വൈകാരികതയിലെ അതിതീവ്ര ഉയർച്ചതാഴ്ച്ചകൾ :ബൈപോളാർ ഡിസോർഡറിനെക്കുറിച്ച് അറിയേണ്ടതെല്ലാം

വൈകാരികതയിലെ അതിതീവ്ര ഉയർച്ചതാഴ്ച്ചകൾ :ബൈപോളാർ ഡിസോർഡറിനെക്കുറിച്ച് അറിയേണ്ടതെല്ലാം

വെറും മൂഡ് മാറ്റങ്ങളിൽ ഒതുങ്ങുന്നതല്ല ബൈപോളാർ ഡിസോഡർ എന്ന അവസ്ഥ. ജീവിതത്തെ മാറ്റിമറിക്കാൻ സാദ്ധ്യതയുള്ള വൈകാരിക വൈരുദ്ധ്യങ്ങളിലൂടെയുള്ള ഞാണിൻമേൽക്കളിയാണത്. 

മാനസികാവസ്ഥയുടെ തീവ്രതയും ദൈർഘ്യവുമാണ് ഇതിനെ വ്യത്യസ്തമാക്കുന്നത്.

എന്താണ് ബൈപോളാർ ഡിസോർഡർ?

ഒരു വ്യക്തിയുടെ ചിന്തകളേയും മനോനിലയേയും പെരുമാറ്റത്തെയും ദൈനംദിന ജീവിതത്തെയുമെല്ലാം സാരമായി ബാധിക്കുന്ന മാനസികാരോഗ്യ പ്രശ്നമാണ് ബൈപോളാർ ഡിസോഡർ. ഈ അവസ്ഥയിലൂടെ കടന്നുപോകുന്ന വ്യക്തിക്ക്, അമിതമായ സന്തോഷം (മാനിയ അല്ലെങ്കിൽ ഹൈപ്പോമാനിയ) മുതൽ അങ്ങേയറ്റത്തെ വിഷാദം (ഡിപ്രെഷൻ) വരെയുള്ള തീവ്രമായ മാനസികാവസ്ഥാ മാറ്റങ്ങൾ മാറിമാറി വരുന്നു.

നമുക്കെല്ലാവർക്കും സാധാരണയായി മൂഡ് മാറ്റങ്ങൾ ഉണ്ടാകാറുണ്ട്. സ്ത്രീകളെ സംബന്ധിച്ചാണെങ്കിൽ ആർത്തവ കാലത്തും പ്രസവാനന്തര ഘട്ടത്തിലും ഹോർമോൺ വ്യതിയാനങ്ങൾ മൂലം വികാര വ്യത്യാസങ്ങൾ ഉണ്ടാകാറുണ്ട്. പക്ഷെ, ബോപോളാർ ഡിസോഡർ, നമ്മൾ സാധാരണയായി അനുഭവിക്കുന്ന മൂഡ് മാറ്റങ്ങളിൽ നിന്ന് ഏറെ വ്യത്യസ്തമാണ്. ബൈപോളാർ ഡിസോർഡറിൽ, ഈ മനോനിലയിലെ മാറ്റങ്ങൾ ഒരാഴ്ചയോ അതിൽ കൂടുതലോ നീണ്ടുനിൽക്കുന്ന പ്രത്യേക ‘എപ്പിസോഡുകളാ’യി സംഭവിക്കുന്നു. ഇത് ജോലിയെയും ബന്ധങ്ങളെയും  ജീവിതത്തെയും വളരെയധികം ബാധിച്ചേക്കാം.

ബൈപോളാർ ഡിസോർഡറിൻ്റെ പ്രധാനപ്പെട്ട തരങ്ങൾ

അമേരിക്കൻ സൈക്യാട്രിക് അസോസിയേഷന്റെ മാനദണ്ഡങ്ങൾ പ്രകാരം (DSM-5), ബൈപോളാർ ഡിസോർഡറിനെ പല ഉപവിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. അവയിൽ പ്രധാനപ്പെട്ടവ ഇനിപ്പറയുന്നു:

1.ബൈപോളാർ I ഡിസോർഡർ

  • ഇതിൽ, കുറഞ്ഞത് 7 ദിവസമെങ്കിലും നീണ്ടുനിൽക്കുന്ന ഒരു മാനിക് എപ്പിസോഡ് ഉണ്ടാകും.
  • ഇതുകൂടാതെ, സാധാരണയായി 2 ആഴ്ചയോ അതിൽ കൂടുതലോ നീണ്ടുനിൽക്കുന്ന ഡിപ്രെസ്സീവ് എപ്പിസോഡുകളും ഉണ്ടാകാറുണ്ട്.
  • ചില സാഹചര്യങ്ങളിൽ, രോഗലക്ഷണങ്ങൾ വളരെ തീവ്രമാകുമ്പോൾ, യാഥാർത്ഥ്യബോധം നഷ്ടപ്പെടുന്ന ‘സൈക്കോട്ടിക് ഫീച്ചേഴ്സ്’ ഉണ്ടാകാം.

2.ബൈപോളാർ II ഡിസോർഡർ

  • ഇതിൽ ഹൈപ്പോമാനിയ (മാനിയയേക്കാൾ തീവ്രത കുറഞ്ഞ അവസ്ഥ) എപ്പിസോഡുകളാണ് ഉണ്ടാവുന്നത്.
  • കൂടെ, തീവ്രമായ ഡിപ്രെസ്സീവ് എപ്പിസോഡുകളും ഉണ്ടാകും.
  • വ്യക്തിയുടെ സാധാരണ ജീവിതത്തെ ഹൈപ്പോമാനിയ പൂർണ്ണമായി തടസ്സപ്പെടുത്തുന്നില്ലെങ്കിലും, അത് പ്രശ്നങ്ങൾക്കിട നൽകും. ഈ അവസ്ഥ പലപ്പോഴും സാധാരണ ഡിപ്രെഷനായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്.

3. സൈക്ലോതൈമിക് ഡിസോർഡർ (സൈക്ലോതൈമിയ)

  • കുറഞ്ഞത് 2 വർഷമെങ്കിലും (കുട്ടികളിലോ കൗമാരക്കാരിലോ ആണെങ്കിൽ 1 വർഷം) നീണ്ടുനിൽക്കുന്ന ഹൈപ്പോമാനിയയുടെയും ചെറിയ തോതിലുള്ള വിഷാദത്തിൻ്റെയും ലക്ഷണങ്ങൾ ഈ അവസ്ഥയിൽ കാണാം.
  • ഹൈപ്പോമാനിക്കിൻ്റെയോ വിഷാദത്തിൻ്റെയോ പൂർണ്ണമായ തോതിലുള്ള ലക്ഷണങ്ങൾ ഇതിൽ കാണണമെന്നില്ല. 

4. ബൈപോളാർ, അല്ലെങ്കിൽ അതുമായി ബന്ധപ്പെട്ട ഡിസോർഡറുകൾ

  • മുകളിൽ പരാമർശിച്ച വിഭാഗങ്ങളിൽ കൃത്യമായി ഉൾപ്പെടാത്തതും എന്നാൽ ജീവിതത്തെ ബാധിക്കുന്നതുമായ ലക്ഷണങ്ങൾ ഈ വിഭാഗത്തിൽ വരുന്നു.

ബൈപോളാർ ഡിസോർഡറിൻ്റെ ലക്ഷണങ്ങൾ

ബൈപോളാർ ഡിസോർഡർ ഉള്ള വ്യക്തികൾക്ക് പ്രധാനമായും രണ്ട് തരം എപ്പിസോഡുകൾ ഉണ്ടാകാം – മാനിക്/ഹൈപ്പോമാനിക് എപ്പിസോഡുകളും ഡിപ്രെസ്സീവ് എപ്പിസോഡുകളും.

മാനിക് അല്ലെങ്കിൽ ഹൈപ്പോമാനിക് എപ്പിസോഡ് ലക്ഷണങ്ങൾ

  • അതിയായ ഉന്മേഷം അല്ലെങ്കിൽ ദേഷ്യം നിറഞ്ഞ മാനസികാവസ്ഥ.
  • ശരീരത്തിൽ ഊർജ്ജം വല്ലാതെ കൂടുന്നുവെന്ന് തോന്നാം, രോഗിയുടെ പ്രവർത്തനങ്ങളിൽ അമിതോൽസാഹം കാണാം .
  • ഉറക്കം കുറഞ്ഞാലും ക്ഷീണം തോന്നാതിരിക്കുക. (ഉദാഹരണത്തിന് 3 മണിക്കൂർ ഉറങ്ങിയാൽ പോലും ഉന്മേഷം തോന്നുക).
  • ചിന്തകൾ വളരെ വേഗത്തിലാകുക, സംസാരത്തിൽ അമിതവേഗം ഉണ്ടാകുക.
  • അമിത ആത്മവിശ്വാസം അല്ലെങ്കിൽ എന്തും ചെയ്യാൻ കഴിയുമെന്ന തോന്നൽ.
  • പണം ധൂർത്തടിക്കുക, സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധങ്ങളിൽ ഏർപ്പെടുക, അശ്രദ്ധമായി വാഹനം ഓടിക്കുക തുടങ്ങിയ അപകടസാദ്ധ്യതയുള്ള കാര്യങ്ങൾ ചെയ്യുക.

ഡിപ്രെസ്സീവ് എപ്പിസോഡ് ലക്ഷണങ്ങൾ

  • നീണ്ടുനിൽക്കുന്ന ദുഃഖം അല്ലെങ്കിൽ നിരാശ.
  • ശരീരത്തിന് ക്ഷീണം അല്ലെങ്കിൽ ഊർജ്ജമില്ലായ്മ.
  • ഇഷ്ടമുള്ള കാര്യങ്ങളോട് പോലും താൽപ്പര്യമില്ലായ്മ.
  • ശ്രദ്ധ കേന്ദ്രീകരിക്കാൻ ബുദ്ധിമുട്ട്.
  • വിശപ്പിലോ ഉറക്കത്തിലോ ഉണ്ടാകുന്ന വ്യത്യാസങ്ങൾ
  • ആത്മഹത്യാ പ്രവണത അല്ലെങ്കിൽ അതിനുള്ള ശ്രമങ്ങൾ.

കാരണങ്ങളും അപകടസാധ്യതകളും

ബൈപോളാർ ഡിസോർഡറിന് ഒരു പ്രത്യേക കാരണം ഇല്ല. താഴെ പറയുന്ന ചില ഘടകങ്ങൾ കൂടിച്ചേരുന്നത്,  ഇതിന് കാരണമാകാറുണ്ട്.

ജനിതകപരമായ കാരണങ്ങൾ: ബൈപോളാർ ഡിസോർഡർ കുടുംബങ്ങളിൽ ഉണ്ടാകാറുണ്ട്. ഈ രോഗമുള്ള വ്യക്തിയുടെ അടുത്ത ബന്ധുക്കൾക്ക് ഇത് വരാനുള്ള സാധ്യത കൂടുതലാണ്.

നാഡീവ്യൂഹത്തിലെ രാസമാറ്റങ്ങൾ : തലച്ചോറിലെ ഡോപമിൻ, സെറോടോണിൻ, നോറെപിനെഫ്രിൻ തുടങ്ങിയ രാസവസ്തുക്കളുടെ അളവിലുണ്ടാകുന്ന വ്യതിയാനങ്ങൾ ഈ അസുഖമുണ്ടാകാൻ കാരണമാകാറുണ്ട്.

തലച്ചോറിൻ്റെ ഘടന: ബൈപോളാർ ഡിസോർഡർ ഉള്ള വ്യക്തികളുടെ മസ്തിഷ്ക്ക ഘടനയിലും പ്രവർത്തനത്തിലും വ്യത്യാസങ്ങൾ ദൃശ്യമാകാമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.

മാനസിക സമ്മർദ്ദമുണ്ടാക്കുന്ന ജീവിത സാഹചര്യങ്ങൾ: വലിയ മാനസികാഘാതങ്ങൾ, പ്രിയപ്പെട്ടവരുടെ മരണം, അല്ലെങ്കിൽ ജീവിതത്തിലെ പ്രധാന മാറ്റങ്ങൾ എന്നിവ ഈ രോഗത്തിൻ്റെ എപ്പിസോഡുകൾക്ക് കാരണമാവുകയോ അവയുടെ തീവ്രത വർദ്ധിപ്പിക്കുകയോ ചെയ്യാം.

രോഗനിർണ്ണയം

ഒരു സൈക്യാട്രിസ്റ്റോ സൈക്കോളജിസ്റ്റോ ആണ് ബൈപോളാർ ഡിസോർഡർ നിർണ്ണയിക്കുന്നത്. ഇതിനായി താഴെ പറയുന്ന കാര്യങ്ങൾ പരിശോധിക്കേണ്ടതായി വരും:

  • വിശദമായ മാനസികാരോഗ്യ വിലയിരുത്തൽ.
  • രോഗിയുടെ വൈദ്യ ചരിത്രം പരിശോധിക്കൽ.
  • ഡി.എസ്.എം.-5 (DSM-5) മാനദണ്ഡങ്ങൾ ഉപയോഗിച്ചുള്ള വിലയിരുത്തൽ.
  • ഒരു നിശ്ചിത കാലയളവിലെ മാനസികാവസ്ഥയിലെ മാറ്റങ്ങൾ നിരീക്ഷിക്കൽ.

ബൈപോളാർ II ഡിസോർഡറും മേജർ ഡിപ്രെസ്സീവ് ഡിസോർഡറും തമ്മിൽ ലക്ഷണങ്ങളിൽ സാമ്യമുള്ളതിനാൽ പലപ്പോഴും രോഗനിർണ്ണയം തെറ്റാറുണ്ട്.

ചികിത്സാ രീതികൾ

ബൈപോളാർ ഡിസോർഡർ പൂർണ്ണമായും തുടച്ചുനീക്കുന്ന തരത്തിൽ ചികിത്സയില്ല എങ്കിലും ശരിയായ ചികിത്സയിലൂടെ ഇത് നിയന്ത്രിക്കാനും സാധാരണ ജീവിതം നയിക്കാനും സാധിക്കും. പ്രധാന ചികിത്സാരീതികൾ താഴെ പറയുന്നു:

1.മരുന്നുകൾ:

  • മൂഡ് സ്റ്റെബിലൈസറുകൾ (ഉദാഹരണത്തിന്, ലിഥിയം)
  • ആൻ്റിസൈക്കോട്ടിക് മരുന്നുകൾ (മാനിക് എപ്പിസോഡുകൾക്കും സൈക്കോസിസിനും)
  • ആൻ്റിഡിപ്രസ്സൻ്റുകൾ (മൂഡ് സ്റ്റെബിലൈസറുകളോടൊപ്പം നൽകുന്നു)

2.സൈക്കോതെറാപ്പി:

  • കോഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പി (CBT): ചിന്തകളെയും പെരുമാറ്റത്തെയും നിയന്ത്രിക്കാൻ സഹായിക്കുന്നു.
  • ഇൻ്റർപേഴ്സണൽ ആൻ്റ് സോഷ്യൽ റിഥം തെറാപ്പി (IPSRT): ഉറക്കക്രമം, ദിനചര്യകൾ എന്നിവ ക്രമീകരിക്കാൻ സഹായിക്കുന്നു.
  • കുടുംബ കേന്ദ്രീകൃത തെറാപ്പി (Family-focused therapy): രോഗിയെ സഹായിക്കാൻ കുടുംബാംഗങ്ങളെ പ്രാപ്തരാക്കുന്നു.

3.ജീവിതശൈലിയിലെ മാറ്റങ്ങൾ :

  • ക്രമമായ ഉറക്കസമയം പാലിക്കുക.
  • മദ്യവും മയക്കുമരുന്നും ഒഴിവാക്കുക.
  • ചിട്ടയായ വ്യായാമം ശീലമാക്കുക.
  • മാനസിക സമ്മർദ്ദം കൈകാര്യം ചെയ്യാനുള്ള വഴികൾ കണ്ടെത്തുക.

ബൈപോളാർ ഡിസോർഡറുമായി ജീവിക്കുന്നത് വെല്ലുവിളികൾ നിറഞ്ഞതാണെങ്കിലും, ശരിയായ പിന്തുണയും ചികിത്സയുമുണ്ടെങ്കിൽ പലർക്കും സംതൃപ്തവും വിജയകരവുമായ ജീവിതം നയിക്കാൻ കഴിയും. രോഗിയുടെ അവസ്ഥ മനസ്സിലാക്കുന്ന, രോഗിയ്ക്ക് പിന്തുണ നൽകുന്ന വ്യക്തികൾ കൂടെ ഉണ്ടാകുന്നത് ഗുണം ചെയ്യും. മാനസികാവസ്ഥയിലെ മാറ്റങ്ങൾ നിരീക്ഷിക്കുകയും  ചികിത്സാരീതികൾ കൃത്യമായി പാലിക്കുകയും വേണം.

ബൈപോളാർ ഡിസോർഡർ Vs. സാധാരണ മാനസികാവസ്ഥാ മാറ്റങ്ങൾ

ഘടകംബൈപോളാർ ഡിസോർഡർസാധാരണ മാനസികാവസ്ഥാ മാറ്റങ്ങൾ
തീവ്രതഅതിതീവ്രംകുറഞ്ഞ തോത് മുതൽ മിതമായ അളവ് വരെ
ദൈർഘ്യംദിവസങ്ങൾ മുതൽ ആഴ്ചകൾ വരെമണിക്കൂറുകൾ അല്ലെങ്കിൽ ഒരു ദിവസം
പ്രവർത്തനങ്ങളെ ബാധിക്കുന്നത്ജീവിതത്തിലെ കാര്യങ്ങളെ തടസ്സപ്പെടുത്തുന്നുസാധാരണയായി നിയന്ത്രിക്കാൻ കഴിയും
ബന്ധപ്പെട്ട ലക്ഷണങ്ങൾഉറക്ക പ്രശ്നങ്ങൾ, അമിത ആത്മവിശ്വാസം, അപകടകരമായ പെരുമാറ്റങ്ങൾവികാരപരമായ പ്രതികരണങ്ങൾ

അവബോധവും മുൻവിധിയും

മിഥ്യാധാരണ: ബൈപോളാർ ഡിസോർഡർ ഉള്ളവർ ഭ്രാന്തൻമാരോ അപകടകാരികളോ ആണ് എന്ന ധാരണ തെറ്റാണ്.

യാഥാർത്ഥ്യം: ചികിത്സിച്ചു ഭേദമാക്കാൻ കഴിയുന്ന ഒരു രോഗാവസ്ഥയിൽ കഴിയുന്ന മനുഷ്യരാണവർ. അവരോട് മുൻവിധിയോടെയല്ല, മറിച്ച് സഹാനുഭൂതിയോടെയാണ് പെരുമാറേണ്ടത്.

ഈ രോഗത്തെക്കുറിച്ച് സമൂഹത്തിൽ അവബോധം വളർത്തുന്നതിലൂടെ തെറ്റിദ്ധാരണകൾ കുറയ്ക്കാനും, നേരത്തെയുള്ള ചികിത്സ പ്രോത്സാഹിപ്പിക്കാനും കഴിയും. ഇത് രോഗിയുടെ ദീർഘകാല ജീവിത നിലവാരം മെച്ചപ്പെടുത്തുന്നു.

ബൈപോളാർ ഡിസോർഡർ എന്നത് വെറും മാനസികാവസ്ഥയിലെ ഏറ്റക്കുറച്ചിലുകൾ മാത്രമല്ല, ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന സങ്കീർണ്ണമായ മാനസികാരോഗ്യ പ്രശ്നമാണത്. നേരത്തെയുള്ള രോഗനിർണ്ണയം, കൃത്യമായ ചികിത്സ, കൂടാതെ പിന്തുണ നൽകുന്ന സാഹചര്യം എന്നിവയുണ്ടെങ്കിൽ, ബൈപോളാർ ഡിസോർഡർ ഉള്ള വ്യക്തികൾക്കും സന്തോഷത്തോടെ ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ കഴിയും.

References :

  1. What Causes Bipolar Disorder?
  2. Understanding the Causes of Bipolar Disorder
  3. Bipolar Disorder

Related News

ഹൃദയധമനിയിലെ തടസ്സം: അസ്കെമിക് ഹൃദ്രോഗത്തെക്കുറിച്ച്  അറിഞ്ഞിരിക്കാം

ഹൃദയധമനിയിലെ തടസ്സം: അസ്കെമിക് ഹൃദ്രോഗത്തെക്കുറിച്ച്  അറിഞ്ഞിരിക്കാം

പ്രാധാന്യമർഹിക്കാൻ കാരണം? നമ്മുടെ രാജ്യത്ത് എല്ലാ പ്രായക്കാരെയും ബാധിക്കുന്ന അസുഖമായി ഹൃദ്രോഗം മാറിയിട്ട് കുറച്ചു കാലമായി.  30 വയസ്സ് മാത്രം പ്രായമുള്ള യുവതീയുവാക്കളെപ്പോലും ബാധിക്കുന്ന ഗുരുതര വ്യാധിയായി...

ഡിസംബർ 5, 2025 10:45 pm
പെരികാർഡൈറ്റിസ്: ഹൃദയത്തിൻ്റെ സംരക്ഷണ പാളി തകരാറിലാകുമ്പോൾ 

പെരികാർഡൈറ്റിസ്: ഹൃദയത്തിൻ്റെ സംരക്ഷണ പാളി തകരാറിലാകുമ്പോൾ 

ഹൃദയത്തെ പൊതിഞ്ഞു സൂക്ഷിക്കുന്ന ആവരണത്തെക്കുറിച്ച് മനസ്സിലാക്കാം  മുഷ്ടിയോളം വലിപ്പമുള്ള, ദിവസവും ലക്ഷത്തിലേറെത്തവണ മിടിക്കുന്ന ഹൃദയം എന്ന അവയവത്തിന് നമ്മുടെ ജീവിതത്തിലുള്ള പ്രാധാന്യത്തെപ്പറ്റി നമുക്കെല്ലാവർക്കും ധാരണയുണ്ട്. കരുത്തുറ്റ പേശിയാൽ...

ഡിസംബർ 5, 2025 10:44 pm
സമൃദ്ധിയുടെ കാലത്തെ “ഹിഡൻ ഹങ്കർ”: ആധുനിക ഭാരതത്തിലെ കുഞ്ഞുങ്ങളിലെ പോഷകാഹാരക്കുറവ് 

സമൃദ്ധിയുടെ കാലത്തെ “ഹിഡൻ ഹങ്കർ”: ആധുനിക ഭാരതത്തിലെ കുഞ്ഞുങ്ങളിലെ പോഷകാഹാരക്കുറവ് 

ആഹാരം ധാരാളമായി ലഭ്യമാകുന്ന അവസ്ഥയിലും നമ്മുടെ രാജ്യത്തെ ദശലക്ഷക്കണക്കിന് കുഞ്ഞുങ്ങൾ ഹിഡൻ ഹങ്കർ (Hidden Hunger) എന്നറിയപ്പെടുന്ന പരോക്ഷ വിശപ്പ് അനുഭവിക്കുന്നുണ്ട്. ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ലഭിക്കാത്ത...

ഡിസംബർ 3, 2025 10:55 pm
കുഞ്ഞിൻ്റെ വളർച്ചാഘട്ടങ്ങൾ കൃത്യമാണോ? 

കുഞ്ഞിൻ്റെ വളർച്ചാഘട്ടങ്ങൾ കൃത്യമാണോ? 

വളർച്ചാവികാസങ്ങളെക്കുറിച്ച് എല്ലാം അറിഞ്ഞിരിക്കാം കുഞ്ഞു ജനിക്കുന്നതു മുതൽക്കേ രക്ഷിതാക്കൾ, പുതിയ അതിഥി വളർച്ചയുടെ നാഴികക്കല്ലുകൾ പിന്നിടുന്നതു കാണാൻ കാത്തിരിക്കും. ആദ്യമായി കമിഴ്ന്നു വീഴുന്നത്, മുട്ടിലിഴയുന്നത്, എഴുന്നേറ്റിരിക്കുന്നത്, പതുക്കെ...

ഡിസംബർ 2, 2025 10:27 pm
X
Top
Subscribe