യോഗ എന്നാല്‍ ഒരു ‘വലിയ നുണ’ ആണോ? വൈദ്യശാസ്ത്ര പഠനങ്ങള്‍ പറയുന്നതെന്താണെന്ന് കേള്‍ക്കൂ

യോഗ എന്നാല്‍ ഒരു ‘വലിയ നുണ’ ആണോ? വൈദ്യശാസ്ത്ര പഠനങ്ങള്‍ പറയുന്നതെന്താണെന്ന് കേള്‍ക്കൂ

ലോകത്തിന് ഇന്ത്യ സംഭാവന ചെയ്തിരിക്കുന്ന മഹത്തായ ദര്‍ശനമാണ് യോഗ. എല്ലാ വര്‍ഷവും ജൂണ്‍ 21ന് അന്താരാഷ്ട്ര യോഗാ ദിനമായി ലോകമൊരുമിച്ച് യോഗാസനങ്ങള്‍ ചെയ്ത് ആഘോഷിക്കുന്നു. മനസ്സിനും ശരീരത്തിനും ഒരുപോലെ ശാന്തിയും സമാധാനവും നല്‍കുന്ന ഒന്നാണ് യോഗ. യോഗയെ ആധുനിക വൈദ്യശാസ്ത്രവുമായും, പുതിയ ജീവിതശൈലീ അവബോധങ്ങളുമായും യോജിപ്പിച്ചാല്‍ ആരോഗ്യമേഖലയില്‍ വിപ്ലവകരമായ പുരോഗതി കൈവരിക്കാന്‍ കഴിയുമെന്ന് നെല്ലിക്ക.ലൈഫ് വിശ്വസിക്കുന്നു.

ഈ വര്‍ഷത്തെ യോഗാ ദിനത്തില്‍ നമുക്ക് കൂടുതല്‍ ആഴത്തിലുള്ള ഒരു ആലോചന നടത്താം. ശാസ്ത്രീയ ജേണലുകളില്‍ വരുന്ന പഠനങ്ങളിലൂടെയും, ക്ലിനിക്കല്‍ പഠനങ്ങളിലൂടെയും, മനസ്സിനെക്കുറിച്ചും ശരീരത്തെക്കുറിച്ചുമുള്ള ഗവേഷണങ്ങളിലൂടെയും വൈദ്യശാസ്ത്ര മേഖലയില്‍ യോഗ എങ്ങനെ ശക്തമായി നിലകൊള്ളുന്നുവെന്ന് നമുക്ക് അന്വേഷിക്കാം.

  1. യോഗയുടെ വൈദ്യശാസ്ത്രപരമായ നിർവചനം

യോഗ എന്നത് സാംസ്‌കാരികമോ ആത്മീയമോ മാത്രമായിട്ടുള്ള ഒന്നല്ല. ചികിത്സകളുടെ കൂടെ രോഗപരിചരണത്തിനായി ആധുനിക വൈദ്യശാസ്ത്രം യോഗയിലെ ആസനകളെ ഉപയോഗപ്പെടുത്തുന്നുണ്ട്. ശാരീരിക ആസനങ്ങള്‍, പ്രാണായാമം (ശ്വാസ നിയന്ത്രണം), ധ്യാനം എന്നിവ ചികിത്സയുമായി വളരെ ഫലപ്രദമായി സമന്വയിപ്പിക്കുന്നുണ്ട്.

യോഗയിലൂടെ ശാരീരിക, ന്യൂറോളജിക്കല്‍, ഹോര്‍മോണ്‍ പ്രതികരണങ്ങളെ നിയന്ത്രിക്കാനാകും എന്നാണ് പഠനങ്ങള്‍ പറയുന്നത്. പബ്‌മെഡ്, ദി ലാന്‍സെറ്റ്, പിഎല്‍ഒഎസ് വണ്‍ തുടങ്ങിയ വിഖ്യാതമായ ശാസ്ത്ര ജേണലുകളില്‍ ഇത് സംബന്ധിച്ച് ക്ലിനിക്കല്‍ പഠനങ്ങള്‍ പ്രസിദ്ധീകരിച്ചുണ്ട്. പുറത്തെ സ്ഥിതിഗതികള്‍ എന്തു തന്നെയായിരുന്നാലും ആന്തരികമായ സ്ഥിരതയും ആരോഗ്യവും നിലനിര്‍ത്താനുള്ള ശരീരത്തിന്റെ കഴിവിനെ (body-homeostasis) പരിപോഷിപ്പിക്കാന്‍ യോഗയ്ക്ക് കഴിയുന്നു. യോഗ ജീവിതചര്യയാകുന്നതു വഴി മാനസിക സന്തുലിതാവസ്ഥയെ മെച്ചപ്പെടുത്താനും സഹായിക്കും.

  1. യോഗയും ഹൃദയാരോഗ്യവും

യോഗ പരിശീക്കുന്നത് ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിന് ഏറെ സഹായകരമാണ്. യോഗയിലൂടെ ഹൃദയാരോഗ്യത്തിനുണ്ടാകുന്ന മെച്ചങ്ങള്‍ അറിയാം:

രക്തസമ്മര്‍ദ്ദവും ഹൃദയമിടിപ്പും കുറയ്ക്കുന്നു
ലിപിഡ് പ്രൊഫൈലും എന്‍ഡോതെലിയല്‍ ഫങ്ഷനും മെച്ചപ്പെടുത്തുന്നു
CRP, IL-6 പോലുള്ള നീര്‍ക്കെട്ട് കാരണങ്ങള്‍ കുറയ്ക്കുന്നു

പിഎല്‍ഒഎസ് വണ്ണില്‍ 2022-ല്‍ പ്രസിദ്ധീകരിച്ച ഒരു വിശകലനം പറയുന്നത് – ഹൈപ്പര്‍ടെന്‍ഷനുള്ളവരിലും, പ്രമേഹത്തിനു മുമ്പുള്ള ലക്ഷണങ്ങള്‍ കാണിക്കുന്നവരിലും വെറും 8 ആഴ്ചത്തെ യോഗ പരിശീലനം കൊണ്ട് ഹൃദയ സംബന്ധമായ ആരോഗ്യത്തില്‍ മികച്ച പുരോഗതിയുണ്ടാക്കി എന്നാണ്.

  1. മാനസികാരോഗ്യവും ന്യൂറോപ്ലാസ്റ്റിസിറ്റിയും

യോഗ ശരീരത്തിനെന്ന പോലെ മനസ്സിന്റെ സന്തുലനത്തിനും ആരോഗ്യത്തിനും ഏറെ സഹായകമാണ്. കോര്‍ട്ടിസോള്‍ അഥവാ സ്‌ട്രെസ് ഹോര്‍മോണ്‍ കുറയ്ക്കാന്‍ യോഗ സഹായിക്കും. മാനസികാവസ്ഥയിലെ മാറ്റങ്ങള്‍ സ്ഥിരപ്പെടുത്താന്‍ സഹായിക്കുന്ന ന്യൂറോട്രാന്‍സ്മിറ്റേഴ്‌സായ സെറോടോണിന്‍, GABA (gamma-aminobutyric acid) എന്നിവ വര്‍ദ്ധിപ്പിക്കും. എകാഗ്രത, ഓര്‍മ്മ, ശാന്തത എന്നിവയെ നിയന്ത്രിക്കന്ന തലച്ചോറിന്റെ ഭാഗങ്ങളെ മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

ദി ലാന്‍സെറ്റ് സൈക്യാട്രിയില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നത് യോഗ തെറാപ്പി നേരിയതോ മിതമായതോ ആയ വിഷാദരോഗത്തിനുള്ള മരുന്നായ ആന്റീഡിപ്രസന്റുകള്‍ പോലെ സഹായകരമാകുമെന്നാണ്.

  1. കരുത്തും വേദനയിൽ നിന്നുള്ള ആശ്വാസവും

യോഗ വളരെ സൗമ്യവും ശാന്തവുമായ മാനസികാവസ്ഥ തുടരാന്‍ സഹായിക്കുന്ന ഒന്നാണ്. എന്നാല്‍ അതിന്റെ ഫലം വളരെ ശക്തമാണ്. നമ്മുടെ ശാരീരിക-മാനസിക സന്തുലിതാവസ്ഥ മെച്ചപ്പെടുത്താന്‍ യോഗാസനങ്ങള്‍ ഏറെ സഹായിക്കും. നടുവേദനയും സന്ധിവേദനയും ലഘൂകരിക്കാന്‍ യോഗ സഹായിക്കുമെന്നത് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തും എഐഐഎംഎസ്സും അംഗീകരിച്ച കാര്യമാണ്. പേശികളുടെ കരുത്തും, സന്ധികളുടെ സ്വഭാവികതയും, നട്ടെല്ലിന്റെ വിന്യാസവുമെല്ലാം മെച്ചപ്പെടുത്താന്‍ യോഗയ്ക്കാകും. വിട്ടുമാറാത്ത നടുവേദനയ്ക്ക് പരിഹാരമായി ഫിസിയോതെറാപ്പി പോലെ യോഗ ഫലപ്രദമായി ഉപയോഗിക്കാമെന്ന് ബ്രിട്ടീഷ് ജേണല്‍ ഓഫ് സ്‌പോര്‍ട്‌സ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നു.

  1. പ്രതിരോധശേഷിയും നീര്‍ക്കെട്ടും

സമ്മര്‍ദ്ദം പലപ്പോഴും നമ്മുടെ പ്രതിരോധശേഷി കുറയ്ക്കാറുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ സഹായകമാകുന്ന ഒന്നാണ് യോഗ. യോഗ നീര്‍ക്കെട്ട് (Inflammation) ഉണ്ടാക്കുന്ന സൈറ്റോകൈനുകളെ (CRP, IL-6, TNF-മ) കുറയ്ക്കുന്നു. സമ്മര്‍ദ്ദത്തോട് പ്രതികരിക്കുന്ന തലച്ചോറിന്റെ ഭാഗങ്ങളുടെ (HPA-axis) പ്രവര്‍ത്തനത്തെ മെച്ചപ്പെടുത്താന്‍ യോഗയ്ക്ക് സാധിക്കും. PCOS, പ്രമേഹം, കാന്‍സര്‍ എന്നിവ പോലുള്ള വിട്ടുമാറാത്ത രോഗങ്ങളില്‍ നിന്ന് മുക്തി നേടാനും യോഗ സഹായിക്കുന്നു.

  1. ഉറക്കവും ഹോർമോണുകളും

പതിവായി യോഗ ചെയ്താല്‍ ലഭിക്കുന്ന ഗുണങ്ങളിലൊന്ന് നല്ല ഉറക്കമാണ്. കൂടാതെ ശരീരത്തിന് മികച്ച ഹോര്‍മോണ്‍ സന്തുലനവും സാധ്യമാകുന്നു. ആഴത്തിലുള്ള ഉറക്കം ലഭിക്കാന്‍ യോഗ സഹായിക്കും. മാനസികാവസ്ഥയില്‍ നിരന്തരമായുണ്ടാകുന്ന മാറ്റങ്ങളെ അത് തടയും. സ്ഥിരത നല്‍കും. ശരീരത്തിനും മനസ്സിനും ഉയര്‍ന്ന ഊര്‍ജ്ജം പ്രദാനം ചെയ്യും. മെച്ചപ്പെട്ട ഹോര്‍മോണ്‍ ബാലന്‍സ് (പ്രത്യേകിച്ച് സ്ത്രീകളില്‍) ലഭിക്കും. ക്ലീവ്ലാന്‍ഡ് ക്ലിനിക്ക് പറയുന്നത് യോഗ മെലറ്റോണിന്‍ വര്‍ദ്ധിപ്പിക്കുകയും ശരീരത്തിന്റെ വിശ്രമം, ദഹന ശേഷി എന്നിവ മെച്ചപ്പെടുത്തുകയും ചെയ്യുന്നു എന്നാണ്.

വാഗസ് നാഡിയുടെ പ്രവർത്തനത്തെ മെച്ചപ്പെടുത്താൻ യോഗ

നമ്മുടെ മാനസികഭാവങ്ങളെ നിയന്ത്രിക്കുന്ന, രോഗപ്രതിരോധ പ്രതികരണത്തെ നിയന്ത്രിക്കുന്ന, ദഹനത്തെയും ഹൃദയാരോഗ്യത്തെയും നിയന്ത്രിക്കുന്ന ഒരു പ്രധാന നാഡീവ്യവസ്ഥയാണ് വാഗസ് നാഡി. യോഗയും വാഗസ് നാഡിയും തമ്മിലുള്ള ബന്ധം ന്യൂറോ സയന്‍സില്‍ ഒരു പ്രധാന ചര്‍ച്ചാവിഷയമാണ്. വാഗസ് നാഡി എന്താണെന്നും യോഗ അതിന് എങ്ങനെ പ്രയോജനം ചെയ്യുന്നുവെന്നും മനസ്സിലാക്കാം

വാഗസ് നാഡി എന്താണ്?

വാഗസ് നാഡിയെ ചിലപ്പോള്‍ ‘അലഞ്ഞുതിരിയുന്ന നാഡി’ എന്നും വിളിക്കാറുണ്ട്. ശരീരത്തിലെമ്പാടും പടര്‍ന്നുകിടക്കുന്ന ഒരു നാഡീവ്യവസ്ഥ ആയതിനാലാണ് ഈ വിശേഷണം. തലച്ചോറിനെ ഹൃദയം, ശ്വാസകോശം, ദഹനനാളം തുടങ്ങിയ സുപ്രധാന അവയവങ്ങളുമായി ബന്ധിപ്പിക്കുന്നു ഈ നാഡീവ്യവസ്ഥ. നമ്മുടെ ശരീരത്തിന്റെ വിശ്രമം, ദഹനം എന്നിവയെ നിയന്ത്രിക്കുന്ന പാരാസിംപതിറ്റിക് നാഡീവ്യവസ്ഥയുടെ സുപ്രധാന ഭാഗമാണിത്.

വാഗസ് നാഡി ഉത്തേജിതമാകുമ്പോള്‍ അത് ഹൃദയമിടിപ്പ് മന്ദഗതിയിലാക്കുന്നു, രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നു, നീര്‍ക്കെട്ട് കുറയ്ക്കുന്നു. ഇവയെല്ലാം ശാരീരികവും വൈകാരികവുമായി ഏറെ ഗുണം ചെയ്യുന്നു.

യോഗ സ്വാഭാവികമായ രീതിയില്‍ ഈ വാഗസ് നാഡിയെ ഉത്തേജിപ്പിക്കുന്നു എന്നാണ് നിരീക്ഷിക്കപ്പെടുന്നത്. അതായത്, യോഗ പോലുള്ള മാനസിക-ശാരീരിക പരിശീലനങ്ങള്‍ വാഗസ് നാഡിയുടെ പ്രവര്‍ത്തനങ്ങളെ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. ഇത് നമ്മുടെ വൈകാരിക നിയന്ത്രണത്തെ മെച്ചപ്പെടുത്താന്‍ നല്ലതാണ്. വിഷാദത്തിന്റെയും ഉത്കണ്ഠയുടെയും ലക്ഷണങ്ങള്‍ കുറയ്ക്കാനും ഇതുവഴി കഴിയുമെന്ന് ഫ്രോണ്ടിയേഴ്സ് ഇന്‍ ഹ്യൂമന്‍ ന്യൂറോ സയന്‍സില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നു.

സ്ഥിരമായി യോഗ പരിശീലിക്കുന്നവര്‍ക്ക് വാഗസ് നാഡീ പ്രവര്‍ത്തനം മികച്ചതായതിനാല്‍ അവരില്‍ കോര്‍ട്ടിസോളിന്റെ അളവ് കുറവാണെന്ന് ജേണല്‍ ഓഫ് ക്ലിനിക്കല്‍ സൈക്കോളജി കണ്ടെത്തുകയുണ്ടായി. അപസ്മാരം, വിഷാദം, നീര്‍ക്കെട്ട് പ്രശ്‌നങ്ങള്‍ എന്നിവ ചികിത്സിക്കാന്‍ വാഗസ് നാഡി സ്റ്റിമുലേഷനെ ക്ലിനിക്കലായി ഉപയോഗിക്കാറുണ്ട്. എന്നാല്‍ സമാനമായ ഫലം നല്‍കാന്‍ യോഗയിലൂടെ സാധിക്കുമെന്നാണ് പുതിയ പഠന നിരീക്ഷണങ്ങള്‍ പറയുന്നത്.

വാഗസ് നാഡിയെ ഉത്തേജിപ്പിക്കുന്ന പ്രധാന യോഗ പരിശീലനങ്ങൾ:

വിവിധതരം യോഗ ആസനങ്ങള്‍, ശ്വസന പരിശീലനങ്ങള്‍ (പ്രാണായാമം), ധ്യാനം എന്നിവ വാഗസ് നാഡിയുടെ പ്രവര്‍ത്തന നിലയെ നേരിട്ട് സ്വാധീനിക്കുമെന്ന് ശാസ്ത്രീയ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. വാഗസ് നാഡീ മികച്ചതാകുന്നതോടെ സമ്മര്‍ദ്ദത്തെ കൈകാര്യം ചെയ്യാനുള്ള ശേഷി കൂട്ടുകയാണ് ചെയ്യുക. ശരീരവും മനസ്സും കൂടുതല്‍ പ്രതിരോധശേഷിയുള്ളതും ശാന്തവുമായിത്തീരുന്നു.

ധ്യാനം പരിശീലിക്കുന്നത് വാഗസ് നാഡിയുടെ പ്രവര്‍ത്തനക്ഷമത വര്‍ദ്ധിപ്പിക്കും.

വിപരിത കരണി (ഹഠ യോഗയിലെ ഒരു ആസനം) പോലുള്ള യോഗാസനങ്ങള്‍ രക്തയോട്ടം ശരിയായ സ്ഥിതിയിലാകാനും വാഗസ് നാഡീ ഉത്തേജനത്തിനും സഹായിക്കുന്നു.

മന്ദഗതിയില്‍ ആഴത്തിലുള്ള ശ്വസനം (പ്രാണായാമം) പാരാസിംപതിറ്റിക് നാഡീവ്യൂഹത്തെ സജീവമാക്കുന്നു.

ധ്യാനവും മനസ്സമാധാനവും

യോഗ പോലുള്ള മാനസിക-ശാരീരിക പരിശീലനങ്ങൾ വാഗസ് നാഡീ പ്രവർത്തനങ്ങളെ വർദ്ധിപ്പിക്കാൻ സഹായിക്കും. ഇത് നമ്മുടെ വൈകാരിക നിയന്ത്രണത്തെ മെച്ചപ്പെടുത്താൻ നല്ലതാണ്. വിഷാദത്തിന്റെയും ഉത്കണ്ഠയുടെയും ലക്ഷണങ്ങൾ കുറയ്ക്കാനും ഇതുവഴി കഴിയുമെന്ന് ഫ്രോണ്ടിയേഴ്‌സ് ഇൻ ഹ്യൂമൻ ന്യൂറോ സയൻസിൽ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നു. വാഗസ് നാഡീ പ്രവർത്തനം മികച്ചതായതിനാൽ യോഗാ ആചാര്യന്മാർക്ക് കോർട്ടിസോളിന്റെ അളവ് കുറവാണെന്ന് ജേണൽ ഓഫ് ക്ലിനിക്കൽ സൈക്കോളജി കണ്ടെത്തുകയുണ്ടായി.

സമഗ്ര ആരോഗ്യത്തില്‍ യോഗാസനത്തിന്റെ പ്രധാന്യം ലോകാരോഗ്യ സംഘടനയും ആയുഷും അംഗീകരിച്ചതാണ്.

ഇന്റര്‍ഗ്രേറ്റഡ് മെഡിസിന്റെ ഭാഗമായി 190+ രാജ്യങ്ങളില്‍ യോഗ പരിശീലിക്കുന്നുണ്ട്.

യോഗ തെറാപ്പിയെക്കുറിച്ച് പബ്‌മെഡ്-ഇന്‍ഡക്‌സ് പഠനങ്ങള്‍ മാത്രം 300-ലധികമുണ്ട്.

യോഗയെക്കുറിച്ച് ഗുരുക്കന്മാര്‍ പറയുന്നത് ‘യോഗശ്ചിത്തവൃത്തിനിരോധഃ’ എന്നാണ്. യോഗാദര്‍ശനത്തിന്റെ ഉപജ്ഞാവായി കരുതുന്ന പതഞ്ജലി മഹര്‍ഷിയുടെ യോഗസൂത്രത്തിലെ ഒരു പ്രധാന ശ്ലോകമാണിത്. ഇതിനര്‍ത്ഥം, ചിത്തവൃത്തികളെ (മനസ്സിലെ മാറ്റങ്ങളെ/ ചാഞ്ചല്യങ്ങളെ) തടയുന്നതെന്തോ അതാണ് യോഗ എന്നാണ്. നമ്മുടെ മനസ്സില്‍ നിരന്തരമായ മാറ്റങ്ങളാണ് നടക്കുന്നത്; സന്തോഷം, സങ്കടം, ദേഷ്യം, ഭയം, അസൂയ തുടങ്ങി നിരവധി വികാരങ്ങളും ചിന്തകളും ഒക്കെ ഇതില്‍ ഉള്‍പ്പെടുന്നു. ഈ ചിത്തവൃത്തികളെ നിയന്ത്രിക്കുകയോ ഇല്ലാതാക്കുകയോ ചെയ്യുമ്പോളാണ് യോഗം സാധ്യമാകുന്നതെന്നാണ് ആചാര്യന്മാര്‍ പറയുന്നത്.

ഈ അന്താരാഷ്ട്ര യോഗാ ദിനത്തില്‍ യോഗ വെറുമൊരു നുണയല്ലെന്ന് മനസ്സിലാക്കുവാന്‍ നിങ്ങള്‍ക്ക് സാധിച്ചുവെങ്കില്‍, ഇന്ന് മുതല്‍ ശാരീരിക-മാനസിക ആരോഗ്യം പ്രദാനം ചെയ്യാന്‍ സഹായിക്കുന്ന യോഗ സാധനള്‍ ഒരു ജീവിതചര്യയായി പിന്തുടരാന്‍ മടികാണിക്കേണ്ടതില്ല. എല്ലാവര്‍ക്കും നെല്ലിക്കാ.ലൈഫ്-ന്റെ അന്താരാഷ്ട്ര യോഗാ ദിന ആശംസകള്‍.

Related News

5 മിനിറ്റത്തെ ഫോണ്‍ സ്‌ക്രോളിംഗ് നമ്മുടെ വൈബ് നശിപ്പിക്കുന്നത് എന്തുകൊണ്ട്?

5 മിനിറ്റത്തെ ഫോണ്‍ സ്‌ക്രോളിംഗ് നമ്മുടെ വൈബ് നശിപ്പിക്കുന്നത് എന്തുകൊണ്ട്?

[രംഗം: കൗമാരക്കാരായ അനന്യയും രാഹുലും ഒരു കോഫി ഷോപ്പിൽ ഒത്തുകൂടുന്നു] അനന്യ: ഓഹ്.. ഇന്ന് എനിക്ക് വളരെ മോശം ദിവസമാണെന്ന് തോന്നുന്നു. ഒരു മണിക്കൂറോളമായി ഇൻസ്റ്റാഗ്രാം സ്‌ക്രോൾ...

ജൂൺ 23, 2025 9:34 am
നിങ്ങള്‍ പ്രണയിച്ചിട്ടുണ്ടോ?

നിങ്ങള്‍ പ്രണയിച്ചിട്ടുണ്ടോ?

ചോദ്യം ആവര്‍ത്തിക്കട്ടെ, നിങ്ങള്‍ പ്രണയിച്ചിട്ടുണ്ടോ? ഉണ്ടെങ്കില്‍ ആ അനുഭൂതി എങ്ങനെയാണെന്ന് മനസ്സിലാക്കാന്‍ ശ്രമിച്ചിട്ടുണ്ടോ? പ്രണയം ഒരു സാധാരണ വികാരത്തേക്കാള്‍ കവിഞ്ഞു നില്‍ക്കുന്നതായി തോന്നാറില്ലേ? അത് നമ്മുടെ ശരീരത്തെയും...

ജൂൺ 3, 2025 9:50 pm
X
Top
Subscribe