ആർത്തവ വിരാമവും ഹോർമോൺ ചികിൽസയും: സ്ത്രീകൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ


സ്ത്രീയുടെ ജീവിതത്തിലെ സ്വാഭാവികമായ പരിവർത്തനമാണ് ആർത്തവവിരാമം. സാധാരണയായി 45–55 വയസ്സിനിടയിലാണ് ഇത് സംഭവിക്കുന്നത്. അണ്ഡാശയങ്ങൾ ഈസ്ട്രജനും പ്രൊജസ്ട്രോണും ഉത്പാദിപ്പിക്കുന്നത് ക്രമേണ നിർത്തുന്നു. ഈ ഹോർമോൺ വ്യതിയാനം, പലപ്പോഴും പെട്ടെന്നുള്ള അമിതമായ വിയർപ്പ്, രാത്രികാലങ്ങളിലെ ഉഷ്ണം, യോനിയിലെ വരൾച്ച, മാനസികാവസ്ഥയിലെ മാറ്റങ്ങൾ, ഉറങ്ങാനുള്ള ബുദ്ധിമുട്ട് തുടങ്ങിയ നിരവധി ലക്ഷണങ്ങൾക്ക് കാരണമാകാം.
ഈ പ്രയാസങ്ങളെ നേരിടാനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സകളിൽ ഒന്നാണ് ഹോർമോൺ റീപ്ലേസ്‌മെന്റ് തെറാപ്പി (HRT) . ഹോർമോൺ പുന:സ്ഥാപന ചികിൽസ എന്താണ്, അത് സുരക്ഷിതമാണോ? ശാസ്ത്രീയമായിത്തന്നെ നമുക്കിത് വിശകലനം ചെയ്യാം.
എന്താണ് ഹോർമോൺ റീപ്ലേസ്‌മെന്റ് തെറാപ്പി?
ആർത്തവ വിരാമം ആകുന്നതോടെ,സ്വാഭാവികമായി ശരീരത്തിലുണ്ടാകുന്ന ഹോർമോണുകളുടെ അളവിൽ വരുന്ന കുറവ് നികത്താൻ ഈസ്ട്രജൻ അല്ലെങ്കിൽ ഈസ്ട്രജനും പ്രൊജസ്ട്രോണും സംയുക്തമായി നൽകുന്ന രീതിയാണ് ഹോർമോൺ റീപ്ളേസ്മെൻറ് തെറാപ്പി അഥവാ HRT. ഈ ചികിൽസയിൽ ഇനിപ്പറയുന്ന മാർഗ്ഗങ്ങളാണ് അവലംബിക്കുക:
- വായിലൂടെ കഴിക്കുന്ന ഗുളികകൾ
- ചർമ്മത്തിൽ ഒട്ടിക്കുന്ന പാച്ചുകൾ
- പുറമേ പുരട്ടുന്ന ക്രീമുകളും ജെല്ലുകളും
- യോനി വളയങ്ങൾ അല്ലെങ്കിൽ ഉള്ളിൽ വെയ്ക്കുന്ന മരുന്നുകൾ
എച്ച് ആർ ടി യുടെ പ്രസക്തി
ആർത്തവവിരാമ ലക്ഷണങ്ങൾ തീവ്രത കൂടിയതായാലും മിതമായതായാലും ഏറ്റവും ഫലപ്രദമായ ചികിത്സ HRT ആണെന്ന് നോർത്ത് അമേരിക്കൻ മെനോപോസ് സൊസൈറ്റി (NAMS) യുടേയും ദി എൻഡോക്രൈൻ സൊസൈറ്റിയുടേയും നിഗമനങ്ങൾ വ്യക്തമാക്കുന്നു.
എച്ച് ആർ ടിയുടെ ഗുണങ്ങളിൽ ഇനിപ്പറയുന്നവ ഉൾപ്പെടുന്നു:
- വാസോമോട്ടർ ലക്ഷണങ്ങൾ കുറയ്ക്കുന്നു (അമിതോഷ്ണം, രാത്രിയിലെ വിയർപ്പ്)
- സ്വസ്ഥമായി ഉറങ്ങാൻ സഹായിക്കുന്നു
- യോനീവരൾച്ചയും ലൈംഗിക ബന്ധത്തിലെ വേദനയും കുറയ്ക്കുന്നു
- അസ്ഥിക്ഷയം തടയുകയും ഓസ്റ്റിയോപൊറോസിസിനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു
അപകടസാധ്യതകൾ
ഹോർമോൺ ചികിൽസാരീതിക്ക് നിരവധി ഗുണങ്ങളുണ്ടെങ്കിലും ഇതിന് അപകടസാധ്യതകളില്ല എന്ന് തീർത്ത് പറയാനാവില്ല. വുമൺസ് ഹെൽത്ത് ഇനിഷ്യേറ്റിവ് (ഡബ്ല്യുഎച്ച്ഐ) ഉൾപ്പെടെയുള്ള പഠനങ്ങൾ അനുസരിച്ച്, ഇനിപ്പറയുന്ന അപകട സാദ്ധ്യതകൾ കണ്ടെത്തിയിട്ടുണ്ട്.
- രക്തം കട്ടപിടിക്കാനുള്ള സാധ്യത വർദ്ധിക്കുന്നു
- ദീർഘകാല ഉപയോഗം സ്തനാർബുദ സാധ്യത വർദ്ധിപ്പിക്കുന്നു
- 60 വയസ്സിനു മുകളിലുള്ള സ്ത്രീകളിൽ പക്ഷാഘാതത്തിനും ഹൃദ്രോഗത്തിനുമുള്ള സാധ്യത
എന്നിരുന്നാലും, ഈ അപകടസാധ്യതകൾ പ്രായത്തെയും ആരോഗ്യത്തെയും ആശ്രയിച്ചിരിക്കുന്നുവെന്നും പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നു. കൂടാതെ 60 വയസ്സിന് മുമ്പോ മെനോപ്പോസ് ആയി 10 വർഷത്തിനുള്ളിലോ ഹോർമോൺ റീപ്ളേസ്മെൻറ് ചികിൽസ ആരംഭിക്കുന്നത്, അപകടസാധ്യതകളേക്കാൾ കൂടുതൽ നേട്ടങ്ങൾ നൽകിയേക്കാമെന്നും പഠനങ്ങൾ പറയുന്നു.
ബയോഐഡന്റിക്കൽ ഹോർമോണുകളും സിന്തറ്റിക് ഹോർമോണുകളും
ശരീരത്തിൽ സ്വാഭാവികമായി ഉൽപ്പാദിപ്പിക്കപ്പെടുന്ന ഹോർമോണുകളുടെ രാസഘടനയോട് സാമ്യമുള്ള ബയോഐഡൻ്റിക്കൽ ഹോർമോണുകൾ ഇപ്പോൾ ലഭ്യമാണ്. ഇവ സുരക്ഷിതമാണെന്ന ലേബലിൽ വിപണിയിലെത്തുന്നുണ്ട്. എന്തായാലും എഫ് ഡി എ അംഗീകാരമുള്ള ഹോർമോണുകളെക്കാൾ മേൻമയേറിയതാണോ എന്നത് സംബന്ധിച്ച് ശക്തമായ ശാസ്ത്രീയ തെളിവുകൾ ലഭ്യമല്ല. ഈവിഷയത്തിൽ ഇനിയുമേറെ പഠനങ്ങൾ നടക്കേണ്ടതുണ്ട്. ദീർഘകാല ഡാറ്റ നിരീക്ഷിച്ചാൽ മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരികയുള്ളൂ .
എച്ച്ആർടി ആരെല്ലാം ഒഴിവാക്കണം?
താഴെ പറയുന്ന അവസ്ഥയുള്ള സ്ത്രീകൾക്ക് HRT അനുയോജ്യമാകണം എന്നില്ല:
- സ്തനാർബുദമോ എൻഡോമെട്രിയൽ കാൻസറോ വന്നിട്ടുള്ളവർ
- അനിയന്ത്രിതമായ ഉയർന്ന രക്തസമ്മർദ്ദമുള്ളവർ
- കരൾ രോഗമോ പക്ഷാഘാതമോ വന്നവർ
- രക്തം കട്ടപിടിക്കാൻ സാധ്യതയുള്ളവർ
ജീവിതശൈലി + എച്ച്ആർടി = സമഗ്ര പരിചരണം
ഹോർമോൺ റീപ്ളേസ്മെൻറ് തെറാപ്പി ചെയ്താലും, ആരോഗ്യകരമായ ജീവിതശൈലി ഉറപ്പുവരുത്തണം :
- കാൽസ്യം, വിറ്റാമിൻ ഡി സപ്ലിമെൻറുകൾ കഴിക്കുക
- വ്യായാമം ,യോഗ, ധ്യാനം തുടങ്ങിയവ ശീലമാക്കാം
- മദ്യപാനം പരിമിതപ്പെടുത്തുക, പുകവലി ഉപേക്ഷിക്കുക
ആർത്തവവിരാമത്തിലൂടെ കടന്നു പോകുന്ന പല സ്ത്രീകൾക്കും ഹോർമോൺ പുനഃസ്ഥാപന ചികിൽസ ഗുണകരമാണ് എന്നതിൽ സംശയമില്ല. എന്നിരുന്നാലും, ഓരോ വ്യക്തിയുടേയും ആർത്തവ വിരാമ ലക്ഷണങ്ങൾ, ആരോഗ്യാവസ്ഥ, സങ്കീർണ്ണമാകാൻ സാധ്യതയുള്ള ഘടകങ്ങൾ എന്നിവയെ എല്ലാം അടിസ്ഥാനമാക്കി വേണം ഹോർമോൺ ചികിൽസ തീരുമാനിക്കാൻ. എച്ച് ആർ ടി നിങ്ങൾക്ക് ഗുണം ചെയ്യുമോ എന്ന് കൃത്യമായി അറിയാൻ ഗൈനക്കോളജിസ്റ്റിനെയോ എൻഡോക്രൈനോളജിസ്റ്റിനെയോ സമീപിക്കുക.




