ജനാധിപത്യത്തിലേക്ക് വിരൽ ചൂണ്ടുന്ന വയലറ്റ് വർണ്ണം

വോട്ട് ചെയ്യുമ്പോൾ വിരലിൽ പുരട്ടുന്ന മഷിയെക്കുറിച്ചറിയാമോ?
ജനാധിപത്യ പ്രക്രിയയിൽ പങ്കാളിയാകുമ്പോൾ വിരൽത്തുമ്പിൽ തൊടുന്ന വോട്ടടയാളം നാളുകളോളം മായാതെ നിൽക്കുന്നു. ഓരോ തെരഞ്ഞെടുപ്പ് കാലത്തും ലക്ഷക്കണക്കിനാളുകൾ തങ്ങളുടെ ഇടതു കൈവിരലിൽ പുരണ്ട കുഞ്ഞടയാളം അഭിമാനത്തോടെ ഉയർത്തിക്കാട്ടാറുണ്ട്.
ഈ മഷി എങ്ങനെയാണ് നിർമ്മിക്കുന്നത്? ദിവസങ്ങളോളം ഇത് മായാതെ നിൽക്കുന്നത് എന്തുകൊണ്ടാണ്? ചർമ്മത്തിന് ദോഷം ചെയ്യുന്ന എന്തെങ്കിലും വസ്തുക്കൾ ഇതിൽ അടങ്ങിയിട്ടുണ്ടോ? പൊതുവെ എല്ലാവർക്കും അറിയാൻ താൽപ്പര്യമുള്ള കാര്യങ്ങളാണിത്.
ജനാധിപത്യം പുലരാൻ, ജനങ്ങൾക്കിടയിൽ നിന്ന് അധികാരക്കസേരകളിലേക്ക് പ്രതിനിധികളെ അയയ്ക്കുമ്പോൾ പുരളുന്ന ഈ കടുംവർണ്ണത്തിന് പിന്നിലെ വസ്തുതകളെന്തെന്ന് നമുക്കുനോക്കാം.
അടയാളത്തിന് പിന്നിലെ ശാസ്ത്രം
തുടച്ചുമാറ്റാൻ കഴിയാത്ത ഈ മഷി, “ഇൻഡെലിബിൾ ഇങ്ക് ” എന്നാണറിയപ്പെടുന്നത്. ഇതിലെ പ്രധാന ഘടകം സിൽവർ നൈട്രേറ്റ് ആണ്. ചർമ്മത്തിലെ പ്രോട്ടീനുകളുമായി ചേർന്ന് പ്രകാശവുമായി പ്രതിപ്രവർത്തിക്കാനുമുള്ള കഴിവ് ഈ സംയുക്തത്തിനുണ്ട്.
സിൽവർ നൈട്രേറ്റ് ചർമ്മത്തിൽ സ്പർശിക്കുമ്പോൾ, അത് സ്വാഭാവിക ലവണങ്ങളുമായും (സോഡിയം ക്ലോറൈഡ് പോലുള്ളവ) കെരാറ്റിനുമായും പ്രതിപ്രവർത്തിക്കുന്നു. പ്രകാശത്തിൻ്റെ സാന്നിധ്യത്തിൽ, അത് ചർമ്മത്തിൻ്റെ പുറം പാളിയിൽ പതിഞ്ഞിരിക്കുന്ന ചെറിയ കണികകളായി മാറുന്നു.
- സോപ്പും സാനിറ്റൈസറുമൊന്നും ഈ അടയാളത്തെ മായ്ച്ചുകളയില്ല. ചർമ്മത്തിൽ, ഇത് രണ്ടാഴ്ച വരെ നിലനിൽക്കും.
- നഖത്തിലോ വിരലും നഖവും ചേരുന്ന ഭാഗത്തോ (ക്യൂട്ടിക്കിളിൽ) ഇത് പുരണ്ടാൽ, മാസങ്ങളോളം നിറം മായാതെ നിൽക്കാൻ സാധ്യതയുണ്ട്. നഖം പൂർണ്ണമായി വളർന്ന് വരുമ്പോൾ മാത്രമേ ഇത് അപ്രത്യക്ഷമാകുകയുള്ളൂ.
സിൽവർ നൈട്രേറ്റ് ഉപയോഗിക്കാനുള്ള കാരണം
ഈ രാസവസ്തുവിന് വെള്ളത്തെ പ്രതിരോധിക്കാനാകും. വേഗത്തിൽ പ്രവർത്തിച്ച് നിറം പടർത്തും. മാത്രമല്ല, ചെലവു കുറവുമാണ്. കള്ളവോട്ടുകൾ തടയുക എന്ന ലക്ഷ്യത്തോടെ, കഴുകിയാലും മാഞ്ഞുപോകാത്ത നിറം വരുത്താനായാണ് സിൽവർ നൈട്രേറ്റ് എന്ന രാസവസ്തു വോട്ടുമഷി നിർമ്മിക്കുന്ന രഹസ്യമിശ്രിതത്തിൽ ചേർക്കുന്നത്.
തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ഇത് നമ്മുടെ വിരലിൽ പുരട്ടിയ ഉടൻ തന്നെ രാസപ്രവർത്തനം ആരംഭിക്കുന്നു. സെക്കൻ്റുകൾക്കുള്ളിൽ മഷിയുണങ്ങിപ്പടിക്കുന്നു. പ്രത്യേക ഉപകരണങ്ങളുടെയൊന്നും സഹായമില്ലാതെ തന്നെ അതീവ ലളിതമായി ഇത് പുരട്ടാനും സാധിക്കുന്നു.
ചർമ്മത്തിൻ്റെ പുറംപാളിയിലേക്ക് അതിവേഗം ആഗിരണം ചെയ്യപ്പെടുന്നു എന്ന് ഉറപ്പാക്കാൻ
ഈ ലായനിയിൽ 10–18% സിൽവർ നൈട്രേറ്റ് ചേർക്കുന്നു. ആൽക്കഹോളോ വെള്ളമോ ചേർത്തുണ്ടാക്കുന്ന ദ്രാവകത്തിലാണ് സിൽവർ നൈട്രേറ്റ് കലർത്തുന്നത്.
ആരോഗ്യപ്രശ്നങ്ങൾക്ക് സാദ്ധ്യതയുണ്ടോ?
ഭൂരിഭാഗം പേർക്കും ഒരു ബുദ്ധിമുട്ടും അനുഭവപ്പെടാറില്ല എങ്കിലും ചെറിയൊരു വിഭാഗം ആളുകൾക്ക് ഈ മഷി ചില പ്രയാസങ്ങൾ ഉണ്ടാക്കാം.
സാദ്ധ്യതകൾ:
- ചെറിയ അസ്വസ്ഥതകൾ, ചുവപ്പ് നിറം: പ്രത്യേകിച്ച് സെൻസിറ്റീവായതോ മുറിവുപറ്റിയതോ ആയ ചർമ്മത്തിൽ പുരട്ടുമ്പോൾ.
- കോൺടാക്റ്റ് ഡെർമറ്റൈറ്റിസ്: കൂടുതൽ വീര്യമുള്ളതോ പഴകിയതോ ആയ മഷി പുരട്ടിയതിനെ തുടർന്ന് ചർമ്മത്തിൽ തിണർപ്പുകളും കുമിളകളും ഉണ്ടായ ചില കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
- അലർജി: വളരെ വിരളമാണെങ്കിൽക്കൂടി, സിൽവർ സംയുക്തങ്ങളോ മഷിയിൽ ഉപയോഗിക്കുന്ന പ്രിസർവേറ്റീവുകളോ ചിലപ്പോൾ അലർജിക്ക് കാരണമാകാം.
- പൊള്ളൽ: വീര്യമേറിയ മഷി ആവർത്തിച്ച് പുരട്ടുകയോ, കൂടുതൽ നേരം വായുവുമായി സമ്പർക്കം വരികയോ ചെയ്യുമ്പോഴാണ് ഇത് സംഭവിക്കുന്നത്.
അത്യപൂർവ്വമായി മാത്രമേ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാറുള്ളൂ. ഒരു തവണ മാത്രം, തൊലിപ്പുറമെ ചെറിയൊരു ഭാഗത്തു പുരട്ടുന്ന ഈ മഷി, പൊതുജനങ്ങൾക്ക് സുരക്ഷിതമാണ് എന്നാണ് കണക്കാക്കപ്പെടുന്നത്.
എങ്ങനെ സുരക്ഷിതമാകാം?
ലളിതമായ ചില മുൻകരുതലുകൾ എടുക്കുന്നത് പ്രശ്നങ്ങൾ ഒഴിവാക്കാൻ സഹായിക്കും:
മഷി പുരട്ടുന്നതിന് മുമ്പ്:
- ചർമ്മം വൃത്തിയുള്ളതും മുറിവില്ലാത്തതുമാണെന്ന് ഉറപ്പാക്കുക.
- എക്സിമ, മുറിവുകൾ, ചർമ്മ അലർജികൾ എന്നിവയുണ്ടെങ്കിൽ മഷി പുരട്ടുന്നത് ഒഴിവാക്കുക.
വോട്ട് ചെയ്ത ശേഷം:
- ബ്ലീച്ച്, ആൽക്കഹോൾ, കടുപ്പമേറിയ രാസവസ്തുക്കൾ എന്നിവ ഉപയോഗിച്ച് മഷി തുടച്ചുമാറ്റാൻ ശ്രമിക്കരുത്. ഇത്തരം വസ്തുക്കൾ ഉപയോഗിച്ചാൽ, മഷി പുരളുമ്പോൾ ചർമ്മത്തിന് അപൂർവ്വമായി സംഭവിക്കാനിടയുള്ള പ്രശ്നത്തേക്കാൾ കൂടുതൽ ദോഷം ചെയ്യും.
- സൗമ്യമായി കഴുകുന്നത്, സ്വാഭാവികമായി പാടുമങ്ങാൻ സഹായിക്കും.
- ചർമ്മത്തിൽ നീറ്റലോ ചുവപ്പ് നിറമോ നീർവീക്കമോ ഉണ്ടായാൽ, വീര്യം കുറഞ്ഞ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകിയ ശേഷം കറ്റാർവാഴ അടങ്ങിയ ക്രീം പുരട്ടുക.
അസ്വസ്ഥത തുടരുകയാണെങ്കിൽ, ഡോക്ടറെ കാണണം.
ശാസ്ത്രവും പൗരധർമ്മവും ഒന്നിക്കുമ്പോൾ
ഒരു രാസസംയുക്തം ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയയുടെ ഭാഗമായി മാറിയെന്നത് അത്ഭുതം സൃഷ്ടിക്കുന്ന കാര്യമാണ്.
ഓരോ തെരഞ്ഞെടുപ്പ് കാലത്തും ഈ സിൽവർ നൈട്രേറ്റ് മിശ്രിതം, ലക്ഷക്കണക്കിന് വോട്ടുകളുടെ വിശ്വാസ്യത കാക്കുന്നു. ഓരോ പൗരൻ്റെയും സമ്മതിദാനാവകാശം അമൂല്യമാണെന്ന് ഉറപ്പാക്കുന്നു.
പൊതുജനാരോഗ്യം സംബന്ധിച്ച കാഴ്ചപ്പാടിൽ, ഈ സംവിധാനം തികച്ചും സുരക്ഷിതവും കാര്യക്ഷമവുമാണ്. ശാസ്ത്രം, സമൂഹത്തിന് എത്രത്തോളം സഹായകമാകുന്നു എന്നതിൻ്റെ ഉദാഹരണമാണിത്.
രസതന്ത്രത്തിൻ്റെയും പൗരബോധത്തിൻ്റെയും വിശ്വാസത്തിൻ്റെയും ഒരു മിശ്രിതമാണ് ഇടതുകയ്യിലെ വിരലിൽ പതിയുന്ന കുഞ്ഞടയാളം.
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ ഉൽസവം എന്നറിയപ്പെടുന്ന ഇന്ത്യയിലെ തെരഞ്ഞെടുപ്പിൽ, ജനവിധിക്കു ശേഷം പ്രതിനിധികൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമ്പോഴും, സമ്മതിദായകരുടെ വിരലുകളിൽ ആ കുഞ്ഞടയാളം തെളിഞ്ഞുകാണാം.
ശാസ്ത്രീയ കണ്ടെത്തലുകൾക്ക്, ബൃഹത്തായ ജനാധിപത്യ സംവിധാനങ്ങളെ എങ്ങനെ ശക്തിപ്പെടുത്താൻ കഴിയുമെന്നതിൻ്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ് വിരലിലെ ഈ മായാമഷി.
References
- Mishra SK et al. Indelible voters’ ink causing partial thickness burn. Indian Journal of Burns.
- Begum F. Irritant contact dermatitis to electoral ink: A series of 12 patients. Indian Dermatology Online Journal.
- Nandwani S. Indelible Election Ink: Not So Safe. Journal of Forensic Medicine.
- Election Commission of India, Technical Standards for Indelible Ink




