ഡി എസ് എം – 5 : ആധുനിക മാനസികാരോഗ്യ നിർണ്ണയത്തിൻ്റെ ആണിക്കല്ല്

nellikka.life എഡിറ്റോറിയൽ ടീം തയ്യാറാക്കിയത്
മാനസികാരോഗ്യനിർണയം എന്നത് ഒരു ശാസ്ത്രം എന്നതിനപ്പുറം ഒരു കലയും കൂടിയാണ് — ലോകമെമ്പാടുമുള്ള മാനസികാരോഗ്യ വിദഗ്ധർക്ക് ഒരേ തരത്തിൽ ആശയവിനിമയം നടത്താൻ കഴിയുന്ന രീതിയിലുള്ള ഒരു മാനദണ്ഡമാണ് അതിന് ആവശ്യം. ഈ അടിസ്ഥാന അനിവാര്യതയാണ് ഡി എസ് എം-5 നിർവ്വഹിക്കുന്നത്.
ഡയഗ്നോസ്റ്റിക് ആൻ്റ് സ്റ്റാറ്റിസ്റ്റിക്കൽ മാന്വൽ ഓഫ് മെൻ്റൽ ഡിസോഡേഴ്സ് അഞ്ചാം പതിപ്പ് (Diagnostic and Statistical Manual of Mental Disorders, Fifth Edition) എന്നതിൻ്റെ ചുരുക്കെഴുത്താണ് ഡി എസ് എം- 5 (D S M -5).
നിങ്ങൾ ഒരു മാനസികാരോഗ്യ വിദഗ്ധനോ വൈദ്യശാസ്ത്ര വിദ്യാർത്ഥിയോ മാനസികാരോഗ്യ സംരക്ഷണ വിഷയത്തിൽ താൽപ്പര്യമുള്ള വ്യക്തിയോ ആകട്ടെ, ഡി എസ് എം – 5 എന്താണ് എന്നതിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് ആവശ്യം തന്നെയാണ്.
എന്താണ് ഡിഎസ് എം-5?
മാനസികാരോഗ്യത്തേയും മസ്തിഷ്ക്കവുമായി ബന്ധപ്പെട്ട വിഷയങ്ങളേയും വൈകല്യങ്ങളേയും കുറിച്ച് വളരെ വിശദമായി പ്രതിപാദിക്കുന്ന ഒരു പുസ്തകമാണ് ഡി എസ് എം – 5. അമേരിക്കൻ സൈക്യാട്രിക് അസോസിയേഷൻ ( American Psychiatric Association) അഥവാ എ പി എ (A P A) ആണ് ഈ പുസ്തകത്തിൻ്റെ ഉള്ളടക്കം സംബന്ധിച്ച തീരുമാനം കൈക്കൊള്ളൽ, എഡിറ്റിംഗ്, അവലോകനം തുടങ്ങിയവ നിർവ്വഹിക്കുന്നത്. 2013 മെയ് മാസത്തിലാണ് ഈ പതിപ്പ് പ്രസിദ്ധീകരിക്കപ്പെട്ടത് എങ്കിലും 2022 ൽ അഞ്ചാം പതിപ്പിൻ്റെ പരിഷ്ക്കരിച്ച രൂപം പുറത്തിറക്കി.
ഇതിൽ വിവിധ മാനസികാരോഗ്യ പ്രശ്നങ്ങളുടെ ലക്ഷണങ്ങൾ, വിവരണങ്ങൾ, രോഗനിർണയ മാനദണ്ഡങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട്. ഇനിപ്പറയുന്ന വിഷയങ്ങൾ തന്നെ ഉദാഹരണം:
- മേജർ ഡിപ്രസിവ് ഡിസോർഡർ (Major Depressive Disorder)
- സ്കിസോഫ്രിനിയ (Schizophrenia)
- ബൈപോളാർ ഡിസോർഡർ (Bipolar Disorder)
- ഓട്ടിസം സ്‌പെക്ട്രം ഡിസോർഡർ (Autism Spectrum Disorder)
- ഒബ്സസീവ്-കമ്പൽസീവ് ഡിസോർഡർ (Obsessive-Compulsive Disorder)
- പോസ്റ്റ്-ട്രൊമാറ്റിക് സ്‌ട്രെസ് ഡിസോർഡർ (Post-Traumatic Stress Disorder)
- ഈറ്റിംഗ് ഡിസോർഡേഴ്സ് (Eating Disorders)
- പേഴ്സണാലിറ്റി ഡിസോർഡേഴ്സ് (Personality Disorders)
ഡി എസ് എം – 5 : പ്രസക്തി
1. രോഗനിർണ്ണയ ഏകീകകരണം
ആരോഗ്യപ്രവർത്തകർ, ആഗോളതലത്തിൽത്തന്നെ, ഒരേ രീതിയിലുള്ള രോഗനിർണയ മാനദണ്ഡങ്ങൾ പിന്തുടരുകയും അതുവഴി രോഗനിർണയത്തിൽ ഏകീകരണം ഉറപ്പാക്കപ്പെടുകയും ചെയ്യുന്നു.
2.മെച്ചപ്പെട്ട ആശയവിനിമയം
ചികിത്സകരോ, ഗവേഷകരോ, ഇൻഷുറൻസ് കമ്പനികളോ – ഏത് വിഭാഗത്തിൽപ്പെട്ടവരായാലും, മാനസികാരോഗ്യവുമായി ബന്ധപ്പെട്ട ആശയവിനിമയങ്ങളിൽ വ്യക്തതയും ഐക്യവും കൊണ്ടുവരാൻ ഡിഎസ്എം-5 വഴി സാധിക്കുന്നു.
3. ചികിത്സയ്ക്കും ഗവേഷണത്തിനും ആധാരം
ക്ലിനിക്കൽ പരീക്ഷണങ്ങളും ചികിത്സാ മാർഗരേഖകളും പൊതുവിൽ, ഡിഎസ്എം-5 പ്രകാരമുള്ള വർഗ്ഗീകരണം അടിസ്ഥാനമാക്കിയാണ് നിർണയിക്കപ്പെടുന്നത്.
ഡിഎസ്എം-5 : പ്രധാന സവിശേഷതകൾ
1.ഡൈമെൻഷണൽ അസസ്മെന്റുകൾ
മുൻ പതിപ്പുകളിൽ കാണാത്ത രീതിയിൽ, ഡിഎസ്എം-5 ൽ ത്രിമാന നിർണ്ണയം അഥവാ ഡൈമെൻഷണൽ അസസ്മെന്റുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് രോഗലക്ഷണങ്ങളുടെ തീവ്രതയെ വർഗ്ഗീകരിക്കുന്നു. അതായത്, “ഉണ്ട്/ഇല്ല” എന്ന ബൈനറി സമീപനം ഒഴിവാക്കി രോഗതീവ്രത അടിസ്ഥാനമാക്കി വിലയിരുത്തുന്നു.
2.മൾട്ടി-ആക്സിയൽ സിസ്റ്റം ഒഴിവാക്കൽ
മുൻകാലത്തെ പതിപ്പുകളിൽ ഉണ്ടായിരുന്ന ആക്‌സിസ് I–V എന്ന മൾട്ടി-ആക്സിയൽ സിസ്റ്റം ഇപ്പോൾ ഒഴിവാക്കിയിരിക്കുന്നു.
ഡിഎസ്എം-5, വൈദ്യശാസ്ത്രപരവും മാനസികവും പ്രവർത്തനപരവുമായ ഘടകങ്ങളെ എല്ലാം കോർത്തിണക്കി ഒരൊറ്റ അച്ചുതണ്ടിൽ കേന്ദ്രീകരിക്കുന്നു. ഇതുവഴി, രോഗനിർണയത്തിന് സമഗ്ര സമീപനം ലഭിക്കുന്നു.
3.പുതുക്കിയ രോഗനിർണയ മാനദണ്ഡങ്ങൾ
ഓട്ടിസം സ്‌പെക്ട്രം ഡിസോർഡർ (ASD) പോലുള്ള അവസ്ഥകൾക്ക് കൂടുതൽ കൃത്യത നൽകാൻ കഴിഞ്ഞിട്ടുണ്ട്.
4. പുതിയ അസുഖങ്ങൾ ഉൾപ്പെടുത്തൽ
പുതിയതായി അംഗീകരിക്കപ്പെട്ട ചില മാനസികാരോഗ്യ പ്രശ്നങ്ങൾ ഡിഎസ്എം-5 ൽ ഉൾച്ചേർത്തിരിക്കുന്നു. അവയിൽ ചിലത്:
- ഹോർഡിങ് ഡിസോർഡർ (Hoarding Disorder)
- പ്രിമെൻസ്ട്രുവൽ ഡിസ്ഫോറിക് ഡിസോർഡർ (PMDD)
- ഡിസ്റപ്റ്റീവ് മൂഡ് ഡിസ്റഗുലേഷൻ ഡിസോർഡർ (DMDD)
- ബിംജ് ഈറ്റിംഗ് ഡിസോർഡർ (Binge Eating Disorder)
5. സാംസ്ക്കാരിക രൂപീകരണ അഭിമുഖം ( C F I )
മാനസികാരോഗ്യത്തിൽ സാംസ്ക്കാരിക പ്രത്യേകതകൾ വഹിക്കുന്ന പങ്ക് വിലയിരുത്താൻ, ഡിഎസ്എം-5, ഏകീകൃത രീതി ഉൾക്കൊള്ളുന്നു.
ഇതിനായി 16 ചോദ്യങ്ങളുള്ള ഒരു ഗൈഡ് ഉപയോഗിക്കുന്നു, സംസ്‌കാരവുമായി ബന്ധപ്പെട്ട കാഴ്ച്ചപ്പാടുകളും അതിന്റെ പ്രതിഫലനങ്ങളും വിശദമായി പരിശോധിക്കാൻ ഇതിലൂടെ സാധിക്കുന്നു.
ഡിഎസ്എം-5 ഉം ഐസിഡി-11 ഉം
ഡി എസ് എം-5 അമേരിക്കയിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. ലോകാരോഗ്യ സംഘടന പ്രസിദ്ധീകരിച്ച അന്താരാഷ്ട്ര രോഗനിർണ്ണയ മാർഗ്ഗമാണ് ഐ സി ഡി-11 (International Classification of Diseases) എന്നത്. ഈ രണ്ട് സംവിധാനങ്ങളും തമ്മിൽ സമാനതകൾ ഉണ്ടെങ്കിലും ഐ സി ഡി 11 ആണ് അമേരിക്ക ഒഴികെയുള്ള രാജ്യങ്ങളിൽ കൂടുതലായി ഉപയോഗിച്ചു വരുന്നത്. പ്രത്യേകിച്ച്, ഇൻഷുറൻസ്, സ്ഥിതിവിവരക്കണക്ക് എന്നിവ ഉൾപ്പെടുന്ന മേഖലകളിൽ.
ആക്ഷേപങ്ങളും വിവാദങ്ങളും
വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ടെങ്കിലും, ഡിഎസ്എം-5 വിമർശനങ്ങൾക്ക് അതീതമല്ല എന്നതാണ് വാസ്തവം.
- സാധാരണ സ്വഭാവങ്ങളെ രോഗമായി കാണുന്ന രീതി
നിത്യജീവിതത്തിലെ സാധാരണ മാനസിക സംഘർഷങ്ങളെ മാനസിക വൈകല്യമായി ഡി എസ് എം കണക്കാക്കുന്നു എന്ന് വിമർശകർ ആരോപിക്കുന്നു.
- വ്യക്തിനിഷ്ഠ നിർണ്ണയ സാദ്ധ്യത
പുറമെ പ്രകടമാകുന്ന സ്വഭാവങ്ങളുടേയും വ്യക്ത്യാധിഷ്ഠിതമായ അഭിപ്രായങ്ങളുടേയും അടിസ്ഥാനത്തിലാണ് രോഗനിർണ്ണയം നടത്തുന്നത്. അതുകൊണ്ടുതന്നെ, ഇതിൽ പിഴവുകൾക്ക് സാദ്ധ്യതയുണ്ടെന്നും വിമർശനം ഉയരുന്നുണ്ട്.
- മരുന്നു കമ്പനികളുടെ സ്വാധീനം
നിർമ്മിച്ചെടുക്കുന്ന മരുന്നുകൾക്ക് വിപണി കണ്ടെത്താനായി ഫാർമസ്യൂട്ടിക്കൽ കമ്പനികൾ രോഗനിർണ്ണയ സംവിധാനങ്ങളെ സ്വാധീനിക്കാനിടയുണ്ടെന്ന് ആരോപണമുണ്ട്.
ഡിഎസ്എം-5 ആരെല്ലാം ഉപയോഗിക്കുന്നു?
- മാനസികാരോഗ്യ വിദഗ്ധർ
- പ്രാഥമികാരോഗ്യ ചികിത്സകർ
- മാനസികാരോഗ്യ കൗൺസിലർമാരും സാമൂഹ്യ പ്രവർത്തകരും
- ഗവേഷകരും പൊതുജനാരോഗ്യ ഉദ്യോഗസ്ഥരും
- ഇൻഷുറൻസ് കമ്പനികൾ
നിത്യജീവിതത്തിൽ ഡിഎസ്എം-5
രോഗത്തെക്കുറിച്ച് ആരോഗ്യ പ്രവർത്തകരുമായി മെച്ചപ്പെട്ട രീതിയിൽ ആശയവിനിമയം നടത്താൻ രോഗികളേയും അവരുടെ കുടുംബാംഗങ്ങളേയും ഡി എസ് എം – 5 സഹായിക്കുന്നു.
രോഗ ലക്ഷണങ്ങൾ തുടക്കത്തിലേ തിരിച്ചറിഞ്ഞ് അനുയോജ്യമായ ചികിൽസ തേടാൻ വ്യക്തികളെ ഡി എസ് എം – 5 ൽ പരാമർശിച്ചിട്ടുള്ള അറിവുകൾ പ്രാപ്തരാക്കുന്നു.
ഡിഎസ്എം-5 ഒരു പുസ്തകം എന്നതിലുപരി, വൈദ്യശാസ്ത സഹായിയും ഗവേഷണ ഫലങ്ങൾ ഉൾക്കൊള്ളുന്ന ഗ്രസ്ഥവുമാണ്. മനുഷ്യ മനസ്സിന്റെ സങ്കീർണ്ണതകളെ മനസ്സിലാക്കാൻ സഹായിക്കുന്ന ആഗോള റഫറൻസ് ആണിത്.
സമ്പൂർണ്ണം എന്ന് വിശേഷിപ്പിക്കാൻ ആകില്ലെങ്കിലും മാനസികാരോഗ്യശാസ്ത്രത്തിൽ ഉരുത്തിരിയുന്ന പുരോഗതിയെ പ്രതിഫലിപ്പിക്കുന്നതിനായി നിരന്തരം പരിഷ്‌ക്കരണത്തിന് വിധേയമായിക്കൊണ്ടിരിക്കുന്ന വിലപ്പെട്ട രേഖയാണിത്.
മാനസിക ആരോഗ്യത്തെക്കുറിച്ച് സമൂഹത്തിൽ അവബോധം സൃഷ്ടിക്കാൻ ഡി എസ് എം – 5 സഹായിക്കും. മാനസിക സംഘർഷങ്ങൾ അനുഭവിക്കുന്നവർക്ക് , യാഥാർത്ഥ്യം മനസ്സിലാക്കി മികച്ച ചികിൽസ തേടാനും ആശ്വാസം നേടാനും ഇത് പ്രയോജനപ്രദമാണ്.
References :




