നെബുലൈസേഷൻ കുട്ടികൾക്ക്  സുരക്ഷിതമാണോ?

നെബുലൈസേഷൻ കുട്ടികൾക്ക്  സുരക്ഷിതമാണോ?

ചുമയും ജലദോഷവുമുള്ള കുഞ്ഞുങ്ങൾക്ക് നെബുലൈസേഷൻ നൽകേണ്ടതുണ്ടോ?

കൊച്ചുകുട്ടികൾക്ക് എന്തെങ്കിലും അസുഖം വരുമ്പോൾ മാതാപിതാക്കൾ ആശങ്കയിലാകുന്നത് സാധാരണമാണ്. രാത്രി അസമയത്ത് കുഞ്ഞുങ്ങൾക്ക് മൂക്കടപ്പും ചുമയും അസ്വസ്ഥതകളുമുണ്ടാകുമ്പോൾ അച്ഛനമ്മമാരുടെ ആശങ്കയും വർദ്ധിക്കുന്നു.

പെട്ടെന്ന് നെബുലൈസ് ചെയ്താൽ കുഞ്ഞിന് ആശ്വാസമാകുമെന്നു കരുതുന്നവരാണ് നമ്മളിൽ ഏറെയും. എന്നാൽ സാധാരണ ചുമയ്ക്കും ജലദോഷത്തിനും നെബുലൈസേഷൻ നൽകുന്നത് ശരിക്കും സുരക്ഷിതമാണോ? നമ്മളിത് അമിതമായി ഉപയോഗിക്കുന്നുണ്ടോ?

ശാസ്ത്രീയ വശങ്ങൾ നമുക്കൊന്ന് പരിശോധിക്കാം.

എന്താണ് നെബുലൈസേഷൻ?

ദ്രാവകരൂപത്തിലുള്ള മരുന്നുകളെ നേർത്ത നീരാവിയുടെ രൂപത്തിലാക്കി നേരിട്ട് ശ്വാസകോശത്തിലേക്ക് എത്തിക്കുന്ന രീതിയാണിത്.

നെബുലൈസർ മെഷീൻ ദ്രാവകരൂപത്തിലുള്ള മരുന്നിനെ ചെറിയ തുള്ളികളാക്കി മാറ്റുന്നു. നെബുലൈസറിൽ ഫേസ് മാസ്ക്കിലൂടെയോ മൗത്ത് പീസ് വഴിയോ  മരുന്നടങ്ങിയ ആവി ശ്വാസകോശത്തിലേക്കെത്തുന്നു.

ആസ്ത്മ (Asthma), ബ്രോങ്കിയോലൈറ്റിസ് (Bronchiolitis), വീസിംഗ്, അലർജി മൂലമുണ്ടാകുന്ന ശ്വാസതടസ്സങ്ങൾ എന്നീ ശ്വസനസംബന്ധമായ ബുദ്ധിമുട്ടുകൾക്കാണ് ഇത് ഉപയോഗിക്കുന്നത്. 

സാധാരണ ജലദോഷത്തിന് നെബുലൈസേഷൻ ആവശ്യമുണ്ടോ?

കുട്ടികളിലുണ്ടാകുന്ന മിക്കവാറും എല്ലാ ജലദോഷങ്ങളും വൈറസുകൾ മൂലമാണ് ഉണ്ടാകുന്നത്.

ഇതിന്റെ പ്രധാന ലക്ഷണങ്ങൾ:

  • മൂക്കൊലിപ്പ്
  • നേരിയ ചുമ
  • ചെറിയ പനി
  • മൂക്കടപ്പ്

ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ സാധാരണയായി നെബുലൈസേഷന്റെ ആവശ്യമില്ല.

കാരണം, ജലദോഷം ബാധിക്കുന്നത് പ്രധാനമായും ശ്വസനവ്യവസ്ഥയുടെ മുകൾഭാഗത്താണ് (മൂക്ക്, തൊണ്ട). എന്നാൽ നെബുലൈസേഷൻ വഴി നൽകുന്ന മരുന്നുകൾ പ്രവർത്തിക്കുന്നത് ശ്വസനവ്യവസ്ഥയുടെ താഴെയുള്ള ഭാഗത്താണ് (ശ്വാസകോശം, ബ്രോങ്കൈകൾ).

ചുരുക്കിപ്പറഞ്ഞാൽ, നേരിയ ജലദോഷത്തിന് നെബുലൈസേഷൻ നൽകുന്നത്,  ചെറിയൊരു മെഴുകുതിരി കെടുത്താൻ അഗ്നിശമന യന്ത്രം ഉപയോഗിക്കുന്നത് പോലെയാണ്.

എപ്പോഴാണ് നെബുലൈസേഷൻ  പ്രയോജനകരമാകുന്നത്?

കുട്ടിക്ക് താഴെ പറയുന്ന ബുദ്ധിമുട്ടുകൾ ഉള്ളപ്പോൾ മാത്രമേ നെബുലൈസേഷൻ കൊണ്ട് പ്രയോജനമുണ്ടാകൂ:

  • വീസിംഗ് (Wheezing): ശ്വാസമെടുക്കുമ്പോൾ ചൂളംവിളി പോലുള്ള ശബ്ദം കേൾക്കുക.
  • ശ്വസിക്കാൻ പ്രയാസമുണ്ടാകുക
  • ശ്വാസോച്ഛ്വാസം വേഗത്തിലാകുക
  • ശ്വാസമെടുക്കാൻ പാടുപെടുന്നത് കൊണ്ട് വാരിയെല്ലുകൾക്കിടയിലുള്ള ഭാഗം കുഴിഞ്ഞ് പോകുന്ന പോലെയാകുക
  • ആസ്ത്മ
  • ചെറിയ കുട്ടികൾക്കുണ്ടാകുന്ന ശ്വാസകോശ അണുബാധ

ഇത്തരം സാഹചര്യങ്ങളിൽ ഡോക്ടർമാർ താഴെ പറയുന്ന മരുന്നുകൾ നിർദ്ദേശിച്ചേക്കാം:

  • സാൽബ്യൂട്ടമോൾ (Salbutamol): ശ്വാസനാളികളെ വികസിപ്പിക്കാൻ
  • ഇപ്രാട്രോപ്പിയം (Ipratropium): ശ്വസനം സുഗമമാക്കാൻ
  • ബ്യൂഡിസോണൈഡ് (Budesonide): ശ്വാസനാളത്തിലെ വീക്കം കുറയ്ക്കാനുള്ള സ്റ്റിറോയ്ഡ്
  • ഹൈപ്പർടോണിക് സലൈൻ: കഫം അലിയിച്ചു കളയാൻ

ഈ മരുന്നുകൾ ശ്വാസനാളത്തിലെ പേശികളെ അയയ്ക്കുകയും ശ്വാസംമുട്ടൽ കുറയ്ക്കുകയും ചെയ്യുന്നു.

നെബുലൈസേഷൻ സുരക്ഷിതമാണോ?

കൃത്യമായ രീതിയിൽ ഡോക്ടറുടെ നിർദ്ദേശപ്രകാരമാണ് ഉപയോഗിക്കുന്നതെങ്കിൽ നെബുലൈസേഷൻ തികച്ചും സുരക്ഷിതമാണ്.

കാരണങ്ങൾ:

  • മരുന്ന് രക്തത്തിലൂടെയല്ലാതെ നേരിട്ട് ശ്വാസകോശത്തിൽ എത്തി പ്രവർത്തിക്കുന്നു
  • മരുന്ന് ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിക്കാത്തതിനാൽ പാർശ്വഫലങ്ങൾ കുറയുന്നു
  • പെട്ടെന്ന് ആശ്വാസം നൽകുന്നു
  • ഡോക്ടർ നിശ്ചയിക്കുന്ന കൃത്യമായ അളവിൽ മാത്രമേ മരുന്ന് ഉപയോഗിക്കപ്പെടുന്നുള്ളൂ

എങ്കിലും, ഇതിന്റെ സുരക്ഷിതത്വം താഴെ പറയുന്ന കാര്യങ്ങളെ ആശ്രയിച്ചിരിക്കും:

  • കൃത്യമായ രോഗനിർണ്ണയം: കുട്ടിക്ക് ശരിക്കും നെബുലൈസേഷൻ ആവശ്യമാണോ എന്ന് ഉറപ്പുവരുത്തണം
  • ശരിയായ മരുന്ന്: ഡോക്ടർ നിർദ്ദേശിക്കുന്ന മരുന്ന് തന്നെ ഉപയോഗിക്കണം
  • കൃത്യമായ ഡോസ്: മരുന്നിന്റെ അളവിൽ മാറ്റം വരുത്തരുത്
  • ഉപകരണത്തിന്റെ ശുചിത്വം: നെബുലൈസർ മെഷീനും മാസ്കും കൃത്യമായി വൃത്തിയാക്കി സൂക്ഷിക്കണം

സാധാരണ കണ്ടുവരുന്ന പാർശ്വഫലങ്ങൾ (മിക്കപ്പോഴും നിസ്സാരമായിരിക്കും)

ചില കുട്ടികളിൽ താഴെ പറയുന്ന ലക്ഷണങ്ങൾ കണ്ടേക്കാം:

  • ഹൃദയമിടിപ്പ് കൂടുക: സാൽ ബ്യൂട്ടമോൾ (Salbutamol) പോലുള്ള മരുന്നുകൾ നൽകുമ്പോൾ ഹൃദയമിടിപ്പ് അല്പം വേഗത്തിലായേക്കാം
  • വിറയൽ (Tremors)
  • കുട്ടി അല്പം അസ്വസ്ഥനാകുകയോ വെപ്രാളം കാണിക്കുകയോ ചെയ്തേക്കാം
  • താൽക്കാലികമായ ചുമ
  • വായ വരളുക

ഈ ലക്ഷണങ്ങൾ സാധാരണയായി വളരെ കുറച്ചു സമയത്തേക്ക് മാത്രമേ ഉണ്ടാകാറുള്ളൂ. മരുന്നിന്റെ പ്രഭാവം കുറയുന്നതോടെ ഇവ താനേ മാറിക്കൊള്ളും.

നെബുലൈസേഷൻ ശീലമാകുമോ?

നെബുലൈസേഷനെ സംബന്ധിച്ച് സമൂഹത്തിൽ നിലനിൽക്കുന്ന ഏറ്റവും വലിയ തെറ്റിദ്ധാരണയാണിത്.

നെബുലൈസേഷൻ ഒരിക്കലും ഒരു ശീലമായി മാറുന്നില്ല (Not addictive).

എന്നാൽ, ഒരു കുട്ടിക്ക് ഇടയ്ക്കിടെ നെബുലൈസേഷൻ ആവശ്യമായി വരുന്നുണ്ടെങ്കിൽ അത് സൂചിപ്പിക്കുന്നത് താഴെ പറയുന്ന കാര്യങ്ങളായിരിക്കാം:

  • നിയന്ത്രണവിധേയമാകാത്ത ആസ്ത്മ
  • അലർജികൾ: അന്തരീക്ഷത്തിലുള്ള പൊടിയോ മറ്റോ മൂലമുണ്ടാകുന്ന അലർജി
  • ഈർപ്പം, പൂപ്പൽ അല്ലെങ്കിൽ വളർത്തുമൃഗങ്ങളുടെ രോമം എന്നിവയുണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ
  • അന്തരീക്ഷ മലിനീകരണം

ലക്ഷണങ്ങൾക്ക് താൽക്കാലിക പരിഹാരം കാണുന്നതിന് പകരം, കുട്ടിക്ക് ഇടയ്ക്കിടെ ശ്വാസതടസ്സം വരുന്നതിൻ്റെ കൃത്യമായ കാരണം കണ്ടെത്തി ചികിത്സിക്കുകയാണ് വേണ്ടത്.

അമിതോപയോഗം സൃഷ്ടിക്കുന്ന ആശങ്ക

പല സാഹചര്യങ്ങളിലും അനാവശ്യമായി നെബുലൈസേഷൻ നൽകുന്നതായി കണ്ടുവരുന്നുണ്ട്. താഴെ പറയുന്ന സന്ദർഭങ്ങളിൽ ഇതിന്റെ ആവശ്യമില്ല:

  • വീസിംഗ് ഇല്ലാത്തപ്പോൾ
  • സാധാരണ ചുമയ്ക്ക്
  • കുട്ടിക്ക് ആശ്വാസം ലഭിക്കുമെന്ന മാതാപിതാക്കളുടെ തോന്നൽ മാറ്റാൻ വേണ്ടി മാത്രം ഇത് നൽകുന്നത് ശരിയല്ല

അനാവശ്യമായ ഉപയോഗം താഴെ പറയുന്ന പ്രശ്നങ്ങൾക്ക് കാരണമായേക്കാം:

  • മരുന്നുകൾക്കും മെഷീനുമായി അനാവശ്യമായി പണം ചിലവാകുന്നു
  • ആവശ്യമില്ലാത്ത ഘട്ടത്തിൽ മരുന്ന് നൽകുന്നത് കുട്ടിയുടെ ശരീരത്തിന് ഗുണത്തേക്കാൾ ദോഷം ചെയ്തേക്കാം
  • ചെറിയൊരു ചുമ വരുമ്പോൾ പോലും നെബുലൈസേഷൻ ഇല്ലാതെ മാറില്ലെന്ന തെറ്റായ ചിന്ത മാതാപിതാക്കളിൽ ഉണ്ടാകുന്നു

ഭയത്തെ അടിസ്ഥാനമാക്കിയുള്ള ചികിത്സയേക്കാൾ, ശാസ്ത്രീയമായ തെളിവുകളെ അടിസ്ഥാനമാക്കിയുള്ള ചികിത്സയാണ് എപ്പോഴും സുരക്ഷിതം.

സാധാരണ ജലദോഷമുള്ളപ്പോൾ മാതാപിതാക്കൾ ചെയ്യേണ്ടത്

സങ്കീർണ്ണമല്ലാത്ത വൈറൽ ജലദോഷത്തിന് താഴെ പറയുന്ന കാര്യങ്ങൾ വീട്ടിൽ തന്നെ ചെയ്യാവുന്നതാണ്:

  • ദ്രവരൂപത്തിലുള്ള ആഹാരം നൽകുക
  • ആവി പിടിക്കുക
  • മൂക്കടപ്പ് മാറ്റാൻ ഡോക്ടർ നിർദ്ദേശിക്കുന്ന സലൈൻ തുള്ളിമരുന്നുകൾ ഉപയോഗിക്കാം
  • മുറിക്കുള്ളിൽ വായുവിൽ ഈർപ്പം നിലനിർത്തുന്നത് ശ്വസനം എളുപ്പമാക്കും
  • കുട്ടിക്ക് നന്നായി വിശ്രമിക്കാൻ അവസരം നൽകുക
  • പനിയുണ്ടെങ്കിൽ ഡോക്ടർ നിർദ്ദേശിച്ച അളവിൽ പാരാസെറ്റമോൾ നൽകാം

മിക്കവാറും എല്ലാ വൈറൽ ജലദോഷവും 6–7 ദിവസത്തിനുള്ളിൽ താനേ ഭേദമാകാറുണ്ട്.

ഉടൻ ചികിത്സ തേടേണ്ടതെപ്പോൾ?

താഴെ പറയുന്ന ലക്ഷണങ്ങൾ കണ്ടാൽ ഒട്ടും വൈകാതെ ഡോക്ടറുടെ സേവനം തേടേണ്ടതാണ്:

  • കുട്ടി സാധാരണയേക്കാൾ വേഗത്തിൽ ശ്വാസമെടുക്കുന്നുണ്ടെങ്കിൽ
  • ശ്വാസമെടുക്കുമ്പോൾ വാരിയെല്ലുകൾക്കിടയിലുള്ള ഭാഗം ഉള്ളിലേക്ക് വലിയുന്നത് കാണുകയാണെങ്കിൽ
  • ചുണ്ടുകളും നഖങ്ങളും നീലനിറമായാൽ (ഓക്സിജൻ കുറയുന്നതിന്റെ ലക്ഷണമാകാം)
  • സംസാരിക്കാനോ കരയാനോ ബുദ്ധിമുട്ടുണ്ടെങ്കിൽ
  • ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന കഠിനമായ പനി
  • അമിതമായ ക്ഷീണമുണ്ടെങ്കിൽ

ഈ ലക്ഷണങ്ങൾ, അണുബാധ ശ്വാസകോശത്തെ ബാധിച്ചതിന്റെ സൂചനയാകാം, അതിനാൽ അടിയന്തര ശ്രദ്ധ ആവശ്യമാണ്.

സ്റ്റിറോയ്ഡ് നെബുലൈസേഷൻ (Steroid Nebulisation)

ബ്യൂഡിസോണൈഡ് (Budesonide) പോലുള്ള ഇൻഹേൽഡ് സ്റ്റിറോയ്ഡുകൾ ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം ഉപയോഗിക്കുന്നത് തികച്ചും സുരക്ഷിതമാണ്. ഇവയുടെ പ്രധാന പ്രത്യേകതകൾ ഇവയാണ്:

  • വീക്കം കുറയ്ക്കുന്നു
  • ആസ്ത്മ നിയന്ത്രിക്കുന്നു
  • ഗുളികകളായോ സിറപ്പുകളായോ കഴിക്കുന്ന സ്റ്റിറോയ്ഡുകളെ അപേക്ഷിച്ച് പാർശ്വഫലം കുറവ്

ഇവയുടെ ദീർഘകാല സുരക്ഷാ വശങ്ങൾ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്. ശരിയായ അളവിൽ മാത്രമേ ഉപയോോഗിക്കാവൂ. ഡോക്ടറുടെ നിർദ്ദേശമില്ലാതെ സ്റ്റിറോയ്ഡ് അടങ്ങിയ മരുന്നുകൾ ഒരിക്കലും ഉപയോഗിക്കരുത്.

ശുചിത്വം സുപ്രധാനം 

നെബുലൈസർ ശരിയായി വൃത്തിയാക്കിയില്ലെങ്കിൽ അത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. വൃത്തിയില്ലാത്ത ഉപകരണങ്ങൾ താഴെ പറയുന്ന പ്രശ്നങ്ങൾക്ക് കാരണമാകാം:

  • ബാക്ടീരിയയുടെ വളർച്ച: ഉപകരണത്തിനുള്ളിൽ അണുക്കൾ വളരാൻ സാധ്യതയുണ്ട്
  • മറ്റ് അണുബാധകൾ: ഇത് കുട്ടിക്ക് പുതിയ അണുബാധകൾ ഉണ്ടാകാൻ കാരണമായേക്കാം

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

  • ഓരോ തവണ ഉപയോഗിച്ച ശേഷവും മാസ്കും മരുന്ന് ഒഴിക്കുന്ന ഭാഗവും (Chamber) വൃത്തിയായി കഴുകുക
  • ഇവ തുറന്നുവെച്ച് പൂർണ്ണമായും ഉണങ്ങാൻ അനുവദിക്കുക (ഈർപ്പം ഒഴിവാക്കുക)
  • മരുന്ന് കലർത്താൻ സ്റ്റെറൈൽ സലൈൻ (Sterile saline) മാത്രം ഉപയോഗിക്കുക
  • മെഷീനിലെ ട്യൂബുകൾ കൃത്യമായ ഇടവേളകളിൽ മാറ്റുക

കുട്ടികളിൽ ശ്വാസംമുട്ടൽ കൂടാൻ കാരണം

തിരക്കേറിയ നഗരങ്ങളിൽ വളരുന്ന കുട്ടികൾ താഴെ പറയുന്ന വെല്ലുവിളികൾ നേരിടുന്നുണ്ട്:

  • വായു മലിനീകരണം
  • വീടിനുള്ളിലെ പൊടി
  • പാസീവ് സ്മോക്കിംഗ്
  • അലർജനുകൾ കൂടുതലുള്ള സാഹചര്യങ്ങൾ
  • പുറത്തിറങ്ങി കളിക്കാതെ, വീടിനുള്ളിൽ തന്നെ ഇരിക്കുന്നത് രോഗപ്രതിരോധ ശേഷി കുറയാൻ കാരണമാകുന്നു

പ്രതിരോധ മാർഗ്ഗങ്ങൾ:

കുട്ടികൾക്ക് സുരക്ഷിതമായ ഒരു സാഹചര്യം ഒരുക്കാൻ:

  • അകത്തളങ്ങൾ പൊടിയില്ലാതെ സൂക്ഷിക്കുക
  • ചന്ദനത്തിരിയുടെയും സാമ്പ്രാണിയുടെയും പുക ഒഴിവാക്കുക
  • വീടിനുള്ളിൽ പുകവലി പൂർണ്ണമായും ഒഴിവാക്കുക
  • എ സി ഫിൽട്ടറുകൾ കൃത്യമായി വൃത്തിയാക്കുക
  • പുറത്തിറങ്ങി കളിക്കാനും വ്യായാമം ചെയ്യാനും കുട്ടികളെ പ്രോത്സാഹിപ്പിക്കുക

നെബുലൈസേഷൻ, ആധുനിക വൈദ്യശാസ്ത്രത്തിലെ വളരെ ഫലപ്രദമായ ഒരുപകരണമാണ്. എങ്കിലും അത് ഏതസുഖത്തിനും ഉപയോഗിക്കാവുന്ന ഒരു വസ്തുവല്ല.

ആവശ്യമായ ഘട്ടങ്ങളിൽ മാത്രം ഉപയോഗിച്ചാൽ നെബുലൈസറുകൾ തികച്ചും സുരക്ഷിതമാണ്. ചില പ്രത്യേക സാഹചര്യങ്ങളിൽ മാത്രം ആവശ്യം വരുന്ന ഉപകരണമാണത്.

ശ്വാസകോശത്തെ ജീവിതകാലം മുഴുവൻ ആരോഗ്യത്തോടെ സംരക്ഷിക്കുക എന്നതാണ് നമ്മൾ ലക്ഷ്യം വെയ്ക്കേണ്ടത്. അതിന് മരുന്നുകളും ഉപകരണങ്ങളും എപ്പോൾ, എങ്ങനെ ഉപയോഗിക്കണമെന്നതിനെക്കുറിച്ച് കൃത്യമായ ധാരണ വേണം. അനാവശ്യമായ ഉപയോഗം ഗുണത്തിന് പകരം ദോഷം ചെയ്യുമെന്ന തിരിച്ചറിവ് എപ്പോഴും ഉണ്ടാകേണ്ടതാണ്.

Related News

ലോക പൊണ്ണത്തടി ദിനം

ലോക പൊണ്ണത്തടി ദിനം

അമിതവണ്ണം എന്ന ആധുനികവിപത്തിനെക്കുറിച്ച് അറിഞ്ഞിരിക്കാം എല്ലാ വർഷവും മാർച്ച് 4-ാം തിയതി നമ്മൾ ലോക പൊണ്ണത്തടി ദിനമായി ആചരിക്കുന്നുണ്ട്. അമിതവണ്ണം ഇന്ന് ലോകം നേരിടുന്ന സങ്കീർണ്ണമായ ആരോഗ്യ...

മാർച്ച്‌ 4, 2026 11:03 pm
 സമ്മർദ്ദം ഒഴിവാക്കി ഓർമ്മശക്തി കൂട്ടാം: പരീക്ഷയ്ക്ക് അതിവേഗം ഓർത്തെടുക്കാൻ ഡോക്ടർ നൽകുന്ന മാർഗ്ഗനിർദ്ദേശങ്ങൾ

 സമ്മർദ്ദം ഒഴിവാക്കി ഓർമ്മശക്തി കൂട്ടാം: പരീക്ഷയ്ക്ക് അതിവേഗം ഓർത്തെടുക്കാൻ ഡോക്ടർ നൽകുന്ന മാർഗ്ഗനിർദ്ദേശങ്ങൾ

“ഡോക്ടർ, എല്ലാം പഠിച്ചതാണ്… പക്ഷേ പരീക്ഷാഹാളിൽ എത്തുമ്പോൾ ഒന്നും ഓർമ്മ കിട്ടുന്നില്ല.” പരീക്ഷാക്കാലത്ത് ക്ലിനിക്കുകളിൽ എത്തുന്ന വിദ്യാർത്ഥികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും ഏറ്റവും കൂടുതൽ കേൾക്കുന്ന ഒരു...

മാർച്ച്‌ 1, 2026 4:10 pm
പരീക്ഷാപ്പേടിയിൽ നിന്ന് ജയിച്ചുകേറാം

പരീക്ഷാപ്പേടിയിൽ നിന്ന് ജയിച്ചുകേറാം

ആശങ്കകളെ തോൽപ്പിക്കാനുള്ള ശാസ്ത്രീയ മാർഗ്ഗങ്ങൾ പരീക്ഷകൾ വിദ്യാർത്ഥികളുടെ മനസ്സിൽ പലതരത്തിലുള്ള വികാരങ്ങൾ സൃഷ്ടിക്കാറുണ്ട്. ആകാംക്ഷ, ഭീതി, ആശങ്ക അങ്ങനെയങ്ങനെ. വാസ്തവത്തിൽ ചെറിയൊരു പേടിയുള്ളത്, പഠനത്തിൽ കൂടുതൽ ശ്രദ്ധ...

മാർച്ച്‌ 1, 2026 12:24 am
വളർത്തുനായ നക്കിയാൽ സെപ്സിസ് വരുമോ?

വളർത്തുനായ നക്കിയാൽ സെപ്സിസ് വരുമോ?

നായ്ക്കുട്ടിയെ വളർത്തുന്നവർ ഡോഗ് മാസ്റ്ററിൽ നിന്ന്, ഡോഗ് ഓണറിൽ നിന്ന് പെറ്റ് പാരൻ്റിലേക്ക് വളർന്നെത്തിയ കാലമാണിത്. ഒരുകാലത്ത്  വീടിനുപുറത്തുമാത്രം കഴിഞ്ഞിരുന്ന നായ്ക്കുട്ടികൾ ഇന്ന് നമ്മുടെ സന്തതസഹചാരികളായി മാറിക്കഴിഞ്ഞു. ...

ഫെബ്രുവരി 25, 2026 11:21 pm
Top
Subscribe