കുട്ടികളിലെ മഞ്ഞപ്പിത്തം: മാതാപിതാക്കളും അദ്ധ്യാപകരും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നേരത്തെ തിരിച്ചറിയാം, കരുതലോടെ പ്രതിരോധിക്കാം
കുട്ടികളുടെ കണ്ണുകളിലോ ചർമ്മത്തിലോ മഞ്ഞനിറം ഉണ്ടോയെന്ന് സംശയം വരുമ്പോഴേക്കും പല രക്ഷിതാൾക്കും പരിഭ്രമം ഉണ്ടാകാറുണ്ട്. മഞ്ഞപ്പിത്തം ബാധിച്ചോ എന്ന ആശങ്ക അവരെ അലട്ടാൻ തുടങ്ങും. വാസ്തവത്തിൽ മഞ്ഞപ്പിത്തം ഒരു രോഗമല്ല എന്നതാണ് ആദ്യം മനസ്സിലാക്കേണ്ട കാര്യം. ശരീരം നൽകുന്ന മുന്നറിയിപ്പാണത്. ശരീരത്തിൽ, പ്രത്യേകിച്ച് കരളിൽ (Liver) എന്തോ അസ്വാഭാവികതയുണ്ട് എന്ന സൂചന നൽകാനുള്ള മുന്നറിയിപ്പ്.
ഈ ലക്ഷണങ്ങളെക്കുറിച്ച് മാതാപിതാക്കൾക്കും അദ്ധ്യാപകർക്കും കൃത്യമായ ധാരണയുണ്ടാകുന്നത്, കുട്ടികളുടെ ആരോഗ്യം സംരക്ഷിക്കാൻ ഏറെ സഹായകമാകും.
യഥാർത്ഥത്തിൽ എന്താണ് മഞ്ഞപ്പിത്തം?
രക്തത്തിൽ ‘ബിലിറൂബിൻ’ (Bilirubin) എന്ന പദാർത്ഥത്തിന്റെ അളവ് കൂടുമ്പോഴാണ് മഞ്ഞപ്പിത്തം ഉണ്ടാകുന്നത്.
ബിലിറൂബിനെക്കുറിച്ചുള്ള ചില വസ്തുതകൾ ഇനിപ്പറയുന്നു:
- പഴയ ചുവന്ന രക്താണുക്കൾ നശിക്കുമ്പോഴാണ് ശരീരത്തിൽ ബിലിറൂബിൻ ഉണ്ടാകുന്നത്.
- സാധാരണഗതിയിൽ, കരൾ ഈ ബിലിറൂബിനെ ശുദ്ധീകരിച്ച് ശരീരത്തിൽ നിന്ന് നീക്കം ചെയ്യുന്നു.
- എന്തെങ്കിലും കാരണവശാൽ ഈ പ്രക്രിയ തടസ്സപ്പെടുമ്പോൾ, ബിലിറൂബിൻ രക്തത്തിൽ അമിതമാകുന്നു .
പ്രാഥമിക ലക്ഷണങ്ങൾ എങ്ങനെ തിരിച്ചറിയാം?
ബിലിറൂബിൻ കൂടുമ്പോൾ ശരീരത്തിൽ താഴെ പറയുന്ന മാറ്റങ്ങൾ കാണാം:
- കണ്ണുകളിൽ മഞ്ഞനിറം: ഇതാണ് മിക്കപ്പോഴും മഞ്ഞപ്പിത്തത്തിന്റെ ആദ്യ ലക്ഷണമായി കാണുന്നത്.
- ചർമ്മത്തിന് മഞ്ഞ കലർന്ന നിറം വരുന്നു.
- മൂത്രം കടുത്ത മഞ്ഞനിറത്തിലാകുന്നു
- ചിലരിൽ മലത്തിന് വിളറിയ നിറം ഉണ്ടാകാം
കുട്ടികളുടെ കണ്ണുകളിൽ മഞ്ഞനിറം കണ്ടാൽ, അതൊരിക്കലും അവഗണിക്കരുത്. ചികിൽസ നൽകാത്ത പക്ഷം അപകടകരമാകാനിടയുണ്ട്.
നവജാതശിശുക്കളിലെ മഞ്ഞപ്പിത്തവും മുതിർന്ന കുട്ടികളിലെ മഞ്ഞപ്പിത്തവും
നവജാതശിശുക്കളിൽ (Newborns) മഞ്ഞപ്പിത്തം സാധാരണയായി കണ്ടുവരാറുണ്ട്, മിക്കപ്പോഴും ഇത് തനിയെ മാറുന്നതുമാണ്. എന്നാൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്:
- നവജാതശിശുക്കളല്ലാത്ത കുട്ടികളിലോ, സ്കൂളിൽ പോകുന്ന പ്രായത്തിലുള്ളവരിലോ, കൗമാരക്കാരിലോ മഞ്ഞപ്പിത്തം ഉണ്ടാകുന്നത് അസാധാരണമാണ്.
- വ്യത്യാസം കണ്ടാലുടൻ നിർബന്ധമായും ഡോക്ടറുടെ പരിശോധന ആവശ്യമാണ്.
കുട്ടികളിലെ മഞ്ഞപ്പിത്തം മിക്കപ്പോഴും കരളിനുണ്ടാകുന്ന അണുബാധയുടെയോ സമ്മർദ്ദത്തിന്റെയോ രക്തസംബന്ധമായ മറ്റ് പ്രശ്നങ്ങളുടെയോ സൂചനയാകാം.
കുട്ടികളിലെ മഞ്ഞപ്പിത്തത്തിന്റെ സാധാരണ കാരണങ്ങൾ
കാരണങ്ങൾ വ്യക്തമായി മനസ്സിലാക്കുന്നത്, അനാവശ്യ ഭീതി ഒഴിവാക്കാനും ശരിയായ ചികിത്സ നൽകാനും സഹായകമാകും.
പ്രധാന കാരണങ്ങൾ താഴെ പറയുന്നവയാണ്:
വൈറൽ ഹെപ്പറ്റൈറ്റിസ് (Hepatitis A and E):
- മലിനമായ ആഹാരത്തിലൂടെയും വെള്ളത്തിലൂടെയുമാണ് ഇത് പകരുന്നത്.
- ശുചിത്വമില്ലാത്ത സാഹചര്യങ്ങളിൽ ഇത്തരം അണുബാധകൾ ഉണ്ടാകാൻ സാധ്യത കൂടുതലാണ്.
രക്തസംബന്ധമായ പ്രശ്നങ്ങൾ:
- ജി6പിഡി (G6PD) ഡെഫിഷ്യൻസി.
- സിക്കിൾ സെൽ അനീമിയ (Sickle cell disease).
- താലസീമിയ (Thalassemia)
കരളിനെ ബാധിക്കുന്ന മറ്റ് പ്രശ്നങ്ങൾ:
- വിവിധ തരത്തിലുള്ള അണുബാധകൾ
- മരുന്നുകളുടെ പാർശ്വഫലം മൂലമുണ്ടാകുന്ന കരൾ വീക്കം
- അമിതവണ്ണമുള്ള കുട്ടികളിൽ കണ്ടുവരുന്ന ‘ഫാറ്റി ലിവർ’ (Fatty liver disease)
മരുന്നുകളും വിഷാംശങ്ങളും മൂലമുള്ള രോഗബാധ
ചില സാഹചര്യങ്ങളിൽ മരുന്നുകളുടെ അശ്രദ്ധമായ ഉപയോഗം കരളിനെ ബാധിക്കാം:
- ഡോക്ടറുടെ നിർദ്ദേശമില്ലാതെ നൽകുന്ന മരുന്നുകൾ.
- ആധികാരികത ഉറപ്പുവരുത്താത്ത പച്ചമരുന്നുകളും ഒറ്റമൂലികളും
- രാസവസ്തുക്കൾ അറിയാതെ ശരീരത്തിനുള്ളിൽ ചെല്ലുന്നത്.
ശുചിത്വമില്ലായ്മയും സുരക്ഷിതമല്ലാത്ത ഭക്ഷണവും
വൃത്തിയില്ലായ്മയാണ് കുട്ടികളിൽ മഞ്ഞപ്പിത്തം പടരാനുള്ള പ്രധാന കാരണം:
- കൈകൾ ശരിയായി കഴുകാതിരിക്കുന്നത്
- കുപ്പിവെള്ളവും ഭക്ഷണവും പങ്കുവെക്കുന്നത്
- മലിനമായ സാഹചര്യത്തിൽ തയ്യാറാക്കുന്ന സ്കൂൾ ഭക്ഷണവും വഴിയോര ഭക്ഷണങ്ങളും
രക്ഷിതാക്കളും അദ്ധ്യാപകരും ശ്രദ്ധിക്കേണ്ട മുന്നറിയിപ്പ് ലക്ഷണങ്ങൾ
കുട്ടികൾക്ക് തങ്ങളുടെ അസ്വസ്ഥതകൾ എപ്പോഴും തുറന്നു പറയാൻ കഴിഞ്ഞെന്നു വരില്ല. അതിനാൽ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക:
- കണ്ണുകളിലെയും ചർമ്മത്തിലെയും മഞ്ഞനിറം
- കടുത്ത മഞ്ഞനിറത്തിലുള്ള മൂത്രം
- വിളറിയ നിറത്തിലുള്ള മലം
- വിശപ്പില്ലായ്മ
- അമിതമായ ക്ഷീണമോ തളർച്ചയോ
- പനി, ഓക്കാനം, ഛർദ്ദി
- വയറുവേദന (പ്രത്യേകിച്ച് വയറിന്റെ വലതു ഭാഗത്ത്)
- ചർമ്മത്തിൽ ചൊറിച്ചിൽ
പ്രത്യേകം ശ്രദ്ധിക്കുക: കുഞ്ഞിന് കണ്ണിൽ മഞ്ഞനിറവും മൂത്രത്തിന് കടുത്ത നിറവും ക്ഷീണവും ഒരുമിച്ച് കണ്ടാൽ ഒട്ടും വൈകാതെ ഡോക്ടറെ കാണിക്കണം.
അദ്ധ്യാപകരുടെ പങ്ക് നിർണ്ണായകം
പലപ്പോഴും, കുട്ടികൾക്കുണ്ടാകുന്ന മാറ്റങ്ങൾ രക്ഷിതാക്കളേക്കാൾ വേഗത്തിൽ
അദ്ധ്യാപകർക്ക് തിരിച്ചറിയാനാകും. സ്കൂളിൽ വെച്ച് താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ജാഗ്രത വേണം:
- ക്ലാസ്സിലെ കാര്യങ്ങളിൽ താല്പര്യം കുറയുക.
- അസാധാരണമായ ക്ഷീണമോ ക്ലാസ്സിൽ ഉറക്കം തൂങ്ങുന്ന അവസ്ഥയോ കാണുക.
- ഉച്ചഭക്ഷണം കഴിക്കാൻ മടി കാണിക്കുക.
- ചർമ്മത്തിന്റെ നിറത്തിൽ വ്യത്യാസം തോന്നുക.
അധ്യാപകർ ചെയ്യേണ്ടത്:
- ഉടൻ തന്നെ മാതാപിതാക്കളെ വിവരമറിയിക്കുക.
- കുഞ്ഞിനെ, ഡോക്ടറെ കാണിക്കാൻ നിർദ്ദേശിക്കുക.
- കുട്ടിയെ മാറ്റിനിർത്തുന്നതിനോ കളിയാക്കുന്നതിനോ ഇടനൽകരുത്.
- സ്കൂളിൽ കൈകൾ കഴുകുന്നതും ശുചിത്വം പാലിക്കുന്നതും കർശനമാക്കുക.
രോഗനിർണ്ണയം എങ്ങനെ?
ഡോക്ടർമാർ സാധാരണയായി താഴെ പറയുന്ന പരിശോധനകളിലൂടെയാണ് രോഗം സ്ഥിരീകരിക്കുന്നത്:
- രക്തപരിശോധന: ബിലിറൂബിന്റെ അളവും കരളിന്റെ പ്രവർത്തനക്ഷമതയും (Liver Enzymes) പരിശോധിക്കുന്നു.
- വൈറൽ ഹെപ്പറ്റൈറ്റിസ് പരിശോധന: വൈറസ് ബാധയുണ്ടോ എന്ന് കണ്ടെത്താൻ.
- അൾട്രാസൗണ്ട് സ്കാനിംഗ്: ആവശ്യമെങ്കിൽ വയറിന്റെ സ്കാനിംഗ് നടത്തുന്നു.
നേരത്തെ രോഗനിർണ്ണയം നടത്തുന്നത് വേഗത്തിലുള്ള സുഖപ്രാപ്തിക്ക് സഹായിക്കുന്നതോടൊപ്പം സങ്കീർണ്ണതകളും ഒഴിവാക്കും.
പരിചരണവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും
വിശ്രമം
- ശരീരത്തിന് പൂർണ്ണവിശ്രമം അത്യന്താപേക്ഷിതമാണ്.
- അസുഖമുള്ളപ്പോൾ സ്കൂളിൽ അയയ്ക്കരുത്, ശരീരമനങ്ങിയുള്ള കളികൾ ഒഴിവാക്കുക.
ജലാംശം നിലനിർത്താം
- ധാരാളം വെള്ളം കുടിപ്പിക്കുക
- ഇളനീർ, സൂപ്പ്, ആവശ്യമെങ്കിൽ ഒ ആർ എസ് (ORS) എന്നിവ നൽകുക
പോഷകാഹാരം
- ലഘുവായതും എളുപ്പത്തിൽ ദഹിക്കുന്നതുമായ വീട്ടിലുണ്ടാക്കുന്ന ഭക്ഷണം നൽകുക.
- കഞ്ഞി, പരിപ്പ്, പച്ചക്കറികൾ, പഴങ്ങൾ എന്നിവ ഉൾപ്പെടുത്താം.
- എണ്ണമയമുള്ളതോ വറുത്തതോ എരിവുള്ളതോ ആയ ഭക്ഷണങ്ങളും പാക്കറ്റ് ഭക്ഷണങ്ങളും പൂർണ്ണമായും ഒഴിവാക്കുക.
ഡോക്ടറുടെ നിർദ്ദേശമില്ലാതെ മരുന്നുകളോ ടോണിക്കുകളോ പച്ചമരുന്നുകളോ കുട്ടികൾക്ക് നൽകരുത്.
മാതാപിതാക്കളും അദ്ധ്യാപകരും ചെയ്യാൻ പാടില്ലാത്തവ
- ഡോക്ടറെ കാണിക്കുന്നത് വൈകിപ്പിക്കരുത്.
- കുട്ടിക്ക് വിശപ്പില്ലെങ്കിൽ നിർബന്ധിച്ച് ഭക്ഷണം നൽകരുത്.
- കടകളിൽ നിന്ന് ലഭിക്കുന്ന സാധാരണ പനിമരുന്നുകളോ വേദനസംഹാരികളോ ഡോക്ടറുടെ നിർദ്ദേശമില്ലാതെ നൽകരുത്.
- രോഗം ഭേദമാകുന്നതിന് മുൻപ് കുട്ടിയെ സ്കൂളിൽ അയയ്ക്കരുത്.
- രോഗം വന്നതിന്റെ പേരിൽ കുട്ടിയെ ഒറ്റപ്പെടുത്തുകയോ കുറ്റപ്പെടുത്തുകയോ ചെയ്യരുത്.
അടിയന്തര ചികിത്സ തേടേണ്ട സാഹചര്യങ്ങൾ
താഴെ പറയുന്ന ലക്ഷണങ്ങൾ കണ്ടാൽ ഒട്ടും വൈകാതെ വിദഗ്ദ്ധ ചികിത്സ തേടണം:
- കുട്ടിക്ക് അമിതമായ ഉറക്കമോ ആശയക്കുഴപ്പമോ തോന്നിയാൽ.
- നിർത്താതെയുള്ള ഛർദ്ദി.
- വയറിന്റെ വലതു ഭാഗത്ത് കഠിനമായ വേദന.
- ശരീരത്തിൽ എവിടെയെങ്കിലും രക്തസ്രാവമോ അസാധാരണമായ ചുവന്ന പാടുകളോ.
- മഞ്ഞനിറം അതിവേഗം കൂടി വരികയാണെങ്കിൽ.
- കടുത്ത പനി
ഈ ലക്ഷണങ്ങൾ കരളിന്റെ പ്രവർത്തനത്തെ രോഗം ഗുരുതരമായി ബാധിച്ചതിന്റെ സൂചനയാകാം.
പ്രതിരോധം: ഏറ്റവും മികച്ച സുരക്ഷ
താഴെ പറയുന്ന ശീലങ്ങൾ പാലിക്കുന്നത് മഞ്ഞപ്പിത്തം തടയാൻ സഹായിക്കും:
വീട്ടിലും സ്കൂളിലും
- കൈകൾ കൃത്യമായി കഴുകുന്നത് ശീലമാക്കുക (പ്രത്യേകിച്ച് ആഹാരത്തിന് മുൻപും ശൗചാലയത്തിൽ പോയ ശേഷവും)
- തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാൻ നൽകുക.
- ശൗചാലയങ്ങളും ചുറ്റുപാടും എപ്പോഴും വൃത്തിയായി സൂക്ഷിക്കുക.
- ആഹാരം വൃത്തിയോടുകൂടി മാത്രം തയ്യാറാക്കുകയും വിളമ്പുകയും ചെയ്യുക
വാക്സിനേഷൻ
- ഹെപ്പറ്റൈറ്റിസ് എ (Hepatitis A) പ്രതിരോധ കുത്തിവെപ്പ് ഡോക്ടറുടെ നിർദ്ദേശപ്രകാരം എടുക്കുക.
- കുട്ടിക്ക് നൽകേണ്ട മറ്റ് വാക്സിനുകൾ കൃത്യസമയത്ത് എടുത്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക.
ഭക്ഷണം സുരക്ഷിതമാകണം
- തുറന്നുവെച്ച ആഹാരപദാർത്ഥങ്ങൾ ഒഴിവാക്കുക.
- അസുഖങ്ങൾ പടരുന്ന സീസണിൽ വഴിയോര ഭക്ഷണം പൂർണ്ണമായും ഒഴിവാക്കണം.
- സ്കൂളിൽ നൽകുന്ന ഭക്ഷണം വൃത്തിയുള്ള സാഹചര്യത്തിലാണ് പാകം ചെയ്യുന്നതെന്ന് ഉറപ്പാക്കുക.
മാതാപിതാക്കളോടും അദ്ധ്യാപകരോടും ഒരു വാക്ക്
കുട്ടികളിലെ മഞ്ഞപ്പിത്തം കണ്ട് പരിഭ്രാന്തരാകേണ്ടതില്ല, പക്ഷെ, കൃത്യസമയത്ത് ശ്രദ്ധ നൽകേണ്ടത് വളരെ പ്രധാനമാണ്.
- ലക്ഷണങ്ങൾ നേരത്തെ തിരിച്ചറിയുക
- കൃത്യമായ ചികിത്സ തേടുക
- ശരിയായ വിശ്രമവും ഭക്ഷണവും ഉറപ്പാക്കുക
- ശുചിത്വത്തെക്കുറിച്ച് കുട്ടികൾക്ക് അവബോധം നൽകുക
ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഒട്ടുമിക്ക കുട്ടികളും പൂർണ്ണ ആരോഗ്യത്തോടെ വളരെ വേഗം സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരും.
ഓർക്കുക, ഇന്ന് നൽകുന്ന ജാഗ്രത, നാളെ കുഞ്ഞുങ്ങളുടെ സങ്കീർണ്ണമായ ആരോഗ്യപ്രശ്നങ്ങൾ തടയാൻ സഹായിക്കും.




