ഇന്റർമിറ്റന്റ് ഫാസ്റ്റിങ്: ആർക്കൊക്കെ ഗുണകരം? ആരൊക്കെ ഒഴിവാക്കണം?

വിശദമായി മനസ്സിലാക്കാം
കഴിഞ്ഞ കുറച്ചു വർഷങ്ങളായി ആരോഗ്യത്തിൽ ശ്രദ്ധിക്കുന്നവർ പലരും പറയുകയും പ്രാവർത്തികമാക്കുകയും ചെയ്യുന്ന ഉപവാസരീതിയാണ് ഇൻറർമിറ്റൻറ് ഫാസ്റ്റിങ്.
ശരീരഭാരം കുറയ്ക്കാനും ഉപാപചയ പ്രവർത്തനങ്ങൾ (Metabolism) മെച്ചപ്പെടുത്താനും മാത്രമല്ല, ദീർഘായുസ്സിനും മാനസികോൻമേഷത്തിനും വരെ ഈ ഉപവാസം ഉത്തമ മാർഗ്ഗമായി കണക്കാക്കപ്പെടുന്നുണ്ട്. സോഷ്യൽ മീഡിയയിൽ പലപ്പോഴും ഉപവാസത്തിന്റെ ഫലമായി ലഭിച്ച മാറ്റങ്ങളെക്കുറിച്ചുള്ള ചിത്രങ്ങളും അവകാശവാദങ്ങളും നമ്മൾ കാണാറുണ്ട്. എന്നാൽ ഇത് എല്ലാവർക്കും ഒരുപോലെ ഫലപ്രദമാണോ? ശരീരത്തിന് കരുത്തുനൽകുമെന്ന് പലരും അവകാശപ്പെടുന്നുണ്ടെങ്കിലും ഇത് ശാരീരിക-മാനസിക സമ്മർദ്ദത്തിന് വഴിവെയ്ക്കുമോ? ഇൻറർമിറ്റൻറ് ഫാസ്റ്റിങ് സംബന്ധിച്ച എല്ലാക്കാര്യങ്ങളും വിശദമായിത്തന്നെ നെല്ലിക്ക.ലൈഫിലൂടെ നമുക്ക് പരിശോധിക്കാം.
ചിലർക്ക് ഏറെ ഗുണകരമാകുമെങ്കിലും മറ്റുചിലർക്ക് ഇത് ഹോർമോൺ തകരാറും അമിതസമ്മർദ്ദവും ക്ഷീണവും നൽകും. ഡയറ്റിൻ്റെയും ആരോഗ്യത്തിൻ്റെയും കാര്യത്തിൽ ട്രെൻഡിനു പിന്നാലെ പോകാതെ കാര്യങ്ങൾ പൂർണ്ണമായി മനസ്സിലാക്കുകയും ആ രീതി നമുക്ക് അനുയോജ്യമാണോ എന്ന് തിരിച്ചറിയുകയും വേണം.
എന്താണ് ഇന്റർമിറ്റന്റ് ഫാസ്റ്റിങ്?
എന്ത് കഴിക്കുന്നു എന്നതിനേക്കാൾ, എപ്പോൾ എങ്ങനെ കഴിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഇന്റർമിറ്റന്റ് ഫാസ്റ്റിങ് (IF). ഒരു നിശ്ചിത സമയത്ത് ഭക്ഷണം കഴിക്കുകയും ബാക്കി സമയം ഉപവസിക്കുകയും ചെയ്യുന്ന രീതിയാണിത്.
സാധാരണയായി അനുവർത്തിക്കുന്ന ചില രീതികൾ:
- 16:8 രീതി: 16 മണിക്കൂർ ഉപവാസം, ബാക്കിയുള്ള 8 മണിക്കൂറിനുള്ളിൽ ഭക്ഷണം കഴിക്കുക.
- 14:10 അല്ലെങ്കിൽ 12:12 രീതികൾ: ഇവ തുടക്കക്കാർക്ക് അനുയോജ്യമായ അല്പം കൂടി ലളിതമായ രീതികളാണ്
- 24 മണിക്കൂർ ഉപവാസം: ആഴ്ചയിൽ ഒന്നോ രണ്ടോ തവണ മാത്രം ദിവസം മുഴുവൻ പൂർണ്ണമായും ഭക്ഷണം ഒഴിവാക്കുന്ന രീതി.
ചുരുക്കിപ്പറഞ്ഞാൽ, എപ്പോഴും ഭക്ഷണം ദഹിപ്പിച്ചു കൊണ്ടിരിക്കുന്ന അവസ്ഥയിൽ നിന്ന് ശരീരത്തിന് ഒരു വിശ്രമം നൽകുകയാണ് ഇന്റർമിറ്റന്റ് ഫാസ്റ്റിങ് ചെയ്യുന്നത്. ഇത് നമ്മുടെ ശരീരത്തിലെ ഉപാപചയപ്രവർത്തനങ്ങളെ കൃത്യമായി ക്രമീകരിക്കാൻ സഹായിക്കുന്നു.
ഉപവാസം എന്നത് ആഹാരം ഒഴിവാക്കൽ മാത്രമല്ല. അത് ശാരീരിക സമ്മർദ്ദ ഘടകം (Physiological Stressor) കൂടിയാണ്. ഇക്കാര്യം പ്രത്യേകം ഓർമ്മ വേണം. ശരീരത്തിന്റെ നിലവിലെ ആരോഗ്യസ്ഥിതി അനുസരിച്ച് ഈ സമ്മർദ്ദം ഗുണകരമായോ ദോഷകരമായോ ഭവിക്കാം.
ഉപവാസം ഗുണകരമാകുന്നത് എന്തുകൊണ്ട്?
ശരിയായ രീതിയിൽ അനുഷ്ഠിച്ചാൽ, ഇന്റർമിറ്റന്റ് ഫാസ്റ്റിങ് നമ്മുടെ ഉപാപചയ പ്രവർത്തനങ്ങളെ (Metabolism) വലിയ തോതിൽ സഹായിക്കും. ഉപവാസ സമയത്ത് ശരീരത്തിലെ ഇൻസുലിൻ അളവ് കുറയുകയും കോശങ്ങൾ കൂടുതൽ നന്നായി പ്രതികരിക്കാൻ തുടങ്ങുകയും ചെയ്യുന്നു.
പ്രധാന ഗുണങ്ങൾ:
- ഇൻസുലിൻ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതു വഴി, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു
- കോശങ്ങളിലുണ്ടാകുന്ന വീക്കം കുറയ്ക്കുന്നു
- ഊർജ്ജത്തിനായി ശരീരത്തിലെ അനാവശ്യ കൊഴുപ്പിനെ ഉപയോഗിക്കാൻ ഇത് ശരീരത്തെ പ്രാപ്തമാക്കുന്നു
- ചിലരിൽ ഏകാഗ്രത വർദ്ധിപ്പിക്കാനും ചിന്തകളിൽ കൂടുതൽ വ്യക്തത നൽകാനും ഇത് സഹായിക്കാറുണ്ട്
- ദഹനവ്യവസ്ഥയ്ക്ക് ആവശ്യമായ വിശ്രമം ലഭിക്കുന്നു
ഉപവാസം കഠിന നിയന്ത്രണമായല്ല, ശരീരത്തിന് ആശ്വാസമായാണ് ചിലർക്ക് അനുഭവപ്പെടാറുള്ളത്.
ആർക്കെല്ലാം ഗുണകരം?
1. ഇൻസുലിൻ റെസിസ്റ്റൻസ് അല്ലെങ്കിൽ മെറ്റബോളിക് സിൻഡ്രോം ഉള്ളവർക്ക്
ശരീരത്തിൽ ഇൻസുലിൻ്റെ അളവ് കൂടുതലുള്ളവർക്കും ഇടയ്ക്കിടെ ലഘുഭക്ഷണം കഴിക്കുന്നവർക്കും രാത്രി വൈകി ഭക്ഷണം കഴിക്കുന്നവർക്കും ഇൻസുലിൻ എപ്പോഴും ഉയർന്ന നിലയിലായിരിക്കും. കൃത്യമായ ഉപവാസം ഈ അവസ്ഥ മാറ്റാൻ സഹായിക്കും.
ഇങ്ങനെയുള്ളവർക്ക് ലഭിക്കുന്ന ഗുണങ്ങൾ:
- ഭക്ഷണത്തിന് ശേഷമുള്ള തളർച്ച കുറയുന്നു
- രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായി നിലനിർത്തുന്നു
- ശരീരത്തിലെ കൊഴുപ്പ്, പ്രത്യേകിച്ച് വയറിലെ കൊഴുപ്പ് സാവധാനം കുറയാൻ സഹായകമാകുന്നു
ഇവിടെ കലോറി കുത്തനെ കുറയ്ക്കുന്നതിലൂടെയല്ല, ശരീരം ഇൻസുലിനുമായി സമ്പർക്കത്തിൽ വരുന്ന സമയം കുറയ്ക്കുന്നത് വഴിയാണ് ഉപവാസം ഫലം നൽകുന്നത്.
2. കൃത്യമായ ഉറക്കവും പോഷകാഹാരവും ലഭിക്കുന്ന, മാനസികസമ്മർദ്ദമില്ലാത്ത മുതിർന്നവർക്ക്
നാഡീവ്യൂഹം (Nervous system) ശാന്തമായിരിക്കുമ്പോഴാണ് ‘ഇന്റർമിറ്റന്റ് ഫാസ്റ്റിങ്’ (Intermittent Fasting) ഏറ്റവും കൂടുതൽ ഗുണം ചെയ്യുന്നത്.
താഴെ പറയുന്ന കാര്യങ്ങൾ ജീവിതശൈലിയുടെ ഭാഗമായവർക്ക് ഉപവാസം അല്ലെങ്കിൽ ഫാസ്റ്റിങ് മികച്ച ഫലങ്ങൾ നൽകാറുണ്ട്:
- മതിയായ ഉറക്കം ലഭിക്കുന്നവർ
- പോഷകസമൃദ്ധമായ ആഹാരം കഴിക്കുന്നവർ
- ചിട്ടയായ ജീവിതചര്യയുള്ളവർ
- ഭക്ഷണത്തെക്കുറിച്ച് അനാവശ്യ ആശങ്കകളില്ലാത്തവർ
ഇത്തരക്കാരെ സംബന്ധിച്ചിടത്തോളം, ഫാസ്റ്റിങ്, ഭക്ഷണം നിഷേധിക്കലല്ല, ആരോഗ്യകരമായ ജീവിതക്രമമാണത്.
3.ശാരീരികാദ്ധ്വാനമില്ലാത്ത, രാത്രി വൈകി ഭക്ഷണം കഴിക്കുന്ന പുരുഷന്മാർക്ക്
ഭക്ഷണക്രമത്തിൽ കൃത്യനിഷ്ഠയില്ലാത്തവർ, വൈകുന്നേരങ്ങളിൽ കൂടുതൽ ലഘുഭക്ഷണം കഴിക്കുന്നവർ, ശാരീരിക അദ്ധ്വാനം കുറഞ്ഞ ജോലികൾ ചെയ്യുന്നവർ എന്നിവരിൽ ശരീരത്തിന്റെ സ്വാഭാവിക താളം വീണ്ടെടുക്കാൻ ഉപവാസം സഹായിക്കും.
രാത്രി മുതൽ രാവിലെ വരെയുള്ള ലളിതമായ ഉപവാസം (12–14 മണിക്കൂർ) താഴെ പറയുന്ന ഗുണങ്ങൾ നൽകുന്നു:
- ദഹനപ്രക്രിയ കൂടുതൽ സുഗമമാക്കുന്നു
- നെഞ്ചെരിച്ചിൽ (Reflux) കുറയുന്നു
- രാവിലെ കൃത്യസമയത്ത് വിശപ്പ് തോന്നാനുള്ള ശരീരത്തിന്റെ സ്വാഭാവിക സിഗ്നലുകളെ ഉണർത്തുന്നു
ശരീരത്തിന്റെ ജൈവ ഘടികാരത്തെ (Circadian Rhythm) കൃത്യമായ താളത്തിലാക്കാൻ ഈ ഉപവാസം സഹായിക്കുന്നു.
ദോഷകരമാകുന്നതെപ്പോൾ?
പല ഗുണങ്ങളുമുണ്ടെങ്കിലും, ഉപവാസം എല്ലാവരിലും ഒരേ ഫലം ചെയ്യില്ല. ചിലർക്ക് ഇത് ഗുണത്തേക്കാളേറെ ദോഷം ചെയ്തേക്കാം.
1. ഹോർമോൺ വ്യതിയാനങ്ങളും പി സി ഒ എസും ഉള്ള സ്ത്രീകൾക്ക്
സ്ത്രീകളുടെ ശരീരം ഊർജ്ജലഭ്യതയിലെ മാറ്റങ്ങളോട് വളരെ വേഗത്തിൽ പ്രതികരിക്കും. പ്രത്യേകിച്ച് പി സി ഒ എസ്, തൈറോയ്ഡ് പ്രശ്നങ്ങൾ, ആർത്തവ ക്രമക്കേടുകൾ എന്നീ ആരോഗ്യപ്രശ്നങ്ങളുള്ള സ്ത്രീകൾ കഠിനമായ രീതിയിൽ ഉപവസിക്കുന്നത് ആരോഗ്യസ്ഥിതി വഷളാക്കാൻ കാരണമായേക്കാം.
ഇങ്ങനെയുള്ളവരിൽ ഉണ്ടാകാൻ സാധ്യതയുള്ള ബുദ്ധിമുട്ടുകൾ:
- ആർത്തവം വൈകാനോ വരാതിരിക്കാനോ ഇത് കാരണമായേക്കാം
- അമിതമായ മുടികൊഴിച്ചിൽ
- മാനസിക സമ്മർദ്ദവും ഉത്കണ്ഠയും
- മധുരത്തോടുള്ള അമിതാസക്തി
ഇത്തരം സാഹചര്യങ്ങളിൽ, ഉപവാസം ശരീരത്തിലെ കോർട്ടിസോൾ (Cortisol) എന്ന സ്ട്രെസ് ഹോർമോണിന്റെ അളവ് വർദ്ധിപ്പിക്കുന്നു. ഇത് ഹോർമോൺ സന്തുലിതാവസ്ഥയെയും ഇൻസുലിൻ നിയന്ത്രണത്തെയും കൂടുതൽ വഷളാക്കുന്നു.
2. വിട്ടുമാറാത്ത ക്ഷീണമോ തളർച്ചയോ ഉള്ളവർക്ക്
ശാരീരികമായോ മാനസികമായോ തളർന്നിരിക്കുന്നവരെ സംബന്ധിച്ച്, ഉപവാസം വലിയ ഭാരമായി മാറാറുണ്ട്.
ഉണ്ടാകാനിടയുള്ള ബുദ്ധിമുട്ടുകൾ:
- തലകറക്കം
- ചിന്തകളിലെ അവ്യക്തത (Brain Fog)
- അകാരണമായ നെഞ്ചിടിപ്പ്
- ഉറക്കക്കുറവ്
നാഡീവ്യൂഹം (Nervous system) തളർന്നിരിക്കുന്ന അവസ്ഥയിൽ, ശരീരത്തിന് ഉപവാസം സൗഖ്യമേകുന്നതിന് പകരം സമ്മർദ്ദമായിട്ടായിരിക്കും അനുഭവപ്പെടുക.
3. ഭക്ഷണപ്രശ്നങ്ങൾ ഉള്ളവർക്ക്
ഭക്ഷണക്രമത്തിൽ മുൻപ് എപ്പോഴെങ്കിലും അസാധാരണമായ നിയന്ത്രണങ്ങളോ ബുദ്ധിമുട്ടുകളോ അനുഭവിച്ചിട്ടുള്ളവർക്ക് ഇന്റർമിറ്റന്റ് ഫാസ്റ്റിങ് ദോഷകരമായേക്കാം. ഇത് നമ്മളെ പഴയ ദുശ്ശീലങ്ങളിലേക്ക് തിരികെ കൊണ്ടുപോയേക്കാം.
- ഭക്ഷണം കഴിക്കുന്നതിനെക്കുറിച്ച് അനാവശ്യമായ കുറ്റബോധം തോന്നുക
- ദീർഘനേരം പട്ടിണി കിടന്ന ശേഷം നിയന്ത്രണമില്ലാതെ ഭക്ഷണം കഴിക്കുക (Binge-Restrict Cycle)
ആരോഗ്യം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇൻറർമിറ്റൻറ് ഫാസ്റ്റിങ് തുടങ്ങുന്നതെങ്കിലും, അതനുഷ്ഠിക്കുന്നവരുടെ മാനസികാരോഗ്യം ശരീരത്തിന്റെ മെറ്റബോളിസം പോലെ തന്നെ പ്രധാനപ്പെട്ടതാണ്. മനസ്സിന് സമ്മർദ്ദമേകുന്ന ഒരു രീതിയും പൂർണ്ണ ആരോഗ്യം പ്രദാനം ചെയ്യില്ല.
4. രക്തത്തിലെ പഞ്ചസാര പെട്ടെന്ന് കുറയുന്നവർക്ക്
ചിലരിൽ ഭക്ഷണം അല്പം വൈകിയാൽ പോലും രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് താഴ്ന്നുപോകാറുണ്ട്. ഇതിനെ ശരീരം നൽകുന്ന ഒരു മുന്നറിയിപ്പായി കണക്കാക്കാം.
ലക്ഷണങ്ങൾ:
- കൈകാലുകൾക്ക് വിറയൽ അനുഭവപ്പെടുക
- പെട്ടെന്നുണ്ടാകുന്ന ദേഷ്യം അല്ലെങ്കിൽ അസ്വസ്ഥത
- കഠിനമായ തലവേദന
- പെട്ടെന്നുണ്ടാകുന്ന തളർച്ച, ബോധക്ഷയം
ഇത്തരത്തിലുള്ള ശരീരപ്രകൃതിയുള്ളവർക്ക് ഉപവാസത്തേക്കാൾ നല്ലത് കൃത്യസമയത്ത് മിതമായ അളവിൽ ഭക്ഷണം കഴിക്കുന്നതാണ്. ഇത് ഉപാപചയ വ്യവസ്ഥയെ കൂടുതൽ സുരക്ഷിതമായി നിലനിർത്താൻ സഹായിക്കും.
ഉപവാസവും നാഡീവ്യൂഹവും: അവഗണിക്കപ്പെടുന്ന വസ്തുത
ഉപവാസം നമ്മുടെ മെറ്റബോളിസത്തെ മാത്രമല്ല, നാഡീവ്യൂഹത്തെയും (Nervous System) നേരിട്ട് ബാധിക്കുന്നുണ്ട്. ഓരോരുത്തരുടെയും ശാരീരികാവസ്ഥയ്ക്കനുസരിച്ച് ഇത് വ്യത്യാസപ്പെടാം.
ശാന്തമായ അവസ്ഥയിലുള്ള ശരീരത്തിൽ, ഉപവാസം:
- ഏകാഗ്രത വർദ്ധിപ്പിക്കുന്നു
- മെറ്റബോളിസത്തിന്റെ പ്രവർത്തനക്ഷമത കൂട്ടുന്നു
സമ്മർദ്ദമനുഭവിക്കുന്നവരിൽ:
- സ്ട്രെസ് ഹോർമോണായ കോർട്ടിസോളിന്റെ അളവ് കൂട്ടുന്നു
- ഉത്കണ്ഠയും അസ്വസ്ഥതയും വർദ്ധിപ്പിക്കുന്നു
- ഉറക്കം തടസ്സപ്പെടുത്തുന്നു
ഇതുകൊണ്ടാണ് ഒരേ ഫാസ്റ്റിങ് പ്ലാൻ പിന്തുടരുന്ന രണ്ട് വ്യക്തികൾക്ക് തികച്ചും വ്യത്യസ്തമായ അനുഭവങ്ങൾ ഉണ്ടാകുന്നത്. ഒരാൾക്ക് അത് ഉന്മേഷം നൽകുമെങ്കിൽ, മറ്റൊരാൾക്ക് കടുത്ത ക്ഷീണമായിരിക്കും ഫലം.
സമയം കൂടുന്തോറും ഗുണം കൂടും എന്നത് മിഥ്യ
ഉപവാസത്തിന്റെ സമയം കൂട്ടുന്നത് എപ്പോഴും ഗുണം ചെയ്യണമെന്നില്ല. അമിതമായി നീണ്ടുനിൽക്കുന്ന ഉപവാസ സമയം പലപ്പോഴും ഗുണത്തേക്കാളേറെ ദോഷം വരുത്തും.
അമിതമായ ഉപവാസം താഴെ പറയുന്ന പ്രശ്നങ്ങൾക്ക് കാരണമായേക്കാം:
- മെറ്റബോളിസം കുറയുന്നു
- പേശികൾക്ക് ബലക്ഷയം സംഭവിക്കുന്നു(Muscle Loss)
- ഹോർമോൺ വ്യതിയാനം
- അമിതമായി ഭക്ഷണം കഴിക്കാനുള്ള പ്രവണത
ഉപവാസം ശരീരത്തിന് അനുയോജ്യമായാൽ മാത്രമേ ഗുണം ചെയ്യൂ. കഠിനമായാൽ അത് ശരീരത്തിന് ദൂഷ്യഫലമുണ്ടാക്കും.
പലപ്പോഴും, രാത്രി മുതൽ രാവിലെ വരെയുള്ള, 12 മുതൽ 14 മണിക്കൂർ വരെയുള്ള ഉപവാസം തന്നെ ശരീരത്തിന് വലിയ മാറ്റങ്ങൾ നൽകാൻ പ്രാപ്തമാണ്. ഇത് നാഡീവ്യൂഹത്തെ അമിതമായി സമ്മർദ്ദത്തിലാക്കാതെ തന്നെ ആരോഗ്യപരമായ ഗുണങ്ങൾ നൽകുന്നു.
ഭക്ഷണത്തിന്റെ ഗുണമേന്മ പ്രധാനം
ഇടവിട്ടുള്ള ഉപവാസം അനുഷ്ഠിക്കുമ്പോൾ ഒരുകാര്യം പ്രത്യേകം ശ്രദ്ധിക്കണം. ഭക്ഷണം കഴിക്കാനായി തെരഞ്ഞെടുത്തിട്ടുള്ള മണിക്കൂറുകളിൽ, ദിവസം മുഴുവനും ശരീരത്തിനാവശ്യമായ പോഷകങ്ങൾ ഉൾപ്പെടുത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.
അമിതമായി സംസ്കരിച്ച ഭക്ഷണങ്ങൾ (Ultra-processed foods), പഞ്ചസാര, അല്ലെങ്കിൽ മൈദ പോലുള്ള ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റുകൾ എന്നിവ കഴിച്ച് ഉപവാസം അവസാനിപ്പിക്കുകയാണെങ്കിൽ, അത്,
ഇൻസുലിൻ പെട്ടെന്ന് വർദ്ധിപ്പിക്കുകയും അങ്ങനെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരാൻ കാരണമാകുകയും ചെയ്യും. മാത്രമല്ല, ഉപവാസം വഴി ശരീരത്തിന് ലഭിച്ച ഗുണങ്ങൾ ഇതോടെ ഇല്ലാതാകും.
ശരീരത്തിലെ വീക്കം വർദ്ധിപ്പിക്കുകയും ചെയ്യും.
ഇന്റർമിറ്റന്റ് ഫാസ്റ്റിംഗിൽ സന്തുലിതമായ ആഹാരം കഴിക്കണം. പേശികളുടെ ആരോഗ്യത്തിന് പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്താം. സംസ്ക്കരിക്കാത്തതോ കുറഞ്ഞ രീതിയിൽ മാത്രം പ്രോസസ്സ് ചെയ്തതോ ആയ ഭക്ഷണങ്ങൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം.
ആരോഗ്യകരമായ സമീപനം വേണം
ശരീരത്തിനും മനസ്സിനും സൗഖ്യമേകുന്ന ആരോഗ്യരീതികളാകണം നമ്മളെല്ലാവരും പിന്തുടരേണ്ടതെന്ന് നെല്ലിക്ക.ലൈഫ് വിശ്വസിക്കുന്നു. ഫാസ്റ്റിങ്, ശരീരത്തിന് ഇണങ്ങുന്ന രീതിയിൽ പതുക്കെ തുടങ്ങുന്നതാണ് എപ്പോഴും നല്ലത്. അതിനു സഹായകരമാകുന്ന ചില കാര്യങ്ങളിതാ:
- ആദ്യമേ തന്നെ 16 മണിക്കൂർ ഉപവസിക്കുന്നതിന് പകരം, 12 മണിക്കൂറിൽ തുടങ്ങി പതുക്കെ സമയം വർദ്ധിപ്പിക്കുക.
- അമിതമായ മാനസിക സമ്മർദ്ദമുള്ളപ്പോഴോ ശാരീരിക അസ്വസ്ഥതകളുള്ളപ്പോഴോ (പനി, ജലദോഷം മുതലായവ) ഫാസ്റ്റിങ് ഒഴിവാക്കുക.
- അമിതമായ വിശപ്പോ ക്ഷീണമോ തോന്നുന്നുണ്ടെങ്കിൽ അതവഗണിക്കരുത്. ശരീരത്തിന്റെ സൂചനകൾക്കനുസരിച്ച് മാറ്റങ്ങൾ വരുത്തുക.
- സ്ത്രീകൾ ആർത്തവ ചക്രത്തിലെ മാറ്റങ്ങൾക്കനുസരിച്ച് ഫാസ്റ്റിംഗിലും ക്രമീകരണങ്ങൾ വരുത്തേണ്ടതുണ്ട്
- കൃത്യമായ ഉറക്കത്തിനും പോഷകഗുണമുള്ള ഭക്ഷണത്തിനും ഫാസ്റ്റിംഗിനേക്കാൾ മുൻഗണന നൽകുക
വിദഗ്ദ്ധോപദേശം തേടേണ്ടതെപ്പോൾ?
താഴെ പറയുന്ന സാഹചര്യങ്ങളിൽ നിർബന്ധമായും ഒരു ഡോക്ടറുടെയോ ന്യൂട്രീഷ്യനിസ്റ്റിന്റെയോ സഹായം തേടണം:
- ഫാസ്റ്റിങ് കാരണം അമിതമായ ക്ഷീണമോ ഉത്കണ്ഠയോ അനുഭവപ്പെടുന്നുണ്ടെങ്കിൽ
- ആർത്തവ ചക്രത്തിൽ മാറ്റങ്ങൾ സംഭവിക്കുകയാണെങ്കിൽ
- ശരീരഭാരം കുറയ്ക്കുന്നതിനെക്കുറിച്ച് അമിതമായ ചിന്തകൾ അലട്ടുന്നുണ്ടെങ്കിൽ
- രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നത് മൂലമുള്ള ലക്ഷണങ്ങൾ (തലകറക്കം, വിറയൽ) കണ്ടാൽ
ഓർക്കുക, ഉപവാസം നമ്മുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനായിരിക്കണം; അത്, ജീവിതത്തിലെ സന്തോഷവും ആരോഗ്യവും കെടുത്തിക്കളയരുത്.
ഇന്റർമിറ്റന്റ് ഫാസ്റ്റിങ് എന്നത് എല്ലാവർക്കും വേണ്ടിയുള്ള ഒരു പൊതുനിയമമല്ല. ശരീരത്തിന്റെ സ്വാഭാവിക താളം വീണ്ടെടുക്കാനുള്ള ഒരു മാർഗ്ഗമായി മാത്രമേ ഇതിനെ കാണാവൂ. ശരീരത്തിന്റെ അവസ്ഥയുമായി ഒത്തുപോകുമ്പോൾ അത് ഗുണകരമാവുകയും, നിർബന്ധപൂർവ്വം അടിച്ചേൽപ്പിക്കുമ്പോൾ അത് ദോഷകരമാവുകയും ചെയ്യുന്നു.
ചുരുക്കിപ്പറഞ്ഞാൽ, ഓരോരുത്തരുടെയും ശാരീരിക അവസ്ഥകൾ മനസ്സിലാക്കി അനുയോജ്യമായ ഉപവാസരീതി തിരഞ്ഞെടുക്കണം. ട്രെൻഡുകളെ കണ്ണടച്ച് അനുകരിക്കുന്നതിലൂടെയല്ല, മറിച്ച് സ്വന്തം ശരീരത്തെ ശ്രദ്ധിക്കുന്നതിലൂടെയാണ് യഥാർത്ഥ ആരോഗ്യം കൈവരിക.




