വായുമലിനീകരണം എന്ന ആഗോള പ്രതിസന്ധി കുഞ്ഞുങ്ങളിൽ സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്നങ്ങൾ

ശുദ്ധവായു ശ്വസിച്ച് സ്വച്ഛമായ വെള്ളം കുടിച്ച് വിഷാംശമില്ലാത്ത ഭക്ഷണം കഴിച്ച് ആരോഗ്യത്തോടെ ജീവിക്കാൻ കഴിയുക എന്നത് നമ്മൾ ഓരോരുത്തരുടേയും അവകാശമാണ്. പക്ഷെ, വർത്തമാനകാലത്തെ പരിതസ്ഥിതിയിൽ ഈ അവകാശം, പലപ്പോഴും സ്വപ്നം മാത്രമായി മാറാറുണ്ട്.
വായുവിലും വെള്ളത്തിലും ഭക്ഷണത്തിലും മാലിന്യം കലരുന്നതിന് ഉത്തരവാദികൾ നമ്മൾ തന്നെയാണ് എന്ന് തിരിച്ചറിയുമ്പോൾത്തന്നെ, അതുണ്ടാക്കുന്ന അനന്തരഫലങ്ങളും ഓർമ്മ വെക്കേണ്ടതുണ്ട്. പ്രത്യേകിച്ച് , ലോകത്തെ ഏറ്റവും സുരക്ഷിത സ്ഥലമായ അമ്മയുടെ ഉദരത്തിൽ വെച്ചുപോലും , പുറംലോകത്തെ വിഷം കലർന്ന വായു കുഞ്ഞിന് ശ്വസിക്കേണ്ടി വരുമ്പോൾ.
വായുമലിനീകരണത്തെ പാരിസ്ഥിതിക പ്രശ്നം എന്ന ലേബലിൽ മാത്രം ഒതുക്കി നിർത്താനാവില്ല- കുഞ്ഞുങ്ങളുടെ ആരോഗ്യം, വളർച്ച, ഭാവി ഇതെല്ലാം മാറ്റിമറിക്കാൻ ദുഷിച്ച വായുവിന് കഴിയും എന്നതുകൊണ്ടുതന്നെ.
- കുഞ്ഞുങ്ങൾക്ക് കൂടുതൽ ദോഷകരമാകുന്നത് എന്തുകൊണ്ട് ?
കുഞ്ഞുങ്ങൾ ശ്വസിക്കുന്ന വായുവിൻ്റെ അളവ് , മുതിർന്നവരെ അപേക്ഷിച്ച് കൂടുതലാണ്. മാത്രമല്ല, മാലിന്യങ്ങൾ അടിഞ്ഞു കൂടുന്നത് തറയുടെ ഉപരിതലത്തിനോട് ചേർന്നുള്ള പ്രതലത്തിലാണ്. കൊച്ചുകുട്ടികൾ ശ്വാസോച്ഛ്വാസം ചെയ്യുന്നതും ഇതേ പ്രതലത്തിൽ നിന്നുകൊണ്ടാണ്. കുഞ്ഞുങ്ങളുടെ ശ്വാസകോശവും മസ്തിഷ്ക്കവും രോഗപ്രതിരോധ വ്യവസ്ഥയുമൊക്കെ വികസിച്ചുകൊണ്ടിരിക്കുന്ന ചെറുപ്രായത്തിൽ, ശ്വസിക്കുന്ന വായുവിലടങ്ങിയിരിക്കുന്ന PM₂.₅, NO₂
ഓസോൺ, അതിസൂക്ഷ്മ മാലിന്യങ്ങൾ തുടങ്ങിയവയുടെ ദോഷഫലങ്ങൾ വളരെ വേഗത്തിൽ കുഞ്ഞുങ്ങളെ ബാധിക്കുന്നു.
- ശ്വസനപ്രശ്നങ്ങളും ആസ്ത്മയും
- തുടർച്ചയായി ചുറ്റുപാടും നിറഞ്ഞ മലിനവായു ശ്വസിക്കുന്നത്, കുട്ടികളുടെ ശ്വാസകോശ വളർച്ചയും വികാസവും മുരടിക്കാൻ കാരണമാകുന്നു.
- കുറഞ്ഞ കാലയളവിൽ മാത്രമേ അശുദ്ധവായു നിറഞ്ഞ സാഹചര്യങ്ങളിൽ ശ്വസിക്കേണ്ടി വരുന്നുള്ളൂ എങ്കിൽപ്പോലും, അത്,കൊച്ചുകുട്ടികളിൽ ആസ്ത്മ വർദ്ധിക്കാനും ശ്വാസകോശ രോഗങ്ങൾ ബാധിക്കാനും ഇടവരുത്തും .
- ധാരണാശേഷിയേയും നാഡീവികാസത്തെയും ബാധിക്കാം
- വാഹന ഗതാഗതം കൂടുതലുള്ള മേഖലകളിലെ പുക നിറഞ്ഞ അന്തരീക്ഷത്തിൽ ജീവിക്കുന്ന കുട്ടികൾക്ക്, ബുദ്ധിവികാസത്തിൽ പ്രശ്നങ്ങളുണ്ടാകാൻ സാദ്ധ്യതയുണ്ട്. ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ ബുദ്ധിമുട്ടും സംസാരഭാഷാവികസനത്തിന് തടസ്സങ്ങളും വരാം.
- നാഡീവീക്കം, തലച്ചോറിൻ്റെ പ്രവർത്തനത്തിൽ വ്യത്യാസങ്ങൾ, എഡിഎച്ച്ഡി, ഓട്ടിസം തുടങ്ങിയ അവസ്ഥകൾക്കും വായുവിലെ അതിസൂക്ഷ്മ മാലിന്യങ്ങൾ കാരണമാകുന്നതായി കണ്ടെത്തിയിട്ടുണ്ട്.
- ഗർഭാവസ്ഥയിലും ജനനശേഷവും ഉണ്ടാകുന്ന പ്രതിസന്ധികൾ
- ഗർഭകാലത്ത് മലിനവായു ശ്വസിക്കുന്നതിലൂടെ കുഞ്ഞിന്
തൂക്കക്കുറവ്, മാസം തികയാതെയുള്ള ജനനം, ശാരീരിക-മാനസിക വികാസത്തിൽ ബുദ്ധിമുട്ടുകൾ എന്നിവ ഉണ്ടാകുന്നു.
- ഒരുവയസ്സു തികയുംമുമ്പേ ഉയർന്ന തോതിൽ മലിനമാക്കപ്പെട്ട വായു ശ്വസിക്കുന്ന കുട്ടികൾ, ബുദ്ധിമാന്ദ്യവും പഠനവൈകല്യങ്ങളും അനുഭവിക്കുന്നതായി പഠനങ്ങൾ വ്യക്തമാക്കുന്നു.
- വീടിനകത്തെ വായുമലിനീകരണം
- കൊച്ചുകുട്ടികൾ അവരുടെ 90% സമയവും ചെലവഴിക്കുന്നത് വീടിനുള്ളിലാണ്. വീട് സുരക്ഷിതമാണന്ന് നമ്മൾ കരുതുമ്പോഴും പാചക ഇന്ധനം വഴി വായുവിൽ കലരുന്ന മാലിന്യങ്ങളും വീടിനകത്തുപയോഗിക്കുന്ന രാസവസ്തുക്കളും ഗൃഹോപകരണങ്ങൾ പുറന്തള്ളുന്ന വിഷാംശങ്ങളുമെല്ലാം ശ്വാസവായുവിലൂടെ കുഞ്ഞുങ്ങളിലേക്കെത്തുന്നുണ്ട്.
- ഗർഭാവസ്ഥയിലും ജനിച്ച് ആദ്യവർഷങ്ങളിലും വീട്ടിനകത്തുള്ള വായുമലിനീകരണം വഴി കുഞ്ഞുങ്ങളിലെത്തുന്ന ഹാനികരമായ അംശങ്ങൾ, അവരെ, ഭാഷ, ധാരണാശേഷി,ചലനശേഷി തുടങ്ങിയ കഴിവുകളിൽ പുറകോട്ട് വലിക്കുമെന്ന് അമേരിക്കൻ ബർത്ത് കോഹർട്ട് പഠനം തെളിയിച്ചിട്ടുണ്ട്.
- സാമ്പത്തിക അസമത്വവും പാരിസ്ഥിതിക നീതിയും
- വ്യവസായ മേഖലകളിലും സമാന സാഹചര്യങ്ങളിലും താമസിക്കേണ്ടി വരുന്ന ദരിദ്രരും പാർശ്വവൽക്കരിക്കപ്പെട്ടവരുമായ ജനതയ്ക്ക് വായു മലിനീകരണത്തിൻ്റെ ദൂഷ്യഫലങ്ങൾ കൂടുതലായി അനുഭവിക്കേണ്ടി വരുന്നുണ്ട്.
- വർണ്ണ- ഭാഷാ- പ്രാദേശിക- സാമ്പത്തിക വ്യതിയാനങ്ങൾ കണക്കാക്കാതെ, എല്ലാവരേയും ഒന്നായിക്കണ്ട്, തുല്യ പരിഗണനയും പങ്കാളിത്തവും ഉറപ്പുവരുത്തുന്ന നയങ്ങളും നിയമങ്ങളും രൂപീകരിക്കുമ്പോഴാണ് പാരിസ്ഥിതിക നീതി നടപ്പിലാകുന്നത്. പാരിസ്ഥിതിക പ്രശ്നങ്ങളിൽ എല്ലാവർക്കും തുല്യനീതി ലഭിക്കേണ്ടതുണ്ട്. നാടിൻ്റെ വികസനവും ജനക്ഷേമവും മുൻനിർത്തിയുള്ള പ്രവർത്തനങ്ങളിൽ പാരിസ്ഥിതിക നീതിക്കും അതീവ പ്രാധാന്യമുണ്ട്.
- കണക്കുകൾ പറയുന്നത്
- 2025ലെ കണക്ക് പ്രകാരം ബ്രിട്ടനിൽ ആസ്ത്മ സംബന്ധമായ ബുദ്ധിമുട്ടുകളുമായി ഡോക്ടർക്ക് മുമ്പിലെത്തുന്ന രോഗികളുടെ എണ്ണത്തിൽ 45 % വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സുരക്ഷിതമല്ലാത്ത വായു ശ്വസിക്കുന്ന 99% ആളുകളിൽ ഏകദേശം പകുതിപ്പേരും രോഗികളായെന്നർത്ഥം.
- ആഗോളതലത്തിലെ കണക്കെടുത്താൽ, അഞ്ച് വയസ്സിനു താഴെയുള്ള ശിശുമരണത്തിൻ്റെ രണ്ടാമത്തെ പ്രധാന കാരണം വായുമലിനീകരണമാണ്. വീടുകൾക്കകത്തെ ദുഷിച്ച വായു ശ്വസിച്ച് 2019ൽ മാത്രം ഏകദേശം അഞ്ച് ലക്ഷം കുഞ്ഞുങ്ങൾക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്.
- വീട്ടിൽ നിന്ന് തുടങ്ങാം
ചുറ്റുപാടുമുള്ള വായുവിൻ്റെ നിലവാരം മെച്ചപ്പെടുത്താൻ നമുക്കും ചിലത് ചെയ്യാനാകും.
- കിടപ്പുമുറികളിലും ലിവിംഗ് റൂമുകളിലും HEPA ഫിൽറ്ററുള്ള എയർ പ്യൂരിഫയർ ഉപയോഗിക്കാം.
- വായു നിലവാര സൂചിക ഉപയോഗിച്ച് അന്തരീക്ഷ മലിനീകരണം തിരിച്ചറിയാം. വായു മലിനീകരണം കൂടുതലുള്ളപ്പോൾ കുട്ടികളെ വീടിന് പുറത്ത് കളിക്കാൻ വിടരുത്.
- വായു മലിനീകരണം കുറഞ്ഞിരിക്കുമ്പോഴും മഴയ്ക്ക് ശേഷവും ജനലുകൾ തുറന്നിടാം.
- പാചകത്തിന് എൽപിജി, ഇലക്ട്രിക് സംവിധാനങ്ങൾ എന്നിവ ഉപയോഗിക്കുന്നതിലൂടെ വീടിനുള്ളിലെ ഇന്ധനം വഴിയുള്ള മലിനീകരണം ഒഴിവാക്കാം.
- വായു നിലവാരം ഉറപ്പാക്കാനുള്ള നിയമങ്ങൾ പാലിക്കാനും വിദ്യാലയങ്ങൾക്കടുത്ത് മലിനീകരണം ഒഴിവാക്കാനുമുള്ള മാർഗ്ഗങ്ങൾ പിന്തുടരാനും ശ്രദ്ധിക്കാം.
വായു മലിനീകരണത്തെ സാധാരണ പാരിസ്ഥിതിക പ്രശ്നം മാത്രമായി കാണാതെ, വളർന്നു വരുന്ന കുഞ്ഞുങ്ങളുടെ ആരോഗ്യത്തെയും ബുദ്ധിവികാസത്തെയും ഗുരുതരമായി ബാധിച്ചേക്കാവുന്ന ഭീഷണിയായിത്തന്നെ കണക്കാക്കേണ്ടതുണ്ട്. നമുക്കു ശേഷം വരുന്ന തലമുറകൾ ശുദ്ധവായു ശ്വസിച്ച് സ്വച്ഛമായ വെള്ളം കുടിച്ച് വിഷാംശമില്ലാത്ത ഭക്ഷണം കഴിച്ച് സുഖമായി ജീവിക്കട്ടെ.




