പ്രമേഹം, പി സി ഒ എസ്, അമിതവണ്ണം: യഥാർത്ഥ കാരണം ഇൻസുലിൻ പ്രതിരോധം

പ്രമേഹം, പി സി ഒ എസ്, അമിതവണ്ണം: യഥാർത്ഥ കാരണം ഇൻസുലിൻ പ്രതിരോധം

പ്രമേഹം, പി സി ഒ എസ്, അമിതവണ്ണം എന്നീ ആരോഗ്യപ്രശ്നങ്ങളെ തികച്ചും വ്യത്യസ്തമായ മൂന്ന് അസുഖങ്ങളായാണ് ഇക്കാലമത്രയും നമ്മൾ കണ്ടിരുന്നത്. അതുകൊണ്ടുതന്നെ ഈ പ്രശ്നങ്ങൾക്കുള്ള ചികിൽസയുടെ ഭാഗമായി നൽകുന്ന മരുന്നുകളും ഭക്ഷണക്രമവും നിർദ്ദേശങ്ങളുമെല്ലാം വെവ്വേറെയായിരുന്നു.

പക്ഷെ, ഈ രോഗങ്ങളുടെ മൂലഹേതു ഒന്നുതന്നെയാണെന്ന് നമ്മൾ പലപ്പോഴും തിരിച്ചറിയാറില്ല. അസുഖങ്ങളുടെ പേരുകൾക്കു പിന്നിൽ ഒളിഞ്ഞിരിക്കുന്ന, പ്രധാന കാരണമാണ് ഇൻസുലിൻ പ്രതിരോധം അഥവാ ഇൻസുലിൻ റെസിസ്റ്റൻസ് (Insulin Resistance).

രോഗങ്ങളുടെ പേരുകൾക്കുപരിയായി നമ്മൾ സ്വയം ചോദിക്കേണ്ട ഒരു കാര്യമുണ്ട്—അടിസ്ഥാനപരമായി നമ്മുടെ ശരീരം നടത്തുന്ന യഥാർത്ഥ പോരാട്ടം എന്തിനോടാണ് എന്ന ചോദ്യം. ഇൻസുലിൻ എന്ന ഹോർമോണിനോട് ശരീരം പ്രതികരിക്കുന്ന രീതിയിലുണ്ടാകുന്ന തകരാറാണ് ഇതിനെല്ലാം പിന്നിലെന്ന് അതിനുത്തരം തേടുമ്പോൾ നമുക്ക് മനസ്സിലാക്കാനാകും. നമ്മുടെ ശരീരത്തിന്റെ ഊർജ്ജ നിയന്ത്രണ സംവിധാനം താളംതെറ്റുന്ന ഈ അവസ്ഥയെയാണ് നമ്മൾ തിരിച്ചറിയേണ്ടത്.

ഇൻസുലിന്റെ പ്രവർത്തനങ്ങൾ

ശരീരത്തിലെ ആഗ്നേയഗ്രന്ഥി അഥവാ പാൻക്രിയാസ് (Pancreas) ഉല്പാദിപ്പിക്കുന്ന ഒരു ഹോർമോണാണ് ഇൻസുലിൻ (Insulin). രക്തത്തിലെ ഗ്ലൂക്കോസിനെ കോശങ്ങളിലേക്ക് എത്തിച്ച്, അവിടെ വെച്ച് അതിനെ ഊർജ്ജമാക്കി മാറ്റുകയാണ് ഇൻസുലിൻ്റെ പ്രധാന ധർമ്മം. ഇൻസുലിൻ ശരിയായ രീതിയിൽ പ്രവർത്തിക്കുമ്പോൾ നമ്മുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായിരിക്കുകയും ശരീരത്തിന് ആവശ്യമായ ഊർജ്ജം ലഭിക്കുകയും ചെയ്യുന്നു.

എന്നാൽ, ഇൻസുലിൻ റെസിസ്റ്റൻസ് ഉണ്ടാകുമ്പോൾ കോശങ്ങൾ ഇൻസുലിനോട് വേണ്ടരീതിയിൽ  പ്രതികരിക്കാതെ വരുന്നു. ഈ സമയത്ത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണ രീതിയിൽ നിലനിർത്താനായി പാൻക്രിയാസ് കൂടുതൽ ഇൻസുലിൻ ഉൽപ്പാദിപ്പിക്കാൻ തുടങ്ങുന്നു.

ശരീരം നടത്തുന്ന ഈ കഠിനപ്രയത്നം മൂലം രക്തത്തിലെ പഞ്ചസാരയുടെ അളവ് ദീർഘകാലത്തേക്ക് നോർമലായിത്തന്നെ തുടരും. അതുകൊണ്ടാണ് ഇൻസുലിൻ റെസിസ്റ്റൻസിന്റെ പ്രാരംഭഘട്ടം പലപ്പോഴും തിരിച്ചറിയാതെ പോകുന്നത്. കാലക്രമേണ, ശരീരം അനുഭവിക്കുന്ന ഈ അമിത സമ്മർദ്ദം വിട്ടുമാറാത്ത പല രോഗങ്ങൾക്കും വഴിയൊരുക്കുന്നു.

ഇൻസുലിൻ റെസിസ്റ്റൻസ് തിരിച്ചറിയാതിരിക്കാൻ കാരണം?

രക്തത്തിലെ പഞ്ചസാരയുടെ അളവിൽ പ്രകടമായ മാറ്റം വരുന്നതിന് വർഷങ്ങൾക്ക് മുമ്പ് തന്നെ, ഈ അവസ്ഥ ശരീരത്തിൽ തുടങ്ങിയിട്ടുണ്ടാകും എന്നതാണ് യാഥാർത്ഥ്യം.

ഇൻസുലിൻ റെസിസ്റ്റൻസ് ഉള്ള പലരിലും പരിശോധനാ ഫലങ്ങൾ നോർമലായി കാണപ്പെടാറുണ്ട്. ഫാസ്റ്റിംഗ് ഗ്ളൂക്കോസും എച്ച് ബി എ 1സിയും (മൂന്ന് മാസത്തെ ശരാശരി പഞ്ചസാരയുടെ അളവ്) നോർമലായിരിക്കും. തുടക്കത്തിൽ പ്രകടമായ ലക്ഷണങ്ങൾ ഒന്നും തന്നെ ഉണ്ടാകില്ല.

പുറമെ എല്ലാം സാധാരണമാണെന്ന് തോന്നുമ്പോഴും, ശരീരത്തിനകത്ത്,  ഉയർന്ന തോതിലുള്ള ഇൻസുലിൻ ചില മാറ്റങ്ങൾ വരുത്തുന്നുണ്ടാകും. ഇത് വീക്കത്തിനും (Inflammation) കൊഴുപ്പ് അടിഞ്ഞുകൂടുന്നതിനും ഹോർമോൺ വ്യതിയാനങ്ങൾക്കും ഉപാപചയ തളർച്ചയ്ക്കും കാരണമാകുന്നു.

അതുകൊണ്ടുതന്നെ, ഇൻസുലിൻ പ്രതിരോധത്തെ പെട്ടെന്നുണ്ടാകുന്ന ഒരു രോഗമായല്ല, ശരീരത്തിൽ പതുക്കെ രൂപപ്പെടുന്ന പ്രക്രിയയായാണ് കണക്കാക്കേണ്ടത്.

ശരീരത്തിനുള്ളിലെ വ്യതിയാനങ്ങൾ

രക്തത്തിൽ ഇൻസുലിന്റെ അളവ് ദീർഘകാലം ഉയർന്ന നിലയിൽ തുടരുമ്പോൾ, ശരീരത്തിൽ പല മാറ്റങ്ങളും സംഭവിക്കുന്നു. 

കോശങ്ങളിൽ സംഭവിക്കുന്നത്:

  • കോശങ്ങൾക്ക് ഗ്ലൂക്കോസിനെ ശരിയായ രീതിയിൽ ആഗിരണം ചെയ്യാൻ കഴിയാതെ വരുന്നു
  • ഇങ്ങനെ ഉപയോഗിക്കപ്പെടാതെ പോകുന്ന അധികമുള്ള പഞ്ചസാരയെ ശരീരം കൊഴുപ്പായി ശേഖരിച്ചു വെയ്ക്കാൻ തുടങ്ങുന്നു
  • ആവശ്യത്തിന് ഊർജ്ജം ഉല്പാദിപ്പിക്കാൻ കഴിയാതെ വരുന്നതോടെ ശരീരം പെട്ടെന്ന് തളർന്നു പോകുന്നു

ഹോർമോണുകളിൽ സംഭവിക്കുന്നത്:

  • ശരീരത്തിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പ് ഹോർമോണുകളെ സ്വാധീനിക്കാൻ തുടങ്ങുന്നു
  • ഇത് ശരീരത്തിൽ വീക്കവും അസ്വസ്ഥതകളും വർദ്ധിപ്പിക്കുന്നു
  • വിശപ്പിനെ നിയന്ത്രിക്കുന്ന ഹോർമോണുകളുടെ പ്രവർത്തനം താളംതെറ്റുന്നതോടെ അമിതമായി ഭക്ഷണം കഴിക്കാനുള്ള പ്രവണത ഉണ്ടാകുന്നു

ബാഹ്യതലത്തിൽ പരസ്പരബന്ധമില്ലെന്ന് തോന്നുന്ന പല രോഗങ്ങളും ഇൻസുലിൻ റെസിസ്റ്റൻസ് എന്ന ഒറ്റക്കാരണത്താൽ സംഭവിക്കുന്നതാണെന്ന് ഇതിലൂടെ നമുക്ക് മനസ്സിലാക്കാനാകും.

ഇൻസുലിൻ റെസിസ്റ്റൻസും ടൈപ്പ് 2 പ്രമേഹവും

ടൈപ്പ് 2 പ്രമേഹത്തെ, രക്തത്തിൽ പഞ്ചസാരയുടെ അളവ് കൂടുന്ന ഒരവസ്ഥയായാണ് നമ്മൾ കണക്കാക്കാറുള്ളത്. എന്നാൽ യഥാർത്ഥത്തിൽ ഇതിന്റെ മൂലകാരണം ഇൻസുലിൻ റെസിസ്റ്റൻസിലാണ്.

രക്തത്തിൽ പഞ്ചസാരയുടെ അളവ് കൂടുന്നതിന് ഏറെ മുമ്പ് തന്നെ ശരീരത്തിൽ ചില മാറ്റങ്ങൾ സംഭവിക്കാൻ തുടങ്ങുന്നു:

  • ശരീരത്തിലെ ഇൻസുലിന്റെ അളവ് അമിതമായി വർദ്ധിക്കുന്നു
  • കോശങ്ങൾ ഇൻസുലിൻ നൽകുന്ന സന്ദേശങ്ങളോട് പ്രതികരിക്കാതാകുന്നു
  • ഈ അവസ്ഥ പരിഹരിക്കാൻ പാൻക്രിയാസ് അമിതമായി പ്രവർത്തിക്കുന്നു

ഒടുവിൽ, ഒരു ഘട്ടം കഴിയുമ്പോൾ പാൻക്രിയാസിന് ഈ അമിതഭാരം താങ്ങാൻ കഴിയാതെ വരുന്നു. അപ്പോഴാണ് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുന്നത്. അതായത്, പ്രമേഹം എന്നത് രോഗത്തിന്റെ തുടക്കമല്ല, ദീർഘകാലമായി ശരീരത്തിൽ നടന്നുകൊണ്ടിരുന്ന ഇൻസുലിൻ റെസിസ്റ്റൻസിന്റെ ആത്യന്തിക ഫലമാണത്.

അതുകൊണ്ടാണ് ഇൻസുലിൻ റെസിസ്റ്റൻസ് വേണ്ടവിധത്തിൽ പരിഹരിക്കാതെ, പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ മാത്രം ശ്രമിക്കുമ്പോൾ, അസുഖം മാറുന്നതിന് പകരം അതു സങ്കീർണ്ണമാകുന്നത്. 

പി സി ഒ എസും ഇൻസുലിൻ റെസിസ്റ്റൻസും

പി സി ഒ എസ് (PCOS) എന്നാൽ ഗർഭപാത്ര സംബന്ധമായ പ്രശ്നം മാത്രമല്ല. ഇൻസുലിൻ റെസിസ്റ്റൻസ് ഇതിൽ വലിയൊരു പങ്കുവഹിക്കുന്നുണ്ട്.

രക്തത്തിൽ ഇൻസുലിന്റെ അളവ് അമിതമായി കൂടുമ്പോൾ, അത് അണ്ഡാശയത്തെ (Ovaries) ഉത്തേജിപ്പിക്കുകയും പുരുഷ ഹോർമോണായ ആൻഡ്രൊജൻ (Androgen) കൂടുതൽ ഉല്പാദിപ്പിക്കപ്പെടുകയും ചെയ്യുന്നു. ഇതിന്റെ ഫലമായി താഴെ പറയുന്ന ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നു:

  • മാസമുറ താളം തെറ്റുന്നു
  • മുഖക്കുരു, മുഖത്തും ശരീരത്തിലും രോമവളർച്ച എന്നിവയുണ്ടാകുന്നു
  • ഓവുലേഷൻ തടസ്സപ്പെടുന്നു
  • അമിതവണ്ണം, പ്രത്യേകിച്ച് വയറിന് ചുറ്റും കൊഴുപ്പ് അടിഞ്ഞു കൂടുന്നു

വണ്ണമുള്ളവർക്ക് മാത്രമല്ല, മെലിഞ്ഞ ശരീരപ്രകൃതിയുള്ള സ്ത്രീകൾക്കും പി സി ഒ എസും ഇൻസുലിൻ റെസിസ്റ്റൻസും ഉണ്ടാകാം എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. അമിതവണ്ണമല്ല പ്രശ്നങ്ങൾക്ക് കാരണം. വാസ്തവത്തിൽ ഇൻസുലിൻ റെസിസ്റ്റൻസിന്റെ ഫലമായാണ് വണ്ണം കൂടുന്നത്.

ഇൻസുലിൻ റെസിസ്റ്റൻസ് പരിഹരിക്കാതെ പി സി ഒ എസിന് ചികിത്സിക്കുന്നത്, യന്ത്രത്തിന്റെ പ്രധാന തകരാർ പരിഹരിക്കാതെ പുറമെ ചായം തേക്കുന്നതു പോലെയാണ്.

അമിതവണ്ണവും ഇൻസുലിൻ റെസിസ്റ്റൻസും

സാധാരണയായി അമിതവണ്ണമാണ് ഇൻസുലിൻ റെസിസ്റ്റൻസിന് കാരണമാകുന്നതെന്നാണ് നമ്മുടെ ധാരണ. എന്നാൽ സത്യാവസ്ഥ ഇതല്ല. ഇൻസുലിൻ റെസിസ്റ്റൻസ് എങ്ങനെയാണ് നമ്മുടെ ശരീരഭാരത്തെ നിയന്ത്രിക്കുന്നത് എന്ന് നോക്കാം:

ഇൻസുലിൻ റെസിസ്റ്റൻസ് ശരീരത്തിൽ വരുത്തുന്ന മാറ്റങ്ങൾ:

  • ശരീരം അധികമായി കൊഴുപ്പ്  സംഭരിച്ചു വെയ്ക്കുന്നു
  • ശരീരത്തിൽ ഇൻസുലിൻ കൂടുതലുള്ളപ്പോൾ, സംഭരിച്ച കൊഴുപ്പിനെ ഊർജ്ജമാക്കി മാറ്റാൻ (Fat burning) ശരീരത്തിന് കഴിയില്ല
  •  ഇത്  മധുരത്തോടും കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണത്തോടുമുള്ള ആഗ്രഹം വർദ്ധിപ്പിക്കുന്നു

രക്തത്തിൽ ഇൻസുലിൻ്റെ അളവ് ഉയർന്നുനിൽക്കുമ്പോൾ, നമ്മുടെ ശരീരം എപ്പോഴും കൊഴുപ്പ് സംഭരിച്ചു വെയ്ക്കുന്ന അവസ്ഥയിലായിരിക്കും. ഭക്ഷണനിയന്ത്രണമില്ലാത്തതു കൊണ്ടല്ല, മറിച്ച് നമ്മുടെ ഹോർമോണുകൾ നൽകുന്ന തെറ്റായ സന്ദേശങ്ങൾ മൂലമാണ് വണ്ണം കൂടുന്നത്.

ആഹാരം കുറച്ചു കഴിച്ചിട്ടും വണ്ണം കൂടുന്നതും കഠിനമായി വ്യായാമം ചെയ്തിട്ടും ഭാരം കുറയാത്തതും എപ്പോഴും തളർച്ചയും ഏകാഗ്രതക്കുറവും (Brain fog)  അനുഭവപ്പെടുന്നതുമെല്ലാം ഇൻസുലിൻ പ്രതിരോധം കാരണമാണ്.

നാഡീവ്യൂഹവും സമ്മർദ്ദവും വഹിക്കുന്ന പങ്ക്

ഇൻസുലിൻ പ്രതിരോധത്തിന് കാരണം നമ്മൾ കഴിക്കുന്ന ഭക്ഷണം മാത്രമാണെന്ന് കരുതരുത്. മാനസികാവസ്ഥയ്ക്കും നാഡീവ്യൂഹ പ്രവർത്തനങ്ങൾക്കും ഇതിൽ വലിയ പങ്കുണ്ട്.

വിട്ടുമാറാത്ത മാനസിക സമ്മർദ്ദം ശരീരത്തിൽ കോർട്ടിസോൾ (Cortisol) എന്ന ഹോർമോണിന്റെ അളവ് കൂട്ടുന്നു. തത്ഫലമായി, ശരീരം പെട്ടെന്ന് പ്രതികരിക്കാനായി, രക്തത്തിലേക്ക് കൂടുതൽ ഗ്ലൂക്കോസ് കലർത്തുന്നു .

കോർട്ടിസോൾ വർദ്ധിക്കുന്നതോടെ ഇൻസുലിന്റെ പ്രവർത്തനം മന്ദഗതിയിലാകുന്നു.വയറിന് ചുറ്റും കൊഴുപ്പ് വർദ്ധിക്കാൻ ഇത് കാരണമാകുന്നു.

നമ്മുടെ നാഡീവ്യൂഹം പരിഭ്രാന്തിയിലോ സമ്മർദ്ദത്തിലോ ആയിരിക്കുമ്പോൾ, ശരീരം അതിന്റെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിനുപരിയായി, ‘അതിജീവനത്തിന്’ (Survival) മുൻഗണന നൽകുന്നു. അതുകൊണ്ടാണ് ഇൻസുലിൻ പ്രതിരോധം ഉള്ളവരിൽ താഴെ പറയുന്ന പ്രശ്നങ്ങൾ കണ്ടുവരുന്നത്:

  • നന്നായി ഉറങ്ങാൻ കഴിയാത്ത അവസ്ഥ
  • അമിതമായ ഉത്കണ്ഠയും ഭീതിയും
  • എപ്പോഴും അനുഭവപ്പെടുന്ന തളർച്ച
  • നിരന്തരമായി മടുപ്പനുഭവപ്പെടുന്ന അവസ്ഥ

നീർക്കെട്ട് എന്ന വില്ലൻ

നമ്മുടെ ശരീരത്തിനകത്തുണ്ടാകുന്ന വിട്ടുമാറാത്ത ചെറിയ വീക്കങ്ങൾ (Low-grade chronic inflammation) ഇൻസുലിൻ പ്രതിരോധത്തെ കൂടുതൽ വഷളാക്കുന്നു. കോശങ്ങളിലേക്ക് സന്ദേശങ്ങൾ എത്തിക്കാനുള്ള ഇൻസുലിന്റെ കഴിവിനെ ഈ വീക്കം തടസ്സപ്പെടുത്തുന്നു.

വീക്കം ഉണ്ടാകാനുള്ള പ്രധാന കാരണങ്ങൾ:

  • ദഹനാരോഗ്യത്തിലെ അസന്തുലിതാവസ്ഥ 
  • സംസ്കരിച്ച ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നത്
  • ശാരീരിക അദ്ധ്വാനമില്ലായ്മ
  • മാനസിക സമ്മർദ്ദം

നീർക്കെട്ടും ഇൻസുലിൻ പ്രതിരോധവും പരസ്പരം സഹായിക്കുന്നു. അതായത്, വീക്കം ഇൻസുലിൻ പ്രതിരോധം കൂട്ടുകയും ഇൻസുലിൻ പ്രതിരോധം ശരീരത്തിൽ വീക്കം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത് ശരീരത്തിന്റെ ഉപാപചയ പ്രവർത്തനങ്ങളെ (Metabolism) പാടേ തകരാറിലാക്കുന്നു.

ഇൻസുലിൻ പ്രതിരോധത്തിന്റെ സൂചനകൾ

ഇൻസുലിൻ പ്രതിരോധം പെട്ടെന്ന് തിരിച്ചറിയാൻ കഴിഞ്ഞെന്നു വരില്ല. എങ്കിലും, നമ്മുടെ ശരീരം നൽകുന്ന ചില സാധാരണ സൂചനകൾ താഴെ പറയുന്നു:

  • ഭക്ഷണം കഴിച്ച ശേഷം തളർച്ച അനുഭവപ്പെടുക
  • മധുരത്തോടുള്ള അമിതാസക്തി
  • ശരീരഭാരം കുറയ്ക്കാൻ ബുദ്ധിമുട്ട്
  • വയറിന് ചുറ്റും കൊഴുപ്പ് കൂടുക
  • മസ്തിഷ്ക മന്ദത (Brain fog)
  • ആർത്തവ തടസ്സങ്ങൾ
  • കഴുത്തിന് പിന്നിലോ കക്ഷത്തിലോ ചർമ്മം കറുത്ത് കട്ടിയാകുക 

ആരോഗ്യത്തിൽ കൂടുതൽ ശ്രദ്ധ വേണമെന്ന് ശരീരം നൽകുന്ന സൂചനകളാണ് ഈ ലക്ഷണങ്ങൾ.

ഡയറ്റ് മാത്രം വ്യത്യാസപ്പെടുത്തിയാൽ പോരാ 

ഇൻസുലിൻ പ്രതിരോധം പരിഹരിക്കാൻ ഭക്ഷണത്തിൽ മാത്രം മാറ്റം വരുത്തിയതുകൊണ്ട് കാര്യമില്ല.

ഈ അവസ്ഥയെ പൂർണ്ണമായും മാറ്റിയെടുക്കാൻ (Reversal) താഴെ പറയുന്ന കാര്യങ്ങളിൽ കൂടി ശ്രദ്ധ നൽകേണ്ടതുണ്ട്:

  • ഭക്ഷണത്തിന്റെ സമയക്രമം കൃത്യമാകണം 
  • രാത്രിയിലെ ഗാഢമായ  ഉറക്കം നമ്മുടെ ശരീരത്തിലെ ഹോർമോണുകളെ സന്തുലിതമാക്കാൻ സഹായിക്കുന്നു
  • സമ്മർദ്ദ നിയന്ത്രണം, കോർട്ടിസോൾ ഹോർമോൺ കുറയ്ക്കാനും ഇൻസുലിൻ പ്രവർത്തനം മെച്ചപ്പെടുത്താനും സഹായിക്കും
  • പേശീബലവും വ്യായാമവും വേണം
  • മാനസികാരോഗ്യം മെച്ചപ്പെടുമ്പോൾ ശരീരത്തിലെ ഹോർമോണുകളും കൃത്യമായി പ്രവർത്തിക്കാൻ തുടങ്ങും

ഇൻസുലിൻ സെൻസിറ്റിവിറ്റി മെച്ചപ്പെടുത്താം കരുതലോടെ

കഠിനമായ നിയന്ത്രണങ്ങ8ക്കും പ്രയാസമേറിയ മാർഗ്ഗങ്ങൾക്കും പകരം, ശരീരത്തിനിണങ്ങുന്ന ലളിതമായ ശീലങ്ങൾ സ്ഥിരമായി പിന്തുടരുകയാണ് ഉത്തമം.

ഇൻസുലിൻ പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ചില മാർഗ്ഗങ്ങൾ:

  • കൃത്യമായ ഇടവേളകളിൽ ഭക്ഷണം കഴിക്കുന്നത് ഇൻസുലിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കും
  • പേശികൾക്ക് ബലം നൽകുന്നത്, രക്തത്തിലെ പഞ്ചസാരയെ നന്നായി ഉപയോഗിക്കാൻ കോശങ്ങളെ സഹായിക്കും
  • ആഹാരത്തിൽ ആവശ്യത്തിന് പ്രോട്ടീൻ ഉൾപ്പെടുത്താം 
  • സംസ്കരിച്ച ഭക്ഷണങ്ങൾ ഒഴിവാക്കാം
  • ഉറക്കവും വിശ്രമവും കുറയ്ക്കരുത്
  • ശ്വസന വ്യായാമങ്ങൾ, ധ്യാനം, പ്രാർത്ഥന എന്നിവയിലൂടെ മാനസിക സമ്മർദ്ദം കുറയ്ക്കുന്നത് ഹോർമോൺ സന്തുലിതാവസ്ഥ നിലനിർത്താൻ സഹായിക്കും

എപ്പോഴാണ് ഡോക്ടറുടെ സഹായം തേടേണ്ടത്?

ഇൻസുലിൻ പ്രതിരോധം പലപ്പോഴും നിശബ്ദമായിട്ടായിരിക്കും ശരീരത്തെ ബാധിക്കുന്നത്. അതിനാൽ താഴെ പറയുന്ന സാഹചര്യങ്ങളിൽ ഒരു വിദഗ്ദ്ധ ഡോക്ടറുടെ ഉപദേശം തേടുന്നത് ഉചിതമായിരിക്കും:

  • കുടുംബത്തിൽ പ്രമേഹം വന്ന ചരിത്രം ഉണ്ടെങ്കിൽ
  • പി സി ഒ എസ് ലക്ഷണങ്ങൾ കണ്ടാൽ
  • അകാരണമായി വണ്ണം കൂടിയാൽ
  • പഞ്ചസാരയുടെ അളവ് നോർമൽ ആയിട്ടും ക്ഷീണം അനുഭവപ്പെട്ടാൽ

രോഗാവസ്ഥയിലേക്ക് എത്തുന്നതിന് മുൻപ് തന്നെ, ഈ സൂചനകൾ തിരിച്ചറിഞ്ഞ് മാറ്റങ്ങൾ വരുത്തുന്നത് പൂർണ്ണ ആരോഗ്യം തിരികെ നേടാൻ സഹായകമാകും. നേരത്തെ തിരിച്ചറിയുക, കൃത്യമായി പ്രതിരോധിക്കുക – അതാണ് ഏറ്റവും പ്രധാനം.

കരുണയോടെ വരുത്താം മാറ്റങ്ങൾ

ഇൻസുലിൻ പ്രതിരോധം വ്യക്തിപരമായ പരാജയമല്ല. ദീർഘകാലമായി നിലനിൽക്കുന്ന അസന്തുലിതാവസ്ഥയോടുള്ള ശരീരത്തിൻ്റെ പ്രതികരണമാണതെന്ന് നെല്ലിക്ക.ലൈഫ് വിശ്വസിക്കുന്നു. ശരിയായ പോഷകാഹാരം, ആവശ്യത്തിന് വിശ്രമം, കൃത്യമായ വ്യായാമം, മാനസികക്ഷേമം  എന്നിവയിലൂടെ ശരീരത്തിന്റെ ഉപാപചയ പ്രവർത്തനങ്ങളെ നമുക്ക് വീണ്ടെടുക്കാൻ സാധിക്കും.

ഓർക്കുക:

ഇൻസുലിൻ പ്രതിരോധം മാറ്റാൻ കഴിയാത്ത കാര്യമല്ല. മാറ്റത്തിനായുള്ള ശരീരത്തിന്റെ ശ്രദ്ധ ക്ഷണിക്കലാണത്.

പ്രമേഹം, പി സി ഒ എസ്, അമിതവണ്ണം എന്നിവയുടെയെല്ലാം അടിസ്ഥാനകാരണം പലപ്പോഴും ഒന്നുതന്നെ ആയിരിക്കും.

രോഗം സ്ഥിരീകരിക്കുന്നതിന് എത്രയോ മുൻപേ ഇൻസുലിൻ പ്രതിരോധം ശരീരത്തിൽ നിശബ്ദമായി ആരംഭിച്ചിട്ടുണ്ടാകാം.

ആരോഗ്യം ശ്രദ്ധിക്കാം ക്ഷമയോടെയും കരുതലോടെയും ശരീരത്തെ പരിഗണിച്ചുകൊണ്ട് നമുക്ക് ആ സ്വാസ്ഥ്യത്തിലേക്കുള്ള മടക്കയാത്ര തുടങ്ങാം.

Related News

വളർത്തുനായ നക്കിയാൽ സെപ്സിസ് വരുമോ?

വളർത്തുനായ നക്കിയാൽ സെപ്സിസ് വരുമോ?

നായ്ക്കുട്ടിയെ വളർത്തുന്നവർ ഡോഗ് മാസ്റ്ററിൽ നിന്ന്, ഡോഗ് ഓണറിൽ നിന്ന് പെറ്റ് പാരൻ്റിലേക്ക് വളർന്നെത്തിയ കാലമാണിത്. ഒരുകാലത്ത്  വീടിനുപുറത്തുമാത്രം കഴിഞ്ഞിരുന്ന നായ്ക്കുട്ടികൾ ഇന്ന് നമ്മുടെ സന്തതസഹചാരികളായി മാറിക്കഴിഞ്ഞു. ...

ഫെബ്രുവരി 25, 2026 11:21 pm
മുപ്പതിന് ശേഷം അമ്മയാകാനൊരുങ്ങുമ്പോൾ

മുപ്പതിന് ശേഷം അമ്മയാകാനൊരുങ്ങുമ്പോൾ

ഇന്നത്തെ കാലത്ത് കരിയറിലെ വളർച്ചയ്ക്കും സാമ്പത്തിക സുരക്ഷിതത്വത്തിനും യോജിച്ച പങ്കാളിയെ കണ്ടെത്താനുമൊക്കെയായി പല സ്ത്രീകളും മുപ്പതുകൾക്ക് ശേഷം മാത്രം ഗർഭധാരണത്തിന് തയ്യാറെടുക്കാറുണ്ട്. ഇത് തികച്ചും സ്വാഭാവികവുമാണ്. എങ്കിലും,...

ഫെബ്രുവരി 25, 2026 11:19 pm
വാർദ്ധക്യകാലം ആരോഗ്യപൂർണ്ണമാക്കാം

വാർദ്ധക്യകാലം ആരോഗ്യപൂർണ്ണമാക്കാം

ജെറിയാട്രീഷ്യനെ കാണേണ്ടതിൻ്റെ പ്രാധാന്യം അറിഞ്ഞിരിക്കാം പ്രായമായ വ്യക്തികളുള്ള വീടുകളിൽ, പലേടങ്ങളിലും അവർക്കു വേണ്ട പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടാകും. കിടപ്പുമുറിയിൽ ആവശ്യത്തിന് വായുസഞ്ചാരവും രാത്രി ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ മതിയായ വെളിച്ചവും...

ഫെബ്രുവരി 25, 2026 11:13 pm
വേനൽ വല്ലാതെ തളർത്തുന്നുണ്ടോ?

വേനൽ വല്ലാതെ തളർത്തുന്നുണ്ടോ?

എന്തുകൊണ്ടാണ് വേനൽക്കാലത്ത് നമുക്ക് കൂടുതൽ ക്ഷീണം അനുഭവപ്പെടുന്നത്? വേനൽക്കാലം എന്ന് കേൾക്കുമ്പോൾ തന്നെ മധുരമൂറുന്ന മാമ്പഴസീസണും അവധിക്കാലവും യാത്രകളുമൊക്കെയാണ് നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുക. തൊട്ടടുന്ന നിമിഷം തന്നെ...

ഫെബ്രുവരി 25, 2026 10:11 pm
Top
Subscribe