പ്രിയമുള്ളവരെ മനസ്സുകൊണ്ട് ചേർത്തുനിർത്താം;ഏതു തിരക്കിനിടയിലും

വീട്ടിലേയും ഓഫീസിലേയും ഉത്തരവാദിത്തങ്ങൾക്കിടയിൽ, ഒരിക്കലും അവസാനിക്കാത്ത തിരക്കുകളുള്ള നമ്മുടെ ജീവിതത്തിൽ, അത്രമേൽ പ്രിയപ്പെട്ടതായാൽപ്പോലും മറ്റൊരാൾക്ക് വൈകാരിക പിന്തുണ നൽകാൻ നമുക്ക് സമയം കിട്ടിയെന്ന് വരില്ല. പലപ്പോഴും അവർക്ക് വേണ്ട സമയത്ത് മാനസികമായി അവരെ ചേർത്തു നിർത്താൻ കഴിയാതെ പോകാറുണ്ട്, അവർ കടന്നുപോകുന്ന പ്രതിസന്ധി അതേപടി മനസ്സിലാക്കുമ്പോഴും. പക്ഷെ, വൈകാരിക പിന്തുണ നൽകാൻ മണിക്കൂറുകളോളം അവരുമായി പ്രശ്നങ്ങൾ ചർച്ച ചെയ്യുകയോ ദിവസം മുഴുവൻ അവരോടൊത്ത് സമയം ചെലവഴിക്കുകയോ ഒന്നും വേണ്ട. വളരെ കുറച്ച് നിമിഷങ്ങളേ ഉള്ളൂവെങ്കിൽക്കൂടി, അവരുടെ കൂടെ ഉണ്ടാകുക, അവരുടെ സങ്കടങ്ങൾ കേൾക്കാൻ മനസ്സുണ്ടാകുക. സഹാനുഭൂതി കാണിക്കുക, വേണ്ട ഇടപെടൽ നടത്തുക ഇതെല്ലാമാണ് പ്രധാനം.
നമ്മുടെ ജീവിതം എത്രമാത്രം തിരക്കേറിയതാണെങ്കിലും, വേണ്ടപ്പെട്ട ഒരു വ്യക്തിക്ക് മാനസിക-വൈകാരിക പിന്തുണ നൽകാനുള്ള ശാസ്ത്രീയവും പ്രയോഗികവുമായ മാർഗ്ഗങ്ങൾ എന്തെല്ലാമാണെനന് നമുക്ക് നോക്കാം.
മാനസിക പിന്തുണ പ്രധാനമാണ് – കാരണം?
ഉത്കണ്ഠ, വിഷാദം, ഏകാന്തത, ദുഃഖം, ഉദ്യോഗത്തിലെ സമ്മർദ്ദം തുടങ്ങിയ മാനസികാരോഗ്യ പ്രയാസങ്ങൾ വർത്തമാനകാലത്ത് വളരെ സാധാരണമായിക്കൊണ്ടിരിക്കുകയാണ്. ലോകാരോഗ്യ സംഘടനയുടെ (WHO) കണക്ക് പ്രകാരം, ലോകമെമ്പാടും 970 മില്ല്യൺ ആളുകൾ ഏതെങ്കിലും തരത്തിലുള്ള മാനസികാരോഗ്യ പ്രശ്‌നങ്ങൾ നേരിടുന്നുണ്ട്. വൈകാരികമായി പിന്തുണയ്ക്കുന്ന ഒരാളെങ്കിലും കൂടെയുണ്ടെങ്കിൽ അവരുടെ അവസ്ഥയിൽ കാര്യമായ പുരോഗതിയുണ്ടാക്കാൻ സാധിക്കും എന്നത് വ്യക്തമാണ്.
അങ്ങനെ പിന്തുണ ആവശ്യമുള്ള വ്യക്തിയെ ചേർത്തുനിർത്തുമ്പോൾ, അത്, ആ വ്യക്തിയുടെ ഒറ്റപ്പെടൽ കുറയ്ക്കാനും, മറ്റൊരാൾക്ക് തന്നോട് കരുതലുണ്ടെന്നും അയാൾ, തന്നെ വിലമതിക്കുന്നുണ്ടെന്നും അംഗീകരിക്കുന്നുണ്ടെന്നും തോന്നും, അത് പ്രതിസന്ധിഘട്ടത്തിൽ ആ വ്യക്തിക്ക് ഏറെ സഹായകമാകും.
1. പരിഹാരം കണ്ടെത്താനല്ല, ശ്രദ്ധയോടെ കേൾക്കാൻ തുടങ്ങാം
“ ഏറ്റവും നല്ല പിന്തുണ എന്നത് ഒരാളുടെ വേദനയിൽ വെറുതെ കൂടെയിരിക്കുക എന്നതാണ്.”
നമുക്ക് സമയം കിട്ടുമ്പോൾ, വർത്തമാനത്തിൻ്റെ സമയ ദൈർഘ്യത്തേക്കാൾ ഗുണമേന്മയിൽ ശ്രദ്ധിക്കുക. മറ്റൊന്നിലേക്കും ശ്രദ്ധ വഴുതിപ്പോകാതെ, ആത്മാർത്ഥമായി കേൾക്കാൻ കുറച്ച് മിനിറ്റുകൾ മാറ്റിവെക്കുക. നമുക്ക് അവരുടെ പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞെന്ന് വരില്ല, പക്ഷെ, അവരുടെ വികാരങ്ങളെ അംഗീകരിക്കാനാകും, അതുതന്നെ അവർക്ക് വലിയ ആശ്വാസമാകും.
ചില എളുപ്പവഴികൾ:
- സംസാരിക്കുമ്പോൾ ഇടയിൽ കയറി തടസ്സപ്പെടുത്താതിരിക്കാം.
- അവരുടെ വികാരങ്ങളെ അംഗീകരിക്കുക ( അവരോട്, “ഇത് കേൾക്കുമ്പോൾ വളരെ വിഷമമുണ്ട്”, “എനിക്ക് മനസ്സിലാക്കാൻ കഴിയുന്നുണ്ട്” എന്നെല്ലാം പറയാം).
- “ഞാൻ കൂടെയുണ്ട്” അല്ലെങ്കിൽ “എല്ലാം തുറന്ന് പറഞ്ഞോളൂ” തുടങ്ങിയ വാക്യങ്ങൾ ഉപയോഗിക്കുക.
2. കുറച്ചു നേരം, പതിവായി സംസാരിക്കാം
സമയക്കുറവ് മൂലം കൂടുതൽ നേരം സംസാരിക്കാൻ കഴിഞ്ഞില്ലെങ്കിലും സാരമില്ല, അൽപ്പനേരം എങ്കിലും ആശയവിനിമയം നടത്തുന്നത് സങ്കടത്തിൽ കഴിയുന്ന വ്യക്തിക്ക് നല്ല സ്വസ്ഥത നൽകും:
- സ്നേഹം പകരുന്ന ഒരു മെസ്സേജ്.
- മനസ്സിന് കരുത്തു നൽകുന്ന ഒരു തമാശ അല്ലെങ്കിൽ വാചകം.
- ഒരു ചെറിയ ശബ്ദ സന്ദേശം.
- അവരെ ഓർമ്മിപ്പിക്കുന്ന ഒരു പാട്ടോ പുസ്തകത്തിലെ വരികളോ അയയ്ക്കാം.
നേരിട്ട് കണ്ട് സംസാരിക്കാൻ കഴിഞ്ഞില്ലെങ്കിലും, അവർ തനിച്ചല്ലെന്ന് ഈ ചെറിയ സൂചനകൾ അവരെ ഓർമ്മിപ്പിക്കും.
3. കൃത്യമായ ഇടവേളകളിൽ വിളിച്ച് അന്വേഷിക്കുക
ആഴ്ചയിൽ ഒന്നോ രണ്ടോ തവണ, വിളിക്കാനോ സന്ദേശം അയക്കാനോ വീഡിയോ കോൾ ചെയ്യാനോ വേണ്ടി 10–15 മിനിറ്റ് നേരം മാറ്റിവെക്കുക. മറക്കാതെ ചെയ്യേണ്ട ഒരു പ്രധാന കാര്യമായിത്തന്നെ ഇതിനെ കാണണം.
ഉദാഹരണത്തിന് ഇനിപ്പറയുന്ന തരത്തിൽ സന്ദേശം അയയ്ക്കാം :
“ഞാൻ നടക്കുന്നതിനിടയിൽ ഒരു 10 മിനിറ്റ് കിട്ടി. ഈ ആഴ്ചയിലെ നിൻ്റെ കാര്യങ്ങൾ എങ്ങനെയെന്ന് അറിയാൻ വിളിച്ചതാണ്.”
പതിവായ ഈ അന്വേഷണങ്ങൾ, നിങ്ങൾ നൽകുന്ന വൈകാരിക പിന്തുണയിൽ സ്ഥിരതയുണ്ടെന്ന് വ്യക്തമാക്കും, ഇത് പ്രയാസകരമായ സമയത്തിലൂടെ കടന്നുപോകുന്ന ഒരാൾക്ക് വലിയ ആശ്വാസം നൽകും.
4. പ്രായോഗികമായ സഹായങ്ങൾ വാഗ്ദാനം ചെയ്യുക (“എന്തെങ്കിലും വേണമെങ്കിൽ പറയണം” എന്ന് പറയുന്നതിന് പകരം)
തിരക്കിലാണെങ്കിലും അല്ലെങ്കിലും, പ്രായോഗികമായ സഹായങ്ങൾ വലിയ മാറ്റമുണ്ടാക്കുകയും മനസ്സുകൊണ്ടെങ്കിലും തൊട്ടരികിൽ വേണ്ടപ്പെട്ട ഒരാളുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യും.
ഇങ്ങനെ പറഞ്ഞുനോക്കൂ:
- “ഞാൻ സാധനങ്ങൾ ഓർഡർ ചെയ്യാൻ പോകുന്നു—നിനക്ക് എന്തെങ്കിലും വേണോ?”
- “നിനക്കുവേണ്ടി ഞാൻ ഡോക്ടറെ വിളിച്ച് അപ്പോയിന്റ്മെന്റ് എടുക്കട്ടേ?”
- “നിന്റെ അടുത്തുള്ള നല്ല തെറാപ്പിസ്റ്റുകളെ ഞാൻ അന്വേഷിക്കട്ടേ?”
നിങ്ങൾ എല്ലാം ചെയ്യേണ്ടതില്ല—പ്രയോജനമുള്ള എന്തെങ്കിലും ഒന്ന് ചെയ്താൽ, അതു തന്നെ ധാരാളം.
5. നിങ്ങളുടെ വിഷമങ്ങളും പങ്കുവെക്കാം
നിങ്ങളുടെ സ്വന്തം സമ്മർദ്ദങ്ങളെക്കുറിച്ചോ പ്രതിസന്ധികളെക്കുറിച്ചോ തുറന്നുപറയുന്നത്, അവർക്ക്, തങ്ങൾ ഒറ്റയ്ക്കല്ല എന്ന തോന്നലുണ്ടാക്കാൻ സഹായിക്കും. അതൊരു വൈകാരിക സുരക്ഷിതത്വം നൽകും. അവരെപ്പോഴും ‘“ ശക്തരായിരിക്കണം” എന്ന ചിന്ത നിങ്ങൾക്കില്ലെന്ന് അത് വ്യക്തമാക്കുകയും ചെയ്യുന്നു.
വിഷമതകൾ തുറന്നുപറയുന്നത് ബന്ധങ്ങൾ ദൃഢമാക്കും. ആത്മാർത്ഥതയാണ് പ്രധാനം.
6. അവർക്ക് എന്താണ് വേണ്ടതെന്ന് ഊഹിക്കരുത് – തുറന്ന് ചോദിക്കുക
എല്ലാവർക്കും ഒരേപോലെയുള്ള പിന്തുണയല്ല ആവശ്യമുണ്ടാകുക. ചിലർക്ക് ഒരുപക്ഷേ മറ്റു കാര്യങ്ങളിലേക്ക് ശ്രദ്ധ തിരിച്ചുവിട്ടാൽ സ്വസ്ഥത ലഭിക്കും. മറ്റു ചിലർക്കാകട്ടെ, ആഴത്തിലുള്ള വൈകാരിക പിന്തുണയാകും ആവശ്യം.
ഇങ്ങനെ ചോദിച്ചുനോക്കൂ:
- “ഇപ്പോൾ എങ്ങനെയുള്ള പിന്തുണയാണ് നിനക്ക് ആശ്വാസം നൽകുക?”
- “നിനക്ക് ഇതിനെക്കുറിച്ച് തുറന്ന് സംസാരിക്കാൻ ആഗ്രഹമുണ്ടോ? അതോ താൽപ്പര്യമുള്ള മറ്റെന്തെങ്കിലും നോക്കണോ?”
7. ആവശ്യമെങ്കിൽ വിദഗ്ദ്ധ സഹായം തേടാൻ നിർദ്ദേശിക്കുക
പ്രിയപ്പെട്ടവരുടെ ബുദ്ധിമുട്ടുകൾ നിങ്ങൾക്ക് കൈകാര്യം ചെയ്യാൻ കഴിയുന്നതിനും അപ്പുറമാണെന്ന് തോന്നുന്നുവെങ്കിൽ, ഒരു തെറാപ്പിസ്റ്റിനെയോ കൗൺസിലറെയോ സമീപിക്കാൻ അവരെ പ്രോത്സാഹിപ്പിക്കുക.
ഇങ്ങനെ പറയാം:
“നീ മാനസികമായി വലിയ ഭാരം ചുമക്കുന്നുണ്ടെന്ന് തോന്നുന്നു. മനസ്സ് ശാന്തമാക്കാൻ ഒരു തെറാപ്പിസ്റ്റിനെ കണ്ടാലോ?”
അവർക്ക് സമ്മതമാണെങ്കിൽ, അങ്ങനെയുള്ളവരെ കണ്ടെത്താൻ സഹായിക്കാമെന്നും വാഗ്ദാനം ചെയ്യുക.
8. പരിമിതികൾ തിരിച്ചറിയുക (നിങ്ങളുടേതും അവരുടേതും)
സ്വയം പ്രശ്നങ്ങൾക്ക് നടുവിൽ നിൽക്കുമ്പോൾ മറ്റുള്ളവരോട്, അവർ അപ്പോൾ ആഗ്രഹിക്കുന്ന രീതിയിൽ പെരുമാറാൻ നമുക്ക് കഴിഞ്ഞെന്ന് വരില്ല.
ഒരാളെ പിന്തുണയ്ക്കുക എന്നതിനർത്ഥം സ്വന്തം മാനസികാരോഗ്യം ബലികഴിക്കുക എന്നല്ല.
ഇങ്ങനെ പറയുന്നതിൽ തെറ്റില്ല:
“എനിക്ക് നിന്നോട് ഒരുപാട് സ്നേഹവും കരുതലും ഉണ്ട്, നിന്നെ സഹായിക്കാൻ ഞാൻ ആഗ്രഹിക്കുന്നുമുണ്ട്. പക്ഷെ ഞാനും ഇപ്പോൾ മാനസികമായി കുറച്ച് ബുദ്ധിമുട്ടിലാണ്. നമുക്ക് ഇന്ന് വൈകുന്നേരമോ നാളെയോ സംസാരിച്ചാൽ മതിയോ?”
സത്യസന്ധമായ പരിമിതികൾ തിരിച്ചറിയുന്നത് ഇരുകൂട്ടർക്കും സമാധാനം നൽകും.
ചെറിയ കരുതൽ മതി, വലിയ മാറ്റമുണ്ടാക്കാം
സ്നേഹവും പിന്തുണയും നൽകുന്ന ഒരു സുഹൃത്തോ കുടുംബാംഗമോ ആകാൻ നമുക്ക് മണിക്കൂറുകളോളം ഒഴിവുസമയം വേണമെന്നില്ല. ചെറിയൊരു അന്വേഷണമോ, പ്രോത്സാഹനം നൽകുന്ന വാക്കോ, അല്ലെങ്കിൽ വിഷമതകൾ കേൾക്കാനുള്ള മനസ്സോ മതി – പ്രതിസന്ധികളിൽ വലയുന്നവർക്ക് അത് ഏറെ വിലപ്പെട്ടതാവാം.
മാനസിക പിന്തുണ എന്നാൽ എല്ലാം ചെയ്യുക എന്നല്ല – പകരം, സന്തോഷത്തിൽ മാത്രമല്ല, സങ്കടത്തിലും നമ്മൾ കൂടെയുണ്ടെന്ന് അവരെ ഓർമ്മിപ്പിക്കലാണ്.




