ഭർതൃ ബലാൽസംഗം: പുറംലോകം അറിയാത്ത അനീതി, ഉള്ളുപൊള്ളിക്കുന്ന ആഘാതം

വൈവാഹിക ബലാൽസംഗം—അതായത്, പങ്കാളിയുടെ സമ്മതമില്ലാതെ ലൈംഗികബന്ധത്തിൽ ഏർപ്പെടുക എന്ന അനീതി, ഈ ആധുനിക കാലത്തും നിരവധി ഇടങ്ങളിൽ നടമാടുന്നുണ്ടെങ്കിലും വളരെ കുറച്ച് കേസുകൾ മാത്രമേ റിപ്പോർട്ട് ചെയ്യപ്പടുന്നുള്ളൂ. ഏറ്റവും കൂടുതൽ തെറ്റിദ്ധരിക്കപ്പെടുന്ന ഒരു ലൈംഗികാതിക്രമമാണിത്.
വൈവാഹിക ബലാൽസംഗത്തെക്കുറിച്ചുള്ള അവബോധവും നിയമപരിഷ്കരണത്തിനായുള്ള മുറവിളികളും വർദ്ധിച്ചുവരുന്നുണ്ടെങ്കിലും, ഇന്ത്യയിലുൾപ്പെടെ പല സമൂഹങ്ങളും വൈവാഹിക ബലാൽസംഗത്തെ നിയമപരമായ കുറ്റകൃത്യമായി ഇന്നും അംഗീകരിക്കുന്നില്ല. ഇത്, അതിജീവിതകളെ നിശ്ശബ്ദരാക്കുക മാത്രമല്ല, അവർക്ക് കടുത്ത മാനസികാഘാതങ്ങൾ നൽകുകയും ചെയ്യുന്നു. അപകടകരമായ സാമൂഹിക കീഴ്‌വഴക്കങ്ങളെ ഈ അനീതി കൂടുതൽ ശക്തമാക്കുകയും ചെയ്യുന്നു.
ഭർതൃ ബലാൽസംഗത്തിന്റെ മാനസികവും സാമൂഹികവുമായ പ്രത്യാഘാതങ്ങളെക്കുറിച്ചും ഈ വിഷയത്തെ അതർഹിക്കുന്ന ഗൗരവത്തോടെ സമീപിക്കേണ്ടതിൻ്റെ അനിവാര്യതയെക്കുറിച്ചും നമുക്ക് പരിശോധിക്കാം.
എന്താണ് വൈവാഹിക ബലാൽസംഗം?
വിവാഹബന്ധത്തിനുള്ളിൽ, ഒരു പങ്കാളി മറ്റൊരാളെ അവരുടെ പൂർണ്ണ സമ്മതമില്ലാതെ ലൈംഗിക പ്രവർത്തികൾക്ക് നിർബന്ധിക്കുമ്പോഴാണ് വൈവാഹിക ബലാൽസംഗം നടക്കുന്നത്. വിവാഹം എന്നത് ലൈംഗികബന്ധത്തിനുള്ള ഒരു സ്ഥിരം ഉടമ്പടിയാണ് എന്ന, ആണധികാരത്തിൻ്റെ കാലഹരണപ്പെട്ട അബദ്ധധാരണയിൽ നിന്നാണ് ഈ ആശയം മുളപൊട്ടുന്നത്.
സാമൂഹിക പ്രത്യാഘാതങ്ങൾ
1. പുരുഷാധിപത്യത്തെ ശക്തിപ്പെടുത്തുന്നു
ചരിത്രപരമായി നോക്കിയാൽ, സ്ത്രീയെ ഭർത്താവിന്റെ സ്വകാര്യ സ്വത്തായി കണക്കാക്കുന്ന പുരുഷാധിപത്യ വിശ്വാസത്തിൻ്റെ ആഴത്തിലുള്ള വേരോട്ടം, ഭർതൃ ബലാൽസംഗമെന്ന അതിക്രമം തുടരാൻ അവന് മറയായി. നിയമമോ സമൂഹമോ വൈവാഹിക ബലാൽസംഗം അംഗീകരിക്കാൻ വിമുഖത കാട്ടുമ്പോൾ, വിവാഹിതയായ സ്ത്രീക്ക് അവളുടെ ശരീരത്തിന്മേലുള്ള അവകാശവും നഷ്ടപ്പെടുന്നു എന്ന ദുരവസ്ഥ സംജാതമാകുന്നു.
2. സാമൂഹികമായ ഒറ്റപ്പെടലും അപമാനവും
സാമൂഹികമായി ഒറ്റപ്പെടുമോ, കുടുംബം ഉപേക്ഷിക്കുമോ, പാതിവ്രത്യം ഇല്ലാത്തവളായി മുദ്രകുത്തപ്പെടുമോ എന്നൊക്കെയുള്ള ഭയം കാരണം വൈവാഹിക ബലാൽസംഗത്തിന് വിധേയമാക്കപ്പെടുന്നവർ പലപ്പോഴും അത് പുറത്തുപറയാൻ കഴിയാതെ നിശ്ശബ്ദമായി സഹിക്കുന്നു. വിവാഹമോചനമോ വേർപിരിയലോ പെണ്ണിൻ്റെ കുറ്റമായി ചാപ്പ കുത്തപ്പെടുന്ന സംസ്കാരങ്ങളിൽ, കുടുംബത്തിന്റെ മാനം സംരക്ഷിക്കാനോ കുട്ടികളെ ഓർത്തോ ഇത്തരം പീഡനങ്ങൾ ‘സഹിക്കാൻ’ സ്ത്രീകള്‍ നിർബന്ധിതരാകുന്നു.
3. നിയമത്തിലെ പഴുതുകൾ
ഭാരതത്തിൽ, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (IPC) 375-ാം വകുപ്പ് പ്രകാരം ഭാര്യക്ക് 18 വയസ്സ് പൂർത്തിയായിട്ടുണ്ടെങ്കിൽ, അവളെ ബലാൽസംഗം ചെയ്താലും ഭർത്താവ് കുറ്റക്കാരനാകില്ല. നിയമപരമായ ഈ പഴുത്, സ്ത്രീകളെ ദുർബലരാക്കുന്നു, അവർക്ക് നീതി നിഷേധിക്കപ്പെടുന്നു, തുടർന്നും പീഡനങ്ങൾ അനുഭവിക്കേണ്ടി വരികയും ചെയ്യുന്നു.
4. തലമുറകളിലേക്ക് കൈമാറുന്ന ആഘാതം
പുരുഷാധിപത്യവും പീഡനവും സാധാരണമായ വീടുകളിൽ വളരുന്ന കുട്ടികൾ ഈ പെരുമാറ്റരീതികൾ സ്വാംശീകരിക്കാൻ സാധ്യതയുണ്ട്. ഇത്, ഭാവിയിൽ അവരുടെ സ്വന്തം ബന്ധങ്ങളിൽ ഇത്തരം പീഡനങ്ങൾ ആവർത്തിക്കുന്നതിനോ നിശബ്ദമായി സഹിക്കുന്നതിനോ ഉള്ള സാധ്യത വർദ്ധിപ്പിക്കുന്നു.
മാനസിക ആഘാതങ്ങൾ
1. പോസ്റ്റ്-ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ
വൈവാഹിക ബലാൽസംഗത്തെ അതിജീവിക്കുന്ന പലരിലും പോസ്റ്റ്-ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡറിന്റെ (PTSD) പ്രധാന ലക്ഷണങ്ങൾ കാണാറുണ്ട്. ദുരനുഭവത്തെക്കുറിച്ചുള്ള നീറുന്ന ഓർമ്മകൾ, പേടിസ്വപ്നങ്ങൾ, വൈകാരികമായ മരവിപ്പ്, കടുത്ത ഉത്കണ്ഠ എന്നിവയിലൂടെയെല്ലാം ഭർത്യ ബലാൽസംഗം അനുഭവിച്ച സ്ത്രീക്ക് കടന്നുപോകേണ്ടി വരാം. സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്ത ഒരാളിൽ നിന്നുള്ള കൊടുംക്രൂരത, ഈ ആഘാതത്തിന്റെ തീവ്രത വർദ്ധിപ്പിക്കുന്നു.
2. വിഷാദരോഗവും ആത്മഹത്യാ ചിന്തകളും
നിസ്സഹായത, എവിടെയും പോകാനാവാതെ പെട്ടുപോയി എന്ന തോന്നൽ, പിന്തുണയില്ലായ്മ തുടങ്ങിയവയെല്ലാം കടുത്ത വിഷാദരോഗത്തിലേക്ക് നയിച്ചേക്കാം. വൈവാഹിക ബലാൽസംഗത്തെ അതിജീവിക്കുന്നവർക്ക് നിരാശ കാരണം ആത്മഹത്യാ ചിന്തകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങൾ തെളിയിക്കുന്നു.
3. ലൈംഗികമായ ബുദ്ധിമുട്ടുകളും കുറ്റബോധവും
ഭർത്താവിൽ നിന്ന് മാനഭംഗം ഏറ്റുവാങ്ങേണ്ടി വന്ന സ്ത്രീക്ക്, മനസ്സിലേറ്റ മുറിവുണങ്ങാൻ ചിലപ്പോൾ അവളുടെ മുഴുവൻ ആയുസ്സും വേണ്ടിവന്നേക്കാം. ഭർതൃപീഡനത്തിന് ശേഷമുള്ള ജീവിതത്തിൽ, അവൾക്ക്, വൈകാരിക ബന്ധങ്ങളിൽ ബുദ്ധിമുട്ടുകൾ, ലൈംഗികതയോട് ഭയം, കുറ്റബോധം എന്നിവ ഉണ്ടാകുന്നതായി റിപ്പോർട്ട് ചെയ്യപ്പെടാറുണ്ട്. സമൂഹം പലപ്പോഴും അവരുടെ അനുഭവത്തെ അംഗീകരിക്കാത്തതുകൊണ്ട്, ഭർതൃ പീഡനം, ഒരുപക്ഷെ തങ്ങളുടെ തെറ്റുമൂലമാകാമെന്ന തോന്നലിൽ അവർ ആ അപമാനം സ്വയം ഏറ്റെടുക്കുന്നു.
4. ആത്മാഭിമാനം നഷ്ടപ്പെടൽ
പങ്കാളിയിൽ നിന്ന് ആവർത്തിച്ചുള്ള ലൈംഗിക പീഡനത്തിന് ഇരയാക്കപ്പെടുന്നത് ആ വ്യക്തിയുടെ ആത്മാഭിമാനത്തെയും സ്വത്വബോധത്തെയും തകർക്കും. അവർക്ക് ആത്മവിശ്വാസം നഷ്ടപ്പെടുകയും കാലങ്ങളോളം നീണ്ടുനിൽക്കുന്ന വൈകാരിക മുറിവുകളുമായി ജീവിതം തള്ളിനീക്കേണ്ടി വരികയും ചെയ്യും.
സമ്മതം പരമപ്രധാനം — അത് വിവാഹബന്ധത്തിലാണെങ്കിലും
സമ്മതം എന്നത് ഒരു ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയല്ല. ഒരു തവണ അനുമതി നൽകിയാൽ അത്, ആജീവനാന്തം നിലനിൽക്കുന്നതുമല്ല; അത് ഓരോ തവണയും സ്വതന്ത്രമായും പൂർണ്ണ അറിവോടെയും താൽപ്പര്യത്തോടെയും ഉള്ള സമ്മതമാകണം, എപ്പോൾ വേണമെങ്കിലും പിൻവലിക്കാവുന്നതുമാകണം. വിവാഹമെന്നത് ലൈംഗികതയ്ക്കുള്ള സ്ഥിരം അനുമതിപത്രമാണെന്ന ധാരണ ഒരു വ്യക്തിയുടെ ശാരീരികമായ സ്വയം നിർണ്ണയാവകാശത്തെയും വൈകാരികമായ സ്വസ്ഥതയെയും തകർത്തെറിയുന്നതിന് തുല്യമാണ്.
ഇനിയെന്ത് ?
1. നിയമപരിഷ്കരണം
ഭർതൃ ബലാത്സംഗം കുറ്റകരമല്ലാത്ത ഇന്ത്യയും മറ്റ് രാജ്യങ്ങളും അടിയന്തരമായി നിയമങ്ങൾ പരിഷ്കരിക്കേണ്ടതുണ്ട്. വൈവാഹിക ബലാത്സംഗം കുറ്റകരമാക്കുന്ന നിയമനടപടി നീതിക്കും സ്ത്രീശാക്തീകരണത്തിനും വെളിച്ചമേകും.
2. വിദ്യാഭ്യാസവും അവബോധവും
സമഗ്രമായ ലൈംഗിക വിദ്യാഭ്യാസത്തിനും ലിംഗപരമായ അവബോധത്തിനും അനുമതിയേയും ബന്ധങ്ങളെയും കുറിച്ചുള്ള മനോഭാവത്തിൽ മാറ്റം വരുത്താൻ കഴിയും. പൊതു പ്രചാരണങ്ങൾ ഒരു കാര്യം വ്യക്തമാക്കണം: ബലാത്സംഗം എന്തായാലും ബലാത്സംഗം തന്നെയാണ് — അത് ഭർത്താവിൽ നിന്നായാലും മറ്റേതെങ്കിലും പുരുഷൻമാരിൽ നിന്നായാലും.
3. പിന്തുണ സംവിധാനങ്ങൾ
എളുപ്പത്തിൽ ലഭ്യമാകുന്ന മാനസികാരോഗ്യ പിന്തുണ, പ്രതിസന്ധി ഘട്ടങ്ങളിൽ സഹായിക്കുന്ന കേന്ദ്രങ്ങൾ, അതിജീവിതരുടെ കൂട്ടായ്മകൾ എന്നിവ കൂടുതലായി ഉണ്ടാകണം. ആരോഗ്യപ്രവർത്തകർക്കും നിയമപാലകർക്കും ഇത്തരം കേസുകൾ സംയമനത്തോടെയും സഹാനുഭൂതിയോടെയും കൈകാര്യം ചെയ്യാൻ പരിശീലനം നൽകേണ്ടത് അത്യാവശ്യമാണ്.
4. സ്ത്രീശാക്തീകരണം
സാമ്പത്തിക സ്വാതന്ത്ര്യം, വിദ്യാഭ്യാസം, സാമൂഹിക പിന്തുണ എന്നിവയിലൂടെയുള്ള ശാക്തീകരണം, അതിജീവിതരെ അവരുടെ ജീവിതത്തിന്മേലുള്ള നിയന്ത്രണം വീണ്ടെടുക്കാനും ഭയമില്ലാതെ നീതി തേടാനും സഹായിക്കും.
വൈവാഹിക ബലാത്സംഗം ഒരു നിയമപ്രശ്നം മാത്രമല്ല — അത് ദൂരവ്യാപകമായ സാമൂഹിക, മാനസിക പ്രത്യാഘാതങ്ങളുണ്ടാക്കുന്ന ഒരു മനുഷ്യാവകാശ ലംഘനമാണ്. ഇത് വിശ്വാസത്തെ തകർക്കുന്നു, അക്രമത്തെ നിലനിർത്തുന്നു, അതിജീവിതരുടെ മനസ്സിലും ശരീരത്തിലും ആഴത്തിലുള്ള മുറിപ്പാടുകൾ അവശേഷിപ്പിക്കുകയും ചെയ്യുന്നു. വേട്ടക്കാരനോടൊപ്പം ഇരയ്ക്ക് ജീവിക്കേണ്ടി വരുന്നതിലെ സങ്കടം, അത് അനുഭവിച്ചവർക്ക് മായാത്ത വേദന നൽകുന്നു. സ്ത്രീകളുടെ അന്തസ്സ് ഉയർത്തിപ്പിടിക്കുന്നു എന്ന് ഊറ്റം കൊള്ളുന്ന ഒരു സമൂഹം, വൈവാഹിക ബലാത്സംഗത്തെ അവഗണിക്കുന്നത് ധാർമ്മികവും നൈതികവുമായ പരാജയമാണ്.




