ആശയവിനിമയത്തിലെ ഭാഗിക ശ്രദ്ധ : എന്തുകൊണ്ടാണ് നാം എല്ലായ്പ്പോഴും മുഴുവനായി കേൾക്കാത്തത്

ആശയവിനിമയത്തിലെ ഭാഗിക ശ്രദ്ധ : എന്തുകൊണ്ടാണ് നാം എല്ലായ്പ്പോഴും മുഴുവനായി കേൾക്കാത്തത്

മൊബൈൽ ഫോണും ടെലിവിഷനും  ആധിപത്യം പുലർത്തുന്ന ഈ ലോകത്ത് മനുഷ്യർ തമ്മിലുള്ള ആശയവിനിമയത്തിൽ, നമുക്ക് പതിറ്റാണ്ടുകൾക്ക് മുമ്പ് ചിന്തിക്കാൻ പോലും കഴിയാത്തത്ര വലിയ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. 

സ്ക്രോളിംഗ്, ക്ലിക്ക് ചെയ്യൽ അല്ലെങ്കിൽ മൾട്ടിടാസ്കിംഗ് എന്നിവയ്ക്കൊപ്പം സമാന്തരമായി സംഭാഷണം കൂടി നടക്കുമ്പോൾ , അവിടെ ചിന്തകളും വിഘടിച്ചു പോകുന്നു.  നിങ്ങൾ  ഒരാളോട് സംസാരിച്ചു കൊണ്ടിരിക്കെ അവർ യഥാർത്ഥത്തിൽ “അവിടെ” ഇല്ലെന്ന് തോന്നിയിട്ടുണ്ടോ?   ശ്രദ്ധ വിഭജിച്ചു പോകുന്നതിൻ്റെ  മികച്ച ഒരു ഉദാഹരണമാണിത്.സംസാരിക്കുന്നതിനിടയിൽ മറ്റു കാര്യങ്ങളിലേക്ക് കൂടി ശ്രദ്ധ പതിപ്പിക്കുന്നത് കൊണ്ട്, സംഭാഷണം പലപ്പോഴും പൂർണ്ണതയിൽ എത്താറില്ല. 

എന്താണ് വിഘടിത ശ്രദ്ധ?

ശ്രദ്ധ വിഘടിക്കുക എന്ന അവസ്ഥ ഒരു വ്യക്തി ഒരേ സമയം ഒന്നിലധികം ജോലികളിലോ മറ്റ് സ്വകാര്യ കാര്യങ്ങളിലോ മനസ്സ്  കേന്ദ്രീകരിക്കുമ്പോൾ സംഭവിക്കുന്ന ഒരു വൈജ്ഞാനിക പ്രക്രിയയാണ്. നമ്മുടെ തലച്ചോറിന് ഒരേസമയം ഒന്നിലധികം കാര്യങ്ങൾ  കൈകാര്യം ചെയ്യാൻ കഴിയുമെങ്കിലും അത് ആശയവിനിമയത്തിലും ബന്ധങ്ങളുടെ ഗുണനിലവാരത്തിലും വ്യത്യാസങ്ങൾക്ക് വഴിവെക്കും .

മൾട്ടിടാസ്കിംഗ് എന്നു കൂടി അറിയപ്പെടുന്ന വിഭജിത ശ്രദ്ധ, ഒരേസമയം പല പ്രവൃത്തികളിൽ ഏർപ്പെടാനുള്ള  മനസ്സിൻ്റെ കഴിവാണ്.. ഇത് സെലക്ടീവ് ശ്രദ്ധയിൽ നിന്നും (ഒരു കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ബാക്കിയുള്ളവ അവഗണിക്കുകയും ചെയ്യുക) സ്ഥിരമായ ശ്രദ്ധയിൽ നിന്നും ( ദീർഘനേരം  ഒരേ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക) വ്യത്യസ്തമാണ്.

ശാസ്ത്രീയ കാഴ്ച്ചപ്പാട്:

റൂബിൻസ്റ്റീൻ, മെയർ, ഇവാൻസ് (2001) എന്നിവർ നടത്തിയ  സുപ്രധാന പഠനത്തിൽ, മൾട്ടിടാസ്കിംഗ് കാര്യക്ഷമതയും പ്രവർത്തനക്ഷമതയും കുറയ്ക്കുന്നതായി കണ്ടെത്തി. കാരണം തലച്ചോറിന് ഒരു സമയത്ത് ഒരു കാര്യത്തിൽ മാത്രമേ സമ്പൂർണ്ണമായി ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയൂ. മസ്തിഷ്ക്കം അമിതമായി അദ്ധ്വാനിക്കാൻ ശ്രമിക്കുമ്പോൾ ഏകാഗ്രത നഷ്ടപ്പെടുകയും ചെയ്ത ജോലി വിജയകരമായി പൂർത്തിയാക്കാനാകാത്ത അവസ്ഥയിൽ എത്തുകയും ചെയ്യുന്നു.  പല ജോലികൾ  ഒരേ സമയം ചെയ്യുമ്പോൾ തലച്ചോറിന്  എല്ലാ നിർദ്ദേശങ്ങളും ഏകീകരിക്കാൻ കാലതാമസമുണ്ടാകുന്നതാണ് ഇതിൻ്റെ കാരണം.

വിഭജിത ശ്രദ്ധ ആശയവിനിമയത്തെ എങ്ങനെ ബാധിക്കുന്നു?

1.വൈകാരിക ബന്ധം കുറയുന്നു

വൈകാരികമായ കൊടുക്കൽ വാങ്ങലുകൾക്ക് കണ്ണുകളുടെ സമ്പർക്കം, ശബ്ദത്തിന്റെ ഏറ്റക്കുറച്ചിൽ, ശരീരഭാഷ എന്നിവ അത്യാവശ്യമാണ്. നമുക്ക് അതിൽ പൂർണ്ണമായി മുഴുകാൻ സാധിക്കാതെ വരുമ്പോൾ,  ആ സംഭാഷണങ്ങളിലെ  സൂക്ഷ്മത നഷ്ടമായെന്നു വരാം.  ഇത് വ്യക്തികൾ തമ്മിലുള്ള ഇഴയടുപ്പത്തെ  സാരമായി ബാധിക്കുന്നു.

2.ഓർമ്മശക്തി കുറയുന്നു

മൾട്ടിടാസ്കിംഗിൽ ഏർപ്പെടുന്നവർക്ക് തലച്ചോറിൽ വിവരങ്ങൾ കൃത്യമായി സൂക്ഷിക്കാൻ സാധിക്കാത്തത് കൊണ്ട് തന്നെ ഓർമ്മക്കുറവ് ബാധിക്കുമെന്ന് ഗവേഷണങ്ങൾ പറയുന്നു.  പലപ്പോഴും തൊട്ടുമുമ്പ് പറഞ്ഞ കാര്യങ്ങൾ പോലും അവർ മറന്നുപോകുന്നു.

3.തെറ്റായ ആശയവിനിമയവും സംഘർഷവും

ആശയവിനിമയത്തിൽ പൂർണ്ണമായി മുഴുകാൻ സാധിക്കാതെ വരുമ്പോൾ അർത്ഥമില്ലാത്ത പ്രതികരണങ്ങളും നിർവ്വികാരമായ മറുപടികളും  സ്വാഭാവികമായും ഉണ്ടാകുന്നു. അത് തെറ്റിദ്ധാരണകൾക്കും ബന്ധങ്ങളുടെ  ഉലച്ചിലിനു പോലും കാരണമാകും.

4. സാമൂഹ്യ ബന്ധങ്ങൾ തകരാം 

സംഭാഷണങ്ങളിൽ ആഴം കുറയുമ്പോഴും ശ്രദ്ധ മറ്റ് വഴിക്ക് ചിതറിപ്പോകുമ്പോഴും  സംസാരിക്കുന്നയാളും ശ്രോതാവും അസംതൃപ്തരാകുന്നു. പ്രത്യേകിച്ച് ആത്മബന്ധങ്ങളിൽ, ഇത് അവഗണനയായി തെറ്റിദ്ധരിക്കുകയും ആ ബന്ധം തന്നെ നഷ്ടപ്പെടുന്ന അവസ്ഥയ്ക്കും കാരണമാകും. 

 നാഡീശാസ്ത്രം പറയുന്നത്

മസ്തിഷ്ക്കത്തിലെ പ്രീഫ്രോണ്ടൽ കോർട്ടെക്സ് എന്ന ഭാഗമാണ് നമ്മൾ തീരുമാനങ്ങൾ കൈക്കൊള്ളുന്നതും   ശ്രദ്ധ ചെലുത്തുന്നതും നിയന്ത്രിക്കുന്നത്. ഒരേസമയം ഒന്നിലേറെ കാര്യങ്ങളിൽ വ്യാപൃതരാകുമ്പോൾ, പ്രീഫ്രോണ്ടൽ കോർട്ടെക്സിന് ജോലിഭാരം കൂടുന്നു.  ഒരു സമയത്ത് മാറിമാറി പലജോലികളിലും

ഏർപ്പെടുന്നതോടെ  ഈ മേഖലയിലെ തലച്ചോറിന്റെ പ്രവർത്തനം താൽക്കാലികമായി കുറയുന്നു എന്ന് എംആർഐ പഠനത്തിലൂടെ വ്യക്തമായിട്ടുണ്ട്. അതായത് സംഭാഷണങ്ങൾക്കിടയിൽ മൾട്ടിടാസ്കിംഗ് ചെയ്യുമ്പോൾ ഗ്രഹണശേഷിയും സഹാനുഭൂതിയും ഗണ്യമായി കുറയുന്നു  (Just et al., 2008).

വിഭജിത ശ്രദ്ധയിൽ സാങ്കേതികവിദ്യയുടെ പങ്ക്

മൊബൈൽ ഫോണുകൾ, സ്മാർട്ട് വാച്ചുകൾ, നോട്ടിഫിക്കേഷനുകൾ എന്നിവ നമ്മുടെ ശ്രദ്ധയെ പ്രതിസന്ധിയിലാക്കും. ഒരു സ്മാർട്ട് ഫോൺ, ഉപയോഗിക്കാത്ത അവസ്ഥയിലാണെങ്കിൽപ്പോലും മേശപ്പുറത്ത് വെച്ചിട്ടുണ്ടെങ്കിൽ, അത് നമ്മുടെ ചിന്താശേഷിയേയും സംസാരത്തിലെ സത്തയേയും  ഗണ്യമായി കുറയ്ക്കുന്നുവെന്ന് ടെക്‌സസ് സർവകലാശാലയിൽ നിന്നുള്ള ഗവേഷണം കണ്ടെത്തി.

സംഭാഷണങ്ങളിൽ എങ്ങനെയെല്ലാം ശ്രദ്ധ കേന്ദ്രീകരിക്കാം 

1.ശ്രദ്ധയോടെ ശ്രവിക്കാൻ  ശ്രമിക്കുക,കണ്ണിൽ നോക്കി സംസാരിക്കുക, കേട്ടത് നസ്സിലാക്കി തലയനക്കുക, കേട്ട കാര്യത്തിൽ പ്രതികരിക്കുക, സംസാരിക്കുന്ന കാര്യത്തെ അടിസ്ഥാനമാക്കി പ്രസക്തമായ തുടർ ചോദ്യങ്ങൾ ചോദിക്കുക. 

2.ഡിജിറ്റൽ ഇടപെടൽ ഒഴിവാക്കുക

പ്രധാനപ്പെട്ട സംഭാഷണങ്ങൾക്കിടയിൽ ശ്രദ്ധ പതറാതിരിക്കാൻ  മൊബൈൽ അലർട്ട്  ഓഫാക്കുക, അല്ലെങ്കിൽ മൊബൈൽ മാറ്റി വയ്ക്കുക.

3. മനസ്സിൻ്റെ പൂർണ്ണാർപ്പണത്തിന്   

ആഴത്തിൽ ശ്വസിക്കുന്നതും വർത്തമാന നിമിഷത്തിൽ ഇഴുകിച്ചേരുന്നതും ശ്രദ്ധ മെച്ചപ്പെടുത്തും.

4. മനസ്സിനെ സജ്ജമാക്കുക

ഒരു സംഭാഷണത്തിലേക്ക് കടക്കുന്നതിന് മുമ്പ്, അതിൽ പൂർണ്ണമായി മുഴുകും എന്ന് മനസ്സിനെ  പറഞ്ഞു പഠിപ്പിക്കുക 

5. “രണ്ട് മിനിറ്റ് നിയമം” ഉപയോഗിക്കുക.

ഒരു സംഭാഷണം രണ്ടു മിനിറ്റ് നേരമേ ഉള്ളൂവെങ്കിൽ, ആ രണ്ട് മിനിറ്റ് മുഴുവൻ പൂർണ്ണശ്രദ്ധയോടെ അതിൽ മുഴുകുക. ബന്ധങ്ങൾക്ക്  എത്രമാത്രം ആഴമുണ്ടെന്ന്  ഈ പൂർണ്ണ ശ്രദ്ധയിലൂടെ തിരിച്ചറിയുമ്പോൾ നമുക്ക് തന്നെ അത്ഭുതം തോന്നും.

വിഭജിത ശ്രദ്ധയും മാനസികാരോഗ്യവും

തുടർച്ചയായ മൾട്ടിടാസ്കിംഗും ഉപരിപ്ളവ ഇടപെടലുകളും മാനസിക ക്ഷീണം, ഏകാന്തത, തളർച്ച എന്നിവയ്ക്ക് കാരണമാകും . അതേസമയം  ശ്രദ്ധയർപ്പിച്ചുള്ള ആശയവിനിമയത്തിലൂടെ ശരീരത്തിൽ ഓക്സിടോസിൻ, സെറോടോണിൻ എന്നിവ വർദ്ധിക്കുകയും വൈകാരികമായി മെച്ചപ്പെട്ട നിലയിലേക്കെത്തുകയും ചെയ്യും. 

ഹൈപ്പർകണക്ടിവിറ്റിയുടെ ഈ  യുഗത്തിൽ, പൂർണ്ണസാന്നിധ്യം എന്നത് ഒരു അമൂല്യ ഘടകമാണ് . സംഭാഷണങ്ങളിൽ ശ്രദ്ധ ഭിന്നിച്ച് പോകാതെ , വ്യക്തികളെ കൃത്യമായി തിരിച്ചറിഞ്ഞ് അഭിസംബോധന ചെയ്യുന്നതിലൂടെ ആശയവിനിമയം മെച്ചപ്പെടുക മാത്രമല്ല, കൂടുതൽ ആഴമേറിയ നല്ല ബന്ധങ്ങൾക്ക് അത് ശക്തി പകരുകയും ചെയ്യും . കുടുംബാംഗങ്ങളും സുഹൃത്തുക്കളും സഹപ്രവർത്തകരും ഒക്കെയുള്ള കൂട്ടായ്മകളിൽ നമ്മുടെ നിറസാന്നിധ്യം നമ്മൾ തന്നെ ഉറപ്പുവരുത്തുമ്പോൾ മനോഹരമായ ബന്ധങ്ങളും സുഖകരമായ നിമിഷങ്ങളും തേടി വരുന്നത് നമുക്കു തന്നെ തൊട്ടറിയാൻ സാധിക്കും.

References :

1. Multitasking: Switching costs

2. The effects of divided attention on implicit and explicit memory performance

3.  Cognitive control in media multitaskers

4.Control of goal-directed and stimulus-driven attention in the brain

Related News

ലോക ഭിന്നശേഷി ദിനം 2025: ചേർത്തുനിർത്തുക എന്ന മാനവികത പ്രാവർത്തികമാക്കാം 

ലോക ഭിന്നശേഷി ദിനം 2025: ചേർത്തുനിർത്തുക എന്ന മാനവികത പ്രാവർത്തികമാക്കാം 

ലോക ഭിന്നശേഷി ദിനം 2025 തിയതി: 2025 ഡിസംബർ 3 പ്രമേയം:  “സാമൂഹിക പുരോഗതി കൈവരിക്കാൻ  ഭിന്നശേഷിസമൂഹങ്ങളെ പരിപോഷിപ്പിക്കുക.” സമത്വത്തിന് വേണ്ടി ശബ്ദമുയർത്താൻ ഒരു ദിനം എല്ലാ...

ഡിസംബർ 5, 2025 10:46 pm
ഹൃദയധമനിയിലെ തടസ്സം: അസ്കെമിക് ഹൃദ്രോഗത്തെക്കുറിച്ച്  അറിഞ്ഞിരിക്കാം

ഹൃദയധമനിയിലെ തടസ്സം: അസ്കെമിക് ഹൃദ്രോഗത്തെക്കുറിച്ച്  അറിഞ്ഞിരിക്കാം

പ്രാധാന്യമർഹിക്കാൻ കാരണം? നമ്മുടെ രാജ്യത്ത് എല്ലാ പ്രായക്കാരെയും ബാധിക്കുന്ന അസുഖമായി ഹൃദ്രോഗം മാറിയിട്ട് കുറച്ചു കാലമായി.  30 വയസ്സ് മാത്രം പ്രായമുള്ള യുവതീയുവാക്കളെപ്പോലും ബാധിക്കുന്ന ഗുരുതര വ്യാധിയായി...

ഡിസംബർ 5, 2025 10:45 pm
പെരികാർഡൈറ്റിസ്: ഹൃദയത്തിൻ്റെ സംരക്ഷണ പാളി തകരാറിലാകുമ്പോൾ 

പെരികാർഡൈറ്റിസ്: ഹൃദയത്തിൻ്റെ സംരക്ഷണ പാളി തകരാറിലാകുമ്പോൾ 

ഹൃദയത്തെ പൊതിഞ്ഞു സൂക്ഷിക്കുന്ന ആവരണത്തെക്കുറിച്ച് മനസ്സിലാക്കാം  മുഷ്ടിയോളം വലിപ്പമുള്ള, ദിവസവും ലക്ഷത്തിലേറെത്തവണ മിടിക്കുന്ന ഹൃദയം എന്ന അവയവത്തിന് നമ്മുടെ ജീവിതത്തിലുള്ള പ്രാധാന്യത്തെപ്പറ്റി നമുക്കെല്ലാവർക്കും ധാരണയുണ്ട്. കരുത്തുറ്റ പേശിയാൽ...

ഡിസംബർ 5, 2025 10:44 pm
മാതൃത്വം എന്ന പദവിയിലേക്കുയരുമ്പോൾ: അമ്മയ്ക്കും വേണം പരിപാലനം

മാതൃത്വം എന്ന പദവിയിലേക്കുയരുമ്പോൾ: അമ്മയ്ക്കും വേണം പരിപാലനം

കുഞ്ഞ് ജനിക്കുമ്പോൾ കുടുംബാംഗങ്ങളും ബന്ധുക്കളും അയൽക്കാരുമൊക്കെ പുതിയ അതിഥിയെ കാണാനെത്തും. സന്തോഷത്തിൻ്റെ നിമിഷങ്ങളാണത്. കുഞ്ഞിൻ്റെ പ്രത്യേകതകളും തൂക്കവും ഉറക്കവും എല്ലാം ചർച്ചയാകും.  കുഞ്ഞ് പിറന്നുവീണ നിമിഷം മുതൽ...

ഡിസംബർ 4, 2025 10:59 pm
X
Top
Subscribe