മൈഗ്രേനും ടെൻഷൻ തലവേദനയും: എങ്ങനെ തിരിച്ചറിയാം?

മൈഗ്രേനും ടെൻഷൻ തലവേദനയും: എങ്ങനെ തിരിച്ചറിയാം?

വ്യത്യാസങ്ങൾ മനസ്സിലാക്കാം

ലോകമെമ്പാടുമുള്ള ജനങ്ങൾക്കിടയിൽ വളരെ സാധാരണയായി കണ്ടുവരുന്ന ഒരു ആരോഗ്യ പ്രശ്നമാണ് തലവേദന. പല കാരണങ്ങൾ കൊണ്ടും തലവേദനയുണ്ടാകാം. പല തരത്തിലുള്ള തലവേദനകളുമുണ്ട്. ഏതുതരം തലവേദനയാണ് അനുഭവപ്പെടുന്നത് എന്നതു സംബന്ധിച്ച്  പലർക്കും ആശയക്കുഴപ്പവും തെറ്റിദ്ധാരണകളും ഉണ്ടാകാറുണ്ട്. മൈഗ്രേനാണോ മാനസിക സമ്മർദ്ദം മൂലമുള്ള തലവേദനയാണോ എന്ന് തിരിച്ചറിയേണ്ടത് അനിവാര്യമാണ്. ശരീരവും തലച്ചോറും നൽകുന്ന സൂചനകൾ കൃത്യമായി മനസ്സിലാക്കാനും, അതുവഴി ദീർഘകാലം നീണ്ടുനിൽക്കുന്ന ശാരീരിക ബുദ്ധിമുട്ടുകൾ ഒഴിവാക്കി ശരിയായ ചികിത്സ തേടാനും ഇത് നമ്മെ സഹായിക്കുന്നു.

തിരിച്ചറിയേണ്ടതിൻ്റെ പ്രാധാന്യം

യഥാർത്ഥത്തിൽ മൈഗ്രേനും ടെൻഷൻ തലവേദനയും തികച്ചും വ്യത്യസ്തമായ രണ്ട് ശാരീരികാവസ്ഥകളാണ്. അവയുടെ കാരണങ്ങളും വേദനയുടെ രീതികളും കൈകാര്യം ചെയ്യേണ്ട വഴികളും ഒന്നിനൊന്ന് വ്യത്യസ്തമാണ്.

എല്ലാ തലവേദനകളെയും ഒരുപോലെ കാണുന്നത് പലപ്പോഴും താഴെ പറയുന്ന പ്രശ്നങ്ങളിലേക്ക് നയിക്കാം:

  • കൃത്യമായ ചികിൽസ ചെയ്യാത്തതിനാൽ ശരിയായ ആശ്വാസം ലഭിക്കില്ല
  • വേദനസംഹാരികളുടെ അമിത ഉപയോഗം
  • വേദനയുടെ തീവ്രത കൂടും
  • യഥാർത്ഥ കാരണങ്ങൾ കണ്ടെത്താൻ കഴിയാതെ വരും 

മൈഗ്രേൻ, കഠിനമായ തലവേദനയ്ക്കപ്പുറം, തലച്ചോറിലെ രക്തക്കുഴലുകൾ, ഞരമ്പുകൾ, ഹോർമോണുകൾ എന്നിവയുമായി ബന്ധപ്പെട്ട സങ്കീർണ്ണമായ ന്യൂറോളജിക്കൽ അവസ്ഥയാണ്. അതുകൊണ്ടാണ് തലവേദനയ്ക്ക് പുറമെ കാഴ്ച മങ്ങുന്നത് പോലെയുള്ള മാറ്റങ്ങൾ മൈഗ്രേനിൽ ഉണ്ടാകുന്നത്.

എന്നാൽ ടെൻഷൻ തലവേദന, പ്രധാനമായും പേശികളിലുണ്ടാകുന്ന വലിച്ചിൽ (Muscle tension), അമിതമായ മാനസിക സമ്മർദ്ദം, തെറ്റായ രീതിയിലുള്ള ഇരിപ്പും നിൽപ്പും (Posture) എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു.

ഏത് തരത്തിലുള്ള തലവേദനയാണെന്ന് മനസ്സിലാക്കുകയാണ്  വേദനയിൽ നിന്ന് ശാശ്വത പരിഹാരം കണ്ടെത്താനുള്ള ആദ്യപടി.

ടെൻഷൻ തലവേദന: മാനസിക സമ്മർദ്ദം നൽകുന്ന നോവ്

ടെൻഷൻ തലവേദനയുടെ ലക്ഷണങ്ങൾ

ഏറ്റവും കൂടുതൽ ആളുകളിൽ കണ്ടുവരുന്ന പ്രശ്നമാണ് ടെൻഷൻ തലവേദന. ഇത് സാധാരണയായി താഴെ പറയുന്ന രീതിയിൽ അനുഭവപ്പെടുന്നു:

  • കഠിനമല്ലാത്ത എന്നാൽ എപ്പോഴും നിലനിൽക്കുന്ന ഒരുതരം വേദന (Dull pain).
  • തലയ്ക്ക് ചുറ്റും മുറുക്കം അല്ലെങ്കിൽ അമർത്തിപ്പിടിക്കുന്നതുപോലെ അനുഭവപ്പെടുക
  • നെറ്റിയിലോ തലയുടെ വശങ്ങളിലോ തലയുടെ പിൻഭാഗത്തോ വല്ലാത്ത ഭാരം തോന്നുക
  • കഴുത്തിലെയും തോളിലെയും പേശികൾക്ക് മുറുക്കമോ വേദനയോ അനുഭവപ്പെടുക

ഈ വേദന സാധാരണയായി തലയുടെ രണ്ട് വശങ്ങളിലും ഒരുപോലെ ഉണ്ടാകുന്നു. ത്രീവ്രത കൂടിയതല്ലാത്തതിനാൽ സാധാരണ ജോലികളെ ഇത് പൂർണ്ണമായി തടസ്സപ്പെടുത്തില്ലെങ്കിലും എപ്പോഴും ചെറിയ അസ്വസ്ഥത നിലനിൽക്കും.

ടെൻഷൻ തലവേദനയുടെ പ്രധാന കാരണങ്ങൾ (Triggers)

ജീവിതശൈലിയും മാനസികാവസ്ഥയുമാണ് ടെൻഷൻ തലവേദനയ്ക്ക് പിന്നിലെ പ്രധാന വില്ലന്മാർ. താഴെ പറയുന്ന കാര്യങ്ങൾ ഇത്തരം തലവേദനയ്ക്ക് കാരണമായേക്കാം:

  • വിട്ടുമാറാത്ത മാനസിക സമ്മർദ്ദം
  • സ്ക്രീനുകളുടെ അമിത ഉപയോഗം
  • ശരിയല്ലാത്ത ഇരുപ്പും നിൽപ്പും
  • പല്ലുകൾ കൂട്ടിക്കടിക്കുകയും  അമർത്തിപ്പിടിക്കുകയും ചെയ്യുന്നതു മൂലം  
  • ക്രമം തെറ്റിയ ഉറക്കം
  • നിരന്തരമായ മാനസിക അസ്വസ്ഥതകൾ

ഇത്തരം തലവേദനകൾ പെട്ടെന്ന് വരുന്നതിനേക്കാൾ, പതുക്കെ തുടങ്ങി മണിക്കൂറുകളോളമോ ചിലപ്പോൾ ദിവസങ്ങളോളമോ നിലനിൽക്കാറുണ്ട്.

മറ്റ് ലക്ഷണങ്ങൾ

മൈഗ്രേനിൽ നിന്ന് വ്യത്യസ്തമായി, ടെൻഷൻ തലവേദനയിൽ സാധാരണയായി താഴെ പറയുന്ന ബുദ്ധിമുട്ടുകൾ ഉണ്ടാകാറില്ല:

  • ഓക്കാനമോ ഛർദ്ദിയോ
  • കാഴ്ചയിലെ മാറ്റങ്ങൾ
  • വെളിച്ചവും ശബ്ദവും അസഹനീയമായി തോന്നുക

നടക്കുകയോ പടികൾ കയറുകയോ ചെയ്യുന്നത് പോലെയുള്ള ശാരീരിക അദ്ധ്വാനങ്ങൾ കൊണ്ട് ഈ വേദന കൂടാറില്ല.

മൈഗ്രേൻ: തലച്ചോറിലെ കൊടുങ്കാറ്റ് 

എങ്ങനെ അനുഭവപ്പെടുന്നു?

അതിശക്തവും  സാധാരണ ജീവിതത്തെ തടസ്സപ്പെടുത്തുന്നതുമായ തരം തലവേദനയാണ് മൈഗ്രേൻ. ഇതനുഭവപ്പെടുമ്പോഴത്തെ അസ്വസ്ഥതകൾ ഇനിപ്പറയുന്നു:

  • മിടിക്കുന്നത് പോലെയുള്ള വേദന
  • അതിശക്തമായ വേദന
  • തലയുടെ ഒരു വശത്ത് വേദന അനുഭവപ്പെടുന്നു
  • ശരീരം ചലിക്കുമ്പോൾ വേദന കൂടുന്നു

പ്രധാന ലക്ഷണങ്ങൾ

മൈഗ്രേൻ വേദനയോടൊപ്പം താഴെ പറയുന്ന ഒന്നോ അതിലധികമോ ലക്ഷണങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്:

  • ഓക്കാനവും ഛർദ്ദിയും
  • ശബ്ദവും വെളിച്ചവും അസഹ്യമാകുക
  • കാഴ്ചയിലെ മാറ്റങ്ങൾ
  • തലകറക്കം
  • ക്ഷീണവും തളർച്ചയും

ചിലർക്ക് തലവേദന തുടങ്ങുന്നതിന് മണിക്കൂറുകൾക്കോ ദിവസങ്ങൾക്കോ മുൻപ് തന്നെ ശരീരം ചില സൂചനകൾ നൽകാറുണ്ട്. മൂഡ് മാറ്റങ്ങൾ, പ്രത്യേക ഭക്ഷണങ്ങളോടുള്ള കൊതി, കഴുത്തിന് അനുഭവപ്പെടുന്ന പിടുത്തം എന്നിവ ഇതിൽ ഉൾപ്പെടുന്നു.

മൈഗ്രേന്റെ പ്രധാന കാരണങ്ങൾ (Common Triggers)

മൈഗ്രേൻ വരാനുള്ള കാരണങ്ങൾ ഓരോ വ്യക്തിയിലും വ്യത്യസ്തമായിരിക്കും. എങ്കിലും പൊതുവെ കണ്ടുവരുന്ന ചില കാരണങ്ങൾ താഴെ പറയുന്നു:

  • ഹോർമോൺ വ്യതിയാനങ്ങൾ, പ്രത്യേകിച്ച് സ്ത്രീകളിൽ 
  • ഭക്ഷണം ഒഴിവാക്കുന്നതും രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയുന്നതും 
  • ഉറക്കക്കുറവും അമിതമായ ഉറക്കവും
  • പഴകിയ ചീസ്, പാക്കറ്റ് ഭക്ഷണങ്ങൾ, ചായയോ കാപ്പിയോ (Caffeine) അമിതമായി കുടിക്കുന്നത്- ഇവയെല്ലാം മൈഗ്രേനെ ഉത്തേജിപ്പിക്കും
  • പരിസ്ഥിതിയിലെ മാറ്റങ്ങൾ
  • അമിതമായ മാനസിക സമ്മർദ്ദത്തിന് ശേഷം ശരീരം ശാന്തമാകുന്ന സമയത്ത് മൈഗ്രേൻ അനുഭവപ്പെടാം

ടെൻഷൻ തലവേദനയിൽ നിന്ന് വ്യത്യസ്തമായി, മൈഗ്രേന് പിന്നിൽ ഇത്തരത്തിലുള്ള നാഡീസംബന്ധമായ കാരണങ്ങൾ (Neurological triggers) ഉണ്ടാകാറുണ്ട്.

ഒറ്റനോട്ടത്തിൽ തിരിച്ചറിയാം പ്രധാന വ്യത്യാസങ്ങൾ

വേദനയുടെ സ്വഭാവം

  • ടെൻഷൻ തലവേദന: തലയ്ക്ക് ചുറ്റും ഒരു ബാൻഡ് ഇറുക്കി കെട്ടിയതുപോലെ, മന്ദമായ മർദ്ദം അനുഭവപ്പെടുന്നു
  • മൈഗ്രേൻ:തലയ്ക്കുള്ളിൽ എന്തോ ഇടിക്കുന്നത് (Throbbing) പോലെയുള്ള കഠിനമായ വേദന

വേദനയുടെ സ്ഥാനം

  • ടെൻഷൻ തലവേദന: തലയുടെ രണ്ട് വശങ്ങളിലും ഒരുപോലെ അനുഭവപ്പെടുന്നു
  • മൈഗ്രേൻ:സാധാരണയായി തലയുടെ ഒരു വശത്ത് മാത്രം (ചിലപ്പോൾ വശങ്ങൾ മാറാം)

തീവ്രത

  • ടെൻഷൻ തലവേദന: ചെറിയ വേദന,അല്ലെങ്കിൽ ഇടത്തരം 
  • മൈഗ്രേൻ: ഇടത്തരം അല്ലെങ്കിൽ അതികഠിനമായ വേദന; ദൈനംദിന ജീവിതത്തെപ്പോലും ബാധിച്ചേക്കാം

മറ്റ് ലക്ഷണങ്ങൾ

  • ടെൻഷൻ തലവേദന:കഴുത്തിന് പിടുത്തം, തലയോട്ടിയിൽ തൊടുമ്പോൾ തോന്നുന്ന വേദന
  • മൈഗ്രേൻ: ഓക്കാനം, ഛർദ്ദി, വെളിച്ചത്തോടും ശബ്ദത്തോടുമുള്ള അസ്വസ്ഥത, കാഴ്ചയിലെ മാറ്റങ്ങൾ

പ്രവൃത്തികൾ തലവേദനയെ എങ്ങനെ ബാധിക്കുന്നു?

  • ടെൻഷൻ തലവേദന:സാധാരണയായി വേദനയിൽ കാര്യമായ മാറ്റമുണ്ടാക്കാറില്ല.
  • മൈഗ്രേൻ: ശാരീരികാദ്ധ്വാനം വേദനയെ കൂടുതൽ വഷളാക്കും.

മൈഗ്രേൻ: തെറ്റിദ്ധരിക്കപ്പെടുന്ന വേദന

മൈഗ്രേൻ വേദന, പലപ്പോഴും മാനസിക സമ്മർദ്ദം മൂലമുള്ള തലവേദനയായോ ഹോർമോൺ വ്യതിയാനം കാരണമുണ്ടാകുന്ന ശാരീരിക ബുദ്ധിമുട്ടായോ ഒക്കെ തെറ്റിദ്ധരിക്കപ്പെടാറുണ്ട്.  

മൈഗ്രേൻ ഉള്ളവരുടെ തലച്ചോറ് ബാഹ്യ സൂചനകളോട് (വെളിച്ചം, ശബ്ദം തുടങ്ങിയവ) കൂടുതൽ സെൻസിറ്റീവ് ആയി പ്രതികരിക്കുന്നു. വേദനയെയും മറ്റ് അനുഭൂതികളെയും തലച്ചോറ് കൈകാര്യം ചെയ്യുന്ന രീതിയിലുള്ള വ്യത്യാസമാണിത്. അതുകൊണ്ട് തന്നെ മൈഗ്രേൻ മാനസിക പ്രശ്നമല്ല, മറിച്ച് നാഡീസംബന്ധമായ അവസ്ഥയാണ്.

കൃത്യസമയത്ത് ചികിത്സ തേടാതിരുന്നാൽ അത് താഴെ പറയുന്ന ബുദ്ധിമുട്ടുകളിലേക്ക് നയിക്കാം:

  • തലവേദന വരുന്നത് പതിവാകുന്നു
  • സെൻട്രൽ സെൻസിറ്റൈസേഷൻ: മസ്തിഷ്ക്കം വേദനയോട് കൂടുതൽ സെൻസിറ്റീവ് ആകുകയും ചെറിയ കാര്യങ്ങൾ പോലും വലിയ വേദനയുണ്ടാക്കുകയും ചെയ്യുന്നു
  • മരുന്നുകളുടെ അമിത ഉപയോഗം
  • ജീവിതനിലവാരത്തെ ബാധിക്കുന്നു

രണ്ട് തരം തലവേദനകളും വ്യത്യസ്തമാണെങ്കിലും, ഇവ രണ്ടിനും കാരണമാകുന്ന പൊതുവായ ചില ജീവിതശൈലീ ഘടകങ്ങളുണ്ട്. ഇന്നത്തെ തിരക്കേറിയ ജീവിതരീതി നാഡീവ്യൂഹത്തിന് (Nervous System) വലിയ ആയാസമാണ് നൽകുന്നത്. ഇത് തലവേദനയുടെ ആവൃത്തിയും തീവ്രതയും വർദ്ധിപ്പിക്കുന്നു.

മൈഗ്രേനായാലും ടെൻഷൻ തലവേദനയായാലും, താഴെ പറയുന്ന കാര്യങ്ങൾ അസുഖത്തിൻ്റെ ആക്കം കൂട്ടുന്നു:

  • ഉറക്കക്കുറവ്
  • വിട്ടുമാറാത്ത മാനസിക സമ്മർദ്ദം
  • ക്രമമല്ലാത്ത ഭക്ഷണരീതി
  • നിർജ്ജലീകരണം
  • അമിതമായ സ്ക്രീൻ ഉപയോഗം
  • വ്യായാമമില്ലാത്ത അവസ്ഥ

ചുരുക്കത്തിൽ, ഈ രണ്ട് തരം തലവേദനകളെയും നിയന്ത്രിക്കാൻ മരുന്നുകൾക്കൊപ്പം തന്നെ ആരോഗ്യകരമായ ജീവിതശൈലി കെട്ടിപ്പടുക്കേണ്ടതും അനിവാര്യമാണ്.

തലവേദന തടയാൻ എന്ത് ചെയ്യണം?

ടെൻഷൻ തലവേദന കുറയ്ക്കാൻ:

  • ശരിയായ രീതിയിലുള്ള ഇരുപ്പും നിൽപ്പും ശീലമാക്കുക 
  • കൃത്യമായ ഇടവേളകളിൽ കണ്ണുകൾക്കും മനസ്സിനും വിശ്രമം നൽകുക
  • ലളിതമായ വ്യായാമങ്ങൾ ചെയ്യാം
  • മാനസിക സമ്മർദ്ദം കുറയ്ക്കാം
  • വിശ്രമത്തിന് മുൻഗണന നൽകാം

മൈഗ്രേൻ തടയാൻ:

  • കൃത്യനിഷ്ഠ ശീലിക്കുക
  • മൈഗ്രേൻ ഉണ്ടാക്കുന്ന കാരണങ്ങൾ തിരിച്ചറിയുക
  • രക്തത്തിലെ പഞ്ചസാരയുടെ  അളവ് ശ്രദ്ധിക്കാം 
  • ഹോർമോൺ തോത് ശ്രദ്ധിക്കുകയും ആവശ്യമെങ്കിൽ ഡോക്ടറുടെ നിർദ്ദേശം തേടുകയും ചെയ്യുക
  • നാഡീവ്യൂഹത്തെ ശാന്തമാക്കാം

എപ്പോഴാണ് ഡോക്ടറെ കാണേണ്ടത്?

താഴെ പറയുന്ന സാഹചര്യങ്ങളിൽ സ്വയം ചികിത്സ ഒഴിവാക്കി ഒരു വിദഗ്ദ്ധ ഡോക്ടറുടെ നിർദ്ദേശം തേടുക:

  • വേദന വർദ്ധിക്കുകയാണെങ്കിൽ
  • മുമ്പുണ്ടാകാത്ത തരത്തിൽ വേദനയുടെ സ്വഭാവത്തിൽ മാറ്റം വന്നാൽ 
  • തലവേദന കാരണം ജോലികൾ ചെയ്യാനോ ശ്രദ്ധ കേന്ദ്രീകരിക്കാനോ കഴിയാതെ വന്നാൽ
  • തലവേദനയോടൊപ്പം തളർച്ച, കാഴ്ച മങ്ങൽ, ആശയക്കുഴപ്പം എന്നിവ അനുഭവപ്പെട്ടാൽ ചികിൽസ തേടാൻ ഒട്ടും വൈകരുത്

ശരിയായ സമയത്ത് രോഗനിർണ്ണയം നടത്തുന്നത് അനാവശ്യമായ ശാരീരിക ബുദ്ധിമുട്ടുകൾ ഒഴിവാക്കാനും കൃത്യമായ ചികിത്സ ഉറപ്പാക്കാനും സഹായിക്കും.

നെല്ലിക്ക.ലൈഫ് കാഴ്ച്ചപ്പാട്

നമ്മുടെ നാഡീവ്യൂഹം നൽകുന്ന അപായസൂചനയാണ് തലവേദന. അത് വെറും വേദന മാത്രമായിക്കണ്ട് മരുന്നുകൾ കഴിച്ച് അടിച്ചമർത്തേണ്ടതില്ല. ചില ഘട്ടങ്ങളിൽ, അമിതാദ്ധ്വാനം മൂലം പ്രതിസന്ധിയിലായ ശരീരം വിശ്രമം ആഗ്രഹിക്കുന്നുവെന്ന് പറയാൻ ശ്രമിക്കുന്നതാണ് തലവേദനയുടെ രൂപത്തിൽ അനുഭവപ്പെടുന്നത്. 

ശരീരത്തിന്റെ താളം കണ്ടെത്താനും ആന്തരിക സന്തുലനം പാലിക്കാനും ചുറ്റുമുള്ള അസ്വസ്ഥതകളിൽ നിന്ന് മാറി നിൽക്കാനുമാണ് മൈഗ്രേൻ നമ്മോട് പറയുന്നത്.

അല്പനേരം വിശ്രമിക്കാനും മനസ്സിലെ ഭാരം ഇറക്കിവെക്കാനും വികാരങ്ങളെ സത്യസന്ധമായി അഭിമുഖീകരിക്കാനുമാണ് ടെൻഷൻ തലവേദന സൂചന നൽകുന്നത്. 

വേദനയോട് പൊരുതുന്നത് നിർത്തി അതിനെ മനസ്സിലാക്കാൻ തുടങ്ങുമ്പോഴാണ് യഥാർത്ഥ സ്വാസ്ഥ്യം നേടാൻ കഴിയുക എന്നോർമ്മ  വേണം.

എല്ലാ തലവേദനകളും ഒരുപോലെയല്ല. ഓരോ വേദനയ്ക്കു പിന്നിലും ഒരു സന്ദേശമുണ്ട്. അത് ക്ഷമയോടെ കേൾക്കുക. കൃത്യമായ അവബോധത്തോടെ  പ്രതികരിക്കുമ്പോഴാണ് ആരോഗ്യകരമായ മാറ്റം തുടങ്ങുന്നത്.

Related News

ബയോട്ടിൻ മുടി വളരാൻ സഹായിക്കുമോ? ശാസ്ത്രം പറയുന്നത് എന്താണെന്ന് നോക്കാം

ബയോട്ടിൻ മുടി വളരാൻ സഹായിക്കുമോ? ശാസ്ത്രം പറയുന്നത് എന്താണെന്ന് നോക്കാം

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിനാളുകളുടെ സമാധാനം കെടുത്തുന്ന കാര്യമാണ് മുടികൊഴിച്ചിൽ. മുടി വളരാതിരിക്കുകയും ഉള്ളുകുറയുകയും പൊഴിഞ്ഞുപോകുന്ന മുടിനാരുകളുടെ എണ്ണം കൂടുകയും ചെയ്യുന്നതോടെ ആശങ്കയും വർദ്ധിക്കുന്നു. ആഗോളതലത്തിൽത്തന്നെ വിപണി കയ്യടക്കിയിരിക്കുന്ന ഉൽപ്പന്നങ്ങളിൽ...

ജനുവരി 13, 2026 9:27 pm
ലോക ബ്രെയ്ൽ ദിനം 2026: അകക്കണ്ണിൻ്റെ വെളിച്ചത്തിൽ ലോകം തൊട്ടറിയുന്നവർക്കായി 

ലോക ബ്രെയ്ൽ ദിനം 2026: അകക്കണ്ണിൻ്റെ വെളിച്ചത്തിൽ ലോകം തൊട്ടറിയുന്നവർക്കായി 

കൺമുന്നിൽ കാഴ്ചകളുടെ വസന്തം സദാ പ്രാപ്യമാകുന്ന ലോകത്ത് ജീവിക്കുന്നവരാണ് നമ്മൾ. വിരൽത്തുമ്പിൻ്റെ ചലനങ്ങൾക്കനുസരിച്ച് ലോകം മുഴുവൻ കാണാൻ കഴിയുന്നവർ. അക്ഷരങ്ങളിലൂടെ അറിവിൻ്റെ ആഴം ആസ്വദിക്കാനറിയുന്നവർ.  പക്ഷെ, അകക്കണ്ണിൻ്റെ...

ജനുവരി 4, 2026 2:01 pm
അഭിനിവേശം വ്യഥയായി മാറുമ്പോൾ: അമിത ലൈംഗികാസക്തിയുടെ അടിസ്ഥാനമെന്തെന്ന് തിരിച്ചറിയാം

അഭിനിവേശം വ്യഥയായി മാറുമ്പോൾ: അമിത ലൈംഗികാസക്തിയുടെ അടിസ്ഥാനമെന്തെന്ന് തിരിച്ചറിയാം

ജീവിതത്തിൽ ചിലപ്പോഴെങ്കിലും നമ്മുടെ ആഗ്രഹങ്ങൾ നമുക്കു തന്നെ ഭാരമായിത്തോന്നാറുണ്ട്. ജീവിക്കുന്ന സാഹചര്യത്തെയും സമൂഹത്തിൽ പെരുമാറേണ്ട രീതികളെയും വ്യക്തമായി അറിയുമ്പോഴും വ്യവസ്ഥാപിത ചട്ടക്കൂടിനുള്ളിൽ ജീവിക്കാൻ വേണ്ട തിരിച്ചറിവുകൾ ഉള്ളപ്പോഴും...

ജനുവരി 4, 2026 2:00 pm
അവബോധത്തിലൂടെ സൗഖ്യത്തിലേക്ക്: അറിവിൻ്റെ പാത പിന്തുടർന്ന് പൂർണ്ണതയിലെത്താം 

അവബോധത്തിലൂടെ സൗഖ്യത്തിലേക്ക്: അറിവിൻ്റെ പാത പിന്തുടർന്ന് പൂർണ്ണതയിലെത്താം 

ശാരീരികമായും മാനസികമായും രോഗങ്ങളേതുമില്ലാതെ, ശാന്തതയും സ്വസ്ഥതയും ആസ്വദിക്കാനാകുന്ന അവസ്ഥയിൽ ജീവിക്കാൻ കഴിയണമെന്നാണ് നമ്മളെല്ലാവരും ആഗ്രഹിക്കുന്നത്. വേദനകളെല്ലാം അപ്രത്യക്ഷമാവുകയും ജീവിതം ശാന്തസുന്ദരമാകുകയും ചെയ്യുന്ന ലക്ഷ്യസ്ഥാനമായാണ് പലപ്പോഴും നാം ആരോഗ്യത്തെ...

ജനുവരി 4, 2026 1:59 pm
Top
Subscribe