ചെറിയ ആഘോഷങ്ങൾ നൽകുന്ന വലിയ സന്തോഷം: ആഘോഷങ്ങൾ കുഞ്ഞുമനസ്സുകളിൽ ചെലുത്തുന്ന സ്വാധീനം

ആഘോഷങ്ങൾ കുഞ്ഞുങ്ങൾക്ക് ആനന്ദത്തിൻ്റെ ലോകം തുറന്നു നൽകും. ആർഭാടത്തേക്കാൾ, വേണ്ടപ്പെട്ടവരുടെ കൂട്ടായ്മ നൽകുന്ന വാൽസല്യവും കുഞ്ഞുസമ്മാനങ്ങളുമെല്ലാം അവരുടെ മനസ്സിൽ സന്തോഷം നിറയ്ക്കും.
ജന്മദിനമോ, ഉത്സവമോ, സ്കൂളിലെ മൽസര വിജയമോ, അല്ലെങ്കിൽ കുടുംബാംഗങ്ങൾ ഒത്തുചേരുന്ന ലളിതമായ നിമിഷങ്ങളോ – എന്തുതന്നെ ആയാലും അവയെല്ലാം കുട്ടികൾക്ക് വലിയ സന്തോഷവും മാനസികമായ ആശ്വാസവും നൽകുന്നു.
കുട്ടികളുടെ മാനസിക വളർച്ചയിൽ ഇത്തരം നിമിഷങ്ങൾക്ക് വലിയ പങ്കുണ്ട്. ആഘോഷങ്ങൾ, കുട്ടികളിൽ തങ്ങൾ പരിഗണിക്കപ്പെടുന്നു എന്ന തോന്നൽ ഉണ്ടാക്കുകയും അവരുടെ ആത്മവിശ്വാസവും വൈകാരിക സുരക്ഷിതത്വവും വർദ്ധിപ്പിക്കുകയും ചെയ്യുന്നു. അതോടൊപ്പം തന്നെ കുടുംബാംഗങ്ങളുമായും സമൂഹവുമായുള്ള ബന്ധം കൂടുതൽ ദൃഢമാക്കാനും ഇത് സഹായിക്കുന്നു. കുട്ടിക്കാലത്തെ വിശേഷങ്ങളെക്കുറിച്ച് നമ്മൾ മുതിർന്നവർ ഓർക്കുമ്പോൾ, ആദ്യം വന്നെത്തുക ഇത്തരം ആഘോഷനിമിഷങ്ങൾ തന്നെയാണല്ലോ. അത്രയും താൽപ്പര്യത്തോടെ മനസ്സ്, നമ്മളറിയാതെതന്നെ ആ നിമിഷങ്ങളെ ഓർമ്മകളിൽ ചേർത്തുവെയ്ക്കുന്നു.
കുട്ടികൾ പഠന സമ്മർദ്ദങ്ങളും വൈകാരിക വെല്ലുവിളികളും നേരിടുന്ന ഇന്നത്തെ കാലത്ത്, അവരുടെ ചെറിയ നേട്ടങ്ങൾ പോലും ആഘോഷിക്കുന്നത് മാനസികാരോഗ്യത്തിൽ നല്ല മാറ്റങ്ങൾ കൊണ്ടുവരും.
ആഘോഷങ്ങളും കുടുംബബന്ധങ്ങളും
കുടുംബാംഗങ്ങൾക്കിടയിലുള്ള ബന്ധം ഊഷ്മളമാക്കുന്നു എന്നതാണ് ആഘോഷങ്ങളുടെ ഏറ്റവും വലിയ ഗുണം. ഇന്നത്തെ തിരക്കുപിടിച്ച ജീവിതത്തിനിടയിൽ കുടുംബത്തോടൊപ്പം മൂല്യവത്തായ സമയം ചെലവഴിക്കാൻ പലപ്പോഴും നമുക്ക് കഴിയാറില്ല. ആഘോഷങ്ങൾ മാതാപിതാക്കൾക്കും സഹോദരങ്ങൾക്കും മറ്റ് ബന്ധുക്കൾക്കുമെല്ലാം ഒത്തുചേരാനും സന്തോഷം പങ്കുവെയ്ക്കാനും ആയുസ്സ് മുഴുവൻ ഓർമ്മിക്കാവുന്ന നിമിഷങ്ങൾ സമ്മാനിക്കാനും അവസരമൊരുക്കുന്നു. ഒപ്പം, ബന്ധങ്ങളുടെ ഇഴയടുപ്പവും വർദ്ധിപ്പിക്കുന്നു.
ആഘോഷവേളകളിൽ സ്നേഹവും പരിഗണനയും ഒത്തൊരുമയും അനുഭവിക്കുമ്പോൾ തങ്ങൾ ഈ കുടുംബത്തിന്റെ ഭാഗമാണെന്ന ഉറച്ച ബോധ്യം കുട്ടികളിൽ ഉണ്ടാവുന്നു. ഈ ഒരു വൈകാരിക സുരക്ഷിതത്വം അവരെ കൂടുതൽ കരുത്തുള്ളവരും ആത്മവിശ്വാസമുള്ളവരുമാക്കും. കുടുംബവുമായുള്ള ഈ ആത്മബന്ധം കുട്ടികളുടെ മാനസികാരോഗ്യത്തിൻ്റെ സുരക്ഷാ കവചമായി മാറുകയും ജീവിതത്തിലെ സമ്മർദ്ദങ്ങളെയും ഭയത്തെയും അനിശ്ചിതത്വങ്ങളെയും മികച്ച രീതിയിൽ നേരിടാൻ അവരെ പ്രാപ്തരാക്കുകയും ചെയ്യുന്നു.
കൂട്ടായ്മകൾ നൽകുന്ന വൈകാരിക സുരക്ഷിതത്വം
കുട്ടികൾക്ക് അവരുടെ വികാരങ്ങൾ പ്രകടിപ്പിക്കാനുള്ള സുരക്ഷിതമായ ഇടമാണ് ആഘോഷങ്ങൾ. ആർത്തുല്ലസിക്കാനും ആവേശം പങ്കുവെയ്ക്കാനും അഭിമാനം കൊള്ളാനും നന്ദി പ്രകടിപ്പിക്കാനുമൊക്കെയുള്ള അവസരങ്ങൾ ഇത്തരം സന്ദർഭങ്ങളിൽ സ്വാഭാവികമായിത്തന്നെ ഉണ്ടാകുന്നു. വീട് അലങ്കരിക്കുക, പാട്ടുപാടുക, നൃത്തം ചെയ്യുക അല്ലെങ്കിൽ കളികളിൽ ഏർപ്പെടുക തുടങ്ങിയ കാര്യങ്ങളിൽ പങ്കുചേരുന്നത് കുട്ടികളുടെ ഉള്ളിലെ സമ്മർദ്ദങ്ങളെ ആരോഗ്യകരമായ രീതിയിൽ മാറ്റിയെടുക്കാൻ സഹായിക്കുന്നു.
ആഘോഷങ്ങളിലെ നല്ല നിമിഷങ്ങൾ കുട്ടികളിൽ വരുത്തുന്ന വ്യത്യാസങ്ങൾ:
- മനസ്സിന് സന്തോഷം നൽകുന്ന നിമിഷങ്ങൾ കുട്ടികളിലെ പേടിയും ടെൻഷനും അകറ്റാൻ സഹായിക്കുന്നു.
- കുട്ടികളുടെ വൈകാരികനില അഥവാ മൂഡ് മെച്ചപ്പെടുത്താനും മാനസിക സന്തുലിതാവസ്ഥ നിലനിർത്താനും ഇത് സഹായിക്കും.
- സന്തോഷവും സ്നേഹവും തുറന്നു പ്രകടിപ്പിക്കാൻ കുട്ടികൾക്ക് ഇത് ആത്മവിശ്വാസം നൽകുന്നു.
സന്തോഷം എന്നാൽ കുടുംബവും ഒത്തൊരുമയുമാണെന്ന് കുട്ടികൾ തിരിച്ചറിയുമ്പോൾ, അത് അവരുടെ മാനസിക കരുത്ത് കൂട്ടുന്നു.
ആത്മവിശ്വാസവും സ്വാഭിമാനവും വർദ്ധിക്കുന്നു
പിറന്നാളും അക്കാദമിക-കലാ-കായിക രംഗത്തു നേടുന്ന മികവും ആഘോഷിക്കപ്പെടുമ്പോൾ തങ്ങൾക്ക് മറ്റുള്ളവരുടെ മനസ്സിൽ സ്ഥാനമുണ്ടെന്നും പരിഗണിക്കപ്പെടുന്നുണ്ടെന്നും അവർക്ക് തോന്നുന്നു. മറ്റുള്ളവരിൽ നിന്നുള്ള അഭിനന്ദനങ്ങളും പ്രോത്സാഹനങ്ങളും തങ്ങളുടെ മൂല്യം മനസ്സിലാക്കാൻ കുട്ടികളെ സഹായിക്കുന്നു.
സ്‌നേഹനിർഭരമായ അംഗീകാരം കുട്ടികളിൽ സൃഷ്ടിക്കുന്ന മാറ്റങ്ങൾ :
- ആത്മാഭിമാനം വളർത്തുന്നു
- സാമൂഹിക ഇടപഴകലുകൾ സുഗമമാക്കുന്നു
- തെറ്റുകൾ സംഭവിക്കുമെന്ന പേടിയോ മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന ചിന്തയോ ഇല്ലാതെ കാര്യങ്ങളെ സമീപിക്കുന്നത് പരാജയഭീതി മറികടക്കാൻ സഹായിക്കുന്നു
ആത്മാഭിമാനം വളർന്നു തുടങ്ങുന്നതോടെ, ജീവിതത്തിലെ വെല്ലുവിളികളെ പോസിറ്റീവ് ചിന്താഗതിയോടെ നേരിടാൻ അവർ സജ്ജരാകുന്നു.
ഒത്തൊരുമയുടെ സന്തോഷവും നൈപുണ്യവികാസവും
ആഘോഷങ്ങളിൽ മിക്കപ്പോഴും സുഹൃത്തുക്കളും ബന്ധുക്കളും അയൽവാസികളുമെല്ലാം ഒത്തുചേരുന്നുണ്ടാകും. മറ്റുള്ളവരുമായി ഇടപഴകാനും ആശയവിനിമയം നടത്താനും കുട്ടികളെ ഇത്തരം സാഹചര്യങ്ങൾ സഹായിക്കുന്നു. ഒരു കൂട്ടായ്മയുടെ ഭാഗമാകുമ്പോൾ പങ്കുവെയ്ക്കാനും (Sharing), സഹകരിക്കാനും മറ്റുള്ളവർ പറയുന്നത് ശ്രദ്ധിക്കാനും മറ്റുള്ളവരുടെ വിഷമങ്ങൾ മനസ്സിലാക്കാനുമുള്ള കഴിവുകൾ കുട്ടികൾ സ്വാഭാവികമായും പഠിച്ചെടുക്കുന്നു.
ആഘോഷങ്ങളിലെ ഇത്തരം ഇടപെടലുകളിലൂടെ കുട്ടികൾ ആർജിക്കുന്ന കാര്യങ്ങൾ:
- മറ്റുള്ളവരോടുള്ള ബഹുമാനം: പ്രായമായവരോടും കൂട്ടുകാരോടും എങ്ങനെ പെരുമാറണമെന്ന് അവർ പഠിക്കുന്നു.
- കൂട്ടായ പ്രവർത്തനം: ഒറ്റ ലക്ഷ്യത്തിനായി എല്ലാവരും ഒത്തുചേർന്ന് എങ്ങനെ പ്രവർത്തിക്കാം (Teamwork) എന്ന് തിരിച്ചറിയുന്നു.
- ബന്ധങ്ങളുടെ മൂല്യം: കുടുംബത്തിന്റെയും സൗഹൃദങ്ങളുടെയും പ്രാധാന്യം അവർ മനസ്സിലാക്കുന്നു.
ഒറ്റയ്ക്കല്ല എന്ന തോന്നൽ കുട്ടികളിലെ ഏകാന്തത മാറ്റി അവർക്ക് മാനസിക ദൃഢത നൽകും. ആരോഗ്യകരമായ മാനസിക വളർച്ചയ്ക്ക് ഇത് അനിവാര്യമാണ്.
പാരമ്പര്യവും ചിട്ടയും നൽകുന്ന അറിവുകൾ
നമ്മുടെ നാടിന്റെയോ കുടുംബത്തിന്റെയോ പാരമ്പര്യം പിന്തുടർന്നുകൊണ്ടുള്ള ആഘോഷങ്ങൾ കുട്ടികൾക്ക് ജീവിതത്തിൽ അച്ചടക്കം നൽകുന്നു. ഓരോ വർഷവും ചില പ്രത്യേക ദിവസങ്ങൾ അല്ലെങ്കിൽ ചടങ്ങുകൾ ആഘോഷിക്കപ്പെടും എന്ന് മുൻകൂട്ടി അറിയുന്നത് കുട്ടികൾക്ക് വലിയൊരു ആശ്വാസമാണ്. ആ ദിവസങ്ങളെ പ്രതീക്ഷയോടെ കാത്തിരിക്കാനും അവർ ശീലിക്കുന്നു.
ഇത് കുട്ടികളെ താഴെ പറയുന്ന രീതിയിൽ സഹായിക്കുന്നു:
- വൈകാരിക സുരക്ഷിതത്വം: ജീവിതത്തിൽ ഒരു ക്രമമുണ്ടെന്ന ബോധ്യം അവർക്ക് മാനസികമായ ഉറപ്പ് നൽകുന്നു.
- സംസ്കാരത്തെയും മൂല്യങ്ങളെയും തിരിച്ചറിയുന്നു: തനത് സംസ്കാരത്തെക്കുറിച്ചും മൂല്യങ്ങളെക്കുറിച്ചും മനസ്സിലാക്കാനും സ്വന്തം വ്യക്തിത്വം തിരിച്ചറിയാനും ഇത് സഹായിക്കുന്നു.
- സ്ഥിരതയും ഒത്തൊരുമയും: തങ്ങൾ ഒരു വലിയ കുടുംബത്തിന്റെയോ സമൂഹത്തിന്റെയോ ഭാഗമാണെന്ന ചിന്ത അവരിൽ വളർത്തുന്നു.
ജീവിതത്തിൽ പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ ഇത്തരം കൃത്യമായ ശീലങ്ങളും ആഘോഷങ്ങളും കുട്ടികളുടെ മാനസികാരോഗ്യത്തിന് വലിയ പിൻബലമായി മാറാറുണ്ട്.
നന്ദിയുള്ളവരായിരിക്കാനും പോസിറ്റീവായി ചിന്തിക്കാനും പഠിപ്പിക്കാം
മറ്റുള്ളവരോട് കൃതജ്ഞതയുള്ളവരായിരിക്കാനും കാര്യങ്ങളെ പോസിറ്റീവായി കാണാനും കുട്ടികളെ പഠിപ്പിക്കാൻ പറ്റിയ അവസരമാണ് ആഘോഷങ്ങൾ. സ്നേഹവും സമ്മാനങ്ങളും പരിഗണനയും ലഭിക്കുമ്പോൾ, വെറും ദൗതിക വസ്തുക്കൾക്കപ്പുറം ബന്ധങ്ങൾക്കും നല്ല നിമിഷങ്ങൾക്കും വില നൽകാൻ അവർ പഠിക്കുന്നു. മറ്റുള്ളവരോട് കരുണ കാണിക്കാനും പങ്കുവെയ്ക്കാനുമുള്ള മനോഭാവം വളർത്താൻ മാതാപിതാക്കൾക്ക് ഈ സമയം ഉപയോഗിക്കാം.
നന്ദിയുള്ളവരായിരിക്കുന്നതും നല്ല രീതിയിൽ ചിന്തിക്കുന്നതും കുട്ടികളിൽ താഴെ പറയുന്ന ഗുണങ്ങൾ സൃഷ്ടിക്കുന്നു:
- വൈകാരിക പക്വതയോടെ സാഹചര്യങ്ങളെ നേരിടാൻ അവർ പഠിക്കുന്നു.
- ചെറിയ കാര്യങ്ങളിൽ പോലും സന്തോഷം കണ്ടെത്താൻ അവർക്ക് കഴിയുന്നു.
- സമ്മർദ്ദങ്ങളെ അതിജീവിച്ച് പ്രതിസന്ധികളിൽ തളരാതെ മുന്നോട്ട് പോകാനുള്ള മാനസിക കരുത്ത് കൈവരുന്നു.
ഈ ജീവിതനൈപുണ്യങ്ങൾ കുട്ടികളിൽ സുശക്തമായ മാനസികാരോഗ്യത്തിന് അടിത്തറ പാകുന്നു.
വലിയ ആഘോഷങ്ങൾക്കായി കാത്തിരിക്കാതെ, ദൈനംദിന ജീവിതത്തിലെ ചെറിയ സന്തോഷങ്ങൾ പോലും ആഘോഷമാക്കുന്നത് കുട്ടികളിൽ, തങ്ങൾ പരിഗണിക്കപ്പെടുന്നു എന്ന ബോധ്യം ഉണ്ടാക്കും. ഇത്തരം കൊച്ചു കൊച്ചു സന്തോഷ നിമിഷങ്ങളാണ് കുഞ്ഞുങ്ങളെ, നാളത്തെ ആരോഗ്യവും ആത്മവിശ്വാസവുമുള്ള വ്യക്തികളായി രൂപപ്പെടുത്തിയെടുക്കുന്നത്. ആഘോഷങ്ങളിലൂടെ, കൂട്ടായ്മകളിലൂടെ, നമുക്ക് നമ്മുടെ കുഞ്ഞുങ്ങളെ സ്നേഹിക്കാനും സമൂഹത്തിൻ്റെ ഭാഗമാകാനും മനോബലം നേടാനും പ്രാപ്തരാക്കാം.
References




