കോവിഡിന് ശേഷമുള്ള ആരോഗ്യപ്രശ്നങ്ങൾ: ദീർഘകാല കോവിഡിനെക്കുറിച്ച് വൈദ്യശാസ്ത്രപരമായ ഒരവലോകനം

കോവിഡ്-19 ആദ്യമായി പടർന്നുപിടിച്ച സമയത്ത് നമ്മുടെ എല്ലാവരുടെയും ശ്രദ്ധ ജീവന് അപായം വരാതെ നിലനിർത്തുന്നതിലായിരുന്നു. എന്നാൽ മഹാമാരിയുടെ തീവ്രഘട്ടം കടന്നുപോയപ്പോൾ, മറ്റൊരു ആരോഗ്യപ്രശ്നം നമ്മെ അലട്ടാൻ തുടങ്ങി.
കോവിഡ് ബാധയിൽ നിന്ന് മുക്തരായതിന് ശേഷവും മാസങ്ങളോളം പലരിലും രോഗലക്ഷണങ്ങൾ തുടർന്നു കൊണ്ടിരുന്നു.
ഈ അവസ്ഥയെയാണ് ദീർഘകാല കോവിഡ് അഥവാ ലോങ് കോവിഡ് (Long COVID) അല്ലെങ്കിൽ പോസ്റ്റ്-കോവിഡ് സിൻഡ്രോം (Post-COVID Syndrome) എന്ന് വിശേഷിപ്പിക്കുന്നത്. ആഗോളതലത്തിൽത്തന്നെ, കോവിഡനന്തര ആരോഗ്യ സങ്കീർണ്ണതകൾ പ്രകടമാകുന്നുണ്ട്.
ദീർഘകാല കോവിഡിനെ കുറിച്ചുള്ള വൈദ്യശാസ്ത്രപരവും ശാസ്ത്രീയവുമായ വശങ്ങൾ നെല്ലിക്ക.ലൈഫ് പരിശോധിക്കുന്നു. യഥാർത്ഥത്തിൽ എന്താണിത്, എന്തുകൊണ്ടാണിതു സംഭവിക്കുന്നത്, നിലവിലെ പഠനങ്ങൾ നമുക്ക് നൽകുന്ന സൂചനകൾ എന്തൊക്കെയാണ് എന്നെല്ലാം വിശദമായി നമുക്ക് നോക്കാം.
എന്താണ് ലോങ് കോവിഡ്?
കോവിഡ് ബാധിച്ചതിന് ശേഷം മറ്റ് വ്യക്തമായ കാരണങ്ങളൊന്നുമില്ലാതെ തന്നെ, 4 മുതൽ 12 ആഴ്ചകൾ കഴിഞ്ഞിട്ടും നീണ്ടുനിൽക്കുന്നതും പുതുതായി പ്രകടമാകുന്നതുമായ രോഗലക്ഷണങ്ങളെയാണ് ലോങ് കോവിഡ് എന്ന് പറയുന്നത്.
ലോകാരോഗ്യ സംഘടന (WHO) ഉൾപ്പെടെയുള്ള ആഗോള ആരോഗ്യ സംഘടനകൾ, ഇതിനെ വൈറസ് ബാധയ്ക്ക് ശേഷമുണ്ടാകുന്ന ഒരു പ്രത്യേക ആരോഗ്യാവസ്ഥയായി അംഗീകരിച്ചിട്ടുണ്ട്.
ലോങ് കോവിഡ് ബാധിക്കുന്നത് ആരെയെല്ലാം
- കോവിഡ് കഠിനമായി ബാധിച്ചവരെ
- വളരെ നേരിയ ലക്ഷണങ്ങൾ മാത്രം ഉണ്ടായിരുന്നവരെ
- രോഗലക്ഷണങ്ങൾ പ്രകടമാകാതിരുന്ന (Asymptomatic) വ്യക്തികളിൽ
ഈ പ്രവചനാതീതമായ സ്വഭാവമാണ് ദീർഘകാല കോവിഡിനെ വൈദ്യശാസ്ത്രരംഗത്ത് അതീവ പ്രാധാന്യമുള്ളതാക്കുന്നത്.
ഇതെത്രത്തോളം വ്യാപകമാണ്?
പഠനങ്ങൾ പ്രകാരം:
കോവിഡ് ബാധിച്ചവരിൽ ഏകദേശം 10 മുതൽ 30 ശതമാനം ആളുകൾക്ക് ദീർഘകാലം നീണ്ടുനിൽക്കുന്ന ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെടാൻ സാധ്യതയുണ്ട്.
താഴെ പറയുന്നവരിൽ ഇതിനുള്ള സാധ്യത കൂടുതലായി കണ്ടുവരുന്നു:
- പ്രായമായവർ
- സ്ത്രീകൾ
- നേരത്തെ തന്നെ മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ
- കഠിനമായ രീതിയിൽ കോവിഡ് ബാധിച്ചവർ
എങ്കിലും, ചെറുപ്പക്കാരിലും മറ്റാരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ലാത്ത കരുത്തരായ വ്യക്തികളിലും ലോങ് കോവിഡ് ബാധിക്കുന്നതായി കണ്ടുവരുന്നുണ്ട്.
ലോങ് കോവിഡിന്റെ പൊതുവായ ലക്ഷണങ്ങൾ:
ശരീരത്തിലെ പല അവയവങ്ങളെയും ഒരേസമയം ലോങ് കോവിഡ് ബാധിക്കും. പ്രധാനമായും കണ്ടുവരുന്നവ:
നാഡീവ്യൂഹത്തെ ബാധിക്കുന്നവ (Neurological):
- ബ്രെയ്ൻ ഫോഗ് (Brain fog): കാര്യങ്ങൾ ഓർത്തുവെയ്ക്കാനും ശ്രദ്ധ കേന്ദ്രീകരിക്കാനുമുള്ള ബുദ്ധിമുട്ട്
- വിട്ടുമാറാത്ത തലവേദന
- തലകറക്കം
- ഉറക്കക്കുറവ് അല്ലെങ്കിൽ ഉറക്കതടസ്സം
- ഉത്കണ്ഠയും വിഷാദവും (Anxiety and depression).
ശ്വാസകോശത്തെ ബാധിക്കുന്നവ (Respiratory):
- ശ്വാസംമുട്ട് അല്ലെങ്കിൽ കിതപ്പ്
- വിട്ടുമാറാത്ത ചുമ
- ശാരീരിക അധ്വാനം ആവശ്യമുള്ള കാര്യങ്ങൾ ചെയ്യാനുള്ള ശേഷി കുറയുക.
ഹൃദയാരോഗ്യത്തെ ബാധിക്കുന്നവ (Cardiovascular):
- നെഞ്ചിടിപ്പ് കൂടുക (Palpitations).
- നെഞ്ചുവേദന
- ഇരിക്കുമ്പോഴോ നിൽക്കുമ്പോഴോ പെട്ടെന്ന് ഹൃദയമിടിപ്പ് വർദ്ധിക്കുക (Postural tachycardia).
ശാരീരികവും പേശീസംബന്ധവുമായവ:
- കടുത്ത ക്ഷീണം
- പേശികളിലും സന്ധികളിലും അനുഭവപ്പെടുന്ന വേദന
- ശാരീരികമായ തളർച്ചയും ബലക്കുറവും
മറ്റുള്ളവ:
- രുചിയും ഗന്ധവും തിരിച്ചറിയുന്നതിൽ വരുന്ന മാറ്റങ്ങൾ
- ദഹനസംബന്ധമായ പ്രശ്നങ്ങൾ (Gastrointestinal disturbances)
- മുടികൊഴിച്ചിൽ
- ആർത്തവ ചക്രത്തിലുണ്ടാകുന്ന മാറ്റങ്ങൾ (Menstrual irregularities).
ഇതിൽ അമിതമായ ക്ഷീണവും ചിന്താശേഷിയെ ബാധിക്കുന്ന ബുദ്ധിമുട്ടുകളുമാണ് ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
ലോങ് കോവിഡ് ഉണ്ടാകാനുള്ള കാരണങ്ങൾ
ദീർഘകാല കോവിഡിനെക്കുറിച്ചുള്ള പഠനങ്ങൾ ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. ലോങ് കോവിഡിനു കാരണമായി ശാസ്ത്രലോകം ചൂണ്ടിക്കാണിക്കുന്ന കാരണങ്ങൾ ഇനിപ്പറയുന്നു:
പ്രതിരോധ സംവിധാനത്തിന്റെ നിരന്തരമായ പ്രവർത്തനം
ശരീരത്തിൽ നിന്ന് വൈറസ് പുറത്തുപോയാലും നമ്മുടെ രോഗപ്രതിരോധ സംവിധാനം അമിതമായ ജാഗ്രതയിലോ അല്ലെങ്കിൽ വീക്കത്തിന് കാരണമാകുന്ന അവസ്ഥയിലോ (Inflammatory state) തന്നെ തുടരുന്നു. ശരീരത്തിലുണ്ടാകുന്ന ഇത്തരം ചെറിയ വീക്കങ്ങൾ നമ്മുടെ ഊർജ്ജത്തെയും ചിന്താശേഷിയെയും ദോഷകരമായി ബാധിച്ചേക്കാം.
വൈറസിന്റെ അവശിഷ്ടങ്ങൾ
വൈറസിന്റെ അതിസൂക്ഷ്മ ഭാഗങ്ങൾ ശരീരത്തിലെ ചില കോശങ്ങളിൽ അവശേഷിക്കുന്നുണ്ടെന്ന് ചില പഠനങ്ങൾ വ്യക്തമാക്കുന്നുണ്ട്. ഇവ നമ്മുടെ പ്രതിരോധ സംവിധാനത്തെ നിരന്തരം പ്രകോപിപ്പിച്ചുകൊണ്ടിരിക്കുന്നത് രോഗലക്ഷണങ്ങൾ നീണ്ടുനിൽക്കാൻ കാരണമാകുന്നു.
ഓട്ടോണമിക് നാഡീവ്യൂഹ പ്രവർത്തനം തകരാറിലാകുക
ലോങ് കോവിഡ് ബാധിച്ച പലരിലും ശരീരത്തിൽ സ്വയമേവ നടക്കുന്ന പ്രവർത്തനങ്ങളെ (ഉദാഹരണത്തിന് ഹൃദയമിടിപ്പ്, രക്തസമ്മർദ്ദം) നിയന്ത്രിക്കുന്ന നാഡീവ്യൂഹത്തിന്റെ താളം തെറ്റുന്നതായി കണ്ടുവരുന്നു. ഇതിന്റെ ഫലമായി, നെഞ്ചിടിപ്പ് കൂടുകയും രക്തസമ്മർദ്ദത്തിൽ മാറ്റങ്ങൾ വരികയും എഴുന്നേറ്റു നിൽക്കുമ്പോൾ തലകറക്കം അനുഭവപ്പെടുകയും ചെയ്യും.
ഇത് പി ഒ ടി എസ് ( POTS) (Postural Orthostatic Tachycardia Syndrome) എന്ന അവസ്ഥയ്ക്ക് സമാനമായ ലക്ഷണങ്ങൾ സൃഷ്ടിക്കും.
രക്തക്കുഴലുകളിലെ തകരാറുകൾ
കോവിഡ്-19 നമ്മുടെ രക്തക്കുഴലുകളെ ബാധിക്കുമെന്ന് വ്യക്തമായിട്ടുണ്ട്. രക്തക്കുഴലുകളിൽ ഉണ്ടാകുന്ന ചെറിയ രക്തക്കട്ടകളോ അല്ലെങ്കിൽ രക്തക്കുഴലുകളുടെ ആവരണത്തിലുള്ള തകരാറുകളോ അവയവങ്ങളിലേക്കുള്ള ഓക്സിജൻ പ്രവാഹത്തെ തടസ്സപ്പെടുത്തിയേക്കാം. ഇത് കടുത്ത തളർച്ചയ്ക്കും ശ്വാസതടസ്സത്തിനും കാരണമാകുന്നു.
മാനസിക സമ്മർദ്ദം മൂലമുണ്ടാകുന്ന സങ്കീർണ്ണതകൾ
ദീർഘകാലമായുള്ള രോഗാവസ്ഥ, ഒറ്റപ്പെടൽ, മഹാമാരിയുമായി ബന്ധപ്പെട്ട മറ്റ് മാനസിക സമ്മർദ്ദങ്ങൾ എന്നിവ രോഗലക്ഷണങ്ങളുടെ ആക്കം കൂട്ടിയേക്കാം. ഇത് ഉത്കണ്ഠയ്ക്കും ഉറക്കക്കുറവിനും കാരണമാകുന്നു.
ദീർഘകാല കോവിഡ് വെറും തോന്നലാണെന്നോ അല്ലെങ്കിൽ മാനസിക പ്രശ്നമാണെന്നോ ഉള്ള തരത്തിൽ കണക്കാക്കപ്പെടാറുണ്ട്. ഇതിൽ ഒട്ടും യാഥാർത്ഥ്യമില്ല എന്ന് നമ്മൾ മനസ്സിലാക്കേണ്ടതുണ്ട്.
ജൈവികതലത്തിൽ ഏറെ സങ്കീർണ്ണമായ ഒരു ശാരീരികാവസ്ഥയാണിത്. പൂർണ്ണമായും സുഖം പ്രാപിക്കുന്നതിൽ മാനസികാരോഗ്യത്തിനും വലിയ പങ്കുണ്ട്.
രോഗനിർണ്ണയം എങ്ങനെ?
ലോങ് കോവിഡ് ഉണ്ടോ എന്ന് കണ്ടെത്താൻ മാത്രമായി നിലവിൽ പ്രത്യേക പരിശോധന(Single test) ലഭ്യമല്ല.
താഴെ പറയുന്ന ഘടകങ്ങൾ വിശകലനം ചെയ്താണ് ഡോക്ടർമാർ രോഗനിർണ്ണയം നടത്തുന്നത് :
- രോഗചരിത്രം
- ലക്ഷണങ്ങളുടെ കാലദൈർഘ്യം
- നിലവിലുള്ള ബുദ്ധിമുട്ടുകൾ മറ്റ് രോഗങ്ങൾ കൊണ്ടല്ല എന്ന് ഉറപ്പുവരുത്തുന്നു
ഇതിന്റെ ഭാഗമായി ഡോക്ടർമാർ ചില പരിശോധനകൾ നിർദ്ദേശിച്ചേക്കാം:
- രക്തപരിശോധനകൾ: ശരീരത്തിലെ വീക്കത്തിന്റെ അളവ് (Inflammatory markers), തൈറോയ്ഡ് പ്രവർത്തനം, വിറ്റാമിനുകളുടെ അളവ് എന്നിവ പരിശോധിക്കാൻ.
- ചെസ്റ്റ് എക്സ്-റേ അല്ലെങ്കിൽ സി.ടി സ്കാൻ: ശ്വാസകോശത്തിന്റെ അവസ്ഥ അറിയാൻ.
- ഇ.സി.ജി (ECG): ഹൃദയമിടിപ്പിലെ മാറ്റങ്ങൾ പരിശോധിക്കാൻ.
- പൾമണറി ഫങ്ഷൻ ടെസ്റ്റ്: ശ്വാസകോശത്തിന്റെ പ്രവർത്തനശേഷി അളക്കാൻ.
മറ്റ് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്ന് ഉറപ്പുവരുത്തി, ഓരോരുത്തർക്കും ആവശ്യമായ ചികിത്സാ രീതികൾ നിശ്ചയിക്കുക എന്നതാണ് ഈ പരിശോധനകളുടെ പ്രധാന ലക്ഷ്യം.
ലോങ് കോവിഡിനെ എങ്ങനെ നേരിടാം?
നിലവിൽ ഇതിന് മാത്രമായി ഒരു പ്രത്യേക ചികിത്സ ലഭ്യമല്ല. ഓരോ വ്യക്തിയിലും പ്രകടമാകുന്ന ലക്ഷണങ്ങളെ കുറയ്ക്കാനും സാവധാനം ആരോഗ്യം തിരിച്ചുപിടിക്കാനുമാണ് ചികിത്സയിലൂടെ ശ്രമിക്കുന്നത്.
1. ഊർജ്ജം ക്രമീകരിക്കുക
ശാരീരികമായി അമിതമായി അധ്വാനിക്കുന്നത് ക്ഷീണം വർദ്ധിപ്പിക്കാൻ കാരണമാകും. അതിനാൽ രോഗികൾക്ക് നൽകുന്ന നിർദ്ദേശങ്ങൾ ഇവയാണ്:
- ജോലിയും വിശ്രമവും സന്തുലിതമാക്കുക: അല്പനേരം ജോലി ചെയ്താൽ ഉടൻ വിശ്രമിക്കുക.
- ‘പുഷ് ആൻഡ് ക്രാഷ്’ ഒഴിവാക്കുക: ശരീരം അനുവദിക്കുന്നതിലും കൂടുതൽ ആവേശം കാണിച്ച് പിന്നീട് പൂർണ്ണമായും തളർന്നുപോകുന്ന അവസ്ഥ ഒഴിവാക്കുക.
- വ്യായാമം പതുക്കെ തുടങ്ങുക: ശരീരം പാകപ്പെടുന്നതിനനുസരിച്ച് മാത്രം വ്യായാമത്തിന്റെ തീവ്രത കൂട്ടുക.
2. ശ്വാസകോശത്തിൻ്റെ ആരോഗ്യം വീണ്ടെടുക്കാൻ
പ്രത്യേക ശ്വസന വ്യായാമങ്ങളിലൂടെയും (Breathing exercises) വിദഗ്ദ്ധ മേൽനോട്ടത്തിലുള്ള പരിശീലനത്തിലൂടെയും ശ്വാസകോശത്തിന്റെ പ്രവർത്തനശേഷിയും ശാരീരിക കരുത്തും വീണ്ടെടുക്കാൻ സാധിക്കും.
3. മാനസിക പിന്തുണ
ബ്രെയ്ൻ ഫോഗ് പോലുള്ള ബുദ്ധിമുട്ടുകൾ മറികടക്കാൻ താഴെ പറയുന്നവ സഹായിക്കും:
- ചിട്ടയോടെയുള്ള ദിനചര്യ
- വേണ്ടത്ര ഉറക്കം
- ഒരേസമയം പല കാര്യങ്ങൾ ചെയ്യുന്നത് ഒഴിവാക്കുക
- പസിലുകൾ ചെയ്യുകയോ പുതിയ കാര്യങ്ങൾ പഠിക്കുകയോ ചെയ്ത് മസ്തിഷ്ക്കത്തിന് വ്യായാമം നൽകുന്നതു വഴി ചിന്താശേഷി മെച്ചപ്പെടുത്താം.
4. ഹൃദയാരോഗ്യവും നാഡീവ്യൂഹ സംരക്ഷണവും
നാഡീവ്യൂഹത്തിന്റെ താളം തെറ്റുന്നത് മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകൾ കുറയ്ക്കാൻ പ്രത്യേക ശ്രദ്ധ ആവശ്യമാണ്:
- ധാരാളം വെള്ളം കുടിക്കുക
- ഉപ്പിന്റെ ഉപയോഗം കുറയ്ക്കുക
- കാലുകളിലെ രക്തയോട്ടം സുഗമമാക്കാൻ കംപ്രഷൻ സ്റ്റോക്കിംഗ്സ് ഉപയോഗിക്കാം
- കിടക്കുകയോ ഇരിക്കുകയോ ചെയ്യുന്ന അവസ്ഥയിൽ നിന്ന് പെട്ടെന്ന് എഴുന്നേൽക്കാതെ സാവധാനത്തിൽ ചലിക്കുന്നത് തലകറക്കം ഒഴിവാക്കാൻ സഹായിക്കും
5. പോഷകാഹാരവും ജീവിതശൈലിയും
ആരോഗ്യകരമായ ജീവിതശൈലി ആരോഗ്യത്തിലേക്കുള്ള തിരിച്ചുവരവിനെ വേഗത്തിലാക്കും:
- സന്തുലിതമായ ഭക്ഷണം
- പേശികളുടെ ബലത്തിന് ആവശ്യമായ പ്രോട്ടീൻ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക
- ശരീരത്തിലെ വിറ്റാമിൻ ഡി കൃത്യമാണെന്ന് ഉറപ്പുവരുത്തുക
- ദിവസവും അല്പനേരം വെയിൽ ഏൽക്കുന്നത് ശാരീരികവും മാനസികവുമായ ഉന്മേഷത്തിന് നല്ലതാണ്
ആരോഗ്യം വീണ്ടെടുക്കാൻ എത്ര സമയമെടുക്കും?
ഓരോ വ്യക്തിയിലും ഇതിന് വേണ്ടിവരുന്ന സമയം വ്യത്യസ്തമായിരിക്കും.
ചിലർക്ക് ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ വലിയ മാറ്റങ്ങൾ അനുഭവപ്പെടാറുണ്ട്.
എന്നാൽ മറ്റു ചിലരിൽ ഈ ലക്ഷണങ്ങൾ ഒരു വർഷമോ അതിലധികമോ നീണ്ടുനിന്നേക്കാം.
മിക്കവാറും ആളുകളിലും കൃത്യമായ പരിചരണത്തിലൂടെ സാവധാനം പുരോഗതി കാണുന്നുണ്ട് എന്നതാണ് ആശ്വാസകരമായ കാര്യം. പുതിയ ചികിത്സാരീതികൾക്കായുള്ള ഗവേഷണങ്ങൾ ലോകമെമ്പാടും ഇപ്പോഴും തുടരുകയാണ്.
എപ്പോഴാണ് ഡോക്ടറുടെ സഹായം തേടേണ്ടത്?
താഴെ പറയുന്ന ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഒട്ടും വൈകാതെ വൈദ്യസഹായം തേടേണ്ടതാണ്:
- കഠിനമായ നെഞ്ചുവേദന
- പെട്ടെന്നുണ്ടാകുന്ന ശ്വാസം മുട്ടൽ
- ബോധക്ഷയം അല്ലെങ്കിൽ തലകറങ്ങി വീഴുക
- സംസാരത്തിലോ ശരീരത്തിന്റെ ചലനത്തിലോ ഉണ്ടാകുന്ന പെട്ടെന്നുള്ള മാറ്റങ്ങൾ
- വിട്ടുമാറാത്ത കഠിനമായ പനി
ലോങ് കോവിഡിന്റെ ലക്ഷണങ്ങൾ ഉണ്ടെന്ന് തോന്നുമ്പോൾ സ്വയം ചികിത്സയ്ക്ക് മുതിരാതെ ഒരു ഡോക്ടറെ കണ്ട് കൃത്യമായ ഉപദേശം തേടേണ്ടത് അത്യന്താപേക്ഷിതമാണ്.
കോവിഡ് ഏൽപ്പിക്കുന്ന ആഘാതം
ലോങ് കോവിഡ് എന്നത് ഒരു വ്യക്തിയുടെ മാത്രം ആരോഗ്യപ്രശ്നമല്ല. ഇത് നമ്മുടെ സമൂഹത്തെ പല രീതിയിൽ ബാധിക്കുന്നുണ്ട്:
തൊഴിൽ മേഖലയെയും മാനസികാരോഗ്യത്തെയും
കുടുംബാംഗങ്ങളേയും ആരോഗ്യ സംവിധാനങ്ങളെയുമെല്ലാം ഈ അവസ്ഥ സ്വാധീനിക്കുന്നുണ്ട്. ഇതു സംബന്ധിച്ച് കൃത്യമായ അറിവും അവബോധവും ഉണ്ടെങ്കിൽ മാത്രമേ അർഹമായ സമയത്ത് രോഗികൾക്ക് പിന്തുണ നൽകാനും അവരെ മാറ്റിനിർത്തുന്ന അവസ്ഥ ഒഴിവാക്കാനും സാധിക്കൂ.
ശാസ്ത്രത്തിൽ വിശ്വസിച്ച് ക്ഷമയോടെ മുന്നേറാം
വൈറസ് ബാധകൾക്ക് ദീർഘകാലം നിലനിൽക്കുന്ന പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ കഴിയുമെന്ന് ലോങ് കോവിഡ് നമ്മെ ഓർമ്മിപ്പിക്കുന്നു. ശാസ്ത്രം പുതിയ ചികിത്സകൾക്കായി പരിശ്രമിക്കുമ്പോൾ തന്നെ, താഴെ പറയുന്ന മൂന്ന് കാര്യങ്ങൾ നാം മറക്കരുത്:
- മറ്റ് സങ്കീർണ്ണമായ ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്ന് ഉറപ്പുവരുത്താൻ കൃത്യമായ വൈദ്യപരിശോധന
- ശരീരത്തെ നിർബന്ധിച്ച് പഴയപടിയാക്കാൻ ശ്രമിക്കാതെ, സാവധാനത്തിൽ ആരോഗ്യം വീണ്ടെടുക്കൽ
- രോഗികൾക്ക് നൽകേണ്ട മാനസിക പിന്തുണയും ക്ഷമയും
നിങ്ങൾക്കോ നിങ്ങൾക്ക് അറിയാവുന്ന ആർക്കെങ്കിലുമോ കോവിഡിന് ശേഷം ഇത്തരം ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നുണ്ടെങ്കിൽ, അതു വെറും തോന്നലായി കണക്കാക്കാതെ,
ഈ അവസ്ഥ യഥാർത്ഥമാണെന്ന് തിരിച്ചറിയുക. സാവധാനത്തിലാണെങ്കിൽ പോലും പൂർണ്ണമായ ആരോഗ്യം തിരിച്ചുപിടിക്കാൻ നമുക്കു സാധിക്കും.
വൈറസ് ബാധയ്ക്ക് ശേഷം ആരോഗ്യം സംബന്ധിച്ച ഇത്തരം വെല്ലുവിളികൾ നേരിടുമ്പോൾ, ശരിയായ അവബോധവും ശാസ്ത്രീയമായ മാർഗ്ഗനിർദ്ദേശങ്ങളും അനുകമ്പയോടെയുള്ള പരിചരണവും വേണമെന്ന് നെല്ലിക്ക.ലൈഫ് ഉറച്ചു വിശ്വസിക്കുന്നു. ഞങ്ങൾ അതിനായി നിലകൊള്ളുന്നു.




