കേൾക്കാൻ പഠിക്കാം ആശ്വാസമേകാം: കേൾവിയും ഒരു കലയാണ്!

നമുക്ക് ചുറ്റുമുള്ളവർക്ക് പലപ്പോഴും ഒരുപാടു കാര്യങ്ങൾ പറയാനുണ്ടാകും. സമൂഹമാദ്ധ്യമങ്ങളുടെ അതിപ്രസരവും ജീവിതം കരുപ്പിടിപ്പിക്കാനുള്ള നെട്ടോട്ടവും ഒരുവശത്ത്, യാന്ത്രികമായ തിരക്കുകൾ മറുവശത്ത്. ഇതിനിടയിൽ മനസ്സിലുറയുന്ന ചിന്തകളും ആശങ്കകളും ആനന്ദത്തിൻ്റെ ചെറുകണികകളും വെളിച്ചം കണ്ടിരുന്നെങ്കിൽ എന്നാഗ്രഹിക്കാത്തവർ ചുരുക്കം. വിശ്വസിച്ച് കാര്യങ്ങൾ പറയാൻ, സമയം നൽകി അത് കേട്ടിരിക്കാൻ, ആരെങ്കിലും ഉണ്ടാകുക എന്നത് വലിയ ആശ്വാസമാണ്. സങ്കടം പറഞ്ഞാൽ പാതിയാകുമെന്നും സന്തോഷം പങ്കിട്ടാൽ ഇരട്ടിക്കുമെന്നും നമ്മൾ കേട്ടിട്ടുണ്ടെങ്കിലും അങ്ങനെ സന്തോഷവും സങ്കടവും എത്രപേർ തുറന്നു പറയുന്നുണ്ട്? പറയാൻ ആഗ്രഹമുണ്ടെങ്കിലും അത് കേൾക്കാൻ ആരുണ്ട് എന്ന ചിന്തയാണ് പലരേയും അലട്ടുന്നത്.
ഇന്നത്തെ ജീവിതസാഹര്യങ്ങളിൽ, ‘കേൾക്കുക’ എന്നത് വളരെ അപൂർവ്വമായ ഒരു കഴിവായി മാറിയിരിക്കുന്നു. നന്നായി കേൾക്കുന്നത് ബന്ധങ്ങളെ ദൃഢമാക്കുമെന്നും തർക്കങ്ങൾ കുറയ്ക്കുമെന്നും മാനസികാരോഗ്യം മെച്ചപ്പെടുത്തുമെന്നും ഗവേഷണങ്ങൾ തുടർച്ചയായി പറയുന്നുണ്ട്. സംസാരിക്കാൻ ഊഴം കാത്ത് നിശബ്ദനായിരിക്കുക എന്നതല്ല നല്ല കേൾവിക്കാരനാകുന്നതിൻ്റെ ലക്ഷണം. മറ്റൊരാളെ മനസ്സിലാക്കാൻ ബോധപൂർവ്വം നടത്തുന്ന സജീവമായ ഒരു പ്രക്രിയയാണത്.
നല്ലൊരു കേൾവിക്കാരനാവുക എന്നതിൻ്റെ യഥാർത്ഥ അർത്ഥമെന്താണ്, അതിൻ്റെ പ്രാധാന്യമെന്താണ്, വ്യക്തിജീവിതത്തിലും സാമൂഹ്യജീവിതത്തിലും ഈ കഴിവ് എങ്ങനെ വളർത്തിയെടുക്കാം എന്നതിനെക്കുറിച്ചെല്ലാം നമുക്ക് ഈ ലേഖനത്തിലൂടെ മനസ്സിലാക്കാം.
നല്ലൊരു കേൾവിക്കാരനാവുക എന്നാൽ
നല്ല കേൾവി അഥവാ ആക്ടീവ് ലിസണിംഗ് (Active Listening) എന്നത് സംസാരിക്കുന്ന വ്യക്തിയിൽ പൂർണ്ണമായി ശ്രദ്ധ കേന്ദ്രീകരിക്കുകയും അവരുടെ സന്ദേശം മനസ്സിലാക്കുകയും വിവേകത്തോടെ പ്രതികരിക്കുകയും പങ്കുവെച്ച കാര്യങ്ങൾ ഓർത്തെടുക്കുകയും ചെയ്യുന്ന ലളിതമായ പ്രവർത്തിയാണ്.
നല്ല കേൾവിക്കാരന് ഇനിപ്പറയുന്ന ഗുണങ്ങൾ ഉണ്ടാകും:
- ശ്രദ്ധ തിരിക്കാതെ സംസാരിക്കുന്ന ആളെ മാത്രം ശ്രദ്ധിക്കുന്നു.
- വിധിക്കാനല്ല, മനസ്സിലാക്കാൻ ശ്രമിക്കുന്നു.
- വസ്തുതകൾക്കൊപ്പം വികാരങ്ങളെയും അംഗീകരിക്കുന്നു.
- വ്യക്തതയോടും സഹാനുഭൂതിയോടും കൂടി പ്രതികരിക്കുന്നു.
കേൾക്കുക എന്നത് വെറുതെ നിർജീവാവസ്ഥയിൽ ഇരിക്കുന്നതല്ല. പരിശീലനവും സ്വയം അവബോധവും ആവശ്യമായ നൈപുണ്യമാണത്.
‘കേൾക്കുന്നത്’ മുമ്പത്തേക്കാളും പ്രധാനമാകാൻ കാരണം?
മനഃശാസ്ത്രപരമായ കാഴ്ചപ്പാടിൽ, മറ്റൊരാൾ തന്നെ ശ്രദ്ധിക്കുന്നുണ്ടെന്ന് തോന്നുന്നത്, അംഗീകരിക്കപ്പെടാനും ഉൾച്ചേരാനുമുള്ള മനുഷ്യൻ്റെ അടിസ്ഥാനപരമായ ആഗ്രഹത്തെ തൃപ്തിപ്പെടുത്തുന്നു. ആശയവിനിമയ ശാസ്ത്രത്തിലെ പഠനങ്ങൾ സൂചിപ്പിക്കുന്നത്, തങ്ങളെ ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടെന്ന് തോന്നുന്ന വ്യക്തികളിൽ താഴെ പറയുന്ന മാറ്റങ്ങൾ ഉണ്ടാകുന്നു എന്നാണ്:
- സമ്മർദ്ദം കുറയുന്നു.
- വികാരങ്ങളെ നിയന്ത്രിക്കാനുള്ള കഴിവ് മെച്ചപ്പെടുന്നു.
- വിശ്വാസവും ആത്മബന്ധവും വർദ്ധിക്കുന്നു.
- സംഭാഷണങ്ങളിൽ കൂടുതൽ തുറന്ന സമീപനം ഉണ്ടാകുന്നു.
ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, കുടുംബബന്ധങ്ങൾ, തൊഴിൽ എന്നീ മേഖലകളിൽ തർക്കവും സഹകരണവും തമ്മിലുള്ള വ്യത്യാസം പലപ്പോഴും നമ്മൾ എത്രത്തോളം ശ്രദ്ധിച്ചു കേൾക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും.
നല്ല രീതിയിൽ കേൾക്കുന്നതിന് തടസ്സമാകുന്ന കാര്യങ്ങൾ
നന്നായി കേൾക്കാൻ പഠിക്കുന്നതിന് മുമ്പ്, അതിന് തടസ്സമാകുന്ന കാര്യങ്ങൾ എന്തൊക്കെയാണെന്ന് തിരിച്ചറിയേണ്ടത് പ്രധാനമാണ്.
1. പെട്ടെന്ന് മറുപടി പറയാനുള്ള തിടുക്കം
പലരും കേൾക്കുന്നത് മനസ്സിലാക്കാനല്ല, മറിച്ച് മറുപടി പറയാനാണ്. ഇത് സംസാരിക്കുന്ന ആളിൽ നിന്ന് ശ്രദ്ധ മാറ്റാൻ കാരണമാകുന്നു.
2. ആന്തരികമായ അസ്വസ്ഥതകൾ
സ്വന്തം ആകുലതകൾ, മുൻവിധികൾ, അല്ലെങ്കിൽ അടുത്തതായി താൻ എന്ത് പറയണം എന്ന് മനസ്സിൽ പരിശീലിക്കുന്നത് എന്നിവ കേൾവിയുടെ സത്ത കുറയ്ക്കുന്നു.
3. ബാഹ്യ തടസ്സങ്ങൾ
മൊബൈൽ ഫോണുകൾ, നോട്ടിഫിക്കേഷനുകൾ, ചുറ്റുമുള്ള ബഹളം, ഒരേസമയം പല ജോലികൾ ചെയ്യുന്നത് എന്നിവ ശ്രദ്ധ മാറിപ്പോകാൻ കാരണമാകുന്നു.
4. വൈകാരികമായ കാരണങ്ങൾ
സംസാരിക്കുന്ന വിഷയം തനിക്ക് അസ്വസ്ഥതയുണ്ടാക്കുന്നതാണെങ്കിൽ, മനസ്സ് പെട്ടെന്ന് പ്രതിരോധത്തിലേക്ക് മാറുകയും ശ്രദ്ധ കുറയുകയും ചെയ്യുന്നു.
മികച്ച രീതിയിൽ കേൾക്കാൻ പഠിക്കാം: ചില പ്രായോഗിക മാർഗ്ഗങ്ങൾ
1. പൂർണ്ണമായും ആ സംഭാഷണത്തിൽ മുഴുകുക
സംസാരിക്കുന്ന വ്യക്തിക്ക് നിങ്ങളുടെ പൂർണ്ണ ശ്രദ്ധ നൽകുക. ഫോണും മറ്റ് ഉപകരണങ്ങളും മാറ്റിവെയ്ക്കുക, സ്വാഭാവികമായ രീതിയിൽ കണ്ണിൽ നോക്കി സംസാരിക്കുക (eye contact), തുറന്ന പെരുമാറ്റം ശീലിക്കുക. നിങ്ങളുടെ സാന്നിധ്യം അവർക്ക് നൽകുന്ന വലിയൊരു ബഹുമതിയാണ്.
2. പരിഹാരത്തിനല്ല, മനസ്സിലാക്കാൻ വേണ്ടി കേൾക്കുക
എല്ലാ സംഭാഷണങ്ങൾക്കും പരിഹാരം (solution) കണ്ടെത്തേണ്ട കാര്യമില്ല. ആളുകൾക്ക് ഉപദേശങ്ങളല്ല, സഹാനുഭൂതിയാകും പലപ്പോഴും വേണ്ടിവരിക. “ഇവർ ആഗ്രഹിക്കുന്നത് എൻ്റെ പിന്തുണയാണോ അതോ പരിഹാരമാണോ?” എന്ന് സ്വയം ചോദിക്കുക, മനസ്സിലാക്കുക.
3. റിഫ്ലെക്റ്റീവ് ലിസണിംഗ്
നിങ്ങൾ മനസ്സിലാക്കിയ കാര്യം സ്വന്തം വാക്കുകളിൽ ഒന്നുകൂടി പറഞ്ഞു നോക്കുക. ഇത് തെറ്റിദ്ധാരണകൾ ഒഴിവാക്കാൻ സഹായിക്കും.
ഉദാഹരണം:
“ജോലിഭാരം കാരണം നീ വലിയ സമ്മർദ്ദത്തിലാണെന്നാണ് എനിക്ക് തോന്നുന്നത്, ശരിയാണോ?”
ഇത്തരത്തിൽ സംസാരിക്കുന്നത്, നിങ്ങൾ ആ വ്യക്തിയെ ശ്രദ്ധിക്കുന്നുണ്ടെന്ന് അവർക്ക് ഉറപ്പുനൽകുന്നു.
4. വികാരങ്ങളെ അംഗീകരിക്കുക
ഒരാളുടെ വികാരങ്ങളെ ശരിവെക്കുക എന്നതിനർത്ഥം അവരുടെ അഭിപ്രായങ്ങളോട് നിങ്ങൾ പൂർണ്ണമായി യോജിക്കുന്നു എന്നല്ല. പകരം, അവർക്ക് എന്ത് തോന്നുന്നു എന്ന് നിങ്ങൾ മനസ്സിലാക്കുന്നു എന്നതാണ്.
താഴെ പറയുന്ന ലളിതമായ വാക്യങ്ങൾ ഉപയോഗിക്കുന്നത് വലിയ മാറ്റമുണ്ടാക്കും:
- “അത് ശരിക്കും പ്രയാസകരമായ ഒന്നാണെന്ന് എനിക്ക് മനസ്സിലാകുന്നുണ്ട്.”
- “അത് നിന്നെ വിഷമിപ്പിച്ചത് എന്തുകൊണ്ടാണെന്ന് എനിക്ക് ഊഹിക്കാം.”
5. തുറന്ന ചോദ്യങ്ങൾ ചോദിക്കുക
‘അതെ’ എന്നോ ‘അല്ല’ എന്നോ മാത്രം ഉത്തരം പറയാൻ കഴിയുന്ന ചോദ്യങ്ങൾക്ക് പകരം, കൂടുതൽ കാര്യങ്ങൾ പങ്കുവെക്കാൻ പ്രേരിപ്പിക്കുന്ന ചോദ്യങ്ങൾ ചോദിക്കുക.
ഉദാഹരണങ്ങൾ:
- “ഇതിൽ ഏറ്റവും വെല്ലുവിളിയായി തോന്നിയത് എന്താണ്?”
- “ആ സംഭവം നിന്നിൽ എങ്ങനെയുള്ള വികാരമാണ് ഉണ്ടാക്കിയത്?”
6. ഇടയ്ക്ക് കയറി സംസാരിക്കാതിരിക്കുക
സംസാരത്തിനിടയിൽ തടസ്സപ്പെടുത്തുന്നത് നിങ്ങൾക്ക് ക്ഷമയില്ലെന്നോ അല്ലെങ്കിൽ നിങ്ങൾക്ക് അവരേക്കാൾ അറിവുണ്ടെന്നോ ഉള്ള തെറ്റായ സന്ദേശം നൽകിയേക്കാം. അവർ സംസാരിച്ചു തീരുന്നത് വരെ കാത്തിരിക്കുക; ചിലപ്പോൾ ആ മൗനം, കാര്യങ്ങൾ കൂടുതൽ വ്യക്തമാക്കാൻ സഹായിക്കും.
7. സ്വന്തം ചിന്തകളെ നിയന്ത്രിക്കുക
സംഭാഷണത്തിനിടയിൽ നിങ്ങളുടെ മനസ്സ് മറ്റൊരാളെ വിധിക്കാനോ അല്ലെങ്കിൽ പ്രതിരോധിക്കാനോ ശ്രമിക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക. അങ്ങനെ സംഭവിക്കുമ്പോൾ, സാവധാനം നിങ്ങളുടെ ശ്രദ്ധ വീണ്ടും സംസാരിക്കുന്ന ആളിലേക്ക് തന്നെ കൊണ്ടുവരിക.
പ്രയാസകരമായ സംഭാഷണങ്ങൾ ശ്രദ്ധയോടെ കേൾക്കാം
നന്നായി കേൾക്കുക എന്ന ഗുണം ഏറ്റവും മൂല്യമുള്ളതായി മാറുന്നത് വികാരങ്ങൾ നിയന്ത്രിക്കാൻ ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിലാണ്. അത്തരം നിമിഷങ്ങളിൽ:
- നിങ്ങളുടെ പ്രതികരണങ്ങളുടെ വേഗത കുറയ്ക്കുക.
- സ്വന്തം ശ്വാസോച്ഛ്വാസം നിയന്ത്രിക്കുക.
- മറ്റുള്ളവർ നിങ്ങളെ മനസ്സിലാക്കുന്നതിന് മുൻപ്, അവരെ മനസ്സിലാക്കാൻ ശ്രമിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.
ഈ രീതി സ്വീകരിക്കുന്നത് പ്രശ്നങ്ങൾ വഷളാകാതിരിക്കാനും പരസ്പര ബഹുമാനം നിലനിർത്താനും സഹായിക്കും.
സ്വന്തം മനസ്സ് പറയുന്നതും കേൾക്കാം
മറ്റുള്ളവരുടെ സംസാരം കേൾക്കുന്നതിൽ മാത്രമായി ഈ കഴിവ് ഒതുങ്ങിനിൽക്കുന്നില്ല. സ്വയം കേൾക്കുക. നിങ്ങളുടെ ചിന്തകൾ, വികാരങ്ങൾ, ശരീരത്തിൽ നിന്നുള്ള സൂചനകൾ എന്നിവ ശ്രദ്ധിക്കുക എന്നത് മാനസികാരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്.
ഡയറി എഴുതുക (Journaling), മൈൻഡ്‌ഫുൾനെസ് (Mindfulness), ശാന്തമായ ആത്മപരിശോധന എന്നിവ ശീലിക്കുന്നത് ആന്തരിക അവബോധം വർദ്ധിപ്പിക്കാനും മറ്റുള്ളവരെ മികച്ച രീതിയിൽ ശ്രദ്ധിക്കാനും നിങ്ങളെ സഹായിക്കും.
നന്നായി കേൾക്കുന്നതുകൊണ്ടുള്ള ദീർഘകാല ഗുണങ്ങൾ
നിങ്ങൾ തുടർച്ചയായി നന്നായി കേൾക്കാൻ ശീലിക്കുമ്പോൾ, അത്:
- വ്യക്തിബന്ധങ്ങളെ കൂടുതൽ ദൃഢമാക്കുന്നു.
- ജോലിസ്ഥലത്തെ ആശയവിനിമയം മെച്ചപ്പെടുത്തുന്നു.
- വൈകാരിക ബുദ്ധി (Emotional Intelligence) വർദ്ധിപ്പിക്കുന്നു.
- പരസ്പര വിശ്വാസവും സുരക്ഷിതത്വബോധവും വളർത്തുന്നു.
ഇതൊരു നിസ്സാര കഴിവല്ല; കാലക്രമേണ നിങ്ങളുടെ വ്യക്തിത്വ വികാസത്തിനും സാമൂഹിക ഐക്യത്തിനും ഇത് വലിയ പ്രയോജനം ചെയ്യും.
കേൾക്കുക എന്നാൽ കരുതുക എന്നാണ്
ശ്രദ്ധിച്ചു കേൾക്കുക എന്നത് ചിലർക്ക് മാത്രം ജന്മനാ ലഭിക്കുന്ന ഒരു കഴിവല്ല; ആർക്കും പഠിച്ചെടുക്കാവുന്നതും ജീവിതനിലവാരം ഉയർത്തുന്നതുമായ ഒരു നൈപുണ്യമാണത്. മറ്റൊരാളെ ശ്രദ്ധിക്കാൻ, കൃത്രിമത്വമില്ലാതെ കേൾക്കാൻ — നിങ്ങൾ തയ്യാറാകുമ്പോൾ, നിങ്ങൾ അവർക്ക് നൽകുന്നത് ഏറ്റവും വലിയ കരുതലാണ്, ആദരവാണ്.
ബഹളങ്ങൾ നിറഞ്ഞ ഈ ലോകത്ത്, ശ്രദ്ധയോടെയുള്ള കേൾവി ഒരു നിശ്ശബ്ദ ശക്തിയാണ്. പലപ്പോഴും ബന്ധങ്ങളെ സുഖപ്പെടുത്തുന്നതും വിളക്കിച്ചേർക്കുന്നതും മാറ്റിമറിക്കുന്നതും ഇതേ ശക്തി തന്നെ.
References




