മുൻകൂട്ടി അറിയാം അൽസ്ഹൈമേഴ്സ് സാദ്ധ്യത: കൗമാരം വിടുമ്പോഴേ അറിയാനാകുമെന്ന് പഠനങ്ങൾ

മുൻകൂട്ടി അറിയാം അൽസ്ഹൈമേഴ്സ് സാദ്ധ്യത: കൗമാരം വിടുമ്പോഴേ അറിയാനാകുമെന്ന് പഠനങ്ങൾ

പത്തെഴുപത് വയസ്സിന് ശേഷം മാത്രം വരുന്ന ഒരവസ്ഥയായിട്ടാണ് മറവിരോഗത്തെ നമ്മൾ ഇക്കാലമത്രയും കണ്ടിരുന്നത്. പതിവുരീതികളിൽ നിന്നു മാറി ഓർമ്മകേടും ആശയക്കുഴപ്പവും പ്രകടമാകുമ്പോൾ, പ്രായമേറുന്നതിൻ്റെ ഒരു ഭാഗം എന്ന നിലയിൽ ഡോക്ടറെക്കണ്ട് രോഗനിർണ്ണയം നടത്തും. പ്രകടമാകുന്നതിനും എത്രയോ വർഷങ്ങൾ മുൻപുതന്നെ ഈ രോഗം മസ്തിഷ്ക്കത്തെ ക്ഷയിപ്പിക്കാൻ തുടങ്ങും എന്നതാണ് യാഥാർത്ഥ്യം. ആ സമയത്തു തന്നെ രോഗം തിരിച്ചറിയാൻ കഴിഞ്ഞാൽ, അതായത് അൽസ്ഹൈമേഴ്സ് സാദ്ധ്യത ഏതാണ്ട് ഇരുപതുകളിൽത്തന്നെ കണ്ടെത്താൻ സാധിച്ചാൽ, അത് ഏറെ ഗുണകരമാകും.

ഇത് സാധ്യമാണെന്നാണ് പുതിയ ഗവേഷണങ്ങളും സൂചിപ്പിക്കുന്നത്. രോഗസാധ്യത നേരത്തെ തിരിച്ചറിയാൻ കഴിഞ്ഞാൽ, അത് ചികിത്സാരീതികളിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴിവെയ്ക്കും. രോഗം വന്നതിന് ശേഷമുള്ള ചികിത്സ എന്നതിലുപരി, എത്രയും നേരത്തെ രോഗസാദ്ധ്യതയെ പ്രതിരോധിക്കുന്നതിലേക്ക് കാര്യങ്ങൾ എത്തിയാൽ, അത് രോഗിയേയും ഡോക്ടറേയും ഏറെ സഹായിക്കും. ആ സാദ്ധ്യതയിലേക്ക് വെളിച്ചം വീശുന്നതാണ് ഈ രംഗത്തെ ഏറ്റവും പുതിയ ഗവേഷണങ്ങൾ.

ജീവിതത്തിൽ കരിനിഴൽ വീഴ്ത്തുന്ന രോഗം

ആഗോളതലത്തിലെ കണക്കുകൾ അനുസരിച്ച്, 55 ദശലക്ഷത്തിലധികം ആളുകളെ ബാധിക്കുന്ന, ഡിമെൻഷ്യയുടെ  ഏറ്റവും സാധാരണമായ രൂപമാണ് അൽസ്ഹൈമേഴ്‌സ്. മസ്തിഷ്ക്കത്തിലെ നാഡീകോശങ്ങളെ ക്രമാനുഗതമായി ക്ഷയിപ്പിക്കുന്ന ഈ രോഗത്തിൻ്റെ പ്രധാന കാരണങ്ങൾ ഇവയാണ്:

  • ബീറ്റാ-അമിലോയ്ഡ് പ്ലാക്കുകൾ (Beta-amyloid plaques): നാഡീകോശങ്ങൾക്കിടയിൽ പറ്റിപ്പിടിച്ചിരിക്കുന്ന ഒരുകൂട്ടം പ്രോട്ടീനുകളാണിവ.  ഇത്,കോശങ്ങൾ തമ്മിലുള്ള ആശയവിനിമയം തടസ്സപ്പെടുത്തുന്നു.
  • ടോ ടാംഗിൾസ് (Tau tangles): നാഡീകോശങ്ങൾക്കുള്ളിൽ കാണുന്ന കെട്ടുപിണഞ്ഞ് കട്ടിയായ നാരുകളാണിത്. ഇവ കോശങ്ങളുടെ പ്രവർത്തനം തകരാറിലാക്കുന്നു.
  • മസ്തിഷ്ക്ക ജീർണ്ണത (Progressive brain atrophy): രോഗ കാഠിന്യം കൂടുന്നതിനനുസരിച്ച് മസ്തിഷ്ക്കം ചുരുങ്ങാൻ തുടങ്ങുന്നു, പ്രത്യേകിച്ച് ഓർമ്മയുടെ അടരുകളുള്ള ഹിപ്പോകാമ്പസും മറ്റും.

ഓർമ്മക്കുറവ് തിരിച്ചറിയാൻ കഴിയുന്നതിനും പതിറ്റാണ്ടുകൾക്ക് മുമ്പുതന്നെ തലച്ചോറിൽ മാറ്റങ്ങൾ സംഭവിച്ചു തുടങ്ങും. ശാസ്ത്രീയമായി രോഗം നിർണ്ണയിക്കുമ്പോഴേക്കും മസ്തിഷ്ക്കത്തിന് വലിയ തോതിൽ നാശം സംഭവിച്ചു കഴിഞ്ഞിട്ടുണ്ടാകും. അതൊഴിവാക്കാൻ, എത്രയും നേരത്തെ രോഗസാദ്ധ്യത തിരിച്ചറിഞ്ഞേ തീരൂ. രോഗത്തിൻ്റെ ആദ്യ ഘട്ടത്തിൽത്തന്നെ അതു തിരിച്ചറിയാൻ സഹായിക്കുന്ന ബയോമാർക്കറുകൾക്കായി(biomarkers) ശാസ്ത്രജ്ഞർ ഊർജ്ജിതമായി ഗവേഷണം  നടത്തുന്നത് അതുകൊണ്ടാണ്.

നവീന പഠനം: ചെറുപ്പക്കാരിൽ രോഗസാദ്ധ്യത കണ്ടെത്തുന്നു

നേച്ചർ മെഡിസിൻ, ദി ലാൻസെറ്റ് ന്യൂറോളജി തുടങ്ങിയ പ്രശസ്തമായ ജേണലുകളിൽ പ്രസിദ്ധീകരിച്ച സമീപകാല ഗവേഷണങ്ങൾ പ്രകാരം, ഒരു വ്യക്തിയുടെ ഇരുപതുകളിലോ മുപ്പതുകളിലോ തന്നെ മറവിരോഗം വരാനുള്ള  അതിസൂക്ഷ്മ ലക്ഷണങ്ങൾ കണ്ടുതുടങ്ങാം എന്നാണ്.

നിർണ്ണായക കണ്ടെത്തലുകൾ:

1.രക്തത്തിലെ ബയോമാർക്കറുകൾ 

പുതിയ രക്തപരിശോധനകൾക്ക് ബീറ്റാ-അമിലോയ്ഡ്, ടോ പ്രോട്ടീൻ എന്നിവയുടെ അളവിലെ അസ്വാഭാവികത തിരിച്ചറിയാനാകും. അൽസ്ഹൈമേഴ്സിൻ്റെ പ്രധാന സൂചകങ്ങളാണ് ഈ രണ്ട് ഘടകങ്ങളും. രോഗം വരുന്നതിന് വർഷങ്ങൾക്ക് മുമ്പുതന്നെ ഈ ബയോമാർക്കറുകളുടെ സാന്നിദ്ധ്യം രക്തത്തിൽ ഉണ്ടാകാമെന്നാണ് ഗവേഷകർ പറയുന്നത്. അതിനാൽത്തന്നെ, രക്ത പരിശോധനയിലൂടെ ഭാവിയിലെ രോഗസാദ്ധ്യത തിരിച്ചറിയാൻ കഴിയും. ഓർമ്മകേട് കണ്ടുതുടങ്ങുന്നതിന് വളരെ മുൻപ് രക്തത്തിലെ ടോ പ്രോട്ടീൻ്റെ അളവ് നോക്കി അൽസ്ഹൈമേഴ്‌സ് സാധ്യത പ്രവചിക്കാൻ കഴിയുമെന്ന്, 2023 ൽ നേച്ചർ മെഡിസിൻ എന്ന ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനം വെളിപ്പെടുത്തുന്നു.

2.ചെറുപ്പക്കാരിലെ ബ്രെയിൻ ഇമേജിംഗ്

ഹൈ റെസല്യൂഷൻ എംആർഐ, പെറ്റ് സ്കാനുകൾ എന്നീ പരിശോധനകളിലൂടെ, ജനിതകപരമായി അൽസ്ഹൈമേഴ്സിന് സാദ്ധ്യതയുള്ളവരിൽ, അവർക്ക് ഏകദേശം ഇരുപതു വയസ്സ്  പിന്നിടുമ്പോൾത്തന്നെ തലച്ചോറിൻ്റെ ഘടനയിലും പ്രവർത്തനത്തിലും വരുന്ന ചെറിയ മാറ്റങ്ങൾ കണ്ടെത്താൻ സാധിക്കും.

3.ബൗദ്ധിക പരിശോധനകൾ

ദൈനംദിന ജീവിതത്തിൽ ശ്രദ്ധിക്കപ്പെടാത്ത, ഓർമ്മശേഷിയിലോ ഏകാഗ്രതയിലോ ഉണ്ടാകുന്ന തീരെച്ചെറിയ പിഴവുകൾ പോലും കണ്ടെത്താൻ ചില ആധുനിക മാനസികാരോഗ്യ പരിശോധനകൾക്ക് കഴിയും. മസ്തിഷ്ക്കത്തിൻ്റെ ആരോഗ്യം സംബന്ധിച്ച് ഭാവിയിൽ വരാനിരിക്കുന്ന പ്രശ്നങ്ങളുടെ ആദ്യ സൂചനയാകാമിത്.

4.ജനിതക പരിശോധന

APOE4 എന്ന ജീനിൻ്റെ സാന്നിധ്യം അൽസ്ഹൈമേഴ്‌സ് വരാനുള്ള സാധ്യത ഗണ്യമായി വർദ്ധിപ്പിക്കുന്നു. ഈ ജീനിൻ്റെ സ്വാധീനം ചെറുപ്പത്തിൽത്തന്നെ ബ്രെയിൻ ഇമേജിംഗിലൂടെ കണ്ടെത്താനാകും. രോഗം വരുമെന്ന് ഉറപ്പുനൽകുന്നില്ലെങ്കിലും നേരത്തെയുള്ള ജീവിതശൈലീ മാറ്റങ്ങൾ പ്രയോജനപ്രദമാകുന്നത് ആർക്കൊക്കെയാണെന്നു തിരിച്ചറിയാൻ ഇത് സഹായകമാകും. 

നേരത്തെയുള്ള രോഗനിർണയത്തിൻ്റെ പ്രാധാന്യം 

 ഒരു വ്യക്തിയ്ക്ക് വാർദ്ധക്യത്തിൽ മറവിരോഗം  സ്ഥിരീകരിക്കുകയാണെങ്കിൽ, അതിനും ഇരുപതോ മുപ്പതോ വർഷങ്ങൾക്കു മുമ്പുതന്നെ ആ വ്യക്തിയുടെ ശരീരത്തെ അസുഖം ബാധിച്ചിട്ടുണ്ടാകും. ആ രോഗസാദ്ധ്യത യൗവനാവസ്ഥയിൽത്തന്നെ തിരിച്ചറിയുന്നത് ഇനി പറയുന്ന സൌകര്യങ്ങൾക്ക് ഇട നൽകുന്നു:

  • ജീവിതശൈലിയിൽ നേരത്തെ മാറ്റങ്ങൾ വരുത്താം: വ്യായാമം, ഭക്ഷണക്രമം, ബൗദ്ധിക പരിശീലനം, നല്ല ഉറക്കം എന്നിവയിലൂടെ രോഗസാധ്യത കുറയ്ക്കാം.
  • കൃത്യമായ ചികിത്സകൾ നേരത്തെ തുടങ്ങാം: പുതിയ അൽസ്ഹൈമേഴ്‌സ് മരുന്നുകൾ (ഉദാഹരണത്തിന്, 2023 ൽ അംഗീകരിച്ച ലെക്കാനെമാബ്) രോഗത്തിൻ്റെ പ്രാരംഭ ഘട്ടത്തിൽ, അതായത് തലച്ചോറിന് വലിയ നാശം വരുന്നതിന് മുൻപേ നൽകിയാൽ കൂടുതൽ ഫലപ്രദമാകും.
  • പ്രതിരോധിക്കാനുള്ള പരിശോധനകൾ : കൃത്യമായ ഇടവേളകളിലുള്ള സ്കാനുകളോ രക്തപരിശോധനകളോ ചെയ്യുന്നത്, രോഗ പുരോഗതി നിരീക്ഷിക്കാനും  നേരത്തെ ചികിൽസ നൽകാനും സഹായകമാകും.

 ജീവിതശൈലിയും തലച്ചോറിൻ്റെ ആരോഗ്യവും യൗവനകാലത്ത്

 ജീവിതശൈലിയിലെ ചില മാറ്റങ്ങൾ മറവിരോഗ സാധ്യത കുറയ്ക്കുമെന്ന് ഗവേഷണങ്ങൾ വ്യക്തമാക്കുന്നുണ്ട്:

  • വ്യായാമം: ചിട്ടയായ എയറോബിക് വ്യായാമം ശരീരത്തിലെ, പ്രത്യേകിച്ച് തലച്ചോറിലേക്കുള്ള രക്തയോട്ടം മെച്ചപ്പെടുത്തുകയും ഓർമ്മശക്തിയെ സഹായിക്കുകയും ചെയ്യുന്നു.
  • ഭക്ഷണക്രമം: ഒമേഗ-3, ആൻ്റിഓക്സിഡൻ്റുകൾ, ധാന്യങ്ങൾ എന്നിവ ധാരാളമായി അടങ്ങിയിട്ടുള്ള  മെഡിറ്ററേനിയൻ, മൈൻഡ് (MIND) ഡയറ്റുകൾ ഓർമ്മക്കുറവിൻ്റെ വേഗത കുറയ്ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
  • ഉറക്കം: ആരോഗ്യകരമായ ഉറക്കം തലച്ചോറിൽ നിന്ന് ബീറ്റാ-അമിലോയ്ഡ് പ്രോട്ടീനുകളെ നീക്കം ചെയ്യാൻ സഹായിക്കുന്നു. സ്ഥിരമായ ഉറക്കക്കുറവ്, മറവിരോഗ സാദ്ധ്യതയുടെ നിർണ്ണായക ഘടകമാണ്.
  • ബൗദ്ധികമായ ഉണർവ്: നൈപുണ്യവികസനം, ഭാഷകൾ, അല്ലെങ്കിൽ സംഗീതോപകരണങ്ങൾ പഠിക്കുന്നത് എന്നിവ മസ്തിഷ്ക്കത്തിന് കരുത്തേകുകയും ഓർമ്മക്കുറവിനെ പ്രതിരോധിക്കുകയും ചെയ്യും.
  • സാമൂഹിക ബന്ധങ്ങൾ: ശക്തമായ സൗഹൃദങ്ങളും സാമൂഹിക ബന്ധങ്ങളും മസ്തിഷ്കക്കത്തെ സജീവമായി നിലനിർത്തും, സമ്മർദ്ദം കുറയ്ക്കും. അങ്ങനെ ഡിമെൻഷ്യ സാധ്യതയും കുറയ്ക്കുന്നു.

പ്രതീക്ഷ നൽകുന്ന ഭാവി

ഇരുപതുകളിൽത്തന്നെ അൽസ്ഹൈമേഴ്‌സ് സാധ്യത കണ്ടെത്താനാകും എന്ന ആശയം ചെറുപ്പക്കാരിൽ അവരുടെ ഭാവി സംബന്ധിച്ച് അൽപ്പം ആശങ്ക സൃഷ്ടിച്ചേക്കാമെങ്കിലും വളരെ നേരത്തെ തന്നെ രോഗത്തെ ഫലപ്രദമായി നേരിടാൻ അവസരമുണ്ടാകുന്നു എന്നത് ചെറിയ കാര്യമല്ല. വൈദ്യശാസ്ത്രരംഗത്തെ ഒരു വലിയ മുന്നേറ്റത്തെയാണ് പുതിയ പഠനങ്ങൾ പ്രതിനിധീകരിക്കുന്നത്. ചെറുപ്പകാലത്തുതന്നെ ലളിതമായ രക്തപരിശോധനയിലൂടെ തലച്ചോറിൻ്റെ അപകടസാധ്യതകൾ

കണ്ടെത്താനും രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നതിനും പതിറ്റാണ്ടുകൾക്ക് മുൻപേ പ്രതിരോധ നടപടികൾ സ്വീകരിക്കാനും കഴിയുന്ന ഒരു ഭാവിയെക്കുറിച്ച് ചിന്തിച്ചുനോക്കുമ്പോൾ ഈ സംവിധാനം എത്രയും വേഗം ലഭ്യമാകണമെന്ന് നമ്മളെല്ലാവരും ആഗ്രഹിക്കും.

ഈ വിഷയത്തിൽ ഇനിയും നിരവധി ഗവേഷണങ്ങൾ ആവശ്യമാണെങ്കിലും, ഒരു കാര്യം വ്യക്തമാണ്, അൽസ്ഹൈമേഴ്‌സ് വയസ്സുകാലത്ത് വരുന്ന ഒരു രോഗമല്ല, മറിച്ച് അതിനും എത്രയോ വർഷങ്ങക്ക്  മുൻപ് നിശ്ശബ്ദമായി ആരംഭിക്കുന്ന ഒന്നാണ്. നേരത്തെയുള്ള പ്രതിരോധം തന്നെയാണ് അതിനെ പരാജയപ്പെടുത്താനുള്ള ഏറ്റവും നിർണ്ണായകമായ ചുവടുവെയ്പ്പ്.

References :

1. Study detects biomarker changes nearly 30 years before symptom onset of Alzheimer’s disease

2. Blood biomarkers for Alzheimer’s disease in clinical practice and trials

3. Plasma biomarkers predict Alzheimer’s disease before clinical onset in Chinese cohorts

4. Alzheimer’s Disease Genetic Risk Factor APOE-ε4 Also Affects Normal Brain Function

Related News

ലോക ഭിന്നശേഷി ദിനം 2025: ചേർത്തുനിർത്തുക എന്ന മാനവികത പ്രാവർത്തികമാക്കാം 

ലോക ഭിന്നശേഷി ദിനം 2025: ചേർത്തുനിർത്തുക എന്ന മാനവികത പ്രാവർത്തികമാക്കാം 

ലോക ഭിന്നശേഷി ദിനം 2025 തിയതി: 2025 ഡിസംബർ 3 പ്രമേയം:  “സാമൂഹിക പുരോഗതി കൈവരിക്കാൻ  ഭിന്നശേഷിസമൂഹങ്ങളെ പരിപോഷിപ്പിക്കുക.” സമത്വത്തിന് വേണ്ടി ശബ്ദമുയർത്താൻ ഒരു ദിനം എല്ലാ...

ഡിസംബർ 5, 2025 10:46 pm
ഹൃദയധമനിയിലെ തടസ്സം: അസ്കെമിക് ഹൃദ്രോഗത്തെക്കുറിച്ച്  അറിഞ്ഞിരിക്കാം

ഹൃദയധമനിയിലെ തടസ്സം: അസ്കെമിക് ഹൃദ്രോഗത്തെക്കുറിച്ച്  അറിഞ്ഞിരിക്കാം

പ്രാധാന്യമർഹിക്കാൻ കാരണം? നമ്മുടെ രാജ്യത്ത് എല്ലാ പ്രായക്കാരെയും ബാധിക്കുന്ന അസുഖമായി ഹൃദ്രോഗം മാറിയിട്ട് കുറച്ചു കാലമായി.  30 വയസ്സ് മാത്രം പ്രായമുള്ള യുവതീയുവാക്കളെപ്പോലും ബാധിക്കുന്ന ഗുരുതര വ്യാധിയായി...

ഡിസംബർ 5, 2025 10:45 pm
പെരികാർഡൈറ്റിസ്: ഹൃദയത്തിൻ്റെ സംരക്ഷണ പാളി തകരാറിലാകുമ്പോൾ 

പെരികാർഡൈറ്റിസ്: ഹൃദയത്തിൻ്റെ സംരക്ഷണ പാളി തകരാറിലാകുമ്പോൾ 

ഹൃദയത്തെ പൊതിഞ്ഞു സൂക്ഷിക്കുന്ന ആവരണത്തെക്കുറിച്ച് മനസ്സിലാക്കാം  മുഷ്ടിയോളം വലിപ്പമുള്ള, ദിവസവും ലക്ഷത്തിലേറെത്തവണ മിടിക്കുന്ന ഹൃദയം എന്ന അവയവത്തിന് നമ്മുടെ ജീവിതത്തിലുള്ള പ്രാധാന്യത്തെപ്പറ്റി നമുക്കെല്ലാവർക്കും ധാരണയുണ്ട്. കരുത്തുറ്റ പേശിയാൽ...

ഡിസംബർ 5, 2025 10:44 pm
മാതൃത്വം എന്ന പദവിയിലേക്കുയരുമ്പോൾ: അമ്മയ്ക്കും വേണം പരിപാലനം

മാതൃത്വം എന്ന പദവിയിലേക്കുയരുമ്പോൾ: അമ്മയ്ക്കും വേണം പരിപാലനം

കുഞ്ഞ് ജനിക്കുമ്പോൾ കുടുംബാംഗങ്ങളും ബന്ധുക്കളും അയൽക്കാരുമൊക്കെ പുതിയ അതിഥിയെ കാണാനെത്തും. സന്തോഷത്തിൻ്റെ നിമിഷങ്ങളാണത്. കുഞ്ഞിൻ്റെ പ്രത്യേകതകളും തൂക്കവും ഉറക്കവും എല്ലാം ചർച്ചയാകും.  കുഞ്ഞ് പിറന്നുവീണ നിമിഷം മുതൽ...

ഡിസംബർ 4, 2025 10:59 pm
X
Top
Subscribe