ആർത്തവവിരാമത്തിന് ശേഷമുള്ള കാലം: പുതിയ ജീവിതശൈലിയുടെ അനിവാര്യത

ആർത്തവവിരാമത്തിന് ശേഷമുള്ള കാലം: പുതിയ ജീവിതശൈലിയുടെ അനിവാര്യത

സ്ത്രീകളുടെ ജീവിതത്തിൽ ആദ്യമായി ആർത്തവം തുടങ്ങുന്നതു പോലെ തന്നെ പ്രധാനമാണ് ആർത്തവവിരാമവും. ആർത്തവവിരാമം അഥവാ മെനോപോസിനെ (Menopause) പൊതുവെ നഷ്ടങ്ങളുടെ കാലമായാണ് കണക്കാക്കുന്നത്. കൗമാരകാലത്താരംഭിച്ച ആർത്തവം നഷ്ടമാകുന്നു, അമ്മയാകാനുള്ള ശേഷി നഷ്ടമാകുന്നു, യൗവ്വനം നഷ്ടമാകുന്നു അങ്ങനെയങ്ങനെ കുറച്ചേറെ നഷ്ടങ്ങളുടെ കാലം. 

എന്നാൽ ശാസ്ത്രീയമായി നോക്കിയാൽ, ആർത്തവവിരാമം നഷ്ടങ്ങളുടെ കാലമല്ല, പരിവർത്തനങ്ങളുടെ കാലമാണെന്ന് മനസ്സിലാക്കാനാകും. നമ്മുടെ ശരീരം പുതിയൊരു ഘട്ടത്തിലേക്ക് പ്രവേശിക്കുന്ന സമയമാണത്. ഈ മാറ്റത്തിനനുസരിച്ച് ആരോഗ്യ കാര്യങ്ങളിൽ പുതിയ പ്ലാനും ആവശ്യമാണ്.

ആർത്തവവിരാമം കഴിയുന്നതോടെ, അതുവരെ ശരീരത്തിന് സംരക്ഷണം നൽകിയിരുന്ന ഹോർമോണുകളുടെ അളവ് കുറയുന്നു. ഇതോടെ പുറമെ ലക്ഷണങ്ങൾ കാണിക്കാതെ തന്നെ ചില ആരോഗ്യപ്രശ്നങ്ങൾ ശരീരത്തിൽ പതിയെ ഉടലെടുത്തേക്കാം. എല്ലുകളുടെ ബലം, ഹൃദയാരോഗ്യം, ദഹനപ്രക്രിയ, മാനസികാവസ്ഥ എന്നിവയിലെല്ലാം മാറ്റങ്ങൾ സംഭവിക്കാം.

ആർത്തവവിരാമത്തിന് ശേഷമുള്ള ജീവിതത്തെക്കുറിച്ച് മനസ്സിലാക്കേണ്ടത് ഏറെ അനിവാര്യമാണ്. നഷ്ടങ്ങളെക്കുറിച്ചോർത്ത് സങ്കടപ്പെടാൻ വേണ്ടിയല്ല, ശാരീരിക മാറ്റങ്ങളെപ്പറ്റി ചിന്തിച്ച് പേടിക്കാനുമല്ല. കാര്യങ്ങൾ വ്യക്തമായി തിരിച്ചറിഞ്ഞ് ആരോഗ്യത്തോടെ മുന്നോട്ട് പോകാനും സ്വയം കരുത്തരാകാനും വേണ്ടിയാണത്.

ആർത്തവവിരാമത്തിന് ശേഷം എന്തെല്ലാം മാറ്റങ്ങൾ? 

ആർത്തവവിരാമം എന്നത് ശരീരത്തിൽ ഈസ്ട്രജൻ (Estrogen) ഹോർമോണിന്റെ ഉത്പാദനം പൂർണ്ണമായും നിലയ്ക്കുന്ന ഘട്ടമാണ്. പ്രത്യുത്പാദനത്തിന് മാത്രമല്ല, ശരീരത്തിലെ പല അവയവങ്ങളുടേയും സുരക്ഷാ കവചമായി പ്രവർത്തിക്കുന്ന ഹോർമോണാണ് ഈസ്ട്രജൻ.

ആർത്തവവിരാമത്തിന് ശേഷം സംഭവിക്കുന്ന മാറ്റങ്ങൾ:

  • എല്ലുകൾ ദ്രവിക്കുന്നതിന്റെ വേഗത കൂടുന്നു
  • ശരീരത്തിന് ദോഷകരമായ കൊളസ്ട്രോളിന്റെ അളവ് കൂടാൻ സാധ്യതയുണ്ട്
  • രക്തക്കുഴലുകളുടെ ഇലാസ്തികത കുറയുന്നു (വഴക്കം കുറയുന്നു)
  • പേശികളുടെ ബലം കുറയുന്നു
  •  ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്ന രീതി മാറുന്നു (പ്രത്യേകിച്ച് വയറിലും മറ്റും ഇത് വർദ്ധിക്കുന്നു)
  • നീർക്കെട്ട് കൂടുന്നു

ഈ മാറ്റങ്ങളെല്ലാം വളരെ സാവധാനത്തിലും പുറമെ  പ്രകടമാകാതെയുമാണ് സംഭവിക്കുന്നത്. അതുകൊണ്ട് തന്നെ ഏതെങ്കിലും അസുഖമായി മാറുന്നതുവരെ പലപ്പോഴും നാം ഇത് ശ്രദ്ധിക്കാറില്ല എന്നതാണ് സത്യം.

എല്ലുകളുടെ ആരോഗ്യം: ആർത്തവവിരാമത്തിന് ശേഷമുള്ള പ്രതിസന്ധി

മെനോപോസിന് ശേഷം സ്ത്രീകൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്ന് എല്ലുകളുടെ ബലക്ഷയമാണ്.

അസ്ഥി സാന്ദ്രത നിലനിർത്തുന്നതിൽ ഈസ്ട്രജൻ ഹോർമോൺ വലിയ പങ്കുവഹിക്കുന്നുണ്ട്. ഈ ഹോർമോണിന്റെ അളവ് കുറയുമ്പോൾ:

  • പഴയ അസ്ഥികോശങ്ങൾ നശിക്കുന്നതിന്റെ വേഗത കൂടുന്നു
  • പുതിയ എല്ലുകൾ രൂപപ്പെടുന്നത് സാവധാനത്തിലാകുന്നു
  • എല്ലുകൾ സുഷിരങ്ങളുള്ളതും പെട്ടെന്ന് പൊട്ടുന്നതുമായി മാറുന്നു

ഇത് അപകടകരമാകുന്നത് എന്തുകൊണ്ട്?

  • ആർത്തവവിരാമം കഴിഞ്ഞ് ആദ്യത്തെ 5–7 വർഷത്തിനുള്ളിൽ തന്നെ എല്ലുകളുടെ ബലത്തിന്റെ 20% വരെ നഷ്ടപ്പെട്ടേക്കാം
  • ‘ഓസ്റ്റിയോപൊറോസിസ്’ (Osteoporosis) എന്ന അവസ്ഥ ലക്ഷണങ്ങളില്ലാതെയാണ് ശരീരത്തിൽ വർദ്ധിക്കുന്നത്
  • നിസ്സാരമായ വീഴ്ചകൾ പോലും എല്ലുകൾ പൊട്ടാൻ (Fractures) കാരണമായേക്കാം
  • പ്രായമായ സ്ത്രീകളിൽ ഇടുപ്പെല്ലിനുണ്ടാകുന്ന പൊട്ടലുകൾ അവരുടെ ജീവിതത്തെത്തന്നെ മാറ്റിമറിച്ചേക്കാം

ചില തെറ്റായ ധാരണകൾ:

  • “എല്ലിന് വേദനയുണ്ടെങ്കിൽ മാത്രമേ പ്രശ്നമുള്ളൂ”: സത്യത്തിൽ എല്ലുകൾക്ക് ബലക്ഷയം സംഭവിക്കുമ്പോൾ വേദന ഉണ്ടാകണമെന്നില്ല
  • “കാൽസ്യം മാത്രം കഴിച്ചാൽ മതി”: കാൽസ്യം പ്രധാനമാണെങ്കിലും, വൈറ്റമിൻ ഡിയും ശരിയായ വ്യായാമവും ഇല്ലാതെ എല്ലുകളുടെ ആരോഗ്യം പൂർണ്ണമാകില്ല

ചുരുക്കത്തിൽ, എല്ലുകളുടെ ബലക്ഷയം മുൻകൂട്ടി ലക്ഷണങ്ങൾ കാണിക്കില്ല. അതുകൊണ്ട് തന്നെ പ്രതിരോധമാണ് ഏറ്റവും നല്ല മാർഗ്ഗം.

എല്ലുകളുടെ ആരോഗ്യം എങ്ങനെ സംരക്ഷിക്കാം?

ആർത്തവവിരാമത്തിന് ശേഷം എല്ലുകളുടെ ബലം നിലനിർത്താൻ താഴെ പറയുന്ന കാര്യങ്ങൾ നമ്മുടെ ജീവിതശൈലിയുടെ ഭാഗമാക്കേണ്ടതുണ്ട്:

  • കാൽസ്യം ധാരാളമായി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക. ഭക്ഷണത്തിലൂടെ മാത്രം കാൽസ്യം ലഭിക്കുന്നില്ലെങ്കിൽ ഡോക്ടറുടെ നിർദ്ദേശപ്രകാരം സപ്ലിമെന്റുകൾ ഉപയോഗിക്കാവുന്നതാണ്
  • ശരീരം കാൽസ്യം ശരിയായി ആഗിരണം ചെയ്യണമെങ്കിൽ വൈറ്റമിൻ ഡി അത്യാവശ്യമാണ്. ഇത് പേശികളുടെ ബലത്തിനും സഹായിക്കുന്നു
  • നടത്തം പോലെയുള്ള ലളിതമായ വ്യായാമങ്ങളും ഭാരം ഉയർത്തിയുള്ള വ്യായാമങ്ങളും (Resistance training) എല്ലുകളെ ശക്തിപ്പെടുത്താൻ സഹായിക്കും
  • പുകവലിയും അമിതമായ മദ്യപാനവും എല്ലുകളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും, അതിനാൽ അവ ഒഴിവാക്കുക
  • ഡോക്ടറുടെ നിർദ്ദേശപ്രകാരം കൃത്യസമയത്ത് എല്ലുകളുടെ സാന്ദ്രത പരിശോധിക്കുന്ന ‘ബോൺ ഡെൻസിറ്റി ടെസ്റ്റ്’ (Bone Density Test) നടത്തുക.

ഹൃദ്രോഗം: ആർത്തവവിരാമത്തിന് ശേഷം സ്ത്രീകൾ നേരിടുന്ന പ്രധാന വെല്ലുവിളി

ഹൃദയസംബന്ധമായ അസുഖങ്ങൾ പുരുഷന്മാരെ മാത്രം ബാധിക്കുന്ന ഒന്നാണെന്നാണ് പല സ്ത്രീകളും വിശ്വസിക്കുന്നത്. എന്നാൽ യാഥാർത്ഥ്യം ഇതിൽ നിന്നും തികച്ചും വ്യത്യസ്തമാണ്.

ആർത്തവവിരാമത്തിന് ശേഷമുള്ള സ്ത്രീകളുടെ മരണകാരണങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്നത് ഹൃദയസംബന്ധമായ അസുഖങ്ങളാണ് (Cardiovascular disease).

ഈസ്ട്രജൻ ഹൃദയത്തെ സഹായിക്കുന്നതെങ്ങനെ?

  • കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിച്ചു നിർത്തുന്നു
  • രക്തക്കുഴലുകൾക്ക് വഴക്കവും അയവും (Flexibility) നൽകുന്നു
  • ശരീരത്തിലെ നീർക്കെട്ട് കുറയ്ക്കുന്നു

ഈസ്ട്രജന്റെ അളവ് കുറയുമ്പോൾ സംഭവിക്കുന്നത്:

  • ചീത്ത കൊളസ്ട്രോളിൻ്റെ (LDL) അളവ് കൂടുന്നു
  • നല്ല കൊളസ്ട്രോളിൻ്റെ (HDL) അളവ് കുറഞ്ഞേക്കാം
  • രക്തസമ്മർദ്ദം (Blood Pressure) വർദ്ധിക്കാൻ കാരണമാകുന്നു
  • ഇൻസുലിൻ റെസിസ്റ്റൻസ് വർദ്ധിക്കുന്നു

ചുരുക്കത്തിൽ, ഈസ്ട്രജൻ എന്ന ‘സുരക്ഷാ കവചം’ ഇല്ലാതാകുന്നതോടെ ഹൃദയത്തിന് കൂടുതൽ കരുതൽ ആവശ്യമായി വരുന്നു.

എന്തുകൊണ്ട് സ്ത്രീകളിലെ ഹൃദ്രോഗം പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്നു?

പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിൽ ഹൃദ്രോഗ ലക്ഷണങ്ങൾ അല്പം വ്യത്യസ്തമായേക്കാം. ഇത് തിരിച്ചറിയാൻ വൈകുന്നത് അപകടസാധ്യത വർദ്ധിപ്പിക്കുന്നു.

  • ലക്ഷണങ്ങളിലെ വ്യത്യാസം: നെഞ്ചുവേദനയ്ക്ക് പകരം തളർച്ച, ശ്വാസംമുട്ടൽ, താടിയെല്ല് വേദന (Jaw pain) എന്നിങ്ങനെയുള്ള ചെറിയ ലക്ഷണങ്ങളാകാം സ്ത്രീകൾക്ക് അനുഭവപ്പെടുക
  • ചികിത്സ തേടാനുള്ള താമസം: പലപ്പോഴും കുടുംബത്തിലെ മറ്റുള്ളവരുടെ കാര്യങ്ങൾ നോക്കുന്ന തിരക്കിൽ സ്ത്രീകൾ സ്വന്തം അസ്വസ്ഥതകൾ അവഗണിക്കുന്നു
  • തെറ്റായ ധാരണകൾ: ആർത്തവം നിലയ്ക്കുന്നതോടെ ഹൃദ്രോഗ സാധ്യത കൂടുമെന്ന കാര്യം പലരും ഗൗരവമായി എടുക്കാറില്ല

സാധാരണയായി ആർത്തവവിരാമത്തിന് 5–10 വർഷങ്ങൾക്ക് ശേഷമാണ് സ്ത്രീകളിൽ ഹൃദ്രോഗ സാധ്യത കൂടുന്നത്. അതുകൊണ്ട് തന്നെ തുടക്കം മുതലേയുള്ള മുൻകരുതലുകൾ വളരെ പ്രധാനമാണ്.

ആർത്തവവിരാമത്തിന് ശേഷം ഹൃദയത്തെ സംരക്ഷിക്കാൻ

ഹൃദയാരോഗ്യം കാത്തുസൂക്ഷിക്കാൻ ചില കാര്യങ്ങളിൽ ശ്രദ്ധ നൽകേണ്ടതുണ്ട്.

  • രക്തസമ്മർദ്ദം (Blood Pressure), കൊളസ്ട്രോൾ (Lipid profile), പഞ്ചസാരയുടെ തോത് എന്നിവ കൃത്യസമയങ്ങളിൽ പരിശോധിക്കുക
  • എല്ലാ ദിവസവും ലളിതമായ വ്യായാമങ്ങളിൽ ഏർപ്പെടുക
  • അമിതമായ മാനസിക സമ്മർദ്ദം ഒഴിവാക്കാൻ ശ്രമിക്കുക. ഇതിനായി യോഗയോ ധ്യാനമോ ശീലിക്കാം
  • ശരീരത്തിന് ആവശ്യമായ വിശ്രമവും കൃത്യമായ ഉറക്കവും ഉറപ്പാക്കുക

ഒറ്റ ദിവസം കൊണ്ട് നേടിയെടുക്കേണ്ട ഒന്നല്ല ഹൃദയാരോഗ്യം, നമ്മുടെ ജീവിതശൈലിയിലെ നിഷ്ഠയിലൂടെ കാത്തുസൂക്ഷിക്കേണ്ട അവശ്യ ഘടകമാണത്.

പേശീബലക്കുറവ്, ശരീരഭാരം കൂടൽ, മെറ്റബോളിക് മാറ്റങ്ങൾ

ആർത്തവവിരാമത്തിന് ശേഷം പല സ്ത്രീകൾക്കും താഴെ പറയുന്ന മാറ്റങ്ങൾ ഉണ്ടാകാറുണ്ട്:

  • പഴയതുപോലെ തന്നെ ആഹാരം കഴിച്ചിട്ടും ശരീരഭാരം കൂടുന്നു
  • പേശികളുടെ ബലം കുറയുന്നു
  • വയറിന് ചുറ്റും അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്നു

ഹോർമോൺ മാറ്റങ്ങൾ മൂലം സംഭവിക്കുന്നത്:

  • ശരീരത്തിലെ പേശികളുടെ അളവ് കുറയുന്നു
  • ഉപാപചയ പ്രവർത്തനങ്ങൾകുറയുന്നു
  • ഇൻസുലിൻ റെസിസ്റ്റൻസ് കൂടുന്നു

പേശികൾ കുറയുന്നത് പെട്ടെന്ന് തളർച്ചയുണ്ടാക്കാനും വീഴ്ചകൾക്കും മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും വഴിവെച്ചേക്കാം.

കഠിനമായ ഡയറ്റുകളോ ആഹാരം ഉപേക്ഷിക്കലോ ഇതിനു പരിഹാരമാകില്ല. പേശികൾക്ക് ബലം നൽകുന്ന പോഷകാഹാരങ്ങളും വ്യായാമവുമാണ് ഈ ഘട്ടത്തിൽ ആവശ്യം.

മാനസികാരോഗ്യവും ചിന്താശേഷിയും 

ആർത്തവവിരാമത്തിന് ശേഷമുള്ള കാലഘട്ടം മാനസികവും വൈകാരികവുമായ പല മാറ്റങ്ങൾക്കും കാരണമായേക്കാം. ഇത് പലപ്പോഴും സ്ത്രീകൾ പുറത്തുപറയാൻ മടിക്കാറുണ്ട്.

സാധാരണയായി കണ്ടുവരുന്ന മാറ്റങ്ങൾ:

  • മാനസിക വ്യതിയാനങ്ങൾ
  • ഓർമ്മക്കുറവ്
  • താൽപ്പര്യക്കുറവ്
  • ഉറക്കക്കുറവ്

ഈ മാറ്റങ്ങൾക്ക് കാരണം

  • ന്യൂറോ ട്രാൻസ്മിറ്ററുകളിൽ (Neurotransmitters) ഉണ്ടാകുന്ന മാറ്റങ്ങൾ
  • രാത്രിയിലെ അമിതമായ വിയർപ്പും ചൂടും (Hot flashes) ഉറക്കത്തെ തടസ്സപ്പെടുത്തുന്നു, ഇത് പിറ്റേദിവസം മുഴുവൻ മാനസികാവസ്ഥയെ ബാധിക്കുന്നു
  • ജീവിതസാഹചര്യങ്ങൾ
  • നീർക്കെട്ട്

ശാരീരിക ആരോഗ്യം പോലെ തന്നെ തുല്യ പ്രാധാന്യമുള്ളതാണ് ഈ ഘട്ടത്തിലെ മാനസികാരോഗ്യവും. ഇത് പ്രായമാകുന്നതിന്റെ സ്വാഭാവികമായ കുറവാണെന്ന് കരുതി അവഗണിക്കാതെ, കൃത്യമായ കരുതൽ നൽകേണ്ടതുണ്ട്.

ആർത്തവവിരാമത്തിന് ശേഷം പുതിയ ആരോഗ്യ രീതി ആവശ്യമായി വരുന്നത് എന്തുകൊണ്ട്?

പുരാതന കാലം മുതൽ തന്നെ സ്ത്രീകളുടെ ആരോഗ്യം, ആർത്തവചക്രം,  ഗർഭകാലം, പ്രസവം എന്നീ ഘട്ടങ്ങളെ മാത്രം കേന്ദ്രീകരിച്ചാണ് ചർച്ച ചെയ്യപ്പെടാറുള്ളത്. ഈ ഘട്ടങ്ങൾ കഴിയുന്നതോടെ, സ്ത്രീകളുടെ ആരോഗ്യം സംബന്ധിച്ച കരുതൽ കുറയുന്നു, പലപ്പോഴും അവഗണിക്കപ്പെടുന്നു. വാസ്തവത്തിൽ ആർത്തവവിരാമത്തിന് ശേഷമുള്ള ജീവിതം വളരെ ദൈർഘ്യമേറിയതാണ്—ഏകദേശം 30 മുതൽ 40 വർഷം വരെ നീണ്ടുനിൽക്കുന്ന സുപ്രധാനമായ കാലഘട്ടമാണിത്. അതുകൊണ്ട് തന്നെ, ഈ രണ്ടാം ഘട്ടത്തിൽ പുതിയൊരു സമീപനം അനിവാര്യമാണ്.

വ്യക്തിഗത ആവശ്യങ്ങൾ തിരിച്ചറിഞ്ഞുള്ള ഒരു പ്രത്യേക പ്ലാൻ ആണ് ഈ ഘട്ടത്തിൽ വേണ്ടത്. അതിൽ ഉൾപ്പെടുത്തേണ്ട പ്രധാന കാര്യങ്ങൾ ഇവയാണ്:

  • വാർഷിക പരിശോധനകൾ
  • എല്ലുകളുടെ സാന്ദ്രത പരിശോധിക്കുക
  • ഹൃദയാരോഗ്യ പരിശോധന
  • ശക്തി വർദ്ധിപ്പിക്കുന്ന വ്യായാമങ്ങൾ
  • കൃത്യമായ അളവിൽ പ്രോട്ടീൻ അടങ്ങിയ ആഹാരം
  • മാനസികാരോഗ്യത്തിനുള്ള പിന്തുണ
  • വ്യക്തിഗതമായ ചികിത്സാ നിർദ്ദേശങ്ങൾ

സ്ത്രീകൾക്കായി നെല്ലിക്ക.ലൈഫ് നൽകുന്ന സന്ദേശം

ആർത്തവവിരാമത്തിന് ശേഷമുള്ള ജീവിതം ശാരീരിക തളർച്ചകളെ നിയന്ത്രിച്ചു നിർത്തുന്നതു മാത്രമല്ല, നമ്മുടെ ഓജസ്സും ഊർജ്ജസ്വലതയും സംരക്ഷിക്കുക എന്നതും പ്രധാനമാണ്.

കൃത്യസമയത്ത് ശ്രദ്ധ നൽകി മുന്നോട്ട് പോയാൽ:

  • എല്ലുകളുടെ ബലം നിലനിർത്താൻ സാധിക്കും
  • ഹൃദയാരോഗ്യം മികച്ച രീതിയിൽ കാത്തുസൂക്ഷിക്കാം
  • ചിന്താശേഷിയും ഓർമ്മശക്തിയും നിലനിർത്താം
  • മറ്റൊരാളെ ആശ്രയിക്കാത്ത സ്വതന്ത്രമായ ജീവിതം ഉറപ്പാക്കാം

ആർത്തവവിരാമത്തോടെ ജീവിതത്തിലെ ഒരദ്ധ്യായത്തിന് മാത്രമേ അവസാനമാകുന്നുള്ളൂ. അടുത്ത അദ്ധ്യായം കരുത്തോടെ, വ്യക്തതയോടെ, ആത്മവിശ്വാസത്തോടെ  ജീവിക്കാൻ സ്ത്രീകൾക്കു കഴിയും.  

എപ്പോഴാണ് ഡോക്ടറുടെ സഹായം തേടേണ്ടത്?

താഴെ പറയുന്ന സാഹചര്യങ്ങളിൽ ആരോഗ്യവിദഗ്ധരുടെ ഉപദേശം തേടാൻ മടിക്കരുത്:

  • നേരത്തെ എല്ലുകൾക്ക് പൊട്ടൽ (Fractures) ഉണ്ടായിട്ടുണ്ടെങ്കിൽ
  • കുടുംബത്തിൽ ആർക്കെങ്കിലും ഓസ്റ്റിയോപൊറോസിസോ ഹൃദ്രോഗമോ ഉണ്ടെങ്കിൽ
  • വിട്ടുമാറാത്ത തളർച്ചയോ ശ്വാസംമുട്ടലോ അനുഭവപ്പെടുകയാണെങ്കിൽ
  • ശരീരഭാരം പെട്ടെന്ന് വർദ്ധിക്കുകയാണെങ്കിൽ
  • ഉറക്കമില്ലായ്മ ദൈനംദിന ജീവിതത്തെ ബാധിക്കുന്നുണ്ടെങ്കിൽ

ഓർക്കുക, നേരത്തെയുള്ള കരുതൽ നിങ്ങളുടെ ജീവിതത്തിൽ പോസിറ്റീവായ മാറ്റങ്ങൾ കൊണ്ടുവരും.

സ്ത്രീകൾ അവരുടെ ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും, പ്രത്യേകിച്ച് ആർത്തവവിരാമത്തിന് ശേഷം, കൃത്യമായ അവബോധത്തോടെയുള്ള, ശാസ്ത്രീയ പരിചരണം അർഹിക്കുന്നുണ്ടെന്ന് നെല്ലിക്ക.ലൈഫ് വിശ്വസിക്കുന്നു.

Related News

വളർത്തുനായ നക്കിയാൽ സെപ്സിസ് വരുമോ?

വളർത്തുനായ നക്കിയാൽ സെപ്സിസ് വരുമോ?

നായ്ക്കുട്ടിയെ വളർത്തുന്നവർ ഡോഗ് മാസ്റ്ററിൽ നിന്ന്, ഡോഗ് ഓണറിൽ നിന്ന് പെറ്റ് പാരൻ്റിലേക്ക് വളർന്നെത്തിയ കാലമാണിത്. ഒരുകാലത്ത്  വീടിനുപുറത്തുമാത്രം കഴിഞ്ഞിരുന്ന നായ്ക്കുട്ടികൾ ഇന്ന് നമ്മുടെ സന്തതസഹചാരികളായി മാറിക്കഴിഞ്ഞു. ...

ഫെബ്രുവരി 25, 2026 11:21 pm
മുപ്പതിന് ശേഷം അമ്മയാകാനൊരുങ്ങുമ്പോൾ

മുപ്പതിന് ശേഷം അമ്മയാകാനൊരുങ്ങുമ്പോൾ

ഇന്നത്തെ കാലത്ത് കരിയറിലെ വളർച്ചയ്ക്കും സാമ്പത്തിക സുരക്ഷിതത്വത്തിനും യോജിച്ച പങ്കാളിയെ കണ്ടെത്താനുമൊക്കെയായി പല സ്ത്രീകളും മുപ്പതുകൾക്ക് ശേഷം മാത്രം ഗർഭധാരണത്തിന് തയ്യാറെടുക്കാറുണ്ട്. ഇത് തികച്ചും സ്വാഭാവികവുമാണ്. എങ്കിലും,...

ഫെബ്രുവരി 25, 2026 11:19 pm
വാർദ്ധക്യകാലം ആരോഗ്യപൂർണ്ണമാക്കാം

വാർദ്ധക്യകാലം ആരോഗ്യപൂർണ്ണമാക്കാം

ജെറിയാട്രീഷ്യനെ കാണേണ്ടതിൻ്റെ പ്രാധാന്യം അറിഞ്ഞിരിക്കാം പ്രായമായ വ്യക്തികളുള്ള വീടുകളിൽ, പലേടങ്ങളിലും അവർക്കു വേണ്ട പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടാകും. കിടപ്പുമുറിയിൽ ആവശ്യത്തിന് വായുസഞ്ചാരവും രാത്രി ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ മതിയായ വെളിച്ചവും...

ഫെബ്രുവരി 25, 2026 11:13 pm
വേനൽ വല്ലാതെ തളർത്തുന്നുണ്ടോ?

വേനൽ വല്ലാതെ തളർത്തുന്നുണ്ടോ?

എന്തുകൊണ്ടാണ് വേനൽക്കാലത്ത് നമുക്ക് കൂടുതൽ ക്ഷീണം അനുഭവപ്പെടുന്നത്? വേനൽക്കാലം എന്ന് കേൾക്കുമ്പോൾ തന്നെ മധുരമൂറുന്ന മാമ്പഴസീസണും അവധിക്കാലവും യാത്രകളുമൊക്കെയാണ് നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുക. തൊട്ടടുന്ന നിമിഷം തന്നെ...

ഫെബ്രുവരി 25, 2026 10:11 pm
Top
Subscribe