നഗരപ്രദേശങ്ങളിൽ ജീവിക്കുന്നവരിൽ കാണുന്ന നേത്ര അലർജികൾ

നമ്മൾ ജീവിക്കുന്ന ചുറ്റുപാടുകൾ നമ്മുടെ ആരോഗ്യത്തിൽ ഗണ്യമായ സ്വാധീനം ചെലുത്തും. അത് ആരോഗ്യസംരക്ഷണത്തിന് സഹായകമാകുന്നതോ ദോഷകരമാകുന്നതോ ആകാം. കണ്ണുകളിലുണ്ടാകുന്ന അലർജി, നാഗരികജീവിതം നയിക്കുന്നവരിൽ പലർക്കും അനുഭവപ്പെടാറുണ്ട്.
കണ്ണുകളിൽ നേരിയ ചൊറിച്ചിലോടെ ബുദ്ധിമുട്ട് ആരംഭിക്കുന്നു. പിന്നാലെ പുകച്ചിലും കണ്ണുനീർ പ്രവാഹവും. പിന്നെ കണ്ണ് തിരുമ്മാനുള്ള അടക്കാനാവാത്ത പ്രേരണ. ഇതാണ് അലർജിക് കൺജങ്ക്റ്റിവൈറ്റിസ്. അന്തരീക്ഷത്തിലെ പൊടി, പൂമ്പൊടി, മലിനീകരണം എന്നിവയെല്ലാം ചേർന്ന് കണ്ണിനെ അസ്വസ്ഥമാക്കുന്ന മിശ്രിതമായി മാറുന്നത് നഗരങ്ങളിൽ ജീവിക്കുന്നവരിൽ വർധിച്ചു വരുന്ന നേത്ര പ്രശ്നത്തിന് ഹേതുവാണ്.
ആധുനിക ജീവിതശൈലിയും നഗരങ്ങളിലെ വായുവും എങ്ങനെയാണ് കണ്ണിന്റെ അലർജികളെ നിത്യസംഭവമാക്കുന്നത് എന്നും കണ്ണുകളെ സ്വാഭാവികമായും സുരക്ഷിതമായും എങ്ങനെ സംരക്ഷിക്കാമെന്നും nellikka.life പരിശോധിക്കുന്നു.
എന്താണ് അലർജിക് കൺജങ്ക്റ്റിവൈറ്റിസ്?
പൂമ്പൊടി, പൊടിപടലങ്ങൾ, വളർത്തുമൃഗങ്ങളുടെ രോമം, വായു മലിനീകരണം പോലുള്ള ദോഷകരമല്ലാത്ത വസ്തുക്കളോട് കണ്ണുകൾ അമിതമായി പ്രതികരിക്കുമ്പോൾ ഉണ്ടാകുന്ന അവസ്ഥയാണ് അലർജിക് കൺജങ്ക്റ്റിവൈറ്റിസ്. കണ്ണുകളെയും കൺപോളകളുടെ ഉൾഭാഗങ്ങളെയും പൊതിഞ്ഞിരിക്കുന്ന നേർത്ത സ്തരമായ കൺജങ്ക്റ്റൈവ (Conjunctiva)യിൽ വീക്കമുണ്ടാകുകയും ഇത്, ചൊറിച്ചിൽ, ചുവപ്പ്, കണ്ണുനീരൊഴുക്ക് എന്നിവയിലേക്ക് നയിക്കുകയും ചെയ്യുന്നു.
രോഗപ്രതിരോധ സംവിധാനം: പ്രതിരോധം പ്രശ്‌നമാകുമ്പോൾ
അലർജിക്ക് കാരണമാകുന്ന ഒരു വസ്തു (allergen) കണ്ണിന്റെ ഉപരിതലത്തിൽ എത്തുമ്പോൾ, രോഗപ്രതിരോധ കോശങ്ങൾ ഹിസ്റ്റമിൻ എന്ന രാസവസ്തു പുറത്തുവിടുന്നു. ഈ ഹിസ്റ്റമിൻ, രക്തക്കുഴലുകൾ വികസിപ്പിക്കുകയും കൺജങ്ക്റ്റൈവ വീർക്കാൻ കാരണമാവുകയും ചെയ്യുന്നു.
തത്ഫലമായി:
- രക്തയോട്ടം കൂടുന്നതു കാരണം ചുവപ്പുനിറം ഉണ്ടാകുന്നു.
- നാഡീ ഉത്തേജനം കാരണം ചൊറിച്ചിൽ ഉണ്ടാകുന്നു.
- അസ്വസ്ഥത ഉണ്ടാക്കുന്ന വസ്തുവിനെ പുറന്തള്ളാനായി കണ്ണ് ശ്രമിക്കുമ്പോൾ ധാരാളം കണ്ണുനീരുമുണ്ടാകുന്നു.
ഈ അവസ്ഥ തുടർച്ചയായി ഉണ്ടാകുമ്പോൾ, പ്രത്യേകിച്ച് നഗരങ്ങളിൽ, കണ്ണിലെ അസ്വസ്ഥതകളും ആവർത്തിക്കുന്നു.
നഗരങ്ങളിലെ കാരണങ്ങൾ: പൂമ്പൊടിയും മലിനീകരണവും കൂടിക്കലരുമ്പോൾ
ഇന്ത്യയിലെ നഗരങ്ങളിൽ അലർജിയുമായി ബന്ധപ്പെട്ട നേത്രരോഗങ്ങൾ കുത്തനെ വർധിച്ചുവരുന്നതായി പഠനങ്ങൾ സൂചിപ്പിക്കുന്നു. വായുവിന്റെ മോശം നിലവാരമാണ് ഇതിന് കാരണം.
ഡീസൽ പുക, ഓസോൺ, നേരിയ പൊടിപടലങ്ങൾ (PM2.5, PM10) പോലുള്ള വായുവിലെ മലിനീകാരികൾ കണ്ണിനെ അസ്വസ്ഥമാക്കുക മാത്രമല്ല, അവ പൂമ്പൊടിയുടെ പുറത്തെ ആവരണം തകർത്ത് അവയെ കൂടുതൽ അലർജിയുണ്ടാക്കുന്ന വസ്തുക്കളായി മാറ്റുകയും ചെയ്യുന്നു. ഈർപ്പം, പൊടി, സൗന്ദര്യവർദ്ധക വസ്തുക്കളിൽ നിന്നുള്ള (സ്‌പ്രേകളും മേക്കപ്പും) അസ്വസ്ഥതകൾ എന്നിവയെല്ലാം സെൻസിറ്റീവായ കണ്ണുകളെ കൂടുതൽ പ്രശ്നത്തിലാക്കുന്നു.
ദി ഇന്ത്യൻ ജേണൽ ഓഫ് ഒഫ്താൽമോളജിയിൽ 2022ൽ പ്രസിദ്ധീകരിച്ച ഒരു പഠനം കണ്ടെത്തിയത്, നഗരവാസികൾക്ക് ഗ്രാമീണരെ അപേക്ഷിച്ച്, അലർജിക് കൺജങ്ക്റ്റിവൈറ്റിസ് വരാനുള്ള സാധ്യത രണ്ടിരട്ടി കൂടുതലാണ് എന്നാണ്. മലിനീകരണവുമായി ഇടപഴകുന്നതും വീടിനകത്തെ അലർജനുകളുമാണ് ഇതിന്റെ പ്രധാന കാരണം.
കണ്ണു ചുവക്കാൻ കാരണം അലർജി മാത്രമല്ല
കണ്ണിലെ അലർജിയെ അണുബാധയായി തെറ്റിദ്ധരിക്കാനുള്ള സാദ്ധ്യത ഏറെയാണ്. എന്നാൽ അവയുടെ കാരണങ്ങളും ചികിത്സകളും തികച്ചും വ്യത്യസ്തമാണ്.
| സവിശേഷത | അലർജിക് കൺജങ്ക്റ്റിവൈറ്റിസ് | അണുബാധ മൂലമുള്ളത് (ബാക്ടീരിയ, വൈറസ്) |
| തുടക്കം | സീസൺ മാറുമ്പോൾ അല്ലെങ്കിൽ അലർജനുകളുടെ വരവോടെ | പെട്ടെന്ന് തുടങ്ങുന്നു, വേഗത്തിൽ പടരുന്നു |
| സ്രവം | വെള്ളം പോലെ, അല്ലെങ്കിൽ തെളിഞ്ഞത് | പശിമയുള്ളത്, മഞ്ഞ/പച്ച നിറത്തിൽ |
| ചൊറിച്ചിൽ | വളരെ കൂടുതലായിരിക്കും | കുറഞ്ഞ തോതിൽ |
| പകരുമോ | ഇല്ല | പകരും |
| രണ്ട് കണ്ണിലും | സാധാരണയായി രണ്ട് കണ്ണിലും ഉണ്ടാകും | പലപ്പോഴും ഒരു കണ്ണിൽ തുടങ്ങി മറ്റേതിലേക്ക് പടരുന്നു |
ഒട്ടലുള്ള സ്രവമോ കഠിനമായ വേദനയോ ഉണ്ടെങ്കിൽ ഉടൻ തന്നെ ഡോക്ടറെ കാണുക. ബാക്ടീരിയൽ അണുബാധകൾക്ക് ആൻ്റിബയോട്ടിക് തുള്ളിമരുന്നുകൾ ആവശ്യമായി വന്നേക്കാം.
സാധാരണയായി കണ്ണിന് അലർജിയുണ്ടാക്കുന്ന വസ്തുക്കൾ
- പൂമ്പൊടിയും പൊടിക്കാറ്റും (പ്രത്യേകിച്ച് വരണ്ട കാലാവസ്ഥയിൽ)
- വായു മലിനീകരണവും പുകയും
- വളർത്തുമൃഗങ്ങളുടെ രോമവും തൂവലുകളും
- സുഗന്ധങ്ങളോ പ്രിസർവേറ്റീവുകളോ അടങ്ങിയ നേത്രസൗന്ദര്യവർദ്ധക വസ്തുക്കൾ
- കോൺടാക്റ്റ് ലെൻസ് സൊല്യൂഷനുകൾ
- പൂപ്പൽ അല്ലെങ്കിൽ വീടിനകത്തെ വായുസഞ്ചാരക്കുറവ്
കണ്ണിന് സുരക്ഷിതമായ പരിചരണം:
മരുന്ന് വാങ്ങുന്നതിന് മുൻപ്, കണ്ണിന് സുരക്ഷിതമായ ഈ ലളിതമായ പ്രതിവിധികൾ വീട്ടിൽ പരീക്ഷിക്കാവുന്നതാണ്:
1.തണുത്ത തുണി വെയ്ക്കുക (Cold Compress): വീക്കം കുറയ്ക്കുകയും അസ്വസ്ഥത ശമിപ്പിക്കുകയും ചെയ്യുന്നു.
2.കൃത്രിമ കണ്ണുനീർ (Artificial Tears): അലർജനുകൾ കഴുകിക്കളയാനും കണ്ണിന്റെ ഈർപ്പം നിലനിർത്താനും സഹായിക്കുന്നു.
3.തിരുമ്മുന്നത് ഒഴിവാക്കുക: ഇത് വീക്കം വർദ്ധിപ്പിക്കുകയും കോർണിയക്ക് കേടുപാടുകൾ വരുത്തുകയും ചെയ്യും.
4.വീടിനുള്ളിൽ നിന്ന് അലർജനുകൾ ഒഴിവാക്കുക: വാക്വം ചെയ്യുക, തലയിണ കവറുകൾ ആഴ്ചതോറും മാറ്റുക, എയർ പ്യൂരിഫയറുകൾ ഉപയോഗിക്കുക.
5.സ്ക്രീൻ സമയം കുറയ്ക്കുക: കൂടുതൽ നേരം നോക്കിയിരിക്കുന്നത് കണ്ണ് ചിമ്മുന്നത് കുറയ്ക്കുകയും വരൾച്ച കൂട്ടുകയും ചെയ്യും.
6.പുറത്ത് പോകുമ്പോൾ സൺഗ്ലാസ് ധരിക്കുക: പൊടിയിൽ നിന്നും അൾട്രാവയലറ്റ് രശ്മികളിൽ നിന്നും കണ്ണിനെ സംരക്ഷിക്കുന്നു.
തുള്ളിമരുന്നുകൾ വേണ്ടിവരുമ്പോൾ
രോഗലക്ഷണങ്ങൾ ഒരാഴ്ചയിൽ കൂടുതൽ തുടരുകയോ ജോലിയെയോ ഉറക്കത്തെയോ ബാധിക്കുകയോ ചെയ്യുകയാണെങ്കിൽ, ഒഫ്താൽമോളജിസ്റ്റിനെ സമീപിക്കുക. അവർ ഇനിപ്പറയുന്നവ നിർദ്ദേശിച്ചേക്കാം:
- ആൻ്റിഹിസ്റ്റമിൻ അല്ലെങ്കിൽ മാസ്റ്റ് സെൽ സ്റ്റെബിലൈസർ തുള്ളിമരുന്നുകൾ (ഉദാഹരണത്തിന്, ഒലോപറ്റാഡിൻ, കെറ്റോട്ടിഫെൻ).
- സ്റ്റിറോയ്ഡ് തുള്ളിമരുന്നുകൾ (കഠിനമായ വീക്കത്തിന്, ഇത് കുറഞ്ഞ സമയത്തേക്കേ ഉപയോഗിക്കാവൂ).
- ലൂബ്രിക്കേറ്റിംഗ് ജെല്ലുകൾ (തുടർച്ചയായ എക്സ്പോഷർ മൂലമുള്ള വരൾച്ചയ്ക്ക്).
പ്രത്യേകം ശ്രദ്ധിക്കാൻ: സ്റ്റിറോയ്ഡ് ഐ ഡ്രോപ്പുകൾ സ്വയം വാങ്ങി ഉപയോഗിക്കരുത്. അനാവശ്യ ഉപയോഗം ഗ്ലോക്കോമ, തിമിരം എന്നിവയുടെ സാധ്യത വർദ്ധിപ്പിക്കും.
പ്രതിരോധമാണ് യഥാർത്ഥ ചികിത്സ
- പുറത്ത് പോയി വന്ന ശേഷം മുഖവും കൺപോളകളും കഴുകുക.
- പുകവലിക്കുന്നത് ഒഴിവാക്കുക, പുകവലിക്കുന്നവരുടെ അടുത്ത് നിൽക്കാതിരിക്കുക.
- ഹൈപ്പോഅലർജനിക് സൗന്ദര്യവർദ്ധക വസ്തുക്കൾ തെരഞ്ഞെടുക്കുക.
- കണ്ണിന്റെ വരൾച്ച തടയാൻ വീടിനകത്ത് ഈർപ്പം (ഏകദേശം 40–60%) നിലനിർത്തുക.
- ധാരാളം വെള്ളം കുടിക്കുകയും ഒമേഗ-3 അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുകയും ചെയ്യുക.
കണ്ണുകൾക്കും പരിപാലനം വേണം
ശരീരത്തെ ബാഹ്യലോകവുമായി ബന്ധിപ്പിക്കുന്ന ഭാഗങ്ങളിൽ ഒന്നാണ് കണ്ണുകൾ. പൊടി, സൂര്യപ്രകാശം, സ്ക്രീനുകൾ എന്നിവയുമായി അത് നിരന്തരം പോരാടുന്നു. അലർജിക് കൺജങ്ക്റ്റിവൈറ്റിസ് നിസ്സാരമായി തോന്നാമെങ്കിലും തുടർച്ചയായ അസ്വസ്ഥത ഉൽപ്പാദനക്ഷമത കുറയ്ക്കാനും ക്ഷീണമുണ്ടാക്കാനും ദിവസം മുഴുവൻ അസ്വസ്ഥത സൃഷ്ടിക്കാനും കാരണമാകും.
കൃത്യമായ പ്രതിരോധ ശീലങ്ങളിലൂടെയും സമയബന്ധിതമായ ചികിത്സയിലൂടെയും നമുക്ക്, ഏറ്റവും തിരക്കേറിയ, പൊടി നിറഞ്ഞ നഗരങ്ങളിൽ പോലും ആശ്വാസവും വ്യക്തതയും തിരികെ നേടാനാകും.
“തെളിച്ചമുള്ള കണ്ണുകൾ എന്നാൽ കൂടുതൽ തെളിച്ചമുള്ള ലോകം എന്ന് nellikka.life വിശ്വസിക്കുന്നു.”
References:
- Leonardi A, et al. Allergic conjunctivitis: epidemiology, pathogenesis, and management. Curr Opin Allergy Clin Immunol. 2020;20(5):438–444.
- Bhattacharya D, et al. Rising prevalence of allergic eye diseases in urban India. Indian J Ophthalmol. 2022;70(4):1260–1267.
- Bielory L. Environmental and ocular allergy: Impact of air pollution and climate change. Curr Opin Allergy Clin Immunol. 2021;21(5):482–488.
- Singh U, et al. Clinical distinction between allergic and infectious conjunctivitis in primary care. BMJ. 2019;364.
- World Health Organization. Ambient Air Pollution: Health Impacts of PM2.5 Exposure (2023).




