ഇഡ്, ഈഗോ, സൂപ്പർ ഈഗോ — ഇതിൽ ഏതാണ് നിങ്ങളെ ഭരിക്കുന്നത്? നമുക്ക് കണ്ടെത്താം!

ഒരു സങ്കൽപ്പത്തിൽ നിന്നു തന്നെ തുടങ്ങാം: നിങ്ങളും ചില സുഹൃത്തുക്കളും ഒരു അത്താഴവിരുന്നിൽ പങ്കെടുക്കുകയാണെന്ന് വിചാരിക്കുക. അതീവരുചികരമായ ചോക്ളേറ്റ് കേക്കിൻ്റെ ഒരു കഷ്ണം നിങ്ങൾ കഴിക്കുന്നു. ഒന്നുകൂടി വേണമെന്ന് നിങ്ങൾക്ക് അതിയായ ആഗ്രഹം തോന്നുന്നു. ആ നിമിഷം, നിങ്ങളുടെ ഉള്ളിൽ നിന്ന് ഒരു വാചകം കേൾക്കുന്നു. “ഇപ്പോൾത്തന്നെ ഒരുപാടായില്ലേ, നാളെ വർക്കൗട്ടിന് പോകുമ്പോൾ ട്രെയ്നർ എന്തു പറയുമെന്നറിയില്ലേ”.
അതേ സമയം, നിങ്ങളുടെ പ്രായോഗിക ബുദ്ധി പറയുന്നു: “ഒരു പീസ് കൂടി കഴിച്ചാലും കുഴപ്പമില്ല, പക്ഷേ നാളെ നടക്കാൻ പോകണ്ടേ, വയറിൽ കുറച്ച് സ്ഥലം ബാക്കി വെയ്ക്കാം. ഫുള്ളാക്കിയാൽ പണിയാകും”
നിങ്ങളുടെ ജീവിതത്തിൽ ഇതുപോലെ എപ്പോഴെങ്കിലും സംഭവിച്ചിട്ടുണ്ടോ? ആന്തരികതലത്തിൽ നടക്കുന്ന ഈ വടംവലി സാധാരണ ചിന്തകളല്ല. മനഃശാസ്ത്ര മേഖലയുടെ ചരിത്രം തിരുത്തിക്കുറിച്ച സിഗ്മണ്ട് ഫ്രോയ്ഡ് നിർവ്വചിച്ച, ഇഡ് (Id), ഈഗോ (Ego), സൂപ്പർ ഈഗോ (Superego) എന്നീ മാനസികാപഗ്രഥന തലങ്ങളാണ് നമ്മുടെ മനോവ്യാപാരം പ്രതിഫലിപ്പിക്കുന്നത്.
മനോവിശ്ലേഷണത്തിന്റെ (Psychoanalysis) പിതാവായ ഫ്രോയ്ഡ്, നമ്മുടെ വ്യക്തിത്വം പരസ്പര ബന്ധിതമായ മൂന്ന് ശക്തികളിൽ നിന്ന് എങ്ങനെ രൂപപ്പെടുന്നു എന്ന് വിശദീകരിക്കാനായാണ്, ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഈ സിദ്ധാന്തം മുന്നോട്ട് വെച്ചത്.
അദ്ദേഹത്തിന്റെ ആശയങ്ങൾ വിപ്ലവകരമായിരുന്നെങ്കിൽക്കൂടി, ആധുനിക മനഃശാസ്ത്രം ന്യൂറോസയൻസിലൂടെ (Neuroscience) അവയിൽ പരിഷ്കരണങ്ങൾ വരുത്തിയിട്ടുണ്ട്. ഇഡിനെ അതിവേഗ ചോദനകളുള്ള തലച്ചോറിലെ സർക്യൂട്ടുകളോടും ഈഗോയെ കാര്യനിർവഹണ പ്രവർത്തനങ്ങളോടും (Executive Functions), സൂപ്പർ ഈഗോയെ ധാർമ്മികമായ നാഡീവ്യൂഹങ്ങളോടും ഇത് ബന്ധിപ്പിക്കുന്നു.
കാലാതീതമായ അറിവുകളെ ശാസ്ത്രീയമായ ഉൾക്കാഴ്ചയുമായി സമന്വയിപ്പിച്ച്, അവബോധവും സമഗ്ര ക്ഷേമവും പരിപോഷിപ്പിക്കാനാണ് nellikka.life ശ്രമിക്കുന്നത്. ഇഡ്, ഈഗോ, സൂപ്പർ ഈഗോ എന്നീ മൂന്ന് ഘടകങ്ങളെയും നമുക്ക് ഈ ലേഖനത്തിലൂടെ വ്യക്തമായി മനസ്സിലാക്കാം. നിങ്ങളുടെ ജീവിതത്തിൽ അവ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് ഗവേഷണങ്ങൾ എന്തു പറയുന്നുവെന്ന് നോക്കാം, ഒപ്പം നിങ്ങളെ ഭരിക്കുന്നത് ഏതാണെന്ന് കണ്ടെത്താനുള്ള ചോദ്യാവലിയും ഒരുക്കിയിട്ടുണ്ട്.
മനസ്സിന്റെ അടിസ്ഥാന ഘടകങ്ങൾ: ലഘു വിവരണം
ഫ്രോയ്ഡിന്റെ ഈ മാതൃക പുസ്തകത്താളുകളിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ല — നമ്മൾ എന്തിനാണ് ആഗ്രഹിക്കുന്നതെന്നും വിട്ടുവീഴ്ചകൾ ചെയ്യുന്നതെന്നും സ്വയം വിമർശിക്കുന്നതെന്നും മനസ്സിലാക്കാനുള്ള ഒരു മാർഗ്ഗമാണിത്. മനുഷ്യമനസ്സിൻ്റെ അഗാധതലങ്ങളിലേക്ക് ആഴ്ന്നിറങ്ങിച്ചെന്ന് നടത്തിയ പഠനങ്ങളുടെ വ്യാഖ്യാനങ്ങളാണ് ഫ്രോയ്ഡ് നൽകിയത്. മനസ്സിലുൾപ്പെടുന്ന ഓരോ ഘടകത്തിന്റെയും ഹ്രസ്വ വിവരണം താഴെ നൽകുന്നു:
ഇഡ് (The Id): ആദിമ ശക്തികേന്ദ്രം
ഇഡ് എന്നത് നിങ്ങളുടെ വ്യക്തിത്വത്തിന്റെ അസംസ്കൃതവും സഹജവാസനകൾ നിറഞ്ഞതുമായ മണ്ഡലമാണ്. വിശപ്പ്, ആഗ്രഹം, ഒരല്പം കൂടി ഉറങ്ങാനുള്ള തോന്നൽ എന്നിവയെല്ലാം ഇതിൽപ്പെടുന്നു.
നിയമങ്ങളെയോ യാഥാർത്ഥ്യങ്ങളെയോ ഗൗനിക്കാതെ, ഉടനടി സംതൃപ്തി നേടുക എന്ന തത്വത്തിലാണ് (Pleasure Principle) ഇഡ് പ്രവർത്തിക്കുന്നത്.
ആധുനിക വീക്ഷണത്തിൽ, ന്യൂറോ ശാസ്ത്രജ്ഞർ ഇഡിനെ തലച്ചോറിലെ ലിംബിക് സിസ്റ്റവുമായി, പ്രത്യേകിച്ച് അമിഗ്ഡാലയുമായും (Amygdala) ന്യൂക്ലിയസ് അക്കമ്പൻസുമായും (Nucleus Accumbens) ബന്ധിപ്പിക്കുന്നു. പ്രതിഫലം തേടുന്നതിനും വൈകാരിക ചോദനകൾക്കും ഇത് കാരണമാകുന്നു.
സൈക്കോഅനലിറ്റിക് സൈക്കോളജിയിൽ 2023ൽ നടന്ന ഒരു പഠനം സൂചിപ്പിക്കുന്നത്, ഇഡിന് സമാനമായ അമിതമായ ചോദനകൾ ആസക്തിപരമായ പെരുമാറ്റങ്ങളുമായി (Addictive Behaviors) ബന്ധപ്പെട്ടിരിക്കുന്നു എന്നാണ്. എങ്കിലും, ഇതിന്റെ സന്തുലിതമായ പ്രകടനം സർഗ്ഗാത്മകതയ്ക്കും (Creativity) ഊർജ്ജസ്വലതയ്ക്കും ഇന്ധനമാകും.
പ്രാകൃതവാസനകളും മൃഗീയതൃഷ്ണകളും മിനുക്കിയെടുക്കാത്ത വികാരങ്ങളുമെല്ലാം ഇഡിൽ ഉൾപ്പെടുന്നു. അനാദികാലം മുതലുള്ള പരിവർത്തനങ്ങൾക്കും അവസ്ഥാന്തരങ്ങൾക്കും ശേഷവും മൃഗങ്ങളുടേതിൽ നിന്നടർത്തിമാറ്റാൻ കഴിയാത്ത മനുഷ്യചോദനകളാണ് ഈ മണ്ഡലത്തിൽ. ആർത്തിയും അഭിവാഞ്ഛയും ലൈംഗികതയും അക്രമവാസനയുമെല്ലാം.
ഇഡ് ആധിപത്യം സ്ഥാപിച്ചാലോ? ദീർഘകാല സന്തോഷം ബലികൊടുത്തുകൊണ്ട് നിങ്ങൾ നൈമിഷികമായ, ആവേശകരമായ കാര്യങ്ങൾക്കു പിന്നാലെ പാഞ്ഞേക്കാം.
ഈഗോ (The Ego): യാഥാർത്ഥ്യത്തിന്റെ വഴികാട്ടി
ഇഡിനും സൂപ്പർ ഈഗോയ്ക്കുമിടയിൽ മദ്ധ്യസ്ഥത വഹിക്കുന്നത് ഈഗോയാണ്. സൂപ്പർ ഈഗോയുടെ വിധികൾ ഒഴിവാക്കിക്കൊണ്ട് ഇഡിനെ നിയന്ത്രിക്കുന്ന ചുമതലയാണ് ഈഗോയിൽ നിക്ഷിപ്തമായിരിക്കുന്നത്. പ്രധാനപ്പെട്ട ഒരു മീറ്റിംഗിന് വേണ്ടി തയ്യാറെടുക്കുകയാണെങ്കിൽ, കേക്കിന് പകരം ഹെർബൽ ടീ തെരഞ്ഞെടുക്കുന്നത് പോലെ, സാധ്യതകൾ വിലയിരുത്തി പ്രായോഗികമായ തീരുമാനങ്ങൾ കൈക്കൊള്ളുന്ന യാഥാർത്ഥ്യ തത്വത്തിലാണ് (Reality Principle) ഇത് പ്രവർത്തിക്കുന്നത്. കോഗ്നിറ്റീവ് സൈക്കോളജിയിലെ ഗവേഷണങ്ങൾ, ഈഗോയെ തലച്ചോറിലെ പ്രീഫ്രോണ്ടൽ കോർട്ടക്സിന്റെ (Prefrontal Cortex) കാര്യനിർവഹണ പ്രവർത്തനങ്ങളോട് (Executive Functions) ഉപമിക്കുന്നു: ആസൂത്രണം ചെയ്യുക, ചോദനകളെ നിയന്ത്രിക്കുക, പ്രശ്നപരിഹാരം നടത്തുക എന്നിവയാണവ. ഫ്രോണ്ടിയേഴ്സ് ഇൻ സൈക്കോളജിയിൽ 2024ൽ വന്ന ഒരു പഠനം പറയുന്നത്, ഫ്രോയ്ഡിന്റെ മാതൃകയെ എം ആർ ഐ ഡേറ്റ ഉപയോഗിച്ച് പരിഷ്കരിച്ചപ്പോൾ, ശക്തമായ ഈഗോ, സമ്മർദ്ദം അനുഭവപ്പെടുമ്പോൾ പോലും പ്രതിരോധിച്ചു നിൽക്കാനുള്ള ആർജവവും തീരുമാനമെടുക്കാനുള്ള കഴിവും നിലനിർത്തുന്നു എന്നാണ്. ഈഗോയാണ് നിങ്ങളെ നയിക്കുന്നതെങ്കിൽ, നിങ്ങൾ മാറ്റങ്ങളോട് പൊരുത്തപ്പെടുന്നവരും ജീവിതത്തിൽ ഉറച്ച നിലപാടുകളുള്ള വ്യക്തിയുമായിരിക്കും. ഇഡിൻ്റെ അപരിഷ്കൃത രീതികളെ യുക്തിപൂർവ്വം, യാഥാർത്ഥ്യബോധത്തോടെ മിനുക്കിയെടുത്ത് പ്രകടമാക്കാൻ ഈഗോയ്ക്ക് കഴിയുന്നു. ഇഡ് എന്ന മനോമണ്ഡലത്തിൽ പ്രാകൃതചോദനകൾ തലപൊക്കുമ്പോൾ, അതിൻ്റെ പ്രത്യാഘാതങ്ങളെ ഓർമ്മിപ്പിച്ച്, അതിൽ നിന്ന് പിന്തിരിപ്പിക്കാൻ ഈഗോ ശ്രമിക്കുന്നു. സാഹചര്യങ്ങൾ അനുകൂലമാണെങ്കിൽ, അഭിലാഷങ്ങൾ പൂവണിയിക്കാനും ഈഗോ കൂടെനിൽക്കും.
സൂപ്പർ ഈഗോ (The Superego): ആന്തരിക മൂല്യബോധത്തിൻ്റെ അളവുകോൽ
സൂപ്പർ ഈഗോ എന്നത് മനസ്സാക്ഷിയുടെ ശബ്ദമാണ്. സാമൂഹിക മാനദണ്ഡങ്ങൾ, പ്രതീക്ഷകൾ, ധാർമ്മികത എന്നിവയെല്ലാം ഉൾക്കൊണ്ട് ‘ശരി’യേയും ‘തെറ്റി’നേയും വേർതിരിക്കാൻ ഇത് നമ്മെ സഹായിക്കുന്നു. ഇത് രണ്ട് ഭാഗങ്ങളായി വേർതിരിച്ചിരിക്കുന്നു: ഒരു ഭാഗം നിങ്ങൾ എന്ത് ആഗ്രഹിക്കുന്നു എന്നതും മറുഭാഗം
കുറ്റബോധത്തിലേക്ക് നയിക്കുന്ന കർശന വിമർശനാത്മകതയും.
സമകാലീന പഠനങ്ങൾ ഇതിനെ തെറ്റുകൾ കണ്ടെത്താനും ധാർമ്മികമായ ന്യായവിധി നൽകാനും സഹായിക്കുന്ന ആന്റീരിയർ സിൻഗുലേറ്റ് കോർട്ടക്സുമായി (Anterior Cingulate Cortex) ബന്ധിപ്പിക്കുന്നു. എങ്കിലും, ആധുനിക ലോകത്ത് അമിതമായ ഈ സൂപ്പർ ഈഗോ, ഉത്കണ്ഠയും പൂർണ്ണതാവാദവും (Perfectionism) വർദ്ധിപ്പിക്കാൻ സാധ്യതയുണ്ട് എന്നാണ് 2023ലെ PubMed വിശകലനം മുന്നറിയിപ്പ് നൽകുന്നത്. പ്രത്യേകിച്ച് സോഷ്യൽ മീഡിയയുടെ അതിപ്രസരമുള്ള സാഹചര്യങ്ങളിൽ. സൂപ്പർ ഈഗോ ആധിപത്യം സ്ഥാപിക്കുമ്പോൾ, നിങ്ങൾ തത്വങ്ങളിൽ ഉറച്ചുനിൽക്കുന്നവരായിരിക്കും, പക്ഷേ അന്തഃപ്രചോദനത്തെ അത് വീർപ്പുമുട്ടിച്ചേക്കാം.
ഫ്രോയ്ഡിന്റെ ഈ തത്വങ്ങൾക്കെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നെങ്കിലും, ഇത് നാഡീപരവും സ്വഭാവപരവുമായ യഥാർത്ഥ വ്യവസ്ഥകളെ പ്രതിഫലിക്കുന്നതിനാൽ, ഇന്നും പ്രസക്തമായിത്തന്നെ നിലനിൽക്കുന്നു. പരിഷ്ക്കരിക്കപ്പെട്ട മനോവിശ്ലേഷണ പഠനങ്ങൾ ഇത് സ്ഥിരീകരിക്കുകയും ചെയ്യുന്നു.
ക്വിസ്: നിങ്ങളെ ഭരിക്കുന്നത് എന്തെന്നു കണ്ടെത്താം
വ്യക്തിത്വ മനഃശാസ്ത്രത്തിലെ ഫ്രോയിഡിയൻ വിലയിരുത്തലുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, ഒപ്പം കുറച്ച് ആധുനിക സ്വയംവിലയിരുത്തൽ രീതികളും ചേർത്താണ് 8 ചോദ്യങ്ങളുള്ള ഈ ക്വിസ് തയ്യാറാക്കിയിരിക്കുന്നത്. സത്യസന്ധമായി ഉത്തരം നൽകുക — നിങ്ങളുടെ ഉത്തരങ്ങൾ (A, B, അല്ലെങ്കിൽ C) എഴുതിവെച്ച് അവസാനം എണ്ണം തിട്ടപ്പെടുത്തുക. ഇവിടെ വിധിയെഴുത്തുകളില്ല; ഇത് സ്വയം മനസ്സിലാക്കാനുള്ള ശ്രമം മാത്രമാണ്.
1. രാത്രി വൈകിയും നിങ്ങൾ സോഷ്യൽ മീഡിയ നോക്കിക്കൊണ്ടിരിക്കുന്നു. നിങ്ങളെ അതിൽ നിന്ന് അകറ്റുന്നത് എന്താണ്?
A) ഒന്നുമില്ല — കണ്ണിൽ ഇരുട്ടു കയറുന്നത് വരെ ആ ഡോപമിൻ ഉണർവ് എനിക്ക് വേണം.
B) ഞാൻ ഒരു ടൈമർ വെച്ച്, സമയം കഴിയുമ്പോൾ ലോഗ് ഓഫ് ചെയ്യും; ഉറക്കം പ്രധാനമാണ്.
C) നാളെ നേരത്തെ എഴുന്നേൽക്കണമെന്ന ചിന്ത എന്നെ കുറ്റബോധത്തിലാഴ്ത്തും, അതിനാൽ ഉടൻ കിടക്കും.
2.ഒരു സുഹൃത്ത് അവസാന നിമിഷം പ്ലാനുകൾ റദ്ദാക്കുന്നു. നിങ്ങളുടെ ആദ്യ പ്രതികരണം എന്തായിരിക്കും?
A) ദേഷ്യത്തോടെ മെസ്സേജ് അയക്കും — എന്തിനാണ് അവർ എന്റെ സന്തോഷം കളഞ്ഞത്?
B) ശാന്തമായി മറ്റൊരവസരത്തിനായി സമയം നിർദ്ദേശിക്കും — ജീവിതത്തിൽ ഇത്തരം കാര്യങ്ങൾ സംഭവിക്കാം.
C) സ്വയം കുറ്റപ്പെടുത്തും: “ഞാൻ കൂടുതൽ അടുപ്പം കാണിക്കുന്നുണ്ടോ?”
3.തിരക്കുപിടിച്ച ഒരു ദിവസത്തിന് ശേഷം ജങ്ക് ഫുഡ് കഴിക്കാൻ തോന്നിയാൽ?
A) ആ പാക്കറ്റ് മുഴുവൻ അകത്താക്കും — സംതൃപ്തിയാണ് പ്രധാനം!
B) തൃപ്തി നൽകുന്ന, എന്നാൽ ആരോഗ്യകരമായ ഒരു ലഘുഭക്ഷണം തിരഞ്ഞെടുക്കും.
C) അത് പൂർണ്ണമായും ഒഴിവാക്കും — യഥാർത്ഥ അച്ചടക്കം എന്നാൽ ‘വേണ്ട’ എന്ന് പറയുന്നതാണ്.
4.ഒരു പാർട്ടിയിൽ വെച്ച് മറ്റൊരാളുടെ അശ്രദ്ധ മൂലം നിങ്ങളുടെ ദേഹത്തേക്ക് ജ്യൂസ് വീഴുന്നു . നിങ്ങൾ:
A) അലറി വിളിക്കുകയും അവിടുന്ന് ഇറങ്ങിപ്പോവുകയും ചെയ്യും — ഇത് സഹിക്കാൻ പറ്റില്ല!
B) ചിരിച്ച് തള്ളുകയും നാപ്കിൻ എടുത്ത് തുടയ്ക്കുകയും ചെയ്യും; അപ്രതീക്ഷിതമായി ഇതൊക്കെ സംഭവിക്കാം.
C) അത് നിങ്ങളുടെ തെറ്റായിരുന്നില്ലെങ്കിൽ പോലും, ആവർത്തിച്ച് ക്ഷമ ചോദിക്കും.
5.ഒരു നിമിഷത്തെ തോന്നലിൽ ഒരു റോഡ് ട്രിപ്പിന് പോകാൻ നിങ്ങൾ തീരുമാനിക്കുന്നു. ഏറ്റവുമാദ്യം നിങ്ങൾ എന്തുചെയ്യും?
A) അപ്പോൾ തന്നെ ബാഗിൽ സാധനങ്ങൾ കുത്തിനിറയ്ക്കും. ആദ്യം സ്വന്തം സൗകര്യം നോക്കാം!
B) കാലാവസ്ഥ, ബഡ്ജറ്റ് എന്നിവ പരിശോധിച്ച് താമസിക്കാനുള്ള സ്ഥലം ബുക്ക് ചെയ്യും.
C) ആ ആശയം ഉപേക്ഷിക്കും: “ഉത്തരവാദിത്തമുള്ള മുതിർന്നവർ ഇതൊന്നും ചെയ്യില്ല.”
6.ജോലിയിൽ നിങ്ങൾ ഒരു വലിയ പ്രൊജക്റ്റ് വിജയകരമായി പൂർത്തിയാക്കുന്നു. നിങ്ങൾ എങ്ങനെ ആഘോഷിക്കും?
A) ഒരുപാട് ആഢംബരത്തോടെ പാർട്ടി നടത്തും — ഞാൻ ഇത് അർഹിക്കുന്നു!
B) ശ്രദ്ധയോടെ സ്വയം ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യും, ഒരുപക്ഷേ പുറത്തുപോയി സ്വസ്ഥമായി അത്താഴം കഴിക്കും.
C) അടുത്ത തവണ ഇതിലും മികച്ചതാക്കാൻ സ്വയം നിർബന്ധിക്കും.
7.പ്രിയപ്പെട്ടവരുമായി തർക്കത്തിൽ ഏർപ്പെടുമ്പോൾ, നിങ്ങൾ കൂടുതലും ചെയ്യുന്നത്:
A) ദേഷ്യത്തിന്റെ ചൂടിൽ തോന്നുന്നതെന്തും പറയും.
B) ശാന്തമാകും, ശ്രദ്ധിച്ച് കേൾക്കും, ന്യായമായ ഒത്തുതീർപ്പ് കണ്ടെത്തും.
C) സമാധാനം നിലനിർത്താൻ മൗനം പാലിക്കും, പക്ഷേ പിന്നീട് വിഷമിച്ചിരിക്കും.
8.വാരാന്ത്യ പരിപാടികൾ നടക്കാതെ പോവുന്നു. അടുത്തതായി എന്ത് ചെയ്യും?
A)തോന്നിയതുപോലെ സിനിമകളും മറ്റും കണ്ടിരിക്കും.
B) പ്രൊഡക്റ്റീവായ ഒരു ഹോബിയിലേക്ക് മാറുകയോ ഒറ്റയ്ക്ക് പുറത്ത് പോവുകയോ ചെയ്യും.
C) നന്നായി പ്ലാൻ ചെയ്യാതിരുന്നതിന് സ്വയം കുറ്റപ്പെടുത്തും.
ഫലം എന്തെന്നറിയണ്ടേ?
- കൂടുതലും A ആണെങ്കിൽ: ഇഡ് (Id) ആധിപത്യം സ്ഥാപിക്കുന്നു.
നിങ്ങളുടെ ഉള്ളിലെ ‘ഇനിയും മെരുങ്ങാത്ത വ്യക്തി’ എടുത്തുചാട്ടത്തിലും ഇപ്പോഴത്തെ കാര്യങ്ങളിലും മാത്രം ശ്രദ്ധിക്കുന്നു. ഈ ചോദന പുതുമ (Innovation) വർദ്ധിപ്പിക്കുമെങ്കിലും, നിയന്ത്രിച്ചില്ലെങ്കിൽ മടുപ്പിലേക്ക് (Burnout) നയിക്കുമെന്ന് ഗവേഷണങ്ങൾ വ്യക്തമാക്കുന്നു. ഇത് മെരുക്കിയെടുക്കാൻ മൈൻഡ്ഫുൾനെസ് പരിശീലിക്കുക.
ഇഡിന്റെ ഊർജ്ജത്തെ നൃത്തം പോലുള്ള സന്തോഷകരമായ ചലനങ്ങളിലേക്ക് തിരിച്ചുവിടുക.
- കൂടുതലും B ആണെങ്കിൽ: ഈഗോ (Ego) മുന്നിട്ട് നിൽക്കുന്നു.
നിങ്ങൾ ജീവിതത്തിന്റെ സന്തുലിതാവസ്ഥയ്ക്ക് പ്രാധാന്യം നൽകുന്ന വ്യക്തിയാണ്. പൊരുത്തപ്പെടാനുള്ള കഴിവ് നിങ്ങൾക്ക് വേണ്ടുവോളമുണ്ട്. ഈഗോയുടെ കരുത്തേറുന്നത്, കോർട്ടിസോളിൻ്റെ കുറവുമായും (സമ്മർദ്ദ ഹോർമോൺ), ഉയർന്ന ജീവിത സംതൃപ്തിയുമായും ബന്ധപ്പെട്ടിരിക്കുന്നു എന്ന് പഠനങ്ങൾ പറയുന്നു. ഇത് സ്ഥായിയായി നിലനിർത്താൻ, ജേണലിംഗ് (Journaling) അല്ലെങ്കിൽ കോഗ്നിറ്റീവ് ബിഹേവിയറൽ ടെക്നിക്കുകൾ പോലുള്ളവ പരീക്ഷിക്കാവുന്നതാണ്.
- കൂടുതലും C ആണെങ്കിൽ: സൂപ്പർ ഈഗോ (Superego) ഭരിക്കുന്നു.
സത്യസന്ധതയാണ് നിങ്ങളുടെ സൂപ്പർ പവർ, ഇത് ആഴത്തിലുള്ള ബന്ധങ്ങൾ വളർത്തുന്നു. എന്നാൽ, അമിതമായ സ്വയം വിമർശനം ഉത്കണ്ഠയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് സമീപകാല ഗവേഷണങ്ങൾ മുന്നറിയിപ്പ് നൽകുന്നു. ഇതിന്റെ കാഠിന്യം കുറയ്ക്കാൻ സ്വയം അനുകമ്പയുള്ളവരായിരിക്കുന്നത് ഗുണകരമാണ്. ധ്യാനങ്ങൾ പരിശീലിക്കാം.
ഫലങ്ങളിൽ ഏറ്റക്കുറച്ചിലുകളുണ്ടോ? അതാണ് ഈ മാതൃകയുടെ സൗന്ദര്യം — ആരോഗ്യകരമായ മനസ്സ് ഈ മൂന്ന് ശക്തികളുടെയും സന്തുലിതമായ തലങ്ങളിൽ സ്വാസ്ഥ്യം കൈവരിക്കുന്നു. ഏതെങ്കിലും ഒന്ന് അമിതമായി ആധിപത്യം സ്ഥാപിക്കുന്നുവെങ്കിൽ, സൈക്കോഡൈനാമിക് കൗൺസിലിംഗ് (Psychodynamic Counseling) പോലുള്ള തെറാപ്പികൾ സന്തുലിതാവസ്ഥ വീണ്ടെടുക്കാൻ സഹായിച്ചേക്കാം.
സാംസ്കാരിക വേരുകളുള്ള ഇത്തരം ഉൾക്കാഴ്ചകൾ പുരാതന വിജ്ഞാനത്തെയും ആധുനിക ശാസ്ത്രത്തെയും ബന്ധിപ്പിക്കുന്നു എന്ന് nellikka.life വിശ്വസിക്കുന്നു. ക്വിസിൽ നിങ്ങളുടെ ഫലം എന്താണ്? അതിനെക്കുറിച്ച് നിങ്ങൾ പറയാനാഗ്രഹിക്കുന്ന കാര്യങ്ങൾ കമന്റുകളിലൂടെ ഞങ്ങളെ അറിയിക്കുക.




