കുട്ടികളിലെ ലഹരി ഉപയോഗം: നേരത്തെ തിരിച്ചറിയാം, പ്രതിരോധിക്കാം

അമ്മമാർക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ഇതാ
വളരെ ശ്രദ്ധിച്ചും ആവോളം സ്നേഹിച്ചുമാണ് രക്ഷിതാക്കൾ കുഞ്ഞുങ്ങളെ വളർത്തുന്നത്. മാതാപിതാക്കൾ ശരിതെറ്റുകൾ ചൂണ്ടിക്കാട്ടിയും പറഞ്ഞുമനസ്സിലാക്കിയും കരുതലോടെ നയിക്കുമ്പോഴും കുട്ടികൾക്ക് വഴി പിഴക്കുന്നതെന്തുകൊണ്ടാണെന്ന് ചിന്തിക്കുന്നവരാണ് നമ്മളിൽ പലരും.
ഇന്നത്തെ ലോകത്ത്, സാമൂഹിക സമ്മർദ്ദവും മാനസിക പിരിമുറുക്കവും ആകാംക്ഷയുമെല്ലാം കുട്ടികൾക്ക് വഴിതെറ്റാനുള്ള കാരണങ്ങളായി മാറുന്നുണ്ട്.
കൗമാരക്കാർക്കിടയിലെ ലഹരി ഉപയോഗ പരീക്ഷണങ്ങൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. പലപ്പോഴും അതീവരഹസ്യമായി സുഹൃത്തുക്കൾ മുഖേനെയാണ് കുട്ടികൾക്കിത് ലഭ്യമാകുന്നത്. അരുത് എന്ന് വിലക്കുന്ന കാര്യങ്ങൾ പരീക്ഷിച്ചു നോക്കാനുള്ള കൗതുകവും സുഹൃത്തുക്കളുടെ സമ്മർദ്ദവും കാരണമാകാമെങ്കിലും ലഹരി ആദ്യമായി ഉപയോഗിക്കുന്ന കുട്ടികൾ പിന്നീടത് തുടരാൻ ആഗ്രഹിക്കുന്നു.
എല്ലാ അമ്മമാർക്കും അറിവും ഉൾക്കരുത്തും പകർന്ന് നൽകി, ഭീതി ഒഴിവാക്കി വേണ്ട രീതിയിൽ പ്രവർത്തിക്കാനും കുഞ്ഞുങ്ങൾ ലഹരിയുടെ പിടിയിലമരും മുമ്പ് പ്രതിരോധിക്കാനും വേണ്ട മാർഗ്ഗങ്ങൾ nellikka.life ലൂടെ മനസ്സിലാക്കാം. ലഹരിയുടെ ആദ്യകാല അപകടസാധ്യതകൾ തിരിച്ചറിയാനും കുട്ടികളെ സംരക്ഷിക്കാനുമുള്ള പ്രായോഗികവും ശാസ്ത്രീയവുമായ വഴികൾ ഈ ലേഖനം പകർന്നു നൽകുന്നു.
നല്ല കുട്ടികൾ പോലും ലഹരിയിൽ വീഴുന്നതെന്തുകൊണ്ട് ?
“എൻ്റെ കുട്ടി ഒരിക്കലും ഇത് ചെയ്യില്ല” എന്നാണ് പല അമ്മമാരും വിശ്വസിക്കാൻ ഇഷ്ടപ്പെടുക.
എന്നാൽ, മോശം സ്വഭാവം എന്ന ഗണത്തിൽ നമ്മൾ ഉൾപ്പെടുത്തിയിട്ടുള്ള കാര്യങ്ങളിൽ നിന്നുതന്നെ ലഹരിയോടുള്ള ആസക്തി തുടങ്ങണം എന്നില്ല.
അതിൻ്റെ തുടക്കം ഇവയിൽ നിന്നാകാം :
- വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടോ സാമൂഹിക സമ്മർദ്ദങ്ങൾ മൂലമോ ബന്ധങ്ങളിൽ നിന്നോ ഉണ്ടാകുന്ന മാനസിക പിരിമുറുക്കം
- എല്ലാം അറിയാനും പരീക്ഷിക്കാനുമുള്ള ആകാംക്ഷ, പ്രത്യേകിച്ചും ഡിജിറ്റൽ കാലത്തെ പ്രലോഭനങ്ങൾ കുട്ടികളെ ആകർഷിക്കുന്നു.
- “ഒരിക്കൽ മാത്രം പരീക്ഷിച്ചു നോക്കാം” എന്ന് പറഞ്ഞ് പ്രോൽസാഹിപ്പിക്കുന്ന കൂട്ടുകാർ
- ആത്മവിശ്വാസക്കുറവോ അല്ലെങ്കിൽ വികാരങ്ങൾ അടിച്ചമർത്തുന്നതോ ആയ സ്വഭാവം
- വിരസതയും ചിട്ടയില്ലാത്ത ദിനചര്യകളും
- ഇലക്ട്രോണിക് സിഗററ്റ്, മദ്യം, ഡോക്ടറുടെ കുറിപ്പടി ആവശ്യമുള്ള ഗുളികകൾ എന്നിവയുടെ എളുപ്പത്തിലുള്ള ലഭ്യത
ലഹരിയ്ക്ക് അടിമപ്പെടണം എന്നു തീരുമാനിച്ചിട്ടല്ല കുട്ടികൾ അതുപയോഗിക്കുന്നത്. അവരെ സംബന്ധിച്ചിടത്തോളം, സുഹൃത്തുക്കളുമൊത്തുള്ള കൂട്ടായ്മകളും പ്രശ്നങ്ങളിൽ നിന്ന് ഒളിച്ചോടാനുള്ള ത്വരയും സഹപാഠികൾക്കിടയിൽ വലിയ ആളാകാനുള്ള ആഗ്രഹവുമെല്ലാമാണ് പരമപ്രധാനം.
ആദ്യകാല ലഹരി ഉപയോഗത്തിന് പിന്നിലെ മനഃശാസ്ത്രം
കൗമാരകാലത്ത് കുട്ടികളുടെ മസ്തിഷ്കം വികസിച്ചുകൊണ്ടിരിക്കുന്ന ഘട്ടത്തിലായിരിക്കുമെന്ന് മനഃശാസ്ത്രജ്ഞർ വിശദീകരിക്കുന്നു. പ്രത്യേകിച്ച്, വിവേചനാധികാരം, പ്രേരണകളുടെ നിയന്ത്രണം, തീരുമാനമെടുക്കൽ എന്നിവയെ നിയന്ത്രിക്കുന്ന പ്രീഫ്രോണ്ടൽ കോർട്ടക്സ് (Prefrontal Cortex).
ഇത് കൗമാരക്കാരെ ഇനിപ്പറയുന്ന തരത്തിലേക്ക് മാറ്റുന്നു:
- കൂടുതൽ അംഗീകാരം തേടുന്നവർ
- സുഹൃത്തുക്കളാൽ കൂടുതൽ സ്വാധീനിക്കപ്പെടുന്നവർ
- അനന്തരഫലങ്ങൾ ആലോചിക്കാനുള്ള ധാരണ കുറവുള്ളവർ
കുട്ടിയുടെ അമ്മയ്ക്ക് ഇത് മനസ്സിലാക്കാൻ സാധിച്ചാൽ, ദേഷ്യത്തിന് പകരം അനുകമ്പയോടെ പ്രതികരിക്കാൻ കഴിയും, ഇത് ഇടപെടലുകൾ കൂടുതൽ മെച്ചപ്പെടുത്തുന്നു.
അമ്മമാർ അവഗണിക്കരുതാത്ത മുന്നറിയിപ്പ് സൂചനകൾ
എല്ലാ ലക്ഷണങ്ങളും ലഹരി ഉപയോഗത്തെ സൂചിപ്പിക്കുന്നില്ല എങ്കിലും മാറ്റങ്ങൾ വരുന്നത് ശ്രദ്ധിക്കേണ്ടതാണ്:
സ്വഭാവത്തിലെ മാറ്റങ്ങൾ
- കുടുംബാംഗങ്ങളിൽ നിന്ന് പെട്ടെന്ന് പിൻവാങ്ങുക
- ദേഷ്യം, മൂഡ് മാറ്റങ്ങൾ, അനുസരണക്കേട്
- പതിവായി നുണ പറയുക
- കുടുംബവുമായി ഇടപഴകാത്ത പുതിയ കൂട്ടുകാർ
- വിശദീകരണം നൽകാതെ രാത്രി വൈകുവോളം വീടിന് പുറത്ത് സമയം ചെലവഴിക്കുക
പഠനത്തിലും ദിനചര്യയിലുമുള്ള മാറ്റങ്ങൾ
- മാർക്ക് കുറയുക
- ക്ലാസിൽ പോകാതിരിക്കുക
- ഹോബികളിലുള്ള താല്പര്യം നഷ്ടപ്പെടുക
- എപ്പോഴും ക്ഷീണം അല്ലെങ്കിൽ അമിതമായ ഉറക്കം
3. ശാരീരിക ലക്ഷണങ്ങൾ
- കണ്ണുകൾ ചുവന്നിരിക്കുക
- നിരന്തരമായി ചുമയ്ക്കുക
- ശരീരഭാരം പെട്ടെന്ന് കുറയുക
- വസ്ത്രങ്ങളിലോ ശ്വാസത്തിലോ അസ്വാഭാവികമായ മണം (പുക, രാസവസ്തുക്കൾ)
4. ചുറ്റുപാട് നൽകുന്ന സൂചനകൾ
- പണം കാണാതാവുക
- ഒളിപ്പിച്ചുവെച്ച ഫോയിൽ പേപ്പറുകൾ, ഇ സിഗററ്റ് പേനകൾ, ലൈറ്ററുകൾ, റോളിംഗ് പേപ്പറുകൾ
- ഡ്രോയറുകൾ പൂട്ടിവെയ്ക്കുക അല്ലെങ്കിൽ ഫോണിൽ രഹസ്യ ആപ്പുകൾ ഉപയോഗിക്കുക
ഇതെല്ലാം സൂചനകളാണ്, മുന്നറിയിപ്പ് സിഗ്നലുകളാണ്. ഈ സൂചനകൾ കണക്കാക്കി മാത്രം ലഹരിയ്ക്ക് അടിമപ്പെട്ടു കഴിഞ്ഞു എന്ന് വിധിയെഴുതരുത്.
അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം
കുട്ടികൾക്ക് സുരക്ഷിതത്വം തോന്നുമ്പോൾ മാത്രമേ അവർ തുറന്നു സംസാരിക്കുകയുള്ളൂ, അവരെ അടിച്ചമർത്തുന്നതായി തോന്നിയാൽ അവർ ഉള്ളുതുറക്കില്ല എന്നുറപ്പാണ്.
കുറ്റപ്പെടുത്തുക എന്നതല്ല നമ്മുടെ ലക്ഷ്യം, അവരെ പറഞ്ഞു മനസ്സിലാക്കിക്കൊടുക്കുക എന്നതാണ്.
“നീ ലഹരി ഉപയോഗിക്കുന്നുണ്ടോ?” എന്ന് ചോദിക്കുന്നതിന് പകരം,
“നിൻ്റെ ചില മാറ്റങ്ങൾ ഞാൻ ശ്രദ്ധിച്ചു. എനിക്കതിൽ ആശങ്കയുണ്ട്. നിന്നെ വിഷമിപ്പിക്കുന്നത് എന്താണെന്ന് നമുക്ക് സംസാരിക്കാം” ഇങ്ങനെ പറയുമ്പോൾ കുട്ടിക്ക് അമ്മയോട് അടുപ്പം തോന്നും, ഭീതി മാറും.
“നീ നിൻ്റെ ജീവിതം നശിപ്പിക്കുകയാണ്.” എന്ന് കുറ്റപ്പെടുത്തുന്നതിന് പകരം,
“ഞാൻ നിനക്കുവേണ്ടി എല്ലായ്പ്പോഴും ഇവിടെത്തന്നെയുണ്ട്. നീ എന്ത് പ്രശ്നങ്ങൾ നേരിടുകയാണെങ്കിലും, നമുക്കൊരുമിച്ച് അത് പരിഹരിക്കാം.” എന്നു പറയാം.
കുട്ടിയോട് എങ്ങനെ സംസാരിക്കാം — പ്രായോഗിക രീതി
1.ശരിയായ സമയം തെരഞ്ഞെടുക്കുക: ശാന്തവും, സ്വകാര്യവുമായ, ശ്രദ്ധ മാറ്റുന്ന കാര്യങ്ങൾ ഇല്ലാത്ത ഒരവസരം.
2.സംശയം ഇല്ലാതെ, ആശങ്ക പങ്കുവെയ്ക്കുക: “ഞാൻ നിന്നെ സ്നേഹിക്കുന്നു, നിന്നെക്കുറിച്ച് എനിക്ക് ആശങ്കയുണ്ട്.”
3.മുഴുവനായും ശ്രദ്ധിക്കുക: സംസാരിക്കുന്നത് തടസ്സപ്പെടുത്തുകയോ ഉപദേശിക്കുകയോ ചെയ്യരുത്.
4.ഭീഷണി ഒഴിവാക്കുക: അവ ആശയവിനിമയം തടസ്സപ്പെടുത്തും.
5.വിധി പ്രസ്താവിക്കാതെ, ആകാംക്ഷാപൂർവ്വം ചോദിക്കുക: “ഈ ദിവസങ്ങളിൽ നിനക്ക് എന്താണ് ബുദ്ധിമുട്ടുണ്ടാക്കുന്നത്?”
6.ആശ്വസിപ്പിക്കുക: “നീ എന്ത് പറഞ്ഞാലും, നിന്നോടുള്ള എൻ്റെ സ്നേഹം ഒട്ടും കുറയില്ല.”
ഈ സമീപനം വൈകാരിക സുരക്ഷ സൃഷ്ടിക്കുന്നു — പ്രതിരോധത്തിനും തിരിച്ചുവരവിനും വേണ്ടിയുള്ള ഏറ്റവും ശക്തമായ അടിത്തറയാണിത്.
അമ്മമാർക്ക് സ്വീകരിക്കാൻ കഴിയുന്ന പ്രായോഗിക നടപടികൾ
1. ദിനചര്യ കൃത്യമാക്കാം
ഒഴിവു സമയം അധികമാകുമ്പോഴാണ് കൗമാരക്കാർ കുഴപ്പങ്ങളിൽ ചെന്ന് ചാടുന്നത്. ഉറക്കം, കായിക വിനോദങ്ങൾ, പഠനം, ഹോബികൾ എന്നിവയ്ക്ക് ചിട്ടയായ ദിനചര്യകൾ ഉണ്ടാക്കുക.
2. ഉപകരണങ്ങൾ നിരീക്ഷിക്കുക
നിങ്ങൾ ഒളിഞ്ഞുനോക്കുകയല്ല. രക്ഷിതാവ് എന്ന നിലയിലുള്ള കർത്തവ്യം നടപ്പാക്കുകയാണ്.
ഇവ പരിശോധിക്കാം:
- ബ്രൗസിംഗ് ഹിസ്റ്ററി
- രഹസ്യ ഫോൾഡറുകൾ
- സോഷ്യൽ മീഡിയ കൂട്ടായ്മകൾ
- ആവശ്യമെങ്കിൽ കോളുകളും സന്ദേശങ്ങളും
ഇത് സുതാര്യമായിത്തന്നെ ചെയ്യുക: “നിൻ്റെ സുരക്ഷയാണ് എനിക്ക് പ്രധാനം — അതുകൊണ്ടാണ് ഞാൻ ഇടയ്ക്കിടെ പരിശോധിക്കുന്നത്” എന്ന് കുട്ടിയോട് പറഞ്ഞു മനസ്സിലാക്കാം
3. അവരുടെ കൂട്ടുകാരെക്കുറിച്ച് അറിഞ്ഞിരിക്കുക
സുഹൃത്തുക്കളുടെ പേരുകൾ മാത്രമല്ല — അവരുടെ സ്വഭാവം, ശീലങ്ങൾ, കുടുംബ പശ്ചാത്തലം എന്നിവയെല്ലാം മനസ്സിലാക്കി വെയ്ക്കുക.
4. ആരോഗ്യകരമായ വഴികൾ പ്രോത്സാഹിപ്പിക്കുക
കായിക വിനോദങ്ങൾ, സംഗീതം, കല, സന്നദ്ധപ്രവർത്തനങ്ങൾ തുടങ്ങിയ കാര്യങ്ങൾക്ക് പിന്തുണ നൽകാം. ലക്ഷ്യബോധമുള്ള കുട്ടികൾ ഒളിച്ചോടാനുള്ള സാധ്യത കുറവാണ്.
5. വൈകാരിക വിജ്ഞാനം പഠിപ്പിക്കുക
വികാരങ്ങൾക്ക് പേര് നൽകാൻ അവരെ സഹായിക്കുക:
- “നിനക്ക് മാനസിക പിരിമുറുക്കം ഉണ്ടോ?”
- “നിനക്ക് സമ്മർദ്ദം അനുഭവപ്പെടുന്നുണ്ടോ?”
- “നീ ദേഷ്യത്തിലാണോ?”
ഇങ്ങനെ ചോദിക്കുമ്പോൾ കുട്ടിക്ക് തൻ്റെ വികാരങ്ങളെക്കുറിച്ച് അറിവുണ്ടാകും. വൈകാരിക അവബോധം അപകടകരമായ സ്വഭാവങ്ങൾ കുറയ്ക്കും.
6. വീട് സുരക്ഷിതമായ വൈകാരിക ഇടമാക്കാം
നിങ്ങളുടെ കുട്ടി, ബുദ്ധിമുട്ടുകൾ ഒളിച്ചുവെക്കുന്നതിനേക്കാൾ, നിങ്ങളുടെ അടുത്തേക്ക് വരാൻ എപ്പോഴും ഇഷ്ടപ്പെടണം.
മനഃശാസ്ത്ര പിന്തുണയോടെയുള്ള പ്രവർത്തന പദ്ധതി
ആഗോള മനശാസ്ത്ര മാർഗ്ഗനിർദ്ദേശങ്ങൾ (APA), കൗമാര മസ്തിഷ്ക ഗവേഷണം, ആസക്തി ചികിത്സാ തത്വങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ പദ്ധതി:
1. ശ്രദ്ധിക്കുക, പ്രതികരിക്കാതിരിക്കുക
വൈകാരികമായ പ്രകടനങ്ങൾ കുട്ടിയെ കൂടുതൽ അകറ്റുമെന്ന് മനശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു. ആദ്യം, നിശ്ശബ്ദമായി നിരീക്ഷിക്കുക.
2. ശാന്തതയോടെ സംസാരിച്ച് തുടങ്ങുക
“ACE സമീപനം” ഉപയോഗിക്കുക:
A – Acknowledge your concern: നിങ്ങളുടെ ആശങ്ക അറിയിക്കുക
C – Connect emotionally: വൈകാരികമായി ഇടപഴകുക
E – Explore gently: സൗമ്യമായി കാര്യങ്ങൾ അന്വേഷിക്കുക ഇത് കുട്ടികൾ സംഭാഷണത്തിൽ നിന്ന് ഒഴിഞ്ഞുമാറുന്നത് തടയാൻ സഹായിക്കും.
3. യഥാർത്ഥ കാരണം തിരിച്ചറിയുക
ലഹരിയെക്കുറിച്ച് പറയുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം, ഇനിപ്പറയുന്നവ ഉണ്ടോയെന്ന് തിരിച്ചറിയുക:
- മാനസിക സമ്മർദ്ദം
- ഉത്കണ്ഠ
- അവഹേളനം
- കൂട്ടുകാരുടെ സമ്മർദ്ദം
- വിഷാദം
- സ്വത്വപരമായ ആശയക്കുഴപ്പം
4. ശിക്ഷ വേണ്ട, അതിരുകൾ നിശ്ചയിക്കാം
അച്ചടക്കത്തിന് സഹായക പിന്തുണ നൽകാം:
- സ്ക്രീൻ സമയം പരിമിതപ്പെടുത്തുക
- പുറത്തുപോകുന്നത് ശ്രദ്ധിക്കുക
- സ്ഥിരമായ ദിനചര്യകൾ നടപ്പിലാക്കുക
അപമാനിക്കലും ഭീഷണിപ്പെടുത്തലും ഒഴിവാക്കുക.
5. നേരത്തേ വിദഗ്ധ സഹായം തേടുക
മനശാസ്ത്രജ്ഞന് ഇനിപ്പറയുന്ന സഹായങ്ങൾ ചെയ്യാൻ കഴിയും:
- വൈകാരിക ബുദ്ധിമുട്ടുകൾ വിലയിരുത്തുക
- ആസക്തിയ്ക്കുള്ള സാധ്യത കണ്ടെത്തുക
- പ്രതിവിധികൾ നിർദ്ദേശിക്കുക
- യാഥാർത്ഥ്യത്തെ നിഷേധിക്കുന്നത് സൗമ്യമായി പ്രതിരോധിക്കുക
നേരത്തെയുള്ള ചികിത്സ പ്രതിസന്ധി വർദ്ധിക്കുന്നത് തടയുന്നു.
6. സാവധാനം വിശ്വാസം പുനഃസൃഷ്ടിക്കുക
കുട്ടികളിൽ പുരോഗതി കണ്ടാൽ, അവരുടെ ഫോൺ അമിതമായി പരിശോധിക്കുന്നത് ഒഴിവാക്കുക. അവരിൽ നിങ്ങൾക്കുള്ള വിശ്വാസം പ്രകടിപ്പിക്കുക. വിശ്വാസമാണ് ഏറ്റവും മികച്ച മരുന്ന്.
7. വീണ്ടും ലഹരി തേടുന്നത് തടയാനുള്ള പദ്ധതി
തെറാപ്പിസ്റ്റിനൊപ്പം:
- പ്രേരകങ്ങളെ തിരിച്ചറിയുക
- ബദൽ പ്രതിവിധികൾ ഉണ്ടാക്കുക
- അടിയന്തിര പിന്തുണ നടപടികൾ സജ്ജമാക്കുക
അമ്മമാർക്കായി ഒരു പ്രായോഗിക ചെക്ക്‌ലിസ്റ്റ്
എല്ലാ ദിവസവും
- കുറഞ്ഞത് 10–15 മിനിറ്റെങ്കിലും കുട്ടിയുമായി സംസാരിക്കുക
- മാനസികാവസ്ഥയും ഊർജ്ജസ്വലതയും ശ്രദ്ധിക്കുക
- ഉറക്കത്തിൻ്റെ സമയക്രമം പരിശോധിക്കുക
- ശാരീരിക പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുക
- നന്നായി ഭക്ഷണം കഴിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക
ആഴ്ചതോറും
- സ്കൂൾ വിവരങ്ങൾ പരിശോധിക്കുക
- സാമൂഹിക കൂട്ടായ്മകൾ നിരീക്ഷിക്കുക
- ഉപകരണങ്ങളുടെ ഉപയോഗം ശ്രദ്ധിക്കുക
- കുട്ടിയോടൊത്ത് അമ്മ, ഒരു യാത്ര പോകുക
- കുട്ടിയുടെ മാനസികാവസ്ഥ എങ്ങനെയുണ്ടെന്ന് ചോദിച്ചു മനസ്സിലാക്കുക
മാസം തോറും
- പഠന രീതികൾ പരിശോധിക്കുക
- അതിരുകളെക്കുറിച്ചും പ്രതീക്ഷകളെക്കുറിച്ചും വീണ്ടും ചർച്ച ചെയ്യുക
- ലക്ഷ്യങ്ങളും ഭാവി പദ്ധതികളും ചർച്ച ചെയ്യുക
- നിലവിലെ യുവജന ട്രെൻഡുകളെപ്പറ്റിയും ലഹരിവസ്തുക്കളെക്കുറിച്ചും സ്വയം അപ്ഡേറ്റ് ചെയ്യുക
ദ്രുതഗതിയിൽ പ്രവർത്തിക്കുക
ഇവ കാണുകയാണെങ്കിൽ ഉടൻ സഹായം തേടുക:
- ദിശാബോധമില്ലായ്മ
- അക്രമ സ്വഭാവം
- പെട്ടെന്നുള്ള പിൻവലിയൽ
- ലഹരിവസ്തുക്കൾ ഉപയോഗിക്കുന്ന തരം സാധനങ്ങൾ കാണുന്നത്
- അമിത ഡോസിൻ്റെ ലക്ഷണങ്ങൾ
നിങ്ങളുടെ ശാന്തവും ത്വരിതഗതിയിലുള്ളതുമായ പ്രതികരണം ഒരു ജീവൻ രക്ഷിച്ചേക്കാം. ലഹരി ഉപയോഗത്തിനുള്ള സാധ്യത കൈകാര്യം ചെയ്യുന്നത് ഒരു അമ്മ നേരിടേണ്ടി വരുന്ന ഏറ്റവും സങ്കീർണ്ണമായ കാര്യങ്ങളിൽ ഒന്നാണ്.
കുഞ്ഞുങ്ങളുടെ ആരോഗ്യം, അവരുടെ ഭാവി എന്നിവ ഓർക്കുക. നേരത്തെയുള്ള അവബോധമാണ് സംരക്ഷണത്തിൻ്റെ ഏറ്റവും ശക്തമായ രൂപം. നിങ്ങളുടെ സാന്നിധ്യവും ക്ഷമയും മനഃശാസ്ത്രപരമായ ഉൾക്കാഴ്ചയും കുട്ടിയെ അപകടകരമായ വഴികളിൽ നിന്ന് മാറ്റി സുരക്ഷിതവും സംതൃപ്തവുമായ ജീവിതത്തിലേക്ക് നയിക്കും.
References :
1. Principles of Adolescent Substance Use Disorder Treatment




