അയേൺ കുറവും വിളർച്ചയും ഇന്ത്യയിലെ സ്ത്രീകളിൽ വ്യാപകം: 

അയേൺ കുറവും വിളർച്ചയും ഇന്ത്യയിലെ സ്ത്രീകളിൽ വ്യാപകം: 

കാരണങ്ങൾ തിരിച്ചറിയാം, കരുത്ത് വീണ്ടെടുക്കാം

ക്ഷീണം, ശ്വാസംമുട്ടൽ, തലകറക്കം—ഇവയെല്ലാം അനുഭവപ്പെടുമ്പോൾ, അത് ജോലിഭാരവും മാനസിക സമ്മർദ്ദവും മൂലമാണെന്നോ,അല്ലെങ്കിൽ പ്രായമാകുന്നതിന്റെ ലക്ഷണമാണെന്നോ കരുതി യഥാർത്ഥ കാരണം മനസ്സിലാക്കാതെ ജീവിക്കുന്ന നിരവധി സ്ത്രീകൾ നമ്മുടെ രാജ്യത്തുണ്ട്. ശരീരത്തിൽ ഇരുമ്പിൻ്റെ കുറവും വിളർച്ചയും തിരിച്ചറിയാതെ, മതിയായ ചികിൽസ തേടാതെ ബുദ്ധിമുട്ടുന്നവർ. ഇത് വളരെ സാധാരണവും വ്യാപകവുമായതിനാൽ “നിശ്ശബ്ദ മഹാമാരി” എന്നാണ് വിശേഷിപ്പിക്കുന്നത്.

ദേശീയ കുടുംബാരോഗ്യ സർവേ (NFHS-5) പ്രകാരം, 15നും 49നും ഇടയിൽ പ്രായമുള്ള 57% ഇന്ത്യൻ സ്ത്രീകളും വിളർച്ചയുള്ളവരാണ്. ഗ്രാമീണ മേഖലയിലുള്ള സ്ത്രീകളിലും കൗമാരക്കാരായ പെൺകുട്ടികളിലുമാണ് ഇത് ഏറ്റവും കൂടുതൽ കാണുന്നത്. ഇത്രമേൽ വ്യാപകമായിട്ടും ഈ വിഷയത്തെക്കുറിച്ചുള്ള അവബോധം വളരെ കുറവാണ് എന്നതാണ് ദുഃഖകരം.

എന്താണ് ഇരുമ്പിന്റെ കുറവും വിളർച്ചയും?

അയേണിൻ്റെ കുറവ്

ചുവന്ന രക്താണുക്കൾക്ക് ഓക്സിജൻ എല്ലായിടത്തും എത്തിക്കാൻ സഹായിക്കുന്ന ഹീമോഗ്ലോബിൻ നിർമ്മിക്കാനാവശ്യമായ ഒരു പ്രധാന ധാതുവാണ് ഇരുമ്പ്. ശരീരത്തിന് ആവശ്യമായ ഇരുമ്പ് ലഭിക്കാതെ വരുമ്പോഴോ അത് ആഗിരണം ചെയ്യപ്പെടാതെ വരുമ്പോഴോ ആണ് ഇരുമ്പിന്റെ കുറവ് അഥവാ അയേൺ ഡെഫിഷ്യൻസി ഉണ്ടാകുന്നത്.

വിളർച്ച (Anemia)

ശരീരത്തിൽ ആവശ്യത്തിന് ആരോഗ്യകരമായ ചുവന്ന രക്താണുക്കളോ ഹീമോഗ്ലോബിനോ ഇല്ലാത്ത അവസ്ഥയാണ് വിളർച്ച.  ഇത് പലതരത്തിലുണ്ടെങ്കിലും  ഇരുമ്പിന്റെ കുറവുകൊണ്ടുള്ള വിളർച്ച (Iron Deficiency Anemia) ആണ് ഇന്ത്യയിൽ ഏറ്റവും സാധാരണമായി കാണപ്പെടുന്നത്.

ലളിതമായി പറഞ്ഞാൽ: അയേൺ കുറവ് = ഹീമോഗ്ലോബിൻ കുറവ്= ഓക്സിജൻ കുറവ് = നിരന്തരമായ ക്ഷീണവും അവയവങ്ങളുടെ പ്രവർത്തനക്കുറവും.

ഇന്ത്യയിലെ സ്ത്രീകളിൽ അയേൺ കുറവുണ്ടാകാനുള്ള കാരണങ്ങൾ

1.ഭക്ഷണത്തിലെ പോരായ്മകൾ

  • ഇന്ത്യയിൽ സാധാരണമായ സസ്യാഹാരങ്ങളിൽ ഹീം ഇരുമ്പ് (heme iron) കുറവാണ്. ഇത് സസ്യങ്ങളിൽ നിന്നുള്ള നോൺ-ഹീം ഇരുമ്പിനേക്കാൾ (non-heme iron) എളുപ്പത്തിൽ ശരീരം ആഗിരണം ചെയ്യുന്ന ഒന്നാണ്
  • അതുപോലെ, മാംസം, ഇലക്കറികൾ, പയറുവർഗ്ഗങ്ങൾ തുടങ്ങിയ ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് പൊതുവെ കുറവാണ്.

2.ആർത്തവ സമയത്തെ രക്തനഷ്ടം

  • മാസം തോറുമുള്ള രക്തനഷ്ടം ശരീരത്തിലെ ഇരുമ്പിന്റെ അളവിൽ കുറവുണ്ടാക്കുന്നു. പ്രത്യേകിച്ച്, അമിതമായി അല്ലെങ്കിൽ ദീർഘനാളായി ആർത്തവരക്തസ്രാവം ഉണ്ടാകുന്ന (മെനോറാജിയ) സ്ത്രീകൾക്ക് അയേൺ കുറവിനുള്ള ഒരു പ്രധാന കാരണമാണിത്.

3. ഗർഭധാരണവും മുലയൂട്ടലും

  • ഗർഭകാലത്ത്, ഭ്രൂണത്തിന്റെ വളർച്ചയ്ക്കും ശരീരത്തിലെ രക്തത്തിന്റെ അളവ് വർദ്ധിപ്പിക്കുന്നതിനും ഇരുമ്പിന്റെ ആവശ്യം വളരെയധികം കൂടുന്നു. 
  • പല സ്ത്രീകൾക്കും ഗർഭം ധരിക്കുന്ന സമയത്ത് തന്നെ ഇരുമ്പിന്റെ തോത് കുറവായിരിക്കും. മാത്രമല്ല, ആവശ്യത്തിന് സപ്ലിമെന്റുകൾ ലഭിക്കാതെയും വരുന്നു.

4.തുടർച്ചയായ ഗർഭധാരണങ്ങൾ

  • ഗർഭധാരണങ്ങൾക്കിടയിലെ അന്തരം കുറവാകുമ്പോൾ, ശരീരത്തിലെ ഇരുമ്പിന്റെ അളവ് വീണ്ടെടുക്കാൻ കഴിയാതെ വരുന്നു.

5.പോഷകങ്ങൾ ആഗിരണം ചെയ്യാനുള്ള ബുദ്ധിമുട്ടുകൾ

  • സിലിയാക് രോഗം (celiac disease), തുടർച്ചയായ വയറിളക്കം, വിരശല്യം പോലുള്ള പ്രശ്നങ്ങൾ എന്നിവ പോഷകങ്ങൾ ശരീരത്തിലേക്ക് ആഗിരണം ചെയ്യുന്നതിന് തടസ്സമുണ്ടാക്കുന്നു.

6.സാമൂഹികവും സാമ്പത്തികവുമായ ഘടകങ്ങൾ

  • പോഷകങ്ങൾ നിറഞ്ഞ വൈവിദ്ധ്യമുള്ള ആഹാരം ലഭ്യമല്ലാത്ത സാഹചര്യം. 
  • പല വീടുകളിലും സ്ത്രീകൾ മറ്റംഗങ്ങൾ കഴിച്ചതിന് ശേഷമാണ് ഭക്ഷണം കഴിക്കുന്നത്. കുറഞ്ഞ അളവിൽ കഴിക്കുന്നതും അയേൺ കുറയാൻ കാരണമാകുന്നുണ്ട്.
  • ഇരുമ്പിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള അറിവില്ലായ്മയും ഇതിനൊരു കാരണമാണ്.

അയേൺ കുറവ് മൂലമുള്ള വിളർച്ചയുടെ ലക്ഷണങ്ങൾ

സാവധാനമാണ് വിളർച്ച ഉണ്ടാകുന്നത് എന്നതിനാൽ, ഗുരുതരമാകുന്നതുവരെ പലപ്പോഴും തിരിച്ചറിയപ്പെടാതെ പോകുന്നു. സാധാരണയായി കാണുന്ന ലക്ഷണങ്ങൾ ഇവയാണ്:

  • തുടർച്ചയായുള്ള ക്ഷീണവും തളർച്ചയും
  • വിളറിയ ചർമ്മം, പ്രത്യേകിച്ച് മുഖത്തും കൈവെള്ളയിലും
  • തലകറക്കം
  • കൈകാലുകളിൽ തണുപ്പ്
  • ചെറിയ ജോലികൾ ചെയ്യുമ്പോൾ പോലും ഉണ്ടാകുന്ന ശ്വാസംമുട്ടൽ
  • തലവേദന
  • വേഗത്തിലുള്ള ഹൃദയമിടിപ്പ്
  • പെട്ടെന്ന് പൊട്ടിപ്പോകുന്ന നഖങ്ങളും മുടികൊഴിച്ചിലും
  • ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട് (“ബ്രെയിൻ ഫോഗ്”)
  • റെസ്റ്റ്‌ലെസ് ലെഗ് സിൻഡ്രോം (Restless legs syndrome)

പലപ്പോഴും സ്ത്രീകൾ ഈ ലക്ഷണങ്ങളെ അമിതമായി പണിയെടുക്കുന്നതിൻ്റെ ഭാഗമായുള്ള ക്ഷീണമായി കണക്കാക്കാറുണ്ട്. പോഷകക്കുറവിന്റെ വ്യക്തമായ സൂചനകളാണ് മേൽപ്പറഞ്ഞ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നത് എന്നതാണ് യാഥാർത്ഥ്യം.

ഇന്ത്യയിൽ അയേൺ അപര്യാപ്തത പൊതുജനാരോഗ്യ വിഷയമാകാൻ കാരണം

  • ഉയർന്ന മാതൃമരണ നിരക്ക്: വിളർച്ചയുള്ള അമ്മമാർക്ക് പ്രസവസമയത്ത് സങ്കീർണ്ണതകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
  • കുട്ടികളുടെ മാനസിക വികാസത്തിലെ കുറവ്: വിളർച്ചയുള്ള അമ്മമാർക്ക് ജനിക്കുന്ന കുട്ടികളുടെ മാനസിക വളർച്ചയെ ഇത് ദോഷകരമായി ബാധിക്കുന്നു.
  • ജോലിസ്ഥലത്തെ ഉത്പാദനക്ഷമതയിലുള്ള കുറവ്: വിളർച്ച കാരണം തൊഴിൽ ശേഷിയിൽ 20% വരെ കുറവുണ്ടാകുന്നു, ഇത് രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയെ ബാധിക്കുന്നു.
  • പ്രതിരോധശേഷി കുറയുന്നു: ഇത് അണുബാധകളെ തടയാനുള്ള ശരീരത്തിന്റെ കഴിവിനെ ദുർബലമാക്കുന്നു.

എങ്ങനെ മാറ്റിയെടുക്കാം

വിളർച്ച തടയുന്നതിനും ചികിത്സിക്കുന്നതിനും ജീവിതശൈലിയിലും ഭക്ഷണക്രമത്തിലും ചില മാറ്റങ്ങൾ വരുത്തേണ്ടത് വളരെ പ്രധാനമാണ്. ഇരുമ്പിന്റെ കുറവ് പരിഹരിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ ഇനിപ്പറയുന്നു:

1.ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുക

ആഹാരപദാർത്ഥം         ഇരുമ്പിന്റെ തരംആഗിരണ തോത്
ചുവന്ന മാംസം (മട്ടൺ, കരൾ)ഹീംഉയർന്നത്
മൽസ്യം,കോഴിയിറച്ചിഹീംഉയർന്നത്
ചീര,ചുവന്ന ചീരനോൺ ഹീംഇടത്തരം
പയർ വർഗ്ഗങ്ങൾ,കടലനോൺ ഹീംഇടത്തരം
റാഗി(പഞ്ഞപ്പുല്ല്)നോൺ ഹീംഇടത്തരം
ശർക്കരനോൺ ഹീംകുറഞ്ഞത്
എള്ള്നോൺ ഹീംഇടത്തരം
ഫോർട്ടിഫൈഡ് ധാന്യങ്ങൾഅയേൺ ചേർത്തത്ഉയർന്നത്

2. ഇരുമ്പിന്റെ ആഗിരണം സ്വാഭാവികമായി വർദ്ധിപ്പിക്കുക

  • ഇരുമ്പ് അടങ്ങിയ സസ്യാഹാരങ്ങൾക്കൊപ്പം (non-heme iron) വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക (ഉദാഹരണത്തിന്: നാരങ്ങ, ഓറഞ്ച്, നെല്ലിക്ക, തക്കാളി).
  • ഭക്ഷണത്തോടൊപ്പം ചായയോ കാപ്പിയോ കുടിക്കുന്നത് ഒഴിവാക്കുക—ഇത് ഇരുമ്പിന്റെ ആഗിരണത്തെ തടസ്സപ്പെടുത്തുന്നു.
  • ഇരുമ്പു പാത്രങ്ങളിൽ ഭക്ഷണം പാചകം ചെയ്യുന്നത് ഭക്ഷണത്തിലെ ഇരുമ്പിന്റെ അളവ് കൂട്ടാൻ സഹായിക്കും.

3. അയേൺ ഗുളികകളും പോഷകങ്ങൾ ചേർത്ത ഭക്ഷണങ്ങളും

  • ഫെറസ് സൾഫേറ്റ് (ferrous sulfate) അല്ലെങ്കിൽ ഫെറസ് ഫ്യൂമറേറ്റ് (ferrous fumarate) തുടങ്ങിയ ഗുളികകളാണ് സാധാരണയായി നിർദ്ദേശിക്കുന്നത്.
  • ഗർഭകാലത്ത്, ഭാരത സർക്കാർ ദിവസവും 100 മില്ലിഗ്രാം ഇരുമ്പും 500 എംസിജി ഫോളിക് ആസിഡും ശുപാർശ ചെയ്യുന്നു.
  • അനീമിയ മുക്ത് ഭാരത് പോലെയുള്ള കേന്ദ്രസർക്കാർ പദ്ധതികൾ വിളർച്ച തടയുന്നതിനുള്ള ഗുളികകളും (IFA tablets) പോഷകങ്ങൾ ചേർത്ത ഭക്ഷണസാധനങ്ങളും വിതരണം ചെയ്യുന്നുണ്ട്.

ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം ഇരുമ്പ് ഗുളികകൾ കഴിക്കുക—തെറ്റായ രീതിയിൽ കഴിച്ചാൽ മലബന്ധം, ഓക്കാനം തുടങ്ങിയ ബുദ്ധിമുട്ടുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്.

ജീവിതശൈലിയിലെ മാറ്റങ്ങൾ

  • കുടുംബാസൂത്രണം വഴി ഗർഭധാരണങ്ങൾക്കിടയിൽ കൃത്യമായ ഇടവേളകൾ നൽകുന്നത് ഇരുമ്പിന്റെ അളവ് വീണ്ടെടുക്കാൻ സഹായിക്കുന്നു.
  • വിരശല്യം കുറയ്ക്കുന്നതിലൂടെ (പ്രത്യേകിച്ച് ഗ്രാമീണ മേഖലകളിൽ) വിരകൾ കാരണമുണ്ടാകുന്ന രക്തനഷ്ടം ഒഴിവാക്കാൻ സഹായിക്കും.
  • കൗമാരത്തിലും ഗർഭധാരണത്തിന് മുൻപും ഹീമോഗ്ലോബിൻ നില പതിവായി പരിശോധിക്കുക.
  • ആർത്തവ സംബന്ധമായ പ്രശ്നങ്ങൾക്ക് നേരത്തെ തന്നെ ചികിത്സ തേടുക—അമിതമായ രക്തസ്രാവം കടുത്ത വിളർച്ചയിലേക്ക് നയിച്ചേക്കാം.

എപ്പോഴാണ് ഡോക്ടറെ കാണേണ്ടത്?

താഴെ പറയുന്ന ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഉടൻ തന്നെ വൈദ്യസഹായം തേടുക:

  • അസാധാരണമായ ക്ഷീണവും ശ്വാസംമുട്ടലും അനുഭവപ്പെട്ടാൽ
  • അമിതമായോ ക്രമം തെറ്റിയോ ആർത്തവം ഉണ്ടായാൽ
  • ഗർഭധാരണത്തിന് തയ്യാറെടുക്കുമ്പോഴോ ഗർഭിണിയായിരിക്കുമ്പോഴോ
  • കുടുംബത്തിൽ മറ്റാർക്കെങ്കിലും വിളർച്ച  ഉണ്ടായിട്ടുണ്ടെങ്കിൽ

ലളിതമായ രക്തപരിശോധനയിലൂടെ (CBC, serum ferritin)  ശരീരത്തിലെ ഇരുമ്പിന്റെ അളവ് മനസ്സിലാക്കാൻ സാധിക്കും.

ക്ഷീണത്തിൽ നിന്ന് ഉന്മേഷത്തിലേക്ക്

ഇരുമ്പിന്റെ കുറവ് ഒരു ആരോഗ്യപ്രശ്നം മാത്രമല്ല—അതൊരു സാമൂഹിക പ്രശ്നം കൂടിയാണ്. ഇന്ത്യൻ സ്ത്രീകൾക്ക് ഈ വിഷയത്തെക്കുറിച്ചുള്ള അറിവു നൽകുന്നതും  അയേൺ അടങ്ങിയ ഭക്ഷണം ശീലമാക്കുന്നതും പതിവായുള്ള ആരോഗ്യ പരിശോധനയും വിളർച്ച എന്ന ഈ പ്രതിസന്ധി ഒഴിവാക്കാൻ അത്യാവശ്യമാണ്.

അവബോധം, സ്വാസ്ഥ്യത്തിലേക്കുള്ള ചുവടുവെയ്പ്പാണെന്ന് nellikka.life വിശ്വസിക്കുന്നു. പോഷകാഹാരത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ചും ആർത്തവകാല ആരോഗ്യത്തെക്കുറിച്ചും സ്ത്രീകൾ നേരിടുന്ന തളർച്ചയെക്കുറിച്ചുമെല്ലാം നമുക്ക് സംസാരിക്കാം. അങ്ങനെ, ജീവിതം ആരോഗ്യകരമാക്കാം.

References

  • National Family Health Survey-5 (NFHS-5), Ministry of Health and Family Welfare, India
  • World Health Organization: Iron Deficiency and Anemia Guidelines
  • Indian Council of Medical Research (ICMR), Nutrient Requirements and Dietary Guidelines
  • Anemia Mukt Bharat – Government of India Initiative
  • Indian Journal of Hematology & Blood Transfusion, 2021

Related News

ലോക ഭിന്നശേഷി ദിനം 2025: ചേർത്തുനിർത്തുക എന്ന മാനവികത പ്രാവർത്തികമാക്കാം 

ലോക ഭിന്നശേഷി ദിനം 2025: ചേർത്തുനിർത്തുക എന്ന മാനവികത പ്രാവർത്തികമാക്കാം 

ലോക ഭിന്നശേഷി ദിനം 2025 തിയതി: 2025 ഡിസംബർ 3 പ്രമേയം:  “സാമൂഹിക പുരോഗതി കൈവരിക്കാൻ  ഭിന്നശേഷിസമൂഹങ്ങളെ പരിപോഷിപ്പിക്കുക.” സമത്വത്തിന് വേണ്ടി ശബ്ദമുയർത്താൻ ഒരു ദിനം എല്ലാ...

ഡിസംബർ 5, 2025 10:46 pm
ഹൃദയധമനിയിലെ തടസ്സം: അസ്കെമിക് ഹൃദ്രോഗത്തെക്കുറിച്ച്  അറിഞ്ഞിരിക്കാം

ഹൃദയധമനിയിലെ തടസ്സം: അസ്കെമിക് ഹൃദ്രോഗത്തെക്കുറിച്ച്  അറിഞ്ഞിരിക്കാം

പ്രാധാന്യമർഹിക്കാൻ കാരണം? നമ്മുടെ രാജ്യത്ത് എല്ലാ പ്രായക്കാരെയും ബാധിക്കുന്ന അസുഖമായി ഹൃദ്രോഗം മാറിയിട്ട് കുറച്ചു കാലമായി.  30 വയസ്സ് മാത്രം പ്രായമുള്ള യുവതീയുവാക്കളെപ്പോലും ബാധിക്കുന്ന ഗുരുതര വ്യാധിയായി...

ഡിസംബർ 5, 2025 10:45 pm
പെരികാർഡൈറ്റിസ്: ഹൃദയത്തിൻ്റെ സംരക്ഷണ പാളി തകരാറിലാകുമ്പോൾ 

പെരികാർഡൈറ്റിസ്: ഹൃദയത്തിൻ്റെ സംരക്ഷണ പാളി തകരാറിലാകുമ്പോൾ 

ഹൃദയത്തെ പൊതിഞ്ഞു സൂക്ഷിക്കുന്ന ആവരണത്തെക്കുറിച്ച് മനസ്സിലാക്കാം  മുഷ്ടിയോളം വലിപ്പമുള്ള, ദിവസവും ലക്ഷത്തിലേറെത്തവണ മിടിക്കുന്ന ഹൃദയം എന്ന അവയവത്തിന് നമ്മുടെ ജീവിതത്തിലുള്ള പ്രാധാന്യത്തെപ്പറ്റി നമുക്കെല്ലാവർക്കും ധാരണയുണ്ട്. കരുത്തുറ്റ പേശിയാൽ...

ഡിസംബർ 5, 2025 10:44 pm
മാതൃത്വം എന്ന പദവിയിലേക്കുയരുമ്പോൾ: അമ്മയ്ക്കും വേണം പരിപാലനം

മാതൃത്വം എന്ന പദവിയിലേക്കുയരുമ്പോൾ: അമ്മയ്ക്കും വേണം പരിപാലനം

കുഞ്ഞ് ജനിക്കുമ്പോൾ കുടുംബാംഗങ്ങളും ബന്ധുക്കളും അയൽക്കാരുമൊക്കെ പുതിയ അതിഥിയെ കാണാനെത്തും. സന്തോഷത്തിൻ്റെ നിമിഷങ്ങളാണത്. കുഞ്ഞിൻ്റെ പ്രത്യേകതകളും തൂക്കവും ഉറക്കവും എല്ലാം ചർച്ചയാകും.  കുഞ്ഞ് പിറന്നുവീണ നിമിഷം മുതൽ...

ഡിസംബർ 4, 2025 10:59 pm
X
Top
Subscribe