പരീക്ഷാപ്പേടിയിൽ നിന്ന് ജയിച്ചുകേറാം

പരീക്ഷാപ്പേടിയിൽ നിന്ന് ജയിച്ചുകേറാം

ആശങ്കകളെ തോൽപ്പിക്കാനുള്ള ശാസ്ത്രീയ മാർഗ്ഗങ്ങൾ

പരീക്ഷകൾ വിദ്യാർത്ഥികളുടെ മനസ്സിൽ പലതരത്തിലുള്ള വികാരങ്ങൾ സൃഷ്ടിക്കാറുണ്ട്. ആകാംക്ഷ, ഭീതി, ആശങ്ക അങ്ങനെയങ്ങനെ. വാസ്തവത്തിൽ ചെറിയൊരു പേടിയുള്ളത്, പഠനത്തിൽ കൂടുതൽ ശ്രദ്ധ നൽകാനും താല്പര്യം ഉണ്ടാക്കാനും സഹായിക്കും. എന്നാൽ, ഈ പേടി പരിധിവിട്ട് നമ്മുടെ ചിന്താഗതിയെയും ഉറക്കത്തെയും ദൈനംദിന ജീവിതത്തെയും ബാധിക്കുമ്പോൾ, അത് മനസ്സിനെയും ആരോഗ്യത്തെയും തളർത്തുന്ന പ്രതിബന്ധമായി മാറുന്നു.

പ്രായോഗികമായ ചില ശാസ്ത്രീയമാർഗ്ഗങ്ങളിലൂടെ പരീക്ഷാപ്പേടി കുറയ്ക്കാനും സമ്മർദ്ദം നിയന്ത്രിക്കാനും നമുക്ക് സാധിക്കും.

എന്താണ് പരീക്ഷാപ്പേടി (Test Anxiety)?

പരീക്ഷ എഴുതുന്ന സാഹചര്യങ്ങളോട് നമ്മുടെ മനസ്സും ശരീരവും കാണിക്കുന്ന പ്രതികരണമാണ് പരീക്ഷാപ്പേടി. ഇത് പ്രധാനമായും താഴെ പറയുന്ന കാരണങ്ങൾ കൊണ്ട് ഉണ്ടാകാം:

  • തോറ്റുപോയേക്കുമോ എന്ന ഭയം അല്ലെങ്കിൽ സ്വയം അവമതിപ്പ്
  • സ്വന്തം ഭാഗത്തുനിന്നോ മറ്റുള്ളവരിൽ നിന്നോ ഉള്ള അമിതമായ പ്രതീക്ഷകൾ
  • മുൻപ് പരീക്ഷകളിൽ ഉണ്ടായ മോശം അനുഭവങ്ങൾ
  • ഭാവിയെക്കുറിച്ചുള്ള അമിതമായ ആശങ്ക

പരീക്ഷയെ മസ്തിഷ്ക്കം ഒരു വലിയ ഭീഷണിയായി കാണുമ്പോഴാണ് ഈ പേടി ഉണ്ടാകുന്നത്. ഇത് ശരീരത്തിൽ ചില മാറ്റങ്ങൾ വരുത്തുന്നു—നെഞ്ചിടിപ്പ് കൂടുക, വിയർക്കുക, ഓക്കാനം വരിക, പേശികൾ വലിഞ്ഞു മുറുകുക, പരീക്ഷാഹാളിൽ ഇരിക്കുമ്പോൾ പഠിച്ച കാര്യങ്ങൾ പെട്ടെന്ന് മറന്നുപോവുക (Blanking out) എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്.

പരീക്ഷാപ്പേടിയുടെ പിന്നിലെ ശാസ്ത്രം

പരീക്ഷാപ്പേടി എന്നത് വെറുമൊരു തോന്നൽ മാത്രമല്ലെന്ന് പഠനങ്ങൾ തെളിയിക്കുന്നു. ഇത് നമ്മുടെ ചിന്താശേഷിയെയും ഓർമ്മശക്തിയെയും പഠിക്കാനുള്ള താല്പര്യത്തെയും വികാരങ്ങളെയും നേരിട്ട് ബാധിക്കുന്നു. പരീക്ഷാഹാളിൽ സ്വസ്ഥമായിരിക്കാൻ മനസ്സ് ശരിയായ രീതിയിലാകേണ്ടത് അത്യാവശ്യമാണ്.

പ്രധാനപ്പെട്ട ശാസ്ത്രീയ കണ്ടെത്തലുകൾ:

  • ഉറക്കത്തിന്റെ പ്രാധാന്യം: ഉറക്കം കുറയുമ്പോൾ ശരീരത്തിൽ സമ്മർദ്ദമുണ്ടാക്കുന്ന ഹോർമോണുകൾ കൂടുന്നു. ഇത് പഠിച്ച കാര്യങ്ങൾ ഓർത്തെടുക്കാനുള്ള കഴിവിനെ ഇല്ലാതാക്കുകയും പരിഭ്രാന്തി കൂട്ടുകയും ചെയ്യുന്നു
  • പഠനരീതിയും ആത്മവിശ്വാസവും: അവസാന നിമിഷം എല്ലാം കൂടി പഠിച്ചു തീർക്കാൻ ശ്രമിക്കുന്നത് (Cramming) പേടി കൂട്ടാനേ സഹായിക്കൂ. പകരം, ഓരോ ദിവസവും കുറച്ചുഭാഗങ്ങൾ വീതം പഠിക്കുന്നത് കാര്യങ്ങൾ കൂടുതൽ കാലം ഓർത്തുവെക്കാനും ആത്മവിശ്വാസം നൽകാനും സഹായിക്കും.
  • മനസ്സും ശരീരവും ശാന്തമാക്കാം: ശ്വസന വ്യായാമങ്ങളും ധ്യാനവും (Meditation) സ്വസ്ഥമാകാൻ സഹായിക്കും. ഇത് സമ്മർദ്ദം കുറയ്ക്കുകയും തലച്ചോറിനെ ഉന്മേഷമുള്ളതാക്കുകയും ചെയ്യുന്നു.
  • മറ്റുള്ളവരുടെ പിന്തുണ: സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും സംസാരിക്കുന്നത് മാനസികമായി വലിയ ആശ്വാസം നൽകും. നമ്മുടെ പേടി മറ്റുള്ളവരുമായി പങ്കുവെയ്ക്കുമ്പോൾ അത് കുറയുകയും  ഒറ്റയ്ക്കല്ലെന്ന തോന്നൽ ഉണ്ടാവുകയും ചെയ്യും.

പരീക്ഷാപ്പേടിയെ മറികടക്കാനുള്ള ശാസ്ത്രീയമാർഗ്ഗങ്ങൾ 

ഗവേഷണങ്ങളും മനഃശാസ്ത്രവും നാഡീശാസ്ത്രവും (Neuroscience) അടിസ്ഥാനമാക്കിയുള്ള ഈ രീതികൾ പരീക്ഷയെ ശാന്തമായി, ആത്മവിശ്വാസത്തോടെ നേരിടാൻ സഹായിക്കും.

1. നേരത്തെ തയ്യാറെടുക്കാം കൃത്യമായ പ്ളാനിംഗോടെ

പരീക്ഷാ തീയതിക്ക് ആഴ്ചകൾക്ക് മുൻപേ പഠിച്ചു തുടങ്ങുക. സിലബസിനെ ചെറിയ ഭാഗങ്ങളായി തിരിച്ച് കൃത്യമായ ഇടവേളകളിൽ പഠിക്കുന്നത് തലച്ചോറിന് അമിതഭാരം (Cognitive overload) ഉണ്ടാകുന്നത് ഒഴിവാക്കും. പഠിച്ചു തീർക്കാൻ കഴിയില്ലെന്ന പേടി ഇല്ലാതാക്കാൻ ഇത് സഹായിക്കും.

ചില നിർദ്ദേശങ്ങൾ:

  • ക്രിയാത്മക പഠനരീതി സ്വായത്തമാക്കാം: വായിച്ച കാര്യങ്ങൾ സ്വന്തം വാക്കുകളിൽ സംഗ്രഹിക്കുക, സ്വയം പരീക്ഷിക്കുക, അല്ലെങ്കിൽ മറ്റൊരാൾക്ക് അത് പഠിപ്പിച്ചു കൊടുക്കുക
  • മുൻഗണന നൽകുക: പ്രയാസമുള്ള വിഷയങ്ങൾ ആദ്യം പഠിച്ചു തീർക്കുക
  • പഠനക്രമം: കൃത്യമായി പാലിക്കാൻ കഴിയുന്ന ലളിതമായ ഒരു ടൈംടേബിൾ തയ്യാറാക്കുക

2. നന്നായുറങ്ങാം

പരീക്ഷയ്ക്ക് മുൻപുള്ള ആഴ്ചകളിൽ ദിവസവും ഏഴെട്ടുമണിക്കൂർ ഉറങ്ങാൻ ശ്രദ്ധിക്കുക. നമ്മൾ പഠിക്കുന്ന കാര്യങ്ങൾ ഓർമ്മയിൽ ഉറപ്പിക്കാനും (Memory consolidation) സമ്മർദ്ദം നിയന്ത്രിക്കാനും ഉറക്കം അത്യാവശ്യമാണ്.

ശാസ്ത്രീയ വശം: ഉറക്കം കുറയുന്നത് ശരീരത്തിൽ കോർട്ടിസോൾ (Cortisol) എന്ന സ്ട്രെസ് ഹോർമോൺ കൂടാൻ കാരണമാകും. ഇത് ഉത്കണ്ഠ വർദ്ധിപ്പിക്കുകയും ചിന്തിക്കാനുള്ള കഴിവു കുറയ്ക്കുകയും ചെയ്യും.

3. ശ്വസന വ്യായാമങ്ങളും മനോനിറവും

സാവധാനത്തിലും ആഴത്തിലുമുള്ള ശ്വസനം നമ്മുടെ ശരീരത്തിലെ പാരാസിംപതറ്റിക് നാഡീവ്യൂഹത്തെ ഉത്തേജിപ്പിക്കുന്നു. ഇത് ശരീരത്തിന് വിശ്രമം നൽകുകയും സമ്മർദ്ദം കുറയ്ക്കുകയും ചെയ്യുന്നു.

ചെയ്യേണ്ട രീതി:

  • മൂക്കിലൂടെ സാവധാനം ശ്വാസം ഉള്ളിലേക്ക് എടുക്കുക (4 സെക്കൻഡ്)
  • ശ്വാസം ഉള്ളിൽ പിടിച്ചു വെക്കുക (2 സെക്കൻഡ്)
  • വായയിലൂടെ സാവധാനം ശ്വാസം പുറത്തേക്ക് വിടുക (7 സെക്കൻഡ്)
  • പഠിക്കുന്നതിന് മുൻപും പരീക്ഷാ ദിവസവും ഇത് 5-10 തവണ ആവർത്തിക്കുക

4. വിശ്രമവും ശാരീരിക വ്യായാമങ്ങളും

യോഗ, ലളിതമായ വ്യായാമങ്ങൾ എന്നിവ ശരീരത്തിലെ രക്തയോട്ടം കൂട്ടാനും എൻഡോർഫിൻ (Endorphins) എന്ന സന്തോഷ ഹോർമോണുകൾ ഉത്പാദിപ്പിക്കാനും സഹായിക്കും. ഇത് സമ്മർദ്ദം കുറയ്ക്കാൻ വളരെ ഫലപ്രദമാണ്. ദിവസവും 20-30 മിനിറ്റ് വ്യായാമം ചെയ്യുന്നത് നിങ്ങളുടെ ഉന്മേഷവും ഏകാഗ്രതയും വർദ്ധിപ്പിക്കും.

5. നല്ല ഭക്ഷണക്രമവും ധാരാളം വെള്ളവും

രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായി നിലനിർത്താനും തലച്ചോറിന്റെ പ്രവർത്തനത്തെ സഹായിക്കാനുംസമീകൃതാഹാരം അത്യാവശ്യമാണ്.

കഫീൻ കുറയ്ക്കാം. ചായ, കാപ്പി എന്നിവയുടെ അമിത ഉപയോഗം പരിഭ്രാന്തി കൂട്ടാനും നെഞ്ചിടിപ്പ് വർദ്ധിപ്പിക്കാനും ഉറക്കം നഷ്ടപ്പെടുത്താനും കാരണമാകും. ഇത് പരീക്ഷാപ്പേടി വർദ്ധിപ്പിക്കുകയേ ഉള്ളൂ.

ശരീരത്തിൽ എപ്പോഴും മതിയായ ജലാംശം നിലനിർത്തുന്നത് തലച്ചോറിന്റെ പ്രവർത്തനക്ഷമത കൂട്ടും.

6. നിഷേധാത്മക ചിന്തകളെ അകറ്റിനിർത്താം

“എനിക്ക് എ പ്ലസ് കിട്ടിയേ തീരൂ”, അല്ലെങ്കിൽ “ഈ പരീക്ഷ തോറ്റാൽ എന്റെ ജീവിതം പോയി” എന്നിങ്ങനെയുള്ള തെറ്റായ ചിന്തകളാണ് പലപ്പോഴും ഉത്കണ്ഠ വർദ്ധിപ്പിക്കുന്നത്. പരീക്ഷയെ ഒരു ഭീഷണിയായി കാണുന്നതിന് പകരം വെല്ലുവിളിയായി കണ്ട് നേരിടുന്നത് പേടി കുറയ്ക്കാനും മികച്ച പ്രകടനം കാഴ്ചവെക്കാനും സഹായിക്കും.

7. ചെറിയ ഇടവേളകൾ എടുക്കുക

തുടർച്ചയായി പഠിക്കുന്നതിനേക്കാൾ കൃത്യമായ ഇടവേളകൾ നൽകി പഠിക്കുന്നത് തലച്ചോറിന്റെ പ്രവർത്തനക്ഷമത കൂട്ടും. ഉദാഹരണത്തിന്, 40 മിനിറ്റ് പഠിച്ചതിനുശേഷം 10 മിനിറ്റ് വിശ്രമിക്കുന്നത് ഏകാഗ്രത നിലനിർത്താനും സമ്മർദ്ദം കുറയ്ക്കാനും സഹായിക്കും.

8. മോക്ക് ടെസ്റ്റുകൾ സഹായകമാകും

പരീക്ഷാ ഹാളിലെ അതേ സാഹചര്യം വീട്ടിൽ ഒരുക്കി, സമയം വെച്ച് പരീക്ഷകൾ എഴുതി ശീലിക്കുക. ഇത് പരീക്ഷയോടുള്ള പേടി കുറയ്ക്കാൻ സഹായിക്കും. പരീക്ഷ എന്നത് പേടിക്കേണ്ട ഒന്നല്ലെന്നും നമുക്ക് നിയന്ത്രിക്കാൻ കഴിയുന്ന ഒന്നാണെന്നും ഇതിലൂടെ മസ്തിഷ്ക്കം മനസ്സിലാക്കുന്നു.

9. വേണ്ട സമയത്ത് സഹായം തേടുക

നിങ്ങളുടെ ഉത്കണ്ഠയെക്കുറിച്ച് അധ്യാപകരോടോ രക്ഷിതാക്കളോടോ കൗൺസിലർമാരോടോ തുറന്നു സംസാരിക്കുക. ഇത് മനസ്സിന് വലിയ ആശ്വാസം നൽകും. പരീക്ഷാപ്പേടി കൂടുതലുണ്ടെങ്കിൽ പ്രൊഫഷണൽ കൗൺസിലിംഗിലൂടെയോ ബിഹേവിയറൽ തെറാപ്പിയിലൂടെയോ (CBT) മാറ്റിയെടുക്കാൻ സാധിക്കും.

പേടി വരും, പക്ഷെ വരുതിയിലാക്കാം

പരീക്ഷാപ്പേടി എന്നത് സ്വാഭാവികമായ ഒരു വികാരം മാത്രമാണ്. ആ വികാരത്തെ ഒരിക്കലും ഒരു കുറവായി കണക്കാക്കേണ്ടതില്ല. നമ്മൾ അതിനെ എങ്ങനെ നേരിടുന്നു എന്നതാണ് പ്രധാനം—കൃത്യമായ തയ്യാറെടുപ്പോടെ, സ്വയം പരിപാലനത്തിലൂടെ, ശാസ്ത്രീയമായ ശീലങ്ങളിലൂടെ ഈ പേടിയെ മറികടക്കാൻ സാധിക്കുമെന്നുറപ്പാണ്.

നല്ല ഉറക്കം, ശരിയായ ഭക്ഷണം, വിശ്രമം, പോസിറ്റീവായ ചിന്താഗതി എന്നിവയോടൊപ്പം കൃത്യമായ പഠനം കൂടിയായാൽ, പരീക്ഷകളെ അതിജീവിക്കുക മാത്രമല്ല, നല്ല ഫലം കിട്ടുകയും ചെയ്യും.

പരീക്ഷാപ്പേടിയെ തോൽപ്പിക്കാൻ 6 പ്രധാന വഴികൾ:

1.നേരത്തെ തുടങ്ങുക, ബുദ്ധിപരമായി പ്ലാൻ ചെയ്യുക.

2.നന്നായി ഉറങ്ങുക, ആരോഗ്യകരമായ ഭക്ഷണം കഴിക്കുക.

3.ശ്വാസകോശ വ്യായാമങ്ങളും മൈൻഡ്‌ഫുൾനെസ്സും ശീലിക്കുക.

4.പഠനവിഷയങ്ങൾ ചെറിയ ഭാഗങ്ങളായി തിരിച്ച് പഠിക്കുക.

5.തഴക്കം വരാൻ മാതൃകാ പരീക്ഷകൾ (Mock tests) എഴുതുക.

6. വ്യായാമങ്ങൾ ചെയ്യുക, മറ്റുള്ളവരോട് സംസാരിക്കുക.

ഇനി പരിക്ഷയെഴുതി നോക്കൂ.

പേടിക്കുപകരം മനസ്സിൽ ആത്മവിശ്വാസം നിറയുന്നതു കാണാം!

Related News

ലോക പൊണ്ണത്തടി ദിനം

ലോക പൊണ്ണത്തടി ദിനം

അമിതവണ്ണം എന്ന ആധുനികവിപത്തിനെക്കുറിച്ച് അറിഞ്ഞിരിക്കാം എല്ലാ വർഷവും മാർച്ച് 4-ാം തിയതി നമ്മൾ ലോക പൊണ്ണത്തടി ദിനമായി ആചരിക്കുന്നുണ്ട്. അമിതവണ്ണം ഇന്ന് ലോകം നേരിടുന്ന സങ്കീർണ്ണമായ ആരോഗ്യ...

മാർച്ച്‌ 4, 2026 11:03 pm
 സമ്മർദ്ദം ഒഴിവാക്കി ഓർമ്മശക്തി കൂട്ടാം: പരീക്ഷയ്ക്ക് അതിവേഗം ഓർത്തെടുക്കാൻ ഡോക്ടർ നൽകുന്ന മാർഗ്ഗനിർദ്ദേശങ്ങൾ

 സമ്മർദ്ദം ഒഴിവാക്കി ഓർമ്മശക്തി കൂട്ടാം: പരീക്ഷയ്ക്ക് അതിവേഗം ഓർത്തെടുക്കാൻ ഡോക്ടർ നൽകുന്ന മാർഗ്ഗനിർദ്ദേശങ്ങൾ

“ഡോക്ടർ, എല്ലാം പഠിച്ചതാണ്… പക്ഷേ പരീക്ഷാഹാളിൽ എത്തുമ്പോൾ ഒന്നും ഓർമ്മ കിട്ടുന്നില്ല.” പരീക്ഷാക്കാലത്ത് ക്ലിനിക്കുകളിൽ എത്തുന്ന വിദ്യാർത്ഥികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും ഏറ്റവും കൂടുതൽ കേൾക്കുന്ന ഒരു...

മാർച്ച്‌ 1, 2026 4:10 pm
വളർത്തുനായ നക്കിയാൽ സെപ്സിസ് വരുമോ?

വളർത്തുനായ നക്കിയാൽ സെപ്സിസ് വരുമോ?

നായ്ക്കുട്ടിയെ വളർത്തുന്നവർ ഡോഗ് മാസ്റ്ററിൽ നിന്ന്, ഡോഗ് ഓണറിൽ നിന്ന് പെറ്റ് പാരൻ്റിലേക്ക് വളർന്നെത്തിയ കാലമാണിത്. ഒരുകാലത്ത്  വീടിനുപുറത്തുമാത്രം കഴിഞ്ഞിരുന്ന നായ്ക്കുട്ടികൾ ഇന്ന് നമ്മുടെ സന്തതസഹചാരികളായി മാറിക്കഴിഞ്ഞു. ...

ഫെബ്രുവരി 25, 2026 11:21 pm
മുപ്പതിന് ശേഷം അമ്മയാകാനൊരുങ്ങുമ്പോൾ

മുപ്പതിന് ശേഷം അമ്മയാകാനൊരുങ്ങുമ്പോൾ

ഇന്നത്തെ കാലത്ത് കരിയറിലെ വളർച്ചയ്ക്കും സാമ്പത്തിക സുരക്ഷിതത്വത്തിനും യോജിച്ച പങ്കാളിയെ കണ്ടെത്താനുമൊക്കെയായി പല സ്ത്രീകളും മുപ്പതുകൾക്ക് ശേഷം മാത്രം ഗർഭധാരണത്തിന് തയ്യാറെടുക്കാറുണ്ട്. ഇത് തികച്ചും സ്വാഭാവികവുമാണ്. എങ്കിലും,...

ഫെബ്രുവരി 25, 2026 11:19 pm
Top
Subscribe