ശരീരത്തിൽ മദ്യത്തിൻ്റെ അംശം എത്ര നേരം നിലനിൽക്കും? അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ഒരു ഗ്ലാസ് വൈൻ, ബിയർ, അല്ലെങ്കിൽ ഒരു പെഗ് വിസ്കി – പലർക്കും തിരക്കുകൾക്കിടയിൽ ഒന്ന് റിലാക്‌സ് ചെയ്യാനോ സുഹൃത്തുക്കളോടൊപ്പം സൊറ പറഞ്ഞിരിക്കാനോ അവധി ദിവസം ആസ്വദിക്കാനോ ഉള്ള വഴിയാണിത്. മദ്യപിച്ച ശേഷം ശരീരത്തിൽ എന്താണ് സംഭവിക്കുന്നത്? അതിന്റെ ലഹരി പോയാലും എത്ര നേരം അത് നമ്മുടെ ഉള്ളിൽ നിലനിൽക്കും? ഇക്കാര്യങ്ങളെക്കുറിച്ച് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
മദ്യപാനം വരുത്തുന്ന ഹാങ്ഓവർ ഒഴിവാക്കുക എന്നതിലുപരി, മദ്യം ശരീരത്തിൽ എത്രനേരം ഉണ്ടാകുമെന്ന് അറിയുന്നത് പ്രധാനമാണ്. സുരക്ഷയുടെ കാര്യമായാലും ഉദാഹരണത്തിന്, മദ്യപിച്ച ശേഷം എത്ര നേരം കഴിഞ്ഞ് വാഹനം ഓടിക്കാം എന്ന് മനസ്സിലാക്കാൻ, ആരോഗ്യപരമായി ചിന്തിക്കുകയാണെങ്കിൽ, മദ്യം അവയവങ്ങളെ എങ്ങനെ ബാധിക്കുന്നു? ചികിത്സാപരമായ ആവശ്യങ്ങൾക്ക്, അതായത്, മരുന്നുകൾ കഴിക്കുമ്പോൾ, ശസ്ത്രക്രിയക്ക് മുമ്പ്, ആരോഗ്യ പരിശോധനകൾക്ക് വിധേമാകുമ്പോൾ- അങ്ങനെ എല്ലാ കാര്യങ്ങൾക്കും ഈ അറിവ് നിർണായകമാണ്.
മദ്യം നമ്മുടെ ശരീരത്തിൽ എങ്ങനെ പ്രവർത്തിക്കുന്നു എന്ന് മനസ്സിലാക്കാം.
ശരീരം മദ്യത്തെ കൈകാര്യം ചെയ്യുന്നത് എങ്ങനെ?
മറ്റ് ഭക്ഷണങ്ങൾ കഴിക്കുമ്പോഴത്തെ പോലെ, ശരീരം മദ്യം സംഭരിക്കുകയോ ദഹിപ്പിക്കുകയോ ചെയ്യുന്നില്ല. കുടിച്ച് കഴിഞ്ഞാൽ ഉടൻ തന്നെ അത് രക്തത്തിലേക്ക് അതിവേഗം വലിച്ചെടുക്കപ്പെടും:
- 20% വയറ്റിലൂടെ (ആമാശയം)
- 80% ചെറുകുടലിലൂടെ
അങ്ങനെ രക്തത്തിലെത്തുന്ന മദ്യം പിന്നീട് കരളിലേക്ക് ചെല്ലും. അവിടെ വെച്ചാണ് മദ്യത്തെ വിഘടിപ്പിക്കുന്ന പ്രധാന ജോലി നടക്കുന്നത്. കരളിലെ ആൽക്കഹോൾ ഡീഹൈഡ്രോജിനേസ് (ADH) എന്ന എൻസൈം അഥവാ രാസാഗ്നി മദ്യത്തെ (ആൽക്കഹോളിനെ) ആദ്യം അസെറ്റാൽഡിഹൈഡ് എന്ന വിഷവസ്തുവാക്കി മാറ്റുന്നു. തുടർന്ന് ഇത് അസറ്റേറ്റ് ആയി മാറുകയും ഒടുവിൽ ശരീരത്തിൽ നിന്ന് എളുപ്പത്തിൽ പുറന്തള്ളാൻ കഴിയുന്ന വെള്ളവും കാർബൺ ഡൈ ഓക്സൈഡുമായി മാറുകയും ചെയ്യുന്നു.
മദ്യം ശരീരത്തിൽ നിന്ന് പുറന്തള്ളാൻ എടുക്കുന്ന ശരാശരി സമയം
ശരാശരി, ഒരു വ്യക്തിയുടെ ശരീരം ഒരു സ്റ്റാൻഡേർഡ് ഡ്രിങ്ക് വിഘടിപ്പിച്ച് പുറന്തള്ളാൻ ഒരു മണിക്കൂർ സമയം എടുക്കും.
മിക്ക രാജ്യങ്ങളിലും ഒരു “സ്റ്റാൻഡേർഡ് ഡ്രിങ്ക്” എന്നത് താഴെ പറയുന്ന അളവുകൾക്ക് തുല്യമാണ്:
- 350 മില്ലി (12 oz) ബിയർ (5% ആൽക്കഹോൾ)
- 150 മില്ലി (5 oz) വൈൻ (12% ആൽക്കഹോൾ)
- 45 മില്ലി (1.5 oz) ഡിസ്റ്റിൽഡ് സ്പിരിറ്റ്സ് (40% ആൽക്കഹോൾ, അതായത് ഒരു പെഗ്ഗിന് തുല്യം)
ഇത് ഒരു ഏകദേശ കണക്ക് മാത്രമാണ്. മദ്യം ഒരാളുടെ ശരീരത്തിൽ എത്രനേരം ഉണ്ടാകുമെന്നത് വ്യക്തിപരമായ നിരവധി ഘടകങ്ങളെ ആശ്രയിച്ചിരിക്കും.
മദ്യ വിഘടനത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ
മദ്യം ശരീരത്തിൽ എത്രനേരം നിലനിൽക്കും എന്നത് ഓരോ വ്യക്തിയിലും വ്യത്യസ്തമായിരിക്കും. പ്രധാനമായും താഴെ പറയുന്ന ഘടകങ്ങളാണ് ഇതിനെ സ്വാധീനിക്കുന്നത്:
1.ശരീരഭാരവും ഘടനയും
1.ശരീരഭാരം കൂടിയവർക്ക് സാധാരണയായി മദ്യത്തെ വേഗത്തിൽ വിഘടിപ്പിക്കാൻ സാധിക്കും.
2.കൊഴുപ്പ് കൂടുതലുള്ള ശരീരത്തിൽ മദ്യം കൂടുതൽ നേരം തങ്ങിനിൽക്കാൻ സാധ്യതയുണ്ട്.
2.ലിംഗഭേദം
1.പുരുഷന്മാരുമായി താരതമ്യം ചെയ്യുമ്പോൾ, സ്ത്രീകളിൽ ADH എൻസൈമിന്റെ അളവ് കുറവായതുകൊണ്ടും ശരീരത്തിൽ കൊഴുപ്പിന്റെ ശതമാനം കൂടുതലായതുകൊണ്ടും മദ്യം വിഘടിക്കുന്നത് സാവധാനത്തിലായിരിക്കും.
3.പ്രായം
1.പ്രായമായവരിൽ കരളിന്റെ പ്രവർത്തനക്ഷമത കുറയുന്നതിനാൽ മദ്യം വിഘടിക്കാൻ കൂടുതൽ സമയം എടുക്കാൻ സാധ്യതയുണ്ട്.
4.ഭക്ഷണം കഴിക്കുന്നത്
1.ഒഴിഞ്ഞ വയറ്റിൽ മദ്യപിക്കുന്നത് അതിന്റെ ആഗിരണത്തെ വേഗത്തിലാക്കും.
2.എന്നാൽ ഭക്ഷണം കഴിച്ചുകൊണ്ട് മദ്യപിക്കുമ്പോൾ ആഗിരണം മന്ദഗതിയിലാകുകയും കരളിന് അത് വിഘടിപ്പിക്കാൻ കൂടുതൽ സമയം ലഭിക്കുകയും ചെയ്യും.
5.കരളിന്റെ ആരോഗ്യം
1.ഫാറ്റി ലിവർ, ഹെപ്പറ്റൈറ്റിസ്, സിറോസിസ് തുടങ്ങിയ കരൾ രോഗങ്ങൾ മദ്യത്തെ വിഘടിപ്പിക്കാനുള്ള ശരീരത്തിന്റെ കഴിവിനെ തകരാറിലാക്കും.
6.മരുന്നുകൾ
1.ചില മരുന്നുകൾ മദ്യത്തിന്റെ വിഘടനത്തെ മന്ദഗതിയിലാക്കുകയോ അതല്ലെങ്കിൽ മദ്യവുമായി ചേർന്ന് അപകടകരമായ ഫലങ്ങൾ ഉണ്ടാക്കുകയോ ചെയ്യാം.
മദ്യത്തിന്റെ അംശം ശരീരത്തിൽ എത്രനാൾ തുടരും?
പരിശോധനയിൽ കണ്ടെത്താൻ കഴിയുന്ന സമയം
മദ്യം കഴിച്ചയാൾക്ക്,ലഹരി പോയി അല്ലെങ്കിൽ ഹാങ്ങോവർ വിട്ടു എന്ന് തോന്നിയാലും, വിവിധ പരിശോധനാ രീതികൾക്ക് അനുസൃതമായി, മദ്യത്തിന്റെ അംശം ശരീരത്തിൽ പല കാലയളവുകളിൽ കണ്ടെത്താൻ സാധിക്കും:
- രക്ത പരിശോധന:12 മണിക്കൂർ വരെ
- ബ്രീത്ത് അനലൈസർ ടെസ്റ്റ്: 24 മണിക്കൂർ വരെ
- മൂത്ര പരിശോധന:
- സാധാരണ പരിശോധന: 12-24 മണിക്കൂർ വരെ
- അഡ്വാൻസ്ഡ് ടെസ്റ്റ് (ETG/ETS): 72–80 മണിക്കൂർ വരെ
- ഉമിനീർ പരിശോധന: 12–24 മണിക്കൂർ വരെ
- മുടിയിഴ പരിശോധന: 90 ദിവസം വരെ
ഉറങ്ങിത്തീർത്താൽ ലഹരി മാറുമോ?
ഉറങ്ങുക, കാപ്പി കുടിക്കുക, അല്ലെങ്കിൽ തണുത്ത വെള്ളത്തിൽ കുളിക്കുക എന്നിവയൊക്കെ ലഹരി മാറ്റാൻ സഹായിക്കുമെന്ന് പലരും വിശ്വസിക്കുന്നു. എന്നാൽ യഥാർത്ഥത്തിൽ, സമയം മാത്രമാണ് രക്തത്തിലെ ആൽക്കഹോൾ അളവ് കുറയ്ക്കുന്ന ഒരേയൊരു ഘടകം. കരൾ ഒരു നിശ്ചിത വേഗതയിലാണ് പ്രവർത്തിക്കുന്നത്. ഈ പ്രക്രിയയെ വേഗത്തിലാക്കാൻ കുറുക്കുവഴികളൊന്നും തന്നെയില്ല.
ലഹരി മാറിയ ശേഷവും മദ്യം ആരോഗ്യത്തെ ബാധിക്കുന്നത് എങ്ങനെ?
മദ്യം രക്തത്തിൽ നിന്ന് പോയാലും അതിന്റെ ഫലങ്ങൾ കുറച്ച് നേരത്തേക്ക് കൂടി ശരീരത്തിൽ നിലനിൽക്കാം:
- ശരീരത്തിലെ നിർജ്ജലീകരണവും ഇലക്ട്രോലൈറ്റ് വ്യതിയാനവും (ഇതാണ് ഹാങ്ഓവറിന് കാരണം).
- തുടക്കത്തിൽ മയക്കം തോന്നുമെങ്കിലും ഇത് ഉറക്കത്തിന്റെ താളം തെറ്റിക്കുന്നു.
- തുടർച്ചയായ അമിത മദ്യപാനം കരളിന് കൂടുതൽ ആയാസമുണ്ടാക്കുന്നു.
- അമിതമായി മദ്യപിച്ച ശേഷം പ്രതിരോധശേഷി കുറയുകയും മാനസികാവസ്ഥയിൽ മാറ്റങ്ങൾ വരികയും ചെയ്യാം.
സുരക്ഷിതമായ മദ്യപാനത്തിന് ചില പ്രായോഗിക വഴികൾ
- നിങ്ങളുടെ പരിധി അറിയുക: ഒരു മണിക്കൂറിൽ ഒരു ഡ്രിങ്ക് എന്ന കണക്കിൽ മദ്യപാനം നിയന്ത്രിക്കുക.
- കുടിക്കുന്നതിന് മുമ്പും ശേഷവും ഭക്ഷണം കഴിക്കുക: പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ മദ്യത്തിന്റെ ആഗിരണം കുറയ്ക്കാൻ സഹായിക്കും.
- ധാരാളം വെള്ളം കുടിക്കുക: നിർജ്ജലീകരണം കുറയ്ക്കുന്നതിനായി മദ്യപിക്കുന്നതിനിടയിൽ ഇടയ്ക്കിടെ വെള്ളം കുടിക്കുക.
- ഡോക്ടറുടെ അനുമതിയില്ലാതെ മരുന്നുകളുമായി മദ്യം കലർത്തരുത്.
- മുൻകൂട്ടി പ്ലാൻ ചെയ്യുക: മദ്യപിക്കുന്നുണ്ടെങ്കിൽ, സുരക്ഷിതമായ യാത്രയ്ക്ക് വേണ്ട സംവിധാനം ഒരുക്കുക. ലഹരി മാറിയതായി തോന്നുന്നു എന്ന വിശ്വാസത്തിൽ വാഹനം ഓടിക്കാതിരിക്കുക.
അപ്പോൾ, മദ്യം നിങ്ങളുടെ ശരീരത്തിൽ എത്രനേരം നിലനിൽക്കും? ശരാശരി ഒരു മണിക്കൂറിൽ ഒരു ഡ്രിങ്ക് എന്ന നിരക്കിലാണ് ശരീരം മദ്യത്തെ വിഘടിപ്പിക്കുന്നത്. എന്നാൽ ശരീരഭാരം മുതൽ കരളിന്റെ ആരോഗ്യം വരെയുള്ള നിരവധി ഘടകങ്ങൾ ഈ സമയപരിധിയെ ബാധിക്കുന്നു. നിങ്ങൾ മദ്യപാനം നിർത്തിയ ശേഷം പോലും ചില പരിശോധനകളിൽ ശരീരത്തിൽ മദ്യത്തിന്റെ അംശം കണ്ടെത്താൻ സാധിക്കും. മാത്രമല്ല, മദ്യത്തിൻ്റെ ആരോഗ്യപരമായ പ്രത്യാഘാതങ്ങൾ ഇതിലും കൂടുതൽ കാലം നിലനിൽക്കാനും സാദ്ധ്യതയുണ്ട്.
മദ്യം ശരീരത്തിൽ നിന്ന് പുറന്തള്ളാൻ കുറുക്കുവഴികൾ ഒന്നുമില്ല. സമയം മാത്രമാണ് ഇതിനുള്ള മരുന്ന്. ശരീരം മദ്യത്തെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്ന് മനസ്സിലാക്കുന്നത് സുരക്ഷിതവും ആരോഗ്യകരവുമായ തീരുമാനങ്ങൾ എടുക്കാൻ സഹായകമാകും.
Key Scientific References :
1. Evidence-based survey of the elimination rates of ethanol




