രശ്നങ്ങൾ
- ഉൻമേഷക്കുറവ്
വേണ്ടത്ര വിശ്രമവും പോഷകാഹാരവും ലഭിച്ചില്ലെങ്കിൽ, ശരീരത്തിന്റെ ഈ അവസ്ഥ (Inflammatory phase) കൂടുതൽ കാലം നീണ്ടുനിൽക്കാൻ സാധ്യതയുണ്ട്.
ശാരീരിക ശ്രദ്ധ അവഗണിക്കപ്പെടുന്നത് എന്തുകൊണ്ട്?
ഗർഭമലസലിന് ശേഷം ശാരീരികമായി സുഖം പ്രാപിക്കുന്നതിനെക്കുറിച്ച് പൊതുവെ സംസാരമുണ്ടാകാറില്ല. ഇതിന് പിന്നിൽ പല കാരണങ്ങളുണ്ട്:
- സാമൂഹികമായ അവഗണന നിലനിൽക്കുന്നുണ്ട്. പ്രത്യേകിച്ചും ഗർഭാവസ്ഥയുടെ ആദ്യ മാസങ്ങളിലാണ് ഇത് സംഭവിക്കുന്നതെങ്കിൽ, സമൂഹം ഇതിനെ വളരെ നിസ്സാരമായി കാണാറുണ്ട്.
- സങ്കീർണ്ണമായ പ്രശ്നങ്ങൾ ഒഴിവാക്കുന്നതിലാണ് വൈദ്യശാസ്ത്രം പലപ്പോഴും ശ്രദ്ധ നൽകുന്നത്. പൂർണ്ണമായ ശാരീരിക സൗഖ്യത്തിന് വേണ്ടത്ര പ്രാധാന്യം ലഭിക്കാറില്ല.
- കുഞ്ഞിനെ നഷ്ടമായ വേദനയിൽ, സ്വന്തം ശരീരത്തിന് പ്രാധാന്യം നൽകുന്നത് തെറ്റാണെന്ന തോന്നൽ സ്ത്രീകൾക്ക് ഉണ്ടാകാറുണ്ട്.
- എത്രയും വേഗം പഴയതുപോലെ വീട്ടുജോലികളിലേക്കും ഔദ്യോഗിക തിരക്കുകളിലേക്കും മടങ്ങിവരാൻ സ്ത്രീകൾക്ക് മേൽ സമ്മർദ്ദമുണ്ടാകുന്നു.
ഇതിന്റെയെല്ലാം ഫലമായി, പരിചരണവും ചികിത്സയും അർഹിക്കുന്ന ശാരീരിക അസ്വസ്ഥതകളെപ്പോലും സ്വാഭാവികമാണെന്നു കരുതി സ്ത്രീകൾ സഹിക്കുന്നു.
സുഖം പ്രാപിക്കുന്നതിൻ്റെ ലക്ഷണങ്ങൾ
ഗർഭമലസിയ ശേഷം ശാരീരികമായി പൂർവ്വസ്ഥിതിയിലെത്താൻ വേണ്ടിവരുന്ന സമയം പലരിലും വ്യത്യസ്തമായിരിക്കും. എങ്കിലും, ശരീരം ഇപ്പോഴും മാറ്റങ്ങളിലൂടെ കടന്നുപോവുകയാണെന്ന് സൂചിപ്പിക്കുന്ന ചില ലക്ഷണങ്ങൾ ഇവയാണ്:
- ആർത്തവം പുനരാരംഭിക്കാൻ സമയമെടുത്തേക്കാം
- 4 – 6 ആഴ്ചകൾക്ക് ശേഷവും കടുത്ത ക്ഷീണം
- ക്രമം തെറ്റിയ, അമിത രക്തസ്രാവമുള്ള ആർത്തവം
- വിട്ടുമാറാത്ത വയറുവേദന
- ഇടയ്ക്കിടെയുണ്ടാകുന്ന അണുബാധകൾ
- ഉറക്കക്കുറവ്, ശ്രദ്ധ കേന്ദ്രീകരിക്കാൻ ബുദ്ധിമുട്ട്
ശരീരത്തിന് കൂടുതൽ പരിചരണവും വിശ്രമവും ആവശ്യമാണെന്ന് പ്രകടമാക്കാൻ ശരീരം തന്നെ തരുന്ന മുന്നറിയിപ്പുകളാണ് ഇവയെല്ലാം.
ഗർഭമലസലിന് ശേഷമുള്ള ആദ്യ ആർത്തവം
ഗർഭമലസിയതിന് ശേഷമുള്ള ആദ്യത്തെ ആർത്തവചക്രം സാധാരണ ആർത്തവത്തിൽ നിന്നും വ്യത്യസ്തമായിരിക്കാം. താഴെ പറയുന്ന മാറ്റങ്ങൾ കണ്ടേക്കാം:
- കൂടുതൽ രക്തസ്രാവം, വേദന
- താമസിച്ചോ ക്രമമല്ലാതെയോ ആർത്തവം വരാം
- വൈകാരിക ബുദ്ധിമുട്ടുകൾ
ശരീരം അതിന്റെ ഹോർമോൺ താളം വീണ്ടും വീണ്ടെടുക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് ഈ മാറ്റങ്ങൾ സംഭവിക്കുന്നത്. ആർത്തവചക്രം പൂർണ്ണമായും പഴയതുപോലെയാകാൻ സാധാരണയായി രണ്ടു മൂന്ന് മാസം സമയമെടുത്തേക്കാം.
പോഷകാഹാരം: ശാരീരികാരോഗ്യത്തിൻ്റെ അടിസ്ഥാനം
ഗർഭമലസലിന് ശേഷം ധാരാളം പോഷകങ്ങൾ ശരീരത്തിന് ആവശ്യമാണ്. ശരീരം വേഗത്തിൽ സുഖപ്പെടാൻ താഴെ പറയുന്നവയ്ക്ക് മുൻഗണന നൽകണം:
- ഇരുമ്പ് (Iron): രക്തനഷ്ടം പരിഹരിക്കാനും വിളർച്ച ഒഴിവാക്കാനും
- പ്രോട്ടീൻ (Protein): തകരാറിലായ കോശങ്ങളെയും കലകളെയും പുനർനിർമ്മിക്കാൻ (Tissue repair)
- ആരോഗ്യകരമായ കൊഴുപ്പുകൾ (Healthy fats): ഹോർമോണുകളുടെ സന്തുലിതാവസ്ഥ തിരികെ കൊണ്ടുവരാൻ സഹായിക്കുന്നു
- ബി വിറ്റാമിനുകൾ (B vitamins): നാഡീവ്യൂഹത്തിന്റെ ആരോഗ്യത്തിനും ക്ഷീണം മാറാനും
കടുത്ത ഡയറ്റുകൾ, പട്ടിണി കിടക്കൽ, അല്ലെങ്കിൽ അമിതമായി ഭാരം കുറയ്ക്കാനുള്ള പ്രവർത്തനങ്ങൾ എന്നിവ ഈ സമയത്ത് ചെയ്യുന്നത് പൂർവ്വസ്ഥിതിയിലെത്താനുള്ള ശരീരത്തിന്റെ ശ്രമങ്ങളെ വൈകിപ്പിക്കും.
വിശ്രമം എന്ന ചികിത്സ
നഷ്ടമായ ഊർജം വീണ്ടെടുത്ത് ജോലിയിലേക്കും വീട്ടിലെ ഉത്തരവാദിത്തങ്ങളിലേക്കും വേഗത്തിൽ മടങ്ങണമെന്ന സമ്മർദ്ദം പല സ്ത്രീകളും അനുഭവിക്കാറുണ്ട്. വാസ്തവത്തിൽ ഗർഭമലസിയ ശേഷമുള്ള ശാരീരികാവസ്ഥ, പ്രസവാനന്തര കാലഘട്ടം (Postpartum recovery) പോലെതന്നെയാണ്.
ശരീരം വേഗത്തിൽ പഴയ നിലയിലാകാൻ താഴെ പറയുന്നവ സഹായിക്കും:
- അമിതമായ അദ്ധ്വാനം ഒഴിവാക്കുക
- ലളിതമായ വ്യായാമങ്ങൾ ചെയ്യാം
- കൃത്യമായ ഉറക്കം വേണം
- മാനസിക സമ്മർദ്ദം കുറയ്ക്കുക
ഹോർമോണുകളെ ക്രമീകരിക്കാനും ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വീണ്ടെടുക്കാനും വിശ്രമം അനിവാര്യമാണ്.
എപ്പോഴാണ് ഡോക്ടറുടെ സഹായം തേടേണ്ടത്?
ഗർഭമലസിയതിന് ശേഷം ചെറിയ രീതിയിലുള്ള അസ്വസ്ഥതകൾ സ്വാഭാവികമാണെങ്കിലും, താഴെ പറയുന്ന ലക്ഷണങ്ങൾ കണ്ടാൽ ഒട്ടും വൈകാതെ വൈദ്യസഹായം തേടണം:
- പനിയും ദുർഗന്ധത്തോടു കൂടിയ സ്രവവും
- കഠിനമായ വയറുവേദന
- അമിത രക്തസ്രാവം
- 6 ആഴ്ചയിൽ കൂടുതൽ നീണ്ടുനിൽക്കുന്ന നേരിയ രക്തസ്രാവം (Spotting)
- മാനസികമായ തളർച്ചയോടൊപ്പം ശരീരത്തിനും ക്ഷീണം
ശാരീരിക സൗഖ്യവും മാനസികോന്മേഷവും ഒന്നുചേർന്നാലേ പൂർണ്ണമായും പഴയ അവസ്ഥയിലെത്തിച്ചേരാനാകൂ.
നെല്ലിക്ക.ലൈഫ് വീക്ഷണം
ഗർഭമലസൽ ഒരു വൈകാരിക വിഷയം മാത്രമല്ല, ശരീരം മുഴുവൻ ഉൾപ്പെടുന്ന പരിവർത്തനമാണത്. അതുകൊണ്ട് തന്നെ, ശാരീരികമായ വീണ്ടെടുപ്പിന് അതിന്റേതായ സമയവും പ്രാധാന്യവും വൈദ്യശാസ്ത്രപരമായ പരിഗണനയും ലഭിക്കേണ്ടതുണ്ട്.
ശരീരത്തിന്റെ ആവശ്യങ്ങൾ തിരിച്ചറിയുകയും അതിന് ചെവിയോർക്കുകയും ചെയ്യുമ്പോൾ, മാനസിക സന്തുലനവും സാദ്ധ്യമാകും. ഇനിയുമൊരു കുഞ്ഞുജീവന് സുരക്ഷിതമായ ഇടമാകേണ്ടതാണ് ശരീരമെന്ന തിരിച്ചറിവോടെ സ്വയം പരിപാലിക്കുക. കുടുംബാംഗങ്ങളും സമൂഹവും അതേ കാഴ്ച്ചപ്പാടോടെ ചേർന്നുനിൽക്കുക. നിരാശയിൽ നിന്ന് സന്തോഷത്തിലേക്കും തളർച്ചയിൽ നിന്ന് ഉൻമേഷത്തിലേക്കും ആ തിരിച്ചറിവ് നമ്മെക്കൊണ്ടെത്തിക്കും.




