ഷാരെൻ്റിങ്ങിലെ ചതിക്കുഴികൾ – കുഞ്ഞുങ്ങളെക്കുറിച്ച് ഒരുപാട് ഷെയറിങ്ങ് അപകടം

ഷെയറിങ്ങ്, പാരെൻ്റിങ്ങ് എന്നീ വാക്കുകൾ ചേർന്നു രൂപപ്പെട്ട പദമാണ് ഷാരെൻ്റിങ്ങ്. രക്ഷിതാക്കൾ,സാമൂഹ്യ മാദ്ധ്യമങ്ങളിൽ കുഞ്ഞുങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ചിത്രങ്ങളും ദൃശ്യങ്ങളും പങ്കിടുന്ന രീതിയാണിത്. തികച്ചും നിർദോഷകരമായ, വാൽസല്യം ജനിപ്പിക്കുന്ന കാര്യമായി ഇത് തോന്നാമെങ്കിലും ഇതിൽ മറഞ്ഞിരിക്കുന്ന അപകട സാദ്ധ്യതകളുമുണ്ട്.
അത് എന്തൊക്കെയാണെന്ന് നോക്കാം
എന്താണ് ഷാരെൻ്റിങ്ങ് ?
- കുഞ്ഞുങ്ങളുടെ പിറന്നാൾ, അവരുടെ ജീവിതത്തിലെ വിശേഷദിവസങ്ങൾ, വിനോദയാത്ര എന്നിവയെക്കുറിച്ചുള്ള ഫോട്ടോകൾ പോസ്റ്റ് ചെയ്യുക
- തമാശ കലർന്നതോ അമ്പരപ്പിക്കുന്നതോ ആയ സംഭവങ്ങൾ പങ്കിടുക
- കുഞ്ഞിൻ്റെ സ്കൂളിലെ വിദ്യാഭ്യാസ മികവ്, ചികിൽസാ വിവരങ്ങൾ, ദൈനംദിന ജീവിതത്തിലെ കാര്യങ്ങൾ എന്നിവ അപ്‌ലോഡ് ചെയ്യുക
- ഫാമിലി വ്ളോഗിൽ കുട്ടികളുടെ കാര്യങ്ങൾക്ക് പ്രാധാന്യം നൽകി ചിത്രീകരിച്ച് പോസ്റ്റ് ചെയ്യുക
യൂണിവേഴ്സിറ്റി ഓഫ് മിഷിഗൺ സി എസ് മോട്ട് ചിൽഡ്രൻസ് ആശുപത്രി നൽകുന്ന വിവരങ്ങൾ അനുസരിച്ച്, 75 % രക്ഷിതാക്കളും കുഞ്ഞുങ്ങളുടെ ചിത്രങ്ങളഉം വിവരങ്ങളും സാമൂഹ്യ മാദ്ധ്യമങ്ങളിൽ പങ്കുവെക്കുന്നുണ്ട്-അതിൻ്റെ അനന്തരഫലങ്ങളെ കുറിച്ച് ഒരു ധാരണയും ഇല്ലാതെ.
ഷാരെൻ്റിങ്ങിൽ ഒളിഞ്ഞിരിക്കുന്ന അപകടങ്ങൾ
1. ഡിജിറ്റൽ ശേഷിപ്പുകൾ ഭാവിയിൽ പ്രശ്നമാകാം
കുഞ്ഞുങ്ങൾക്ക് അവരുടെ സ്വകാര്യതയിൽ തീരുമാനം കൈക്കൊള്ളാനുള്ള സമയമാകുന്നതിന് മുമ്പുതന്നെ, അവരറിയാതെ സമൂഹമാദ്ധ്യമങ്ങളിൽ വിവരങ്ങളും ചിത്രങ്ങളും ദൃശ്യങ്ങളും പടരുന്നു. ഇന്നത്തെ കൗതുകവും നിഷ്ക്കളങ്കതയുമെല്ലാം ഭാവിയിൽ അപമാനമോ നാണക്കേടോ ആയേക്കാം. കൗമാരകാലത്ത് കോളേജിൽ സുഹൃത്തുക്കളോ, പിന്നീട് ജോലിസ്ഥലത്ത് മേധാവിയോ ഒക്കെ ഇത് തമാശയ്ക്കായിട്ടാണെങ്കിൽക്കൂടി ദുരുപയോഗം ചെയ്തേക്കാം. പഴയ പോസ്റ്റുകൾ കുത്തിപ്പൊക്കാൻ അതീവ താൽപ്പര്യമുള്ള ധാരാളം പേർ നമുക്ക് ചുറ്റുമുണ്ട്. കുഞ്ഞുന്നാളിലെ ഫോട്ടോകൾ, ഇന്നത്തെ മുതിർന്ന വ്യക്തിക്ക് അപമാനമുണ്ടാക്കാം.
2. ഓൺലൈൻ വേട്ടക്കാരുടെ ചൂഷണം
ഓൺലൈനിൽ ഷെയർ ചെയ്യപ്പെടുന്ന ഫോട്ടോകൾ ഡൗൺലോഡ് ചെയ്ത് ദുരുപയോഗം ചെയ്യുന്ന നിരവധി വ്യക്തികളുണ്ട്. 2015ൽ, ഓസ്ട്രേലിയൻ ചിൽഡ്രൻസ് ഇസേഫ്റ്റി കമ്മീഷണർ നടത്തിയ പഠനത്തിൽ, ശിശുപീഡകർ, പീഡോഫൈൽ ഫോറങ്ങളിൽ പങ്കുവെച്ച ചിത്രങ്ങളിൽ പകുതിയോളവും രക്ഷിതാക്കൾ സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്ത കുഞ്ഞുങ്ങളുടെ ചിത്രങ്ങളിൽ നിന്നാണെന്ന് കണ്ടെത്തി.
3.ഐഡൻ്റിറ്റി മോഷണം
വ്യക്തിഗത വിവരങ്ങൾ (പൂർണ്ണമായ പേര്, ജനനത്തിയതിയും മാസവും വർഷവും, മേൽവിലാസം, സ്കൂളിൻ്റെ വിവരങ്ങൾ) ഹാക്കർമാർ ദുരുപയോഗം ചെയ്യാൻ സാദ്ധ്യതയുണ്ട്. ക്രെഡിറ്റ് തട്ടിപ്പുകൾ വരെ നടക്കാനിടയുണ്ട്.
4. മാനസികാരോഗ്യ പ്രശ്നങ്ങൾ
കുഞ്ഞുങ്ങൾ വളർന്നുകഴിയുമ്പോൾ, അവരുടെ തികച്ചും വ്യക്തിപരമായ വിവരങ്ങൾ, അവരുടെ സമ്മതമില്ലാതെ രക്ഷിതാക്കൾ സാമൂഹ്യമാദ്ധ്യമങ്ങളിൽ പങ്കിട്ടത് സംബന്ധിച്ച് ബുദ്ധിമുട്ടുണ്ടാകാം. ഇത് വ്ശ്വാസമില്ലായ്മ, ഉത്കണ്ഠ, സ്വാതന്ത്ര്യമില്ലെന്ന തോന്നൽ – എല്ലാം ഉളവാക്കാം. സഹപാഠികൾ ഈ പോസ്റ്റുകളുടെ പേരിൽ കളിയാക്കുമ്പോൾ, അത് കുട്ടികളിൽ മാനസിക സംഘർഷം സൃഷ്ടിക്കും.
5.സ്വകാര്യത നഷ്ടമാകൽ
കുഞ്ഞുങ്ങളുടെ ചേഷ്ടകൾ, കുറുമ്പുകൾ, നിഷ്ക്കളങ്കമായ സംശയങ്ങൾ തുടങ്ങിയവ ചിത്രീകരിച്ച് രക്ഷിതാക്കൾ സോഷ്യൽ മീഡിയയിൽ പങ്കിടുമ്പോൾ, അത് കുട്ടികളിൽ സ്വകാര്യത നഷ്ടമാകുന്നു എന്ന തോന്നൽ ഉളവാക്കാം.
മനഃശാസ്ത്രപരമായ കാഴ്ച്ചപ്പാട്
ഗ്രോയിങ് അപ് ഷെയേഡ് എന്ന പുസ്തകമെഴുതിയ ഡോ.സ്റ്റേസി സ്റ്റെയ്ൻബെർഗിൻ്റെ അഭിപ്രായത്തിൽ, “സ്വകാര്യത കുഞ്ഞുങ്ങളുടെ അവകാശമാണ്. രക്ഷിതാക്കൾ സ്വന്തം അഭിപ്രായ സ്വാതന്ത്ര്യത്തിന് മൂല്യം കൽപ്പിക്കുന്നതിനോടൊപ്പംതന്നെ , വ്യക്തിത്വവും സ്വകാര്യതയും സൂക്ഷിക്കാനുള്ള കുഞ്ഞുങ്ങളുടെ അവകാശത്തെക്കുറിച്ചും അവർക്ക് ബോദ്ധ്യമുണ്ടാകണം”.
കുട്ടികളുടെ അറിവോ സമ്മതമോ കൂടാതെ സാമൂഹ്യമാദ്ധ്യമങ്ങളിൽ അവരുമായി ബന്ധപ്പെട്ട കാര്യങ്ങൾ പങ്കുവെക്കപ്പെടുമ്പോൾ, അത് കുട്ടികളിൽ ഭാവിയിൽ സൃഷ്ടിച്ചേക്കാവുന്ന മാനസിക പ്രത്യാഘാതങ്ങളെക്കുറിച്ച് രക്ഷിതാക്കൾ അറിവുള്ളവരായിരിക്കണം എന്ന് ദ അമേരിക്കൻ സൈക്കളോജിക്കൽ അസോസിയോഷൻ( എ പി എ ) മുന്നറിയപ്പ് നൽകുന്നു.
എങ്ങനെ പങ്കുവെക്കാം
കുഞ്ഞുങ്ങളുടെ പ്രത്യക നിമിഷങ്ങൾ പങ്കുവെക്കാൻ ആഗ്രഹമുണ്ടെങ്കിൽ, ഇനിപ്പറയുന്ന മുൻകരുതൽ ഗുണം ചെയ്യും.
സ്വയം ചോദിക്കുക – എൻ്റെ കാര്യങ്ങൾ ഇങ്ങനെ പങ്കുവെക്കപ്പെട്ടാൽ അതെനിക്ക് ഇഷ്ടമാകുമോ
കുഞ്ഞുങ്ങളുടെ നഗ്നതയോ കുളിക്കുന്ന രംഗങ്ങളോ ഷെയർ ചെയ്യാതിരിക്കുക
സ്വകാര്യതാ ക്രമീകരണങ്ങൾ ഉപയോഗിക്കുക. ഏറ്റവും അടുത്ത വ്യക്തികളുമായി മാത്രം പങ്കുവെക്കുക
കുഞ്ഞിൻ്റെ സ്വകാര്യതയെ മാനിക്കുക.മുഖം മറയ്ക്കുക, അല്ലെങ്കിൽ ഇമോജികൾ ഉപയോഗിക്കുക.
യഥാർത്ഥ പേര്, താമസസ്ഥലം,കുഞ്ഞ് പഠിക്കുന്ന സ്കൂൾ സംബന്ധിച്ച വിവരങ്ങൾ എന്നിവ പങ്കിടാതിരിക്കുക
വളർന്നു വരുന്ന കുട്ടികളോട്, അവരുടെ അനുമതി തേടിയ ശേഷം മാത്രം ഷെയർ ചെയ്യുക
നിങ്ങളുടെ കുഞ്ഞിൻ്റെ വളർച്ചയുടെ നിമിഷങ്ങൾ കാണുമ്പോൾ, ആ സന്തോഷം പങ്കുവെക്കാനാണ് സാമൂഹ്യമാദ്ധ്യമങ്ങളിൽ അത് അപ്‌ലോഡ് ചെയ്യുന്നത് എങ്കിലും ഈ ഡിജിറ്റൽ കാലത്ത്, നിങ്ങൾ കുഞ്ഞിൻ്റെ സ്വകാര്യതയ്ക്ക് എത്രത്തോളം വിലനൽകി എന്നതിൻ്റെ തെളിവാകും ഈ പോസ്റ്റുകൾ എന്ന് മറക്കാതിരിക്കുക.
സ്വകാര്യത അപൂർവ്വമായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത്, കുഞ്ഞുങ്ങളുടെ അവകാശം സംരക്ഷിക്കുക എന്നത് തന്നെയാണ് അവർക്ക് നൽകാൻ കഴിയുന്ന ഏറ്റവും മൂല്യവത്തായ ഉപഹാരം.




