റീൽസിൽ കുടുങ്ങിയോ നിങ്ങളും ? സമയവും മനസ്സും തിരിച്ചു പിടിച്ചാലോ?

ഒരു ദിവസം ഉച്ചയൂണിനുള്ള ഇടവേളയിൽ ഒരു റീൽ….. പിന്നെപ്പോഴാണ് പാതിരാത്രിയിലും റീലിനു മുമ്പിൽത്തന്നെ ഇരിക്കുന്ന ശീലത്തിലെത്തിയത് എന്ന് അത്ഭുതം തോന്നാം. നിമിഷങ്ങൾ, മിനിറ്റുകൾ, മണിക്കൂറുകൾ….എല്ലാം ഒരേ വേഗത്തിൽ ഓടിപ്പോകുന്നുണ്ട്. നമ്മൾ അപ്പോഴും ആരൊക്കെയോ അയച്ചിട്ട ഏതൊക്കെയോ റീലുകളിൽ തടവിലാണ്.
കുറച്ചു നിമിഷങ്ങൾ മാത്രം ദൈർഘ്യമുള്ള ഒറ്റ റീലിൽത്തുടങ്ങി മണിക്കൂറുകളോളം എത്രയോ റീലുകൾ കണ്ടങ്ങനെ നമ്മളിൽ പലരും ഒരേ ഇരിപ്പിൽ ഒരുപാട് സമയം ചെലവഴിക്കുന്നുണ്ട്. ഇൻസ്റ്റഗ്രാം റീലുകൾ, യൂട്യൂബ് ഷോർട്ട്സ്, ടിക് ടോക് – ഡിജിറ്റൽ ലോകത്തെ ആകർഷണങ്ങളിലേക്ക് വഴുതിവീണാൽപ്പിന്നെ സമയം പോകുന്നത് അറിയുകയേ ഇല്ല. വാസ്തവത്തിൽ, എന്താണ് ഇത്രയേറെ നമ്മെ ആകർഷിക്കുന്ന ഘടകം? ആ തടവിൽ നിന്ന് നമ്മൾ സ്വയം എങ്ങനെ മോചിതരാകും? ഗൌരവമായി ചിന്തിക്കേണ്ട വിഷയം തന്നെയാണിത്.
എന്താണ് ഈ അടിമത്തത്തിന് കാരണം ?
1.ഡോപമിൻ്റെ മനഃശാസ്ത്രം
നമുക്കിഷ്ടമുള്ള ഓരോ റീൽ കാണുമ്പോഴും മസ്തിഷ്ക്കം ഡോപമിൻ ഉൽപ്പാദിപ്പിക്കുന്നു.നമുക്ക് സന്തോഷം കിട്ടുന്നു. മധുരത്തോടുള്ള നിയന്ത്രിക്കാനാകാത്ത ഇഷ്ടം പോലെ, അല്ലെങ്കിൽ ചൂതാട്ടം തരുന്ന ലഹരി പോലെ ആണ് തുടർച്ചയായ ഡോപമിൻ ഉൽപ്പാദനത്തിലും സംഭവിക്കുന്നത്. അടുത്ത റീലിൽ എന്താണെന്നറിയാൻ, അങ്ങനെ അത് തന്നെ തുടരാൻ,തുടർന്നുകൊണ്ടേയിരിക്കാൻ നമുക്ക് താൽപ്പര്യം തോന്നുന്നു.
2.വ്യത്യസ്തതയുടെ പ്രതിഫലനം
സ്ളോട്ട്-മെഷീൻ ഇഫെക്ട് ആണ് റീൽ അടിമത്തത്തിൽ സംഭവിക്കുന്നത്. അതായത് ഒരു റീൽ കാണുമ്പോൾ, അതിലെ വിഷയം അനുസരിച്ച് സന്തോഷം തോന്നാം, തൊട്ടടുത്ത റീൽ നമ്മെ കരയിച്ചേക്കാം, തുടർന്നു വരുന്ന റീലുകളിൽ തമാശ, അതിവൈകാരികത, ശോകം – അങ്ങനെ പല പല വികാരങ്ങളും നിമിഷങ്ങളുടെ വ്യത്യാസത്തിൽ മാറിമാറി വരുന്നു. അടുത്തു വരുന്നത് എന്താണെന്നറിയാത്തത് കൊണ്ടുതന്നെ, അത് കൂടി കാണാൻ നമുക്ക് തോന്നുന്നു. ഇങ്ങനെ ഇടവിട്ടുള്ള പ്രേരകങ്ങൾ ഏറ്റവും ശക്തമായ ഉൾപ്രേരണ സൃഷ്ടിക്കുന്നുവെന്ന് മനഃശാസ്ത്ര ഗവേഷണങ്ങൾ പറയുന്നു.
3. ഉടനടി ആനന്ദം, പ്രശ്നങ്ങളിൽ നിന്ന് മോചനം
15 സെക്കൻ്റിനുള്ളിൽത്തന്നെ തമാശ, ഡ്രാമ, ട്രെൻറുകൾ, ദൃശ്യ സംതൃപ്തി- എല്ലാം നമുക്ക് ലഭിക്കുന്നു. ബോറടിയിൽ നിന്ന്, ഏകാന്തതയിൽ നിന്ന്, ഉത്ക്കണ്ഠയിൽ നിന്ന്, മാനസിക സമ്മർദ്ദത്തിൽ നിന്ന്- അങ്ങനെ നമുക്ക് ഇഷ്ടമില്ലാത്ത സാഹചര്യങ്ങളിൽ നിന്നെല്ലാം ഏറ്റവും എളുപ്പത്തിൽ രക്ഷപ്പെടാനുള്ള വഴിയായി റീൽസ് മാറുന്നു. പുസ്തകം വായിക്കുമ്പോഴോ ദൈർഘ്യമുള്ള ഡോക്യുമെൻ്ററി കാണുമ്പോഴോ വേണ്ട ശ്രദ്ധയോ ഏകാഗ്രതയോ ഇല്ലാതെ തന്നെ അൽപ്പനിമിഷത്തിൽ ആനന്ദം വാഗ്ദാനം ചെയ്യുന്ന ആകർഷണമായി റീലുകൾ മാറുന്നു.
ജീവിതത്തെയും മാനസികാരോഗ്യത്തെയും എങ്ങനെ ബാധിക്കുന്നു
- ഏകാഗ്രത കുറയുന്നു – ചെറിയ ഉള്ളടക്കങ്ങളിൽ നിന്ന് സന്തോഷം കൈവരുന്നതോടെ ശ്രദ്ധ ആവശ്യമുള്ള ദൈർഘ്യമേറിയ കാര്യങ്ങൾ ചെയ്യാൻ ബുദ്ധിമുട്ടുണ്ടാകും.
- ഉറക്ക പ്രശ്നങ്ങൾ – രാത്രി ഉറക്കാൻ കിടക്കുമ്പോഴും റീലുകൾ കാണുന്നത്, സ്വസ്ഥമായ ഉറക്കത്തിന് തടസ്സം സൃഷ്ടിക്കുന്നു. ജൈവതാളം തെറ്റിക്കുന്നു
- ഉത്ക്കണ്ഠയും താരതമ്യ സ്വഭാവവും കൂടും – വ്യക്തികൾ തയ്യാറാക്കിയെടുക്കുന്ന ദൃശ്യങ്ങളുടെ പ്രധാനഭാഗങ്ങൾ മാത്രം റീലുകളിലൂടെ കാണുമ്പോൾ അതുമായി സ്വയം താരതമ്യം ചെയ്യുക വഴി , അപകർഷതാബോധം, നിരാശ, ജീവിതത്തിൽ സംതൃപ്തിയില്ലായ്മ തുടങ്ങിയ പ്രശ്നങ്ങൾ തലപൊക്കുന്നു.
- ഡിജിറ്റൽ ബേൺഔട്ട് – ഒരുപാട് റീലുകൾ കണ്ടു കഴിയുമ്പോൾ, മാനസിക ക്ഷീണം, തളർച്ച, അമർഷം എന്നിവ അനുഭവപ്പെടും
റീൽ അഡിക്ഷൻ മറികടക്കാം : ശാസ്ത്രീയ മാർഗ്ഗങ്ങൾ
1. ശീലത്തിൻ്റെ പ്രത്യേകത തിരിച്ചറിയുക – പത്രപ്രവർത്തകനും എഴുത്തുകാരനും പുലിറ്റ്സർ ജേതാവുമായ ചാൾസ് ഡൂയിഗിൻ്റെ ദ പവർ ഓഫ് ഹാബിറ്റ് എന്ന രചനയിൽ, ശീലശക്തിയിൽ മൂന്ന് ഘടകങ്ങളുണ്ട്. ക്യൂ-റുട്ടീൻ- റിവാഡ്. ഈ ചക്രം തുടർന്നുകൊണ്ടേയിരിക്കുന്നു. റീൽസിന് തുടക്കം, അഥവാ cue നൽകുന്നത് ബോറടിയോ മാനസിക സമ്മർദ്ദമോ ആകാം, routine എന്ന ഘട്ടം, ആപ്പ് തുറന്ന് റീലുകൾ ഓടിച്ചു നോക്കുന്നതും, reward ആകട്ടെ, താൽക്കാലിക ആനന്ദവും. ഈ ശൃംഖല തിരിച്ചറിഞ്ഞാൽ, നമുക്ക് ബോധപൂർവ്വം റീലുകളിൽ നിന്ന് ശ്രദ്ധ മാറ്റാൻ കഴിയും.
2. ഡോപമിൻ ക്രമീകരിക്കാം
ഡോപമിൻ ഉൽപ്പാദിപ്പിക്കുന്ന രീതിയിൽ നിന്ന് മാറാൻ മസ്തിഷ്ക്കത്തെ അനുവദിക്കുക. റീൽസ്, ജങ്ക് ഫുഡ്, സോഷ്യൽ മീഡിയ തുടങ്ങിയവയിൽ നിന്ന് ആഴ്ചയിൽ ഒരു ദിവസമെങ്കിലും മാറി നിൽക്കുക. ഇത്, തലച്ചോറിന്, ഏകാഗ്രത വേണ്ടതും ദൈർഘ്യമേറിയതുമായ പ്രവർത്തനങ്ങൾ ചെയ്യുമ്പോഴും ഡോപമിൻ ഉൽപ്പാദിപ്പിക്കാൻ സഹായിക്കും.
3. റീൽസിന് പകരം മറ്റെന്തെങ്കിലും?
റീലുകൾ കാണുന്നതിന് പകരമായി ഇനിപ്പറയുന്നവ ശീലിക്കാം
- പുസ്തകത്തിൻ്റെ 5 പേജുകൾ എങ്കിലും വായിക്കാം
- സ്വസ്ഥമായി മനസ്സർപ്പിച്ച് കുറച്ചു ദൂരം നടക്കാം
- 10 മിനിറ്റ് ധ്യാനം പരിശീലിക്കാം
- താൽപ്പര്യമുള്ള വിഷയങ്ങളെക്കുറിച്ച് എഴുതാം
4.സാങ്കേതികതയെ നേരിടാം ഡിജിറ്റലായിത്തന്നെ
- ആപ്പുകൾക്ക് നിശ്ചിത സമയം സെറ്റ് ചെയ്തിടാം
- ഫോണിൽ ഗ്രേ സ്കെയ്ൽ മോഡ് പരീക്ഷിക്കാം. ദൃശ്യചാരുത കുറയുന്നതോടെ താൽപ്പര്യവും കുറയും
- അൺഫോളോ ചെയ്യാം. ഓട്ടോപ്ളെ ഫീച്ചറുകൾ ഉപേക്ഷിക്കാം
- Forest, Freedom, One Sec തുടങ്ങിയ ആപ്പുകൾ റീലുകൾ കാണുന്നതിനുള്ള താൽപ്പര്യം കുറയ്ക്കും
5. സാമൂഹ്യ പിന്തുണ തേടാം
ഡിജിറ്റൽ അടിമത്തം കുറയ്ക്കുന്നത് സംബന്ധിച്ച്, സുഹൃത്തുമായോ കുടുംബാംഗവുമായോ നിങ്ങളുടെ ലക്ഷ്യം പങ്കുവെക്കുക. കൂട്ടായ്മകൾ വഴിയുള്ള ഡിജിറ്റൽ ഡീടോക്സ് ചലഞ്ചുകൾ റീൽ അടിമത്തത്തിൽ നിന്ന് മുക്തി നേടാൻ സഹായിക്കും. റീൽ കാണുന്നത് തടയാൻ കഴിയുന്നില്ലെങ്കിൽ മാനസികാരോഗ്യ വിദഗ്ധൻ്റെ സഹായം തേടാം.
സ്വയം ചോദിക്കുക, കാരണം കണ്ടെത്തുക
റീൽസ് അഡിക്ഷൻ ഒരു ലക്ഷണമാകാം. സ്വയം ചോദിക്കുക
- ഞാൻ എന്തെങ്കിലും ഒഴിവാക്കുന്നുണ്ടോ ?
- വികാരങ്ങളെ നിയന്ത്രിക്കാനാണോ ഞാൻ റീലുകളെ ആശ്രയിക്കുന്നത് ?
- എനിക്ക് ഏകാന്തത അനുഭവപ്പെടുന്നുണ്ടോ ?
അടിസ്ഥാന കാരണം എന്തെന്ന് കണ്ടെത്തുക പ്രധാനമാണ്. തെറാപ്പി, കൂട്ടായ്മകൾ, ഹോബി – ഇതെല്ലാം നിങ്ങളുടെ മനസ്സിന് ഊർജം നൽകും.
ജീവിതം തിരികെ നേടാം
റീലുകൾ കാണുന്നത് ഏറ്റവും മോശമാണെന്നല്ല, അത് വിനോദം നൽകും, വിജ്ഞാനം നൽകും, സർഗ്ഗാത്മകതയും സൃഷ്ടിക്കും. റീലുകളോടുള്ള താൽപ്പര്യം അമിതമാവുകയും ചെയ്തു തീർക്കേണ്ട കാര്യങ്ങൾ ശ്രദ്ധിക്കാനാകാതെ വരികയും ചെയ്യുമ്പോൾ അത് ദോഷം ചെയ്യും.
ചിട്ടയോടെ, അവബോധത്തോടെ, മനസ്സർപ്പിച്ച് ശ്രമിച്ചാൽ, നമുക്ക് നമ്മുടെ മസ്തിഷ്ക്കത്തെ വരുതിയിലാക്കാം. അങ്ങനെ സമയം അനാവശ്യമായി പാഴാക്കാതിരിക്കാം. അടിമത്തത്തിൽ നിന്ന് മോചനവും നേടാം.
നിങ്ങൾ ചെയ്യേണ്ടത്
ചെറിയ മാറ്റങ്ങളോടെ തുടങ്ങാം. അടുത്തയാഴ്ച്ച മുതൽ ഒരു ദിവസം റീലുകൾ കാണാൻ 15 മിനിറ്റ് മാത്രമായി പരിമിതപ്പെടുത്താം. എന്താണ് അനുഭവപ്പെടുന്നതെന്ന് എഴുതി വെക്കാം. 15 സെക്കൻ്റുള്ള റീൽ തരുന്നതിനേക്കാൾ എത്രയോ ആനന്ദം ക്രിയാത്മകമായ മറ്റു വഴികളിലൂടെ നമുക്ക് കണ്ടെത്താൻ സാധിക്കും.
References :
1. Dopamine, Smartphones & You: A battle for your time
2.Problematic Smartphone Use and Social Media Fatigue: The Mediating Role of Self-Control
3. Effects of loneliness on short video addiction among college students: the chain mediating role of social support and physical activity
4. Smartphone Addiction: The Slot Machine in Your Pocket




