മെഡിക്കൽ ടൂറിസം എത്രത്തോളം പ്രയോജനകരം? അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ

നവീന സാങ്കേതിക വളർച്ച സമസ്ത മേഖലകളിലും കയ്യൊപ്പ് പതിപ്പിച്ചപ്പോൾ നമുക്ക് കൈവന്നത് അനന്തസാദ്ധ്യതകളാണ്. അതിവിശാലമായ ഭൂമിയെ, ആഗോള ഗ്രാമത്തിലേക്ക് ചുരുക്കി മനുഷ്യരെയെല്ലാം അവിടത്തെ ഒരൊറ്റ സമൂഹമായി കണക്കാക്കാൻ ഡിജിറ്റൽ കാലത്തെ കുതിച്ചുചാട്ടം വഴിയൊരുക്കി. എല്ലാ മേഖലയിലും എന്നപോലെ ചികിൽസാരംഗത്തും ഈ വിപ്ളവം വലിയ മാറ്റങ്ങൾ കൊണ്ടുവന്നു.
മെച്ചപ്പെട്ട ചികിൽസ നേടാൻ മറ്റു രാജ്യങ്ങളിലേക്ക് യാത്ര പോകുക എന്ന രീതിക്ക് കഴിഞ്ഞ പതിറ്റാണ്ടിൽത്തന്നെ വലിയ സ്വീകാര്യത കൈവന്നിട്ടുണ്ട്.
താരതമ്യേന ചെലവുകുറഞ്ഞതും എന്നാൽ മികച്ച നിലവാരം പുലർത്തുന്നതുമായ ചികിൽസയ്ക്കായി ഇന്ത്യ, തായ്ലൻറ്, തുർക്കി, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളാണ് കൂടുതലും തെരഞ്ഞെടുക്കപ്പെടുന്നത്. സൌന്ദര്യ സംരക്ഷണ ചികിൽസ മുതൽ ഹൃദയം മാറ്റി വെക്കലിനുൾപ്പെടെ ഈ രീതി സ്വീകരിക്കുന്നവർ നിരവധിയാണ്.
ചികിൽസ തേടി സ്വന്തം രാജ്യം വിട്ട് പറക്കുന്നത് എതമാത്രം ഗുണകരമാണ് ? മെഡിക്കൽ ടൂറിസത്തിൻ്റെ ശാസ്ത്രീയ, സാമ്പത്തിക ദൃഷ്ടികോണിൽ നിന്ന് നോക്കുമ്പോൾ ഇതുസംബന്ധിച്ച എല്ലാക്കാര്യങ്ങളും വ്യക്തമാകും.
എന്താണ് മെഡിക്കൽ ടൂറിസം ?
സ്വന്തം രാജ്യത്ത് നിന്ന് മറ്റേതെങ്കിലും രാജ്യത്തിലേക്ക് ചികിൽസയ്ക്കായി പോകുന്നതിനെയാണ് മെഡിക്കൽ ടൂറിസം എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത്. ചെലവു കുറഞ്ഞ, എന്നാൽ മെച്ചപ്പെട്ട ചികിൽസ ലക്ഷ്യമിട്ടാണ് ഇത്തരത്തിൽ യാത്ര നടത്തുക. സങ്കീർണ്ണമായ രോഗചികിൽസക്ക് സ്വന്തം രാജ്യത്ത് ഊഴം കാത്ത് കൂടുതൽ സമയം പാഴാകില്ല എന്നത് മറ്റൊരു മേന്മയായി പറയാൻ കഴിയും.
മെഡിക്കൽ ടൂറിസം ആകർഷകമാകാൻ കാരണം
- കയ്യിലൊതുങ്ങുന്ന ചെലവ് : അമേരിക്ക, ബ്രിട്ടൻ, കാനഡ എന്നീ രാജ്യങ്ങളിലേതിനേക്കാൾ 50 മുതൽ 80% കുറവ് തുക മാത്രമേ ഇന്ത്യ, തായ്ലൻറ്, തുർക്കി തുടങ്ങിയ രാജ്യങ്ങളിൽ ചികിൽസാ നടപടിക്രമങ്ങൾക്കാകുന്നുള്ളൂ. ഉദാഹരണത്തിന്, ബൈപ്പാസ് ശസ്ത്രക്രിയക്ക് അമേരിക്കയിൽ 120,000 ഡോളർ ചെലവ് വരുമ്പോൾ, ഇന്ത്യയിൽ അതേ സർജറിക്ക് , ആശുപത്രി വാസത്തിനും മരുന്നുകൾക്കുമുൾപ്പെടെ, 10000 ഡോളർ മാത്രമാണ് ചെലവ് വരുന്നത്.
- ഉന്നത നിലവാരം ഉറപ്പാക്കാം: വിദേശത്തു നിന്നെത്തുന്ന രോഗികൾക്ക് ജെസിഐ അക്രെഡിറ്റഷൻ ഉള്ള ആരോഗ്യ സംരക്ഷണ സ്ഥാപനങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലുള്ള ചികിൽസാസൌകര്യം ഉറപ്പ് നൽകുന്നു.
- വിദഗ്ധ ചികിൽസയ്ക്ക് പ്രത്യേക രാജ്യങ്ങൾ : പ്രത്യേക മേഖലകളിലെ ചികിൽസയ്ക്ക് പേരുകേട്ട രാജ്യങ്ങൾ മെഡിക്കൽ ടൂറിസം ഭൂപടത്തിൽ അടയാളപ്പെടുത്തപ്പെട്ടിട്ടുണ്ട്.
- ഭാരതം – ഹൃദ്രോഗ ചികിൽസയ്ക്കും വന്ധ്യതാ ചികിൽസയ്ക്കും പ്രശസ്തം
- തായ്ലൻറ് – സൌന്ദര്യ ചികിൽസ, ത്വഗ്രോഗ ചികിൽസ
- ദക്ഷിണ കൊറിയ- റീകൺസ്ട്രറ്റീവ് ചികിൽസ
- ജർമനി- അർബുദ ചികിൽസക്കും രോഗ നിർണ്ണയത്തിനും
4. ഊഴം കാത്ത് നിൽക്കണ്ട :
ചില രാജ്യങ്ങളിൽ രോഗികളുടെ എണ്ണക്കൂടുതൽ മൂലം പൊതുജനാരോഗ്യ സംവിധാനങ്ങൾ അപര്യാപ്തമാകുമ്പോൾ, പ്രത്യേക ചികിൽസാ നടപടിക്രമങ്ങൾക്ക് കാത്തിരിക്കുന്നവരുടെ പട്ടിക നീളും. മെഡിക്കൽ ടൂറിസസാദ്ധ്യതകൾ പ്രയോജനപ്പെടുത്തുന്നതിലൂടെ വിദേശ രാജ്യത്ത് ശസ്ത്രക്രിയ ഉൾപ്പെടെയുള്ള ചികിൽസ സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിയുന്നു.
- ചികിൽസയ്ക്കൊപ്പം യാത്രാനുഭവവും :
രോഗബാധയെത്തുടർന്നുള്ള ചികിൽസക്കും ആശുപത്രി വാസത്തിനും ശേഷം സുഖം പ്രാപിക്കുന്നതോടൊപ്പം വിദേശ രാജ്യത്തെ കാഴ്ച്ചകൾ ആസ്വദിക്കാനും പ്രത്യേകതകൾ തൊട്ടറിയാനുമുള്ള സൌകര്യം കൂടി കൈവരുമ്പോൾ അത് അനായാസമായി രോഗമുക്തി നേടാനും മനസ്സിനും ശരീരത്തിനും ഊർജം പകരാനും എളുപ്പമാകും.
ശാസ്ത്രം പറയുന്നത്
മെഡിക്കൽ ടൂറിസത്തിൻ്റെ സാദ്ധ്യതകൾ ശ്രദ്ധാപൂർവ്വം ഉപയോഗിക്കുന്നത് സുരക്ഷിതവും സൌകര്യപ്രദവുമാണെന്ന് ഹാവാഡ് ഹെൽത്ത് പ്രസിദ്ധീകരിച്ച ലേഖനത്തിൽ പറയുന്നു. അന്താരാഷ്ട്ര തലത്തിൽ അംഗീകാരം നേടിയിട്ടുള്ള, പ്രഗൽഭരായ ചികിൽസകരുള്ള സ്ഥാപനങ്ങൾ ആയിരിക്കണം ചികിൽസയ്ക്കായി തെരഞ്ഞെടുക്കേണ്ടതെന്നും ലേഖനം ഓർമ്മിപ്പിക്കുന്നു.
ലാൻസെറ്റ് ഗ്ളോബൽ ഹെൽത്ത് റിപ്പോർട്ട് പ്രകാരം, മെഡിക്കൽ ടൂറിസം, മാരക രോഗങ്ങൾക്കുള്ള ഭീമമായ ചികിൽസാച്ചെലവ് കുറയ്ക്കാൻ രോഗികളെ ഏറെ സഹായിക്കുന്നുണ്ട് എന്നാണ്. 60 ശതമാനം മെഡിക്കൽ ടൂറിസ്റ്റുകളും ശുശ്രൂഷാച്ചെലവ് കുറയ്ക്കുന്നതിനായാണ് വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യയും മെഡിക്കൽ ടൂറിസവും
ലോകത്തെ തന്നെ ഏറ്റവും മികച്ച അഞ്ച് മെഡിക്കൽ ടൂറിസം കേന്ദ്രങ്ങളിൽ ഇന്ത്യയും ഉൾപ്പെടുന്നു എന്നത് അഭിമാനകരമാണ്. ഈ നേട്ടം കൈവന്നതിനുള്ള പ്രധാന കാരണങ്ങൾ ഇവയാണ്.
- അപ്പോളോ, ഫോർട്ടിസ്, മെഡാൻ്റ തുടങ്ങിയ ലോകോത്തര ആശുപത്രികൾ
- പടിഞ്ഞാറൻ രാജ്യങ്ങളിൽ നിന്ന് പരിശീലനം നേടിയ പ്രഗൽഭ ഡോക്ടർമാർ
- ചികിൽസ,യാത്രാടിക്കറ്റ്, ഹോട്ടലിലെ താമസം തുടങ്ങിയവ എല്ലാം ചേർന്നുള്ള അധികച്ചെലവില്ലാത്ത പാക്കേജുകൾ
- ആയുർവ്വേദവും സുഖചികിൽസാരീതികളും നൽകുന്ന രോഗമുക്തിയും സ്വാസ്ഥ്യവും
2026 ൽ ഇന്ത്യയിലെ മെഡിക്കൽ ടൂറിസം വിപണി 13 ബില്ല്യൺ ഡോളർ വളർച്ച കൈവരിക്കുമെന്നാണ് കേന്ദ്ര വിനോദ സഞ്ചാരവകുപ്പ് പ്രതീക്ഷിക്കുന്നത്.
വെല്ലുവിളികൾ, ആശങ്കകൾ
- വിദേശത്തെ സങ്കീർണ്ണമായ ശസ്ത്രക്രിയക്ക് ശേഷം കൃത്യമായ ഇടവേളകളിൽ തുടർ പരിശോധനകൾക്ക് എത്തുക എന്നത് പ്രയാസകരമാണ്.
- അവയവം മാറ്റി വെക്കൽ, വാടക ഗർഭധാരണം തുടങ്ങിയ വിഷയങ്ങളിൽ ഓരോ രാജ്യത്തിൻ്റേയും നിയമങ്ങളും കാഴ്ച്ചപ്പാടുകളും വ്യത്യസ്തമായതിനാൽ നിയമപരവും ധാർമ്മികവുമായ പ്രതിസന്ധികൾക്ക് സാദ്ധ്യതയുണ്ട്.
- വിദേശ രാജ്യങ്ങളിൽ ചികിൽസയ്ക്കായി ആഴ്ച്ചകളും മാസങ്ങളും ചെലവഴിക്കേണ്ടി വരുമ്പോൾ. ആശയവിനിമയത്തിന് കൂടുതൽ പ്രയാസം നേരിടാം, വ്യത്യസ്ത സംസ്ക്കാരങ്ങൾ പിന്തുടരുന്ന വിദേശികൾക്ക് ഇതരരാജ്യങ്ങളിലെ സംസ്കാരവുമായി ചേർന്നുപോകാൻ ബുദ്ധിമുട്ടുണ്ടാകാം.
- ചികിൽസാ നടപടിക്രമങ്ങൾക്ക് ശേഷം തുടർന്നുള്ള ശ്രദ്ധയും കരുതലും അപൂർണ്ണമാകാൻ ഇടയുണ്ട്.
ചികിൽസായാത്രയ്ക്ക് ഒരുങ്ങുംമുമ്പ്
ആശുപത്രികളെക്കുറിച്ച് വിശദമായി മനസ്സിലാക്കുക (ജെ സി ഐ അക്രെഡിറ്റേഷൻ നിർബന്ധമാണ്)
- യാത്രയ്ക്ക് മുമ്പ് നാട്ടിലുള്ള ഡോക്ടറെക്കണ്ട് വിവരങ്ങൾ പങ്കുവെക്കുക.
- വ്യക്തികളോ ഏജൻസികളോ വഴിയാണ് യാത്രക്കൊരുങ്ങുന്നതെങ്കിൽ അവരെക്കുറിച്ച് കൃത്യമായി മനസ്സിലാക്കി ശ്രദ്ധാപൂർവ്വം തെരഞ്ഞെടുക്കുക.
- പോകുന്ന രാജ്യത്തെ, പ്രത്യേകിച്ച്, ചികിൽസക്കായി തെരഞ്ഞെടുക്കുന്ന നാട്ടിലെ നിയമങ്ങൾ, നിയമപരമായ അവകാശങ്ങൾ എന്നിവ അറിഞ്ഞിരിക്കുക.
- നിശ്ചയിച്ച കാര്യങ്ങൾ കൂടാതെ യാദൃശ്ചികമായി സംഭവിക്കാവുന്ന വിഷയങ്ങളെക്കുറിച്ചും ചിന്തിച്ച് മുന്നൊരുക്കങ്ങൾ നടത്തുക.യാത്രാ ഇൻഷുറൻസ്, അടിയന്തര ഘട്ടങ്ങളിൽ ബന്ധപ്പെടേണ്ട നമ്പറുകൾ തുടങ്ങിയവ കയ്യിൽ കരുതുക.
മെഡിക്കൽ ടൂറിസം കൊണ്ട് ഗുണമുണ്ടോ?
ഉറപ്പായുമുണ്ട്, കൃത്യമായ തയ്യാറെടുപ്പോടെയാണെങ്കിൽ മെഡിക്കൽ ടൂറിസം വളരെ പ്രയോജനപ്രദമാണെന്ന കാര്യത്തിൽ സംശയമില്ല. സുരക്ഷിതമായ, മികച്ച നിലവാരമുള്ള, അധികച്ചെലവില്ലാത്ത ചികിൽസ ഉറപ്പാക്കുന്നതിനൊപ്പം മാനസികോല്ലാസം കൂടി വാഗ്ദാനം ചെയ്യുന്ന മേഖലയാണിത്.
ജീവിതത്തിലെ നിർണ്ണായക തീരുമാനങ്ങൾക്കെന്ന പോലെ, വിശദമായി അന്വേഷിച്ച്, കൃത്യമായി തിരിച്ചറിഞ്ഞ്, മുന്നൊരുക്കത്തോടെ യാത്രയാകണം എന്ന് മാത്രം.




