രക്താർബുദവും  മാതൃത്വവും 

Written By ഡോ.രഘു കെ എസ് സീനിയർ കൺസൾട്ടൻറ്, പീഡിയാട്രിക് ഹീമറ്റോളജി ആൻറ് ഓങ്കോളജി ടാറ്റ മെഡിക്കൽ ഇൻസ്റ്റിററ്യൂട്ട് , കൊൽക്കത്ത
രക്താർബുദവും  മാതൃത്വവും 

രോഗബാധയ്ക്ക് ശേഷം  അമ്മയാകാൻ കഴിയുമോ ?

ശൈശവദശയിൽ  ഗുരുതര രോഗാവസ്ഥയിലൂടെ കടന്നു പോകുന്നവരുടെ മാതാപിതാക്കൾക്ക്, കുഞ്ഞുങ്ങൾ ആരോഗ്യം വീണ്ടെടുത്താലും ആധി ഒഴിയില്ല. കുഞ്ഞുന്നാളിലെ അസുഖത്തിൻറെ ബാക്കിപത്രമായി മുതിർന്ന ശേഷവും പ്രതിസന്ധികൾ നേരിടേണ്ടി വരുമോ എന്ന ചിന്ത രക്ഷിതാക്കളെ പിന്തുടരുന്നതായി കാണാം. പ്രത്യേകിച്ച്, കുഞ്ഞിൻറെ ഭാവിജീവിതം, വിവാഹം, പ്രത്യുൽപ്പാദനശേഷി തുടങ്ങിയ വിഷയങ്ങളിൽ.

അത്തരത്തിലുള്ള ആശങ്കകൾ രക്താർബുദം ബാധിച്ച കുഞ്ഞുങ്ങളുടെ കാര്യത്തിലും മാതാപിതാക്കൾക്ക് ഉണ്ടാകാറുണ്ട്.

രക്താർബുദം അതിജീവിച്ച പെൺകുട്ടിക്ക് ഭാവിയിൽ  അമ്മയാകാൻ കഴിയുമോ ?

വളരെ പ്രസക്തമായ ചോദ്യമാണിത്. അർബുദരോഗം, പ്രത്യേകിച്ച് രക്താർബുദം അഥവാ ലുക്കീമിയ, സങ്കീർണ്ണമായ അവസ്ഥ  തന്നെയാണ്.  കൃത്യമായ ചികിൽസയിലൂടെ രക്താർബുദം ബാധിച്ച കുഞ്ഞിൻറെ ജീവൻ  രക്ഷിക്കാനാകുമെങ്കിലും കുഞ്ഞിന് ശാരീരികമായി നിരവധി മാറ്റങ്ങൾ വരാൻ  സാദ്ധ്യതയുണ്ട്. രക്താർബുദ ചികിൽസ, പ്രത്യുൽപ്പാദന വ്യവസ്ഥയേയും  പ്രതികൂലമായി ബാധിക്കാനിടയുണ്ട് എന്നത് യാഥാർത്ഥ്യമാണ്.  

ഈ വിഷയത്തെക്കുറിച്ച്,  കൊൽക്കത്തയിലെ ടാറ്റ മെഡിക്കൽ ഇൻസ്റ്റിററ്യൂട്ടിലെ കുട്ടികളുടെ അർബുദ ചികിൽസാവിഭാഗത്തിൽ സേവനമനുഷ്ഠിക്കുന്ന പ്രശസ്ത ഡോക്ടർ രഘു കെ എസ് , ചികിൽസാനുഭവങ്ങൾ അടിസ്ഥാനമാക്കി ശാസ്ത്രീയ അപഗ്രഥനം നടത്തുകയാണിവിടെ.

കാൻസർ ചികിൽസയും പ്രത്യുൽപ്പാദന ക്ഷമതയും തമ്മിൽ ബന്ധമുണ്ടോ ?

അർബുദ രോഗബാധയും രോഗത്തെ ചെറുക്കാനുള്ള ചികിൽസയും പ്രത്യുൽപ്പാദന വ്യവസ്ഥയെ ബാധിക്കാൻ സാദ്ധ്യതയുണ്ട് എന്നത് സത്യമാണ്. കാൻസർ ചികിൽസയിൽ നിർണ്ണായകമായ ഉയർന്ന ഡോസിലുള്ള കീമോതെറാപ്പി, ജനനേന്ദ്രിയത്തിനടുത്തുള്ള റേഡിയേഷൻ ചികിൽസ, മജ്ജ മാറ്റിവെക്കൽ തുടങ്ങിയ ചികിൽസയ്ക്ക് വിധേയമാകുന്ന പെൺകുട്ടികളുടെ അണ്ഡാശയത്തിനോ ഗർഭപാത്രത്തിനോ തകരാർ സംഭവിക്കാനിടയുണ്ട്. ആൺകുട്ടികളിൽ ബീജങ്ങളുടെ എണ്ണം കുറഞ്ഞേക്കാം.  കുട്ടിക്കാലത്ത് ഇത്തരം ചികിൽസകൾ നടത്തേണ്ടി വരുന്നവരിൽ ഭാവിയിൽ കുഞ്ഞുങ്ങളുണ്ടാകാനുള്ള സാദ്ധ്യത കുറയുന്നതായി കാണാം.

രക്താർബുദം ബാധിച്ച് ചികിൽസ തേടുന്നവർക്കെല്ലാം വന്ധ്യത വരുമെന്നല്ല ഇതിനർത്ഥം. വാസ്തവത്തിൽ, കുഞ്ഞുന്നാളിൽ ലുക്കീമിയ ബാധിച്ച് ചികിൽസക്ക് വിധേയരാവുന്ന പല  പെൺകുഞ്ഞുങ്ങൾക്കും ഭാവിയിൽ ഗർഭം ധരിക്കാനും അമ്മയാകാനും  കഴിയാറുണ്ട്.  

ഒരു വ്യക്തിയുടെ പ്രത്യുൽപ്പാദന ക്ഷമത , ഇനിപ്പറയുന്ന കാര്യങ്ങൾക്ക് അനുസൃതമായി  വ്യത്യാസപ്പെടാം.  

  • ഏത് തരം അർബുദം
  • റേഡിയേഷൻ നൽകുന്ന ശരീരഭാഗം ഏത് , വികിരണത്തിൻെറ തീവ്രത എത്ര
  • കീമോതെറാപ്പിക്ക് ഉപയോഗിക്കുന്ന മരുന്നുകളുടെ സ്വഭാവം
  • ചികിൽസക്ക് വിധേയമാകുമ്പോഴത്തെ പ്രായം 

തീരെ ചെറിയ പ്രായത്തിൽ ചികിൽസ തേടുകയും താരതമ്യേന കുറഞ്ഞ അളവിൽ മരുന്നുകൾ ഉപയോഗിക്കുകയും ചെയ്ത പെൺകുട്ടികളിൽ  പ്രത്യുൽപ്പാദന ക്ഷമത നിലനിർത്താനുള്ള സാദ്ധ്യത  കൂടുതലാണ്.

ആൺകുട്ടികളും രക്താർബുദ ചികിൽസയും

പെൺകുഞ്ഞുങ്ങളേപ്പോലെ തന്നെ, തീരെ കുഞ്ഞുപ്രായത്തിൽ ചികിൽസക്ക് വിധേയമാകുന്ന ആൺകുട്ടികൾക്കും  ഭാവിയിൽ പ്രത്യുൽപ്പാദന ക്ഷമത നിലനിർത്താൻ കഴിയാറുണ്ട്. കീമോതെറാപ്പിക്ക് ഉപയോഗിക്കുന്ന ചില മരുന്നുകൾ ബീജോൽപ്പാദനത്തെ  ബാധിക്കാറുണ്ടെങ്കിലും മിക്ക കേസുകളിലും ഈ പ്രശ്നം താൽക്കാലികം മാത്രമാണ്.

അതിജീവനത്തിന് ശേഷം പ്രതീക്ഷയോടെ

രക്താർബുദം എന്ന സങ്കീർണ്ണമായ രോഗാവസ്ഥയെ പോരാടിത്തോൽപ്പിക്കുക എന്നത് തന്നെ വലിയ വിജയമാണെന്ന് നിസ്സംശയം പറയാം. നൂതന ചികിൽസാരീതികൾ അവലംബിച്ചുള്ള മുന്നേറ്റത്തിലൂടെ,  ശുശ്രൂഷാരീതികളിലൂടെ, രോഗശമനത്തിനൊപ്പം തന്നെ രോഗിയുടെ പ്രത്യുൽപ്പാദന ക്ഷമത സംബന്ധിച്ച കരുതലും ആരോഗ്യത്തോടെയുള്ള ഭാവിജീവിതവും മുന്നിൽക്കണ്ടാണ്  ഡോക്ടർമാർ ചികിൽസ നൽകുന്നത്.   

പുതിയ സാങ്കേതിക വിദ്യയെ ആധാരമാക്കി,  കൌമാരക്കാരിലുണ്ടാകുന്ന രക്താർബുദ ചികിൽസക്കൊപ്പം,  അവരുടെ അണ്ഡവും ബീജവും ഫ്രീസ് ചെയ്ത് സൂക്ഷിക്കുകയും ഭാവിയിൽ ഗർഭധാരണത്തിനുപയോഗിക്കുകയും ചെയ്യുന്ന രീതിയും വ്യാപകമാകുന്നുണ്ട്. 

അതിജീവിച്ചവരും രക്ഷിതാക്കളും അറിയാൻ

ലുക്കീമിയക്ക് ചികിൽസ വേണ്ടിവന്നിട്ടുള്ള കുട്ടികളുടെ രക്ഷിതാക്കൾ, കുഞ്ഞുങ്ങൾ മുതിരുമ്പോഴുണ്ടായേക്കാവുന്ന പ്രത്യുൽപ്പാദന ക്ഷമത സംബന്ധിച്ച സംശയങ്ങളും ആശങ്കകളും ഡോക്ടറോട് തുറന്നു ചോദിച്ച് മനസ്സിലാക്കാൻ മടിക്കരുത്. ഭാവിയിൽ നേരിടാൻ സാദ്ധ്യതയുള്ള സങ്കീർണ്ണതകൾ , നേരത്തെ തിരിച്ചറിഞ്ഞ് പ്ളാൻ ചെയ്താൽ, ആത്മവിശ്വാസത്തോടെ, ധൈര്യത്തോടെ മുന്നേറാനാകും.

കുട്ടിക്കാലത്ത് രക്താർബുദത്ത അതിജീവിച്ച നിരവധി പേർ കുടുംബത്തോടൊത്ത് , സന്തോഷകരമായ ജീവിതം നയിക്കുന്നുണ്ട്, ആരോഗ്യമുള്ള കുഞ്ഞുങ്ങളുടെ അച്ഛനമ്മമാരായിത്തന്നെ. 

രത്നച്ചുരുക്കം

  •  രക്താർബുദവും ചികിൽസയും വന്ധ്യതയ്ക്ക് കാരണമാകാറുണ്ട്, പക്ഷെ,എല്ലാവരിലും അങ്ങനെയാകണമെന്നില്ല.
  • ലുക്കീമിയക്ക് ചികിൽസ തേടിയിട്ടുള്ള ഭൂരിഭാഗം ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യുൽപ്പാദന ശേഷി നിലനിർത്താൻ കഴിഞ്ഞിട്ടുണ്ട്.
  •  ചികിൽസയുടെ സ്വഭാവം, തീവ്രത, റേഡിയേഷൻ നടത്തുന്ന ശരീരഭാഗം എന്നിവയെ ആശ്രയിച്ചാകും  രോഗിയുടെ പ്രത്യുൽപ്പാദന ക്ഷമത.
  •   ആരംഭാവസ്ഥയിൽത്തന്നെ തിരിച്ചറിഞ്ഞ്, മികച്ച ചികിൽസ നൽകി, വിദഗ്ധരുടെ നിർദ്ദേശങ്ങൾ കൈക്കൊള്ളുന്നതുവഴി,കുട്ടികളിൽ   ഭാവിയിലെ പ്രത്യുൽപ്പാദന സാദ്ധ്യത വർദ്ധിപ്പിക്കാനാകും.

Related News

ലോക പൊണ്ണത്തടി ദിനം

ലോക പൊണ്ണത്തടി ദിനം

അമിതവണ്ണം എന്ന ആധുനികവിപത്തിനെക്കുറിച്ച് അറിഞ്ഞിരിക്കാം എല്ലാ വർഷവും മാർച്ച് 4-ാം തിയതി നമ്മൾ ലോക പൊണ്ണത്തടി ദിനമായി ആചരിക്കുന്നുണ്ട്. അമിതവണ്ണം ഇന്ന് ലോകം നേരിടുന്ന സങ്കീർണ്ണമായ ആരോഗ്യ...

മാർച്ച്‌ 4, 2026 11:03 pm
 സമ്മർദ്ദം ഒഴിവാക്കി ഓർമ്മശക്തി കൂട്ടാം: പരീക്ഷയ്ക്ക് അതിവേഗം ഓർത്തെടുക്കാൻ ഡോക്ടർ നൽകുന്ന മാർഗ്ഗനിർദ്ദേശങ്ങൾ

 സമ്മർദ്ദം ഒഴിവാക്കി ഓർമ്മശക്തി കൂട്ടാം: പരീക്ഷയ്ക്ക് അതിവേഗം ഓർത്തെടുക്കാൻ ഡോക്ടർ നൽകുന്ന മാർഗ്ഗനിർദ്ദേശങ്ങൾ

“ഡോക്ടർ, എല്ലാം പഠിച്ചതാണ്… പക്ഷേ പരീക്ഷാഹാളിൽ എത്തുമ്പോൾ ഒന്നും ഓർമ്മ കിട്ടുന്നില്ല.” പരീക്ഷാക്കാലത്ത് ക്ലിനിക്കുകളിൽ എത്തുന്ന വിദ്യാർത്ഥികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും ഏറ്റവും കൂടുതൽ കേൾക്കുന്ന ഒരു...

മാർച്ച്‌ 1, 2026 4:10 pm
പരീക്ഷാപ്പേടിയിൽ നിന്ന് ജയിച്ചുകേറാം

പരീക്ഷാപ്പേടിയിൽ നിന്ന് ജയിച്ചുകേറാം

ആശങ്കകളെ തോൽപ്പിക്കാനുള്ള ശാസ്ത്രീയ മാർഗ്ഗങ്ങൾ പരീക്ഷകൾ വിദ്യാർത്ഥികളുടെ മനസ്സിൽ പലതരത്തിലുള്ള വികാരങ്ങൾ സൃഷ്ടിക്കാറുണ്ട്. ആകാംക്ഷ, ഭീതി, ആശങ്ക അങ്ങനെയങ്ങനെ. വാസ്തവത്തിൽ ചെറിയൊരു പേടിയുള്ളത്, പഠനത്തിൽ കൂടുതൽ ശ്രദ്ധ...

മാർച്ച്‌ 1, 2026 12:24 am
വളർത്തുനായ നക്കിയാൽ സെപ്സിസ് വരുമോ?

വളർത്തുനായ നക്കിയാൽ സെപ്സിസ് വരുമോ?

നായ്ക്കുട്ടിയെ വളർത്തുന്നവർ ഡോഗ് മാസ്റ്ററിൽ നിന്ന്, ഡോഗ് ഓണറിൽ നിന്ന് പെറ്റ് പാരൻ്റിലേക്ക് വളർന്നെത്തിയ കാലമാണിത്. ഒരുകാലത്ത്  വീടിനുപുറത്തുമാത്രം കഴിഞ്ഞിരുന്ന നായ്ക്കുട്ടികൾ ഇന്ന് നമ്മുടെ സന്തതസഹചാരികളായി മാറിക്കഴിഞ്ഞു. ...

ഫെബ്രുവരി 25, 2026 11:21 pm
Top
Subscribe