സ്വപ്നലോകത്തെ നിഗൂഢതകൾ: ഉറക്കത്തിൽ കാണുന്ന ദൃശ്യങ്ങൾക്കു പിന്നിലെ ശാസ്ത്രം

അനാദികാലം മുതൽക്കുതന്നെ സ്വപ്നങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിൽ മനുഷ്യർക്ക് താൽപ്പര്യം ഉണ്ടായിരുന്നു. സമയവും കാലവുമനുസരിച്ച്, സ്വപ്നത്തെ പലതരത്തിലും നമ്മൾ വിശേഷിപ്പിച്ചു പോരുന്നു. ദിവാസ്വപ്നം, ദുഃസ്വപ്നം, പകൽക്കിനാവ്, പേക്കിനാവ് അങ്ങനെ പലതും. രാവിലെ ഉണരുമ്പോൾ മറന്നുപോയ സ്വപ്നത്തിൻ്റെ ബാക്കിയന്വേഷിച്ച് നമ്മൾ മനസ്സുകൊണ്ട് സഞ്ചരിക്കാറുമുണ്ട്. സന്തോഷം, സങ്കടം, ഭീതി- അങ്ങനെ പല വികാരങ്ങളും സ്വപ്നത്തിൽ അനുഭവവേദ്യമാകും.
പൗരാണിക വിശ്വാസങ്ങൾ മുതൽ അത്യാധുനിക ലാബുകളിലെ ന്യൂറോ സയൻസ് പഠനങ്ങൾ വരെ സ്വപ്നങ്ങളെ ഒരത്ഭുതമായിട്ടാണ് കാണുന്നത്. നമ്മൾ സ്വപ്നം കാണുമ്പോൾ യഥാർത്ഥത്തിൽ എന്താണ് സംഭവിക്കുന്നത്? എന്തുകൊണ്ടാണ് നമ്മുടെ മസ്തിഷ്ക്കം യുക്തിക്ക് നിരക്കാത്ത കഥകൾ മെനയുന്നത്?
നമ്മുടെ അബോധമനസ്സ് നമ്മളറിയാതെ സൃഷ്ടിക്കുന്ന സ്വപ്നലോകത്തിൻ്റെ നിഗൂഢതകളും അതിനുപിന്നിലെ ശാസ്ത്രവും വിശദമായി മനസ്സിലാക്കാം.
സ്വപ്നങ്ങളെന്നാൽ എന്താണ്?
ഉറക്കത്തിനിടയിൽ തലച്ചോറിൽ സംഭവിക്കുന്ന ചിന്തകൾ, ദൃശ്യങ്ങൾ, വികാരങ്ങൾ എന്നിവയുടെ പരമ്പരയാണ് സ്വപ്നങ്ങൾ. പ്രധാനമായും ആർ ഇ എം ഉറക്കം(Rapid Eye Movement Sleep) എന്ന ഘട്ടത്തിലാണ് ഇത് സംഭവിക്കുന്നത്.
സ്വപ്നങ്ങൾ പലപ്പോഴും വിചിത്രവും പ്രവചനാതീതവും വൈകാരികവുമായിരിക്കും. എങ്കിലും, നമ്മുടെ മനസ്സിന്റെ വിങ്ങലുകൾ സുഖപ്പെടുത്താനും ഓർമ്മകളെ ചിട്ടപ്പെടുത്താനും സ്വപ്നങ്ങൾ വലിയ പങ്കുവഹിക്കുന്നുണ്ടെന്ന് ശാസ്ത്രം വ്യക്തമാക്കുന്നു.
എന്താണ് ആർ ഇ എം? (REM Sleep) [1]
REM എന്നാൽ കണ്ണുകളുടെ ദ്രുതചലനം (Rapid Eye Movement) എന്നാണർത്ഥം. നമ്മുടെ നിദ്രാചക്രത്തിലെ നാല് ഘട്ടങ്ങളിൽ ഒന്നാണിത്. സാധാരണയായി ഉറങ്ങി 90 മിനിറ്റുകൾക്ക് ശേഷമാണ് ആദ്യത്തെ REM ഘട്ടം ആരംഭിക്കുന്നത്. രാത്രിയിലുടനീളം ഓരോ 90-120 മിനിറ്റിലും ഇത് ആവർത്തിച്ചുകൊണ്ടിരിക്കും.
REM ഘട്ടത്തിൽ ശരീരത്തിൽ സംഭവിക്കുന്നത്:
- കണ്ണുകളുടെ ചലനം: അടഞ്ഞ കൺപോളകൾക്കുള്ളിൽ കണ്ണുകൾ വശങ്ങളിലേക്ക് വേഗത്തിൽ ചലിച്ചുകൊണ്ടിരിക്കും.
- തലച്ചോറിന്റെ പ്രവർത്തനം: നമ്മൾ ഉണർന്നിരിക്കുമ്പോഴുള്ളതിന് സമാനമായ രീതിയിൽ മസ്തിഷ്ക്കം സജീവമാകുന്നു.
- ശരീരത്തിന്റെ നിശ്ചലാവസ്ഥ: സ്വപ്നത്തിൽ കാണുന്ന കാര്യങ്ങൾക്കനുസരിച്ച് കൈകാലുകൾ അനക്കാതിരിക്കാൻ നമ്മുടെ പേശികൾ താൽക്കാലികമായി നിശ്ചലമാകുന്നു.
- ഹൃദയമിടിപ്പ്: ശ്വസനഗതിയും ഹൃദയമിടിപ്പും ഈ സമയത്ത് ക്രമരഹിതമായിരിക്കും.
- സ്വപ്നങ്ങൾ: ഏറ്റവും വ്യക്തവും വൈകാരികവുമായ സ്വപ്നങ്ങൾ കാണുന്നത് ഈ ഘട്ടത്തിലാണ്.
ഈ ഘട്ടത്തിൻ്റെ പ്രാധാന്യം
- ധിഷണാശക്തി വീണ്ടെടുക്കാൻ
- വൈകാരിക സന്തുലിതാവസ്ഥയ്ക്ക്
- പഠനവും ഓർമ്മശക്തിയും മസ്തിഷ്ക്കത്തിൽ ചിട്ടപ്പെടുത്താൻ
സ്വപ്നം കാണുന്നത് എന്തുകൊണ്ട്? (പ്രധാന സിദ്ധാന്തങ്ങൾ)
സ്വപ്നത്തിൻറെ ഉദ്ദ്യേശ്യം സംബന്ധിച്ച് ശാസ്ത്രജ്ഞർക്ക് വ്യത്യസ്താഭിപ്രായങ്ങൾ ഉണ്ടെങ്കിലും പൊതുവായി നിലവിലുളള ചില സിദ്ധാന്തങ്ങൾ താഴെ നൽകുന്നു.
1. വികാരങ്ങളുടെ ക്രമീകരണം: ജീവിതത്തിലെ തീവ്രമായ വികാരങ്ങളെയും അനുഭവങ്ങളെയും കൈകാര്യം ചെയ്യാൻ സ്വപ്നങ്ങൾ സഹായിക്കുന്നുണ്ടത്രെ. പലപ്പോഴും സങ്കീർണ്ണമായ കാര്യങ്ങൾ പ്രതീകാത്മകമായോ അതിശയോക്തിപരമായോ ആണ് സ്വപ്നങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്.
” വൈകാരികാനുഭവങ്ങളെ സുരക്ഷിതമായ അന്തരീക്ഷത്തിൽ വിശകലനം ചെയ്യാൻ ആർ ഇ എം നിദ്ര നമ്മെ സഹായിക്കുന്നു.” — ഡോ. മാത്യു വാക്കർ (പ്രശസ്ത സ്ലീപ്പ് സയന്റിസ്റ്റ്)
2. ഓർമ്മകളുടെ ഏകീകരണം: പകൽ സമയത്ത് നമ്മൾ പഠിച്ചെടുത്ത കാര്യങ്ങളെയും വിവരങ്ങളെയും മസ്തിഷ്ക്കം അടുക്കി വെയ്ക്കുന്ന സമയമാണ് REM ഉറക്കം. ഈ വിവരങ്ങൾ വേർതിരിക്കുകയും പ്രധാനപ്പെട്ടവ ശേഖരിച്ചു വെയ്ക്കുകയും ചെയ്യുന്നതിനിടയിൽ ഉണ്ടാകുന്ന ഒരു ‘ഉപോൽപ്പന്നം’ മാത്രമാണ് സ്വപ്നങ്ങൾ എന്ന് ചില ശാസ്ത്രജ്ഞർ കരുതുന്നു.
3. അപകടങ്ങളെ നേരിടാനുള്ള മുൻകരുതൽ: ജീവിതത്തിലെ അപകടകരമായ സാഹചര്യങ്ങളെ എങ്ങനെ നേരിടണം എന്ന് പരിശീലിക്കാനുള്ള മാർഗ്ഗമാണ് സ്വപ്നങ്ങൾ എന്ന് ‘ത്രെറ്റ് സിമുലേഷൻ തിയറി’ വിശദമാക്കുന്നു. ഉദാഹരണത്തിന്, ഒരു അപകടത്തിൽ നിന്ന് ഓടി രക്ഷപ്പെടുന്നത് സ്വപ്നം കാണുന്നതിലൂടെ യഥാർത്ഥ ജീവിതത്തിൽ അത്തരം സമ്മർദ്ദഘട്ടങ്ങളെ നേരിടാൻ നമ്മുടെ മനസ്സ് തയ്യാറെടുക്കുകയാണ് ചെയ്യുന്നത്.
വിവിധതരം സ്വപ്നങ്ങൾ
| തരങ്ങൾ | അർത്ഥമാക്കുന്നത് |
| സുബോധ സ്വപ്നങ്ങൾ | സ്വപ്നം കാണുകയാണെന്ന് നിങ്ങൾക്ക് തന്നെ ബോധ്യമുണ്ടാകും. സ്വപ്നത്തിലെ കാര്യങ്ങളെ നിയന്ത്രിക്കാനും സാധിക്കും |
| ദുഃസ്വപ്നങ്ങൾ | മനസ്സിനെ അസ്വസ്ഥമാക്കുന്ന സ്വപ്നങ്ങൾ. അമിതമായ മാനസിക സമ്മർദ്ദം, ഭയം, മുൻകാലത്തെ മോശം അനുഭവങ്ങൾ എന്നിവ മൂലം ഉണ്ടാകുന്നു |
| ആവർത്തന സ്വപ്നങ്ങൾ | ഒരേ കാര്യങ്ങളോ പ്രതീകങ്ങളോ സ്വപ്നത്തിൽ ആവർത്തിക്കുന്നു. ഇത് മനസ്സിലെ പരിഹരിക്കപ്പെടാത്ത ചിന്തകളെ സൂചിപ്പിക്കുന്നു. |
| പ്രവചനാത്മക സ്വപ്നങ്ങൾ | ഭാവിയിൽ നടക്കാൻ പോകുന്ന കാര്യങ്ങൾ മുൻകൂട്ടി കാണുന്ന സ്വപ്നങ്ങൾ. ഇവയ്ക്ക് കൃത്യമായ ശാസ്ത്രീയ വിശദീകരണം ലഭ്യമല്ല. |
സ്വപ്നങ്ങൾ മാനസികാരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു?
മൂഡും വൈകാരിക സ്ഥിരതയും: കൃത്യമായ REM ഉറക്കം ലഭിക്കാത്തത് ക്ഷിപ്ര കോപികളാകാനും ഉത്കണ്ഠ കൂട്ടാനും കാരണമാകും. ഉറക്കപ്രശ്നങ്ങൾ ഉളളവർ വൈകാരിക വ്യതിയാനങ്ങൾ അനുഭവിക്കുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട്.
മാനസിക അസ്വസ്ഥതകളുമായുള്ള ബന്ധം:
- വിഷാദം (Depression): അമിതമായ മാനസിക വിഷമം അനുഭവിക്കുന്നവരിൽ പലപ്പോഴും REM ഉറക്കം കുറവാണെന്ന് കണ്ടുവരുന്നു.
- ഉത്കണ്ഠ (Anxiety): കഠിനമായ ഉത്കണ്ഠയുള്ളവർ തീവ്രവും അസ്വസ്ഥതയുണ്ടാക്കുന്നതുമായ സ്വപ്നങ്ങൾ കാണാറുണ്ട്.
- പി ടി എസ് ഡി (PTSD Post-Traumatic Stress Disorder): പഴയകാലത്തെ മോശം അനുഭവങ്ങൾ മനസ്സിൽ നിന്ന് മായാതെ നിൽക്കുന്നവരിൽ, അലോസരപ്പെടുത്തുന്ന ദൃശ്യങ്ങൾ തന്നെ വീണ്ടും വീണ്ടും സ്വപ്നത്തിൽ വന്നേക്കാം.
സ്വപ്നങ്ങളെ എങ്ങനെ മനസ്സിലാക്കാം?
സ്വപ്നങ്ങൾ നമ്മുടെ ഉള്ളിലെ വികാരങ്ങളെക്കുറിച്ച് പല സൂചനകളും നൽകുന്നുണ്ട്.
താഴെ പറയുന്നവ പരീക്ഷിച്ചു നോക്കാവുന്നതാണ്:
- ഡ്രീം ജേണൽ (Dream Journal) സൂക്ഷിക്കുക: ഉറക്കം ഉണർന്നാലുടൻ കണ്ട സ്വപ്നം എഴുതി വെയ്ക്കുക. അബോധമനസ്സിനെ കൂടുതൽ മനസ്സിലാക്കാൻ ഇത് സഹായിക്കും.
- ഉള്ളടക്കം ശ്രദ്ധിക്കുക: സ്വപ്നങ്ങളിൽ ആവർത്തിച്ചു വരുന്ന സ്ഥലങ്ങൾ, വ്യക്തികൾ, വികാരങ്ങൾ എന്നിവ ശ്രദ്ധിക്കുക. അവ നിങ്ങളുടെ ജീവിതത്തിലെ ഏതെങ്കിലും പ്രശ്നങ്ങളെ സൂചിപ്പിക്കുന്നുണ്ടാകാം.
- തെറാപ്പിയിലൂടെ പരിഹാരം: ദുഃസ്വപ്നങ്ങൾ സമാധാനം കെടുത്തുന്നുണ്ടെങ്കിൽ കൗൺസിലിംഗിലൂടെയോ തെറാപ്പിയിലൂടെയോ പരിഹാരം കാണാവുന്നതാണ്.
- ഗൈഡഡ് ഡ്രീം വർക്ക്: ചില മനഃശാസ്ത്രജ്ഞർ സ്വപ്നങ്ങളെ വിശകലനം ചെയ്ത് വ്യക്തികളുടെ മാനസിക പിരിമുറുക്കം കുറയ്ക്കാൻ സഹായിക്കാറുണ്ട്.
ആരോഗ്യകരമായ സ്വപ്നങ്ങൾ കാണാനും ഉറക്കം മെച്ചപ്പെടുത്താനും സഹായിക്കുന്ന ചില പ്രായോഗിക നിർദ്ദേശങ്ങൾ
മനോഹരമായ സ്വപ്നങ്ങൾ കാണാനും രാവിലെ ഉന്മേഷത്തോടെ ഉണരാനും താഴെ പറയുന്നവ ശീലമാക്കാം:
- ദിവസവും 7 മുതൽ 9 മണിക്കൂർ വരെ നല്ല ഉറക്കം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.
- ഉറങ്ങുന്നതിന് മുൻപ് കഫീൻ, മദ്യം എന്നിവ ഒഴിവാക്കുക. സ്ക്രീനുകൾ ഉറക്കത്തിന് തടസ്സമാകാതെ ശ്രദ്ധിക്കുക.
- ഉറങ്ങുന്നതിന് മുൻപ് ധ്യാനിക്കുകയോ ദീർഘമായി ശ്വസിക്കുകയോ ഇളംചൂട് വെള്ളത്തിൽ കുളിക്കുകയോ ചെയ്യുന്നത് ശരീരത്തിനും മനസ്സിനും വിശ്രമം നൽകും.
- എല്ലാ ദിവസവും ഒരേ സമയത്ത് ഉറങ്ങാനും ഉണരാനും ശ്രമിക്കുന്നത് ശരീരത്തിന്റെ സ്വാഭാവിക ഉറക്കചക്രത്തെ സഹായിക്കും.
കൗതുകകരമായ വസ്തുതകൾ
- ഉറക്കമുണർന്ന് 10 മിനിറ്റിനുള്ളിൽ നമ്മൾ കണ്ട സ്വപ്നങ്ങളുടെ 90 ശതമാനവും മറന്നുപോകുന്നു.
- ജന്മനാ കാഴ്ചയില്ലാത്തവർ ശബ്ദം, മണം, സ്പർശനം എന്നീ സംവേദനങ്ങളിലൂടെയാണ് സ്വപ്നം കാണുന്നത്.
- ചിലർ തങ്ങൾ സ്വപ്നം കാണാറില്ലെന്ന് പറയാറുണ്ടെങ്കിലും യഥാർത്ഥത്തിൽ എല്ലാവരും സ്വപ്നം കാണുന്നുണ്ട്. അത് ഓർത്തെടുക്കാൻ കഴിയുന്നില്ല എന്ന് മാത്രം.
സ്വപ്നങ്ങൾ നമ്മുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് അവശ്യം വേണ്ടതാണ്. നമ്മെ സുഖപ്പെടുത്താനും പഠിച്ച കാര്യങ്ങൾ ഓർത്തെടുക്കാനും വെല്ലുവിളികളെ നേരിടാൻ സജ്ജമാക്കാനും മസ്തിഷ്ക്കം സ്വയം കണ്ടെത്തുന്ന വഴിയാണത്.
References :
1. Vivid dreams are associated with a high percentage of REM sleep




