കാവസാകി: കുട്ടികളുടെ ഹൃദയത്തിന് ഭീഷണി ഉയർത്തുന്ന രോഗം

കാവസാകി: കുട്ടികളുടെ ഹൃദയത്തിന് ഭീഷണി ഉയർത്തുന്ന രോഗം

കാലാവസ്ഥ മാറുമ്പോഴും അടുത്തിട പഴകുന്ന മറ്റാർക്കെങ്കിലും പനി വരുമ്പോഴും ചിലപ്പോഴൊക്കെ വീട്ടിലെ കുഞ്ഞുങ്ങൾക്കും പനി ബാധിക്കാറുണ്ട്. പക്ഷെ പനി വരുന്നതിനുള്ള കാരണം എല്ലായ്പ്പോഴും ഇതുതന്നെ ആയിക്കൊള്ളണമന്നില്ല. ചില ഘട്ടങ്ങളിൽ,  ഗുരുതരമായ രോഗാവസ്ഥയെ സൂചിപ്പിക്കുന്ന അസുഖമായും പനി വന്നേക്കാം.

അപൂർവ്വമാണെങ്കിലും, അത്തരമൊരു അവസ്ഥയാണ് കാവസാകി രോഗം (Kawasaki Disease – KD). അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളെയാണ് സാധാരണയായി ഇത് ബാധിക്കുക.  ഈ അസുഖം, കുഞ്ഞിൻ്റെ ശരീരത്തിലെ രക്തക്കുഴലുകളിലാകെ വീക്കത്തിന് കാരണമാകുന്നു.

ചികിൽസിക്കാതെ അവഗണിക്കുന്ന പക്ഷം, കാവസാകി രോഗം ഹൃദയത്തിലേക്ക് രക്തം നൽകുന്ന ധമനികളായ കൊറോണറി ആർട്ടറികൾക്ക് സ്ഥായിയായ കേടുപാടുകൾ വരുത്താൻ സാധ്യതയുണ്ട്.

കൃത്യസമയത്ത് രോഗം തിരിച്ചറിയുകയും ചികിത്സിക്കുകയും ചെയ്താൽ, മിക്ക കുട്ടികളും പൂർണ്ണമായും സുഖം പ്രാപിക്കാറുണ്ട് എന്നത് അസുഖത്തിൻ്റെ തുടക്കത്തിൽത്തന്നെ ചികിൽസ തേടേണ്ടതിൻ്റെ പ്രാധാന്യം വ്യക്തമാക്കുന്നു.

എന്താണ് കാവസാകി രോഗം?

കഠിനമായ തരത്തിൽ നീർക്കെട്ടുണ്ടാക്കുന്ന രോഗമാണ് (Acute Inflammatory Illness)

കാവസാകി. ഇടത്തരം വലിപ്പത്തിലുള്ള ധമനികളെയാണിത് ബാധിക്കുക,  പ്രത്യേകിച്ച് ഹൃദയത്തിലേക്ക് രക്തമെത്തിക്കുന്ന ധമനികളെ.

1960കളിൽ ജപ്പാനിൽ ഡോ. ടോമിസാകു കാവസാകിയാണ് ഈ രോഗം ആദ്യമായി കണ്ടെത്തിയത്. ഈ അസുഖത്തിലേക്ക് നയിക്കുന്ന  യഥാർത്ഥ കാരണം എന്താണെന്നത് ഇപ്പോഴും അജ്ഞാതമാണെങ്കിലും, ചില കുട്ടികളിൽ അണുബാധയോടുള്ള ശരീരത്തിന്റെ അസ്വാഭാവിക പ്രതികരണം കാവസാകിക്ക് കാരണമാകാമെന്ന് ഡോക്ടർമാർ സംശയിക്കുന്നുണ്ട്.

സാംക്രമിക രോഗമല്ലെങ്കിൽക്കൂടി, ചിലപ്പോൾ ഒരേസമയം നിരവധി കുഞ്ഞുങ്ങളിൽ ഇത് കാണപ്പെടാറുണ്ട്. പ്രത്യേകിച്ച് തണുപ്പുകാലത്തും വസന്തകാലത്തിന്റെ ആരംഭത്തിലും.

രോഗം വരാൻ സാധ്യത ആർക്കെല്ലാം?

  • അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾ (പ്രത്യേകിച്ച് ഒന്ന് മുതൽ രണ്ട് വയസ്സ് വരെയുള്ള ചെറിയ കുഞ്ഞുങ്ങൾ).
  • പെൺകുട്ടികളെ അപേക്ഷിച്ച് ആൺകുട്ടികൾക്കാണ് കൂടുതൽ സാധ്യത.
  • ഇന്ത്യയും ജപ്പാനും ഉൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളിൽ ഇത് കൂടുതലായി കാണപ്പെടുന്നു.

അപൂർവ്വമാണെങ്കിലും, ഈ അസുഖം സംബന്ധിച്ച് രക്ഷിതാക്കൾക്ക് കൃത്യമായ അവബോധവും തുടക്കത്തിലെയുള്ള ചികിത്സയും ജീവന് ഭീഷണി ഉയർത്തുന്ന സങ്കീർണ്ണതകളെ തടയാൻ സഹായിക്കും.

മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട ലക്ഷണങ്ങൾ

ഈ രോഗം സാധാരണയായി രണ്ട് ഘട്ടങ്ങളിലായാണ് പ്രകടമാകുക: തീവ്രഘട്ടം (Acute) , ഉപ-തീവ്രഘട്ടം (Sub-acute).

പ്രധാന ലക്ഷണങ്ങൾ:

1. വിട്ടുമാറാത്ത കടുത്ത പനി

  • പനി അഞ്ച് ദിവസത്തിൽ കൂടുതൽ നീണ്ടുനിൽക്കുകയും സാധാരണ മരുന്നുകളോട് പ്രതികരിക്കാതിരിക്കുകയും ചെയ്യുക.

2. മറ്റ് ശാരീരിക ലക്ഷണങ്ങൾ

  •  കണ്ണുകളിൽ ചുവന്ന നിറം (പീളയില്ലാതെ).
  • ശരീരത്തിൽ, പ്രത്യേകിച്ച് അടിവയറ്റിലും തുടയിടുക്കിലും ചൊറിച്ചിലോടുകൂടിയ പാടുകൾ (Rash).
  • ചുവന്ന് വിണ്ടുകീറിയ ചുണ്ടുകൾ, ഒപ്പം നാവിൽ തിളക്കമുള്ള ചുവന്ന തടിപ്പുകൾ (Strawberry Tongue).
  • കൈകാലുകളിൽ നീര് (വേദന ഉണ്ടാവാം, പിന്നീട് ചർമ്മം അടർന്നുപോയേക്കാം).
  • കഴുത്തിലും മറ്റും കാണുന്ന നീർവീക്കമുള്ള ലിംഫ് നോഡുകൾ (Swollen Lymph Nodes).

3. തുടർന്നു കാണുന്ന ലക്ഷണങ്ങൾ (ചികിത്സിച്ചില്ലെങ്കിൽ)

  • കൈവിരലുകളിലെയും കാൽവിരലുകളിലെയും ചർമ്മം അടർന്നുപോകുക.
  • അമിതമായ ദേഷ്യവും വാശിയും
  • ഹൃദയസംബന്ധമായ ലക്ഷണങ്ങൾ (വേഗത്തിലുള്ള ഹൃദയമിടിപ്പ്, ക്ഷീണം, ശ്വാസം മുട്ടൽ).

കാവസാകി രോഗം അപകടകരമാകാൻ കാരണം?

ചികിത്സിക്കാതിരുന്നാൽ, കാവസാകി രോഗം കൊറോണറി ധമനികളിൽ വീക്കം ഉണ്ടാക്കുകയും അത് താഴെ പറയുന്ന അവസ്ഥകളിലേക്ക് നയിക്കുകയും ചെയ്തേക്കാം:

  • അനൂറിസം (Aneurysms): ധമനികൾ വീർത്ത് ബലൂൺ പോലെയാവുക.
  • രക്തം കട്ടപിടിക്കുകയോ ധമനികൾ ഇടുങ്ങുകയോ ചെയ്യുക.
  • മയോകാർഡൈറ്റിസ് (Myocarditis): ഹൃദയപേശികളിലെ വീക്കം.
  • ഹൃദയമിടിപ്പിലെ പ്രശ്നങ്ങളോ ഹൃദയസംബന്ധമായ തകരാറുകളോ

നേരത്തെയുള്ള രോഗനിർണയവും ആശുപത്രിയിലെ പരിചരണവും ഹൃദയസംബന്ധമായ സങ്കീർണ്ണതകൾ 95% വരെ തടയാൻ സഹായിക്കും.

കണ്ടെത്തുന്നതെങ്ങനെ?

കാവസാകി രോഗം കണ്ടെത്താൻ പ്രത്യേകമായ ഒരു പരിശോധന നിലവിലില്ല.

രോഗിയുടെ ലക്ഷണങ്ങൾ, രക്തപരിശോധനകൾ, എക്കോകാർഡിയോഗ്രഫി എന്നിവയുടെയെല്ലാം സഹായത്തോടെയാണ് ഡോക്ടർമാർ ഇത് സ്ഥിരീകരിക്കുന്നത്.

പരിശോധനകളിൽ കണ്ടേക്കാവുന്ന വ്യത്യാസങ്ങൾ:

  • നീർവീക്ക സൂചകങ്ങൾ (ESR, CRP) കൂടുക
  • വെളുത്ത രക്താണുക്കളുടെ എണ്ണത്തിൽ വർദ്ധന
  • കരളിൻ്റെ പ്രവർത്തനത്തിലെ അസാധാരണത്വം.
  • എക്കോകാർഡിയോഗ്രാമിൽ ഹൃദയത്തിനുണ്ടായ മാറ്റങ്ങൾ

സാധാരണ ചികിത്സാ രീതികൾ:

1.ഇൻട്രാവീനസ് ഇമ്യൂണോഗ്ലോബുലിൻ (IVIG):

രോഗപ്രതിരോധ സംവിധാനത്തെ സുഖപ്പെടുത്താനും വീക്കം കുറയ്ക്കാനും സഹായിക്കുന്ന പ്രത്യേക ആൻ്റിബോഡികളുടെ ഇൻഫ്യൂഷൻ (ഡ്രിപ്പ്).

2.ആസ്പിരിൻ തെറാപ്പി:

വീക്കം കുറയ്ക്കുന്നതിനും രക്തം കട്ടപിടിക്കുന്നത് തടയുന്നതിനും വേണ്ടി വിദഗ്ധരുടെ  കർശന മേൽനോട്ടത്തിൽ ഉപയോഗിക്കുന്നു.

ചികിത്സ തുടങ്ങി 24 മണിക്കൂറിനുള്ളിൽ മിക്ക കുട്ടികളുടെയും നില ഗണ്യമായി മെച്ചപ്പെടാറുണ്ട്.

ഗുരുതരമായ ചില കേസുകളിൽ, സ്റ്റിറോയ്ഡുകളോ വീക്കം കുറയ്ക്കുന്ന മരുന്നുകളോ (Anti-inflammatory medicines) കൂടി ഉപയോഗിക്കേണ്ടി വന്നേക്കാം.

രോഗമുക്തിയും അനന്തരഫലവും

  • മിക്ക കുട്ടികളും പൂർണ്ണമായി സുഖം പ്രാപിക്കുകയും സ്ഥായിയായ  പ്രശ്നങ്ങളില്ലാതെ സാധാരണ ജീവിതത്തിലേക്ക് മടങ്ങുകയും ചെയ്യുന്നു.
  • ഹൃദയാരോഗ്യത്തിൽ സങ്കീർണ്ണതകളില്ലെന്ന് ഉറപ്പാക്കാൻ തുടർച്ചയായ എക്കോകാർഡിയോഗ്രാമുകൾ ആവശ്യമാണ്.
  • കൊറോണറി ധമനികളിൽ മാറ്റങ്ങൾ സംഭവിച്ച കുട്ടികൾക്ക് പീഡിയാട്രിക് കാർഡിയോളജിസ്റ്റിൻ്റെ (Pediatric Cardiologist) നിരന്തര പരിചരണം ആവശ്യമായി വന്നേക്കാം.

മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടത്

1.അഞ്ച് ദിവസത്തിൽ കൂടുതൽ നീണ്ടുനിൽക്കുന്ന പനി ഒരിക്കലും അവഗണിക്കരുത്.

2. കണ്ണുകളിൽ ചുവപ്പ്, പാടുകൾ, ചുണ്ടുകളിലും കൈകളിലും വീക്കം എന്നിവയുണ്ടെങ്കിൽ ശ്രദ്ധിക്കണം. 

3.ഉടൻ തന്നെ ശിശുരോഗ വിദഗ്ദ്ധൻ്റെ സഹായം തേടുക—പ്രത്യേകിച്ച് കുട്ടിയുടെ പ്രായം  5 വയസ്സിന് താഴെയാണെങ്കിൽ.

4.ഹൃദയ പരിശോധനകൾ ഉൾപ്പെടെ, ചികിത്സയ്ക്ക് ശേഷമുള്ള എല്ലാ നിർദ്ദേശങ്ങളും പാലിക്കുക.

Nellikka  നൽകുന്ന സന്ദേശം: അവബോധത്തിലൂടെ  കുഞ്ഞുഹൃദയം സംരക്ഷിക്കാം

ചെറിയ കുട്ടികളിലും ഹൃദയാരോഗ്യത്തിന് ഭീഷണി ഉണ്ടാവാം എന്ന് കാവസാകി രോഗം നമ്മെ ഓർമ്മിപ്പിക്കുന്നു.

“വെറുമൊരു പനി” എന്ന് തോന്നുന്നത്, യഥാർത്ഥത്തിൽ അടിയന്തിര ചികിത്സ ആവശ്യമുള്ള അസുഖമാകാം.  നേരത്തെ തിരിച്ചറിയുക എന്നതാണ് പ്രധാനം. 

നിങ്ങളുടെ കുട്ടിക്ക് അകാരണമായ പനിയോ മുകളിൽ വിശദീകരിച്ച മറ്റ് ലക്ഷണങ്ങളോ ഉണ്ടെങ്കിൽ, കൃത്യസമയത്തെ  ഉചിതമായ മാർഗ്ഗനിർദ്ദേശത്തിനായി ശിശുരോഗ വിദഗ്ദ്ധനെയോ Nellikka യുടെ ചൈൽഡ് ഹെൽത്ത് പാനലിനെയോ സമീപിക്കാവുന്നതാണ്.

“കൃത്യസമയത്ത് നൽകുന്ന പരിചരണം ആരോഗ്യമുള്ള ഭാവി ഉറപ്പാക്കുന്നു.”

Team Nellikka.life

References:

  1. Guidelines on Kawasaki Disease
  2. American Heart Association — Diagnosis, Treatment, and Long-Term Management of Kawasaki Disease, 2024.

Related News

ബയോട്ടിൻ മുടി വളരാൻ സഹായിക്കുമോ? ശാസ്ത്രം പറയുന്നത് എന്താണെന്ന് നോക്കാം

ബയോട്ടിൻ മുടി വളരാൻ സഹായിക്കുമോ? ശാസ്ത്രം പറയുന്നത് എന്താണെന്ന് നോക്കാം

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിനാളുകളുടെ സമാധാനം കെടുത്തുന്ന കാര്യമാണ് മുടികൊഴിച്ചിൽ. മുടി വളരാതിരിക്കുകയും ഉള്ളുകുറയുകയും പൊഴിഞ്ഞുപോകുന്ന മുടിനാരുകളുടെ എണ്ണം കൂടുകയും ചെയ്യുന്നതോടെ ആശങ്കയും വർദ്ധിക്കുന്നു. ആഗോളതലത്തിൽത്തന്നെ വിപണി കയ്യടക്കിയിരിക്കുന്ന ഉൽപ്പന്നങ്ങളിൽ...

ജനുവരി 13, 2026 9:27 pm
ലോക ബ്രെയ്ൽ ദിനം 2026: അകക്കണ്ണിൻ്റെ വെളിച്ചത്തിൽ ലോകം തൊട്ടറിയുന്നവർക്കായി 

ലോക ബ്രെയ്ൽ ദിനം 2026: അകക്കണ്ണിൻ്റെ വെളിച്ചത്തിൽ ലോകം തൊട്ടറിയുന്നവർക്കായി 

കൺമുന്നിൽ കാഴ്ചകളുടെ വസന്തം സദാ പ്രാപ്യമാകുന്ന ലോകത്ത് ജീവിക്കുന്നവരാണ് നമ്മൾ. വിരൽത്തുമ്പിൻ്റെ ചലനങ്ങൾക്കനുസരിച്ച് ലോകം മുഴുവൻ കാണാൻ കഴിയുന്നവർ. അക്ഷരങ്ങളിലൂടെ അറിവിൻ്റെ ആഴം ആസ്വദിക്കാനറിയുന്നവർ.  പക്ഷെ, അകക്കണ്ണിൻ്റെ...

ജനുവരി 4, 2026 2:01 pm
അഭിനിവേശം വ്യഥയായി മാറുമ്പോൾ: അമിത ലൈംഗികാസക്തിയുടെ അടിസ്ഥാനമെന്തെന്ന് തിരിച്ചറിയാം

അഭിനിവേശം വ്യഥയായി മാറുമ്പോൾ: അമിത ലൈംഗികാസക്തിയുടെ അടിസ്ഥാനമെന്തെന്ന് തിരിച്ചറിയാം

ജീവിതത്തിൽ ചിലപ്പോഴെങ്കിലും നമ്മുടെ ആഗ്രഹങ്ങൾ നമുക്കു തന്നെ ഭാരമായിത്തോന്നാറുണ്ട്. ജീവിക്കുന്ന സാഹചര്യത്തെയും സമൂഹത്തിൽ പെരുമാറേണ്ട രീതികളെയും വ്യക്തമായി അറിയുമ്പോഴും വ്യവസ്ഥാപിത ചട്ടക്കൂടിനുള്ളിൽ ജീവിക്കാൻ വേണ്ട തിരിച്ചറിവുകൾ ഉള്ളപ്പോഴും...

ജനുവരി 4, 2026 2:00 pm
അവബോധത്തിലൂടെ സൗഖ്യത്തിലേക്ക്: അറിവിൻ്റെ പാത പിന്തുടർന്ന് പൂർണ്ണതയിലെത്താം 

അവബോധത്തിലൂടെ സൗഖ്യത്തിലേക്ക്: അറിവിൻ്റെ പാത പിന്തുടർന്ന് പൂർണ്ണതയിലെത്താം 

ശാരീരികമായും മാനസികമായും രോഗങ്ങളേതുമില്ലാതെ, ശാന്തതയും സ്വസ്ഥതയും ആസ്വദിക്കാനാകുന്ന അവസ്ഥയിൽ ജീവിക്കാൻ കഴിയണമെന്നാണ് നമ്മളെല്ലാവരും ആഗ്രഹിക്കുന്നത്. വേദനകളെല്ലാം അപ്രത്യക്ഷമാവുകയും ജീവിതം ശാന്തസുന്ദരമാകുകയും ചെയ്യുന്ന ലക്ഷ്യസ്ഥാനമായാണ് പലപ്പോഴും നാം ആരോഗ്യത്തെ...

ജനുവരി 4, 2026 1:59 pm
Top
Subscribe