എച്ച്പിഡിഎൽ ഡെഫിഷ്യൻസി: മസ്തിഷ്ക്കത്തെ ബാധിക്കുന്ന അപൂർവ്വ ജനിതക രോഗാവസ്ഥ

അതീവ സങ്കീർണ്ണമായ പ്രക്രിയകളാൽ സദാ സജീവമാണ് മനുഷ്യ ശരീരം.ആധുനിക വൈദ്യശാസ്ത്രം മനുഷ്യ ശരീരത്തിലെ അതിസൂക്ഷ്മതലങ്ങൾ തിരിച്ചറിഞ്ഞ് ചികിൽസിച്ച് നിരവധി രോഗങ്ങൾ ഉൻമൂലനം ചെയ്യുന്നുണ്ട്. അനുനിമിഷം ഗവേഷണങ്ങളും പഠനങ്ങളും നടക്കുന്ന ഈ മേഖലയിൽ അത്യാധുനിക ജനിതക പരിശോധനകളിലൂടെ അടുത്തിടെ കണ്ടെത്തിയ രോഗമാണ് എച്ച് പി ഡിഎൽ ഡെഫിഷ്യൻസി (HPDL Deficiency).
അപൂർവ്വ ജനിതക രോഗങ്ങൾ കുടുംബങ്ങളിലും വ്യക്തിജീവിതത്തിലും സൃഷ്ടിക്കുന്ന ആഘാതം വളരെ വലുതാണ്. ഈയടുത്ത് തിരിച്ചറിഞ്ഞ ഈയപൂർവ്വ രോഗം കുട്ടികളിലെ തലച്ചോറിൻ്റെ വളർച്ചയുമായി ബന്ധപ്പെട്ട അസുഖങ്ങളെക്കുറിച്ചുള്ള നമ്മുടെ അറിവുകളെ മാറ്റിമറിക്കുന്നതാണ്. തലച്ചോറിൻ്റെ വളർച്ചയെ നിശ്ശബ്ദമായി ബാധിക്കുന്ന ഒരവസ്ഥയാണിത്.
എന്താണ് എച്ച്പിഡിഎൽ ഡെഫിഷ്യൻസി?
തലച്ചോറിൻ്റെയും നാഡീവ്യൂഹത്തിൻ്റെയും വളർച്ചയെ ബാധിക്കുന്ന, ഓട്ടോസോമൽ റിസസീവ് (autosomal recessive) വിഭാഗത്തിൽ പെടുന്ന ഒരു അപൂർവ്വ ജനിതക രോഗമാണ് എച്ച്പിഡിഎൽ ഡെഫിഷ്യൻസി. എച്ച്പിഡിഎൽ ജീനിന് സംഭവിക്കുന്ന മ്യൂട്ടേഷൻ അഥവാ ഉൾപരിവർത്തനമാണ് ഇതിന് കാരണം. നമ്മുടെ കോശങ്ങൾക്ക് ഊർജ്ജം നൽകുന്ന മൈറ്റോകോൺട്രിയയുടെ പ്രവർത്തനങ്ങളിൽ ഈ ജീൻ വലിയ പങ്കു വഹിക്കുന്നുണ്ട്. തലച്ചോറിന് ആവശ്യമായ ഊർജ്ജം നൽകുന്നത് ഈ മൈറ്റോകോൺട്രിയകളാണ്.
എച്ച്പിഡിഎൽ ജീനിന് തകരാറ് സംഭവിക്കുമ്പോൾ, തലച്ചോറിലെ കോശങ്ങൾക്ക് ആവശ്യമായ ഊർജ്ജം കിട്ടാതെയാകുന്നു. ഇത് ശൈശവത്തിലോ അല്ലെങ്കിൽ കുട്ടിക്കാലത്തോ പലതരം നാഡീസംബന്ധമായ രോഗലക്ഷണങ്ങൾക്കും കാരണമാകുന്നു.
ഇതെങ്ങനെ സംഭവിക്കുന്നു?
ഈ രോഗാവസ്ഥ ഓട്ടോസോമൽ റിസസീവ് രീതിയിലാണ് പാരമ്പര്യമായി ലഭിക്കുന്നത്. അതായത്, രോഗാവസ്ഥയുണ്ടാകാൻ കുട്ടിക്ക് അച്ഛനിൽ നിന്നും അമ്മയിൽ നിന്നും ഈ രോഗത്തിന് കാരണമായ ജീനിൻ്റെ ഓരോ പകർപ്പു വീതം ലഭിക്കണം.
സാധാരണയായി, മാതാപിതാക്കൾ രണ്ടുപേരും ഈ ജീനിൻ്റെ വാഹകർ മാത്രമായിരിക്കും, അതിനാൽ അവർക്ക് രോഗലക്ഷണങ്ങൾ ഒന്നുംതന്നെ ഉണ്ടാകണമെന്നില്ല.
എച്ച്പിഡിഎൽ ഡെഫിഷ്യൻസിയുടെ ലക്ഷണങ്ങൾ
രോഗലക്ഷണങ്ങൾ സാധാരണയായി ശൈശവത്തിലോ കുട്ടിക്കാലത്തോ കണ്ടുതുടങ്ങുന്നു. പ്രധാന ലക്ഷണങ്ങൾ ഇനി പറയുന്നവയാണ്:
- ശാരീരികവും ബൗദ്ധികവുമായ വളർച്ചക്ക് കാലതാമസം നേരിടും: ഇരിക്കാനും നടക്കാനും സംസാരിക്കാനും വൈകുക.
- ഹൈപ്പോടോണിയ (Hypotonia): പേശികൾക്ക് ബലമില്ലാത്ത അവസ്ഥ, ശരീരം കുഴഞ്ഞിരിക്കുന്നത് പോലെ തോന്നുക.
- സ്പാസ്റ്റിസിറ്റി (Spasticity): പേശികൾക്ക് അസാധാരണമായ മുറുക്കവും വലിച്ചിലും അനുഭവപ്പെടുക.
- അപസ്മാരം അഥവാ ഫിറ്റ്സ് (Seizures): ഇടയ്ക്കിടെ അപസ്മാരം ഉണ്ടാവുക.
- മൈക്രോസെഫാലി (Microcephaly): തലയ്ക്ക് സാധാരണയിലും വലിപ്പക്കുറവ് ഉണ്ടാകുക.
- കാഴ്ചക്കുറവ് അല്ലെങ്കിൽ അന്ധത.
- ആഹാരം കഴിക്കാനുള്ള ബുദ്ധിമുട്ട്.
- എംആർഐ സ്കാനുകളിൽ തലച്ചോറ് ചുരുങ്ങിവരുന്നത് വ്യക്തമാകും.
തലച്ചോറിനുള്ളിൽ എന്ത് സംഭവിക്കുന്നു?
നമ്മുടെ കേന്ദ്ര നാഡീവ്യൂഹത്തിലാണ് എച്ച്പിഡിഎൽ ജീൻ പ്രധാനമായും പ്രവർത്തിക്കുന്നത്. ഈ രോഗമുള്ള കുട്ടികളുടെ ബ്രെയിൻ ഇമേജിംഗ് അഥവാ സ്കാൻ റിപ്പോർട്ട് പരിശോധിക്കുമ്പോൾ താഴെ പറയുന്ന കാര്യങ്ങൾ കണ്ടെത്താൻ കഴിയും:
- മസ്തിഷ്ക്കം ചുരുങ്ങിവരുന്ന അവസ്ഥ (Progressive brain atrophy).
- നാഡീഞരമ്പുകളുടെ ആവരണമായ മൈലിൻ (myelin) രൂപപ്പെടുന്നതിലെ കാലതാമസം.
- തലച്ചോറിലെ അറകളായ വെൻട്രിക്കിളുകൾക്ക് (ventricles) അസ്വാഭാവികമായ വലിപ്പം.
- മൈറ്റോകോൺട്രിയയുടെ പ്രവർത്തനത്തകരാറിന് സമാനമായ മാറ്റങ്ങൾ.
നാഡീകോശങ്ങളുടെ നിലനിൽപ്പിനും ഊർജ്ജ ഉത്പാദനത്തിനും എച്ച്പിഡിഎൽ ജീൻ എത്രത്തോളം അത്യന്താപേക്ഷിതമാണെന്ന് ഇത് വ്യക്തമാക്കുന്നു.
രോഗനിർണ്ണയം
പല ഘട്ടങ്ങളായാണ് രോഗനിർണ്ണയം നടത്തുന്നത്:
- ക്ലിനിക്കൽ പരിശോധന: കുട്ടികളുടെ നാഡീരോഗ വിദഗ്ദ്ധൻ വിശദമായി പരിശോധിക്കുന്നു.
- എംആർഐ സ്കാൻ: തലച്ചോറിൻ്റെ ഘടനയും മാറ്റങ്ങളും മനസ്സിലാക്കാൻ എംആർഐ സ്കാൻ നടത്തുന്നു.
- ജനിതക പരിശോധന: എച്ച്പിഡിഎൽ ജീനിൻ്റെ തകരാറ് സ്ഥിരീകരിക്കാനായി ഹോൾ എക്സോം സീക്വൻസിങ് (WES) പോലുള്ള പരിശോധനകൾ നടത്തുന്നു.
- മെറ്റബോളിക് പരിശോധനകൾ: മൈറ്റോകോൺട്രിയയുമായി ബന്ധപ്പെട്ട മറ്റ് രോഗങ്ങളില്ലെന്ന് ഉറപ്പുവരുത്തുന്നു.
നേരത്തെയുള്ള രോഗനിർണ്ണയം, ശരിയായ പരിചരണം നൽകാനും രോഗം മൂലമുണ്ടാകുന്ന സങ്കീർണ്ണതകൾ കൈകാര്യം ചെയ്യാനും കുടുംബങ്ങളെ സഹായിക്കും.
ചികിത്സിച്ചു ഭേദമാക്കാനാകുമോ?
നിലവിൽ, ഈ രോഗത്തിന് പൂർണ്ണമായ ഒരു ചികിത്സയില്ല. എങ്കിലും, കുഞ്ഞിൻ്റെ ജീവിതനിലവാരം മെച്ചപ്പെടുത്താൻ സഹായിക്കുന്ന സഹായക ചികിത്സകൾ ലഭ്യമാണ്. താഴെ പറയുന്നവ അതിൽ ഉൾപ്പെടുന്നു:
- അപസ്മാരം നിയന്ത്രിക്കാനുള്ള മരുന്നുകൾ.
- ശരീരത്തിന്റെ ചലനശേഷി മെച്ചപ്പെടുത്താൻ ഫിസിയോതെറാപ്പിയും ഒക്യുപേഷണൽ തെറാപ്പിയും.
- ശരിയായ പോഷകാഹാരം ഉറപ്പാക്കാനുള്ള മാർഗ്ഗങ്ങൾ.
- കാഴ്ചക്കുറവുണ്ടെങ്കിൽ വിഷൻ തെറാപ്പി.
- രോഗം ഗുരുതരമാകുന്ന സാഹചര്യങ്ങളിൽ സാന്ത്വന പരിചരണം.
ബോധവൽക്കരണം പ്രധാനം
എച്ച്പിഡിഎൽ ഡെഫിഷ്യൻസി വളരെ അപൂർവ്വമാണ്. മാത്രമല്ല, പുതിയതായി കണ്ടെത്തിയ ഒരു രോഗമായതിനാൽ, ശിശുരോഗ വിദഗ്ദ്ധർക്കും ജനിതക കൗൺസിലർമാർക്കും പൊതുജനങ്ങൾക്കും ഇതിനെക്കുറിച്ച് വേണ്ടത്ര അറിവില്ല. പലപ്പോഴും ഈ രോഗം തിരിച്ചറിയാതെ പോകുകയോ, സെറിബ്രൽ പാൾസി പോലെയുള്ള മറ്റ് വളർച്ചാ വൈകല്യങ്ങളായി തെറ്റിദ്ധരിക്കപ്പെടുകയോ ചെയ്യാറുണ്ട്.
ഇതിനെക്കുറിച്ച് ശരിയായ അവബോധം നേടുന്നതിലൂടെ, രോഗം നേരത്തെ കണ്ടെത്താനും, കുടുംബങ്ങൾക്ക് ശരിയായ തീരുമാനങ്ങൾ കൈക്കൊള്ളാനും, ഭാവിയിൽ ഗവേഷണങ്ങളിലൂടെ പുതിയ ചികിത്സകൾ കണ്ടെത്താനും സാധിക്കും.
References :
3. HPDL deficiency causes a neuromuscular disease by impairing the mitochondrial




