ധ്യാനവും പ്രാണായാമവും: നാഡീശാസ്ത്രം പറയുന്നതെന്ത്?

ശ്വസനത്തിലൂടെ നമ്മുടെ മനസ്സിനെ എങ്ങനെ മാറ്റിയെടുക്കാം?
ചിന്തകൾ, വികാരങ്ങൾ, അനുഭവങ്ങൾ, പ്രവൃത്തികൾ എന്നിവയ്‌ക്കെല്ലാമനുസരിച്ച് നമ്മുടെ മസ്തിഷ്ക്കം നിരന്തരം പരിവർത്തനങ്ങൾക്ക് വിധേയമാകുന്നുണ്ട്. ഇത്തരത്തിൽ മാറ്റങ്ങൾ വരുത്താനുള്ള തലച്ചോറിന്റെ അത്ഭുതകരമായ കഴിവിനെയാണ് ‘ന്യൂറോപ്ലാസ്റ്റിസിറ്റി’ (Neuroplasticity) എന്ന് വിശേഷിപ്പിക്കുന്നത്. രോഗശാന്തി നേടാനും പുതിയ കാര്യങ്ങൾ പഠിക്കാനും വികാരങ്ങളെ നിയന്ത്രിക്കാനും മാനസികമായി കരുത്ത് നേടാനുമുള്ള നമ്മുടെ കഴിവിന്റെ അടിസ്ഥാനം തന്നെ ന്യൂറോപ്ളാസ്റ്റിസിറ്റിയാണ്.
മസ്തിഷ്കത്തിൻ്റെ ഘടനയും പ്രവർത്തനവും മാറ്റങ്ങൾക്ക് വിധേയമാകുന്നുവെന്ന് പുരാതന ഭാരതീയ സമ്പ്രദായങ്ങളിലുൾപ്പെടുന്ന യോഗ, പണ്ടേ പറഞ്ഞു വെച്ചിട്ടുണ്ട്. ആ വിജ്ഞാനത്തെ ശരിവെയ്ക്കുന്ന കണ്ടെത്തലുകളാണ് ആധുനിക നാഡീശാസ്ത്രവും (Neuroscience) നടത്തിയിട്ടുള്ളത്.
തലച്ചോറിന്റെ ഈ കഴിവിനെ സജീവമാക്കാൻ സഹായിക്കുന്ന ഏറ്റവും മികച്ച വഴികളാണ് ധ്യാനവും പ്രാണായാമവും. സ്വസ്ഥത നേടാനും ആത്മീയതയ്ക്ക് ഊർജം പകരാനും വേണ്ടിയുള്ള മാർഗ്ഗം എന്നതിലുപരിയായി, നമ്മുടെ നാഡീവ്യൂഹത്തെ നേരിട്ട് സ്വാധീനിക്കാനും തലച്ചോറിലെ കോശങ്ങൾ തമ്മിലുള്ള വിനിമയം മെച്ചപ്പെടുത്താനും സമ്മർദ്ദങ്ങളോടുള്ള നമ്മുടെ പ്രതികരണത്തിൽ വ്യത്യാസങ്ങൾ വരുത്താനും ഇവ സഹായിക്കുന്നു. ചുരുക്കത്തിൽ, ശരീരവും മനസ്സും തമ്മിലുള്ള സന്തുലിതാവസ്ഥ വീണ്ടെടുക്കാൻ ഇവ നമ്മെ പ്രാപ്തരാക്കുന്നു.
മാനസിക സമ്മർദ്ദവും ജോലിഭാരവും ഫോണിന്റെയും കമ്പ്യൂട്ടറിന്റെയും അമിതോപയോഗവും മനസ്സിന് മടുപ്പ് സൃഷ്ടിക്കുന്ന ഈ കാലഘട്ടത്തിൽ, തലച്ചോറും ശ്വസനവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്.
ന്യൂറോപ്ലാസ്റ്റിസിറ്റി:മസ്തിഷ്ക്കത്തിലെ പരിവർത്തനങ്ങൾ
മസ്തിഷ്ക്കം പ്രധാനമായും മൂന്ന് രീതികളിലാണ് മാറ്റങ്ങൾ വരുത്തുന്നത്:
- തലച്ചോറിലെ നാഡീ കോശങ്ങൾ (Neurons) തമ്മിൽ പുതിയ ആശയവിനിമയ പാതകൾ നിർമ്മിക്കുന്നു.
- നാം സ്ഥിരമായി ചെയ്യുന്ന കാര്യങ്ങളുടെ പാതകൾ കൂടുതൽ ശക്തമാക്കുകയും ഉപയോഗിക്കാത്തവ ദുർബലമാക്കുകയും ചെയ്യുന്നു.
- മാനസിക സമ്മർദ്ദം, ആഘാതം അല്ലെങ്കിൽ പരിക്കുകൾ എന്നിവയ്ക്ക് ശേഷം തലച്ചോർ സ്വയം ക്രമീകരിക്കുകയും പ്രവർത്തനങ്ങൾ വീണ്ടെടുക്കുകയും ചെയ്യുന്നു.
നമ്മുടെ ശീലങ്ങളും ചിന്തകളിൽ ആവർത്തിക്കപ്പെടുന്ന ഓരോ കാര്യങ്ങളും തലച്ചോറിൽ ഭൗതിക അടയാളം (Physical Imprint) അവശേഷിപ്പിക്കുന്നുണ്ട്.
നമ്മൾ എപ്പോഴും അനാവശ്യമായി ആകുലപ്പെടുകയും സമ്മർദ്ദം അനുഭവിക്കുകയും ചെയ്യുമ്പോൾ, തലച്ചോറിൽ ഭയത്തിന് കാരണമാകുന്ന ഭാഗങ്ങൾ കൂടുതൽ ശക്തമാകുന്നു. ഇത് ഉത്കണ്ഠയുടെ ചക്രവ്യൂഹം തന്നെ സൃഷ്ടിക്കുന്നു.
നേരെമറിച്ച്, ശാന്തമായ ശ്രദ്ധയോടും ഏകാഗ്രതയോടും കൂടി ശ്വസന വ്യായാമങ്ങൾ ചെയ്യുമ്പോൾ, തലച്ചോറിലെ സമാധാനവും വ്യക്തതയും നൽകുന്ന ഭാഗങ്ങൾ കൂടുതൽ കരുത്താർജ്ജിക്കുന്നു.
രോഗശാന്തി എന്നത് കേവലം മനസ്സിന്റെ അവസ്ഥ മാത്രമല്ല, അത് നമ്മുടെ ശരീരത്തിന്റെ കൂടി ഭാഗമാണെന്ന് ഇതിൽ നിന്ന് മനസ്സിലാക്കാനാകും. നമ്മൾ മനസ്സു വെച്ചാൽ, നമ്മുടെ തലച്ചോറിന്റെ പ്രവർത്തനരീതിയെ തന്നെ മാറ്റിയെടുക്കാൻ സാധിക്കുെന്നർത്ഥം.
ധ്യാനം: ഏകാഗ്രതയിലൂടെ തലച്ചോറിനെ എങ്ങനെ പരിശീലിപ്പിക്കാം?
തലച്ചോറിന് നൽകുന്ന ഏറ്റവും മികച്ച വ്യായാമമാണ് ധ്യാനം അഥവാ മെഡിറ്റേഷൻ. ജിമ്മിൽ പോയി ശരീരം പുഷ്ടിപ്പെടുത്തുന്നതുപോലെ, ബോധപൂർവ്വമായ ശ്രദ്ധയിലൂടെ (Awareness) നമ്മുടെ മനസ്സിനെ കരുത്തുറ്റതാക്കാൻ ധ്യാനത്തിലൂടെ സാധിക്കുന്നു.
ധ്യാനം തലച്ചോറിൽ വരുത്തുന്ന പ്രധാന മാറ്റങ്ങൾ ഇവയാണ്:
ധ്യാനത്തിലൂടെ മനസ്സിനെ പൂർണ്ണമായും ശൂന്യമാക്കുകയാണ് ചെയ്യുന്നതെന്നാണ് പലരുടെയും ധാരണ. യഥാർത്ഥത്തിൽ, ധ്യാനം എന്നത് മനസ്സിനു നൽകുന്ന ഒരു പരിശീലനമാണ്. വികാരപരമായി പ്രതികരിക്കാതെ, നമ്മുടെ ചിന്തകളെ വെറുമൊരു കാഴ്ചക്കാരനെപ്പോലെ നിരീക്ഷിക്കാൻ പഠിപ്പിക്കുകയാണ് ധ്യാനം ചെയ്യുന്നത്.
ധ്യാനം തലച്ചോറിൽ സൃഷ്ടിക്കുന്ന മാറ്റങ്ങൾ
ധ്യാനിക്കുമ്പോൾ നമ്മുടെ തലച്ചോറിൽ അത്ഭുതകരമായ ചില മാറ്റങ്ങൾ സംഭവിക്കുന്നുണ്ട്:
- തീരുമാനങ്ങൾ എടുക്കാനും വികാരങ്ങളെ നിയന്ത്രിക്കാനും സഹായിക്കുന്ന തലച്ചോറിലെ ‘പ്രീഫ്രോണ്ടൽ കോർട്ടക്സ്’ (Prefrontal Cortex) എന്ന ഭാഗം കൂടുതൽ കരുത്താർജ്ജിക്കുകയും സജീവമാവുകയും ചെയ്യുന്നു.
- ഭയം, ഉത്കണ്ഠ, ഭീഷണി തുടങ്ങിയവയോട് പ്രതികരിക്കുന്ന ഭാഗമായ അമിഗ്ഡാലയുടെ (Amygdala) അമിത പ്രവർത്തനം കുറയ്ക്കാൻ ധ്യാനം സഹായിക്കുന്നു.
- നമ്മുടെ വികാരങ്ങളെ നിയന്ത്രിക്കുന്ന കേന്ദ്രങ്ങളും ചിന്തിച്ചു തീരുമാനമെടുക്കുന്ന കേന്ദ്രങ്ങളും തമ്മിലുള്ള വിനിമയം മെച്ചപ്പെടുന്നു. ഇത് കാര്യങ്ങളെ കൂടുതൽ വ്യക്തതയോടെ മനസ്സിലാക്കാൻ സഹായിക്കുന്നു.
- ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവ്, ഓർമ്മശക്തി, എടുത്തുചാട്ടം നിയന്ത്രിക്കാനുള്ള കഴിവ് (Impulse control) എന്നിവ വർദ്ധിക്കുന്നു.
ചുരുക്കത്തിൽ, ധ്യാനം, നമ്മുടെ തലച്ചോറിന്റെ ഘടനയെത്തന്നെ കൂടുതൽ പോസിറ്റീവായ രീതിയിൽ മാറ്റിയെടുക്കാൻ സഹായിക്കുന്നു.
തുടർച്ചയായ പരിശീലനത്തിലൂടെ, മസ്തിഷ്ക്കം പുതിയൊരു ശൈലി പഠിച്ചെടുക്കുന്നു. ഏതെങ്കിലും ഒരു സാഹചര്യത്തോട് വൈകാരികമായി പൊട്ടിത്തെറിക്കുന്നതിന് (Reacting) പകരം, ശാന്തമായി ചിന്തിച്ച് ഉചിതമായ രീതിയിൽ പ്രതികരിക്കാൻ (Responding) ഇത് നമ്മെ പ്രാപ്തരാക്കുന്നു.
ധ്യാനത്തിലൂടെ നേടുന്ന മാനസിക കരുത്ത്
ധ്യാനം നമ്മുടെ മനസ്സിനെ ഒരു പതർച്ചയുമില്ലാതെ പ്രതിസന്ധികളെ നേരിടാൻ പാകപ്പെടുത്തുന്നു. സമ്മർദ്ദം നിറഞ്ഞ സാഹചര്യങ്ങളിൽ പോലും സമചിത്തത പാലിക്കാൻ കഴിയുന്നതാണ് ധ്യാനം നൽകുന്ന ഏറ്റവും വലിയ കരുത്ത്.
സിംപതെറ്റിക് അഡ്രിനോമെഡുലർ സിസ്റ്റം (SAM System): ശരീരത്തിന്റെ അടിയന്തര പ്രതികരണ സംവിധാനം
നമ്മുടെ മനസ്സിൽ രൂപം കൊള്ളുന്ന സമ്മർദ്ദത്തിന്റെ ചങ്ങലക്കണ്ണികളെ മുറിക്കാൻ ധ്യാനത്തിന് സാധിക്കും. മനസ്സിൽ വരുന്ന ഓരോ ചിന്തയെയും സത്യമെന്നു വിശ്വസിക്കുന്നതിന് പകരം, അവയെ വെറുമൊരു കാഴ്ചക്കാരനായി നിരീക്ഷിക്കാൻ പഠിക്കുമ്പോൾ നമ്മുടെ നാഡീവ്യൂഹത്തിന് (Nervous System) “ഞാൻ ഇപ്പോൾ സുരക്ഷിതനാണ്” എന്ന സന്ദേശം ലഭിക്കുന്നു. കാലക്രമേണ, തലച്ചോറിലെ ഉത്കണ്ഠയുണ്ടാക്കുന്ന പാതകൾ ദുർബലമാകുന്നു.
പകരം ശാന്തതയും ബോധപൂർവ്വമായ ശ്രദ്ധയും നൽകുന്ന പുതിയ പാതകൾ തലച്ചോറിൽ രൂപപ്പെടുന്നു.
ഇതാണ് യഥാർത്ഥത്തിൽ ന്യൂറോപ്ലാസ്റ്റിസിറ്റി. ഇത് നിർബന്ധപൂർവ്വം വരുത്തുന്ന മാറ്റമല്ല, മറിച്ച് സാവധാനത്തിൽ, ലളിതമായ പരിശീലനത്തിലൂടെ തലച്ചോറിൽ സംഭവിക്കുന്ന അത്ഭുതകരമായ പരിവർത്തനമാണ്.
പ്രാണായാമം: തലച്ചോറിനെ നിയന്ത്രിക്കാനുള്ള സ്വിച്ച്
നമ്മുടെ നാഡീവ്യൂഹത്തെ വേഗത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന ‘ന്യൂറൽ സ്വിച്ച്’ (Neural Switch) പോലെയാണ് ശ്വസനത്തിൻ്റെ പ്രവർത്തനം.
മനസ്സ് അസ്വസ്ഥമായിരിക്കുമ്പോൾ, ശ്വസനഗതി മാറ്റി ശാന്തത കൈവരിക്കാൻ പ്രാണായാമം നമ്മെ സഹായിക്കുന്നു. ധ്യാനം നമ്മുടെ മനസ്സിനെയാണ് പരിശീലിപ്പിക്കുന്നത് എങ്കിൽ, പ്രാണായാമം നമ്മുടെ നാഡീവ്യൂഹത്തെയാണ് (Nervous System) പരിശീലിപ്പിക്കുന്നത്.
ശരീരത്തിൽ നമ്മുടെ നിയന്ത്രണമില്ലാതെ നടക്കുന്ന പല കാര്യങ്ങളുണ്ട് (ഉദാഹരണത്തിന് ദഹനം, ഹൃദയമിടിപ്പ്). എന്നാൽ, ഇവയിൽ നമുക്ക് ബോധപൂർവ്വം നിയന്ത്രിക്കാൻ കഴിയുന്ന ഒരേയൊരു പ്രവൃത്തി ശ്വസനം മാത്രമാണ്. അതുകൊണ്ട് തന്നെ, ശ്വസനത്തിലൂടെ ഹൃദയമിടിപ്പിനെ നിയന്ത്രിക്കാനും സമ്മർദ്ദമുണ്ടാക്കുന്ന ഹോർമോണുകളെ കുറയ്ക്കാനും തലച്ചോറിലെ തരംഗങ്ങളെ ശാന്തമാക്കാനും നമുക്ക് സാധിക്കും.
വേഗസ് നാഡിയും ശ്വസനവും
നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട നാഡിയാണ് വേഗസ് ‘. സാവധാനമുളള താളാത്മക ശ്വസനം ഈ നാഡിയെ ഉത്തേജിപ്പിക്കുന്നു. ഇത് താഴെ പറയുന്ന കാര്യങ്ങളെ ക്രമീകരിക്കാൻ സഹായിക്കുന്നു:
- ഹൃദയമിടിപ്പിന്റെ താളം കൃത്യമായി നിലനിർത്തുന്നു.
- വികാരങ്ങളെ നിയന്ത്രിക്കാൻ സഹായിക്കുന്നു.
- ദഹനപ്രക്രിയ സുഗമമാക്കുന്നു.
- ശരീരത്തിലുണ്ടാകുന്ന നീർവീക്കവും അസ്വസ്ഥതകളും കുറയ്ക്കുന്നു.
വേഗസ് നാഡി ഉണരുമ്പോൾ ശരീരത്തിൽ സംഭവിക്കുന്നത്:
വേഗസ് നാഡി സജീവമാകുമ്പോൾ നമ്മുടെ ശരീരം അത്ഭുതകരമായ ചില മാറ്റങ്ങൾക്ക് സാക്ഷ്യം വഹിക്കുന്നു:
- ശരീരം എപ്പോഴും ജാഗ്രത പാലിക്കേണ്ട അവസ്ഥയിൽ (Fight-or-flight) നിന്ന് മാറി, വിശ്രമത്തിന്റെയും വീണ്ടെടുക്കലിന്റെയും (Rest-and-repair) അവസ്ഥയിലേക്ക് മാറുന്നു.
- സ്ട്രെസ് ഹോർമോൺ ആയ കോർട്ടിസോളിന്റെ (Cortisol) അളവ് കുറയുന്നു.
- തലച്ചോറിലെ തരംഗങ്ങൾ കൂടുതൽ ശാന്തമായ അവസ്ഥയിലേക്ക് (Alpha and Theta states) മാറുന്നു.
ഇത്തരത്തിൽ ശരീരം ശാന്തമാകുമ്പോൾ മാത്രമാണ് തലച്ചോറിലെ കോശങ്ങൾക്ക് പോസിറ്റീവായ മാറ്റങ്ങൾ (Neuroplasticity) ഉൾക്കൊള്ളാൻ കഴിയുന്ന മികച്ച സാഹചര്യം ഒരുങ്ങുന്നത്.
പ്രാണായാമം മസ്തിഷ്ക്കത്തെ എങ്ങനെ മാറ്റിയെടുക്കുന്നു?
പ്രാണായാമത്തിലെ ഓരോ ശ്വസനരീതിയും നമ്മുടെ തലച്ചോറിൽ വ്യത്യസ്തമായ സ്വാധീനം ചെലുത്തുന്നു:
- സാവധാനത്തിലുള്ള ദീർഘശ്വസനം വികാരങ്ങളെ നിയന്ത്രിക്കാൻ സഹായിക്കുന്ന തലച്ചോറിലെ പാതകളെ ശക്തിപ്പെടുത്തുന്നു.
- നാഡീശോധന പ്രാണായാമം അഥവാ മൂക്കിലൂടെ മാറി മാറിയുള്ള ശ്വസനം തലച്ചോറിന്റെ ഇടതു വലതു ഭാഗങ്ങളുടെ (Hemispheres) പ്രവർത്തനത്തെ സന്തുലിതമാക്കാൻ സഹായിക്കുന്നു.
- ശ്വാസം എടുക്കുന്നതിനേക്കാൾ കൂടുതൽ സമയം എടുത്ത് ഉച്ഛ്വസിക്കുന്നത്, ഉത്കണ്ഠയുണ്ടാക്കുന്ന നാഡീപ്രവർത്തനങ്ങളെ ശാന്തമാക്കുന്നു.
- നിശ്ചിത താളത്തിലുള്ള ശ്വസനരീതികൾ ഏകാഗ്രതയും ഓർമ്മശക്തിയും വർദ്ധിപ്പിക്കുന്നു.
കാലക്രമേണ ഈ പരിശീലനങ്ങൾ നമ്മുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുന്നു:
- സമ്മർദ്ദം കുറയുന്നു
- സ്വസ്ഥമായ ഉറക്കം
- വൈകാരിക സന്തുലിതാവസ്ഥ
- പ്രതിസന്ധികളെ നേരിടാനുള്ള ശേഷി
പ്രാണായാമത്തിലൂടെ നമ്മുടെ മസ്തിഷ്ക്കം സുരക്ഷിതത്വത്തിന്റെ ഭാഷ പഠിച്ചെടുക്കുന്നു. മനസ്സ് സുരക്ഷിതമാണെന്ന് തലച്ചോറിന് ബോധ്യപ്പെടുമ്പോൾ മാത്രമേ യഥാർത്ഥത്തിലുള്ള ആരോഗ്യവും വളർച്ചയും സാധ്യമാകൂ.
ധ്യാനവും പ്രാണായാമവും: ഒത്തുചേരുമ്പോഴത്തെ ഇരട്ടി മധുരം
ധ്യാനവും പ്രാണായാമവും വെവ്വേറെ ചെയ്യുന്നതിനേക്കാൾ, ഇവ രണ്ടും ഒന്നിച്ചു പരിശീലിക്കുമ്പോഴാണ് യഥാർത്ഥ ഗുണം ലഭിക്കുന്നത്.
പ്രാണായാമം നമ്മുടെ നാഡീവ്യൂഹത്തെ സജ്ജീകരിച്ച്, ശരീരത്തിലെ അസ്വസ്ഥതകളെയും പരിഭ്രാന്തിയെയും ശാന്തമാക്കുന്നു. ഇങ്ങനെ ശാന്തമായ അവസ്ഥയിൽ ധ്യാനം പരിശീലിക്കുമ്പോൾ, നമ്മുടെ വികാരങ്ങളെയും ചിന്താഗതികളെയും കൂടുതൽ ആഴത്തിൽ മാറ്റിയെടുക്കാൻ സാധിക്കുന്നു.
ഇവ രണ്ടും ഒന്നിച്ചു ചെയ്യുമ്പോൾ സംഭവിക്കുന്നത്:
- ജാഗ്രതയുള്ളതും എന്നാൽ സമാധാനപരമായതുമായ പ്രവർത്തനശൈലി തലച്ചോറിൽ സ്ഥിരമായി രൂപപ്പെടുന്നു.
- കഴിഞ്ഞ കാര്യങ്ങളെക്കുറിച്ച് ഓർത്ത് വെറുതെ ആകുലപ്പെടുന്നത് (Rumination) അവസാനിപ്പിക്കാനും ഭയത്തെ മറികടക്കാനും സഹായിക്കുന്നു.
- കാര്യങ്ങൾ പഠിക്കാനുള്ള കഴിവ്, സർഗ്ഗാത്മക ചിന്തകൾ, മറ്റുള്ളവരോടുള്ള അനുകമ്പ എന്നിവ വർദ്ധിപ്പിക്കുന്നു.
- ഉത്കണ്ഠ (Anxiety), വിഷാദം (Depression), വിട്ടുമാറാത്ത ശാരീരിക വേദനകൾ, മാനസികാഘാതങ്ങൾ (Trauma) എന്നിവയിൽ നിന്ന് വേഗത്തിൽ മോചനം നേടാൻ ഇത് സഹായിക്കുന്നു.
അതുകൊണ്ടാണ് പുരാതന യോഗാചാര്യന്മാർ ശ്വസനത്തെയും ശ്രദ്ധയെയും രണ്ട് വ്യത്യസ്ത ഘടകങ്ങളായി കണക്കാക്കാതിരുന്നത്. ശ്വാസം ശാന്തമായാൽ മനസ്സ് ശാന്തമാകും; മനസ്സ് ശാന്തമായാൽ മസ്തിഷ്ക്കവും.
മാനസികാഘാതവും സമ്മർദ്ദവും: മാറുന്ന മസ്തിഷ്ക്കം
വിട്ടുമാറാത്ത മാനസിക സമ്മർദ്ദവും പരിഹരിക്കപ്പെടാത്ത മാനസികാഘാതങ്ങളും നമ്മുടെ തലച്ചോറിന്റെ ഘടനയെത്തന്നെ മാറ്റാൻ ശേഷിയുള്ളവയാണ്. ഇവ ഓർമ്മശക്തിയേയും വൈകാരിക നിയന്ത്രണത്തേയും സഹായിക്കുന്ന തലച്ചോറിലെ ഭാഗങ്ങളെ ചുരുക്കുകയും ഭയത്തിന് കാരണമാകുന്ന ഭാഗങ്ങളെ അമിതമായി വികസിപ്പിക്കുകയും ചെയ്യുന്നു.
ധ്യാനവും പ്രാണായാമവും നമ്മുടെ കയ്പ്പേറിയ അനുഭവങ്ങളെ മായ്ച്ചു കളയുമെന്നല്ല ഇതുകൊണ്ട് അർത്ഥമാക്കുന്നത്. ആ അനുഭവങ്ങളെ മസ്തിഷ്ക്കം കൈകാര്യം ചെയ്യുന്ന രീരിയെ മാറ്റാൻ ഇവയ്ക്ക് സാധിക്കും. നാഡീവ്യൂഹത്തിന് (Nervous system) “ഞാൻ ഇപ്പോൾ സുരക്ഷിതനാണ്” എന്ന സന്ദേശം തുടർച്ചയായി നൽകുന്നതിലൂടെ താഴെ പറയുന്ന മാറ്റങ്ങൾ സംഭവിക്കുന്നു:
- ആഘാതങ്ങളോടുള്ള പ്രതികരണം കുറയുന്നു: പഴയ കയ്പ്പേറിയ അനുഭവങ്ങൾ ഓർക്കുമ്പോൾ ഉണ്ടാകുന്ന പരിഭ്രാന്തിയും വെപ്രാളവും കുറയുന്നു.
- ഓർമ്മകളെ ഉൾക്കൊള്ളാൻ സാധിക്കുന്നു: വേദനിപ്പിക്കുന്ന ഓർമ്മകൾ നമ്മെ തളർത്തുന്നതിന് പകരം, അവയെ ജീവിതത്തിന്റെ ഭാഗമായി കണ്ട് മുന്നോട്ട് പോകാൻ മനസ്സ് പ്രാപ്തമാകുന്നു.
- സമ്മർദ്ദങ്ങൾ കാരണം നഷ്ടപ്പെട്ടുപോയ തലച്ചോറിന്റെ വഴക്കം തിരികെ ലഭിക്കുന്നു.
പുരാതന വിദ്യകളും ആധുനിക ജീവിതവും
മാറ്റങ്ങൾ അനുസ്യൂതം തുടരുന്ന ഇന്നത്തെ ഡിജിറ്റൽ ലോകത്ത്, നമ്മുടെ മസ്തിഷ്ക്കം പലപ്പോഴും ബാഹ്യലോകത്തെ വിഷയങ്ങളിൽപ്പെട്ട് അസ്വസ്ഥമായിക്കൊണ്ടിരിക്കുന്നു. ഫോൺ നോട്ടിഫിക്കേഷനുകൾ, കമ്പ്യൂട്ടർ സ്‌ക്രീനുകൾ, ജോലിയിലെ തിരക്കുകൾ, മറ്റുള്ളവരുമായുള്ള താരതമ്യങ്ങൾ – ഇവയെല്ലാം നമ്മുടെ ഏകാഗ്രത നഷ്ടപ്പെടുത്തുന്നു. ഇത്, സമ്മർദ്ദമുണ്ടാക്കുന്ന നാഡീവ്യൂഹങ്ങളെ കൂടുതൽ സജീവമാക്കുകയും ചെയ്യുന്നു.
ഇത്തരമൊരു സാഹചര്യത്തിൽ, തലച്ചോറിന്റെ സന്തുലിതാവസ്ഥ നിലനിർത്താനുള്ള മികച്ച പ്രതിരോധ മാർഗ്ഗമാണ് ധ്യാനവും പ്രാണായാമവും. ഇവ:
- ചിന്തകളുടെ വേഗത കുറയ്ക്കുന്നു
- ഏകാഗ്രത വീണ്ടെടുക്കുന്നു
- ശരീരത്തെയും മനസ്സിനെയും ബന്ധിപ്പിക്കുന്നു:
മസ്തിഷ്ക്കത്തിലെ വലിയ മാറ്റങ്ങൾക്കായി ദിവസവും മണിക്കൂറുകളോളം സമയം ചിലവഴിക്കേണ്ടതില്ല. പകരം, താഴെ പറയുന്നവ ശീലമാക്കാം:
- ദിവസവും 10–15 മിനിറ്റ് ശ്വസന വ്യായാമങ്ങൾക്കായി മാറ്റിവെയ്ക്കുക.
- ദിവസവും ഏതാനും മിനിറ്റുകൾ മാത്രം നീണ്ടുനിൽക്കുന്ന ലളിതമായ ധ്യാനം പരിശീലിക്കുക.
- ജോലി ചെയ്യുമ്പോഴോ നടക്കുമ്പോഴോ ഇടയ്ക്കൊന്ന് ശ്വാസത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുക.
മാറ്റങ്ങൾ സ്ഥിരമായി എങ്ങനെ നിലനിർത്താം?
അസുഖങ്ങളില്ലാത്ത അവസ്ഥയാണ് ആരോഗ്യം എന്നല്ല, ആന്തരികമായി നല്ല മാറ്റങ്ങൾക്ക് വിധേയമാകുമ്പോഴാണ് അത് നേടാനാകുക എന്ന് നെല്ലിക്ക.ലൈഫ് വിശ്വസിക്കുന്നു.
സ്നേഹത്തോടെയുള്ള ആവർത്തനമാണ് പ്രധാനം. ബലം പ്രയോഗിച്ചോ സ്വയം നിർബന്ധിച്ചോ ഉണ്ടാക്കിയെടുക്കുന്ന അച്ചടക്കമല്ല ഇവിടെ ആവശ്യം. മറിച്ച്, സ്വയം സ്നേഹത്തോടെ, ക്ഷമയോടെ ഈ കാര്യങ്ങൾ ആവർത്തിക്കുക എന്നതാണ് ഇതിന്റെ വിജയരഹസ്യം.
ധ്യാനവും പ്രാണായാമവും ജീവിതശൈലിയുടെ ഭാഗമായ വെറും ചില ശീലങ്ങൾ മാത്രമല്ല. ആധുനിക നാഡീശാസ്ത്രത്തെയും (Neuroscience) പുരാതനമായ അറിവുകളെയും തമ്മിൽ ബന്ധിപ്പിക്കുന്ന അടിസ്ഥാനപരമായ മാർഗ്ഗങ്ങളാണിവ. സ്വയം സുഖപ്പെടാനുള്ള തലച്ചോറിന്റെ സ്വാഭാവികമായ കഴിവ് വീണ്ടെടുക്കാൻ ഇവ നമ്മെ സഹായിക്കുന്നു.
ബോധപൂർവ്വമായ ശ്വസനത്തോടൊപ്പം ഏകാഗ്രതയും കൈവരുമ്പോൾ, തലച്ചോറിൽ വിസ്മയകരമായ മാറ്റങ്ങൾ സംഭവിക്കുന്നു. അതോടൊപ്പം ജീവിതത്തിന്റെ ഗുണനിലവാരവും മെച്ചപ്പെടുന്നു.
ചുരുക്കത്തിൽ:
ന്യൂറോപ്ലാസ്റ്റിസിറ്റി എന്നത് പ്രത്യാശയുടെ ശാസ്ത്രമാണ്.
ധ്യാനവും പ്രാണായാമവും അതിലേക്കെത്താനുള്ള ഏറ്റവും ലളിതമായ മാർഗ്ഗങ്ങളും.
ഓരോ ശ്വാസത്തിലും ഓരോ നിമിഷത്തിലും പരിവർത്തനം സാധ്യമാണെന്ന് ഇവ നമ്മെ ഓർമ്മിപ്പിക്കുന്നു.




