ആരോഗ്യകരമല്ലാത്ത തൊഴിൽ അന്തരീക്ഷം: നേരിടാനുള്ള ശാസ്ത്രീയ മാർഗ്ഗങ്ങൾ

വർത്തമാനകാലത്തെ ഓഫീസുകളും അവിടെ ജോലിചെയ്യുന്നവരും മുൻകാലങ്ങളിലെ തൊഴിലിടങ്ങളിൽ നിന്നും അവിടെ പണിയെടുത്തിരുന്നവരിൽ നിന്നും ഒരുപാട് മാറിയിട്ടുണ്ട്. അവസരങ്ങൾ കൂടിയപ്പോൾ ജോലിയുടെ സ്വഭാവത്തിലും മാറ്റങ്ങൾ വന്നു. പല വിഭാഗങ്ങളിൽ, പല ഷിഫ്റ്റുകളിൽ ജോലി ചെയ്യുന്നവർ. നമ്മളിൽ പലരും ഉണർന്നിരിക്കുന്ന സമയത്തിൽ കൂടുതലും ചെലവഴിക്കുന്നത് ജോലിസ്ഥലത്താണ്. എന്നാൽ ആ ജോലിസ്ഥലം മാനസിക സമ്മർദ്ദത്തിനും ഉത്കണ്ഠയ്ക്കും അസുഖങ്ങൾക്കും കാരണമാകുന്നത് വലിയ ദോഷം ചെയ്യും. ആരോഗ്യകരമല്ലാത്ത ഓഫീസ് അന്തരീക്ഷം തൊഴിൽ നൽകുന്ന സംതൃപ്തിയെ മാത്രമല്ല, അത് മാനസികവും ശാരീരികവുമായ ആരോഗ്യത്തെയും ഗുരുതരമായി ബാധിക്കും. അത്തരം സാഹചര്യങ്ങൾ യഥാസമയം തിരിച്ചറിയുന്നതും ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതും ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്.
എന്താണ് ആരോഗ്യകരമല്ലാത്ത തൊഴിൽ അന്തരീക്ഷം?
ജീവനക്കാർക്ക് തങ്ങൾ അംഗീകരിക്കപ്പെടുന്നില്ലെന്നോ സുരക്ഷിതരല്ലെന്നോ തോന്നുക, ഭീതിയോടെ ജോലി ചെയ്യേണ്ടി വരിക – ഇത്തരം പെരുമാറ്റങ്ങളും മനോഭാവങ്ങളും നിലനിൽക്കുന്ന അന്തരീക്ഷമാണ് തൊഴിലിടത്തുള്ളതെങ്കിൽ അത് തികച്ചും അനാരോഗ്യകരമാണ്. ഇതിൻ്റെ പ്രധാന ലക്ഷണങ്ങൾ ഇവയാണ്:
- തുടർച്ചയായ നിഷേധാത്മകത
- മോശം ആശയവിനിമയം
- ഉപദ്രവിക്കൽ അല്ലെങ്കിൽ ഭീഷണിപ്പെടുത്തൽ
- മേലധികാരികളിൽ നിന്നുള്ള പിന്തുണയില്ലായ്മ
- അമിതമായ ജോലിഭാരവും അംഗീകാരക്കുറവും
അമേരിക്കൻ സൈക്കോളജിക്കൽ അസോസിയേഷൻ വ്യക്തമാക്കുന്നത്, ജോലിസ്ഥലത്തെ സ്ഥിരമായ സമ്മർദ്ദം മനസ്സിനെ തളർത്തുന്ന ബേൺഔട്ടിനും ഉത്കണ്ഠയ്ക്കും വിഷാദത്തിനും ഇടവരുത്തുമെന്നാണ്. മാത്രമല്ല, ഇത്തരം സാഹചര്യങ്ങൾ, ഹൃദ്രോഗത്തിനും രോഗപ്രതിരോധശേഷി കുറയുന്നതിനും പ്രധാന കാരണമാകുന്നു എന്നും എ പി എ വിശദീകരിക്കുന്നു.
ആരോഗ്യത്തെ ബാധിക്കുന്നതെങ്ങനെ?
ഇത്തരം തൊഴിലിടങ്ങൾ സൃഷ്ടിക്കുന്ന സങ്കീർണ്ണമായ ആരോഗ്യ പ്രത്യാഘാതങ്ങളെക്കുറിച്ച് നിരവധി ശാസ്ത്രീയ പഠനങ്ങൾ നടന്നിട്ടുണ്ട്.
മാനസികാരോഗ്യം തകരാറിലാക്കുന്നു: 2022-ൽ ‘ലാൻസെറ്റ്’ മാസികയിൽ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച്, ജോലിസ്ഥലത്തെ വിഷലിപ്തമായ പെരുമാറ്റം ദീർഘകാലം നേരിട്ടാൽ, അത് ഉത്കണ്ഠ മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾക്കും വിഷാദത്തിനും ഉള്ള സാധ്യത വർദ്ധിപ്പിക്കുന്നു.
ബേൺഔട്ട് സിൻഡ്രോം: 2019-ൽ ലോകാരോഗ്യ സംഘടന ‘ബേൺഔട്ട്’ എന്ന അവസ്ഥയെ തൊഴിൽപരമായ പ്രതിഭാസമായി ഔദ്യോഗികമായി അംഗീകരിച്ചു. “വിജയകരമായി കൈകാര്യം ചെയ്യാൻ സാധിക്കാത്ത, ജോലിസ്ഥലത്തെ സ്ഥിരമായ സമ്മർദ്ദം” എന്നാണ് ബേൺ ഔട്ടിന് നൽകിയ നിർവ്വചനം. ഇത് കടുത്ത ക്ഷീണം, ജോലിയിൽ വിരക്തി, കാര്യക്ഷമതയില്ലായ്മ എന്നിവയ്ക്ക് കാരണമാകുന്നു.
ഹൃദ്രോഗസാധ്യതകൾ : മാനസിക അനാരോഗ്യത്തിന് വഴിതെളിക്കുന്ന തൊഴിൽ സാഹചര്യങ്ങൾ ശരീരത്തിലെ കോർട്ടിസോൾ എന്ന സ്ട്രെസ് ഹോർമോണിൻ്റെ അളവ് വർദ്ധിപ്പിക്കുമെന്നും, ഇത് ഉയർന്ന രക്തസമ്മർദ്ദത്തിനും ഹൃദയസംബന്ധമായ അസുഖങ്ങൾക്കും സാധ്യത കൂട്ടുമെന്നും ‘ജേണൽ ഓഫ് ഒക്യുപ്പേഷണൽ ഹെൽത്ത് സൈക്കോളജി’യിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.
രോഗപ്രതിരോധശേഷി നഷ്ടപ്പെടുന്നു: 2021 ൽ ക്ലീവ്ലാൻഡ് ക്ളിനിക് വെളിപ്പെടുത്തിയ റിപ്പോർട്ട് പ്രകാരം,നിരന്തരമായി അനുഭവപ്പെടുന്ന മാനസിക സമ്മർദ്ദം ശരീരത്തിൻ്റെ രോഗപ്രതിരോധ സംവിധാനത്തെ താറുമാറാക്കുന്നു. ഇത് അണുബാധകളും മറ്റ് അസുഖങ്ങളും എളുപ്പത്തിൽ വരാൻ കാരണമാകുകയും ചെയ്യുന്നു.
അനാരോഗ്യകരമായ തൊഴിൽ സാഹചര്യങ്ങൾ നേരിടാൻ
ഓരോരുത്തരുടെയും സാഹചര്യം വ്യത്യസ്തമാണെങ്കിലും, ശാസ്ത്രീയമായി തെളിയിക്കപ്പെട്ട ഈ വഴികൾ നിങ്ങളുടെ മാനസികവും ശാരീരികവുമായ ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കും:
1. അതിരുകൾ നിശ്ചയിക്കുക
അമിതമായ ജോലിഭാരത്തോടും അന്യായമായ ആവശ്യങ്ങളോടും ‘ഇല്ല’ എന്ന് പറയാൻ പഠിക്കുക. നിങ്ങളുടെ വ്യക്തിപരമായ സമയത്തിന് വില നൽകുന്നത് ‘ബേൺഔട്ട്’ ഒഴിവാക്കാനും മാനസികാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
2.മാനസികാരോഗ്യത്തിന് മുൻഗണന നൽകുക
ധ്യാനം, ശ്വസന വ്യായാമങ്ങൾ തുടങ്ങിയ, മനസ്സിന് ശാന്തത നൽകുന്ന കാര്യങ്ങൾ പരിശീലിക്കുക. ഇത് ജോലിസ്ഥലത്തെ സമ്മർദ്ദം കുറയ്ക്കുമെന്ന് ഹാർവാർഡ് ഹെൽത്ത് 2020ൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് പറയുന്നു.
ഉത്കണ്ഠയോ വിഷാദമോ വിട്ടുമാറുന്നില്ലെങ്കിൽ ഒരു കൗൺസിലറുടെയോ മാനസികാരോഗ്യ വിദഗ്ദ്ധന്റെയോ സഹായം തേടുക.
3.എല്ലാം രേഖപ്പെടുത്തി വെയ്ക്കുക
നിങ്ങൾക്ക് ഏതെങ്കിലും തരത്തിലുള്ള വിവേചനമോ അപമാനമോ നേരിടേണ്ടി വന്നാൽ, എല്ലാ സംഭവങ്ങളും തീയതിയും സമയവും ഉൾപ്പെടെ കൃത്യമായി രേഖപ്പെടുത്തി വെയ്ക്കുക. എച്ച്.ആർ (HR) വിഭാഗത്തിൽ പരാതിപ്പെടുമ്പോഴോ നിയമപരമായ സഹായം തേടുമ്പോഴോ ഈ രേഖകൾ ആവശ്യമായി വരും.
4.നല്ല സൗഹൃദങ്ങൾ വളർത്തുക
നിങ്ങളെ മനസ്സിലാക്കുന്ന സഹപ്രവർത്തകരെ കണ്ടെത്തുകയും അവരുമായി ഒരു നല്ല ബന്ധം വളർത്തുകയും ചെയ്യുക. ഇത് തൊഴിലിടത്ത് നിലനിൽക്കുന്ന നെഗറ്റിവിറ്റിയെ ഏറെക്കുറെ പ്രതിരോധിക്കാൻ സഹായിക്കും.
5.പുതിയ അവസരങ്ങൾ കണ്ടെത്തുക
സ്ഥാപനത്തിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ കാരണം സാഹചര്യങ്ങൾ മാറാൻ സാധ്യതയില്ലെന്ന് തിരിച്ചറിഞ്ഞാൽ, ആരോഗ്യത്തിന് മുൻഗണന നൽകി മറ്റൊരു ജോലിയ്ക്കായി ശ്രമിക്കുക. മോശം സാഹചര്യങ്ങളിൽ നിന്ന് ജോലി മാറുന്നത് മാനസികാരോഗ്യം വളരെയധികം മെച്ചപ്പെടുത്തുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു.
ആരോഗ്യമാണ് പ്രധാനം, അത് മറക്കണ്ട
ഒരു തൊഴിലും സ്വന്തം സ്വാസ്ഥ്യം ബലികഴിച്ചുകൊണ്ട് ചെയ്യേണ്ട കാര്യമല്ല. ആരോഗ്യകരമല്ലാത്ത തൊഴിൽ സാഹചര്യങ്ങളിൽ കൂടുതൽ കാലം തുടരുന്നത് ഗുരുതരമായ ശാരീരിക-മാനസിക പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്ന് ശാസ്ത്രീയ ഗവേഷണങ്ങൾ അടിവരയിട്ട് വ്യക്തമാക്കുന്നു. കൃത്യമായ അതിരുകൾ നിശ്ചയിക്കുക, ആവശ്യം വരുമ്പോൾ സഹായം തേടുക, സ്വയം പരിപാലിക്കുക – ഇത്, ജോലിസ്ഥലത്തെ അനാരോഗ്യകരമായ സാഹചര്യം മൂലമുള്ള പ്രതിസന്ധികൾ ഒഴിവാക്കാൻ സഹായിക്കും.
ഓർക്കുക, പ്രശ്നത്തെ തിരിച്ചറിയുക എന്നതിനാണ് പ്രഥമ പരിഗണന നൽകേണ്ടത്. പരമാവധി ശ്രമിച്ചിട്ടും ജോലിസ്ഥലം ആരോഗ്യത്തിന് ഹാനികരമായി തുടരുകയാണെങ്കിൽ, അവിടെ നിന്ന് പടിയിറങ്ങുന്നത് ദൗർബല്യമല്ല, സ്വയരക്ഷയാണ്.
References :
1. Workplaces as engines of psychological health and well-being
2. How a Toxic Work Environment Affects Mental Health
3. Psychosocial factors and hypertension: A review of the literature
4. Psychosocial factors and hypertension: A review of the literature




