വാർദ്ധക്യത്തിലെത്തിയ മാതാപിതാക്കളെ കർമ്മോത്സുകരാക്കാൻ നമുക്ക് എങ്ങനെ സാധിക്കും

രംഗം : തിങ്കൾ, രാവിലെ 11:45 | വിശ്രമമുറിയിൽ കാപ്പിയുടെ ഗന്ധവും കമ്പൂട്ടർ കീബോർഡിൽ കൈവിരലോടിക്കുമ്പോഴുള്ള നേർത്ത ശബ്ദവും നിറഞ്ഞുനിന്നു.
കഥാപാത്രങ്ങൾ :
അർജുൻ ,33 വയസ്സുള്ള സോഫ്റ്റ്‌വെയർ എഞ്ചിനീയർ
മീര ,29 വയസ്സുള്ള പ്രോജക്ട് കോർഡിനേറ്റർ
ഗ്രീൻ ടീ കുടിച്ചു കൊണ്ട് മീര സംസാരിച്ചു തുടങ്ങി…
“എന്റെ അമ്മ ഇന്ന് രാവിലെ എന്നെ വിളിച്ചു പറയുകയാണ്, അവർ ദിവസം മുഴുവൻ ഇപ്പോൾ ടിവി ക്ക് മുമ്പിലാണെന്ന് .എനിക്ക് ശരിക്കും കുറ്റബോധം തോന്നുന്നു. കഴിഞ്ഞ വർഷം ജോലിയിൽ നിന്ന് വിരമിച്ചതുമുതൽ, അവരുടെ ലോകം നാല് ചുവരുകളിലേക്കും ഒരു റിമോട്ടിലേക്കും ചുരുങ്ങിപ്പോയി.”
അർജുൻ കാപ്പിയിൽ നിന്ന് മുഖമുയർത്തി മെല്ലെ പറഞ്ഞു..
ഏതാണ്ടിതേ അനുഭവമാണെനിക്കും..അച്ഛൻ വളരെ ഉത്സാഹിയായിരുന്നു, പക്ഷേ ,ഇപ്പോൾ… കട്ടിൽ, വാട്ട്‌സ്ആപ്പ് , ഉച്ചമയക്കം. ഇതിലേക്ക് അച്ഛൻ്റെ ജീവിതവും ചുരുങ്ങിക്കഴിഞ്ഞിരുന്നു. എന്തെങ്കിലും ചെയ്തേ തീരൂ എന്ന് എൻ്റെ മനസ്സ് പറഞ്ഞു.
മീര :
“എന്നിട്ട്, നീ എന്തു ചെയ്തു?”
അർജുൻ (പുഞ്ചിരിയോടെ) :
ചെറിയ ചില സൗകര്യങ്ങൾ ഞാൻ അദ്ദേഹത്തിനായൊരുക്കി. ബാത്ത്റൂമിൽ മോഷൻ സെൻസർ ലൈറ്റുകളും പിടിച്ചു നടക്കാനുള്ള ഇരുമ്പുകമ്പികളും സ്ഥാപിച്ചു. അതോടെ അച്ഛന് നടക്കാനുള്ള ആത്മവിശ്വാസം കൂടുതലായി. പിന്നെ അച്ഛന് ഞാനൊരു ഫിറ്റ്നസ് ബാൻഡ് സമ്മാനിച്ചു. ഇപ്പോൾ ഒരു ഗെയിം കളിക്കുമ്പോലെയാണ് അച്ഛൻ സ്വന്തം ആരോഗ്യത്തെ നോക്കിക്കാണുന്നത്. “
മീര :
“എന്തായാലും അത് നന്നായി. എന്റെ അമ്മ ഇപ്പോൾ പുറത്തേക്ക് ഇറങ്ങാറേയില്ല. അവർക്ക് എപ്പോഴും ക്ഷീണമാണെന്ന് പറയുന്നു . പക്ഷേ സത്യം പറഞ്ഞാൽ, ക്ഷീണത്തേക്കാൾ ഏകാന്തതയാണ് അവരെ അലട്ടുന്നതെന്ന് എനിക്ക് തോന്നുന്നു.”
അർജുൻ :
“തീർച്ചയായും. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓൺ ഏജിംഗ് നടത്തിയ
ഒരു പഠനത്തിൽ പറയുന്നത്, പ്രായമായവരിൽ ഏകാന്തത ഒരു ദിവസം 15 സിഗരറ്റ് വലിക്കുന്നത് പോലെ ദോഷകരമാണ് എന്നാണ്. ശാരീരിക പ്രവർത്തനങ്ങൾ പോലെ തന്നെ പ്രധാനമാണ് മാനസിക ആരോഗ്യവും”
മീര:
“വിഷമകരമായ ഒരു കാര്യം തന്നെയാണിത് . ഞാൻ അമ്മയെ ഗാർഡനിങ്ങിലേക്ക് എത്തിക്കാൻ ശ്രമിച്ചു. പക്ഷേ മണ്ണിൽ ചവിട്ടി നടക്കുന്നത് അവരുടെ കാൽമുട്ടുകൾക്ക് വളരെ ബുദ്ധിമുട്ടുണ്ടാക്കുന്നെന്ന് അവർ എന്നോട് പറഞ്ഞു.”
അർജുൻ :
“ പൊക്കത്തിൽ വെയ്ക്കാവുന്ന ചെടികളോ, ബാൽക്കണിയിൽ ചെടിച്ചട്ടികളോ പരീക്ഷിച്ചുനോക്കൂ. എന്റെ അച്ഛൻ രണ്ട് മുളക് ചെടികളിൽ നിന്നാണ് തുടങ്ങിയത്. ഇപ്പോൾ അദ്ദേഹം ഒരു സമ്പൂർണ്ണ ഔഷധത്തോട്ടത്തിന്റെ ഉടമയാണ്. ആ പ്രവൃത്തികൾ അദ്ദേഹത്തിന് ഒരു ലക്ഷ്യബോധം നൽകുന്നുണ്ട് – കുടുംബ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ തന്റെ തുളസിയിലകളെക്കുറിച്ച് അദ്ദേഹം വീമ്പിളക്കുന്നുണ്ട്!”
മീര (ചിരിക്കുന്നു) :
“അത് വളരെ നല്ല കാര്യമാണല്ലോ ,പിന്നെ പുതിയ സാങ്കേതികവിദ്യയുടെ കാര്യമാണെങ്കിൽ … അമ്മയെ വീഡിയോ കോളുകൾ നന്നായി ഉപയോഗിക്കാൻ പഠിപ്പിക്കണമെന്ന് ഞാൻ വിചാരിക്കുന്നു. “
അർജുൻ :
“തീർച്ചയായും നല്ല കാര്യമാണത് . പഴയ പല കോൺടാക്റ്റ് നമ്പരുകളും സേവ് ചെയ്ത്, വലിയ ഐക്കണുകളുമുള്ള ഒരു ടാബ്‌ലെറ്റ് ഞാൻ അച്ഛന് വാങ്ങിക്കൊടുത്തു. ഇപ്പോൾ എല്ലാ ഞായറാഴ്ചയും അച്ഛൻ കോളേജ് സുഹൃത്തുക്കളെ വീഡിയോ കോൾ ചെയ്യുന്നു. എന്തിന്, അവരിപ്പോൾ അതിൽ അന്താക്ഷരി കളിക്കുന്നുമുണ്ട്.”
മീര (പുഞ്ചിരിയോടെ)
“എനിക്കിത് വളരെ രസകരമായിത്തോന്നുന്നു.
അവർക്ക് സൗകര്യങ്ങൾ ഒരുക്കുന്നതിലല്ല മറിച്ച് അവർക്കത് സന്തോഷം നൽകുന്നുണ്ടോ എന്നതാണ് പ്രധാനം.
അത് അവരെ കൂടുതൽ ഊർജ്ജ്വസ്വലരാക്കും. അല്ലേ ?”
അർജുൻ :
“ശരിയാണ്. ഇരുപത് മിനിറ്റ് നീളുന്ന ആയാസകരമല്ലാത്ത നടത്തവും മുപ്പത് മിനിറ്റ് സംസാരവുമൊക്കെ അവരുടെ ദിവസത്തെ തന്നെ മാറ്റിമറിക്കും.
കൂടാതെ—ഇപ്പോൾ മുതിർന്നവർക്കായി കമ്മ്യൂണിറ്റി ഗ്രൂപ്പുകളുണ്ട്. യോഗ, ചിരി ക്ലബ്ബുകൾ, വായനാ വേദികൾ, അങ്ങനെ ഒരുപാട് കാര്യങ്ങൾ. ആദ്യം അച്ഛൻ ‘വേണ്ട’ എന്ന് പറഞ്ഞെങ്കിലും പിന്നീട് അതിൽ സജീവമായി. ഇപ്പോൾ അദ്ദേഹം അവരുടെ ഇവന്റ് കമ്മിറിറിയിലുമുണ്ട്.”
മീര :
“ഒരുപക്ഷേ ഞാൻ എൻ്റെയീ മൈക്രോമാനേജിംഗ് നിർത്തി അമ്മയുടെ സ്വന്തം ഇഷ്ടങ്ങൾ എന്താണെന്ന് മനസ്സിലാക്കണം. അതിന് പിന്തുണ നൽകണം.അല്ലേ ?”
അർജുൻ (തലയാട്ടിക്കൊണ്ട്) :
“ അതേ, അത് സഹജീവനത്തിൻ്റെ കെട്ടുറപ്പാണെന്ന് കരുതുക,
ജീവിത സാകര്യങ്ങൾ ഒരുക്കിക്കൊടുക്കുക മാത്രമല്ല നമ്മൾ ചെയ്യേണ്ടത്. സുരക്ഷിതത്വം, സാമൂഹ്യ ബന്ധങ്ങൾ, ഹോബികൾ എന്നിവയിലൂടെ അവരെ കൂടുതൽ ശക്തരാക്കുക , അവരതിൽ മുഴുകി ആനന്ദം കണ്ടെത്തട്ടെ.”
ഈ സൌഹൃദ സംഭാഷണത്തിൽ നിന്ന് നമ്മൾ തിരിച്ചറിയേണ്ടത്
പ്രായമേറിയവരുടെ സുരക്ഷയ്ക്കായി വീട് സജ്ജീകരിക്കുക (ആത്മവിശ്വാസത്തോടെ പിടിച്ച് നടക്കാൻ സഹായിക്കുന്ന ഹാൻറിലുകൾ സ്ഥാപിക്കുക . മതിയായ ലൈറ്റുകൾ നൽകി വെളിച്ചം ഉറപ്പാക്കുക, വൃത്തിയുള്ള പരിസരം ഒരുക്കുക)
ട്രാക്കറുകൾ വാങ്ങി നൽകാം, അല്ലെങ്കിൽ സുഹൃത്തുക്കളോടൊത്ത് കാലത്തോ വൈകീട്ടോ നടക്കാൻ പ്രേരിപ്പിക്കുക.
സാങ്കേതിക ഉപകരണങ്ങൾ (വീഡിയോ കോളുകൾ, ബ്രെയിൻ ഗെയിമുകൾ, സംഗീത ആപ്പുകൾ) പരിചയപ്പെടുത്തി ഉപയോഗിക്കേണ്ട വിധം പറഞ്ഞു കൊടുക്കുക.
പുതിയ ഹോബികൾക്ക് പ്രചോദനം നൽകുക (ഗാർഡനിംഗ്, ചിത്രരചന, കഥപറച്ചിൽ)
സമൂഹവുമായി ഇടപഴകാൻ അവസരം ഒരുക്കുക (മുതിർന്ന പൌരൻമാർക്കായുള്ള കൂട്ടായ്മകൾ, മത/ആത്മീയ ക്ലബ്ബുകൾ)
അവരുടെ ആത്മാഭിമാനത്തെ ആദരിക്കുക, നിയന്ത്രണമല്ല, പിന്തുണയാണ് അവർക്കാവശ്യം.
📚 റഫറൻസുകൾ :
Harvard Health – Simple Ways to Boost Brain Health
ഇനി നിങ്ങൾ പറയൂ
അച്ഛനമ്മമാരുടെ ശാരീരിക-മാനസിക സൌഖ്യത്തിന് നിങ്ങൾ എന്തെല്ലാം ഒരുക്കിയിട്ടുണ്ട് ? കമൻറ് ചെയ്യൂ, ഒപ്പം #NellikkaCares സാമൂഹ്യ മാദ്ധ്യമങ്ങളിൽ ടാഗ് ചെയ്യൂ.




