പ്രസവാനന്തര വിഷാദം: മനസ്സിലാക്കാം അമ്മമനസ്സിലെ സംഘർഷാവസ്ഥ 

പ്രസവാനന്തര വിഷാദം: മനസ്സിലാക്കാം അമ്മമനസ്സിലെ സംഘർഷാവസ്ഥ 

കുഞ്ഞിന് ജൻമം നൽകുക എന്നത് സ്ത്രീയുടെ ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത അനുഭവമാണ് നൽകുക. മാസങ്ങൾ നീണ്ട കാത്തിരിപ്പിന് ശേഷം കുഞ്ഞതിഥി ജീവിതത്തിലേക്കെത്തുന്നത് മാതാപിതാക്കളെ സംബന്ധിച്ചും കുടുംബാംഗങ്ങളെ സംബന്ധിച്ചുമൊക്കെ അതീവ സന്തോഷത്തിൻ്റെ നിമിഷങ്ങൾ തന്നെയാണ്. എന്നാൽ കുഞ്ഞു ജനിച്ച ശേഷം പല അമ്മമാരുടെയും  മനസ്സിൽ പറഞ്ഞറിയിക്കാൻ കഴിയാത്ത സംഘർഷങ്ങൾ ഉടലെടുക്കും.  ഇതിന്റെ പ്രധാന കാരണങ്ങളിലൊന്നാണ് പ്രസവാനന്തര വിഷാദം (Postpartum Depression). കുഞ്ഞിനോടുള്ള സ്നേഹക്കുറവു കൊണ്ടോ പ്രസവവേദനയുടെ കാഠിന്യം മൂലമോ അല്ല ഈ സങ്കടം ഉണ്ടാകുന്നത്. പ്രസവത്തിന് ശേഷം അമ്മയുടെ ശരീരത്തിലും മനസ്സിലും സംഭവിക്കുന്ന  മാനസികവും ജൈവപരമായ മാറ്റങ്ങളും ഹോർമോൺ വ്യതിയാനവും ആണ് ഈ സങ്കീർണ്ണാവസ്ഥയ്ക്ക് കാരണമാകുന്നത്.  

എന്താണ് പ്രസവാനന്തര വിഷാദം?

പ്രസവാനന്തര വിഷാദം എന്നത്  മാനസിക നിലയുമായി ബന്ധപ്പെട്ട അസുഖമാണ്. സാധാരണയായി പ്രസവം കഴിഞ്ഞ് ആദ്യത്തെ കുറച്ച് ആഴ്ചകൾക്കുള്ളിലോ മാസങ്ങൾക്കുള്ളിലോ ആണ് ഇത് പ്രകടമാകുന്നത്. പ്രസവശേഷമുള്ള ആദ്യ വർഷത്തിൽ എപ്പോൾ വേണമെങ്കിലും ഈ വിഷാദം  ആരംഭിക്കാം. ഏകദേശം 80% അമ്മമാരെയും ബാധിക്കുന്ന ‘ബേബി ബ്ലൂസിൽ’  നിന്ന് തികച്ചും വ്യത്യസ്തമാണ് പ്രസവാനന്തര വിഷാദം. ബേബി ബ്ലൂസ് സാധാരണയായി പ്രസവശേഷം ആരംഭിച്ച് രണ്ടാഴ്ചയ്ക്കുള്ളിൽ തനിയെ മാറും. എന്നാൽ, പിപിഡി (PPD) മാസങ്ങളോളം  നീണ്ടുനിൽക്കുകയും വൈകാരികവും ബൗദ്ധികവുമായ പ്രയാസങ്ങൾ പ്രകടമാകുകയും  ചെയ്യുന്നു.

എല്ലാവർക്കും ഈ അവസ്ഥ ഉണ്ടാകുമോ? 

ആഗോളതലത്തിലെ പഠനങ്ങൾ പ്രകാരം, ഏഴ് അമ്മമാരിൽ ഒരാൾക്ക് പ്രസവാനന്തര വിഷാദം അനുഭവപ്പെടുന്നുണ്ട് എന്നാണ് കണക്ക്. ഇന്ത്യയിൽ നടത്തിയ ഗവേഷണങ്ങൾ അനുസരിച്ച്, സാമൂഹിക – സാമ്പത്തിക സാഹചര്യങ്ങൾക്കനുസൃതമായി 15% മുതൽ 23% വരെ അമ്മമാരിൽ ഈയവസ്ഥ കാണപ്പെടുന്നുണ്ട്.

കാരണങ്ങൾ എന്തെല്ലാം?

പോസ്റ്റ്പാർട്ടം ഡിപ്രഷൻ (പിപിഡി)  അഥവാ പ്രസവാനന്തര വിഷാദം ഒന്നോ രണ്ടോ കാരണങ്ങൾ കൊണ്ടു മാത്രം  ഉണ്ടാകുന്നതല്ല. ശാരീരികവും മാനസികവും സാമൂഹികവുമായ നിരവധി ഘടകങ്ങൾ ഒത്തുചേരുമ്പോഴാണ് അമ്മമാരിൽ ഈ അവസ്ഥ ഉണ്ടാകുന്നത്.

പ്രധാന കാരണങ്ങൾ :

ഹോർമോൺ മാറ്റങ്ങൾ: പ്രസവശേഷം സ്ത്രീ ശരീരത്തിലെ ഈസ്ട്രജൻ, പ്രൊജസ്ട്രോൺ  തുടങ്ങിയ ഹോർമോണുകളുടെ അളവിൽ പെട്ടെന്ന് കുറവു വരുന്നു. ഇത് മസ്തിഷ്ക്കത്തിൻ്റെ പ്രവർത്തനങ്ങളെ ബാധിക്കുകയും അങ്ങനെ  മനോനിലയിൽ വ്യത്യാസങ്ങളുണ്ടാകുകയും ചെയ്യുന്നു.

മസ്തിഷ്ക്കത്തിലെ രാസമാറ്റങ്ങൾ: സെറോട്ടോണിൻ, ഡോപമിൻ തുടങ്ങിയ സന്തോഷവും സമാധാനവും നൽകുന്ന രാസവസ്തുക്കളുടെ പ്രവർത്തനങ്ങളിലെ അസന്തുലിതാവസ്ഥ പ്രസവാനന്തര വിഷാദത്തിന് മറ്റൊരു  പ്രധാന കാരണമാണ്.

ശാരീരിക സമ്മർദ്ദം: പ്രസവസമയത്തനുഭവിച്ച ശാരീരിക പ്രയാസങ്ങളെത്തുടർന്നുണ്ടാകുന്ന കടുത്ത ക്ഷീണം, ഉറക്കമില്ലായ്മ, മുലയൂട്ടലുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകൾ എന്നിവയെല്ലാം അമ്മയെ മാനസികമായി തളർത്തുകയും ഈ അവസ്ഥയിലേക്ക് നയിക്കുകയും ചെയ്യാം.

മാനസിക-സാമൂഹിക കാരണങ്ങൾ : വൈവാഹിക ജീവിതത്തിലെ പ്രശ്നങ്ങൾ, ഭർത്താവിൽ നിന്നോ മറ്റ് കുടുംബാംഗങ്ങളിൽ നിന്നോ വേണ്ടത്ര വൈകാരിക പിന്തുണ കിട്ടാത്ത അവസ്ഥ, സാമ്പത്തിക പ്രതിസന്ധി, മാനസികമായി അനുഭവപ്പെടുന്ന ഏകാന്തത എന്നിവയെല്ലാം വിഷാദത്തിന് കാരണമാകാം.

മാനസികമായി മുൻപ് വന്നിട്ടുള്ള പ്രശ്നങ്ങൾ : മുമ്പെപ്പോഴെങ്കിലും  വിഷാദരോഗം, ഉത്കണ്ഠ അല്ലെങ്കിൽ, ബൈപോളാർ ഡിസോർഡർ തുടങ്ങിയ മാനസിക പ്രശ്നങ്ങൾ അനുഭവിച്ചിട്ടുള്ള സ്ത്രീകൾക്ക് പിപിഡി വരാനുള്ള സാധ്യത കൂടുതലാണ്.

ലക്ഷണങ്ങൾ 

വൈദ്യശാസ്ത്രപരമായി, ഡി.എസ്.എം-5  അനുസരിച്ച്, പ്രസവത്തോടനുബന്ധിച്ചുണ്ടാകുന്ന  കടുത്ത വിഷാദരോഗമായാണ് പിപിഡി-യെ കണക്കാക്കുന്നത്. ഇതിൻ്റെ പ്രധാന ലക്ഷണങ്ങൾ ഇനിപ്പറയുന്നു:

  • എപ്പോഴും സങ്കടം തോന്നുക, കരച്ചിൽ വരിക, അല്ലെങ്കിൽ ഒരുതരം ശൂന്യത അനുഭവപ്പെടുക.
  • മുൻപ് സന്തോഷം നൽകിയിരുന്ന കാര്യങ്ങളിൽ പോലും താൽപര്യം ഇല്ലാതാകുക.
  • കടുത്ത ക്ഷീണം, എപ്പോഴും തളർച്ച അനുഭവപ്പെടുക.
  • വിശപ്പിൽ  മാറ്റങ്ങൾ വരുക (വിശപ്പ് തീരെ ഇല്ലാതാവുകയോ അമിതമായി കൂടുകയോ ചെയ്യുക).
  • ഉറക്കപ്രശ്നങ്ങൾ, അത് കുഞ്ഞിനെ നോക്കുന്നതുകൊണ്ട് മാത്രമല്ലാതെ, ഉറങ്ങാൻ കഴിയാതിരിക്കുകയോ അമിതമായി ഉറങ്ങുകയോ ചെയ്യുന്ന അവസ്ഥ.
  • അകാരണമായ കുറ്റബോധം, താൻ ഒരു നല്ല അമ്മയല്ലെന്നോ തന്നെക്കൊണ്ട് ഒരു പ്രയോജനമില്ലെന്നോ ഉള്ള തോന്നൽ.
  • സ്വന്തം കുഞ്ഞുമായി ആത്മബന്ധം സ്ഥാപിക്കാൻ കഴിയാതെ വരിക.
  • അമിതമായ ഉത്കണ്ഠ അല്ലെങ്കിൽ പെട്ടെന്നുണ്ടാകുന്ന പരിഭ്രമം .
  •  സ്വയം മുറിവേൽപ്പിക്കാനോ കുഞ്ഞിനെ ഉപദ്രവിക്കാനോ ഉള്ള ചിന്തകൾ ഉണ്ടാകുക.

അമ്മയെയും കുഞ്ഞിനെയും എങ്ങനെ ബാധിക്കുന്നു?

ചികിത്സിച്ചില്ലെങ്കിൽ, പിപിഡി അമ്മയുടെയും കുഞ്ഞിന്റെയും കുടുംബത്തിൻ്റെയും ഭാവിയെ ദോഷകരമായി ബാധിക്കും:

അമ്മമാരിൽ: വിട്ടുമാറാത്ത വിഷാദം, ദമ്പതികൾക്കിടയിൽ സ്വരച്ചേർച്ചയില്ലാതാകുക, ദൈനംദിന കാര്യങ്ങൾ പോലും ചെയ്യാൻ കഴിയാതെയാകുക, സ്വയം അപകടപ്പെടുത്താനുള്ള പ്രവണത എന്നിവയ്ക്ക് കാരണമാകും.

കുഞ്ഞുങ്ങളിൽ: അമ്മയ്ക്ക് കുഞ്ഞിനോട് സ്നേഹത്തോടെയും വാൽസല്യത്തോടെയും ശ്രദ്ധയോടെയും പെരുമാറാൻ കഴിയാത്തതിനാൽ കുഞ്ഞിന്റെ ബൗദ്ധികവും വൈകാരികവും സാമൂഹികവുമായ വളർച്ചയിൽ കാലതാമസം നേരിടാം.

കുടുംബങ്ങളിൽ: കുടുംബത്തിൽ അമിതമായ മാനസിക സമ്മർദ്ദം, ദാമ്പത്യപ്രശ്നങ്ങൾ, കുടുംബബന്ധങ്ങൾക്കിടയിലെ അകൽച്ച എന്നിവയ്ക്ക് കാരണമാകും.

രോഗനിർണ്ണയം

പിപിഡി കണ്ടെത്താൻ പ്രത്യേക രക്തപരിശോധനകളൊന്നുമില്ല. പകരം, ഡോക്ടർമാർ രോഗലക്ഷണങ്ങളെക്കുറിച്ച് ചോദിച്ചറിയുകയും അംഗീകൃത ചോദ്യാവലികൾ അടിസ്ഥാനമാക്കി രോഗനിർണ്ണയം നടത്തുകയും ചെയ്യുന്നു. ഇതിനായി സാധാരണയായി ഉപയോഗിക്കുന്ന  സ്കെയിലുകൾ:

  • എഡിൻബർഗ് പോസ്റ്റ്നേറ്റൽ ഡിപ്രഷൻ സ്കെയിൽ (EPDS)
  • പേഷ്യൻ്റ് ഹെൽത്ത് ക്വസ്റ്റ്യ നെയർ-9 ( PHQ-9)

പ്രസവശേഷം ഡോക്ടറെ കാണുന്ന സമയത്തുതന്നെ ഈ അവസ്ഥ തിരിച്ചറിയുന്നത് ചികിത്സ എളുപ്പമാക്കാൻ സഹായിക്കും.

ചികിത്സ: സമഗ്ര സമീപനം

അസുഖത്തിൻ്റെ കാഠിന്യവും ഓരോ വ്യക്തിയുടെയും ആവശ്യങ്ങളും അനുസരിച്ചാണ് ചികിത്സ നിർണ്ണയിക്കുന്നത്. സാധാരണയായി കൗൺസിലിംഗ്, സാമൂഹിക പിന്തുണ, വേണ്ടിവന്നാൽ മരുന്നുകൾ – ഇതെല്ലാം ചേർന്ന സംയുക്ത ചികിത്സാരീതിയാണ് അവലംബിക്കുന്നത്.

1.സൈക്കോതെറാപ്പി :

കോഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പി: നിഷേധാത്മക ചിന്താഗതി തിരിച്ചറിയാനും അവയെ വേണ്ടരീതിയിൽ മാറ്റിയെടുക്കാനും സഹായിക്കുന്നു.

ഇൻ്റർപേഴ്സണൽ തെറാപ്പി : ബന്ധങ്ങളിലെ വിള്ളലുകളും ജീവിതത്തിൽ വന്ന പുതിയ മാറ്റങ്ങളും കൈകാര്യം ചെയ്യാൻ സഹായിക്കുന്നു.

2.മരുന്നുകൾ:

എസ്.എസ്.ആർ.ഐ  വിഭാഗത്തിൽപ്പെട്ട സെർട്രാലിൻ, ഫ്ലൂഓക്സെറ്റിൻ പോലുള്ള വിഷാദരോഗത്തിനുള്ള മരുന്നുകൾ ഡോക്ടർമാർ നിർദ്ദേശിച്ചേക്കാം.

മുലയൂട്ടുന്ന സമയത്തും കഴിക്കാൻ സുരക്ഷിതമായ ചില മരുന്നുകൾ ലഭ്യമാണ്.  ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രമേ ഇവ ഉപയോഗിക്കാൻ പാടുള്ളൂ.

3.ജീവിതശൈലിയിലെ മാറ്റങ്ങളും സാമൂഹിക പിന്തുണയും:

മതിയായ വിശ്രമം ഉറപ്പാക്കുക.

പോഷകങ്ങൾ നിറഞ്ഞ ആഹാരം കഴിക്കുക.

മനസ്സിന് സന്തോഷം നൽകുന്ന ചെറിയ വ്യായാമങ്ങളിൽ ഏർപ്പെടുക.

കുഞ്ഞിൻ്റെ കാര്യങ്ങൾ നോക്കാൻ ഭർത്താവിനെയും മറ്റ് കുടുംബാംഗങ്ങളെയും പങ്കാളികളാക്കുക.

4.സമാന അനുഭവമുള്ളവരുടെ കൂട്ടായ്മകൾ: പ്രസവശേഷം  സമാനമായ പ്രശ്നങ്ങളിലൂടെ കടന്നുപോകുന്ന മറ്റ് അമ്മമാരുമായി സംസാരിക്കുന്നത് ബുദ്ധിമുട്ടുകൾ കുറയ്ക്കാൻ ഏറെ സഹായകമാണ്.

പ്രതിരോധവും കൃത്യസമയത്തെ ഇടപെടലും

പിപിഡി പൂർണ്ണമായി ഒഴിവാക്കാൻ കഴിയില്ലെങ്കിലും, സാധ്യത കുറയ്ക്കാൻ കഴിയും.  ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇനിപ്പറയുന്നു: 

  • ഗർഭകാലത്ത് തന്നെ പ്രസവത്തിന് ശേഷം ഉണ്ടാകാൻ ഇടയുള്ള മാനസിക വ്യതിയാനങ്ങളെക്കുറിച്ച് മാതാപിതാക്കളെ പറഞ്ഞുമനസ്സിലാക്കുക.
  • മാനസികാരോഗ്യത്തെക്കുറിച്ച് തുറന്നു സംസാരിക്കാൻ പ്രോത്സാഹിപ്പിക്കുക.
  • അപകടസാധ്യത കൂടുതലുള്ള അമ്മമാരെ ഗർഭകാലത്തും പ്രസവശേഷവും നിരീക്ഷിക്കുക.
  • കുടുംബത്തിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും  പിന്തുണ ഉറപ്പാക്കുക.

സഹായം തേടേണ്ടതെപ്പോൾ?

നവജാത ശിശുവിൻ്റെ അമ്മയ്ക്ക് താഴെ പറയുന്ന ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ ഒട്ടും വൈകാതെ വൈദ്യസഹായം തേടേണ്ടതാണ്:

  • സ്വയം ഉപദ്രവിക്കാനോ കുഞ്ഞിനെ ഉപദ്രവിക്കാനോ ഉള്ള തോന്നലുണ്ടെങ്കിൽ.
  • അമിതമായ ഉത്കണ്ഠ കാരണം ദൈനംദിന കാര്യങ്ങൾ ചെയ്യാൻ കഴിയുന്നില്ലെങ്കിൽ.
  • സ്വന്തം കാര്യങ്ങളോ കുഞ്ഞിന്റെ കാര്യങ്ങളോ നോക്കാൻ കഴിയാത്ത അവസ്ഥയുണ്ടെങ്കിൽ.

ഇന്ത്യയിലെ ഹെൽപ്പ് ലൈനുകൾ:

എ എ എസ് ആർ എ : +91-9820466726

പ്രസവാനന്തര വിഷാദമെന്നത് അമ്മയുടെ പരാജയമല്ല—അത് അനുകമ്പയും അവബോധവും കൃത്യസമയത്ത് ചികിത്സയും ആവശ്യമുള്ള ഒരു രോഗാവസ്ഥയാണ്. അമ്മമാരുടെ മാനസികാരോഗ്യത്തെക്കുറിച്ചുള്ള തുറന്ന ചർച്ചകൾ പ്രോത്സാഹിപ്പിക്കുന്നതിലൂടെയും മതിയായ പിന്തുണ നൽകുന്നതിലൂടെയും ഈ  കാലഘട്ടത്തെ സ്വസ്ഥമായി, പ്രതീക്ഷാപൂർവ്വം നേരിടാൻ  അവരെ സഹായിക്കാം.

ഒരു സമൂഹം എന്ന നിലയിൽ നമ്മുടെ പങ്ക് വ്യക്തമാണ്: നവജാതശിശുവിനെ മാത്രമല്ല, അമ്മയെയും പരിപാലിക്കുക. കാരണം, അമ്മയുടെ സ്വാസ്ഥ്യത്തിലാണ്  കുടുംബത്തിൻ്റെ അഭിവൃദ്ധി.

References :

1. Postpartum Depression

2. What is Perinatal Depression?

3. Postpartum depression in India: a systematic review and meta-analysis

4. Exploring predictors and prevalence of postpartum depression among mothers: Multinational study

Related News

ലോക ഭിന്നശേഷി ദിനം 2025: ചേർത്തുനിർത്തുക എന്ന മാനവികത പ്രാവർത്തികമാക്കാം 

ലോക ഭിന്നശേഷി ദിനം 2025: ചേർത്തുനിർത്തുക എന്ന മാനവികത പ്രാവർത്തികമാക്കാം 

ലോക ഭിന്നശേഷി ദിനം 2025 തിയതി: 2025 ഡിസംബർ 3 പ്രമേയം:  “സാമൂഹിക പുരോഗതി കൈവരിക്കാൻ  ഭിന്നശേഷിസമൂഹങ്ങളെ പരിപോഷിപ്പിക്കുക.” സമത്വത്തിന് വേണ്ടി ശബ്ദമുയർത്താൻ ഒരു ദിനം എല്ലാ...

ഡിസംബർ 5, 2025 10:46 pm
ഹൃദയധമനിയിലെ തടസ്സം: അസ്കെമിക് ഹൃദ്രോഗത്തെക്കുറിച്ച്  അറിഞ്ഞിരിക്കാം

ഹൃദയധമനിയിലെ തടസ്സം: അസ്കെമിക് ഹൃദ്രോഗത്തെക്കുറിച്ച്  അറിഞ്ഞിരിക്കാം

പ്രാധാന്യമർഹിക്കാൻ കാരണം? നമ്മുടെ രാജ്യത്ത് എല്ലാ പ്രായക്കാരെയും ബാധിക്കുന്ന അസുഖമായി ഹൃദ്രോഗം മാറിയിട്ട് കുറച്ചു കാലമായി.  30 വയസ്സ് മാത്രം പ്രായമുള്ള യുവതീയുവാക്കളെപ്പോലും ബാധിക്കുന്ന ഗുരുതര വ്യാധിയായി...

ഡിസംബർ 5, 2025 10:45 pm
പെരികാർഡൈറ്റിസ്: ഹൃദയത്തിൻ്റെ സംരക്ഷണ പാളി തകരാറിലാകുമ്പോൾ 

പെരികാർഡൈറ്റിസ്: ഹൃദയത്തിൻ്റെ സംരക്ഷണ പാളി തകരാറിലാകുമ്പോൾ 

ഹൃദയത്തെ പൊതിഞ്ഞു സൂക്ഷിക്കുന്ന ആവരണത്തെക്കുറിച്ച് മനസ്സിലാക്കാം  മുഷ്ടിയോളം വലിപ്പമുള്ള, ദിവസവും ലക്ഷത്തിലേറെത്തവണ മിടിക്കുന്ന ഹൃദയം എന്ന അവയവത്തിന് നമ്മുടെ ജീവിതത്തിലുള്ള പ്രാധാന്യത്തെപ്പറ്റി നമുക്കെല്ലാവർക്കും ധാരണയുണ്ട്. കരുത്തുറ്റ പേശിയാൽ...

ഡിസംബർ 5, 2025 10:44 pm
മാതൃത്വം എന്ന പദവിയിലേക്കുയരുമ്പോൾ: അമ്മയ്ക്കും വേണം പരിപാലനം

മാതൃത്വം എന്ന പദവിയിലേക്കുയരുമ്പോൾ: അമ്മയ്ക്കും വേണം പരിപാലനം

കുഞ്ഞ് ജനിക്കുമ്പോൾ കുടുംബാംഗങ്ങളും ബന്ധുക്കളും അയൽക്കാരുമൊക്കെ പുതിയ അതിഥിയെ കാണാനെത്തും. സന്തോഷത്തിൻ്റെ നിമിഷങ്ങളാണത്. കുഞ്ഞിൻ്റെ പ്രത്യേകതകളും തൂക്കവും ഉറക്കവും എല്ലാം ചർച്ചയാകും.  കുഞ്ഞ് പിറന്നുവീണ നിമിഷം മുതൽ...

ഡിസംബർ 4, 2025 10:59 pm
X
Top
Subscribe