തൊഴിലിടം ശരീരത്തിന് ഇണങ്ങുന്നതാകണം: എങ്ങനെയെന്ന് നോക്കാം

ആധുനിക ലോകത്ത് നമ്മളിൽ അധികം പേരും ഡെസ്ക്കുകൾക്ക് മുന്നിൽ മണിക്കൂറുകളോളം സമയം ചെലവഴിക്കുന്നു—ടൈപ്പ് ചെയ്തും ക്ലിക്ക് ചെയ്തും ഒരുപാട് നേരം ഒറ്റയിരുപ്പിൽ തുടര്‍ന്നും. ഇങ്ങനെ ഒരേ സ്വഭാവമുള്ള, വീണ്ടും വീണ്ടും ചെയ്യുന്ന ജോലികൾ ശരീരത്തിന് നൽകുന്ന ബുദ്ധിമുട്ട് പലപ്പോഴും നമ്മൾ അവഗണിക്കാറാണ് പതിവ്. ചെറിയ വേദനയിൽത്തുടങ്ങി, സഹിക്കാൻ കഴിയാത്ത പ്രയാസം തോന്നുമ്പോൾ മാത്രമാണ് നമ്മൾ ശ്രദ്ധിക്കുക. രാവിലെ തുടങ്ങുന്ന ഇത്തരം ജോലികൾ പൂർത്തിയാക്കി വൈകീട്ട് വീട്ടിലെത്തുമ്പോഴാണ് കഴുത്തുവേദന, പുറംവേദന, കൈവേദന ഒക്കെ തിരിച്ചറിയുന്നുണ്ടാകുക. തെറ്റായ തൊഴിൽ സാഹചര്യങ്ങളുടെ അനന്തരഫലമാണ് ഈ വേദനകളുടെ രൂപത്തിൽ പ്രത്യക്ഷപ്പെടുന്നത്. ക്രമേണ, ഇത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നമ്മളെക്കൊണ്ടെത്തിക്കുന്നു.
എന്താണ് യഥാർത്ഥത്തിൽ ‘വർക്ക്പ്ലേസ് എർഗണോമിക്സ്’? ആരോഗ്യത്തിനും ഉൽപ്പാദനക്ഷമതയ്ക്കും എർഗണോമിക്സുമായുള്ള ബന്ധം എന്താണ്? നമുക്ക് വിശദമായി പരിശോധിക്കാം.
എന്താണ് വർക്ക്പ്ലേസ് എർഗണോമിക്സ്?
ജീവനക്കാർക്ക് അനുയോജ്യമായ രീതിയിൽ തൊഴിലിടം രൂപകൽപ്പന ചെയ്യുന്ന ശാസ്ത്രമാണ് വർക്ക് പ്ളേസ് എർഗണോമിക്സ് ( Workplace Ergonomics). തൊഴിലാളി ജോലിസ്ഥലവുമായി പൊരുത്തപ്പെടുന്നതിന് പകരം, ജോലിസ്ഥലം തൊഴിലാളിക്ക് അനുയോജ്യമായ രീതിയിൽ സജ്ജീകരിക്കുന്ന ശാസ്ത്രശാഖയാണിത്. ജോലി ചെയ്യുന്നവരുടെ സുരക്ഷയ്ക്കും സൗകര്യത്തിനും കാര്യക്ഷമതയ്ക്കും ഊന്നൽ നൽകുന്ന വിധത്തിൽ സ്ഥാപനങ്ങൾക്ക് രൂപം നൽകുന്ന രീതി.
ഒക്യുപ്പേഷണൽ സേഫ്റ്റി ആൻഡ് ഹെൽത്ത് അഡ്മിനിസ്ട്രേഷൻ (OSHA) പ്രകാരം, പേശികളെയും അസ്ഥികളെയും ദോഷകരമായി ബാധിക്കുന്ന അസുഖങ്ങൾ ഒഴിവാക്കാൻ ശരിയായ എർഗണോമിക് ഡിസൈൻ കൂടിയേ തീരൂ. ജോലിസമയം പാഴാകുന്നതിനും ഉൽപ്പാദനക്ഷമത കുറയുന്നതിനും ഉള്ള പ്രധാന കാരണങ്ങളിലൊന്നായി റിപ്പോർട്ട് ചെയ്യപ്പെടുന്നത് ഇത്തരം രോഗങ്ങളാണ്.
എർഗണോമിക്സിൻ്റെ പ്രാധാന്യം : ശാസ്ത്രീയ വിലയിരുത്തൽ
1. പേശീ-അസ്ഥി സംബന്ധമായ രോഗങ്ങൾ കുറയ്ക്കുന്നു
കാർപൽ ടണൽ സിൻഡ്രോം, ടെൻഡനൈറ്റിസ്, നടുവേദന, കഴുത്തിലെ ഉളുക്ക് തുടങ്ങിയ പ്രയാസങ്ങൾ ഈ അവസ്ഥയിൽ ഉൾപ്പെടുന്നു. തെറ്റായ രീതിയിൽ രൂപകൽപ്പന ചെയ്ത വർക്ക്സ്റ്റേഷനുകൾ ഇത്തരം രോഗങ്ങൾക്കുള്ള സാധ്യത ഗണ്യമായി വർദ്ധിപ്പിക്കുമെന്ന് ഗവേഷണങ്ങൾ വെളിപ്പെടുത്തുന്നു.
ജേണൽ ഓഫ് ഒക്യുപ്പേഷണൽ റീഹാബിലിറ്റേഷനിൽ 2020ൽ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, എർഗണോമിക്സിലെ മാറ്റങ്ങൾ ഓഫീസ് ജീവനക്കാർക്കിടയിലെ പേശി-അസ്ഥി സംബന്ധമായ അസ്വസ്ഥതകൾ ഏകദേശം 40% കുറവു വരുത്തിയതായി കണ്ടെത്തി.
2. ഉൽപ്പാദനക്ഷമതയും കാര്യക്ഷമതയും മെച്ചപ്പെടുത്തുന്നു
അനുയോജ്യമായ അന്തരീക്ഷത്തിൽ ജീവനക്കാർ ജോലി ചെയ്യുന്നത്, അവരുടെ പ്രകടനം മെച്ചപ്പെടുത്തുന്നു. എർഗണോമിക്സ് നടപ്പിലാക്കുന്ന കമ്പനികൾക്ക് 25% വരെ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കാൻ കഴിയുമെന്ന് നാഷണൽ റിസർച്ച് കൗൺസിൽ അഭിപ്രായപ്പെടുന്നു.
3. മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നു
ശാരീരികമായ ബുദ്ധിമുട്ടുകൾ നിരാശയ്ക്കും ക്ഷീണത്തിനും മാനസിക സമ്മർദ്ദത്തിനും കാരണമാകും. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്റെ പഠനങ്ങൾ ഉൾപ്പെടെയുള്ള ശാസ്ത്രീയ വിലയിരുത്തലുകൾ വ്യക്തമാക്കുന്നത്, എർഗണോമിക്സ് മെച്ചപ്പെടുത്തുന്നത് ശാരീരിക ആരോഗ്യത്തിന് മാത്രമല്ല, ഏകാഗ്രതയ്ക്കും ജോലിയിൽ നിന്നുള്ള സംതൃപ്തിക്കും മടുപ്പ് ഒഴിവാക്കുന്നതിനും സഹായകമാകുമെന്നാണ്.
4. ദീർഘകാല ആരോഗ്യം ഉറപ്പുവരുത്തുന്നു
തെറ്റായ ശരീരനിലയിൽ ദീർഘനേരം ഇരിക്കുന്നത് വിട്ടുമാറാത്ത നടുവേദന, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ, ഉപാപചയ തകരാറുകൾ തുടങ്ങിയവയിലേക്ക് നയിച്ചേക്കാം. സ്റ്റാൻഡിംഗ് ഡെസ്ക്കുകളും ശരീരത്തിന് താങ്ങു നൽകുന്ന ഇരിപ്പിടങ്ങളും ഉൾപ്പെടെയുള്ള സജ്ജീകരണങ്ങൾ, ഒരേ ഇരിപ്പിൽ തുടരുന്നത് കുറയ്ക്കുകയും ആരോഗ്യത്തിന് ദോഷം വരാനുള്ള സാദ്ധ്യതകൾ ഒഴിവാക്കുകയും ചെയ്യുമെന്ന് BMJ ഓപ്പണിൽ പ്രസിദ്ധീകരിച്ച ഒരു പഠനം സ്ഥിരീകരിക്കുന്നു.
ഓർത്തു വെയ്ക്കേണ്ട ചില എർഗണോമിക് ശീലങ്ങൾ
പാദങ്ങൾ തറയിൽ പതിഞ്ഞിരിക്കുന്ന തരത്തിൽ കസേര ക്രമീകരിക്കുക.
കഴുത്തിന് ആയാസമില്ലാതിരിക്കാൻ സ്ക്രീൻ കണ്ണിന് നേരെ ഒരേ നിരപ്പിൽ ആയിരിക്കാൻ ശ്രദ്ധിക്കുക..
ടൈപ്പ് ചെയ്യുമ്പോൾ കൈത്തണ്ട വളയാതെ നേരെ വെക്കുക. ആവശ്യമെങ്കിൽ എർഗണോമിക് കീബോർഡുകൾ ഉപയോഗിക്കുക.
ഓരോ 30 മിനിറ്റിലും ചെറിയ ഇടവേളകൾ എടുത്ത് ശരീരം സ്ട്രെച്ച് ചെയ്യുകയും ഇരിപ്പ് മാറ്റുകയും ചെയ്യുക.
നടുവേദന കുറയ്ക്കാൻ നടുവിന് താങ്ങുനൽകുന്ന കസേരകൾ ഉപയോഗിക്കുക.
ആരോഗ്യത്തിനായി ശ്രദ്ധിക്കാം
എർഗണോമിക്സ് എന്നത് വിലകൂടിയ ഫർണിച്ചറോ ഉപകരണങ്ങളോ എന്നല്ല അർത്ഥമാക്കുന്നത്. ജീവനക്കാർക്ക് സൌകര്യപ്രദമായും ശരീരത്തിന് ആയാസം നൽകാതെയുമുള്ള സജ്ജീകരണമാണ്. വീട്ടിലിരുന്ന് ജോലി ചെയ്യുകയാണെങ്കിലും ഓഫീസിലാണെങ്കിലും ലളിതമായ എർഗണോമിക് ക്രമീകരണങ്ങൾ നടത്തിയാൽ വേദനയും പരിക്കുകളും ഒഴിവാക്കാനാകും. ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കാൻ കഴിയും. ഒപ്പം ആരോഗ്യം ഉറപ്പാക്കാനും സാധിക്കും.




