ലോക റേഡിയോഗ്രാഫി ദിനം 2025: അദൃശ്യമായതിനെ വെളിച്ചത്തെത്തിക്കുന്ന അത്ഭുതം

ലോക റേഡിയോഗ്രാഫി ദിനം 2025: അദൃശ്യമായതിനെ വെളിച്ചത്തെത്തിക്കുന്ന അത്ഭുതം

നമ്മുടെ നഗ്നനേത്രങ്ങൾക്ക് അദൃശ്യമായ വസ്തുതകളെ ആശ്രയിച്ചാണ് ലോകമെമ്പാടും ദിവസവും ലക്ഷക്കണക്കിന് രോഗനിർണയങ്ങൾ നടക്കുന്നത് . നമ്മുടെ ചർമ്മത്തിനടിയിൽ ഒളിഞ്ഞിരിക്കുന്നത് എന്താണെന്ന് എക്സ്റേ പോലുള്ള സാങ്കേതികവിദ്യകൾ വെളിപ്പെടുത്തിത്തരുന്നു. അസ്ഥികളിലെ പൊട്ടലുകൾ കണ്ടെത്തുന്നത് മുതൽ അർബുദവും ഹൃദ്രോഗവും പോലുള്ള ഗുരുതരമായ അസുഖങ്ങൾ നിർണ്ണയിക്കുന്നത് വരെ, ആധുനിക വൈദ്യശാസ്ത്രത്തിന്റെ ഒഴിവാക്കാനാവാത്ത നെടുംതൂണുകളിൽ ഒന്നായി റേഡിയോളജി മാറിയിരിക്കുന്നു.

എല്ലാ വർഷവും നവംബർ 8ന്, ലോകമെമ്പാടുമുള്ള റേഡിയോളജിസ്റ്റുകൾ, റേഡിയോഗ്രാഫർമാർ, മറ്റ് ഇമേജിംഗ് സാങ്കേതിക വിദഗ്ദ്ധർ എന്നിവരുടെ ജീവൻരക്ഷാ സംഭാവനകളെ ആദരിക്കുന്നതിനായി ലോകം അന്താരാഷ്ട്ര റേഡിയോഗ്രാഫി ദിനം ആചരിക്കുന്നു.

ഈ തിയതി തെരഞ്ഞെടുക്കാൻ ഒരു കാരണമുണ്ട്. 1895ൽ ജർമ്മൻ ശാസ്ത്രജ്ഞനായ വിൽഹെം കോൺറാഡ് റോണ്ട്ജെൻ (Wilhelm Conrad Roentgen) എക്സ്റേ കണ്ടുപിടിച്ചതിൻ്റെ ഓർമ്മയ്ക്കായാണിത്. വൈദ്യശാസ്ത്രത്തെ മാറ്റിമറിച്ച മഹത്തായ ഒരു നിമിഷമായിരുന്നു അത്.

വൈദ്യശാസ്ത്രത്തെ മാറ്റിമറിച്ച മഹാൽഭുതം

1895ൽ, റോണ്ട്ജെൻ എന്ന ഭൗതികശാസ്ത്രജ്ഞൻ, അവിചാരിതമായി നിഗൂഢമായ ഒരദൃശ്യ കിരണം (ray) കണ്ടെത്തി. കട്ടിയുള്ള വസ്തുക്കളിലൂടെ കടന്നുപോകാനും ഫോട്ടോഗ്രാഫിക് പ്ലേറ്റുകളിൽ അസ്ഥികളുടെ ചിത്രങ്ങൾ പതിപ്പിക്കാനും അതിന് കഴിഞ്ഞിരുന്നു.

അദ്ദേഹം തൻ്റെ ഭാര്യയുടെ കൈപ്പത്തിയുടെ ഒരു ചിത്രമെടുത്തപ്പോൾ, അവരുടെ അസ്ഥികളും വിവാഹ മോതിരവും അതിൽ വ്യക്തമായി പതിഞ്ഞു. അങ്ങനെ അദ്ദേഹം ലോകത്തിന് എക്സ് റേയെ പരിചയപ്പെടുത്തി. “ഒരു പുതിയ തരം കിരണം” എന്നാണ് അദ്ദേഹം അതിനെ വിഷേശിപ്പിച്ചത്. 

ആ ഒരൊറ്റ പരീക്ഷണം ‘റേഡിയോളജി‘ എന്ന വലിയ ശാസ്ത്രശാഖയ്ക്ക് ജന്മം നൽകി. ശസ്ത്രക്രിയയുടെ സഹായമില്ലാതെ തന്നെ ശരീരത്തിനുള്ളിലെ രോഗങ്ങൾ നിർണ്ണയിക്കാനുള്ള വാതായനങ്ങൾ അത് തുറന്നുതന്നു. ഈ വിപ്ലവകരമായ കണ്ടുപിടുത്തത്തിന്, 1901ൽ ഭൗതികശാസ്ത്രത്തിനുള്ള പ്രഥമ നോബൽ സമ്മാനം റോണ്ട്ജന് ലഭിച്ചു.

റേഡിയോളജി ഇന്ന്: ആധുനിക വൈദ്യശാസ്ത്രത്തിൻ്റെ നേത്രങ്ങൾ

2025ലേക്ക് എത്തുമ്പോൾ, റേഡിയോളജി എന്നത് സാങ്കേതികവിദ്യയുടെയും കൃത്യതയുടെയും ഒരു വലിയ ലോകമായി മാറിക്കഴിഞ്ഞിരിക്കുന്നു.

എക്സ്റേയിൽ നിന്ന് തുടങ്ങി സിടി സ്കാനുകൾ, എംആർഐ, അൾട്രാസൗണ്ട്, പെറ്റ് സ്കാനുകൾ, മാമോഗ്രാഫി എന്നിവ വരെയെത്തിയിരിക്കുന്നു അതിൻ്റെ വികാസം. റേഡിയോളജി കൈവരിച്ച ഈ പുരോഗതി, ഡോക്ടർമാരെ പല രീതിയിലും സഹായിക്കുന്നു:

  • ട്യൂമറുകളും ആന്തരിക രക്തസ്രാവവും വളരെ നേരത്തെ കണ്ടെത്താൻ.
  • ചെറിയ മുറിവുകളിലൂടെയുള്ള ശസ്ത്രക്രിയകൾക്ക് (minimally invasive) വഴികാട്ടാൻ.
  • അർബുദ ചികിത്സകൾ കൃത്യമായി ആസൂത്രണം ചെയ്യാനും നിരീക്ഷിക്കാനും.
  • ഹൃദയം, ശ്വാസകോശം, തലച്ചോറ് എന്നിവയെ ബാധിക്കുന്ന രോഗങ്ങൾ മനസ്സിലാക്കാൻ.
  • അടിയന്തര ചികിത്സാഘട്ടങ്ങളിലും അപകടങ്ങൾ സംഭവിക്കുമ്പോഴും വേഗത്തിൽ രോഗനിർണയം നടത്താൻ.

റേഡിയോളജി രോഗനിർണയം നടത്തുക മാത്രമല്ല ചെയ്യുന്നത് –  രോഗങ്ങൾ തടയാനും നിരീക്ഷിക്കാനും ജീവൻ രക്ഷിക്കാനും അത് സഹായകമാകുന്നു.

2025ലെ പ്രമേയം: “രോഗീപരിചരണത്തിലെ കൃത്യത ആഘോഷിക്കാം”

എല്ലാ വർഷവും യൂറോപ്യൻ സൊസൈറ്റി ഓഫ് റേഡിയോളജിയും (ESR) മറ്റ് അന്താരാഷ്ട്ര പങ്കാളികളും റേഡിയോഗ്രാഫി ദിനത്തിനായി പ്രമേയം പ്രഖ്യാപിക്കാറുണ്ട്.

2025ൽ, “രോഗീപരിചരണത്തിലെ കൃത്യത” (Precision in Patient Care) എന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. രോഗികളുടെ ആരോഗ്യമികവിന് വേണ്ടി ഇമേജിംഗ് രംഗത്തെ വിദഗ്ദ്ധരും നൂതന സാങ്കേതികവിദ്യകളും എങ്ങനെയാണ് സൂക്ഷ്മതയും സഹാനുഭൂതിയും സംയോജിപ്പിക്കുന്നത് എന്ന് ഈ പ്രമേയം ഓർമ്മപ്പെടുത്തുന്നു.

ഈ പ്രമേയം നമ്മെ മറ്റൊരു സുപ്രധാന വസ്തുതയും ഓർമ്മിപ്പിക്കുന്നു: റേഡിയോളജി പ്രവർത്തിക്കുന്നത് യന്ത്രങ്ങളും കമ്പ്യൂട്ടർ അൽഗോരിതങ്ങളും ഉപയോഗിച്ചാണെങ്കിലും അതിന് കരുത്തു പകരുന്നത്, മനുഷ്യത്വപരമായ അനുകമ്പയാണ്. ഉത്കണ്ഠയുടെ നിമിഷങ്ങളിൽ രോഗികളോട് വേണ്ട രീതിയിൽ സംസാരിക്കുകയും ചിത്രങ്ങൾ വിശകലനം ചെയ്യുകയും അവർക്ക് ആശ്വാസം പകരുകയും ചെയ്യുന്ന റേഡിയോളജിസ്റ്റുകൾ, ടെക്നീഷ്യൻമാർ, നഴ്സുമാർ എന്നിവരാണ് അതിൻ്റെ യഥാർത്ഥ ശക്തി.

സ്കാനിംഗിനപ്പുറം: റേഡിയോളജി എന്ന ശാസ്ത്രം

ആധുനിക റേഡിയോളജിയിൽ ഭൗതികശാസ്ത്രം, ശരീരശാസ്ത്രം (anatomy), നിർമ്മിത ബുദ്ധി അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) എന്നിവയെല്ലാം ഒന്നുചേർന്നിരിക്കുന്നു.

  • എക്സ്റേയും സി.ടി. സ്കാനുകളും: അയണൈസിംഗ് റേഡിയേഷൻ ഉപയോഗിച്ച് ശരീരത്തിൻ്റെ വ്യക്തമായ പരിച്ഛേദ ചിത്രങ്ങൾ നിർമ്മിക്കുന്നു.
  • എം.ആർ.ഐ. (MRI): കാന്തിക വലയങ്ങളും റേഡിയോ തരംഗങ്ങളും ഉപയോഗിച്ച് മൃദുവായ കോശങ്ങളെ (soft tissues) – അതായത് തലച്ചോറ്, സുഷുമ്നാ നാഡി, പേശികൾ എന്നിവയെ വ്യക്തമായി ദൃശ്യവൽക്കരിക്കുന്നു.
  • അൾട്രാസൗണ്ട്: ഉയർന്ന ആവൃത്തിയിലുള്ള ശബ്ദ തരംഗങ്ങൾ ഉപയോഗിച്ച് ആന്തരിക അവയവങ്ങൾ, രക്തചംക്രമണം, ഗർഭസ്ഥ ശിശുവിൻ്റെ വളർച്ച എന്നിവ സുരക്ഷിതമായി നിരീക്ഷിക്കുന്നു.
  • പെറ്റ് സ്കാൻ (PET Scan): ശരീരത്തിലെ ഉപാപചയ പ്രവർത്തനങ്ങൾ (metabolic activity) കൃത്യമായി മനസ്സിലാക്കാൻ സഹായിക്കുന്നു. അർബുദം കണ്ടെത്താനും മസ്തിഷ്ക്കത്തെക്കുറിച്ചുള്ള ഗവേഷണങ്ങൾക്കും ഇത് നിർണ്ണായകമാണ്.

ഇപ്പോൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസിൻ്റെ (AI) സഹായത്തോടെ പ്രവർത്തിക്കുന്ന റേഡിയോളജി, ആരോഗ്യരംഗത്ത് വലിയ വിപ്ലവം സൃഷ്ടിക്കുകയാണ്. സൂക്ഷ്മമായ അപാകതകൾ കണ്ടെത്താനും രോഗസാധ്യതകൾ പ്രവചിക്കാനും റിപ്പോർട്ടിംഗ് സമയം കുറയ്ക്കാനും ഇത് ഡോക്ടർമാരെ സഹായിക്കുന്നു.

പക്ഷേ, ഈ സാങ്കേതികവിദ്യകൾക്ക് പിന്നിൽ പ്രവർത്തിക്കുന്ന വിദഗ്ദ്ധരുടെ കഴിവാണ് ഏറ്റവും നിർണ്ണായകം. സങ്കീർണ്ണമായ ഈ ചിത്രങ്ങളെ കൃത്യതയോടെയും ശ്രദ്ധയോടെയും വ്യാഖ്യാനിക്കുന്ന റേഡിയോളജിസ്റ്റുകളാണ് അതിൻ്റെ കരുത്ത്.

റേഡിയോഗ്രാഫർമാർ: ഓരോ ചിത്രത്തിനും പിന്നിലെ യഥാർത്ഥ ഹീറോകൾ

റേഡിയോളജിസ്റ്റുകൾ ചിത്രങ്ങൾ വ്യാഖ്യാനിക്കുമ്പോൾ, റേഡിയോഗ്രാഫർമാർ (അല്ലെങ്കിൽ റേഡിയോളജിക് ടെക്നോളജിസ്റ്റുകൾ) ആണ് ഇമേജിംഗ് മെഷീനുകൾ പ്രവർത്തിപ്പിക്കുകയും രോഗിയുടെ സുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്ന പ്രൊഫഷണലുകൾ.

അവരുടെ ജോലിക്ക് സാങ്കേതിക വൈദഗ്ധ്യവും ഒപ്പം വൈകാരികമായ ധിഷണയും (emotional intelligence) ആവശ്യമാണ്. രോഗികളെ ആശ്വസിപ്പിക്കുക, ചിത്രമെടുക്കാൻ ആവശ്യമായ രീതിയിൽ അവരെ ശരിയായി കിടത്തുക, റേഡിയേഷൻ ഏൽക്കുന്നത് പരമാവധി കുറയ്ക്കുക എന്നിവയെല്ലാം അവരുടെ ഉത്തരവാദിത്തമാണ്.

വാസ്തവത്തിൽ, അവർ ശാസ്ത്രത്തെയും മനുഷ്യത്വത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലമായി പ്രവർത്തിക്കുന്നു. റേഡിയോളജി എന്നത് യന്ത്രങ്ങളെക്കുറിച്ചു മാത്രമല്ല, മറിച്ച് മനുഷ്യർ തമ്മിലുള്ള വിശ്വാസത്തിൻ്റെ നിമിഷങ്ങളെക്കുറിച്ചുകൂടിയാണെന്ന് അവർ നമ്മെ ഓർമ്മിപ്പിച്ചുകൊണ്ടേയിരിക്കുന്നു.

സുരക്ഷയാണ് പ്രധാനം: ഭയം വേണ്ട, മനസ്സിലാക്കാം

റേഡിയോളജിയെക്കുറിച്ച് പറയുമ്പോൾ ഏറ്റവും വലിയ തെറ്റിദ്ധാരണകളിലൊന്ന് റേഡിയേഷൻ അപകടത്തെക്കുറിച്ചുള്ള ഭയമാണ്.

സത്യത്തിൽ, ആധുനിക മെഡിക്കൽ ഇമേജിംഗ് വളരെ കർശനമായ ALARA (As Low As Reasonably Achievable) തത്വം പാലിച്ചാണ് പ്രവർത്തിക്കുന്നത്. അതായത്, രോഗനിർണയത്തിൻ്റെ കൃത്യത ഉറപ്പാക്കിക്കൊണ്ടുതന്നെ, റേഡിയേഷൻ്റെ അളവ് കഴിയാവുന്നത്ര താഴ്ന്ന നിലയിൽ നിലനിർത്തുന്നു.

ഒരു താരതമ്യം നോക്കാം:

  • ഒരു ചെസ്റ്റ് എക്സ്റേ എടുക്കുമ്പോൾ ലഭിക്കുന്ന റേഡിയേഷൻ്റെ അളവ്, പ്രകൃതിയിൽ നിന്ന് ഏകദേശം 10 ദിവസം കൊണ്ട് നാം സ്വാഭാവികമായി ഏൽക്കുന്ന റേഡിയേഷന് തുല്യമാണ്.
  • സി.ടി. സ്കാനുകളിൽ റേഡിയേഷൻ അളവ് അല്പം കൂടുതലാണ്. എന്നാൽ അപകടസാധ്യതയേക്കാൾ പതിന്മടങ്ങ് പ്രയോജനം ഉള്ളപ്പോൾ മാത്രമേ അത് വിവേകപൂർവ്വം ഉപയോഗിക്കാറുള്ളൂ.
  • എം.ആർ.ഐ, അൾട്രാസൗണ്ട് എന്നിവയിൽ അയണൈസിംഗ് റേഡിയേഷൻ ഒട്ടും തന്നെ ഉപയോഗിക്കുന്നില്ല.

ഈ വിഷയത്തെക്കുറിച്ച് ശരിയായ വിദ്യാഭ്യാസം നൽകുന്നത് ഭീതി കുറയ്ക്കാനും അറിവോടുകൂടി തീരുമാനങ്ങൾ എടുക്കാൻ ജനങ്ങളെ സഹായിക്കാനും ഉതകും.

ഇന്ത്യയിലെ റേഡിയോളജി: പരിമിതികളും പുതിയ സാധ്യതകളും

ഭാരതത്തിൽ, ഗ്രാമീണ ഡയഗ്നോസ്റ്റിക് സെൻ്ററുകൾ മുതൽ ഹൈടെക് ആശുപത്രികൾ വരെ, വിവിധ ചികിത്സാ വിഭാഗങ്ങളെ ഏകോപിപ്പിക്കുന്നതിൻ്റെ നട്ടെല്ലായി റേഡിയോളജി മാറിയിരിക്കുന്നു. എങ്കിലും ചില വെല്ലുവിളികളും നിലനിൽക്കുന്നുണ്ട്:

  • പരിശീലനം ലഭിച്ച റേഡിയോളജിസ്റ്റുകളുടെയും ടെക്നീഷ്യൻമാരുടെയും കുറവ്.
  • ഗ്രാമീണ മേഖലകളിൽ ഇമേജിംഗ് സൗകര്യങ്ങളുടെ അസന്തുലിതമായ ലഭ്യത.
  • എം.ആർ.ഐ., പെറ്റ്-സി.ടി. പോലുള്ള നൂതന സ്കാനുകൾക്ക് വേണ്ടിവരുന്ന ഉയർന്ന ചെലവ്.

ഇത് പരിഹരിക്കുന്നതിനായി, ടെലിറേഡിയോളജി (ദൂരസ്ഥലങ്ങളിൽ നിന്നുള്ള സ്കാൻ റിപ്പോർട്ടുകൾ വിദഗ്ദ്ധർ പരിശോധിച്ച് വ്യാഖ്യാനിക്കുന്ന രീതി), എ.ഐ. (AI) സഹായത്തോടെയുള്ള ഇമേജിംഗ് എന്നിവയിലൂടെ ഈ സേവനങ്ങൾ കൂടുതൽ പേരിലേക്ക് എത്തിക്കാൻ ശ്രമം നടക്കുകയാണ്. വിദൂര പ്രദേശങ്ങളിലുള്ളവർക്കുപോലും വിദഗ്ദ്ധരുടെ സേവനവും ദ്രുതഗതിയിലുള്ള രോഗനിർണയവും ലഭ്യമാക്കാൻ ഇത് സഹായിക്കുന്നു.

റേഡിയോളജി ബോധവൽക്കരണം എന്തിന്?

രോഗം നേരത്തെ കണ്ടെത്തുന്നതിലും ചികിത്സ ആസൂത്രണം ചെയ്യുന്നതിലും ആരോഗ്യം വീണ്ടെടുക്കുന്നതിലും റേഡിയോളജി എത്രമാത്രം സംഭാവന ചെയ്യുന്നുണ്ടെന്ന് പല രോഗികളും തിരിച്ചറിയുന്നില്ല.

അന്താരാഷ്ട്ര റേഡിയോഗ്രാഫി ദിനം ആചരിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്:

  • ഈ രംഗത്ത് പ്രവർത്തിക്കുന്ന എല്ലാ പ്രൊഫഷണലുകളുടെയും സംഭാവനകളെ അംഗീകരിക്കുക.
  • റേഡിയേഷൻ സുരക്ഷയെക്കുറിച്ചുള്ള അവബോധം വ്യാപിപ്പിക്കുക.
  • റേഡിയോളജി കരിയറായി തിരഞ്ഞെടുക്കാൻ യുവ മെഡിക്കൽ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുക.
  • ഇമേജിംഗ് രംഗത്തെ നവീകരണം എങ്ങനെയാണ് മെച്ചപ്പെട്ട ആരോഗ്യത്തിലേക്ക് നയിക്കുന്നതെന്ന് സുവ്യക്തമാക്കുക.

nellikka.life വീക്ഷണം: പുറംകാഴ്ച്ചയ്ക്കപ്പുറം

ശാക്തീകരണത്തിലേക്കുള്ള ആദ്യ ചുവടുവെയ്പ്പ് അവബോധമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.

അന്താരാഷ്ട്ര റേഡിയോഗ്രാഫി ദിനം എന്നത് വെറും യന്ത്രങ്ങളെയും ഫിലിമുകളെയും കുറിച്ചുള്ളതല്ല, മറിച്ച് അത് ദീർഘവീക്ഷണത്തെക്കുറിച്ചാണ് പറയുന്നത്. രോഗം മൂർച്ഛിക്കുന്നതിന് മുമ്പ് അത് തിരിച്ചറിയാനുള്ള കാഴ്ചപ്പാട്. അറിവിലൂടെ ജീവൻ രക്ഷിക്കാനുള്ള കാഴ്ചപ്പാട്.

അതിനാൽ, ലോക റേഡിയോഗ്രാഫി ദിനത്തിനപ്പുറവും ഓരോ എക്സ്റേയ്ക്കും എം.ആർ.ഐയ്ക്കും പിന്നിലെ ആ നിശബ്ദമായ കഴിവിനെ തിരിച്ചറിയാം. കാണാനും മനസ്സിലാക്കാനും സുഖപ്പെടുത്താനും നമ്മെ സഹായിക്കുന്ന ആ ശാസ്ത്രത്തെ ആഴത്തിലറിയാം.

“റേഡിയോളജി എന്നാൽ ശാസ്ത്രം കാഴ്ചയുമായി ചേരുന്നിടമാണ്, ആ കാഴ്ച ജീവിതവുമായി ചേരുന്നിടവും.”

References

  1. European Society of Radiology. International Day of Radiology 2025.
  2. WHO. Radiation in Medicine – Medical Use and Patient Safety.
  3. Radiological Society of North America (RSNA). History and Future of Radiology.
  4. Indian Radiological & Imaging Association (IRIA). Advancing Radiology in India.
  5. IAEA (International Atomic Energy Agency). Radiation Protection and Safety Standards.

Related News

ലോക ഭിന്നശേഷി ദിനം 2025: ചേർത്തുനിർത്തുക എന്ന മാനവികത പ്രാവർത്തികമാക്കാം 

ലോക ഭിന്നശേഷി ദിനം 2025: ചേർത്തുനിർത്തുക എന്ന മാനവികത പ്രാവർത്തികമാക്കാം 

ലോക ഭിന്നശേഷി ദിനം 2025 തിയതി: 2025 ഡിസംബർ 3 പ്രമേയം:  “സാമൂഹിക പുരോഗതി കൈവരിക്കാൻ  ഭിന്നശേഷിസമൂഹങ്ങളെ പരിപോഷിപ്പിക്കുക.” സമത്വത്തിന് വേണ്ടി ശബ്ദമുയർത്താൻ ഒരു ദിനം എല്ലാ...

ഡിസംബർ 5, 2025 10:46 pm
ഹൃദയധമനിയിലെ തടസ്സം: അസ്കെമിക് ഹൃദ്രോഗത്തെക്കുറിച്ച്  അറിഞ്ഞിരിക്കാം

ഹൃദയധമനിയിലെ തടസ്സം: അസ്കെമിക് ഹൃദ്രോഗത്തെക്കുറിച്ച്  അറിഞ്ഞിരിക്കാം

പ്രാധാന്യമർഹിക്കാൻ കാരണം? നമ്മുടെ രാജ്യത്ത് എല്ലാ പ്രായക്കാരെയും ബാധിക്കുന്ന അസുഖമായി ഹൃദ്രോഗം മാറിയിട്ട് കുറച്ചു കാലമായി.  30 വയസ്സ് മാത്രം പ്രായമുള്ള യുവതീയുവാക്കളെപ്പോലും ബാധിക്കുന്ന ഗുരുതര വ്യാധിയായി...

ഡിസംബർ 5, 2025 10:45 pm
പെരികാർഡൈറ്റിസ്: ഹൃദയത്തിൻ്റെ സംരക്ഷണ പാളി തകരാറിലാകുമ്പോൾ 

പെരികാർഡൈറ്റിസ്: ഹൃദയത്തിൻ്റെ സംരക്ഷണ പാളി തകരാറിലാകുമ്പോൾ 

ഹൃദയത്തെ പൊതിഞ്ഞു സൂക്ഷിക്കുന്ന ആവരണത്തെക്കുറിച്ച് മനസ്സിലാക്കാം  മുഷ്ടിയോളം വലിപ്പമുള്ള, ദിവസവും ലക്ഷത്തിലേറെത്തവണ മിടിക്കുന്ന ഹൃദയം എന്ന അവയവത്തിന് നമ്മുടെ ജീവിതത്തിലുള്ള പ്രാധാന്യത്തെപ്പറ്റി നമുക്കെല്ലാവർക്കും ധാരണയുണ്ട്. കരുത്തുറ്റ പേശിയാൽ...

ഡിസംബർ 5, 2025 10:44 pm
മാതൃത്വം എന്ന പദവിയിലേക്കുയരുമ്പോൾ: അമ്മയ്ക്കും വേണം പരിപാലനം

മാതൃത്വം എന്ന പദവിയിലേക്കുയരുമ്പോൾ: അമ്മയ്ക്കും വേണം പരിപാലനം

കുഞ്ഞ് ജനിക്കുമ്പോൾ കുടുംബാംഗങ്ങളും ബന്ധുക്കളും അയൽക്കാരുമൊക്കെ പുതിയ അതിഥിയെ കാണാനെത്തും. സന്തോഷത്തിൻ്റെ നിമിഷങ്ങളാണത്. കുഞ്ഞിൻ്റെ പ്രത്യേകതകളും തൂക്കവും ഉറക്കവും എല്ലാം ചർച്ചയാകും.  കുഞ്ഞ് പിറന്നുവീണ നിമിഷം മുതൽ...

ഡിസംബർ 4, 2025 10:59 pm
X
Top
Subscribe